Sunday, June 13, 2021

നിലാവും നീല വെളിച്ചവും

നിലാവും നീല വെളിച്ചവും
..................................................
ഭാവസാന്ദ്രം വിഷാദാർദ്രം
മോഹനയനം സമ്മോഹനം.
നിലാത്തുണ്ടിൻ തിളക്കമേറ്റ്
കുളിരും നീലയാമിനി മനോഹരി.!

പതിവുപോൽ രാക്കിളികൾ തൻ
മധുരരാഗം മുഴങ്ങുന്നു ചുറ്റിലും.
പിടയ്ക്കുന്നു ശലഭച്ചിറകുപോൽ
സ്വപ്നനടനം ജീവതാളമാകുന്നു .

ഘടികാര സൂചിയിൽ കുടുങ്ങും
ശലഭത്തിൻ മൗനഭാരം താങ്ങി
കിതച്ചു നീങ്ങുമാ സമയം, മൂകം
കണ്ണുനീർ തുടയ്ക്കുന്നുവല്ലോ.

പകർന്നു വയ്ക്കാനില്ല പാത്രം
തളർന്നു നില്ക്കാനില്ല സത്രം
തിളച്ച വെയിലിൻ വിരലുകൾ
തല്ലിയോടിക്കുന്ന പകലുകൾ .

വിടർന്ന നിൻ മന്ദഹാസത്താൽ 
വിരിയും നറുസുമങ്ങൾ നുകരവേ.
മറന്നിടുന്നു മനസ്സിൻ്റെ നോവുകൾ
പ്രണയിച്ചു പോകുന്നു ജീവിതം.!

ഇവിടെയീ രാവിൻ്റെ മറവിൽ നാം
പകർന്നിടുന്നു ചുടുചുംബനങ്ങൾ .
ഇരുളു കണ്ണുപൊത്തി നിൽക്കവേ
നമുക്കിടയിലുദിപ്പൂ നീലവെളിച്ചവും.

നദിയൊഴുകിയകലുന്ന താഴ്‌വര
തഴുകി വരും കാറ്റിൻ്റെ കൈയ്യിലോ
പറയുവാനുണ്ട് കഥകളൊരായിരം
അതിലുണ്ട് നമ്മുടെ പ്രണയവും.
@ബിജു.ജി.നാഥ്

No comments:

Post a Comment