Thursday, April 1, 2021

ഞാനാര്?

ഞാനാര്?
................

എൻ്റെ കുഴി മൂടും മുന്നേ 
നിൻ്റെ റോസാപ്പൂവെൻ നെഞ്ചിൽ വയ്ക്കണം.
അയ്യപ്പൻ പറഞ്ഞ പോലെ
എങ്കിലേ ആ കുഴി മൂടപ്പെടുകയുള്ളു.
അല്ലങ്കിലും ഞാനെന്നെ വിറ്റു കഴിഞ്ഞല്ലോ.
കീറി മുറിക്കപ്പെട്ട ശരീരവുമായി
ഏതൊക്കെയോ കുട്ടികൾ പഠിക്കുന്ന കോർപസ്.
എനിക്ക് പേരുണ്ടാകില്ല അന്ന്.
ഡിസഷൻ ടേബിളിലെ വെറും സബ്ജക്ട്.
കവിത എഴുതാത്ത,
പ്രണയം പറയാത്ത,
കാമം തൊട്ടു തീണ്ടാത്ത
ഒരു നഗ്നശരീരം
വരണം..
നിങ്ങൾക്കന്ന് എന്നോട് എന്തും ചോദിക്കാം.
ഞാൻ  പ്രതികരിക്കുന്നില്ല എന്ന ഓപ്ഷൻ ഉപയോഗിക്കാം.
നിങ്ങൾക്കെന്തും ചോദിക്കാം.
എന്നാലും വഴിമാറിക്കൊടുക്കുക.
ഒരു വെളുത്ത റോസാപ്പൂവുമായി
അവൾ കാത്തു നിൽക്കുന്നുണ്ടാകും 
വരിയിലെ ഏറ്റവും പിന്നിൽ
മിഴികളിൽ കത്തുന്ന ക്രൗര്യവുമായി .
അവൾക്ക് മാത്രമേ അറിയൂ
ഞാൻ എന്താണ് എന്ന്. 
അവൾക്ക് മാത്രമേ അറിയൂ
ഞാനാരെന്ന്. 
അവൾ വരാതെ
ആ റോസാപ്പൂവ് കിട്ടാതെ
എന്നെ മറവു ചെയ്യുന്നതെങ്ങനെ?
@ബിജു. ജി. നാഥ്

1 comment:

  1. നല്ല രചന. ഇഷ്ടപ്പെട്ടു. ഇനിയും എഴുതുക

    ReplyDelete