Thursday, June 17, 2021

The Love Queen of Malabar .......... Merrily Weisbord

 The Love Queen of Malabar

Merrily Weisbord

Research Press (2010)

വില: ₹ 395.00

പ്രണയത്തിന്റെ രാജകുമാരി 

പരിഭാഷ: സുരേഷ് എം.ജി.

ഗ്രീൻ ബുക്ക്സ് ( 2015)

വില: ₹ 270.00




ആത്മകഥയുടെ ആത്മാവ് അതെഴുതുന്നവരുടെ മാനസികാവസ്ഥയനുസരിച്ചാണ് ഉണ്ടാകുക . ജീവചരിത്രമായാലും അതങ്ങനെ തന്നെയാണ് . എഴുതുന്ന ആളിന്റെ സമൂഹത്തോടും തന്നോട് തന്നെയുമല്ല ആത്മാർത്ഥതയും താൻ ചെയ്യാൻ പോകുന്ന കാര്യത്തെക്കുറിച്ചും അത് സമൂഹത്തിൽ ഉണ്ടാക്കിയേക്കാവുന്ന വിഷയങ്ങളെക്കുറിച്ചും എഴുത്തുകാരന് ബോധം ഉണ്ടായിരിക്കും . ഇതൊക്കെക്കൊണ്ടുതന്നെ മിക്ക ആത്മകഥകൾക്കും ജീവചരിത്രങ്ങൾക്കും ജീവനില്ലാതാകുന്നു . വായനക്കാരെ വഴിതെറ്റിക്കുകയും യഥാർത്ഥ വ്യക്തിയെ കാണാൻ കഴിയാതെ പോകുകയും ചെയ്യുന്നു . മാധവിക്കുട്ടിയെന്ന എഴുത്തുകാരിയുടെ "എന്റെ കഥ" ഒരു കാലത്ത് വളരെ കോളിളക്കം സൃഷ്ടിച്ച ഒരു ആത്മകഥയാണ് എന്ന് പറയാം . ജീവിതത്തെ പച്ചയായി പറഞ്ഞ ആ തിരമാല ഒട്ടേറെ വിഗ്രഹങ്ങളെയും  വിശ്വാസങ്ങളെയും തകർത്തുകളഞ്ഞു എന്നതാണ് ശരി . പിൽക്കാലത്ത് മാധവിക്കുട്ടി തന്നെ പറഞ്ഞ ഒരനുഭവം പോലെ. ഒരു ചെറുപ്പക്കാരൻ അവർക്കെഴുതിയ കത്തിൽ ഇങ്ങനെ പറഞ്ഞതായി പറയുന്നുണ്ട് . എന്റെ കഥ വായിക്കുന്ന കൗമാരക്കാരനായിരുന്ന അയാളെ കണ്ടു അയാളുടെ പിതാവ് ഈ സ്ത്രീയെ വായിക്കരുത് അവർ സ്വഭാവദൂഷ്യം ഉള്ള അഴുക്ക സ്ത്രീ ആണെന്ന് പറയുകയും ആ പുസ്തകത്തെ കത്തിച്ചു കളയും എന്ന് പറഞ്ഞതും പിന്നൊരു സമയം ആ പിതാവ് അത് വായിക്കുന്നത് അയാൾ കാണുകയും അതിനെ തുടർന്നാ പിതാവ് ആത്മഹത്യ ചെയ്യുകയും ചെയ്തതും . ഇത്രയൊക്കെ സദാചാര കൊടുങ്കാറ്റ് ഉയർത്തിവിട്ട ഒരു എഴുത്തായിരുന്നു മാധവിക്കുട്ടി അന്ന് ചെയ്തത് . പക്ഷെ കാലങ്ങൾക്കിപ്പുറം ക്യാനഡയിൽ നിന്നും ഒരു എഴുത്തുകാരി കേരളത്തിലേക്ക് വരികയും കമലാദാസ് എന്ന എഴുത്തുകാരിയുടെ ജീവിതത്തെ എഴുതാൻ തുടങ്ങുകയും അത് തീരുമ്പോഴേക്കും കമലാദാസ് കമല സുരയ്യയായി മാറി പാളയം ഖബർസ്ഥാനിൽ നിദ്രയിലാവുകയും ചെയ്തു കഴിഞ്ഞിരുന്ന കഥ വായിക്കുമ്പോൾ  എന്നും കൊടുങ്കാറ്റുകൾ മാത്രം സൃഷ്ടിച്ചു കടന്നു പോയ ആ അനുഗ്രഹീത എഴുത്തുകാരിയുടെ ആത്മാവിനെ , അറിയപ്പെടാത്ത കുറെ അനുഭവങ്ങളും ഒക്കെ വായനക്കാരന് കിട്ടുകയും ചെയ്തു . ഇംഗ്ളീഷിൽ ലഭ്യമായിരുന്ന ആ പുസ്തകം ഗ്രീൻ ബുക്സിലൂടെ മലയാളത്തിലും മലയാളിക്ക് ലഭ്യമായി . ഒരു പക്ഷെ ആ പുസ്തകം ഇറങ്ങിയ സമയത്തെ സാമൂഹ്യ ഘടനയിൽ നിന്നും ഒരുപാട് മുന്നോട്ടു മാറിയ ഒരു രാഷ്ട്രീയ സാമൂഹിക പശ്ചാത്തലം കൂടിയാണ് ഇന്നെന്ന് പറയാം .


പ്രണയത്തിന്റെ രാജകുമാരിയായിരുന്നു മാധവിക്കുട്ടി . ആ വിരലുകളിൽ നിന്നും, മിഴികളിൽ നിന്നും , മൊഴികളിൽ നിന്നും ഊർന്നിറങ്ങിയത് മുഴുവൻ പ്രണയം തന്നെയായിരുന്നു . നാലപ്പാടിന്റെ ഗ്രാമാന്തരീക്ഷത്തിലും കൽക്കട്ടയും ഡൽഹിയും മുംബൈയും ഒക്കെ നൽകിയ നഗരവത്കരണ വേഷം കെട്ടലിലും മായാതെ നിന്നത് ആ പ്രണയം തന്നെയാണ് . തന്റെ പ്രണയം ദൈവത്തോട് ആയിരുന്നു എന്നും പിന്നീടത് പ്രവാചകന്മാരിലേക്ക് മാറിയെന്നും പറഞ്ഞ മാധവിക്കുട്ടി എന്നും കൃഷ്ണന്റെ പ്രേയസിയായിരുന്നു . എന്റെ കഥയിൽ പറയും പോലെ അവർ പലപ്പോഴും തന്റെ കൃഷ്ണനെ കണ്ടിരുന്നു . ഒരു സിനിമയിലെ കഥാപാത്രം പറയും പോലെ ഞാനേ കണ്ടുള്ളു ഞാൻ മാത്രമേ കണ്ടുള്ളൂ എന്ന വാക്യം അവരെ സംബന്ധിച്ച് അര്ഥവത്തായിരുന്നതിൽ . ആ എഴുത്തുകാരിയുടെ ജീവിതം അവർ പോലും ആഗ്രഹിക്കാത്ത ഇടങ്ങളിലേക്കു സഞ്ചരിക്കാനും ദുരന്തങ്ങളും കഷ്ടതകളും അനുഭവിക്കാനും ഇടയാക്കിയതും ഇതേ പ്രണയം തന്നെയായിരുന്നുവല്ലോ . കോർപ്പറേറ്റ് ലോകത്തെ ഒരു കറുത്ത അടയാളം പോലെ നഗരങ്ങളിൽ സംഭവിക്കുന്ന ഒന്നാണ് സ്ഥാനക്കയറ്റങ്ങൾക്കും അധികാരത്തിനും വേണ്ടി സ്ത്രീ ശരീരങ്ങളെ ഉപയോഗിക്കുക എന്നുള്ളത് . മാധവിക്കുട്ടി എന്ന സുന്ദരിയായ എഴുത്തുകാരിയെ അവരുടെ ഭർത്താവിന് ഉപയോഗിക്കാൻ കഴിഞ്ഞതും തന്റെ ഉദ്യോഗകയറ്റങ്ങൾക്കു വേണ്ടി മേലധികാരികൾക്ക് മുന്നിലേക്ക് പറഞ്ഞു വിടുക എന്നത് തന്നെയായിരുന്നു . മാധവിക്കുട്ടി പറയുന്നതനുസരിച്ച് ആ വിവാഹബന്ധം അവർക്ക് നൽകിയത് വേദനകൾ മാത്രമാണ് . വളരെ ചെറുതിലെ വിവാഹം കഴിപ്പിച്ചു വിട്ട അവരുടെ ലൈംഗിക ജീവിതം ഒരു തരത്തിൽ പീഡനം തന്നെയായിരുന്നു . സ്വവർഗ്ഗ ലൈംഗിക അനുരാഗിയായ ഭർത്താവിൻ്റെ അസാമാന്യ വലിപ്പമുള്ള  ലിംഗം കൊണ്ടുള്ള കീറിമുറിക്കലുകൾ നാല്പതു വയസ്സിനു മുൻപേ അവർക്ക് നഷ്ടപ്പെടുത്തിയത് സ്വന്തം ഗര്ഭപാത്രമായിരുന്നു . തന്റെ കാമുകന്മാരുടെ എണ്ണം എടുക്കാൻ അവർ ശ്രമിക്കുമ്പോൾ ലൈംഗികമായി തന്നെ സംതൃപ്തി പെടുത്താൻ ആർക്കും കഴിഞ്ഞിരുന്നില്ല എന്നവർ തുറന്നു സമ്മതിക്കുന്നു . ഒടുവിൽ തന്റെ വാർധക്യത്തിൽ , തന്നെ വികാരപരമായി ഉണർത്തി തന്റെ ജീവിതാവസാനകാലത്ത് എന്താണ് ലൈംഗികത എന്ന് പരിചയപ്പെടുത്തിയ സാദിക്കലിയെ അതിനാലാണ് അവർ പ്രണയിച്ചതും അയാളുടെ ആവശ്യപ്രകാരം മതം മാറിയതും . പക്ഷെ അവിടെയും അവർ ചതിക്കപ്പെടുന്ന അവസ്ഥയാണുണ്ടായത് . എങ്കിലും അവസാനമായപ്പോൾ സാദിക്കലി വിട്ടുപോയ ശൂന്യത പൂരിപ്പിക്കാൻ ഹുസ്സൈൻ എന്ന ഡോക്ടറിന് കഴിഞ്ഞു . ആ പ്രണയം അവർ ശരിക്കും ആസ്വദിക്കുക തന്നെയായിരുന്നു . ഒരു നഗ്നശരീരം അവർ ആദ്യമായി വ്യക്തമായി കണ്ടത് അയാളിലൂടെ ആണെന്ന് മാധവിക്കുട്ടി ഓർമ്മിക്കുന്നു. മതം മാറ്റം ഒരു വലിയ തെറ്റായി അവർ തിരിച്ചറിഞ്ഞപ്പോഴേക്കും പക്ഷെ തിരികെ നടക്കാൻ കഴിയാത്ത ഒരു അവസ്ഥ സംജാതമായി കഴിഞ്ഞിരുന്നു . പൂർവ്വമതമായ ഹിന്ദു മതത്തിലെയും പുതിയ മതമായ ഇസ്‌ലാം മതത്തിലെയും തീവ്രവാദികളുടെ കൊലപാതക ഭീഷണികളും അവർ രണ്ടു കൂട്ടരും നൽകിയ ഭയവും അവരെ മരണം വരെ പിന്തുടരുകയായിരുന്നു . നോബൽ സമ്മാനം വരെ നോമിനേറ്റ് ചെയ്യപ്പെടുന്ന തലത്തിൽ വളർന്ന ഒരു മലയാളി എഴുത്തുകാരിയുടെ ജീവിതത്തിന്റെ കറുത്തതും വെളുത്തതുമായ ഇടങ്ങളെ പരിചയപ്പെടുത്തുന്ന ഈ പുസ്തകം അതേപോലെ പുനർവായന നല്കി പരിഭാഷയിലും .  


ഈ പുസ്തകം വായിക്കുമ്പോൾ അനുഭവപ്പെട്ട ഒരു വസ്തുത ഈ പുസ്തക രചന പോലും മാധവിക്കുട്ടിയെ മുതലെടുക്കലായിരുന്നു എന്നാണു . മെർലിൻ എന്ന എഴുത്തുകാരിയുടെ ഞാൻ എന്ന ഭാവവും മാധവിക്കുട്ടിയുമായി തനിക്കുള്ള സാമ്യങ്ങൾ തിരയുന്ന വ്യഗ്രതയും മാധവിക്കുട്ടിയുടെ ലൈംഗിക കാഴ്ചപ്പാടുകളെ തന്റെ കാഴ്ചപ്പാടുകളുടെ ഒപ്പം കലർത്താനും അവയെ വിലയിരുത്താനും ഉള്ള തീവ്ര ശ്രമവും ഈ എഴുത്തിൽ ഉടനീളം മുഴച്ചു നിൽപ്പുണ്ടായിരുന്നു. എങ്കിൽ പോലും മാധവിക്കുട്ടിക്ക് വേണ്ടി നിർമ്മിച്ച , ആ എഴുത്തുകാരിയെ പരിചയപ്പെടുത്തിയ അനവധി മീഡിയങ്ങളിൽ നിന്നും ഇതിനു കുറച്ചു കൂടി ആർജ്ജവവും വിശ്വാസ്യതയും വസ്തുതാപരമായ വ്യക്തതയും ഉണ്ടായിരുന്നു എന്നത് നിഷേധിക്കാൻ കഴിയാത്ത ഒരു വസ്തുതതന്നെയാണ് . ആശംസകളോടെ ബിജു.ജി.നാഥ് 


No comments:

Post a Comment