Saturday, July 6, 2013

ന്യൂ ജനറേഷൻ


സൗരയൂഥത്തിന്റെ മാറ് പിളർന്നു
നീ പോവുക ജീവിതപാത തേടി
ഗോളങ്ങൾ തന്നുടെ കാന്തവലയത്തിൽ
തേടുക നീ നിന്റെ ഭൂമി.

മേലെ മേഘ പാൽക്കടൽ നീന്തി,
വിണ്ണിൽ തിളങ്ങും നക്ഷത്രമുത്തുകൾ
മുത്തിയെടുത്തു പറക്കുക പാരിലെ
ചിത്ര ശലഭത്തെ പോലെ .

കൊട്ടിയടക്കുക വിണ്ണിന്റെ
വിസ്മയ ജാലകകാഴ്ചകൾ നേരിൽ
കാലൂന്നി നില്ക്ക ഈ മണ്ണിന്റെ
മാറിലെ പച്ചപ്പ്‌ തൊട്ടറിഞ്ഞിന്നു.

കനല് ചുട്ടെടുത്ത വഴികളിലൂടെ
നീ കണ്ണ് ചിമ്മാതെ പോവുക.
ഇരുള് പഴുക്കും തീരങ്ങൾ തേടുക.
വീശിയടിക്കും തിരമാലകൾ കാണുക.

നോവിൻ തിരി തെറുക്കും സന്ധ്യകൾ-
കാമം വഴുക്കും വഴിയമ്പലങ്ങളിൽ,
ക്രോധമടക്കി നീ ഉറങ്ങുക.

ക്രൗഞ്ചമിഥുനങ്ങളിൽ
ഇണയെ നീ കൊല്ലുക
മാറുപിളർന്നൊരു മാതാവിൻ
സ്തന്യവാല്മീകം തിരയുക.

തൊടിയിലെ പാഴ്സസ്യം പോൽ നിൻ
ഉടപ്പിറപ്പിനെ വെട്ടിനീക്കുക.
നല്ലപാതിയെ തെരുവിൽ
ലേലം ചെയ്തു ലഹരി മോന്തുക.

നിന്നിൽ നിന്നുരുവാകുന്ന
വിളഞ്ഞ ഫലങ്ങളെ
രുചിനോക്കി വിലപേശുക.
ആധുനിക സങ്കേതങ്ങളിൽ
മാതാവിൻ നഗ്നത നീ വിളമ്പുക.
ലൈക്കിന്റെയും ഷെയറിന്റെയും
വലിപ്പം കണ്ടു രതിമൂർച്ച തേടുക.

ഒടുവിലോരന്തിക്ക് ചിതയിലമരുമ്പോൾ
ചന്ദനമുട്ടി നീ തിരയുക.
വെന്തെരിയുന്നോരഗ്നിയിൽ
നിൻ തലയോട്ടി പൊട്ടിച്ചിതറുമ്പോൾ
ആർത്തുചിരിക്കുന്ന ജനത്തിൻ മുഖത്തേ-
ക്കാഞ്ഞു തുപ്പി നീ പോവുക ശാന്തം
--------ബി ജി എൻ വർക്കല.-----

4 comments:

  1. പുതിയ കണ്ടെത്തലുകളുമായി ഇവിടം വരെ പോകും ഈ ന്യൂ ജെനരെഷൻ ?
    കാരണം അതൊരു മാറ്റമില്ലാത്ത അവസ്ഥ കൂടിയാണല്ലോ ? അല്ലെ ?
    കവിത കൊള്ളാം - എന്നാൽ ഇതിനേക്കാൾ ശക്തിയുള്ള കവിതകൾ ഇതിലുണ്ട് .
    തുടരുക .
    ചെറിയ രീതിയിൽ പ്രോമോട്ട് ചെയ്യാൻ ശ്രമിക്കുന്നത് നന്നായിരിക്കും .
    ആദ്യമായാണ്‌ ഈ ബ്ലോഗ്‌ കണ്ടത് :D

    ReplyDelete
  2. കഥകളും കവിതകളും ഒരുപാടുണ്ടല്ലോ.. ഇതൊന്നു കൂടുതല്‍ ആളുകളിലേക്ക്‌ എത്തിക്കാന്‍ ശ്രമിച്ചു കൂടെ.
    നല്ല വരികള്‍ ആണ്.. ആശംസകള്‍.

    ReplyDelete
  3. ശാന്തം
    ശാന്തം

    ReplyDelete