Saturday, March 29, 2014

നീറുന്നൊരു ഓര്‍മ്മയാണ് ജീവിതമെങ്കില്‍



ജീവിതം കോറിയിട്ട
ചില നേരമ്പോക്കുകള്‍
നിനക്കും എനിക്കും
മറന്നുപോകാതെ കാത്തുവയ്ക്കാന്‍.

നേരിന്റെ നീറ്റല്‍
കണ്ണിമകളെ നനയ്ക്കുമ്പോഴും
കരയുകയല്ലെന്നു നടിക്കുന്ന
കാലമേ
നിനക്ക് കാവലാകുന്നു
ഇന്നിലെ ഞാനെന്ന കവി .

മുള്‍മുനകള്‍
കുത്തിനോവിക്കുന്ന
സായന്തനങ്ങളുടെ ചെഞ്ചുവപ്പില്‍
നിന്‍റെ അധരങ്ങള്‍
പൂത്തു വിടരുന്നതറിയുമ്പോള്‍
നാവേറു പാടുന്ന
നാഗത്തറകളില്‍
കാലം മുടിയഴിച്ചാര്‍ക്കുന്നു .

ചിതല്‍ തിന്നു പോകുന്ന
ഓര്‍മ്മകള്‍ക്ക് മേലെ
ഇന്ന് ഞാനൊരു കരിമ്പടം പുതയ്ക്കുന്നു .
കുളിരിന്റെ കാവ്യം പോലെ
നിന്‍റെ മിഴികള്‍ പിടയ്ക്കുന്നു
വേദനകളുടെ അടിക്കാടുകള്‍
തീപിടിച്ചുലയുന്നതറിയുമ്പോഴും
നമുക്ക് ചിരിക്കാന്‍ കഴിയണം.

മുഖങ്ങള്‍ മറയ്ക്കുമ്പോള്‍
തുറന്നിടുക നിന്‍റെ മാറിടം
നഖക്ഷതങ്ങള്‍ കരിനീലിച്ച
സ്ത്രൈണ കാവ്യം .
നിന്‍റെ സ്തന്യവേഗങ്ങളെ
ഞാനൊന്നു മുകരട്ടെ .

നാളെയുടെ കാവ്യസരസ്സില്‍
നമ്മുടെ പ്രണയവും
പൂവിടട്ടെ
കൊഴിയാന്‍ മടിച്ചു
പറയാന്‍ മടിച്ചു
പെയ്യാന്‍ മടിച്ചു
നമ്മള്‍ ഒന്നാകാന്‍ കൊതിച്ചു
പുഴപോലെയനസ്യൂതമൊഴുകട്ടെ.
-------------ബി ജി എന്‍ -----

Friday, March 14, 2014

നമ്മള്‍ പറയാന്‍ മറന്നത്


എന്റെ കാഴ്ച്കള്‍ക്കപ്പുറത്ത്
നീ തേടുന്ന നോവുണ്ട്
നിന്നെ അറിയുന്ന നേരുണ്ട്
ഞങ്ങള്‍ കാണുന്ന കനവുണ്ട്
നിന്നെ മറക്കാത്ത എന്റെ മനസ്സും
ഇവിടെവിടെയോ ഇന്ന് സുഭദ്രമാണ് .
നീ തേടുന്ന ജ്വീവിതം പോലെ
എന്റെ മരണവും
ഒരു മിഥ്യയാണ്
ഒരു സമസ്യ ...!
നമുക്കന്യോന്യം വെളിപ്പെടുത്താന്‍
കഴിയാത്ത ചില നേരുകള്‍
ഉറഞ്ഞു കിടക്കുന്നു
നിനക്കും എനിക്കുമിടയില്‍ .
കാലമാ കടലാസിന്റെ തോണി
ഇറക്കി കളിക്കുമ്പോള്‍
നാമറിയാതെ മുങ്ങി പോകുന്ന ചിലതുണ്ട്
നിന്നെ സ്നേഹിക്കനാകാതെ പോകുന്ന
എന്‍റെ  ഓര്‍മ്മകള്‍
മൃതിയുടെ കരങ്ങളില്‍
തണുത്തുറയുന്നത് പോലെ ......!
--------------ബി ജി എന്‍

Thursday, March 13, 2014

അടിമജീവിതം



ഒരടിമയ്ക്കും തന്‍റെ
യജമാനനെ സ്നേഹിക്കാനാകില്ല
ഓരോ അടിമയുടെ ഉള്ളിലും
ഉറങ്ങിക്കിടക്കുന്നുണ്ട്
കുതറിമാറാനുള്ള ത്വര .
വലിച്ചെറിയാനൊരുടുവസ്ത്രം
ഓരോ അടിമയും സൂക്ഷിക്കുന്നു .
പ്രതികരിക്കാനൊരു പഴുത്
മുറിവേറ്റ മനസ്സില്‍ നിന്നും
നോവിന്റെ ഗീതകം .
ഒരിക്കലെങ്കിലും
യജമാനനാകാന്‍ ഉള്ള തൃഷ്ണ
അടിച്ചമര്‍ത്തപ്പെടുന്ന
വേദനയറിയണമെങ്കില്‍
നിങ്ങളോരുഅടിമയായെ പറ്റൂ .
(വിമാനത്തില്‍ യാത്രയുടെ മുഴുവന്‍ ശ്രദ്ധയും കവര്‍ന്ന (12 years of slave) നല്‍കിയ ആകാശക്കവിത .)

Sunday, March 9, 2014

പ്രണയ നിമിഷങ്ങള്‍


കണ്ണൊന്നടയ്ക്കുകില്‍ കാമിനീ എന്നുടെ
ഓര്‍മ്മയില്‍ നീയൊരു തണ്ടൊടിഞ്ഞ താമര
ചെമ്മേയെടുത്തെന്റെ മാറിലേക്കിട്ടെങ്കില്‍
പൊന്‍താരകങ്ങള്‍ നാണിച്ചു കണ്ണടച്ചീടും .

പട്ടുപോല്‍ മൃദുലമാം കേശഭാരമഴിഞ്ഞെന്‍
കണ്ണുകള്‍ മൂടുന്നു കാര്‍മേഘം പോലെങ്കിലും 
കാച്ചെണ്ണമണമൂറും കാറ്റിന്റെ കയ്യില്‍നിന്നും
പേലവാധരങ്ങള്‍ നല്‍കും മൃദുചുംബനം മധുരം .

പൂവുപോല്‍സ്നിഗ്ദ്ധമാം മാര്‍ക്കുടങ്ങള്‍ തന്‍
താഡനമേറ്റെന്‍ ഉടല്‍കുളിരുമ്പോള്‍ സഖീ ,
ചേര്‍ത്തു പിടിക്കട്ടെ ഞാനൊട്ടുനേരം നിന്നെയീ -
കനവിന്റെ ആഴങ്ങളില്‍ നിന്നുമേറുംവരേയ്ക്കും.
---------------------------------ബി ജി എന്‍ 

Saturday, March 8, 2014

അദ്രിശ്യരായവർ



കൂട്ടുകാരീ
പകിട പന്ത്രണ്ടിന്റെ
ചിലന്തിവലകൾക്കിടയിൽ
ഒരഭൗമ സന്ധ്യയിൽ പരിചിതർ നാം !

നിശബ്ദം , നിർവിഘ്നം
വരികളിലൂടെ നീ തുഴയും യാമങ്ങൾ
അറിയാതെ ,
പറയാതെ എന്നെ വായിപ്പോൾ .

ഒരു പകലിന്റെ വെളിച്ചം പോലും
നമുക്കിടയിൽ തുറന്നു തന്നില്ലെങ്കിലും
നിന്റെ വായനയുടെ
കടൽപ്പരപ്പിൽ
എന്റെ തോന്ന്യാക്ഷരങ്ങൾ
ഒളിഞ്ഞുകിടന്നിരുന്നു .

തിരഞ്ഞെടുക്കലുകളുടെ
കഷ്ടസന്ധ്യകളിൽ
ഭാഗ്യക്കുറിപോലെന്റെ വരികൾ
നിന്നിൽ ആകാംഷ നിരത്തുമ്പോൾ
എന്റെ എഴുത്ത് പൂർണ്ണത തേടുന്നു .

സ്നേഹ സന്തോഷങ്ങൾ തൻ
അക്ഷരമാലകൾ കോർത്തിടട്ടെ
പിന്നെ ,നമുക്കിടയിൽ
വാക്കകുകളാലും വരികളാലും
ഒരൂഷ്മളബന്ധം വിരിയട്ടെ
--------------------ബി ജി എൻ


Thursday, March 6, 2014

പ്രണയത്തിന്റെ മണിമുഴങ്ങുമ്പോൾ



പ്രിയതേ ,
നിന്നരികിലൊരു യാചകനായ്
പ്രണയമിരന്ന പകലുകൾ
സന്ധ്യകൾ
രാവുകളെത്രയോ കടന്നു പോയി .

ഇന്ന്
മൃതിയുടെ തണുത്ത വിരലുകൾ
എന്റെ കോശങ്ങളെ തഴുകുമീ
ഇരുണ്ട രാവിൻ യാമത്തിൽ
അവസാന പ്രജ്ഞയുമകലുമീ
ഇരുട്ടിൽ നീയറിയുന്നുവോ
എന്റെ പ്രണയം ഉന്മത്തമാവുന്നു.

അനുഭൂതികളുടെ തൂവൽ സ്പർശത്താൽ
ചേതന എന്നോട് മന്ത്രിക്കുന്നു
ഓർമ്മകളുടെ  ശവകുടീരത്തിൽ
സുഗന്ധം പരത്താതെ പോകും
ലില്ലിപ്പൂവുകളാണു
ഞാൻ കൈമാറിയൊരു കനവുകളെല്ലാമെന്നു.

പൂർണ്ണമാകാതെ പോകും
പരശതം ജീവിതങ്ങളിൽ
എഴുതിച്ചേർക്കുന്നൊരു നാമം മാത്രമായി
കാലത്തിനു ഞാനെന്നെ
കടം കൊടുക്കുന്നിന്നു . 
--------------- ബി ജി എൻ  

Wednesday, March 5, 2014

പ്രണയ നിമിഷങ്ങള്‍


കണ്ണൊന്നടയ്ക്കുകില്‍ കാമിനീ എന്നുടെ
ഓര്‍മ്മയില്‍ നീയൊരു തണ്ടൊടിഞ്ഞ താമര
ചെമ്മേയെടുത്തെന്റെ മാറിലേക്കിട്ടെങ്കില്‍
പൊന്‍താരകങ്ങള്‍ നാണിച്ചു കണ്ണടച്ചീടും .

പട്ടുപോല്‍ മൃദുലമാം കേശഭാരമഴിഞ്ഞെന്‍
കണ്ണുകള്‍ മൂടുന്നു കാര്‍മേഘം പോലെങ്കിലും 
കാച്ചെണ്ണമണമൂറും കാറ്റിന്റെ കയ്യില്‍നിന്നും
പേലവാധരങ്ങള്‍ നല്‍കും മൃദുചുംബനം മധുരം .

പൂവുപോല്‍സ്നിഗ്ദ്ധമാം മാര്‍ക്കുടങ്ങള്‍ തന്‍
താഡനമേറ്റെന്‍ ഉടല്‍കുളിരുമ്പോള്‍ സഖീ ,
ചേര്‍ത്തു പിടിക്കട്ടെ ഞാനൊട്ടുനേരം നിന്നെയീ -
കനവിന്റെ ആഴങ്ങളില്‍ നിന്നുമേറുംവരേയ്ക്കും.
---------------------------------ബി ജി എന്‍ 

Tuesday, March 4, 2014

കരിയിലകള്‍ പോലെ

സന്ധ്യ എരിഞ്ഞടങ്ങുകയായി .
പകലിന്റെ യാത്ര ,വിരഹം അടിച്ചേല്‍പ്പിച്ച ആകാശ വിതാനത്തിന്റെ ശോണിമയില്‍ ദുഖത്തിന്റെ കാളിമ പടര്‍ന്നു തുടങ്ങി .
നീറുന്ന കുഞ്ഞുതുള്ളികളായി രാവിന്റെ ദുഃഖം പെയ്തിറങ്ങിയത് മണ്ണിന്റെ മാറില്‍ വീണു ചാലിട്ടൊഴുകിതുടങ്ങി . പിന്നെ, അതൊരു ചെറിയ അരുവിപോലെ ഭൂമിയുടെ അന്തരാളങ്ങളിലേക്ക് ഊളിയിട്ടിറങ്ങാന്‍ ഒരിടം തേടി യാത്ര തുടങ്ങി .
നിഗൂഡമായ ഒരാനന്ദത്തോടെ തന്റെ വക്ഷസ്സില്‍ പറ്റിച്ചേര്‍ന്നു ഒഴുകുന്ന കുഞ്ഞരുവിയെ നോക്കി പ്രകൃതി മന്ദഹസിച്ചു .
അവളുടെ നഗ്നമായ മേനിയെ പുളകിതയാക്കിക്കൊണ്ട്  നിര്‍വൃതി തേടി , അജ്ഞാതമായ തീരത്തിലേക്ക് അപ്പോഴും കുഞ്ഞരുവി ഒഴുകിക്കൊണ്ടേയിരുന്നു . പുറകില്‍ ചാലിട്ടൊഴുകി വന്ന അരുവിയിലെ ജലകണികകളെ മെല്ലെ തന്റെ ആത്മാവിലെക്കാവഹിക്കുന്ന മണ്ണിന്റെ വികൃതികള്‍ അറിയാതെ , ശുക്ഷ്കമായ ഒരു പാത തീര്‍ത്തുകൊണ്ട് പാഞ്ഞൊഴുകുന്ന കുഞ്ഞരുവിയെ മെല്ലെ തഴുകി തന്നിലെക്കലിയിച്ച ഭൂമി ഒടുവിലത്തെ ശ്വാസവും നഷ്ടപ്പെട്ടു തന്റെ ആലിംഗനത്തിലമര്‍ന്നു ഞെരിഞ്ഞുടഞ്ഞ അരുവിയെ ഒട്ടൊരു സംതൃപ്തിയോടെ നോക്കികാണവേ ആ മിഴികളില്‍ എന്തിനോ വേണ്ടിയുള്ള ഒടുങ്ങാത്ത ദാഹം അലതല്ലുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു.
പിന്നെയും പ്രഭാതം വന്നു .
ആദ്യത്തെ കിരണങ്ങളില്‍ തന്നെ പൂത്തു വിടര്‍ന്ന പ്രകൃതിയില്‍ തലേരാത്രിയുടെ ഊഷരതയും , നെടുവീര്‍പ്പും വീണലിഞ്ഞ രാത്രിയുടെ ശോകം പൊടുന്നനെ മാഞ്ഞു പോകുന്നതും അവിടെ നവയൗവ്വനത്തിന്‍റെ താരും തളിരും ഇതള്‍ വിടര്‍ത്തി പാടുന്നതും,ആടുന്നതും ഒട്ടൊരു കൗതുകത്തോടെ ഞാന്‍ കണ്ടുനിന്നു.
പൂനിലാവിന്റെ പ്രഭയില്‍ സ്വര്‍ണ്ണ ചാമരം വീശി നിന്ന കാറ്റിന്റെ നറുമണത്തിന് ഇപ്പോള്‍ ഉഷ്ണിക്കുന്ന മറ്റെന്തൊക്കെയോ ഗന്ധമാണെന്നന തിരിച്ചറിവ് എന്നെ രാവിന്റെ കാമുകനാക്കി തീര്‍ത്തത് തികച്ചും യാദൃശ്ചികം ആകാനെ തരമുള്ളൂ .
എപ്പോഴും ഇരുളിനെ മാത്രം നോക്കി കണ്ടിരുന്ന എന്റെ മനസ്സിലേക്ക് പൗര്‍ണ്ണമിയുടെ തിരി വെളിച്ഛവുമായി കടന്നുവന്ന ഓര്‍മ്മകളുടെ ചില്ല് കഷണങ്ങളിലേക്ക് ആര്‍ത്തിയോടെ ഞാന്‍ പരതി നോക്കി .
എവിടെയെങ്കിലും ഒരു മറവില്‍ അവളുടെ നിശ്വാസമുതിര്‍ന്നു വീണ ഒരു നിമിഷമെങ്കിലും പൊടിമങ്ങി കിടപ്പുണ്ടോ എന്ന ഒരു അന്വേഷണ ത്വര എന്റെ മനസ്സിനെ കാര്‍ന്നു തിന്നുന്നുണ്ടായിരുന്നു .
എന്റെ ആ പരക്കം പായലിനിടയില്‍ കൈവിരല്‍ത്തുമ്പുകളില്‍ നിന്നും ചില്ല് കഷണങ്ങള്‍ തന്ന മുറിവുകളിലൂടെ ചാലിട്ട ചോര സ്ഫടികത്തിന് മറ്റൊരു  നിറം പകരുമ്പോള്‍ , ഹൃദയത്തിന്റെ  അന്തരാളങ്ങളിലെ  നീറ്റലിനുമുന്നില്‍ ഈ മുറിവോ , വേദനയോ ഒന്നുമല്ലെന്ന തിരിച്ചറിവ് എന്നെ ഒട്ടും അത്ഭുതപ്പെടുത്തിയില്ല.
ആരുടെയെക്കെയോ നിശ്വാസങ്ങളും നെടുവീര്‍പ്പുകളും വഹിച്ചു കൊണ്ടുവന്ന കാറ്റിനുമുണ്ടായിരുന്നു ഒരു പിടി നൊമ്പരങ്ങള്‍ . പക്ഷേ ....
ഒക്കെയും ബധിരമായ കര്‍ണ്ണങ്ങളില്‍ വീണു അലതല്ലി തെറിച്ചു പോകുന്ന തന്റെ സ്വന്തം സ്വപ്നങ്ങളുടെ മാത്രമായവശേഷിച്ചു. .........ബി ജി എന്‍ ..........വാപി 17.07.2000

Monday, March 3, 2014

ഇനിയും നമ്മളകലങ്ങളിൽ

നമുക്കിടയിൽ
ദൂരങ്ങളുടെ മാപിനി ശുഷ്കമാകുന്നു
ശൂന്യതയുടെ
നിലാവലിഞ്ഞു പോകുന്നു
രണ്ടു നേർരേഖകളിൽ നിന്നൂ
ഒരൊറ്റ ബിന്ദുവിൽ
ലയിക്കുന്ന നിമിഷം .
വേർപെടുന്ന നിമിഷങ്ങളെ
ഞാൻ ഭയക്കുന്നില്ല
കാരണം വേർപാട്
മരണമാണെന്ന് ഞാനറിയുന്നു .

കാലം പലപ്പൊഴുമൊരു കോമാളിയാണ് .
ട്രപ്പീസ് കളിക്കാരെ പോലെ
നമ്മളൊന്നിൽ നിന്നും
മറ്റൊന്നിലേക്കു
അനസ്യൂതമിങ്ങനെ.
പരസ്പരം കാണുമ്പോൾ
നിന്റെ മിഴികളിൽ നിന്നും
നോട്ടം വേർതിരിക്കാനാകുന്നില്ല .
അല്ലെങ്കിൽ
നിന്റെ അധരങ്ങളെ ,
നിന്റെ അവയവങ്ങളെ
ഒരു വിടനെ പോലെ  ഞാൻ
കൊത്തിവലിക്കുമായിരുന്നല്ലോ .

കാന്തികമായ ആ മിഴികൾ
അവയ്ക്കപ്പുറം നിന്റെ
മനസ്സിലേക്കുള്ള യാത്രകൾ മാത്രം .
ഞാനാം യാത്രികനില്‍
നിന്നും യാത്രയുടെ ദൂരം മാത്രം
ഇവിടെ ബാക്കി ആകുന്നു .

-------------------ബി ജി എൻ

Sunday, March 2, 2014

സഹചാരി

പാതയോരങ്ങളിൽ നീണ്ടു പോകുന്നൊരു
ഇരുണ്ട രൂപമാണ്  ഞാൻ പലപ്പോഴും
നിനക്ക് മുന്നേയും പിന്നേയും ഒപ്പവുമെന്നും
നിന്നോടൊപ്പം ഞാനുണ്ടായിരുന്നുവല്ലോ .

എന്റെ ദുഖങ്ങളെ നിങ്ങളെ തഴുകുവാൻ
ഒരുകാലവും ഞാൻ കൈനീട്ടിയില്ലെങ്കിലും
നിങ്ങൾക്കൊപ്പമുണ്ടായിരുന്നു ഞാനൊരു-
മിണ്ടാവൃതക്കാരനായി ചിരം നിന്നിലെന്നുമേ .

ഇരുട്ടിനെ ഭയമായിരുന്നെനിക്കെങ്കിലും
അറിഞ്ഞിരുന്നെന്നും നിൻ ചലനങ്ങൾ
നൊടിപോലും തടഞ്ഞതില്ലൊരിക്കലും നിൻ
ഇരുണ്ടമാർഗ്ഗങ്ങളെ പോലുമേ ഞാൻ .

എന്നും നിൻ പാദങ്ങളിൽ ഉരുമ്മിയൊരു
അരുമയാം വളർത്തുനായ പോലെ ഞാൻ
വാണിടും വീണുനീയോടുങ്ങുന്നൊരു നിമിഷ -
ത്തിൻ കയ്പ്പുനീർ കുടിക്കുംവരേക്കും ചിരം .
----------------------------ബി ജി എൻ