എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Wednesday, November 28, 2018
96 ഉം ഞാനും
Sunday, November 25, 2018
ഉത്തരധ്രുവത്തിൽ നിന്നൊരു കുഞ്ഞു മേഘം ......... ദുർഗ മനോജ്
ഉത്തരധ്രുവത്തില്‍ നിന്നൊരു കുഞ്ഞുമേഘം (ബാലസാഹിത്യം)
ദുർഗ മനോജ്
ചിന്ത പബ്ലിക്കേഷന്‍സ്
വില: 120 രൂപ
ബാലസാഹിത്യം എന്നൊരു സാഹിത്യശാഖ മലയാളത്തില്‍ ഉണ്ടാകുന്നത് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് . ബ്രിട്ടീഷുകാര്‍ സ്കൂളുകള്‍ സ്ഥാപിച്ചു തുടങ്ങുകയും അച്ചടി മഷി പുരണ്ട പുസ്തകങ്ങള്‍ പ്രചാരത്തിലാകുകയും ചെയ്ത ആ കാലഘട്ടത്തില്‍ ഗുരുകുല സമ്പ്രദായത്തില്‍ നിന്നും മലയാളിയുടെ പരമ്പരാഗത വിദ്യാഭ്യാസരീതി അകന്നു തുടങ്ങുകയായിരുന്നു . ആദ്യകാലത്ത് പ്രധാനമായും ആംഗലേയത്തില്‍ നിന്നുള്ള കുട്ടിക്കഥകളുടെ വിവര്‍ത്തങ്ങള്‍ ആയിരുന്നു പ്രചാരത്തിൽ . സിന്ദ്ബാദ് കഥകള്‍ ഒക്കെ മലയാളത്തിലേക്ക് തർജ്ജമ ചെയ്തു വന്നു തുടങ്ങിയത് പത്തൊന്‍പതാം നൂറ്റാണ്ടിലാണ്. എങ്കിലും മലയാളത്തില്‍ സാഹിത്യപരമായി കുട്ടികളെ സംതൃപ്തരാക്കുന്ന ഒരു സാഹിത്യശാഖ ഉരുത്തിരിഞ്ഞു വരാന്‍ ഒരുപാട് സമയമെടുത്തു എന്ന് കാണാം . 1970 നു ശേഷം ബാലസാഹിത്യ രംഗത്ത് ആയിരക്കണക്കിന് പുസ്തകങ്ങള്‍ ആണ് വന്നു തുടങ്ങിയത്. കുട്ടികളെ ബോധവത്കരിക്കുന്നതിനായി ഭാഷാ മൊഴിമാറ്റത്തിലൂടെ രാജ്യാന്തരകഥകളും പുരാണങ്ങളില്‍ നിന്നും വേദഗ്രന്ഥങ്ങളില്‍ നിന്നും വാമൊഴിപ്പാട്ടുകളില്‍ നിന്നും കഥകള്‍ കടം കൊണ്ടും ബാലസാഹിത്യം പുരോഗമിച്ചു . കഥകളുടെ സാഗരമായ മഹാഭാരതവും വിക്രമാദിത്യ കഥകളും ഒക്കെ ഈ കാലഘട്ടത്തിലെ പ്രധാനപ്പെട്ട കഥാപ്രമേയങ്ങള്‍ എടുക്കുന്ന അക്ഷയപാത്രങ്ങള്‍ ആയിരുന്നു എന്ന് കാണാം .
കാലം മാറി വരികയും ശാസ്ത്ര സാഹിത്യ പരിഷത്തു പോലുള്ള സംവിധാനങ്ങള്‍ കുട്ടികളിൽ കൂടുതല്‍ ശാസ്ത്രസംബന്ധമായ അറിവുകൾ നല്കുന്ന രീതിയിലേക്ക് കടന്നു വരികയും ചെയ്തപ്പോള്‍ വിദ്യാഭ്യാസമേഖലയില്‍ വലിയ ഒരു മാറ്റം സംഭവിച്ചു തുടങ്ങിയിരുന്നു .
എന്നാല്‍ മൊഴിമാറ്റവും അതുപോലെയുള്ള കഥകളുടെ കുത്തൊഴുക്കും കൂടിയപ്പോള്‍ കുട്ടികള്‍ക്കുള്ള അറിവിന് അനുയോജ്യമായ എത്ര വായനകള്‍ ഉണ്ട് എന്ന കാര്യത്തില്‍ വലിയ ഒരു പ്രതിസന്ധി കടന്നു വരികയും ചെയ്തു . ദൗര്‍ഭാഗ്യവശാല്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് നിന്നിടത്തു നിന്നും മുന്നോട്ടു ചുവടു വയ്ക്കാന്‍ ശ്രമിക്കാതിരിക്കുന്നത് വലിയൊരു പോരായ്മയാണ് . ഇത്തരുണത്തില്‍ പ്രമുഖ എഴുത്തുകാരിയും ഡോക്ടറുമായ ഖദീജ മുംതാസ് പറഞ്ഞ ഒരു കാര്യം പ്രസക്തമാകുന്നു . "ഇന്നത്തെ കൊച്ചുകുട്ടികൾപോലും മുത്തശ്ശനും മുത്തശ്ശിക്കും അറിവു പകർന്നുകൊടുക്കാൻ കഴിവുള്ളവരാണ്. ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ കാലത്ത് കുട്ടികൾ ലോകത്തെ കാണുന്ന രീതി തന്നെ മാറിയിരിക്കുന്നു. അവരെ വായനയുടെ ലോകത്തേക്ക് ആകര്‍ഷിക്കാന്‍ ഉന്നത നിലവാരത്തിലുള്ള എഴുത്തുകള്‍ തന്നെ ആവശ്യമാണ് . പുതിയകാലത്തെ കുട്ടികളെ മനസ്സിലാക്കി അവര്‍ക്കൊപ്പം സഞ്ചരിക്കുക എന്ന വെല്ലുവിളിയാണ് ബാലസാഹിത്യകാര്‍ അഭിമുഖീകരിക്കുന്നത് ഇന്ന് . എല്ലാ സാഹിത്യകാര്‍ക്കും ബാലസാഹിത്യം എഴുതാന്‍ കഴിയണം എന്നില്ല . ഒന്നും എഴുതാന്‍ കഴിയാത്തവര്‍ക്ക് ശോഭിക്കാനുള്ള ഇടവുമല്ലത് . കുട്ടികളുടെ മനസ്സുകാണാനുള്ള കഴിവ് ഉണ്ടാകണം."
ഇത്തരം പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന, തിരിച്ചറിവുകള്‍ ഇല്ലാതെ എഴുത്ത് ഒരു തൊഴില്‍ ആയി സ്വീകരിക്കുന്നവരുടെ വലിയ ഒരു നിര തന്നെ ഇന്ന് മുന്നില്‍ ഉണ്ട് . ഇവയില്‍ ചിലതൊക്കെ കലാപരമായ മേന്മ അവകാശപ്പെടുകയും അവ സ്ഥിരം ശൈലികളില്‍ നിന്നും വേറിട്ട് നില്‍ക്കുകയും ചെയ്യുന്നുണ്ട് . കുട്ടികള്‍ക്ക് വേണ്ടത് എങ്ങനെ പറഞ്ഞു കൊടുക്കണം എന്നു മനസ്സിലാക്കുകയെന്ന ഭഗീരഥ പ്രയത്നം എഴുത്തുകാർക്ക് മുന്നില്‍ നില്‍പ്പുണ്ട് ഒട്ടും തന്നെ ശിരസ്സ് കുനിക്കാതെ. ഈ അവസരത്തില്‍ ആണ് എഴുത്തുകാരിയായ ദുർഗ മനോജിന്റെ "ഉത്തരധ്രുവത്തില്‍നിന്നൊരു കുഞ്ഞുമേഘം " എന്ന വൈജ്ഞാനികനോവല്‍ കുട്ടികള്‍ക്ക് വേണ്ടി രചിക്കപ്പെട്ട ഒന്നാണ് എന്ന ബോധം പങ്കുവയ്ക്കപ്പെടുന്നത് ബാലസാഹിത്യത്തിന് മുതല്‍ക്കൂട്ടായി ഒരു പുസ്തകം കൂടി . എന്താണ് ഈ നോവല്‍ പങ്കു വയ്ക്കുന്ന പ്രമേയം എന്നു പരിശോധിക്കുന്നത് വായനയില്‍ വലിയൊരു സന്തോഷം നല്‍കുന്ന കാര്യമാണ് . ഈ നോവലിന്റെ അന്തരീക്ഷം സാര്‍വ്വജനികമായ ഒരു ഭാവനാ ലോകത്തെ പ്രതിനിധാനം ചെയ്യുന്ന തലത്തില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത് . എങ്കില്‍ പോലും അതിനു തിരഞ്ഞെടുത്തിരിക്കുന്ന സങ്കേതങ്ങള്‍ കൗതുകവും ഒപ്പം സന്തോഷവും നല്‍കുന്നതാണ് .
ഉത്തരധ്രുവത്തിലെ മഞ്ഞുപാളികള്‍ക്കിടയില്‍ നിന്നും സഞ്ചരിച്ചു അമേരിക്കയിലൂടെ കടന്നു മെക്സിക്കോ വരെ വന്നു നില്‍ക്കുന്ന ഒരു സഞ്ചാരം ആയി ഇതിനെ വായിക്കാം .കടന്നു പോകുന്ന ഇടങ്ങളെ വെറുതെ അങ്ങ് പറഞ്ഞു പോകുകയല്ല ഈ നോവലില്‍ എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകതയായി മനസ്സിലാക്കാന്‍ കഴിഞ്ഞത് . ഓരോ സ്ഥലങ്ങളും പരിചയപ്പെടുത്തുകയും അതിന്റെ പ്രത്യേകതകളും ജീവജാലങ്ങളുടെ വിവരണങ്ങളും ചരിത്രവും ശാസ്ത്രീയബോധവും നിറഞ്ഞ അറിവുകള്‍ പങ്കുവയ്ക്കലും ഒക്കെയായി അത് കടന്നു പോകുകയാണ്. ഓരോ ഇടത്തിന്റെയും ഭൂമിശാസ്ത്രപരവും സാമൂഹികപരവുമായ വിവരങ്ങളെ ആഴത്തില്‍ പഠിച്ചത്പോലെ വിവരിക്കാന്‍ കഴിയുന്നുണ്ട് .ഇവ വിജ്ഞാനവും വിനോദവും ഒന്നിച്ചു കൊണ്ട് പോകാന്‍ കഴിയുന്ന ഒരു അധ്യാപന രീതികൂടിയാണല്ലോ. ലോകത്തെ രക്ഷിക്കാന്‍ വേണ്ടിയുള്ള രണ്ടു കുട്ടികളുടെ യാത്രയാണത് . ഭീകരമായ മൂന്നു ആക്രമണങ്ങളിലൂടെ ഭൂമിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന അന്യഗ്രഹ സമൂഹങ്ങളുടെ ശ്രമവും അതിനെ തടയാന്‍ മനുഷ്യരും അവരെ സഹായിക്കാന്‍ വരുന്ന അഭൌമിക ശക്തികളും പരിവേഷങ്ങളും ഉള്ള ഭൂമിയോടു ആഭിമുഖ്യമുള്ള ചിലരും ചേരുമ്പോള്‍ അവര്‍ ആ സംരംഭത്തില്‍ ജയിക്കുകയാണ് ഒടുവില്‍ . ഇന്ത്യയടക്കം പല രാജ്യങ്ങളില്‍ നിന്നായി ഒന്നുചേരുന്ന ആ കൂട്ടായ്മയുടെ സാഹസികമായ പ്രവര്‍ത്തനങ്ങളും യാത്രകളും ഒക്കെ പറഞ്ഞു പോകുന്ന ഒരു ഫിക്ഷന്‍ നോവല്‍ കുട്ടികളുടെ വായനാതലത്തെ ഉത്തേജിപ്പിച്ചു നിര്‍ത്തുകയും അവരില്‍ ഔത്സുക്യം വളര്‍ത്തുകയും ഒപ്പം അറിവു പകരുകയും ചെയ്യുന്ന രീതിയില്‍ അവതരിപ്പിക്കുന്നു ഈ നോവലില്‍ .
മനുഷ്യന് പരിചയമില്ലാത്ത മിത്തുകളുടെ സൗന്ദര്യത്തെ,ദൈവസങ്കല്‍പ്പത്തില്‍ നിന്നും അടര്‍ത്തിമാറ്റി മേഘങ്ങളും കാറ്റുകളും ചേര്‍ന്ന് നയിക്കുന്ന ഒരു ലോകത്തെ എഴുത്തുകാരി സൃഷ്ടിക്കുകയാണ് . മാനുഷികമായ എല്ലാ വികാരങ്ങളും ഉള്ള മനുഷ്യരല്ല എന്നൊരിക്കലും പറയാന്‍ കഴിയാത്ത കഥാപാത്രങ്ങള്‍ മനുഷര്‍ക്കൊപ്പം ചേരുമ്പോള്‍ അവയ്ക്ക് അതിഭാവുകത്വം തോന്നാതെയിരിക്കാന്‍ കഴിയുന്നത് കഥാപാത്രങ്ങളുടെ കൈയ്യടക്കം എഴുത്തുകാരി നന്നായി മനസ്സിലാക്കിയിരിക്കുന്നു എന്നതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ കഴിയും,ഭൂമിയെ സംരക്ഷിക്കുന്ന കൂട്ടരുടെ ഒരു സാങ്കല്‍പ്പിക സാമ്രാജ്യത്തിലെ ചക്രവർത്തിയാണ് മിമോ. ഒരു നാള്‍ പൊടുന്നനെയാണ് സഭ വിളിച്ചുകൂടുകയും മിമോ ചക്രവര്‍ത്തി തന്റെ പിന്‍ഗാമിയായി, ആരോണ്‍ നക്ഷത്രത്തില്‍ നിന്നും ഭൂമിയെ രക്ഷിക്കാന്‍ വേണ്ടി വന്ന ആൽവിൻ എന്ന കുഞ്ഞു മേഘത്തെയും കെവിൻ എന്ന സാരഥിയായ കുഞ്ഞന്‍ കാറ്റിനെയും തിരഞ്ഞെടുക്കുന്നത് . അതില്‍ അമര്‍ഷം പൂണ്ട മുതിര്‍ന്നസഭാംഗങ്ങള്‍ ആയ കാറ്റുകളും മേഘങ്ങളും അവരുടെ ഇഷ്ടക്കേട് പ്രകടിപ്പിക്കുമ്പോള്‍ മീമോ ആ കുട്ടികളെ എന്തിനായി തിരഞ്ഞെടുത്തു ബെന്നത് തെളിയിക്ക്കാന്‍ വേണ്ടി അവരെ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനാന്‍ ലോക സഞ്ചാരത്തിനു അയക്കുന്നിടത്ത് നോവല്‍ ആരംഭിക്കുന്നു . അവിടെ നിന്നും അവര്‍ പല പല വേഷങ്ങളില്‍ പല പലയിടങ്ങളില്‍ എത്തപ്പെടുകയും എല്ലായിടത്തുനിന്നും എല്ലാ പ്രതിസന്ധികളില്‍ നിന്നും വിജയിച്ചു ഒടുവില്‍ ഭൂമിയില്‍ സമാധാനം നിലനിർത്തി തിരികെയെത്തുകയും ചെയ്യുന്നിടത്ത് നോവല്‍ ശുഭപര്യവസാനിയാകുന്നു.
ലോകം ഇന്നു അതിസംഘർഷങ്ങളുടെ വിളഭൂമിയാണ്. മത,മദമത്സരങ്ങളുടെ കേദാരം. നമുക്ക് നഷ്ടമാകുന്ന മാനവികതയുടെ ഊഷ്മളത ,അത് തിരികെക്കൊണ്ടുവരാൻ ഒരു പക്ഷേ പുതിയ തലമുറകൾക്ക് മാത്രമേ കഴിയുകയുള്ളു. ചിതലരിച്ച തത്വസംഹിതകളും,പ്രാകൃത ആചാരങ്ങളും വിശ്വാസ പ്രമാണങ്ങളും പഠിപ്പിച്ചു പുതിയ തലമുറയെ ഉറക്കിക്കിടത്തുകയാണ് പൊതുസമൂഹം ഇന്നും എന്നും തുടരുന്നത്. ഇവിടെ നോവൽ ഒടുവിൽ ലോകവിജയത്തിന്നു കണ്ടെത്തുന്ന പോംവഴി ആശാന്റെ വരികളിലൂടെ മലയാളിക്ക് പണ്ടേ പരിചിതവും എന്നാൽ കണ്ടീഷനിംഗുമായ ഒന്നു തന്നെയാണ്.
"സ്നേഹമാണഖിലസാരമൂഴിയിൽ .
സ്നേഹം താൻ നിത്യ ജഗത്തിൽ
സ്നേഹ വാരിധി തന്നെ മരണം....
സ്നേഹിക്ക ഉണ്ണീ നീ നിന്നെ
ദ്രോഹിക്കുന്ന ജനത്തെയും."
തീർച്ചയായും നോവൽ പറഞ്ഞു നിർത്തുന്നതും സാർവ്വലൗകികമായ ജീവിതത്തിന്റെ കെട്ടുറപ്പ് സ്നേഹത്തിലും സാഹോദര്യത്തിലും ഊന്നിയ ഒരു ലോകമാണെന്നു തന്നെയാണ്. അതിരുകൾ ഇല്ലാത്ത ആ ലോകത്തിൽ മനുഷ്യർക്ക് വിവേചനങ്ങളോ വെറി പിടിച്ച മത്സരങ്ങളോ ഉണ്ടാകാതെയിരിക്കാൻ ആഹ്വാനം ചെയ്യുന്ന ഈ നോവൽ തികച്ചും ബാലസാഹിത്യത്തിന് മുതൽക്കൂട്ട് തന്നെയാണ്.
കുട്ടികളില്‍ നാം പകര്‍ന്നു കൊടുക്കേണ്ടത് സ്നേഹവും സാഹോദര്യവും നിറഞ്ഞ ഒരു ലോകം കെട്ടിപ്പടുക്കുവാന്‍ വേണ്ടി തന്നെയല്തന്നെയാകണം. അത്തരം സ്നേഹമത്തില്‍ ഉള്ള ഒരു ലോകത്ത് മാത്രമേ ബാഹ്യ ശക്തികള്‍ക്ക് ഒരു വിധത്തിലുള്ള കൈകടത്തലുകളോ മറ്റു നശീകരനങ്ങളോ സാധ്യമാകുകയുള്ളൂ.
ഇതിനു ഉതകുന്ന രീതിയിലേക്ക് അവരെ , നമ്മുടെ പുതു തലമുറയെ കൊണ്ട് പോകുവാന്‍ വായന നഷ്ടമായിക്കൊണ്ടിരിക്കുന്ന ഇന്നിന്റെ ലോകത്ത് അത് തിരികെ കൊണ്ട് വരാന്‍ ഇത്തരം കാലാനുവര്‍ത്തിയായ ഭാഷയുടെ പുതിയ രചനകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു . പഞ്ചതന്ത്രം കഥകള്‍ക്കും സാരോപദേശ കഥകള്‍ക്കും കുട്ടികളെ സ്വാധീനിക്കാന്‍ കഴിയുകയില്ല ഇന്നത്തെ കാലഘട്ടത്തില്‍. അവര്‍ക്ക് പഴകിയ പനയോലകള്‍ പറയുന്ന അമാനുഷമായ ചിരിക്കഥകള്‍ ആവശ്യമില്ല . അവരുടെ ചോദ്യങ്ങള്‍ക്ക് യുക്തിഭദ്രമായി മറുപടി കൊടുക്കാന്‍ കഴിയാത്ത വണ്ണം ആ കഥകള്‍ നോക്കുകുത്തികള്‍ ആകുന്ന കാഴ്ച ഇന്നിന്റെ ഒരു പോസിറ്റീവ് ദൃശ്യമാണ് . അങ്ങനെയുള്ള കുട്ടികളില്‍ അവരുടെ അഭിരുചികള്‍ക്ക് അനുസരിച്ച് കഥകള്‍ സൃഷ്ടിക്കപ്പെടുകയും അതില്‍ അവര്‍ പോലും അറിയാതെ സാരോപദേശങ്ങള്‍ നിറയുകയും ചെയ്താല്‍ മാത്രമേ ഇനി കാര്യമുള്ളൂ . ഹാരിപോര്‍ട്ടര്‍ കഥകളുടെ ലോകത്ത് നില്‍ക്കുന്ന കുട്ടികള്‍ , ജുരാസ്സിക് ലോകത്തെ സ്നേഹിക്കുന്ന കുട്ടികള്‍ , സയന്‍സിന്റെ , ഫിക്ഷന്റെ ലോകത്തെ സ്നേഹിക്കുന്ന കുട്ടികള്‍ , വിര്ച്യുല്‍ ലോകത്തില്‍ വസിക്കുന്ന കുട്ടികള്‍ അവരെ മണ്ണിന്റെ മാറില്‍ പാദം ഉറപ്പിച്ചു നിര്‍ത്താനും , മണ്ണിനെ അറിയാനും സഹജീവികളെ മനസ്സിലാക്കാനും പരിസ്ഥിതിയോടു സ്നേഹം നല്‍കാനും ഇത്തരം വായനകള്‍ സഹായിക്കുക തന്നെ ചെയ്യും . അടുത്തിടെ ഇറങ്ങിയ ഹെര്‍ബെരിയം എന്ന സോണിയ റഫീക്കിന്റെ നോവലും കെനിയന്‍ ഡയറി എന്ന സര്‍ഗ്ഗ റോയിയുടെ യാത്രാ വിവരണ പുസ്തകവും ഒക്കെ ഈ ഒരു ശ്രേണിയില്‍ കുട്ടികളെ വായനയില്‍ പിടിച്ചു നിര്‍ത്താന്‍ സഹായിക്കുന്ന പുസ്തകങ്ങള്‍ ആയി എണ്ണപ്പെടുന്നുണ്ട് . അതുപോലെ ആ നിരയിലേക്ക് ഒരു പുസ്തകം കൂടിയാണ് ഈ കുട്ടികളുടെ നോവല്‍ എന്നത് സന്തോഷം നല്‍കുന്ന വസ്തുതയാണ് .
ഇത്തരം നോവലുകള്‍ നാം അധികം വായനക്കാരിലേക്ക് എത്തിക്കുവാന്‍ വേണ്ടി വായനശാലകളിലും സ്കൂളുകളിലും മറ്റും എത്തിക്കുവാന്‍ ഉള്ള മാര്‍ഗ്ഗങ്ങളും മറ്റും ആലോചിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് തന്നെയാണ് കരുതുന്നത്.
വിഷയപരമായ വസ്തുതകളെ പരത്തി പറഞ്ഞില്ലയെങ്കിലും കാലദേശങ്ങളുടെ വിവരണങ്ങളിൽ ശുഷ്കതയനുഭവപ്പെടുന്നുണ്ട്. പാതി വഴിയില്‍ യാത്ര മുടക്കിയ ഒരു പ്രതീതിയാണത്. പുസ്തകം നല്‍കുന്ന ചില പോരായ്മകള്‍ ഇവയാണ് . കുട്ടികളെ പാതി വഴിയില്‍ ഉപേക്ഷിച്ചു പോയിരിക്കുന്നു . ആ യാത്ര ലോകം മുഴുവന്‍ കറങ്ങി വന്നിരുന്നുവെങ്കില്‍ ഭൂവിഭാഗങ്ങളുടെ പ്രത്യേകതകളും മറ്റും അവരിലേക്ക് വളരെ നന്നായി സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞേനെ . പകരം അവര്‍ക്ക് സമാധാനമേകുവാന്‍ ഇന്ത്യയില്‍ നിന്നൊരാളെ നല്‍കിക്കൊണ്ട് കടമ പൂര്‍ത്തിയാക്കുവാന്‍ ഒരുപക്ഷെ എഴുത്തുകാരിയിലെ ക്ഷമയില്ലായ്മ പ്രേരിപ്പിച്ചിരിക്കാം. ഉദ്ദേശ്യശുദ്ധി പൂര്‍ണ്ണമാകുന്നത് കൃതിയുടെ ആഗോളതലത്തിലെ സ്വീകാര്യതയെ കൈനീട്ടി തൊടുമ്പോഴാണ് എന്നതിനാല്‍ കുറച്ചു കൂടി വികസിപ്പിക്കാമായിരുന്നു എന്നൊരു അഭിപ്രായമുണ്ട് . അതുപോലെ കുട്ടികളുടെ ഭാഷ കടമെടുത്തു യാത്ര ചെയ്യുമ്പോഴും കുട്ടികളിൽ പഞ്ചു ചെയ്തു നിർത്തുന്ന രീതി വശപ്പെട്ടു വരുന്നതിൽ വിജയിച്ചുവോ എന്നത് സംശയമുണർത്തുന്നു. ഒരു അസാധാരണമായ ധൃതി ആദ്യാന്തം അനുഭവപ്പെടുന്നുണ്ട് വായനയിൽ. ഇന്നത്തെ തലമുറയെ വായനയിലേക്ക് ആകർഷിക്കാൻ വേണ്ട ത്രില്ലുകൾ, ഫിക്ഷന്റെ സാധ്യതകൾ എന്നിവയൊക്കെ വളരെ കുറവും ദുർബ്ബലവുമാണ്. ഈ പോരായ്മകൾ നികത്തുകയാണെങ്കിൽ തികച്ചും നല്ലൊരു പാഠപുസ്തയായി ഇതിനെ മാറ്റാൻ കഴിയും എന്നു കരുതാം.
ആശംസകളോടെ ബി..ജി. എൻ വർക്കല
Friday, November 23, 2018
കുഞ്ഞനിലയും ആൽമരവും........ദുർഗ മനോജ്
കുഞ്ഞനിലയും ആൽമരവും (ബാലസാഹിത്യം)
ദുർഗ മനോജ്
ചിന്ത പബ്ലിക്കേഷൻസ്
വില : 65 രൂപ
ആരോഗ്യപരവും പാരിസ്ഥിതിക സൗഹൃദപരവുമായ ഒരു സമൂഹത്തെ നിർമ്മിച്ചെടുക്കുക എന്നത് വളരെ എളുപ്പവും അതുപോലെ ഭാരിച്ചതുമായ ഒരു സംഗതിയാണ്. ഇത്തരം നവനിർമ്മിതികൾക്ക് അവശ്യം വേണ്ടത് ശക്തമായ അടിത്തറകൾ പണിയുക എന്നുള്ളതും. ഇന്നു ലോകത്തു കാണുന്ന എല്ലാ നവീകരണ പ്രവൃത്തികൾക്കും കാരണം നല്ല പാഠങ്ങൾ ചൊല്ലിപ്പഠിപ്പിക്കുന്ന ഒരു ഗുരു സമൂഹമിവിടെ എന്നുമുള്ളതാണ് എന്ന വസ്തുത മറക്കാനാവില്ല.
സമൂഹ നിർമ്മിതിയെ മുമ്പെങ്ങുമില്ലാത്ത വിധം പിറകോട്ടു നയിക്കുന്ന ഒരു സംവിധാനമാണ് ദൗർഭാഗ്യവശാൽ ഈ തലമുറ അനുഭവിക്കുന്നത്. ശാസ്ത്രബോധം വളർത്തി കുഞ്ഞുങ്ങളിൽ ഭാവി ലോകത്തിന്റെ വളർച്ച ഏൽപ്പിക്കുമ്പോൾ കുതിച്ചു പാഞ്ഞു വന്ന മതവും പ്രാകൃത സംസ്കാരങ്ങളും കിതച്ചു തുടങ്ങിയതറിഞ്ഞ മനുഷ്യർ പുരോഗമനത്തിന്റെ പാതയിൽ നിന്നും കുഞ്ഞുങ്ങളെ മതപഠനത്തിലൂടെ പഴമയിലേക്കും അവിടെയാണ് മാനവികതയും മനുഷ്യനന്മയും ഉള്ളതെന്ന കപടമായ അറിവുകളിലേക്കും തിരികെ പിടിച്ചു കൊണ്ടു പോകുന്നു.
ഇത്തരം മാറ്റങ്ങൾ സമൂഹം തിരിച്ചറിഞ്ഞു തുടങ്ങുന്നുണ്ട്. മാറ്റങ്ങൾ മാത്രമാണ് നവീകരണത്തിന്റെ മുഖമുദ്രയെന്നും മതങ്ങൾ പഠിപ്പിക്കുന്ന അശാസ്ത്രീയതയല്ല നമുക്ക് കരണീയമെന്നും കുട്ടികൾ സ്വയം ചിന്തിച്ചു തുടങ്ങിയ കാലമാണിത്.
അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കാൻ കുട്ടികൾ പഠിക്കേണ്ടത് ശരിയായ പാഠങ്ങൾ ആകണം. വിദ്യാലയങ്ങൾ പാഠ്യപദ്ധതികളിൽ നിന്നും മതഗ്രന്ഥങ്ങളിലെയും, പുരാണങ്ങളിലെയും മിത്തുകൾ പഠിപ്പിക്കുന്നത് നിർത്തലാക്കുക തന്നെ വേണം. കുട്ടികൾ പഠിക്കേണ്ടത് അവർ ജീവിക്കുന്ന കാലഘട്ടത്തിലെ സമൂഹത്തിൽ എങ്ങനെ ആരോഗ്യകരമായ ഒരു പരിതസ്ഥിതി വളർത്തിയെടുക്കാം എന്നതിനെക്കുറിച്ചാകണം.
ഈ അവസ്ഥ ഉണ്ടാക്കിയെടുക്കാൻ വിദ്യാലയങ്ങളിൽ പരന്ന വായനകൾ ഉണ്ടാകണം. മലയാളിയുടെ ബാലസാഹിത്യ മേഖല എൺപതുകളുടെ അവസാനം വരെ റഷ്യൻ നാടോടിക്കഥകൾ നിറഞ്ഞു നിന്നതായിരുന്നുവെങ്കിൽ പിന്നെയങ്ങോട്ട് സാരോപദേശക്കഥകളുടെ കുത്തൊഴുക്ക് തിരികെ വരികയായിരുന്നു. പഞ്ചതന്ത്രം കഥകളും മറ്റും പുതിയ രൂപത്തിൽ പഴയ വീഞ്ഞു പുതിയ കുപ്പിയിലാക്കൽ മാത്രമായി നില നിന്നു പോരുന്ന കാഴ്ച. പേരുകേട്ട സാഹിത്യകാർ മുതൽ പുതുമുഖക്കാർ വരെ ബാലസാഹിത്യത്തിൽ കൈ വച്ചിട്ടുണ്ടെങ്കിലും അവയൊക്കെയും പതിവു സാരോപദേശ ദൈവ പ്രഘോഷങ്ങൾ ഒക്കെയാണ് എന്നത് ഖേദകരമായ വസ്തുതയാണ്.
ഈ ചുറ്റുപാടിലാണ് 'ദുർഗ മനോജി'നെപ്പോലുള്ള എഴുത്തുകാരുടെ പ്രസക്തി വർദ്ധിക്കുന്നത്. ഒരു ഗ്രാമവും ആ ഗ്രാമത്തിന്റെ നെടുംതൂണായ അരയാലും ഒരു കഥയായി വരുന്ന "കുഞ്ഞനിലയും ആൽമരവും" പ്രമേയ ഭംഗികൊണ്ടും അവതരണ ശൈലി കൊണ്ടും കുഞ്ഞുമനസ്സുകളെ വളരെ വേഗം ആകർഷിക്കുന്ന തരത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത്. യാതൊരു അത്ഭുതങ്ങളുമില്ലാതെ, ആർക്കും എളുപ്പം കാര്യം മനസ്സിലാകുന്ന രീതിയിൽ ഈ ചെറു നോവൽ കടന്നു പോകുന്നു.
കുഞ്ഞുങ്ങളിൽ പരിസ്ഥിതി ബോധം സൃഷ്ടിക്കാനും , മണ്ണിനെയും മനുഷ്യനെയും ബാധിക്കുന്ന ഘടകങ്ങളെ മനസ്സിലാക്കി അവയെ പ്രതിരോധിക്കാനും പ്രചോദനം നല്കുന്ന ഈ നോവൽ തീർച്ചയായും കുട്ടികൾക്ക് അവശ്യം സമ്മാനിക്കേണ്ട ഒന്നാണെന്ന കാര്യത്തിൽ ആരും തർക്കിക്കുമെന്നു കരുതുക വയ്യ. എങ്ങനെ ആരോഗ്യമുള്ള ഒരു ജനതയെ സൃഷ്ടിക്കാം എന്നതാണ് കുട്ടികൾ ആദ്യം അറിയേണ്ടത് എന്ന സാമാന്യ തത്വം പറഞ്ഞു കൊടുക്കുന്ന എഴുത്തുകാരി, വളരെ രസാവഹമായിത്തന്നെ നുറുങ്ങു തമാശകളിലൂടെ കുട്ടികളെ ആനന്ദിപ്പിക്കുകയും വായനയെ മുഷിവില്ലാതെ തുടരാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഇനിയും കൂടുതൽ ബാലസാഹിത്യങ്ങൾ ലഭ്യമാകും ഈ എഴുത്തുകാരിയിൽ നിന്നും എന്ന ശുഭപ്രതീക്ഷകൾ നില നിർത്തിക്കൊണ്ട് ആശംസകളോടെ ബി.ജി.എൻ വർക്കല
Sunday, November 18, 2018
നാരകങ്ങളുടെ ഉപമ ,......ഇ. സന്തോഷ് കുമാർ
നാരകങ്ങളുടെ ഉപമ (കഥ)
ഇ സന്തോഷ്കുമാര്‍
മാതൃഭൂമി വാരിക
“ സ്വപ്നങ്ങളെ ഉടക്കാതെത്തന്നെ ഒരാളുടെ ഉറക്കത്തിലൂടെ പതിയെ നടന്നു പോകുന്ന പണി . അതേ സമയം അവരുടെ സ്വപ്നങ്ങള്‍ മാറാലകളെപ്പോലെ നിങ്ങളുടെ ദേഹത്ത് പറ്റുകയുമരുത്. അത് സൂക്ഷിക്കണം”
കഥകള്‍ വായിക്കുന്നത് ഒരു സുഖമാണ് എന്ന് തോന്നിപ്പിക്കുക "കഥകള്‍ " വായിക്കുമ്പോള്‍ ആണ് എന്നല്ലേ. പ്രിയ സ്നേഹിതന്‍ ഇന്നലെ മാതൃഭൂമിയിലെ ഇ. സന്തോഷ്കുമാറിന്റെ കഥ വായിക്കാന്‍ പറഞ്ഞു . "നാരകങ്ങളുടെ ഉപമ " ഡ്യൂട്ടിയില്‍ ആയിരുന്നതിനാല്‍ വൈകിട്ട് വായിക്കാം എന്ന് കരുതി . അപ്പോഴാണ് മറ്റൊരു സ്നേഹിത അതേ കഥയുടെ രസം നുണയുന്ന സ്റ്റാറ്റസ് ഇട്ടത്. തികഞ്ഞ ആകാംഷയോടെ ആ കഥ വായിച്ചു .
ശരിയാണ് എന്ത് രസം കഥ വായിക്കുമ്പോള്‍ എന്ന് അനുഭവപ്പെട്ടു . ഓറഞ്ചു നീരു തമാനിയുടെ ആറാം വിരലിലൂടെ ഇറ്റിറ്റു വീഴുന്നതും , ഭൂമിക്കടിയിലെ മണ്‍ഭരണിയില്‍ ആറാം വിരല്‍ ഉള്ളൊരു മനുഷ്യന്‍ ഏകനായി അടക്കപ്പെട്ടതും അതേ ഭാവത്തോടെ, സാന്ദ്രതയോടെ വായിക്കാനും അനുഭവിക്കാനും കഴിഞ്ഞു . കഥയുടെ പറച്ചില്‍ ശൈലിയാണ് ഏറെ ഇഷ്ടമായത് . അതിനാല്‍ തന്നെ ഒറ്റ ഇരുപ്പില്‍ അത് വായിച്ചു എന്ന് പറഞ്ഞാല്‍ അതിനു അതിശയോക്തിയില്ല.
ഈ കഥ വായിച്ചപ്പോഴും അതിനെക്കുറിച്ചൊരു ചര്‍ച്ച ഞാന്‍ പതിവുപോലെ ആഗ്രഹിച്ചില്ല. എന്നാല്‍ വ്യത്യസ്തമായ ഒരു ചര്‍ച്ച എനിക്ക് സ്നേഹിതനുമായി നടത്തേണ്ടി വന്നപ്പോള്‍ അതിനെക്കുറിച്ച് എഴുതാം എന്ന് ഞാനും കരുതുന്നു . ഈ കഥ വായിച്ചവര്‍ ഉണ്ടെങ്കില്‍ അവരവരുടെ വായനയുടെ അനുഭവം താഴെ പറയും എന്ന് ആഗ്രഹിച്ചുകൊണ്ട് ഞാന്‍ വായിച്ചതെന്ത് എന്ന് പറഞ്ഞു വയ്ക്കുന്നു .
ഓരോ യാത്രയും ഓരോ അനുഭവം ആണ് . അത്തരം യാത്രകളില്‍ നമുക്ക് പലപ്പോഴും പല തരത്തിലുള്ള ആള്‍ക്കാരെ കാണാന്‍ കഴിയുന്നത്. ഈ കഥയിലെ യാത്രക്കാരന്റെ യാത്ര ജീവിതമെന്ന ചെങ്കുത്തായമല കയറ്റത്തിലാണ് . യാത്രയുടെ ആ സുഖം , അതിന്റെ ബുദ്ധിമുട്ടുകള്‍ അയാള്‍ ശരിക്കും ആസ്വദിക്കുകയും ചെയ്യുന്നുണ്ട് . അയാളുടെ യാത്രയുടെ ലക്‌ഷ്യം എന്താകും എന്നതിന് ഉത്തരമാണ് യാത്രയില്‍ അയാളുടെ ഗന്ധവാഹികള്‍ ആവാഹിച്ചെടുക്കുന്ന ഓറഞ്ചു മണം . അതിന്റെ കാഴ്ച ഇരുള്‍ എന്ന അയാളുടെ അജ്ഞാനം മാറിവരുമ്പോള്‍ കാണാന്‍ കഴിയുന്നതോ ആറു വിരലുകള്‍ ഉള്ള തന്റെ കൂടെ യാത്ര ചെയ്യുന്ന മനുഷ്യനിലാണ് .
തമാന ഒരു സാധാരണക്കാരനും ജീവിതത്തിന്റെ അവസാന സ്ലോട്ടില്‍ എത്തി നില്‍ക്കുന്ന സാത്വികനും ആണ് . അയാളിലൂടെ യാത്രക്കാരന്‍ സത്യത്തിന്റെ ഓറഞ്ചു ബീജം ശേഖരിക്കുന്നു . ആ ബീജം അയാള്‍ തന്റെ മനസ്സില്‍ നട്ടു വളര്‍ത്തുകയും അത് കാലങ്ങള്‍ എടുത്തു വളരെ സാവകാശത്തിലെങ്കിലും അയാള്‍ക്ക് ഓറഞ്ചു സമ്മാനിക്കുന്നിടത്തു കഥ തീരുന്നു .
തമാന എന്ന മനുഷ്യന്‍ തന്റെ അനുഭവങ്ങള്‍ വിവരിക്കുന്നത് ഒരു പര്യവേഷകന്‍ എന്ന നിലയിലാണ് അയാളുടെ ആറാം വിരൽ അയാളിലെ നാസ്തിക ചിന്തയാണ്. ആ നാസ്തികത സാധാരണക്കാരന് ഒരിക്കലും അംഗീകരിക്കപ്പെടാനാവാത്ത ഒരു വസ്തുതയാണ്. അശ്ലീലമായ ഒന്ന്. . കുഴിച്ചു കുഴിച്ചു കണ്ടെത്തുന്ന സത്യങ്ങളുടെ വേരുകള്‍, അയാളെ ഒരു യുക്തിവാദി ആയി മനസ്സിലാക്കാന്‍ സഹായിക്കുന്നുണ്ട്. . തന്റെ ജീവിതത്തില്‍ മുഴുവന്‍ അയാള്‍ ശ്രമിക്കുന്നത് യാതാർത്ഥ്യങ്ങള്‍ കണ്ടെത്താന്‍ ആണ് . ആ യാത്രകള്‍ അയാളെ കൊണ്ടെത്തിക്കുന്നത് ഒടുവില്‍ തന്നില്‍ തന്നെയാണ് . അത് നീ തന്നെയാണ് എന്ന ചിന്തയിലേക്ക് അറിവിലേക്ക് അയാളെ കൊണ്ടെത്തിക്കുന്നു . അയാള്‍ അത് തിരിച്ചറിയുന്നത് യുക്തിവാദം അയാളെ ലോകത്ത് ഒറ്റപ്പെടുത്തുകയും ആരും അറിയാത്ത ഒരു ലോകത്ത് അയാളെ ഏകനായി കുഴിച്ചു മൂടപ്പെടുകയും ചെയ്യുന്നു എന്നിടത്താണ്..
ഈ തിരിച്ചറിവ് ആണ് അയാളില്‍ ആത്മീയത തിരികെ കൊണ്ട് വരുന്നത് . ഓറഞ്ചു ഇവിടെ സനാതന ധര്‍മ്മങ്ങളുടെ ആത്മീയകാഴ്ചപ്പാട് ആണ് സൂചിപ്പിക്കുന്നത്. തിരിച്ചറിവിൽ നിന്നാണ് നാസ്തിക ചിന്തയുടെ ആറാം വിരലിലൂടെ ആത്മീയതയുടെ ഓറഞ്ചു നീര് ഒലിച്ചിറങ്ങുന്നതും. അതിനാല്‍ തന്നെ നാസ്ഥികതയില്‍ നിന്നും ആസ്തികതയിലെക്ക് എത്തുന്ന അവസ്ഥയാണ് അയാള്‍ക്ക് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നു. ഈ രൂപമാറ്റം ആധുനിക ആത്മീയതയുടെ രൂപപരിണാമവും വ്യാഖ്യാന ചതുരതയും സൂചിപ്പിക്കുന്നു. ഈ ഒരു തിരിച്ചറിവാണ് അയാള്‍ ആ യാത്രക്കാരന് നല്‍കുന്നത് . തന്റെ ജീവിതത്തിന്റെ കാഴ്ചപ്പാടുകളില്‍ എങ്ങും അയാള്‍ക്ക് ലഭിക്കാതിരുന്ന ഒരു ശാന്തിയും സന്തോഷവും ആ ഓറഞ്ചു ചെടി കായ്ച്ചു നല്കുന്ന കനിയിലൂടെ അയാള്‍ അനുഭവിക്കുന്നു . മറ്റുള്ളവര്‍ കളിയാക്കിയപ്പോഴും അയാള്‍ ആ കാഴ്ചപ്പാടിലേക്ക് തന്നെ സഞ്ചരിക്കുകയും അതില്‍ പൂര്‍ണ്ണന്‍ ആകുകയും ചെയ്യുന്നു എന്ന് കഥാകാരന്‍ പറഞ്ഞു വയ്ക്കുന്നു .
നാസ്തികതയില്‍ നിന്നും എന്നുമൊരു തിരിച്ചുവരവ് ആസ്തികതയിലേക്ക് ഉണ്ടാകുമെന്ന അബദ്ധപൂര്‍ണ്ണമായ പൊതു ബോധമാണ് ഈ കഥയുടെ സാരമായി എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഈ ഒരു തലത്തില്‍ നിന്നുകൊണ്ട് ഞാന്‍ ഈ കഥ വായിച്ചു തീര്‍ത്തത്. കഥയുടെ സന്ദേശം എനിക്ക് യോജിക്കാന്‍ കഴിഞ്ഞില്ല എങ്കിലും കഥയുടെ കഥന രീതിയും അതിലെ സങ്കേതങ്ങളും വളരെ ഇഷ്ടമായ ഒരു വസ്തുതയാണ് . അതിനാലാണ് ഈ കഥയെ ക്കുറിച്ച് എഴുതണം എന്ന് തോന്നിയതും .
ആശംസകളോടെ ബി.ജി. എന്‍ വര്‍ക്കല .
Friday, November 16, 2018
മല ചവിട്ടാൻ മങ്കയ്ക്കുമാവും
ഒരു പെണ്ണിന്റെ മുന്നില്‍ ഭയന്ന് തോറ്റ് നില്‍ക്കുന്ന സംഘപരിവാറും അവര്‍ ഇളക്കിവിടുന്ന ഭക്തര്‍ എന്ന ലേബലിലെ ടെററിസ്റ്റുകളും.
കേരളം ലജ്ജിക്കുന്ന പതിമൂന്നു മണിക്കൂറുകള്‍ ആയിരുന്നു കടന്നുപോയത്. ഒരു പ്രമുഖ ദൈവത്തിന്റെ ബ്രഹ്മചര്യം സംരക്ഷിക്കാന്‍ വേണ്ടി കുറച്ചു സാമൂഹ്യവിരുദ്ധര്‍ സംസ്കാരസംരക്ഷണം എന്ന കപട ലേബലില്‍ ഒരു പെണ്ണിനെ ഭയന്ന്, അവളെ പുറത്തു വരാന്‍ സമ്മതിക്കാതെ തടഞ്ഞു വച്ച് കൊണ്ട് നിയമത്തെ കൈയ്യിലെടുത്ത പതിമൂന്നു മണിക്കൂറുകള്‍. ഇത് രൂപം നല്കിയതും അതിനെ നിയന്ത്രിച്ചതും ബി ജെ പി കേരള ഘടകം ആയിരുന്നു . അവര്‍ കാണിച്ച ഇരട്ട മുഖം കൂടി ഇതില്‍ വ്യക്തമായിരുന്നു . ഞങ്ങള്‍ ഇവിടെ വന്നത് ഭക്തര്‍ക്ക് പിന്തുണ കൊടുക്കാന്‍ വേണ്ടിയാണ് . ഞങ്ങള്‍ എന്ത് വിലകൊടുത്തും തൃപ്തിയെ തടയും എന്നൊക്കെ അവര്‍ അത് പറയുമ്പോള്‍ ആരാണ് ആ ഭക്തരെന്ന പേരില്‍ കുറച്ചു തീവ്രവാദികളെ അവിടെ അണിനിരത്തിയതെന്നു ജനങ്ങള്‍ക്ക് ബോധ്യമാകുന്നു . ഇവിടെ മലയാളി എന്ന നിലയില്‍ ലജ്ജ തോന്നേണ്ട കാര്യം തന്നെയാണ് നടന്നത് . പക്ഷെ ലജ്ജ എന്നത് എന്ത് എന്തിനു എന്നറിയാത്ത ജനങ്ങള്‍ ആണ് നാം എന്നതിന് ഒരിക്കല്‍ കൂടി അടിവരയിടുകയാണ് .
കോണ്ഗ്രസ്സിന്റെയും ബി. ജെ പി യുടെയും അജണ്ടകള്‍ അനുസരിച്ച് ഒരു പ്രക്ഷോഭവും കുറച്ചു ജീവനും അവര്‍ക്ക് വേണം . അത് ഇടതു പക്ഷ സര്‍ക്കാരിന്റെ ചുമലില്‍ ആകുകയും വേണം . ഈ ചുമട് ഒഴിവാക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്യുന്നു . ഈ രാഷ്ട്രീയ കളികള്‍ക്കിടയില്‍ സംഭവിക്കുന്നത് മനുഷ്യത്വപരമായ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് . സ്ത്രീയെ മാനിക്കാത്ത ഒരു സമൂഹമാണ് ഞങ്ങള്‍ എന്ന് സ്ത്രീകള്‍ അടക്കം അംഗീകരിക്കുന്ന ഈ സമൂഹത്തില്‍ തന്നെയാണ് ഞാനും ജീവിക്കുന്നത് എന്നതാണ് എന്നെ ലജ്ജിപ്പിക്കുന്നത്.
ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ കരുതുന്നത് ആണ്‍ പെണ്‍ വ്യത്യാസം ഇല്ലാതെ എല്ലാവര്ക്കും ഈ സമൂഹത്തില്‍ എല്ലാ അവകാശങ്ങളും അനുഭവിക്കാന്‍ കഴിയണം എന്നാണു . അതിനു വിഘാതം നില്‍ക്കുന്നത് മനുഷ്യത്വം അല്ല എന്ന് ഞാന്‍ കരുതുന്നു. ഞാന്‍ ഒരു വിശ്വാസി അല്ല. അതുകൊണ്ട് തന്നെ ശബരിമല എന്നെ ഭ്രമിപ്പിക്കുന്നില്ല. അവിടെ പോകണം എന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് പോകണം എന്ന് തോന്നിയ കാലത്ത് ഞാന്‍ അവിടെ പോയിരുന്നു . എനിക്കറിയേണ്ടതും കാണേണ്ടതും ഞാന്‍ കാണുകയും മനസ്സിലാക്കുകയും ചെയ്തു. പിന്നെ അങ്ങോട്ട് പോകണം എന്ന് തോന്നിയിട്ടില്ല. അത് മനസ്സിലാക്കാന്‍ ആരെങ്കിലും പറഞ്ഞു തരുന്നതില്‍ അല്ല നേരില്‍ കാണുന്നതില്‍ ആണ് കാര്യം എന്ന് ഞാന്‍ കരുതുന്നതിനാല്‍ തന്നെയാണ് പോയത് . കേരളത്തിലെ പല ക്ഷേത്രങ്ങളിലും ഒരു അവിശ്വാസി എന്ന നിലയില്‍ തന്നെ ഞാന്‍ പോയിട്ടുണ്ട്. ഒരു തരത്തിലുള്ള വിശ്വാസപരമായ കീഴ്വഴക്കങ്ങളും പിന്തുടരാതെ തന്നെയാണ് ഞാനവിടെയൊക്കെ പോയിട്ടുള്ളതും . എന്നാല്‍ വിശ്വാസം ഉള്ളവര്‍ എനിക്കും നേരില്‍ തൊഴാന്‍ ഒരു അവസരം വേണം എന്ന് പറഞ്ഞാല്‍ അവര്‍ക്ക് അതിനുള്ള അവകാശം ലഭിക്കുന്നില്ല എന്നതില്‍ പരം അവകാശ നിഷേധം മറ്റൊന്നില്ല.
ഇവിടെ ഭക്തര്‍ എന്ന് സ്വയം പ്രഖ്യാപിക്കുന്നവര്‍ പ്രചരിപ്പിക്കുന്ന പ്രധാനപ്പെട്ട ചില കളവുകള്‍ പറയാം . *മല ചവിട്ടാന്‍ വരുന്നവര്‍ അവരുടെ ഇരുമുടിക്കെട്ടില്‍ സാനിട്ടറി പാഡ് കൊണ്ടുവരും.
*ആര്‍ത്തവ സമയത്ത് മല ചവിട്ടും .
*നാല്‍പത്തിയൊന്നു ദിവസം നോയമ്പ് എടുക്കാന്‍ അവര്‍ക്ക് ആര്‍ത്തവം മൂലം കഴിയില്ല.
*അവര്‍ ആക്ടിവിസ്റ്റ് ആണ് .
വിശ്വാസത്തോടെ ദൈവത്തെ കാണാന്‍ വരുന്ന സാധാരണക്കാരായ ഭക്തകള്‍ ആര്‍ത്തവ സമയത്തോ, സാനിട്ടറി പാഡുമായോ മലയിലേക്കു വരികയില്ല എന്നത് വ്യക്തമായ കാര്യമാണ് . അത് അവരുടെ മനസ്സില്‍ അടിയുറച്ചു പോയ വിശ്വാസം ആണ് ഞാന്‍ മലിനയാണ് ആ ദിനങ്ങളില്‍ അതിനാല്‍ ക്ഷേത്രപ്രവേശനം ചെയ്യില്ലന്ന്. അതുകൊണ്ട് തന്നെ ആ ദിവസങ്ങളില്‍ അവര്‍ വരില്ല അല്ലാത്ത സമയത്താകും വരിക എന്നത് വ്യക്തമാണ്. നാല്പത്തിയൊന്നു ദിവസത്തെ നോയമ്പ് എടുക്കാന്‍ കഴിയാത്തത് ഒരു കുറ്റം ആയി കാണുന്നവര്‍ ശബരിമലയില്‍ എത്ര പേര്‍ ആണ് അത്ര നോയമ്പ് എടുത്തു വരുന്നത് എന്ന് കൂടി മനസ്സിലാക്കണം. ആയിരത്തില്‍ നൂറു പേര്‍ ആകാം ഒരു പക്ഷെ ഈ പറയുന്ന നോയമ്പ് എടുത്തു വരുന്നത് എന്ന് അവിടെ പോകുന്നവര്‍ക്ക് തന്നെ അറിയാവുന്ന കാര്യം ആകുമ്പോള്‍ സ്ത്രീക്ക് മാത്രം അങ്ങനെ ഒരു നിബന്ധനയുടെ ആവശ്യം എന്തിനാണ്? ആക്ടിവിസ്റ്റുകള്‍ എന്തെ ഭക്തര്‍ അല്ലെ? അഥവാ അല്ലെങ്കില്‍ അവര്‍ ക്ഷേത്ര പ്രവേശനം ചെയ്യരുത് എന്ന് ആരാണ് തീരുമാനിക്കുന്നത്. തന്റെ മുന്നില്‍ വരുന്നത് ആരെന്നു നിശ്ചയിക്കേണ്ടത് ദൈവമോ മനുഷ്യരോ എന്നത് ഓരോരുത്തരും ചിന്തിക്കേണ്ട കാര്യം ആണ് .
ഇന്ന് ഒരു സ്ത്രീയെ വിമാനത്താവളത്തില്‍ തടഞ്ഞിട്ടവരും , അവര്‍ക്ക് യാത്രയ്ക്ക് വാഹനം നിഷേധിച്ചവരും അവരെ താമസിപ്പിക്കാന്‍ ഹോട്ടലുകള്‍ തയ്യാറാകാതിരുന്നതും മലയാളിയുടെ കേവലമായ മനസ്സില്‍ നിന്നും ഉണ്ടായ ഒരു വെറും ചിന്തയല്ല. ഇവിടെയെങ്ങും മാനവ സ്നേഹം വിളമ്പുന്ന ഓരോ മലയാളിയും ഇങ്ങനെയാണ് ചിന്തിക്കുന്നത്. സ്ത്രീ എന്നാല്‍ തനിക്കു കാലകത്തി കിടന്നു തരാന്‍ ഉള്ള ഒരു ടൂള്‍ മാത്രമാണ് എന്ന് . ഇവിടെ അതിനെ അംഗീകരിക്കുകയും അവര്‍ക്ക് ജയ് വിളിക്കുകയും ചെയ്ത ഓരോ സ്ത്രീയും സമ്മതിച്ചതും ആ കാലകത്തല്‍ കടമ തങ്ങളുടെ ജന്മാവകാശം ആണ് എന്ന് തന്നെയാണ് . അതിനപ്പുറം അവര്‍ക്കൊരു ആകാശമില്ല എന്നത് അവരുടെ മനസ്സില്‍ അവര്‍ തന്നെ തീരുമാനിച്ചിട്ടുണ്ട് . പുരുഷന്‍ പറയുന്ന എന്തും വേദവാക്യമാണെന്നും അവന്‍ നിശ്ചയിക്കുന്നതാണ് നിയമം എന്നും ആ സ്ത്രീകള്‍ സ്വയമേവ സമ്മതിക്കുന്നു. അതിനാല്‍ തന്നെ അവര്‍ ക്ഷേത്ര പ്രവേശനം ആഗ്രഹിക്കുന്ന സ്ത്രീകളെ വേശ്യകളും , തന്റേടികളും, അരാജകവാദികളും ആയി കാണുന്നു .
സ്വന്തം ശരീരത്തിന്റെ സ്വാതന്ത്ര്യം പോലും കൈയ്യില്‍ ഇല്ലായിരുന്ന കുലസ്ത്രീകള്‍ , ഇന്ന് മേല്‍ പറഞ്ഞ വേശ്യകള്‍ തന്റെടികള്‍ അരാജകവാദികള്‍ എന്നൊക്കെ വിശേഷിപ്പിച്ച സ്ത്രീകള്‍ നടത്തിയ സമരങ്ങളുടെ , പ്രതിരോധങ്ങളുടെ ഒക്കെ ഗുണം കൊണ്ടാണ് , അവര്‍ കൊണ്ട ആക്രമണങ്ങളുടെയും വേദനകളുടെയും ഫലം ആണ് ആസ്വദിക്കുന്നത് എന്നറിയുന്നില്ല. ദൈവത്തിന്റെ മുന്നിലും ഉയര്‍ന്ന വര്‍ഗ്ഗ (ബ്രാഹ്മണന്‍, ക്ഷത്രിയന്‍) ക്കാരുടെ മുന്നിലും നെഞ്ചു മറക്കാന്‍ അവകാശം ഇല്ലായിരുന്ന കാലത്തെ അവര്‍ ഇനി ഒരിക്കലും തിരികെ വരാന്‍ ആഗ്രഹിക്കില്ല. കാരണം അത് അനാചാരം ആണിവര്‍ക്ക് ഇന്ന് . അന്ന് അത് അനാചാരം ആണെന്ന് കരുതുകയും പിന്തുടരുകയും അതിനെ എതിര്‍ത്തവരെ മേല്‍ പറഞ്ഞ വിശേഷണങ്ങള്‍ ചാര്‍ത്തുകയും ചെയ്തവര്‍ ആയിരുന്നു കുലസ്ത്രീകള്‍ . ബ്ലൌസ് ധരിച്ചതിന് അമ്മായിയമ്മ മടല് വെട്ടി അടിച്ചതും അത് വലിച്ചു കീറി കത്തിച്ചതും നാം ഇന്ന് തെറ്റായി കാണുന്നു.. റാണിയുടെ മുന്നില്‍ മാറ് മറച്ചു ചെന്ന നായര്‍ സ്ത്രീയുടെ മുലകള്‍ തല്‍ക്ഷണം അരിഞ്ഞിട്ടത് തിരുവിതാംകൂറില്‍ ആണ് . നങ്ങേലിയുടെ മുല മുറിച്ച കഥ മാത്രം കേട്ടവര്‍ മനപ്പൂര്‍വ്വം മറന്ന കഥകള്‍ ആണിവ. അരക്കെട്ട് തകര്‍ന്നു മരിച്ച പെണ്‍കുട്ടികളുടെ ജീവന് സുരക്ഷ ലഭിക്കാന്‍ വേണ്ടിയാണ് നമ്മുടെ സ്ത്രീകളുടെ വിവാഹക്കാലം ഒന്‍പതു വയസ്സും പിന്നെ കൂടി കൂടി പതിനെട്ടും ആയത് അവയൊക്കെ പരിഷ്കാരം ആയിരുന്നു . ഒന്‍പതു വയസ്സിനു താഴെയും പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കുന്ന കാലം ഉണ്ടായിരുന്നു ശൂദ്രര്‍ക്ക് ഇടയില്‍ എന്ന് കണ്ട തിരുവിതാകൂര്‍ രാജാവ് ഒന്‍പത വയസ്സ് വിവാഹപ്രായമായി ഉയര്‍ത്തിയത് പതിനെട്ടാം നൂറ്റാണ്ടില്‍ ആയിരുന്നു . അന്നത്തെ ശൂദ്രന്‍ നായര്‍ എന്ന് 1914നു ശേഷം അറിയപ്പെട്ട ജാതിക്കാര്‍ ആയിരുന്നു . അവയും ചരിത്രത്തില്‍ നിന്നും മറക്കാന്‍ ആഗ്രഹിക്കുന്നവ ആണല്ലോ. ആ സന്തോഷവും സുഖവും ലഭിച്ച കുല സ്ത്രീകള്‍ പഴയ ആചാരങ്ങളിലേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കില്ല കാരണം അവര്‍ക്കത് അനാചാരം ആണ് ഇന്ന് .
ഈ ഒരു അവസ്ഥയില്‍ നിന്നുകൊണ്ട് ചിന്തിക്കുക . നിങ്ങള്‍ ഇന്ന് അനാചാരം ആയി കണ്ടു തടയുന്ന ബിന്ദു കല്യാണിയും ലിബിയും തൃപ്തിയും ഒക്കെ നാളെയുടെ ചരിത്രത്തില്‍ അറിയപ്പെടുക ഇത്തരം അറിയാത്ത മനുഷ്യര്‍ ആയി മാത്രമാകും .പക്ഷെ അന്നവര്‍ ഇന്ന് നിങ്ങള്‍ എന്തിനോടൊക്കെ നന്ദി കാട്ടുന്നോ അതെ നന്ദി പ്രകടിപ്പിക്കും ഈ പേരുകള്‍ നിങ്ങള്‍ വിളിച്ചതൊക്കെ അവര്‍ സൃഷ്ടിക്കാന്‍ പോകുന്ന ചരിത്രത്തിന്റെ വിശേഷണങ്ങള്‍ ആയി നില്‍ക്കും .
പുരുഷന്മാരായ ഈ സാമൂഹ്യവിരുദ്ധരെ ഞാന്‍ ഇവിടെ കണക്കാക്കുന്നില്ല . അവര്‍ക്ക് കഴിയുന്നത് തെറി വിളിക്കാനും തല്ലാനും ജീവനെടുക്കാനും മാത്രമാണ് . അവരുടെ കൈയ്യില്‍ ഉത്തരങ്ങള്‍ ഇല്ല. പക്ഷെ ഈ വര്‍ഗ്ഗീയ വാദികളുടെ , തീവ്രവാദികളുടെ നാവാകുന്ന സ്ത്രീകളെ , നിങ്ങളെ ഞാന്‍ വെറുക്കുന്നു .നിങ്ങളുടെ ദയനീയതയും , അറിവില്ലായ്മയും ഓര്‍ത്ത് ഞാന്‍ സഹതപിക്കുന്നു . ഘോരഘോരം നിങ്ങള്‍ എഴുതുന്ന കുറിപ്പുകള്‍ കണ്ടു എനിക്ക് ഓര്‍ക്കാനം വരുന്നുണ്ട് . സ്വന്തം അസ്ഥിത്വം അറിയാത്ത നിങ്ങളെ ഞാന്‍ സ്ത്രീകള്‍ എന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്നില്ല . പരമ്പരാഗത അടിമകള്‍ ആണ് നിങ്ങള്‍ . നിങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് മോചനം ഇല്ല.
നിങ്ങളുടെ ജീവിതം ഈ പുരുഷന്മാരുടെ കാല്‍ക്കീഴില്‍ ഞെരിയാന്‍ മാത്രമുള്ളതാണ് . അവന്റെ ബീജം വഹിച്ചു, അവന്റെ കുഞ്ഞിനെ പെറ്റ് , അവനു വേണ്ടി അടിമയായി ജീവിച്ചു മരിക്കേണ്ടവര്‍. നിങ്ങളില്‍ ഒരാള്‍ പോലും നാളെ എന്റെ ഇന്ബോക്സിലോ പോസ്റ്റുകളിലോ നീതിക്ക് വേണ്ടി അപേക്ഷിക്കുകയോ പങ്കുവയ്ക്കാന്‍ പറയുകയോ അരുത് . കാരണം അത് നിങ്ങള്‍ അംഗീകരിച്ചു കൊടുത്ത ഒരു വസ്തുവാണ് . നിങ്ങളുടെ അവകാശം എന്ന നിലയില്‍. നാളെ ഒരു സ്ത്രീയെയും ഈ പുരുഷന്മാര്‍ ഉപദ്രവിച്ചു എന്ന് പറഞ്ഞു നിങ്ങള്‍ ശബ്ദം ഉയര്‍ത്തരുത്. അവന്‍ പറയുന്നിടത്ത് , അവന്‍ ആവശ്യപ്പെടുന്നിടത്തു അവനു കീഴടങ്ങുവാന്‍ മാത്രം അവകാശം ഉണ്ടെന്നു കരുതുകയും അവന്‍ ആണ് ശരിയെന്നു കരുതുകയും ചെയ്യുന്നവര്‍ ആണ് നിങ്ങള്‍ . നിങ്ങളില്‍ നിന്നും ഒന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നില്ല.
ബി.ജി.എന്‍ വര്‍ക്കല