ചെറുപുഷ്പം (ഖണ്ഡകാവ്യം)
മേലങ്ങത്ത് അച്യുതമേനോന്‍
സാഹിത്യനിലയം
വില : 12 അണ
മലയാള സാഹിത്യത്തില്‍, കവിതാശാഖയില്‍ ഒട്ടനവധി ഖണ്ഡകാവ്യങ്ങള്‍ പ്രചാരത്തില്‍ ഉണ്ട് . സ്കൂള്‍ കാലത്ത് പാഠാവലികളില്‍ അവ വായിച്ചിട്ടുണ്ട് . കുമാരനാശാന്റെ കവിതകള്‍ ആയിരുന്നവയില്‍ പ്രധാനമായും ഓര്‍മ്മയില്‍ ഉള്ളത് . എന്നാല്‍ 1929 ല്‍ പ്രസിദ്ധമായതും , മദ്രാസ് സര്‍വ്വകലാശാല 1944ലെ ഇന്‍റര്‍മീഡിയറ്റില്‍ പാഠ്യ പുസ്തകമായി തിരഞ്ഞെടുത്തതുമായ ചെറുപുഷ്പം എന്ന ഖണ്ഡകാവ്യം ആദ്യമായാണ് ശ്രദ്ധയില്‍പ്പെട്ടതും വായിച്ചതും. സാധാരണ വായനയില്‍പ്പെട്ടിട്ടുള്ള ഖണ്ഡകാവ്യങ്ങള്‍ ഒക്കെയും , പഴയകാല കവിതകളും പ്രതിനിധാനം ചെയ്യുന്നത് കൃഷ്ണനും രാമനും ഒക്കെ അടങ്ങുന്ന ഹൈന്ദവ ദൈവങ്ങളുടെ ജീവിതത്തെയാണ് സംഭവങ്ങളെയാണ്. ആശാനില്‍ എത്തുന്ന സമയത്താണ് അവയില്‍ ഗ്രാമീണ ജീവിതം വന്നത് എന്നൊരു തോന്നല്‍ ഉണ്ട്. ചങ്ങമ്പുഴയുടെ കാലത്തും അതിനു ജനകീയത ഉണ്ട് എന്നത് കാണാം. പക്ഷേ മേലങ്ങത്ത് അച്യുതമേനോന്‍ എഴുതിയ ചെറുപുഷ്പഹാരം എന്ന ഖണ്ഡകാവ്യം യേശുവിന്റെ ജീവിതവും മഹത്വവും ഒക്കെ പ്രമേയമായ ഒന്നാണ് . ഇത് ഒരു പക്ഷേ വിരളമായ ഒരു വായനയായി എനിക്കു തോന്നിയത് എന്റെ വായനയുടെ പരപ്പിന്റെ കുറവുമാകാം . എങ്കിലും വായനയില്‍ സന്തോഷം തോന്നിയത് കവിതയുടെ ഭംഗി കൊണ്ട് തന്നെയാണ് . ഇത്തരം കവിതകകള്‍ വായിക്കുമ്പോള്‍ ആണ് ഒരു കവിത എഴുത്തുകാരന്‍ എപ്പോഴും ശ്രദ്ധിക്കേണ്ടുന്ന വിവിധങ്ങളായ വിഷയങ്ങളെ ഓര്മ്മ വരിക . വൃത്തം , അലങ്കാരം തുടങ്ങിയ നിയമങ്ങള്‍ ഉള്ള ഒരു സംഗതിയെ എഴുതുന്നതും , വായില്‍ വരുന്നത് അത് പോലെ സാഹിത്യഭംഗിയില്‍ എഴുതുന്നതും ഒന്നാണ് എന്നു കരുതുന്ന അബദ്ധ പഞ്ചാംഗങ്ങള്‍ ആണ് നവയുഗ എഴുത്തുകാര്‍ മിക്കവരും. തങ്ങളുടെ എഴുത്തുകളെ ഇഷ്ടം പോലെ വളച്ചൊടിച്ച് കവിതവല്‍ക്കരിച്ചു അരികും മൂലയും ചെത്തിമിനുക്കി അവതരിപ്പിക്കുകയും അതിനു മേല്‍ അടയിരുന്നു ന്യായവാദം മുഴക്കുകയും ചെയ്യുന്ന ഒരുപാട് കവികളെ കണ്ടിട്ടുണ്ട് വായിച്ചിട്ടുണ്ട് .
ഏതൊരു കാര്യത്തിനും ഒരു നിയമം നല്ലതാണ്, അത് അനുസരിച്ചു പ്രവര്‍ത്തിക്കുന്നതും നല്ലതാണ്. ഇവയുടെ പിടിയില്‍ നിന്നും വെളിയില്‍ വരികയും അരാജകത്വം പ്രവര്‍ത്തിക്കുകയും ചെയ്യുകയും ഇതാണ് ശരി എന്നു പറയുകയും ചെയ്യുന്നതും ശരി തന്നെയാണ് എന്നു കരുതുന്നവരുടെ പ്രധാന പ്രശ്നം , ഞാന്‍ മനസ്സിലാക്കുന്നത് കവിതാ നിയമങ്ങള്‍ അനുസരിച്ചു കവിത എഴുതാന്‍ പുറപ്പെട്ടാല്‍ ഇവരില്‍ നിന്നും കവിത വരിക വലിയ ക്ലേശകരമായ ഒരു സംഗതിയാണ് എന്നതാണു. അതിനാല്‍ത്തന്നെ ഇവരൊരിക്കലും അതിനെ ന്യായീകരിക്കാന്‍ നില്‍ക്കില്ല. ചര്‍ച്ചയ്ക്ക് വരുന്നവര്‍ ആദ്യമേ പറഞ്ഞു തുടങ്ങുക ഇത് സവര്‍ണ്ണതയുടെ ശേഷിപ്പാണ് എന്നൊക്കെയാവും. എ.ആര്‍. രാജരാജവര്‍മ്മയുടെ കവിതയും സാഹിത്യവും എങ്ങനെയുണ്ടാകണം എന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഒരുകാലവും ഇവര്‍ വായിച്ചു നോക്കുകയുമില്ല. എന്തിനധികം പറയണം. ഇത് പറയുന്നവരോടു പോലും ഇത്തരക്കാര്‍ കാണിക്കുന്ന മനോഭാവം ഇവരൊക്കെ പഴഞ്ചന്‍മാര്‍ ആണ് ഇവര്‍ ഇപ്പൊഴും സവര്‍ണ്ണതയുടെ വാഹകര്‍ ആണെന്നൊക്കെയാകും.
ആധുനിക കവിത , അത്യാന്ധാധുനിക കവിത എന്നൊക്കെ പുതിയ കാലം കവിതകളെ വേര്‍തിരിച്ചു കാണിച്ചുകൊണ്ടു ഒരുപാട് മാറ്റങ്ങളെ കുറിച്ച് സംസാരിക്കുന്നുണ്ട്. ഇന്നൊരു അന്‍പത് വയസ്സു കഴിഞ്ഞ ഏതൊരാള്ക്കും താന്‍ തന്റെ സ്കൂള്‍ പഠന കാലത്ത് പഠിച്ച ഒരു കവിതയെങ്കിലും മനസ്സില്‍ കുറച്ചു വരികള്‍ എങ്കിലും ഓര്മ്മ വരും. കാരണം അത് കവിതയായി താളത്തോടെ മനസ്സില്‍ പതിഞ്ഞത് കൊണ്ടുതന്നെയാണ്. എന്നാല്‍ ഇനിയോര് അന്‍പത് വര്ഷം കഴിഞ്ഞാല്‍ അന്നത്തെ അന്‍പതുകാര്‍ക്ക് അങ്ങനെ ഓര്‍ക്കാന്‍ ഒരു കവിത ഉണ്ടാകും എന്നു കരുതുന്നത് അതിമോഹം ആയിരിയ്ക്കും. ഇന്നത്തെ കവികളുടെ കവിതകളെ എത്ര പേര്‍ക്ക് എത്ര കവിത അറിയാം എന്നു വെറുതെ ഒന്നു ചിന്തിച്ച് നോക്കിയാല്‍ തന്നെ ഈ പോരായ്മയെ മനസ്സിലാക്കാം. എഴുത്തുകാരന് പോലും അറിയില്ല ഇത് താന്‍ എഴുതിയതാണോ എന്നതാണ് അവസ്ഥ .
തര്‍ക്ക വിതര്‍ക്കങ്ങള്‍ നിലനില്‍ക്കട്ടെ . അവനനവന് ശരിയെന്ന് തോന്നുന്നത് എഴുതട്ടെ . അതിനപ്പുറം തിരുത്താനും വിമര്‍ശിക്കാനും നില്‍ക്കുന്നത് പാഴ് വേലയാണ് എന്നു കരുതുന്നു. ചെറുപുഷ്പഹാരം എന്ന ഖണ്ഡകാവ്യം ഒരു കവിതയെന്ന രീതിയില്‍ , വിഭിന്ന വൃത്തങ്ങളുടെ ഒരു സമന്വയം എന്ന രീതിയില്‍ വായനയില്‍ ഇഷ്ടം തോന്നി. ദൈവ ചിന്തകളും അവരുടെ പൊലിപ്പിക്കപ്പെടുന്ന ജീവിത കഥകളും ഇന്നത്തെ സമൂഹത്തില്‍ കാലഹരണപ്പെട്ട ഒന്നായതിനാല്‍ അതിനെ ശ്രദ്ധിക്കാന്‍ പോകുന്നില്ല. കവിതകളുടെ രൂപപരിണാമങ്ങളെ നോക്കിക്കാണാനും പഠിക്കാനും ശ്രമിക്കുന്നവര്‍ക്ക് വായനയ്ക്കുതകുന്ന ഒരു പുസ്തകം എന്നു മാത്രം അടയാളപ്പെടുത്തുന്നു. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല
No comments:
Post a Comment