ചുവന്നതാണ്. ചുവപ്പിച്ചതല്ല.
.....................................................
വിടരാൻ കൊതിച്ചിരുന്നതല്ല
തല്ലലിൽ വിടർന്നതാണ്.
ചുവക്കണമെന്ന് കരുതിയതല്ല.
ചുവന്നു പോകും വിധം നൊന്തിട്ടാണ്.
മണ്ണൊപ്പം പതുങ്ങി നോക്കി
മിണ്ടാപ്രാണിവേഷം കെട്ടി
അന്ധമെന്ന് ഭാവം നടിച്ചു
അറിയില്ലെന്ന് ഭാഷ്യം ചമച്ചു.
വേദനിക്കാതെയിരിക്കാൻ മാത്രം
വേലിയിറമ്പിൽ ഒളിച്ചു ജീവിച്ചു.
എന്നിട്ടും....
മൊട്ടിടും മുന്നേ തേടി വന്നു.
വിടരും മുന്നേ വലിച്ചിളക്കി
ചോര പടർന്നപ്പോൾ ചുവന്നു പോയി.
ഇനിയീ ചുവപ്പ് ഒളിപ്പിക്കുന്നതെങ്ങനെ.?
പടർന്നു പകർന്നു പോകട്ടെ.
ചുവപ്പിൻ്റെ കാഴ്ചയിൽ ഭയം വിരിയട്ടെ.
ഇനിയും ചുവക്കാതിരിക്കാൻ
ഈ ചുവപ്പിന് വേദന പകർന്നുകൊണ്ട്
കൂട്ടമായി മുഷ്ടിയുയർത്താം.
ഒരുമിച്ച് ശബ്ദമുയർത്താം.
ചുവപ്പിൻ്റെ രീതിശാസ്ത്രം ചരിത്രമാണ്.
ചരിത്രം വഴികാട്ടിയും.!
ഇനിയും ചുവക്കാതിരിക്കാൻ
ഈ ചുവന്ന കടൽ ഒന്നാെഴുകി പരന്നെങ്കിൽ...'
@ബിജു.ജി.നാഥ്
No comments:
Post a Comment