Friday, July 12, 2024

നഗരം

സ്വപ്നങ്ങളില്ലാത്ത ഒരു നഗരത്തിൽ നിന്നാണ് അവൾ വരുന്നത് .!

ജീവിതത്തിന്റെ പരുക്കൻ പാതയിലൂടെ അതിദൂരം സഞ്ചരിച്ച്, ഇരുട്ടും വെളിച്ചവും സമമായി വീതിച്ച് കിട്ടിയ യാത്ര. വെളിച്ചത്തിൽ കാണാതെ പോയ കാഴ്ചകളും, ഇരുട്ടിൽ അറിയാതെ പോയ വീഴ്ചകളും ഒന്നിച്ചു ചേർന്നപ്പോളവൾ ജീവിതം എന്തെന്നത് മറക്കുകയും താൻ ജീവിച്ചതാണ് ജീവിതം എന്നു കരുതുകയും ചെയ്തു. തന്റെ പാദങ്ങളിൽ തറച്ചുകയറിയ വിഷക്കല്ലുകളും മുള്ളുകളും തനിക്ക് വിധിച്ചിട്ടുള്ള നോവുകൾ ആണെന്ന് സ്വയം വിശ്വസിക്കാൻ ശ്രമിക്കുകയും തന്റെ ദൈവത്തിന് നന്ദി പറയുകയും ചെയ്യുവാൻ അപ്പോഴേക്കും അവൾ പഠിച്ചു കഴിഞ്ഞിരുന്നു. ചുറ്റും വീശിയടിക്കുന്ന കാറ്റും പൊള്ളിപ്പിടയിക്കുന്ന ചൂടും തനിക്ക് ആശ്വാസമായി വരുന്ന ദൈവത്തിന്റെ കരങ്ങൾ ആകുമെന്നവൾ ധരിച്ചു. മഞ്ഞണിഞ്ഞ മലകളും, കോടക്കാറ്റും, ചാറ്റൽമഴകളും തന്റെ ജീവിതത്തിനെ തകർക്കാൻ വരുന്ന സാത്താന്റെ മായകൾ ആണെന്നവൾ കരുതി. അവയിൽ നിന്നൊക്കെ അകന്നു നിൽക്കാനും തന്റെ ദൈവത്തെ മുറുകെപ്പിടിച്ചു തനിക്ക് ലഭിക്കുന്നതൊക്കെ സന്തോഷമെന്ന് നിനച്ചു ജീവിക്കുകയും ചെയ്യുക എന്നത്  ഒരു കടമപോലെ അവൾ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു . 

ആദ്യമായി അവൾ ഈ പുതിയ നഗരത്തിൽ വരുമ്പോൾ, അവളിൽ ഒരു പരിചപോലെ ആ വിശ്വാസവും കൂടെയുണ്ടായിരുന്നു. പക്ഷേ, പതിയെപ്പതിയെ അവൾ പുതിയ നഗരത്തിന്റെ നിറവും മണവും രുചിയും അറിഞ്ഞു തുടങ്ങുകയായി. അവൾ സ്വപ്നം കാണാൻ തുടങ്ങിയത് പുതിയ നഗരത്തിൽ എത്തിയ ശേഷമാണ്. ഈ നഗരം അവൾ ഇന്നുവരെ കാണാത്ത, അവൾ എന്നോ ഒരിക്കൽ ആഗ്രഹിച്ചിരുന്ന, സ്വപ്നം കാണാൻ മോഹിച്ചിരുന്ന പലതും അവൾക്ക് നല്കി. അവൾ സ്വപ്നം കണ്ടുതുടങ്ങി. ആദ്യമാദ്യം സ്വപ്നം കാണുന്നത് പോലും അവളെ ചകിതയാക്കിയിരുന്നെങ്കിൽ പിന്നെപ്പിന്നെ സ്വപ്നം കാണാതെയാകുന്ന ദിനമാണ് അവളിൽ വിഷാദം നിറയ്ക്കാൻ തുടങ്ങിയത്. അവളുടെ ലോകത്തിൽ, പൂക്കൾ പുഞ്ചിരിക്കാനും തേൻ ചുരത്താനും തുടങ്ങി. അവളുടെ പാതകൾ പച്ചപ്പ് നിറഞ്ഞതാകുകയും, പുൽനാമ്പുകൾ അവളുടെ പാദങ്ങളിൽ ഉമ്മവയ്ക്കാനും ഇക്കിളിയിടാനും തുടങ്ങി. അവൾ കുളിക്കുമ്പോൾ മീൻചുണ്ടുകൾ അവളുടെ മൃദുലവികാരങ്ങളിൽ കുളിരു നിറച്ചുതുടങ്ങി. 

നോക്കൂ.... ഒരു നഗരം മാറിയപ്പോൾ അവളിൽ എന്തൊക്കെ മാറ്റങ്ങളാണ് !!!. അവളുടെ വിഷാദ നയനങ്ങളിൽ ഇപ്പോൾ നക്ഷത്രങ്ങൾ കൂടുവച്ചിരിക്കുന്നു. അവളുടെ വരണ്ട ചുണ്ടുകളിൽ ചെറിപ്പഴങ്ങൾ ചായം തേക്കുന്നു. അവളുടെ മങ്ങിയ കവിൾത്തടങ്ങൾ അസ്തമയ സൂര്യനോട് യുദ്ധം ചെയ്തു തുടങ്ങിയിരിക്കുന്നു. ഉണങ്ങിപ്പോയെന്ന് അവൾ കരുതിയ മുലക്കണ്ണുകൾ മുന്തിരിച്ചോപ്പിൽ തുടുത്തു വന്നിരിക്കുന്നു. കടന്തലുകൾ കൂടുവച്ച പുക്കിൾച്ചുഴിയിൽ ഇന്ന് തേനീച്ചകൾ വിരുന്നുവരുന്നു. കരിവണ്ടുകൾ ആക്രമിച്ചിരുന്ന പെൺപൂവിൽ  ശലഭങ്ങൾ വിരുന്നു വരാൻ തുടങ്ങിയിരിക്കുന്നു. ചുക്കിച്ചുളിഞ്ഞുപോയെന്ന് കരുതിയ  കാൽവിരലുകളിൽ റോസാപുഷ്പങ്ങൾ ഛായം പുരട്ടിത്തുടങ്ങിയിരിക്കുന്നു. 

നിങ്ങളറിയും അവളെ. നിങ്ങളല്ലാതെ ആരാണവളെ അത്രയും കൃത്യമായി അറിയാതിരിക്കുക. പുരാതനമായ ആ നഗരം വിട്ടു നിങ്ങളുടെയും പാദങ്ങൾ ചലിച്ച് തുടങ്ങിയിട്ടുണ്ടാകണം ഇപ്പോൾ .... നിങ്ങളുടെ വരവും കാത്ത് നഗരം എപ്പോഴേ ഉണർന്നിരിക്കുകയാണ് ..
ഒരിക്കലും സഫലമാകില്ലെന്ന് കരുതിയ ഒന്നും വ്യർത്ഥമോഹങ്ങളായി ഒടുങ്ങാതിരിക്കാനും, അവൾ സന്തോഷിച്ചതു പോലെ സന്തോഷിക്കാനും ആഗ്രഹിക്കുന്നവർ സ്വപ്നം കാണുന്നുണ്ട് ഈ നഗരത്തിനെ. നിങ്ങളെ ചൂഴ്ന്ന് നില്ക്കുന്ന എല്ലാം തന്നെ നിങ്ങൾ കരുതും പോലെ നിങ്ങളുടെ ലോകമല്ല. നിങ്ങൾ സ്വപ്നം കണ്ടിരിക്കാം ഒരിക്കൽ. ചിത്രശലഭങ്ങളെപ്പോലെ പെറ്റിക്കോട്ടിൽ പറന്നു നടന്ന ബാല്യത്തിലോ, നിഗൂഢമായ ഒരാനന്ദം കണ്ണുകളിൽ നിങ്ങൾ മാത്രം കാണും വിധം മറച്ചു പിടിച്ച കൗമാരത്തിലോ നിങ്ങൾ ആഗ്രഹിച്ച ആ നഗരം! എപ്പഴോ നിങ്ങൾ പുരാതന നഗരത്തിൽ തളച്ചിടപ്പെട്ടു പോയിരിക്കുന്നു. നിങ്ങളുടെ കാലുകളിൽ അദൃശ്യമായ ഒരു ചങ്ങലക്കൊളുത്ത് കുത്തിനോവിക്കുന്നുണ്ടാവും. ഓർക്കുക ....നഗരം നിങ്ങളെ കാത്തിരിക്കുന്നു.
@ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment