ചാര്‍വാകന് ജന്‍മദിനാശംസകളോടെ ...-
-------------------------------------------------
ചക്രവാളത്തില്‍ തെളിഞ്ഞു നില്‍ക്കുന്നോരീ
ഒറ്റ നക്ഷത്രമേ നിന്റെ നാമം
എത്ര ശോഭനം കാവ്യമണ്ഡലം തന്നില്‍
എന്നുമുണ്ടാകും ശോഭ മങ്ങാതെ.
എത്ര തീക്കാറ്റുകള്‍ നിന്നെ കടന്നുപോയ്
എത്ര കല്ലുകള്‍ നിന്നില്‍ തറഞ്ഞുപോയ്
മുനയൊടിഞ്ഞ ശരങ്ങളില്‍ നിന്നൊരു
മുറിവുപോലും ഉണ്ടായതില്ലെങ്കിലും
പൊടിയും വേദന താന്‍ നിണത്താല്‍
എഴുതിയെത്ര മോഹന കാവ്യങ്ങള്‍!
കണ്ടു നിന്നെ ഞാന്‍ എത്ര വേദികളില്‍
കണ്ടു നിന്നെത്ര വിസ്മയത്തോടെന്നും
ഓര്‍ത്ത് നീ ചൊല്ലും കവിതകള്‍ കേട്ടു ഞാന്‍
കൌതുകത്തോടെ ഹൃദയത്തില്‍ ചേര്‍ത്തു
ജെസ്സിയും കീഴാളനും പിന്നെത്ര
കറുത്ത കവിതകള്‍ നീ തന്നുവെങ്കിലും
ഓര്‍ക്കുവാന്‍ , ഒന്നു നെഞ്ചോട് ചേര്‍ക്കുവാന്‍
ആഢ്യമൌനങ്ങള്‍ ബധിരത പാലിക്കവേ
കണ്ടു നിന്നെ ഞാന്‍ നെഞ്ചു വിരിച്ചിവിടെ
കാവ്യ വീതിയില്‍ ഒറ്റ നക്ഷത്രമായ്
ഇഷ്ട കവിയുടെ ജന്‍മദിനമെന്നറിയെ
ഓര്‍ത്ത് ഞാനീവക കാര്യങ്ങളൊക്കെയും
നേര്‍ന്ന് പോകട്ടെ ഞാനുമീ സായന്തന
വീഥിയില്‍ നൂറു പൌര്‍ണമി രാവുകള്‍
ചേര്‍ത്തു വയ്ക്കുന്നു ഹൃത്തോട് ഞാന്‍ കവേ
നിന്നെ ആത്മമിത്രമായ് മണ്ണോട് തീരും വരെ .
@ബിജു ജി നാഥ്
No comments:
Post a Comment