കുടിയേറ്റത്തൊഴിലാളികൾ
.......................
വേനൽ കുടഞ്ഞിട്ട
സ്വേദ ബിന്ദുക്കളിൽ
ജീവിതം രുചിക്കുമ്പോൾ
വിയർപ്പൂറാതെ
പശിയകറ്റി, പകിട്ടോടെ
ശലഭങ്ങൾ പറക്കുന്ന
പൂവാടികൾ
സ്വപ്നം കാണുന്നോർ !
തുണ്ടു റൊട്ടിയിൽ
പച്ചവെള്ളം കുടഞ്ഞിട്ട്,
ഉച്ചവെയിലിൽ മയങ്ങുമ്പോഴും
ഉച്ചക്കഞ്ഞിയിൽ വിശപ്പ്
മാറ്റും കുരുന്നുകൾ തൻ
ഉച്ചിയിൽ കൈ വച്ചനുഗ്രഹിക്കാൻ
മടിക്കാത്തവർ .
ഒരു മിസ്കാളിൻ
പുറകെ സഞ്ചരിച്ചു
പരിദേവനങ്ങൾ തൻ
പരിഹാരമോതുമ്പോൾ
കീറിപ്പോകുന്ന കീശയിൽ
*ഫിൽസിന്റെ
ഭാരം കുറഞ്ഞതറിയാത്തവർ
ഇത്തിരിപ്പോന്നൊരു
കൊച്ചുമുറിയിലെ
ഒത്തിരിപ്പേരിലൊരാളായി
ഉറങ്ങിയുണരുവാൻ
ദിനരാത്രങ്ങൾ എണ്ണുമ്പോൾ
ഓടിക്കളിക്കും മുറ്റവും
ഒറ്റയൊറ്റ മുറികളും നൽകി
കുറ്റമില്ലാത്തൊരു
ജീവിതമുറ്റവർക്കേകുവോർ .
കുതിച്ചും കിതച്ചും
ചുമച്ചും തുപ്പിയും
ദൂഷിത രക്തത്തിൻ
ഭാരവും പേറി
ഒടുവിലീ നടുകൂനി
ഉറ്റവരിലെത്തുമ്പോൾ
പടുജന്മം പ്രാരാബ്ധ
മായി മാറുവോർ .
-@ബിജു ജി നാഥ്
* ഫിൽസ്. UAE നാണയം )
No comments:
Post a Comment