അവസാനത്തെ പെൺകുട്ടി
നാദിയ മുറാദ്
പരിഭാഷ : നിഷാ പുരുഷോത്തമൻ
മഞ്ജുൾ പബ്ലീഷിങ് ഹവ്സ്
വില : ₹ 274.00
കരുത്തുള്ളവർ അതിജീവിക്കും അല്ലാത്തവർ ഓർമ്മയാകും . പ്രകൃതിയുടെ ഈ നിയമം എല്ലാ ജീവജാലങ്ങൾക്കും ബാധകമാണ് . അതിനാൽത്തന്നെയാണ് ഏതാണ്ട് നാനൂറ്റിയമ്പത്തു കോടി വര്ഷത്തോളം പഴക്കമുള്ള ഈ ഭൂമുഖത്തു ഇന്ന് പലതും നാമാവശേഷമായിപ്പോയിട്ടുള്ളത്. ഈ അതിജീവനം രോഗാവസ്ഥയും അതുപോലുള്ള പ്രകൃതി പരീക്ഷണങ്ങളും മൂലം നടക്കുന്നതിൽ നിന്നും വേറിട്ട് മറ്റൊരു തലത്തിൽ കൂടിയുണ്ട് . അത് കരുത്തന്മാരായ സ്വവർഗ്ഗ ജീവികൾക്ക് മുന്നിൽ ദുർബ്ബലരായ ജീവികൾ അടിയറവു പറയുന്നതുപോലെയാണ് . മൃഗങ്ങൾ എപ്പോഴും നായകനായി തിരഞ്ഞെടുക്കുന്നത് കൂട്ടത്തിൽ കരുത്തനെയാണ് . ഒരു കാട്ടിൽഒരു സിംഹം മാത്രമേ ഒരു ഗ്രൂപ്പിന്റെ രാജാവായി ഉണ്ടാകാറുള്ളൂ. ഇതെല്ലാ മൃഗങ്ങൾക്കും ഇങ്ങനെയൊക്കെ തന്നെയാണ് ഏകദേശം . മനുഷ്യരിലും ഇതിനു വലിയ മാറ്റം ഒന്നുമില്ല . കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നതാണ് മനുഷ്യർക്കിടയിലെയും കാര്യം. രാജ്യങ്ങൾ തമ്മിലും മതങ്ങൾ തമ്മിലും ആശയങ്ങൾ തമ്മിലും ഉണ്ടാകുന്ന യുദ്ധങ്ങളിലും സംഘര്ഷങ്ങളിലും ഈ ഒരു കൈയ്യേറ്റം , അധിനിവേശം എന്നും അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള ഒന്നാണ് . മതത്തിന്റെ തേരോട്ടത്തിൽ നഷ്ടപ്പെട്ട ലോക സമാധാനങ്ങളും ജീവിതങ്ങളും മറ്റു വിപ്ലവങ്ങളുടെ ദുരിതങ്ങളുടെ കൂടെ കൂട്ടിനോക്കിയാൽ വലുതാണെന്ന് കാണാം . നൂറ്റാണ്ടുകളായി നടക്കുന്ന നരഹത്യകളും അധിനിവേശങ്ങളും വംശ ഹത്യകളും പരിശോധിച്ചുനോക്കിയാൽ ഈ ശക്തരുടെ കടന്നു കയറ്റത്തിന്റെയും പ്രതിരോധത്തിന്റെയും വേരുകൾ കാണാം.
സമാനതകൾ ഇല്ലാത്ത ക്രൂരതകൾ എന്നൊന്ന് മതത്തെ സംബന്ധിച്ചു ഉണ്ടാകുന്നേയില്ല . അതുകൊണ്ടു തന്നെ നാദിയ മുറാദ് എന്ന യസീദി പെൺകുട്ടിയുടെ കഥ വായിക്കുമ്പോൾ കണ്ണുകൾക്ക് നീറ്റൽ നൽകുന്ന അനുഭവം ജനിക്കുന്നു . ഇറാഖ് എന്നും സംഘർഷങ്ങൾക്ക് മേൽ ജീവിക്കുന്ന ഒരു ഭൂവിഭാഗമാണ് . ഇറാക്ക് മാത്രം എന്ന് പറയുക വയ്യ . മൊസപ്പൊട്ടാമിയൻ ഭൂവിഭാഗം മുഴുവനും സംഘർഷപൂരിതമാണ് എന്നും . അതിനു മനുഷ്യ ചരിത്രത്തിന്റെ മത കാലഘട്ടം തൊട്ടുള്ള വളർച്ചയും ഉണ്ട് . ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ മതം യുദ്ധം ചെയ്യുന്നത് അപരമതത്തിനു എതിരെയാണെങ്കിൽ ഇവിടെ അത് സംഭവിക്കുന്നത് ഒരേ മതത്തിലെ അവാന്തര വിഭാഗങ്ങൾ തമ്മിലാണ് . അത് മതങ്ങളുടെ അവസാനം വരെ നീണ്ടു നിൽക്കുകയും ചെയ്യും. പിടിച്ചെടുക്കലുകൾക്കും അടിച്ചമർത്തലുകൾക്കും എന്നും ബദ്ധ ശ്രദ്ധരായ മനുഷ്യർ തമ്മിൽ നടക്കുന്ന യുദ്ധങ്ങൾക്കിടയിൽ കിട്ടുന്ന ഇടവേളകൾ അവർ തങ്ങളുടെ കണ്ണിലെ കരടുകളെ ഒഴിവാക്കാനാണ് ഉപയോഗിക്കുന്നതെങ്കിൽ എന്താകും സംഭവിക്കുക ? യസീദികൾ എന്ന് പേരായ വിശ്വാസികൾ ഒന്നിച്ചു താമസിക്കുന്ന സിഞ്ചാർ , കൊച്ച തുടങ്ങിയ ഭൂഭാഗങ്ങളിൽ നിന്നും അവരെ തുടച്ചു മാറ്റിക്കൊണ്ട് അതാസ്വദിക്കുക എന്നാണെങ്കിൽ അതെങ്ങനെയിരിക്കും ? തികച്ചും മാനുഷികപരമായ എല്ലാ കാഴ്ചപ്പാടുകളെയും അടച്ചുപിടിച്ചുകൊണ്ടു ഐ സി സ് എന്ന് പേരുള്ള തീവ്രവാദികൾ നടത്തിയ വംശീയ ഹത്യയുടെയും പീഡനങ്ങളുടെയും ജീവിക്കുന്ന തെളിവുകൾ ആണ് നാദിയ മുറാദ് അടക്കമുള്ള യസീദി ജനത . അതിനെക്കുറിച്ചു അവൾ പറയുമ്പോൾ അത് ഏതൊരു കഠിന ഹൃദയമുള്ളവരെയും വേദനിപ്പിച്ചേക്കും . പക്ഷെ അത് വേദനിപ്പിക്കാത്തവരും ഉണ്ട് എന്നതാണ് നാദിയ മുറാദുമാരുടെ ഇന്നത്തെ അവസ്ഥകൾക്ക് പ്രധാന കാരണം .
കൊച്ച എന്ന ഗ്രാമത്തിൽ ജീവിച്ചു പോന്ന നാദിയ മുറാദ് എന്ന യസീദി പെൺകുട്ടിയുടെ ആത്മകഥയാണ് അവസാനത്തെ പെൺകുട്ടി . ഇറാക്കിൽ നടന്ന ആഭ്യന്തര കലാപങ്ങളും തുടർന്നുള്ള അമേരിക്കൻ അധിനിവേശവും സദ്ദാമിൻ്റെ മരണവും കഴിഞ്ഞതോടെ ഇറാക്കിന്റെയും സിറിയയുടെയും ഒക്കെ സ്ഥിഗതികൾ മാറിക്കഴിഞ്ഞിരുന്നു . അമേരിക്കൻ സൈന്യം പിന്മാറിയതോടെ ഇസ്‌ലാം സുന്നി മത വിഭാഗക്കാരുടെ ഇടയിലെ തീവ്ര മത ചിന്തകർ ഇസ്‌ലാമിക ലോകം എന്ന ആഗ്രഹവും ഖലീഫാ അധികാരവും ലക്ഷ്യമിട്ടു ഇറാക്കിലും സിറിയയിലും ഒക്കെ പിടി മുറുക്കാൻ തുടങ്ങി . ഈ സമയത്തു അവർ പ്രധാനമായും ലക്ഷ്യമിട്ടത് ആ പ്രദേശങ്ങളിൽ ഉള്ള അമുസ്ലീങ്ങൾ ആയിട്ടുള്ള എല്ലാവരെയും മതം മാറ്റുകയോ നാടുകടത്തുകയോ ഉന്മൂലനം ചെയ്യുകയോ ചെയ്യുക എന്നുള്ളതായിരുന്നു . ഇതിനെ തുടർന്ന് ഷിയാക്കൾ ആയിട്ടുള്ള മുസ്ലീങ്ങളും ക്രിസ്ത്യൻ മത വിശ്വാസികളും അവിടെ നിന്നും രക്ഷപ്പെട്ടു പോവുകയോ മാറ്റിപാർപ്പിക്കപ്പെടുകയോ ഉണ്ടായി . എന്നാൽ ഇവരിൽ നിന്നൊക്കെ വേറിട്ട് , ഈ തീവ്ര ചിന്താഗതിക്കാർ ലക്ഷ്യമിട്ട പ്രധാന ശത്രുക്കൾ യസീദികൾ എന്ന് വിളിക്കുന്ന ജനത്തെയാണ് . അവരുടെ അഭിപ്രായത്തിൽ ഇവർ നാസ്തികരും ദുര്മന്ത്രവാദികളും ഒക്കെയായിരുന്നു . ഇതിനെ തുടർന്ന് അവർ സിഞ്ചാർ എന്ന ഭാഗത്തും കൊച്ച യിലും മറ്റുമായി യസീദികളെ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ ആക്രമണം തുടങ്ങി . സിഞ്ചാറിൽ നിന്നും അവർ സ്ത്രീകളെയും കുട്ടികളെയും പിടിച്ചുകൊണ്ടു പോകുകയും ലൈംഗിക അടിമകളാക്കുകയും ചെയ്തതിനു പുറമെ പുരുഷന്മാരെ എല്ലാം കൊന്നൊടുക്കുകയും ചെയ്തു . അവരിൽ നിന്നും രക്ഷപ്പെട്ടു പോയവർ മലനിരകളിൽ അനാഥ ജന്മങ്ങളായി മരണത്തിനും ജീവിതത്തിനും ഇടയിൽ പകച്ചു ജീവിച്ചു . ഇതേ സമയം കൊച്ച എന്ന ഗ്രാമത്തിൽ നാദിയായുടെ ഗ്രാമത്തിലും ഐസിസ് ഭീകരർ എത്തിച്ചേർന്നു . ഗ്രാമത്തെ മൊത്തം അവർ വളഞ്ഞു വയ്ക്കുകയും ഇസ്‌ലാം ആയാൽ അവിടെത്തന്നെ ജീവിക്കാം അല്ലെങ്കിൽ കാട്ടിലേക്ക് രക്ഷപ്പെടാൻ അനുവദിക്കാം എന്നുള്ള വാഗ്ദാനം നടത്തി . യസീദികളാരും തന്നെ അതിനു തയ്യാറായില്ല എന്ന് കണ്ടപ്പോൾ അവരിലെ പുരുഷന്മാരെ മുഴുവൻ സ്ത്രീകളിൽ നിന്നും അകറ്റി നിർത്തുകയും അവരെ വാഹനങ്ങളിൽ കയറ്റിക്കൊണ്ടു പോയി ഗുഹ്യരോമം വന്നിട്ടില്ലാത്ത കുട്ടികൾ ഒഴികെയുള്ളവരെയെല്ലാം വെടിവച്ച് കൊല്ലുകയും ചെയ്തു. തുടർന്ന് അവർ സ്ത്രീകളെ വിവാഹം കഴിഞ്ഞവരും പ്രായമായവരും ചെറുപ്പക്കാരുമായ ഗ്രൂപ്പുകൾ ആയി തരംതിരിക്കുകയും ചെറുപ്പക്കാരായ എല്ലാ സ്ത്രീകളെയും തീവ്രവാദികളായ ചെറുപ്പക്കാർക്ക് ലൈംഗിക അടിമകൾ ആയി സമ്മാനിക്കാൻ വേണ്ടി കൊണ്ട് പോകുകയും ചെയ്തു. വളരെ തയ്യാറെടുപ്പോടെ ആയിരുന്നവരുടെ ഈ തരംതിരിക്കൽ . മതം പറഞ്ഞതനുസരിച്ചു അടിമസ്ത്രീയെ എന്തും ചെയ്യാനുള്ള അധികാരം ഉടമയ്ക്കുണ്ടെങ്കിലും അതിൽ വിവാഹിതകൾ ആണെങ്കിൽ അവരെ കുറച്ചു ദിവസം താമസിപ്പിച്ച ശേഷമേ ലൈംഗിക കാര്യങ്ങൾക്ക് ഉപയോഗിക്കാവൂ എന്ന അവരുടെ നിയമം പാലിച്ചതിനാൽ ആണ് കുറച്ചു പേർക്ക് അവിടെ തങ്ങേണ്ടി വന്നത് . മുതിർന്ന സ്ത്രീകളെ, ലൈംഗികമായി ഉപയോഗിക്കാൻ കഴിയാത്തവരെ വെടിവച്ചു കൊല്ലുകയും ചെയ്തു . നാദിയ അടക്കമുള്ള ചെറിയ പെൺകുട്ടികളെ തീവ്രവാദികൾ , നിയമജ്ഞർ തുടങ്ങിയ സുന്നികൾ ആയ ഐസിസ് അനുകൂലികൾ ആയ പുരുഷന്മാർക്ക് വില പറഞ്ഞും മൂല്യം നോക്കിയും പിടിച്ചു കൊണ്ട് പോകാൻ ഉള്ള അടിമ വസ്തുക്കൾ ആയി മാറി . അവരെ കോടതിയിൽ ഹാജരാക്കി മുസ്‌ലിം മതത്തിലേക്ക് മാറ്റുന്ന സൂക്തങ്ങൾ ചൊല്ലിച്ചു വില കൊടുത്ത് വാങ്ങിയവരുടെ അടിമയായി അംഗീകാരം നേടിയെടുക്കന്നതോടെ പീഡനം തുടങ്ങുകയായി . ലൈംഗികമായ എല്ലാ വൈകൃതങ്ങളും കുട്ടികൾ മുതൽ മുതിർന്നവർ ആയ എല്ലാവരും അനുഭവിക്കുകയുണ്ടായി . രക്ഷപ്പെട്ടു പോകാൻ ശ്രമിക്കുന്നവരെ കാത്തിരുന്നത് ക്രൂരമായ പീഡനങ്ങളും കൂട്ട ബലാത്സംഗങ്ങളും ആയിരുന്നു . ചുരുങ്ങിയ സമയത്തിനിടയ്ക്കു എത്ര പുരുഷന്മാരുടെ ആക്രമണങ്ങൾക്കാണ് നാദിയ പോലും ഇരയായത് . ചുറ്റും കാണുന്ന മനുഷ്യർ ആരും തന്നെ അവരെ സഹായിക്കാൻ ഉണ്ടായിരുന്നില്ല . കാരണം അവരൊക്കെയും സുന്നികൾ ആയിരുന്നു ഇവരോ യസീദികളും .
ഒടുവിൽ സാഹസികമായി രക്ഷപ്പെട്ട നാദിയയെ രക്ഷപ്പെടുത്തിയതും തിരികെ ഉറ്റവരുടെ അടുത്തു വരെ എത്തിക്കാൻ ജീവഭയം ഇല്ലാതെ വന്നതും ഒരു സുന്നിയായ മുസ്ളീം തന്നെയായിരുന്നു എന്നവൾ ഓർക്കുന്നു . തുടർന്നവൾ വഴിയാണ് ഈ ഭീകരത ലോകം മുഴുവൻ അറിയുന്നതും വംശ ഹത്യ എന്ന വസ്തുത ലോകം സമ്മതിക്കുന്നതും . നാദിയ ഒന്നേ പറയുന്നുള്ളൂ തങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ചവർ തീവ്ര വാദികൾ ആകാം . പക്ഷെ അവർക്കെതിരെ ഒരു വിരൽ കൊണ്ട് പോലും പ്രതിഷേധം രേഖപ്പെടുത്താതെ അവരെ അംഗീകരിച്ചും തങ്ങളെ അപമാനിക്കാൻ വിടുകയും ചെയ്തവർ കൂടി ശിക്ഷാര്ഹരാണ് എന്നതാണ് . ഒരു സമൂഹത്തെ അവരുടെ വിശ്വാസം കൊണ്ട് മാത്രം അടിമകൾ ആക്കി പീഡിപ്പിച്ചും കൊന്നൊടുക്കിയും ലോകത്തു സമാധാനം കൊണ്ട് വരാൻ ആഗ്രഹിക്കുന്ന ഒരു മതത്തെ നോക്കി ഇരകൾ ആയ ആയിരക്കണക്കിന് യസീദികൾ ലോകമൊട്ടാകെ ഇരുന്നു ഒരേ സ്വരത്തിൽ അപലപിക്കുന്നു . എന്നാൽ ലോകമൊട്ടാകെയുള്ള മറ്റു മനുഷ്യരാകട്ടെ യസീദികൾക്കൊപ്പം കഷ്ടം വയ്ക്കുമ്പോഴും, തങ്ങളുടെ വിശ്വാസ പ്രമാണത്തിന്റെ കാവലാളുകളെ തള്ളിപ്പറയാൻ തയ്യാറാവുന്നില്ല . കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്നൊരു ഒഴുക്കൻ ഭാവം കടമെടുക്കുന്ന അവർ , തങ്ങൾ കൂടി വിശ്വസിക്കുന്ന സംഹിത നടപ്പിൽ വരുത്തുന്നവരെ എങ്ങനെ തള്ളിപ്പറയുമെന്നോർത്താണ് ശ്വാസം മുട്ടുന്നത് .
ആൻ ഫ്രാൻകിന്റെ ഡയറിക്കുറിപ്പുകൾ പോലെ നാദിയായുടെ ഓർമ്മക്കുറിപ്പുകളും ചരിത്രത്തിന്റെ ഭാഗമാണ് . മനുഷ്യകുലത്തിന്റെ നെറികേടുകളുടെ സാക്ഷ്യം . മതം കാലങ്ങളായി തുടരുന്ന വെട്ടിപ്പിടിക്കലുകളുടെ നേർക്കാഴ്ച . ചരിത്രം ഇനിയും പലയിടങ്ങളിലും ആവർത്തിക്കപ്പെടുമായിരിക്കാം . കാരണം മതം അത്ര പെട്ടെന്നൊന്നും ഇല്ലാതാകുന്നില്ലല്ലോ
ബിജു.ജി.നാഥ്
No comments:
Post a Comment