Monday, July 22, 2013

അരയാലിലകള്‍

സ്നേഹം വിങ്ങുന്ന മനസ്സുമായ് കരളിന്റെ കാണാകൊമ്പിലെങ്ങോ ഒരു കൊച്ചു കിളി ഉറങ്ങി കിടക്കുന്നത് ഞാനറിയുന്നു . മിഴിയില്‍ പ്രതീക്ഷകളുടെ നാമ്പുമായി പുലര്‍കാലങ്ങളില്‍ ഉണരുകയും സന്ധ്യയില്‍ തളര്‍ന്നു മയങ്ങി വീഴുകയും ചെയ്യുന്ന സൂര്യകാന്തിയെപ്പോലെ ആ കുഞ്ഞു മനസ്സും നോവുന്നുവോ ?
'സ്നേഹം പങ്കുവയ്ക്കലാണ് ' എന്ന് പറഞ്ഞതാരാണെന്ന് ഞാനോര്‍ക്കാന്‍ ശ്രമിച്ചു .
ശിഥിലമായ ചിന്തകള്‍ക്ക് നടുവില്‍ ഒരു ഒറ്റയാള്‍ പട്ടാളമായി നിന്ന എനിക്ക് ഒന്നിനുമൊരുത്തരം നല്‍കാന്‍ കഴിഞ്ഞില്ല .
മയക്കം നടിച്ചു കിടന്ന എന്റെ മുന്നില്‍ ഒരു പാട് നാടകങ്ങള്‍ക്കു തിരശ്ശീല ഉയരുകയും താഴുകയും ചെയ്യുന്നതറിഞ്ഞു ഉറക്കം വരാത്ത മനസ്സിനെ സ്വയം ശപിക്കുന്ന എന്റെ മാനസികാവസ്ഥ നിനക്കെങ്ങനെയാണ് ഞാന്‍ വ്യെക്തമാക്കി തരേണ്ടത്‌ ?
സ്നേഹിക്കുന്നവര്‍ ഒന്നും നോക്കുന്നില്ല , അവര്‍ ഒന്നും കാണുന്നുമില്ല . അന്ധമായ സ്നേഹത്തിന്റെ നദീപ്രവാഹത്തില്‍ രണ്ടിലകളായി പൊങ്ങിയും താഴ്ന്നും ചുഴികളില്‍ അമര്‍ന്നും താഴെക്കൊഴുകുകയാണവര്‍ . ദൂരെ അറിയാത്തൊരു തിരിവില്‍ തങ്ങളുടെ പ്രയാണം അവസാനിക്കുമെന്നും , അവിടെ നമ്മള്‍ പ്രതീക്ഷിക്കാത്ത ഒരവസാനം ഉണ്ടാകുമെന്നുമറിയാതെ...
ഒന്നാലോചിച്ചാല്‍ നമ്മലെന്തിനോ വേണ്ടി ദാഹിക്കുന്നവരല്ലേ ?
എന്തിനൊക്കെയോ വേണ്ടി പരക്കം പായുകയാണ് നാമെല്ലാം .
അതിനിടയില്‍ നാളേക്ക് വേണ്ടിയുള്ള സുന്ദര സങ്കല്‍പ്പങ്ങളെ താലോലിക്കുവാന്‍ ,ആര്‍ക്കുണ്ട് സമയം .
ഇന്നാണ് പ്രധാനം . ഇന്നത്തെ കാര്യങ്ങള്‍ നടന്നാല്‍ , നാളെയെ കുറിച്ച് ചിന്തിക്കുവാന്‍ തുടങ്ങാം .! 
-------------------------ബി ജി എന്‍ വര്‍ക്കല ---------------

Saturday, July 20, 2013

പരാദങ്ങൾ


ജീവിതം മറ്റൊന്നിനുമല്ലാതെ
ജീവിക്കുവാൻ വിധിക്കപ്പെടുമ്പോൾ
സ്വയം കത്തിയെരിയാൻ
കൈ വിറയ്ക്കുന്നോർക്കുള്ളതാണ്
പരാദ ജന്മം .

നോവിന്റെ നോവറിയാതെ
നേരിന്റെ നേരറിയാതെ
വിതയ്ക്കാതെ കൊയ്യാനും
കളപ്പുരയിൽ കൂട്ടിവയ്ക്കാനും
മിനക്കെടാത്ത
പരാന്നഭോജികൾ .

പകലോനിൽ
പരന്റെ വിയർപ്പിൽ വിശ്രമിച്ചും
ഇരുളിൽ
നല്ലപാതിയുടെ
വിയർപ്പിൽ
ഉണ്ടു രമിച്ചുറങ്ങുന്നോൻ

കണ്മുന്നിൽ പിടയുന്ന
കുരുന്നുകണ്ണുകളിൽ
മഴവില്ലിന്റെ ശോഭ തിരഞ്ഞും
ഉടുതുണിയുടെ
ഒളിമറകളിൽ കണ്ണുകളുടക്കി
ഉടുവസ്ത്രം നനയ്ക്കുന്നവൻ .

കനലുകളിൽ ജീവിച്ചു
ഊഷരമായ മനസ്സുകളെ
കനിവ് നല്കാതെ
ദാഹജലം നല്കാതെ
കണ്ണീരുപ്പു ചിതറിക്കാൻ
കരളു പാകമായവാൻ

വെട്ടിമുറിച്ചാലും
വിട്ടുപോകാത്ത അര്‍ബുദം
മുറിച്ചിട്ടാലും മുറി കൂടുന്ന
അശ്വത്ഥാത്മാക്കൾ  .
------- ബി ജി എൻ വർക്കല ----

Sunday, July 14, 2013

മരിയ

മരിയ ഓഫിസിലിരിക്കുമ്പോളാണ്
വീടിന്റെ വാതിൽ  പൂട്ടിയില്ലന്നറിയുന്നത്‌ .
തിരക്കുപിടിച്ച്
സ്കൂട്ടിയിൽ പാഞ്ഞു പോരുമ്പോൾ
ഹെൽമറ്റ് പോലും മറന്നുപോയി .
ലിഫ്റ്റ്‌ കാത്തു നില്ക്കാൻ നേരമില്ലാതെ
ഓടി പാഞ്ഞു വന്നപ്പോൾ ആണ്
ഓട്ടോ ലോക്ക് ആണല്ലോ
എന്നോർക്കുന്നത് .
എനിക്കിതെന്താ
എന്നോർത്ത് ചിരിയോടെ
വാതില്‍ തുറക്കുമ്പോൾ
മരിയ ഓർത്തില്ല
ജീവിതത്തിന്റെ ഏറ്റവും വലിയൊരു
നിമിഷത്തിലേക്കാണ്
ഈ കടന്നു ചെല്ലൽ എന്ന് .
അല്ലെങ്കിൽ
മരിയ വാതിൽ പൂട്ടാതിരിക്കാനും
കള്ളൻ അകത്തു കയറാതിരിക്കാനും
വേറെ കാരണങ്ങൾ  വേണ്ടല്ലോ .
കിടക്കമുറിയിലേക്കു
വായ മൂടി എടുക്കപ്പെടുമ്പോൾ
മരിയക്കു ശരീരം ഒരു പഞ്ഞിക്കെട്ടു പോലെ
വലിച്ചു കീറപ്പെടുന്ന
വസ്ത്രങ്ങളോ
കുത്തികയറുന്ന പൗരുഷമൊ
മരിയ അറിഞ്ഞതെ ഇല്ല
ഒരു അപ്പൂപ്പൻ താടി പോലെ
മരിയ ആകാശ മേലാപ്പിലൂടെ
പറന്നു പറന്നൊടുവിൽ -
മരക്കൊമ്പിൽ തടഞ്ഞു നിൽക്കുമ്പോൾ
കിടക്കയിൽ മരിയ മാത്രം .
മരിയ പെട്ടന്നാണ് ഓര്‍ത്തത്
തന്റെ ജോലി പാതി വഴിയിൽ  വച്ചാണ് ഓടിയത്
തിടുക്കത്തിൽ പുതു വസ്ത്രം ധരിച്ചു
മരിയ മുറിപൂട്ടി
ഓഫീസിലേക്ക് പായുമ്പോൾ
ഹെൽമെറ്റ്‌ വയ്ക്കാൻ മറന്നിരുന്നില്ല .
-------------ബി ജി എൻ വർക്കല ------------------

Friday, July 12, 2013

കീഴടങ്ങല്‍

കാണുന്നതാരെയെന്‍ കണ്മുന -
ക്കുള്ളിലായ് കാത്തിരിക്കുന്നോരാ
സന്ധ്യാംബരത്തെയോ ?
തേടുന്നിതര്‍ത്ഥ പൂര്‍ണ്ണങ്ങളാം
തേനൂറ്റിയൊടുങ്ങും നിശാശലഭങ്ങളെയോ ?

നോവുകളിലഗ്നി പൊഴിയും മനസ്ത്വൈര്യമാം
വടുക്കളിലൂറുന്ന നിണകണമോ ?
കരയുന്ന കുഞ്ഞിനെ പാലുള്ളൂ ,വെന്നാ-
ലീ കരയും കിടാങ്ങളെന്തേ മൃതി പൂകുന്നു ?

പടനിലം വിട്ടുപോം ഞങ്ങളെ  പിന്നെയും
പട തേടി വരുന്നെന്തിനോ ?
സീമന്ത കുങ്കുമം പേറേണ്ട മൂര്‍ദ്ധാവു-
ജാരന്റെ ചുണ്ടിനാല്‍ ചുവക്കുന്നു .

ഇല്ലാവില്ലെന്റെയീ ലോകത്തില്‍
ഇല്ലിനിയോന്നുമേ പ്രതികരിക്കുവാന്‍ .
പണയമായ്‌ വയ്ക്കുന്നു ഞാനെന്റെ
കാതും നാവുമൊപ്പമീ കണ്‍കളും  .

നേരം പുലരുന്നു , കാണ്മതെന്തു -
ഞാനെന്‍ ഉള്‍ക്കണ്ണിലൂടെ ..!
ഹാ .എന്ത് സൌമ്യ മിന്നെന്റെ ജീവിതം .
ഹാ എത്ര സുന്ദരമീ ഉലകം ...!
--------------ബി ജി എന്‍ വര്‍ക്കല --24.06.95

Thursday, July 11, 2013

യാത്ര പറയും നേരം


മരണമേ നിന്‍തണുവില്‍ വീ-
ണലിയുവാനേന്‍ മനം കൊതിപ്പൂ .
ഹൃദയമേ നീയെന്‍ ശിഥിലചിന്ത -
തന്‍ ഇരുളിമയിലേക്കൊതുങ്ങീടുമോ ?

കനവു കണ്ട രാവിന്‍ ഇരുള് പോലെ
ബോധതന്ത്രികള്‍ മറയുന്ന നേരത്തും
പ്രണയരാഗമലയടിച്ചോഴുകീടുന്നെന്‍
ഹൃദയവാഹിനീ തടങ്ങളിലൂടെ .

മൃതി തിന്നു തുടങ്ങുമീ കോശങ്ങളിലൂടെ
പരതിനീങ്ങും നിന്‍ വിരല്‍സ്പര്‍ശത്തെ,
വെറുതെ ഞാനൊന്നു കൊതിച്ചിടാമീ -
യവസാന ശ്വാസതിരമാലയിലൂടെ .

നമുക്കിടയിലായി തിരയുവാനില്ല്ലിനിയൊരു
കറുത്ത വിരല്പാടിന്‍ നോവുകളെങ്കിലും
കൊതിക്കുന്നു നിന്‍ ചുണ്ടുകളെന്‍ നെറ്റിയില്‍
അവസാന മുദ്രയാല്‍ ചുവന്നുവെങ്കില്‍ ...!.
--------------ബി ജി എന്‍ വര്‍ക്കല ------

http://issuu.com/ckrajumadayi/docs/kavyavasantham_-_first_pdf_e-book_m


Wednesday, July 10, 2013

നിലാവുപോലൊരു കവിത


നിലാവ് പോലെ ആണ്
കവിത പെയ്തിറങ്ങിയത് ..!
ആകാശത്തു നിന്നും
വെറുമൊരു പ്രകാശം പോലെ അല്ല .
മഴയുടെ ആരവം പോലെ
മുന്നറിയിപ്പുകൾ ഇല്ലാതെ
പെട്ടെന്നൊരു പെയ്ത്ത് .
അല്ലെങ്കിൽ ഞാനതറിഞ്ഞെനെ.

ഇപ്പോൾ
വെളിച്ചത്തില്‍ കുളിച്ചീ -
മൈതാനത്തിൽ ഏകനായി
നില്ക്കുന്നോരെന്നിൽ
നിലാവിന്റെ വെളിച്ചവും
തണുപ്പും നിറയുന്നത്
നീ അറിയുന്നുണ്ടോ ?

നീ അറിയുന്നതായിരുന്നെങ്കിൽ
വെളിച്ചത്തിന്റെ ഈ തുണ്ട്
എന്നിൽ നീ നിക്ഷേപിക്കില്ലായിരുന്നു .
രാത്രികൾ മാറിക്കൊണ്ടേ ഇരിക്കുന്നു .
ഇനിയും ഇരുളുകൾ കടമെടുത്തു
രാത്രിയുടെ മാലാഖമാർ വരും .

നിന്നിൽ നിന്നും
കൊത്തിയെടുത്തു
കൊണ്ട് അകലുന്ന പകലുകളിൽ
നിന്റെ തൂവലിന്റെ സ്പര്‍ശം ഉണ്ടായിരിക്കും .

നീ എന്നിലോ
എന്റെ രസനയിലോ
എന്റെ കാമനകളിലൊ
പ്രണയത്തിന്റെ തമ്പുരു മീട്ടുന്നുണ്ടാകാം
അതറിയാൻ നിനക്കും
എനിക്കുമിടയിൽ
അമാവാസികളുണ്ടാകേണ്ടി ഇരിക്കുന്നു .
-----------------ബി ജി എൻ വർക്കല -----

Saturday, July 6, 2013

ന്യൂ ജനറേഷൻ


സൗരയൂഥത്തിന്റെ മാറ് പിളർന്നു
നീ പോവുക ജീവിതപാത തേടി
ഗോളങ്ങൾ തന്നുടെ കാന്തവലയത്തിൽ
തേടുക നീ നിന്റെ ഭൂമി.

മേലെ മേഘ പാൽക്കടൽ നീന്തി,
വിണ്ണിൽ തിളങ്ങും നക്ഷത്രമുത്തുകൾ
മുത്തിയെടുത്തു പറക്കുക പാരിലെ
ചിത്ര ശലഭത്തെ പോലെ .

കൊട്ടിയടക്കുക വിണ്ണിന്റെ
വിസ്മയ ജാലകകാഴ്ചകൾ നേരിൽ
കാലൂന്നി നില്ക്ക ഈ മണ്ണിന്റെ
മാറിലെ പച്ചപ്പ്‌ തൊട്ടറിഞ്ഞിന്നു.

കനല് ചുട്ടെടുത്ത വഴികളിലൂടെ
നീ കണ്ണ് ചിമ്മാതെ പോവുക.
ഇരുള് പഴുക്കും തീരങ്ങൾ തേടുക.
വീശിയടിക്കും തിരമാലകൾ കാണുക.

നോവിൻ തിരി തെറുക്കും സന്ധ്യകൾ-
കാമം വഴുക്കും വഴിയമ്പലങ്ങളിൽ,
ക്രോധമടക്കി നീ ഉറങ്ങുക.

ക്രൗഞ്ചമിഥുനങ്ങളിൽ
ഇണയെ നീ കൊല്ലുക
മാറുപിളർന്നൊരു മാതാവിൻ
സ്തന്യവാല്മീകം തിരയുക.

തൊടിയിലെ പാഴ്സസ്യം പോൽ നിൻ
ഉടപ്പിറപ്പിനെ വെട്ടിനീക്കുക.
നല്ലപാതിയെ തെരുവിൽ
ലേലം ചെയ്തു ലഹരി മോന്തുക.

നിന്നിൽ നിന്നുരുവാകുന്ന
വിളഞ്ഞ ഫലങ്ങളെ
രുചിനോക്കി വിലപേശുക.
ആധുനിക സങ്കേതങ്ങളിൽ
മാതാവിൻ നഗ്നത നീ വിളമ്പുക.
ലൈക്കിന്റെയും ഷെയറിന്റെയും
വലിപ്പം കണ്ടു രതിമൂർച്ച തേടുക.

ഒടുവിലോരന്തിക്ക് ചിതയിലമരുമ്പോൾ
ചന്ദനമുട്ടി നീ തിരയുക.
വെന്തെരിയുന്നോരഗ്നിയിൽ
നിൻ തലയോട്ടി പൊട്ടിച്ചിതറുമ്പോൾ
ആർത്തുചിരിക്കുന്ന ജനത്തിൻ മുഖത്തേ-
ക്കാഞ്ഞു തുപ്പി നീ പോവുക ശാന്തം
--------ബി ജി എൻ വർക്കല.-----

Monday, July 1, 2013

സ്ത്രീ ഉണരേണ്ടത് ആരുടെ ആവശ്യം ?

ആധുനിക കാലഘത്തില്‍ നമ്മള്‍ അഭിമുഖീകരിക്കുന്ന ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ട് സമൂഹത്തില്‍ . ഇവ നമ്മുടെ സമൂഹത്തെ മൊത്തമായോ അല്ലെങ്കില്‍ ചില വിഭാഗങ്ങളെയോ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ കാര്‍ന്നു തിന്നു കൊണ്ടേ ഇരിക്കുന്നു .
വികസരസമൂഹത്തില്‍ നമുക്ക് കൈമോശം വരുന്ന ചില വസ്തുതകള്‍ ഉണ്ട് . നാം കാണാതെ പോകുന്നവ അല്ല അവ . എന്നാല്‍ നമ്മള്‍ ബോധപൂര്‍വ്വം അവഗണിക്കുന്നവ ആണ് ഇത്തരം വസ്തുതകള്‍ .
സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങള്‍ ആയിരുന്ന ഒരു സമൂഹത്തില്‍ നിന്നാണ് സ്ത്രീ താഴേക്കും പുരുഷന്‍ ഉന്നതിയിലെക്കും നടന്നു നീങ്ങിയത്.
സമൂഹത്തില്‍ സ്ത്രീ സ്വന്തംതാല്‍പര്യങ്ങളെ പുരുഷന് മുന്നില്‍അടിയറവു വച്ചുകൊണ്ട് തന്റെ ബലഹീനതകളിലേക്ക് നടന്നുകയറുക ആണ് ഉണ്ടായതു .
മതങ്ങളും മാറി വന്ന സാമൂഹിക കാഴ്ചപ്പാടുകളും അവളെ അവിടെ തന്നെ തളച്ചിടപ്പെട്ടു. കാലത്തിന്റെ യാത്രയില്‍ അവള്‍ ഒരു തിരിച്ചു വരവ് പലപ്പോഴും കൊതിച്ചിരുന്നു എങ്കിലും പൂര്‍ണ്ണമായ് അല്ല ഭാഗികമായ് പോലും അവള്‍ക്കതിനു കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം .
പുരുഷ കേന്ദ്രീകത സമൂഹത്തില്‍ സ്ത്രീ തന്റെ സാമീപ്യം ഉറപ്പിക്കേണ്ടത് എങ്ങനെ ആയിരിക്കണം എന്നത് സ്ത്രീക്ക് ഇന്നും അജ്ഞാതം ആണ് എന്ന് തോന്നും അവളുടെ പ്രവര്‍ത്തികള്‍ വിലയിരുത്തിയാല്‍ .
ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നതിലും , നിരത്തില്‍ സ്വതന്ത്രയായി സഞ്ചരിക്കുന്നതിലും , പിന്നെ ഭാര്യ എന്നാ കടമ (അത് പുരുഷന്‍ അടിച്ചെല്പ്പിച്ച ഒരു വ്യെവസ്ഥ ആയി അവള്‍ വിശ്വസിക്കുന്നു ) നിറവേറ്റുന്നതിലും നിന്നാണ് അവള്‍ക്ക്  സ്വാതന്ത്ര്യം വേണ്ടത്  എന്ന സന്ദേഹം ഉളവാകുന്നു .
പുരുഷന്റെ സാമൂഹ്യ വ്യെവസ്ഥ എന്നൊന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് തന്നെ ആകും ഉത്തരം . എന്നാല്‍ ഇതില്‍ സ്ത്രീക്ക് എന്താണ് ഭാഗം എന്ന് ചോദിക്കുന്നിടത്താണ് സ്ത്രീ സ്വാതന്ത്ര്യം എന്ന വിഷയം കടന്നു വരുന്നത് എന്ന് കാണാം . പുരുഷനൊപ്പം എല്ലാ മേഖലയിലും സ്ത്രീ കടന്നു വരുന്നത് ശാരീരിക , മാനസിക ഘടകങ്ങള്‍ വച്ച് നോക്കുമ്പോള്‍ അപ്രാപ്യം ആണ് . വിരലിലെണ്ണാവുന്ന ചില ഉദാഹരണങ്ങളിലൂടെ അതല്ല എന്ന് ശഠിക്കാം എങ്കിലും അതങ്ങനെ തന്നെ സത്യമായ് നില്‍ക്കുന്നു .
ഒരു ഭാഗത്ത് സ്ത്രീ സ്വാതന്ത്രം ആഗ്രഹിക്കുമ്പോള്‍ മറ്റൊരു ഭാഗത്ത്‌ സ്ത്രീ സ്വയം വില്‍ക്കപ്പെടുന്ന കാഴ്ച ആണ് കാണുന്നത് . ഇന്ന് കുറ്റ കൃത്യങ്ങളില്‍ ആണ് സ്ത്രീ പ്രാധിനിത്യം മുന്നോട്ടു വരുന്നത് . ബാങ്ക് കൊള്ള ആയാലും , കൊലപാതകം ആയാലും , രാക്ഷ്ട്രീയം ആയാലും , സ്ത്രീ തന്റെ സാന്നിധ്യം അരക്കിട്ടുറപ്പിച്ചിരിക്കുന്നു എന്ന് കാണാം .
കുംഭകോണങ്ങളില്‍ , അത് പോലെ രതി വ്യാപാരങ്ങളില്‍ (കവലയില്‍ നാലണക്ക് ശരീരം വില്കുന്ന വേശ്യ എന്ന ഒമാനപ്പെരുള്ളവള്‍ അല്ല ), മയക്കു മരുന്ന് പോലുള്ള കുറ്റ കൃത്യങ്ങളില്‍ എല്ലാം തന്നെ സ്ത്രീ ഇന്ന് ഒരു അവിഭാജ്യ ഘടകം അല്ലെങ്കില്‍ ഒരു പ്രധാന റോള്‍ വഹിക്കുന്നു .
സമീപ കാല സംഭവങ്ങള്‍ എടുത്താല്‍ പോലും സരിതയും , തെറ്റയിലും എല്ലാം ചൂണ്ടി കാണിക്കുന്ന കാഴ്ചകള്‍ സ്ത്രീകള്‍ കുറ്റകൃത്യങ്ങളില്‍ എത്ര കണ്ടു അകപ്പെട്ടിരിക്കുന്നു എന്നത് തെളിയിക്കുന്നുണ്ട് .
ചരിത്രത്ല്‍ എല്ലാം തന്നെ സ്ത്രീ എല്ലാ വിധത്തില്‍ ഉള്ള വിധ്വംസക വിഷയങ്ങളിലും ഒരു പ്രധാനി ആണ് എന്ന് വായിക്കപ്പെടുന്നു . ഹവ്വ ആദ്യമായ് പുരുഷനെ കുഴിയില്‍ ചാടിച്ചു എന്ന മതത്തിന്റെ പ്രബോധനം മുതല്‍ അത് കാണാം , ഇതിഹാസങ്ങള്‍ പോലും സ്ത്രീയെ കാണുന്ന കാഴ്ചകള്‍ ഇതൊക്കെ തന്നെ . നാരി ഭരിച്ചിടം , നാരകം നട്ടിടം ഇത് രണ്ടു നശിച്ചു പോകും എന്നൊരു ചൊല്ല് , നാരികള്‍ ആണ് എല്ലാ വിനാശങ്ങള്‍ക്കും കാരണം എന്നൊരു ചൊല്ല് . അധികാരങ്ങള്‍ നഷ്ടപ്പെട്ടതിനും , ജീവനും സ്വത്തിനും നഷ്ടങ്ങള്‍ വന്നതിനും , കലാപങ്ങള്‍ക്കും എല്ലാം പിന്നില്‍ ഒരു സ്ത്രീ ഉണ്ട് എന്നത് ചരിത്രം വായിക്കപ്പെടുന്ന ഒരു കാഴ്ച ആണ് .
അപ്പോള്‍ പിന്നെ എവിടെ ആണ് സ്ത്രീ അബല ആകുന്നതു എന്ന ചിന്ത കൊണ്ടെത്തിക്കുന്നത് സമൂഹത്തിന്റെ താഴെ കിടയില്‍ ആണ് . ഇന്നോളം ഉള്ള ചരിത്രങ്ങില്‍ എങ്ങും ഒരു കീഴാള പെണ്ണ് ചരിത്രം തിരുത്തി കുറിച്ചിട്ടില്ല . അവള്‍ മൂലം ഒരു സാമ്രാജ്യവും വീണിട്ടും ഇല്ല . അവള്‍ സ്വന്തം അസ്ഥിത്വം നഷ്ടമാകുന്ന അവസരത്തില്‍ കൊടുവാള്‍ എടുത്തിട്ടുണ്ടെങ്കില്‍ പോലും സമൂഹ ധാരയില്‍ അവള്‍ ഒരിക്കലും ഒരു ഫ്രൈം ആയി വന്നിട്ടുമില്ല .
പീഡിപ്പിക്കപ്പെടുന്ന ചരിത്രങ്ങളില്‍ മിക്കപ്പോഴും എന്നല്ല ഭൂരിഭാഗവും ഈ പറയുന്ന സമൂഹത്തിലെ ഏറ്റവും താഴെ ഉള്ള സ്ത്രീകളില്‍ ആണ് സംഭവിക്കുന്നത്‌ . അവര്‍ എന്നും അങ്ങനെ തന്നെ ആയിരിക്കാന്‍ സമൂഹം ബദ്ധശ്രദ്ധരും  ആണ് .
വിദ്യാഭ്യാസവും , ഉയര്‍ന്ന ജോലിയും , ഒന്നുമല്ല അടുക്കളയും , പറമ്പും പാടവും ആണ് അവരുടെ മേഖല . കുറച്ച കൂടി ഉയരം എന്ന് പറഞ്ഞാല്‍ ഇന്ന് തൊഴില്ശാലകളും വ്യാപാരശാലകളും നിറഞ്ഞു നില്‍ക്കുന്ന വര്‍ഗ്ഗം . അവര്‍ക്ക് സുരക്ഷ ഒരു ഭാരമായി ആണ് ഭരണകൂടം പോലും വിലയിരുത്തുന്നത് . നീതിയും നിയമവും പോലും അവരില്‍ നിന്നും അകന്നു നില്‍ക്കുന്നു . അവര്‍ക്ക് ചിന്തിക്കാന്‍ തലച്ചോര്‍ പോലും കൊടുക്കുന്നില്ല എന്ന് പറയുന്നതാകും ശരി .
ഇവയില്‍ നിന്നും അവരെ മുന്നിലേക്ക്‌ കൊണ്ട് വരാന്‍ ഇന്നോളം ഒരു പ്രത്യയശാസ്ത്രവും ,മതവും ശ്രമിച്ചിട്ടില്ല എന്നത് ഖേദകരമായ ഒരു വസ്തുത ആണ് . മാത്രമോ ഒരു സാമൂഹ്യ പരിഷ്കരണവും അവര്‍ക്ക് വേണ്ടി നടത്തുവാനോ , അവര്‍ക്കായി ജിഹ്വ ഉയര്‍ത്തുവാനോ സാമൂഹിക സേവകരോ വനിതാ സംരക്ഷണ , വിമോചന പ്രവര്‍ത്തകരോ തയ്യാറാകാത്തതു  ആണ് ഈ ഒരു വിധേയത്ത സമൂഹത്തെ ഇങ്ങനെ തന്നെ നിലനിര്‍ത്തുന്ന പുരുഷ വ്യെവസ്ഥയെ സാധൂകരിക്കുക ആണ് ഇവര്‍ ചെയ്യുന്നതെന്നതിനു തെളിവായി കാണിക്കാന്‍ കഴിയുന്നത്‌ .
ഇതിനൊരു മാറ്റം എങ്ങനെ എന്നാണു നാം ഇനി ചിന്തിക്കേണ്ടത് . സമൂഹം അവിടേക്ക് ആണ് ഉറക്കം വെടിഞ്ഞു എഴുന്നെല്‍ക്കേണ്ടത് .
-------------------ബി ജി എന്‍ വര്‍ക്കല --------------