ഋഗ്വേദം, അഥർവ്വ വേദം.
പരിഭാഷ: വി.ബാലകൃഷ്ണൻ, ആർ ലീലാദേവി.
വായിക്കുമ്പോൾ എല്ലാം വായിക്കണം എന്നാണ്.
പുരാണങ്ങളും വായിക്കാതെ വിമർശിക്കാനാകില്ലല്ലോ. ഇക്കാരണത്താലാണ് ബൈബിൾ, ഖുറാൻ, ഗീത, രാമായണം, മഹാഭാരതം , ചതുർവ്വേദങ്ങൾ , മനുസ്മൃതി ഒക്കെ വായിക്കാൻ ശ്രമിച്ചത്. ബൈബിളും ഖുറാനും വായിച്ചു കഴിഞ്ഞപ്പോൾ ചിരിക്കാതിരിക്കാൻ മറ്റുകാരണങ്ങൾ ഒന്നും കിട്ടിയില്ല. ഒരു പക്ഷേ ഏറ്റവും കൂടുതൽ മനസ്സ് തുറന്ന് വായിച്ചതും ഇവ രണ്ടുമായിരുന്നു. ചർച്ചകളിൽ എത്തുമ്പോൾ വായിച്ചിട്ട് ( പഠിച്ചിട്ട് ) വിമർശിക്കൂ എന്ന വാക്കുകൾ ഒരു പാട് കേട്ടതിനാലാണ് ഒരുപാട് വട്ടം വായിക്കേണ്ടി വന്നത്. പിന്നെ മനുസ്മൃതി വായിച്ചു. അതിലെ കാഴ്ചപ്പാടുകൾക്ക് ഖുറാനും ബൈബിളും മുന്നിൽ വയ്ക്കുന്ന കാഴ്ചപ്പാടുകളുമായുള്ള സാദൃശ്യങ്ങൾ ഇവ മൂന്നും ഒരേ ഭൂവിഭാഗത്തിലെ ജനതയുടെ ചിന്തയുമായി ബന്ധമുണ്ട് എന്ന അറിവ് നല്കാൻ സാധിച്ചു. വേദങ്ങളുടെ മഹത്വവത്കരണ ഗീർവ്വാണങ്ങൾ കേട്ടു തളർന്നപ്പോഴാണ് ഗീത, മഹാഭാരതം, രാമായണം ഇവ മാത്രമല്ല വായിക്കേണ്ടത് എന്ന തോന്നൽ ഉണ്ടായത്. ഒടുവിൽ തിരഞ്ഞുപിടിച്ച് കണ്ടെത്തിയത് ഋഗ് വേദവും അഥർവ്വവേദവും. രണ്ടും വായിച്ചതിൽ നിന്നും മനസ്സിലായ ഒരു കാര്യം മാത്രം പറയാം. ഋഗ്വേദം എന്നത് ഇന്ദ്രൻ, അഗ്നി, വായു, ജലം, ഭൂമി, അശ്വിനി ദേവന്മാർ എന്നിവരെ സ്തുതിച്ചും സോമരസം കുടിച്ചു പ്രസാദിക്കാൻ കേണു പറഞ്ഞും ധനം, ഗോക്കൾ തുടങ്ങിയ സമൃദ്ധികൾ ആവശ്യപ്പെടുന്ന സ്തുതി വിലാപങ്ങൾ ആണ്. അഥർവ്വവേദം എന്നത് ദേവാംശമില്ലാത്ത രാക്ഷസ ഭാവങ്ങളെയും പ്രകൃതി,ഔഷധങ്ങളെയും പരിചയപ്പെടുത്തലും പുകഴ്ത്തലും ആണ്. ഇവ എന്ത് ധാർമ്മിക മൂല്യമാണ് മനുഷ്യ സമൂഹത്തിന് നല്കുന്നത് എന്നതറിയില്ല. ഇവയെ പുകഴ്ത്തി, ഇവയിലുണ്ട് എന്ന് സമർത്ഥിക്കുന്നതും എന്തെന്നറിയില്ല. ഋഗ്വേദം ചരിത്ര പഠനം നടത്തുന്നവർക്ക് ഇന്ദ്രൻ എന്ത് എന്നും അയാൾടെ സ്ഥാനവും പ്രവർത്തിയും എന്തായിരുന്നെന്നും പഠിക്കാൻ അവസരം നല്കുന്നുണ്ട്. വൃത്താസുരൻ എന്നൊരു അസുരനെ ക്രൂരമായി കൈകാൽ അരിഞ്ഞും വെള്ളത്തിൽ മുക്കിയും കൊന്നതിൻ്റെയും അയാളെ രക്ഷിക്കാൻ ശ്രമിച്ച മാതാവിനെക്കൂടി ആ നദിയിൽ താഴ്ത്തിയതിൻ്റെയും കഥകൾ പലയിടത്തായാവർത്തിക്കുന്നുണ്ട്. നദിയിലും സമുദ്രത്തിലും അടിയിൽ സൂക്ഷിക്കപ്പെടുന്ന ദുഷ്ടരുടെ മൃതശരീര ദൃഷ്ടാന്തം സിമിറ്റിക് മത കഥകളിലും ഉള്ളതാണല്ലോ. ചുരുക്കത്തിൽ , സമയം കളയാനുള്ള ഒരു വൃഥാ വ്യായാമം എന്നതിനപ്പുറം ഒന്നും നല്കുന്നില്ല മത ഗ്രന്ഥങ്ങളുടെ വായനകൾ. മറ്റൊരു വിഥത്തിൽ പറഞ്ഞാൽ, ഒരു കാലഘട്ടത്തെയും വിശ്വാസ,ചിന്തകളെയും സാമൂഹ്യക്രമത്തെയും, അറിവുകളെയും കുറിച്ചറിയാൻ നല്ല വായനയാണ് ഈ പൗരാണിക ഗ്രന്ഥങ്ങൾ . ഓർത്ത് ചിരിക്കാൻ നല്ലൊരു ഔഷധവും.
സസ്നേഹം ബിജു.ജി.നാഥ്
No comments:
Post a Comment