നിമിഷവേഗങ്ങള്‍ക്ക് തീപിടിപ്പിക്കുന്ന വ്രീളാവിവശയാം സന്ധ്യേ !
നിന്നരക്കെട്ടിലെ അരണി കടഞ്ഞിന്ന് ഞാന്‍ ഉന്‍മത്തനാകുന്നുവല്ലോ.
വേദന തിന്നു മരിക്കുവാന്‍ മാത്രമൊരു ജീവിതമില്ലയീ ഭൂവില്‍.
ആഴിയില്‍ വീണുകിടന്നിട്ടെന്തിനായ് കണ്ണീര്‍ പൊഴിക്കുന്നു നമ്മള്‍.?
കാട്ടിലാണന്ന് പിറന്നത് നാമെന്നാല്‍ നാട്ടില്‍ വളരുന്നൂ ചെമ്മേ!
നാട്ടിലാ ജീവിതം എങ്കിലും നമ്മിലാ കാട്ടിന്‍ രീതിയാണല്ലോ.
എത്ര പുരോഗതി കൈവന്നുവെങ്കിലും ചിത്തം പഴയത് തന്നെ.
ഇത്തിരി വെട്ടം അണഞ്ഞുപോയെന്നാലോ ഉള്ളം പുറത്തായിപ്പോകും.
യന്ത്രവും തന്ത്രവും മന്ത്രവും കൊണ്ട് നാം പായുന്നു മുന്നോട്ടു തന്നെ.
ശാസ്ത്രം വികസിച്ചും ദൈവം വികസിച്ചും കാലം മാറുന്നിതെന്നും.
പാല്‍മണം മാറാത്ത കുഞ്ഞാകിലെന്ത്, പടുവൃദ്ധയാണെങ്കിലുമെന്തേ
വീര്യം ശമിപ്പിക്കാന്‍ നേരമതില്ലല്ലോ നേത്രവും ബോധവും നമ്മില്‍.
കൂട്ടത്തിലൊന്നിനെ കൊന്നിടാന്‍ നേരത്ത് ഉള്ളം വിറയ്ക്കുകയില്ല.
കൂട്ടരിലൊന്നിന്‍റെ ചെന്നിണം കണ്ടാല്‍ അന്ധത വന്നീടുമല്ലോ.
എന്തു പറയുവാന്‍ ആധുനികനാമെന്‍റെ ലീലാവിലാസങ്ങള്‍ ഒക്കെ!
എന്തു പറഞ്ഞാലും മാറുവാനാകാത്ത മാനുഷനല്ലയോ ഞാനും .
എത്ര മനോഹരമീ ഭൂവിതെന്നാലും നഷ്ടപ്പെടുത്തുവോര്‍ നമ്മള്‍.
എങ്കിലും ജീവന്‍ കിടക്കുംവരേയ്ക്കും സ്നേഹിച്ചു പോകുന്നുവല്ലോ.
അല്‍പ്പകാലം മാത്രം ജീവിക്കാന്‍ വേണ്ടിയാണിത്ര തിരക്കെന്നിലെന്നും .
ജീവന്‍ കളയുവാന്‍ കഴിയാത്ത മാനുഷര്‍ ജീവനെടുക്കുന്നതെന്തിനാകാം.?
ഒന്നും പറഞ്ഞു സമയം കളയുവാനില്ലയെനിക്കിന്നുമെന്നും പറഞ്ഞിടാം
ഭുജിച്ചും രമിച്ചും മദിച്ചുമീ ഭൂമിയില്‍ എത്ര കാലം കഴിഞ്ഞാലും മനുഷ്യരെ
ഇല്ല സമാധാനം നിങ്ങളാല്‍ മറ്റൊരു ജീവനോ ജീവിതമോ പുഷ്പിക്കും വരേക്കും
പോകണം ഈ ലോകം വിട്ടു നാം നമ്മുടെ പേരിലൊരടയാളം ചാര്‍ത്തി.
@ബിജു ജി നാഥ്
No comments:
Post a Comment