ആമേന്‍ (ആത്മകഥ )
സിസ്റ്റര്‍ ജസ്മി
ഡി സി ബുക്സ് (2009)
വില : ₹ 100.00
"നിത്യവ്രതം ചെയ്ത സിസ്റ്റേഴ്സിന് മഠത്തിൽ എല്ലാ ആവശ്യങ്ങളും ലഭ്യമാണ്. ലോകത്തിലെ എല്ലാ കഷ്ടപ്പാടുകളിൽ നിന്നും വിമുക്തരായതിനാൽ അനുഗ്രഹീതരായിരുന്നു ഞങ്ങൾ. 'നോഹയുടെ പേടക'ത്തിൽ എന്നപോലെ സുരക്ഷിതരായി ജീവിച്ചിരുന്ന ഞങ്ങൾ ഒരു തരത്തിൽ അംബാനിയേക്കാളും ബിൽ ഗേറ്റ്സിനെക്കാളും സമ്പന്നരാണ്. ചിലവേറിയ ചികിത്സ നടത്തുന്ന ഒരു രോഗി പണത്തേക്കുറിച്ചുള്ള ടെൻഷൻ അനുഭവിക്കും എന്ന സ്വാഭാവിക സഹനം പോലും ഞങ്ങളുടെ ജീവിത കഥയിൽ ഒരിക്കലും ഉണ്ടാകാറില്ല". (സിസ്റ്റർ ജസ്മി. ആമേൻ)
മതം മനുഷ്യ സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിനും സാമൂഹ്യ ജീവിതത്തിനും എത്രത്തോളം മനുഷ്യത്വഹീനമായ ഒരു വിലങ്ങുതടിയാണെന്നത് മനുഷ്യനറിയില്ല എന്നതാണു അതിലെ ഏറ്റവും വലിയ തമാശ . ദൈവത്തിന്റെ അടിമയാണ് മനുഷ്യര്‍ എന്നും, ദൈവഭയം ഉണ്ടാകണം എന്നും പഠിപ്പിക്കുന്ന എല്ലാ മതസാരങ്ങളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മനുഷ്യരെ ചിലരുടെ അടിമയും ഇരയുമാക്കി കാലങ്ങളായി ഭൂമിയില്‍ വിലസുന്നുണ്ട് . മനുഷ്യര്‍ കണ്ടുപിടിച്ച വസ്തുക്കളില്‍ ഏറ്റവും ഭയാനകമായതെന്ത് എന്നൊരു അന്വേഷണം നടത്തുകയാണെങ്കില്‍ തീര്‍ച്ചയായും അവ വൈറസുകളോ നൂക്ലിയര്‍ ബോംബുകളോ ഒന്നുമല്ലന്നും അത് ദൈവം മാത്രമാണെന്നും പറയാനാണ് എനിക്കു തോന്നുക . ഈ ഒരു കാഴ്ചപ്പാട് ഉണ്ടാകാന്‍ പ്രത്യേകിച്ചൊരു കാരണം മാത്രം എടുക്കാന്‍ ഇല്ല . ചുറ്റും നൂറ്റാണ്ടുകള്‍ ആയി ജീവിച്ച് മരിച്ച, ഇനിയും ജനിക്കാനിരിക്കുന്ന എല്ലാവർക്കും അനുഭവവേദ്യമാകുകയും അവര്‍ അതിനെ അംഗീകരിക്കാനോ മനസ്സിലാക്കാനോ ശ്രമിക്കാത്തതുമായ ഒരു സംഗതിയാണ് അതെന്ന് ഞാന്‍ കരുതുന്നു . മതത്തിന്റെ പീഡനങ്ങള്‍ ഓരോ ഭൂഖണ്ഡങ്ങളിലും ഓരോ വിധത്തില്‍ ആയിരുന്നു എന്നു കാണാം. ഭാരത സംസ്കാരം ആണ് ഏറ്റവും പഴയത് എന്ന അറിവൊക്കെ മാറിക്കഴിഞ്ഞിരിക്കുന്നു . ആഫ്രിക്കയുടെ ഇരുണ്ട വനാന്തരങ്ങളില്‍ നിന്നും മനുഷ്യര്‍ ഏതൊക്കെ ഭൂമികയില്‍ സഞ്ചരിച്ചിരുന്നു എന്നും അവര്‍ മൊസപ്പൊട്ടാമിയയില്‍ ഒരു പരിഷ്കൃത ജനതയായി തുടക്കമിടുകയും സിന്ധു താഴ്വരയില്‍ അതിന്റെ തുടര്‍ച്ചയുണ്ടാകുകയും ചെയ്തു എന്നും ഒക്കെ നരവംശശാസ്ത്രം പഠനം തുടരുന്നു. പക്ഷേ സെമിറ്റന്‍ മതങ്ങളും സൈന്ധവമതങ്ങളും മനുഷ്യരെ പല രീതിയില്‍ ഉപദ്രവിക്കാന്‍ തുടങ്ങിയത് എന്നാണെന്ന് ശരിയായ കണക്കുകള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. ഒരിടത്ത് ജാതിയുടെയും വര്‍ഗ്ഗത്തിന്റെയും പീഡനങ്ങള്‍ ആയിരുന്നുവെങ്കില്‍ മറിടത്ത് ഏക ദൈവത്തിന്റെ നിലനില്‍പ്പിനു വേണ്ടിയായിരുന്നു പീഡനങ്ങള്‍ മുഴുവന്‍ സംഭവിച്ചത് എന്നു കാണാം. രണ്ടിടത്തും സ്ഥായിയായ ഒരു ഒരുമ ഉള്ളത് സ്ത്രീകള്‍ക്ക് നേരെയാണ് . ചവിട്ടടിയില്‍ മെരുക്കിനിര്‍ത്താന്‍ എല്ലായിടത്തും ഒരു വ്യഗ്രത, ഒരു മത്സരം നടന്നിരുന്നു എന്നു കാണാം. വിഷയം ആത്മകഥയാണല്ലോ. ഇവിടെ ആത്മകഥകൾക്കു പ്രത്യേകതകൾ വരുന്നത് അവർ പ്രതിനിധാനം ചെയ്യുന്ന തലങ്ങൾ അനുസരിച്ചാണ് . പമ്മൻ ആത്മകഥയെഴുതുമ്പോൾ രതിയുടെ നിഗൂഢതലങ്ങളെ പ്രതീക്ഷിച്ചു വായനക്കാരൻ അതിലേക്ക് ഊളിയിടുന്നത് പോലെ ഓരോ മനുഷ്യർക്കും ഒരു ഉടുപ്പ് വായനക്കാർ തയ്പ്പിച്ചു വച്ചിട്ടുണ്ട് . അവരെ വായിക്കാൻ അവർക്കതു അത്യാവശ്യമാണുതാനും . അടുത്ത കാലത്ത് വായിച്ച ആത്മകഥകളിൽ ചിലത് പ്രത്യേകം ഓർക്കുന്നു . മാധവിക്കുട്ടി , വിജയമല്ലിക , നളിനി ജമീല , ഉമാ പ്രേമൻ, അഷറഫ് താമരശ്ശേരി , മഹാത്മാഗാന്ധി , ഗെയിൽ ട്രേഡ് വെൽ , എച്ച്മുകുട്ടി , അയാൻ ഹിർസി അലി , ജെറീന തുടങ്ങി ഒരുപാട് പേരുടെ ആത്മകഥകൾ വായിക്കപ്പെടുകയുണ്ടായിരുന്നു . ഇവയെല്ലാം ഓരോ വിധത്തിൽ പ്രസിദ്ധങ്ങൾ ആയിരുന്നു എന്നും കാണാം. ഇവയിൽ ഞാൻ പരാമർശിക്കാതെ പോയ രണ്ടു പേരുകളാണ് സിസ്റ്റർ ജസ്മിയും സിസ്റ്റർ മേരിചാണ്ടിയും. ഇവർ എങ്ങനെ വ്യത്യസ്തപ്പെട്ടിരിക്കുന്നു എന്നൊരു ചിന്ത വന്നേക്കാം . മുകളിൽ പറഞ്ഞ പേരുകളിൽ അയാൻ ഹിർസി അലി , ഗെയിൽ ട്രേഡ് വെൽ തുടങ്ങിയവർ എങ്ങനെ മതവുമായി ബന്ധപ്പെട്ടിരിക്കുന്നുവോ അതുപോലെയാണ് ഇവരും എന്നത് തന്നെ . മതവുമായി ബന്ധപ്പെട്ടതായതുകൊണ്ടു തന്നെ വിഷയത്തിന് ഇത്ര പ്രാധാന്യം നൽകേണ്ടതുണ്ടോ എന്നൊരു ചിന്ത ഉയരുന്നത് മതത്തിന്റെ കീഴിൽ നിൽക്കുന്ന വിധേയത്വ ചിന്തയിൽ വിള്ളൽ വീഴരുതെന്ന ഒരു കരുതലായി മാത്രം കരുതണം.
സിസ്റ്റർ ജസ്മി എന്ന വിദ്യാസമ്പന്നയായ സ്ത്രീയുടെ ജീവിതത്തിന്റെ സിംഹഭാഗവും കടന്നുപോയത് കന്യാസ്ത്രീ ജീവിതത്തിലൂടെയാണ് . സഭയുടെ കീഴിൽ പഠിച്ചു നല്ല മാർക്കോടെ ഉയരങ്ങൾ കീഴടക്കി ഒരു കോളേജിന്റെ പ്രിൻസിപ്പൽ പദവി വരെ ഉയരുകയും അവിടെനിന്നും ഒടുവിൽ കണ്ണുനീരോടെ സഭ വിട്ടു കൊണ്ട് സാധാരണ മനുഷ്യരുടെ യഥാർത്ഥ ജീവിതത്തിലേക്ക് തിരികെ വരികയും ചെയ്ത സിസ്റ്റർ ജസ്മിയുടെ കഥ അവർ തന്നെ പറയുന്നതാണ് ആമേൻ എന്ന പുസ്തകം . ഈ പുസ്തകം വായിക്കുന്നവരുടെ മനസ്സിലേക്ക് കടന്നു വരുന്ന ചിത്രങ്ങൾ ഒന്നടുക്കിപ്പെറുക്കിച്ചു നോക്കിയാൽ ഇത്രയാകും ഉണ്ടാകുക . വിദ്യാഭ്യാസം ഉണ്ടെങ്കിലും ലോക പരിചയമോ , സ്വന്തം കഴിവുകളിൽ വേണ്ടത്ര കഴിവും ആത്മവിശ്വാസവും ധൈര്യവും ഇല്ലാത്ത ഒരു സ്ത്രീ. മതത്തിന്റെ കടുത്ത ചങ്ങലയിൽ ബന്ധിതയും ഭയചകിതയും ആണവൾ . സ്വന്തം സ്വത്വത്തേക്കാൾ അവൾ മതം ,സമൂഹം തുടങ്ങിയവയുടെ കരുതലുകളെ വളരെ ഭയത്തോടും ബഹുമാനത്തോടും അനുസരിക്കാൻ മാത്രം ശീലിച്ചവൾ . എല്ലാ സഹനങ്ങൾക്കും ഒടുവിൽ ഒരു പൊട്ടിത്തെറി പോലെ ആ സമൂഹത്തിൽ നിന്നും പുറത്തേക്കു വരുന്നു . ഇവിടെ സിസ്റ്റർ ജെസ്മി സഭയിൽ തനിക്കുണ്ടായിരുന്ന സ്ഥാനമാനങ്ങളും മറ്റും മാത്രമാണ് വിട്ടു പോകുന്നത് , മതമോ വിശ്വാസങ്ങളോ അല്ല എന്നത് പ്രത്യേകിച്ചും ഓർക്കേണ്ടതുണ്ട് . അവർ ഇപ്പോഴും ഒരു ക്രിസ്തുമത വിശ്വാസി തന്നെയാണ് . അതങ്ങനെ അല്ലാതിരിക്കാൻ അവർക്കു പ്രത്യേകിച്ചും കാരണങ്ങൾ ഒന്നുംതന്നെ ഇല്ല . അവരെ അലോസരപ്പെടുത്തിയ സംഗതികളിൽ നിന്നും അവർ പുറത്തു വരേണ്ട കാലത്തു പുറത്തു വന്നിട്ടുമില്ല . ഇന്നത്തെ മീ ടൂ ക്യാമ്പൈനികളിൽ പറയുന്ന സംഗതികളിൽ പലതും അവരുടെ ജീവിതത്തിൽ സംഭവിച്ചിട്ടും അവർ അതിനെതിരെയോ അത് തുറന്നുകാട്ടി പരസ്യ വിചാരണകൾക്കോ പുറപ്പെടുന്നുമില്ല . താനിങ്ങനെയൊക്കെ അനുഭവിച്ചിട്ടുണ്ട് എന്നത് പറയുന്നതിനപ്പുറം ഇതൊക്കെ എതിർക്കപ്പെടേണ്ടതാണെന്ന ഒരു ബോധമോ അത്തരം ഒരു പ്രവർത്തിയോ അവർ പിൽക്കാലത്തു തനിക്ക് കിട്ടിയ അധികാരത്തിൽ ഇരുന്നും ചെയ്തിട്ടില്ല എന്നു കാണാം. ഇതിനു കാരണം അമിതമതബോധവും അത് നൽകുന്ന ഭയവും തന്നെയാണ് . ചിലതു മാത്രം പരിശോധിക്കാം .
സഹപ്രവർത്തകയായ, അമിത ലൈംഗികാസക്തിയുള്ള കന്യാസ്ത്രീയോടുള്ള അനുകമ്പയും സമൂഹത്തോടുള്ള അവരുടെ ദേഷ്യവും( അവരുടെ ലെസ്ബിയൻ ഇരയായ കുട്ടി പോയതും, ജസ്മി അവരുടെ പ്രണയം നിരസിച്ചതും മൂലമുള്ള) മാറ്റിയെടുക്കാൻ വേണ്ടി അവരുടെ ലൈംഗികാവശ്യങ്ങൾ സാധിച്ചുകൊടുക്കാൻ സ്വന്തം ശരീരം വിട്ടുകൊടുക്കുന്ന സിസ്റ്റർ ജസ്മി അവരെ തടയുകയോ അവരിൽ നിന്നും രക്ഷ നേടുകയോ അല്ല ചെയ്യുന്നത് മറിച്ച് അധികാരികളുടെയും സഹപ്രവർത്തകരുടെയും അഭിപ്രായത്തിനു വഴങ്ങി സ്വയം ശരീരം വിട്ടുകൊടുക്കുന്നതായാണ് കാണുന്നത് അവർ അവിടെ നിന്നും പോകും വരെ . മറ്റൊന്ന് അന്യ സ്ഥലത്തു വച്ച് ഒരു ഫാദർ മാത്രമുള്ള മുറിയിൽ അയാൾക്കൊപ്പം സമയം ചെലവഴിക്കുമ്പോൾ അയാളുടെ ആവശ്യപ്രകാരം സ്വന്തം നഗ്നത കാട്ടിക്കൊടുക്കുകയും അയാൾ അവരുടെ മുന്നിൽ നിന്ന് സ്വയം നഗ്നത വെളിപ്പെടുത്തുകയും സ്വയം ഭോഗം ചെയ്യുകയും ചെയ്യുമ്പോൾ അതിൽ ഒരു വിമുഖതയും കാണിക്കാതിരിക്കുകയും നിഷ്കളങ്കതയുടെ മുഖാവരണം അണിയുകയും ചെയ്യുന്നതാണ് . ഇനി ഒന്നുകൂടി പ്രധാനമായും പറയാനുള്ളത് ക്യാപ്പിറ്റേഷൻ ഫീയുടെ അഴിമതികൾക്ക് എതിരായി ഉള്ളിൽ നിന്നും സംസാരിക്കുകയും പിന്നീട് അതിന്റെ ഭാഗമായ പ്രവർത്തനങ്ങളിൽ പരോക്ഷമോ ചെറിയൊരു ഭാഗമോ ആയി ഇരിക്കേണ്ടി വരുമ്പോൾ അതിനെ പാടെ ഉപേക്ഷിക്കാൻ വേണ്ട ശക്തമായ നടപടികൾ എടുക്കാൻ തയ്യാറാകാതിരിക്കുന്നതാണ് . ശക്തമായ നടപടികൾ എടുക്കേണ്ട അവസരങ്ങളിൽ ഒന്നും തന്നെ പ്രവർത്തിക്കാതിരിക്കുകയും തന്റെ ആരോഗ്യം സംബന്ധിച്ചു ഒരു അസുരക്ഷിതത്വം വന്നപ്പോൾ മാനസികമായ ഒരു രോഗാവസ്ഥയിലേക്ക് തന്നെ സഭ തള്ളിവിടും എന്ന അവസ്ഥ വന്നപ്പോൾ രക്ഷപ്പെടുകയും ചെയ്യാൻ ശ്രമിച്ചു എന്നത് മാത്രമാണ് നിർണ്ണായകമായ ഒരു നടപടിയായി സിസ്റ്റർ ജസ്മി ചെയ്തതായി ഈ പുസ്തകം വെളിവാക്കുന്നത് . പിന്നെ ഉള്ളവയൊക്കെ അവർക്ക് തന്റെ ഔദ്യോഗിക ജീവിതത്തിലും മഠത്തിലും ഉണ്ടായ അനുഭവങ്ങളിൽ അവർ ചെയ്ത നല്ല കാര്യങ്ങളുടെ വിവരണം മാത്രമാണ് . ഒപ്പം സ്ത്രീ സഹജമായ കാഴ്ചകളുടെ ഏകപക്ഷീയതകളും .
ഇവയൊന്നും തന്നെ കന്യാസ്ത്രീ മഠങ്ങളുടെ ഉള്ളിലെ യാഥാർത്ഥവും, എല്ലാ വസ്തുതകളും പുറത്തു പറഞ്ഞു എന്നുമല്ല . കാരണം ഇതിൽ പറയാത്തതും അനുഭവിക്കാത്തതുമായ ഒരുപാട് കാര്യങ്ങൾ ഈ പുസ്തകത്തിനു ശേഷം പരസ്യമായതാണ് . അറിയപ്പെടാതെ പോയ എത്രയോ അനാഥ ജന്മങ്ങൾക്കും, ആത്മഹത്യകൾക്കും, സ്വയം ആരോടും പറയാതെ എരിഞ്ഞടങ്ങിയ ജീവിതങ്ങൾക്കും കന്യാസ്ത്രീ മഠങ്ങൾ കാലാകാലമായി കാരണമാകുന്നുണ്ട് എന്നത് നിഷേധിക്കാൻ കഴിയാത്ത ഒരു സത്യമാണ് . സിസ്റ്റർ ജസ്മി മഞ്ഞുമലയുടെ മുകൾഭാഗം മാത്രമാണ് . അതുപോലും പൂർണ്ണമല്ല എന്നാണു മനസ്സിലാക്കാൻ കഴിയുന്നത് . ഇനിയും പുറത്തു വരേണ്ട ഒരുപാട് ആത്മകഥകൾക്കു ഒരു പക്ഷെ ഈ പുസ്തകം ഒരു ഊർജ്ജമായി എങ്കിൽ മാത്രമേ ഈ പുസ്തകത്തിന് അതിന്റെ ധർമ്മം പാലിക്കാൻ കഴിഞ്ഞു എന്ന് വിശ്വസിക്കാൻ ആകൂ .
ആശംസകളോടെ ബി.ജി.എൻ വർക്കല
No comments:
Post a Comment