Friday, April 16, 2021

ഹ്യൂൻസാങിൻ്റെ ഭാരത പര്യടനം .... വിവർത്തനം. പി.കെ.ബി.നായർ

ഹ്യൂൻസാങ്ങിൻ്റെ ഭാരത പര്യടനം
വിവർത്തനം: പി.കെ.ബി.നായർ
നാഷണൽ ബുക്ക് ട്രസ്റ്റ് (2000)
വില: 9.00 രൂപ



യാത്രാവിവരണങ്ങൾ ഒരു തെളിവാണ്. ഒരു വ്യക്തി ജീവിച്ചിരുന്ന കാലഘട്ടത്തിൻ്റെ നേർ ചിത്രവും, ആ കാലഘട്ടത്തിന് മുമ്പുള്ള ചരിത്രത്തിൻ്റെ വായ് മൊഴികളും ചേർന്നതാണ് ശരിയായ യാത്രാവിവരണങ്ങൾ എല്ലാം തന്നെ. ഇന്നും യാത്രാവിവരണങ്ങൾ സാഹിത്യ ശാഖയിൽ നിറയെ ഉണ്ട്. ഇപ്പോൾ കൂടുതൽ മികവാർന്ന സാങ്കേതിക വിദ്യകൾ കൈവശം ഉണ്ട്. അതിനാൽത്തന്നെ നിജസ്ഥിതികളെ ദൃശ്യവത്കരിക്കാനും സാധിക്കും. എന്നാൽ നൂറ്റാണ്ടുകൾക്ക് മുമ്പ് അവ സാധ്യമായിരുന്നില്ല. വേണ്ട വിധത്തിൽ എഴുതി വയ്ക്കാൻ പോലും സംവിധാനമില്ലാത്ത ഒരു കാലത്താണത് എഴുതിയിരുന്നത്. അപ്പോൾ , അവയെ വായിക്കുമ്പോൾ ആ പോരായ്മകൾ , അന്നത്തെ ചിന്താഗതികൾ മുതലായവ കൂടി മനസ്സിലാക്കേണ്ടതുണ്ട്. 

ബുദ്ധമതത്തെക്കുറിച്ച് പഠിക്കുന്നതിനായി, ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് വന്ന ഒരു പണ്ഡിതനാണ് ഹ്യൂൻസാങ് . പതിമ്മൂന്നു കൊല്ലം ഇന്ത്യയിലെ പലയിടങ്ങളിൽ സഞ്ചരിക്കുകയും നളന്ദ എന്ന വിഖ്യാത സർവ്വകലാശാലയിൽ പഠനവും ചർച്ചകളും നടത്തുകയും ചെയ്ത ഒരാൾ എന്ന നിലക്ക് ആ യാത്രക്കുറിപ്പുകൾ വളരെ പ്രാധാന്യമുള്ളതാണ്. ഹർഷൻ്റെ കാലഘട്ടത്തിലെ ഇന്ത്യയാണ് ഹ്യൂൻസാങ് കണ്ടത്. ആ കാലഘട്ടത്തിൽ ചൈനയിൽ നിന്നും ഇന്ത്യയിലേക്കു വരാൻ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളും മറ്റും വളരെ കൗതുകകരമായ വായനാനുഭവങ്ങൾ ആണ്. അതുപോലെ  സ്വർണ്ണവും വെള്ളിയും പുസ്തകങ്ങളും മറ്റു വിശുദ്ധാവശിഷ്ടങ്ങളും മറ്റുമായി ഹർഷൻ യാത്രയാക്കിയ ഒരു പ്രധാനിയായി ഹ്യുൻസാങ്ങിനെ വായിക്കുമ്പോൾ അതിഥികളെ ഭാരതം സ്വീകരിച്ച കാഴ്ച തികച്ചും സന്തോഷകരമായ ഒന്നാണ്. 

ഇത്തരം വായനകൾ കൂടുതൽ അറിവും സന്തോഷവും നല്കുന്നു. സസ്നേഹം ബിജു.ജി.നാഥ്

Saturday, April 10, 2021

ചാര്‍വാകന് ജന്‍മദിനാശംസകളോടെ ...-

 ചാര്‍വാകന് ജന്‍മദിനാശംസകളോടെ ...-

-------------------------------------------------
ചക്രവാളത്തില്‍ തെളിഞ്ഞു നില്‍ക്കുന്നോരീ 
ഒറ്റ നക്ഷത്രമേ നിന്റെ നാമം 
എത്ര ശോഭനം കാവ്യമണ്ഡലം തന്നില്‍ 
എന്നുമുണ്ടാകും ശോഭ മങ്ങാതെ.
എത്ര തീക്കാറ്റുകള്‍ നിന്നെ കടന്നുപോയ് 
എത്ര കല്ലുകള്‍ നിന്നില്‍ തറഞ്ഞുപോയ് 
മുനയൊടിഞ്ഞ ശരങ്ങളില്‍ നിന്നൊരു 
മുറിവുപോലും ഉണ്ടായതില്ലെങ്കിലും 
പൊടിയും വേദന താന്‍ നിണത്താല്‍ 
എഴുതിയെത്ര മോഹന കാവ്യങ്ങള്‍!
കണ്ടു നിന്നെ ഞാന്‍ എത്ര വേദികളില്‍ 
കണ്ടു നിന്നെത്ര വിസ്മയത്തോടെന്നും 
ഓര്‍ത്ത് നീ ചൊല്ലും കവിതകള്‍ കേട്ടു ഞാന്‍ 
കൌതുകത്തോടെ ഹൃദയത്തില്‍ ചേര്‍ത്തു
ജെസ്സിയും കീഴാളനും പിന്നെത്ര 
കറുത്ത കവിതകള്‍ നീ തന്നുവെങ്കിലും 
ഓര്‍ക്കുവാന്‍ , ഒന്നു നെഞ്ചോട് ചേര്‍ക്കുവാന്‍ 
ആഢ്യമൌനങ്ങള്‍ ബധിരത പാലിക്കവേ 
കണ്ടു നിന്നെ ഞാന്‍ നെഞ്ചു വിരിച്ചിവിടെ 
കാവ്യ വീതിയില്‍ ഒറ്റ നക്ഷത്രമായ് 
ഇഷ്ട കവിയുടെ ജന്‍മദിനമെന്നറിയെ 
ഓര്‍ത്ത് ഞാനീവക കാര്യങ്ങളൊക്കെയും 
നേര്‍ന്ന് പോകട്ടെ ഞാനുമീ സായന്തന
വീഥിയില്‍ നൂറു പൌര്‍ണമി രാവുകള്‍ 
ചേര്‍ത്തു വയ്ക്കുന്നു ഹൃത്തോട് ഞാന്‍ കവേ 
നിന്നെ ആത്മമിത്രമായ് മണ്ണോട് തീരും വരെ .
@ബിജു ജി നാഥ് 

Friday, April 9, 2021

ഭാഷ, കവിത, സംസ്കാരം

ഭാഷ, കവിത, സംസ്കാരം 
..................................................
ഇനിയെൻ്റെ വരികളിൽ മൈരെന്നു കണ്ടാൽ
പറയരുതാരുമീ മൈരനെന്താ .
മുടിയെന്ന് നമ്മൾ പറഞ്ഞു പഴകിയ
തമിഴിലെ വാക്കാണതെന്നറിക.
പറിയെന്ന് ഞാനെഴുതീട്ടില്ലൊരിക്കലും
പൂറെന്ന് പറയാൻ ശ്രമിച്ചുമില്ല.
മുലയെന്നും യോനീന്നുമെഴുതിയ കാലത്ത്
പഴി കുറെ കേട്ടതാണീയിടത്തിൽ.
ആധുനികം എന്ന് വാഴ്ത്തിയ മാളോർ,
പച്ചയ്ക്ക് പറയുന്ന കവിതയെന്നാർത്തവർ,
കേട്ടാൽ അറയ്ക്കുന്ന തെറിയെന്ന് ചൊല്ലിയോർ
വായിച്ചു ചൊല്ലിയ പുതുകാല കവിതകൾ.
നിറയെ കണ്ടു ഞാനാ വരികളെങ്കിലും 
കേട്ടില്ല തെറിയെന്നതിനെയൊരിക്കലും.
നോക്കി ഞാനാ മുഖങ്ങൾ !  ഇവരല്ലോ
എന്നെ കുരിശിൽ തറച്ചതന്നാ വരികൾ കാൺകെ.
കണ്ടു ഞാനത്ഭുതം കൂറി നിന്നൂ പിന്നെ,
ഒന്നും പറയാതെ മൗനിയായി. 
കേട്ടു ഞാൻ ദേവീ മഹാത്മ്യങ്ങൾ ചൊല്ലുന്ന
വാക്കിൽ നിറയെ തുളുമ്പുന്നംഗ വർണ്ണന.
സംസ്കൃതമെന്നോർത്തു പുളകിതനായന്ന്
സംസ്കാരശൂന്യനാകാൻ വയ്യന്നു കരുതി.
ഉത്തമ ഗീതങ്ങൾ കണ്ടു പുളകിതൻ
ഉന്മത്തനായി രതിവർണ്ണന കണ്ടു ഞാൻ
ഭാഷ പലതായാൽ ഉണ്ട് ഗുണമതിൽ
തെറ്റെന്ന വാക്കതിൽ ഉണ്ടാവതില്ലല്ലോ.
പച്ചമലയാളം പറയാൻ മറന്ന ഞാൻ
പച്ചക്ക് പറയുന്ന ഇടവും മറന്നവൻ
ഉച്ചക്ക് നിറുകയിൽ നെല്ലിക്ക തളവുമായി
ഒറ്റക്ക് നിന്നിതാ ചൊല്ലുന്നു പരിഭവം.
ഭാഷയ്ക്ക് മാത്രമാണീ പല ചേലുകൾ
ഭാഷ്യം ചമയ്ക്കുന്നോർ ആരെന്നതും കാര്യം.
ചുമ്മാ പറഞ്ഞാലും സാരമില്ലായതിൽ
കവിതയെന്നുള്ളോരു തലക്കെട്ട് മതിയാകും.
കവിതയ്ക്കു മാത്രമായൊരു ഭാഷയില്ലല്ലോ
കഥകൾക്ക് മാത്രമായൊരു ഭാഷയില്ലല്ലോ
കേൾക്കുന്നവൻ തൻ്റെ ചിന്താവലിപ്പത്തിൽ
കോറിയിട്ടുള്ളാെരറിവാണ് സംസ്കാരം .
...@ബിജു.ജി.നാഥ്

ആമേൻ (ആത്മകഥ )..... സിസ്റ്റർ ജസ്മി



ആമേന്‍ (ആത്മകഥ )
സിസ്റ്റര്‍ ജസ്മി 
ഡി സി ബുക്സ് (2009)
വില : ₹ 100.00

 "നിത്യവ്രതം ചെയ്ത സിസ്റ്റേഴ്സിന് മഠത്തിൽ എല്ലാ ആവശ്യങ്ങളും ലഭ്യമാണ്. ലോകത്തിലെ എല്ലാ കഷ്ടപ്പാടുകളിൽ നിന്നും വിമുക്തരായതിനാൽ അനുഗ്രഹീതരായിരുന്നു ഞങ്ങൾ. 'നോഹയുടെ പേടക'ത്തിൽ എന്നപോലെ സുരക്ഷിതരായി ജീവിച്ചിരുന്ന ഞങ്ങൾ ഒരു തരത്തിൽ അംബാനിയേക്കാളും ബിൽ ഗേറ്റ്സിനെക്കാളും സമ്പന്നരാണ്. ചിലവേറിയ ചികിത്സ നടത്തുന്ന ഒരു രോഗി പണത്തേക്കുറിച്ചുള്ള ടെൻഷൻ അനുഭവിക്കും എന്ന സ്വാഭാവിക സഹനം പോലും ഞങ്ങളുടെ ജീവിത കഥയിൽ ഒരിക്കലും ഉണ്ടാകാറില്ല". (സിസ്റ്റർ ജസ്മി. ആമേൻ)


മതം മനുഷ്യ സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിനും സാമൂഹ്യ ജീവിതത്തിനും എത്രത്തോളം മനുഷ്യത്വഹീനമായ ഒരു വിലങ്ങുതടിയാണെന്നത്  മനുഷ്യനറിയില്ല എന്നതാണു അതിലെ ഏറ്റവും വലിയ തമാശ . ദൈവത്തിന്റെ അടിമയാണ് മനുഷ്യര്‍ എന്നും, ദൈവഭയം ഉണ്ടാകണം എന്നും പഠിപ്പിക്കുന്ന എല്ലാ മതസാരങ്ങളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മനുഷ്യരെ ചിലരുടെ അടിമയും ഇരയുമാക്കി കാലങ്ങളായി ഭൂമിയില്‍ വിലസുന്നുണ്ട് . മനുഷ്യര്‍ കണ്ടുപിടിച്ച വസ്തുക്കളില്‍ ഏറ്റവും ഭയാനകമായതെന്ത് എന്നൊരു അന്വേഷണം നടത്തുകയാണെങ്കില്‍ തീര്‍ച്ചയായും അവ വൈറസുകളോ നൂക്ലിയര്‍ ബോംബുകളോ ഒന്നുമല്ലന്നും അത് ദൈവം മാത്രമാണെന്നും പറയാനാണ് എനിക്കു തോന്നുക . ഈ ഒരു കാഴ്ചപ്പാട് ഉണ്ടാകാന്‍ പ്രത്യേകിച്ചൊരു കാരണം മാത്രം എടുക്കാന്‍ ഇല്ല . ചുറ്റും നൂറ്റാണ്ടുകള്‍ ആയി ജീവിച്ച് മരിച്ച, ഇനിയും ജനിക്കാനിരിക്കുന്ന എല്ലാവർക്കും അനുഭവവേദ്യമാകുകയും അവര്‍ അതിനെ അംഗീകരിക്കാനോ മനസ്സിലാക്കാനോ ശ്രമിക്കാത്തതുമായ ഒരു സംഗതിയാണ് അതെന്ന് ഞാന്‍ കരുതുന്നു . മതത്തിന്റെ പീഡനങ്ങള്‍ ഓരോ ഭൂഖണ്ഡങ്ങളിലും ഓരോ വിധത്തില്‍ ആയിരുന്നു എന്നു കാണാം. ഭാരത സംസ്കാരം ആണ് ഏറ്റവും പഴയത് എന്ന അറിവൊക്കെ മാറിക്കഴിഞ്ഞിരിക്കുന്നു . ആഫ്രിക്കയുടെ ഇരുണ്ട വനാന്തരങ്ങളില്‍ നിന്നും മനുഷ്യര്‍ ഏതൊക്കെ ഭൂമികയില്‍ സഞ്ചരിച്ചിരുന്നു എന്നും അവര്‍ മൊസപ്പൊട്ടാമിയയില്‍ ഒരു പരിഷ്കൃത ജനതയായി തുടക്കമിടുകയും സിന്ധു താഴ്വരയില്‍ അതിന്റെ തുടര്‍ച്ചയുണ്ടാകുകയും ചെയ്തു എന്നും ഒക്കെ നരവംശശാസ്ത്രം പഠനം തുടരുന്നു. പക്ഷേ സെമിറ്റന്‍ മതങ്ങളും സൈന്ധവമതങ്ങളും മനുഷ്യരെ പല രീതിയില്‍ ഉപദ്രവിക്കാന്‍ തുടങ്ങിയത് എന്നാണെന്ന് ശരിയായ കണക്കുകള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. ഒരിടത്ത് ജാതിയുടെയും വര്‍ഗ്ഗത്തിന്റെയും പീഡനങ്ങള്‍ ആയിരുന്നുവെങ്കില്‍ മറിടത്ത് ഏക ദൈവത്തിന്റെ നിലനില്‍പ്പിനു വേണ്ടിയായിരുന്നു പീഡനങ്ങള്‍ മുഴുവന്‍ സംഭവിച്ചത് എന്നു കാണാം. രണ്ടിടത്തും സ്ഥായിയായ ഒരു ഒരുമ ഉള്ളത് സ്ത്രീകള്‍ക്ക് നേരെയാണ് . ചവിട്ടടിയില്‍ മെരുക്കിനിര്‍ത്താന്‍ എല്ലായിടത്തും ഒരു വ്യഗ്രത, ഒരു മത്സരം നടന്നിരുന്നു എന്നു കാണാം.  വിഷയം ആത്മകഥയാണല്ലോ. ഇവിടെ ആത്മകഥകൾക്കു പ്രത്യേകതകൾ വരുന്നത് അവർ പ്രതിനിധാനം ചെയ്യുന്ന തലങ്ങൾ അനുസരിച്ചാണ് . പമ്മൻ ആത്മകഥയെഴുതുമ്പോൾ രതിയുടെ നിഗൂഢതലങ്ങളെ പ്രതീക്ഷിച്ചു വായനക്കാരൻ അതിലേക്ക് ഊളിയിടുന്നത് പോലെ ഓരോ മനുഷ്യർക്കും ഒരു ഉടുപ്പ് വായനക്കാർ തയ്പ്പിച്ചു വച്ചിട്ടുണ്ട് . അവരെ വായിക്കാൻ അവർക്കതു അത്യാവശ്യമാണുതാനും . അടുത്ത കാലത്ത് വായിച്ച ആത്മകഥകളിൽ ചിലത് പ്രത്യേകം ഓർക്കുന്നു . മാധവിക്കുട്ടി , വിജയമല്ലിക , നളിനി ജമീല , ഉമാ പ്രേമൻ, അഷറഫ് താമരശ്ശേരി , മഹാത്മാഗാന്ധി , ഗെയിൽ ട്രേഡ് വെൽ , എച്ച്മുകുട്ടി , അയാൻ ഹിർസി അലി , ജെറീന തുടങ്ങി ഒരുപാട് പേരുടെ ആത്മകഥകൾ വായിക്കപ്പെടുകയുണ്ടായിരുന്നു . ഇവയെല്ലാം ഓരോ വിധത്തിൽ പ്രസിദ്ധങ്ങൾ ആയിരുന്നു എന്നും കാണാം. ഇവയിൽ ഞാൻ പരാമർശിക്കാതെ പോയ രണ്ടു പേരുകളാണ് സിസ്റ്റർ ജസ്മിയും സിസ്റ്റർ മേരിചാണ്ടിയും. ഇവർ എങ്ങനെ വ്യത്യസ്തപ്പെട്ടിരിക്കുന്നു എന്നൊരു ചിന്ത വന്നേക്കാം . മുകളിൽ പറഞ്ഞ പേരുകളിൽ അയാൻ ഹിർസി അലി , ഗെയിൽ ട്രേഡ് വെൽ തുടങ്ങിയവർ എങ്ങനെ മതവുമായി ബന്ധപ്പെട്ടിരിക്കുന്നുവോ അതുപോലെയാണ് ഇവരും എന്നത് തന്നെ . മതവുമായി ബന്ധപ്പെട്ടതായതുകൊണ്ടു തന്നെ വിഷയത്തിന് ഇത്ര പ്രാധാന്യം നൽകേണ്ടതുണ്ടോ എന്നൊരു ചിന്ത ഉയരുന്നത് മതത്തിന്റെ കീഴിൽ നിൽക്കുന്ന വിധേയത്വ ചിന്തയിൽ വിള്ളൽ വീഴരുതെന്ന ഒരു കരുതലായി മാത്രം കരുതണം.


സിസ്റ്റർ ജസ്മി എന്ന വിദ്യാസമ്പന്നയായ സ്ത്രീയുടെ ജീവിതത്തിന്റെ സിംഹഭാഗവും കടന്നുപോയത് കന്യാസ്ത്രീ ജീവിതത്തിലൂടെയാണ് . സഭയുടെ കീഴിൽ പഠിച്ചു നല്ല മാർക്കോടെ ഉയരങ്ങൾ കീഴടക്കി ഒരു കോളേജിന്റെ പ്രിൻസിപ്പൽ പദവി വരെ ഉയരുകയും അവിടെനിന്നും ഒടുവിൽ കണ്ണുനീരോടെ സഭ വിട്ടു കൊണ്ട് സാധാരണ മനുഷ്യരുടെ യഥാർത്ഥ ജീവിതത്തിലേക്ക് തിരികെ വരികയും ചെയ്ത സിസ്റ്റർ ജസ്മിയുടെ കഥ അവർ തന്നെ പറയുന്നതാണ് ആമേൻ എന്ന പുസ്തകം . ഈ പുസ്തകം വായിക്കുന്നവരുടെ മനസ്സിലേക്ക് കടന്നു വരുന്ന ചിത്രങ്ങൾ ഒന്നടുക്കിപ്പെറുക്കിച്ചു നോക്കിയാൽ ഇത്രയാകും ഉണ്ടാകുക . വിദ്യാഭ്യാസം ഉണ്ടെങ്കിലും ലോക പരിചയമോ , സ്വന്തം കഴിവുകളിൽ വേണ്ടത്ര കഴിവും ആത്മവിശ്വാസവും ധൈര്യവും ഇല്ലാത്ത ഒരു സ്ത്രീ. മതത്തിന്റെ കടുത്ത ചങ്ങലയിൽ ബന്ധിതയും ഭയചകിതയും ആണവൾ . സ്വന്തം സ്വത്വത്തേക്കാൾ അവൾ മതം ,സമൂഹം തുടങ്ങിയവയുടെ കരുതലുകളെ വളരെ ഭയത്തോടും ബഹുമാനത്തോടും അനുസരിക്കാൻ മാത്രം ശീലിച്ചവൾ . എല്ലാ സഹനങ്ങൾക്കും ഒടുവിൽ ഒരു പൊട്ടിത്തെറി പോലെ ആ സമൂഹത്തിൽ നിന്നും പുറത്തേക്കു വരുന്നു . ഇവിടെ സിസ്റ്റർ ജെസ്മി സഭയിൽ തനിക്കുണ്ടായിരുന്ന സ്ഥാനമാനങ്ങളും മറ്റും മാത്രമാണ് വിട്ടു പോകുന്നത് , മതമോ വിശ്വാസങ്ങളോ അല്ല എന്നത് പ്രത്യേകിച്ചും ഓർക്കേണ്ടതുണ്ട് . അവർ ഇപ്പോഴും ഒരു ക്രിസ്തുമത വിശ്വാസി തന്നെയാണ് . അതങ്ങനെ അല്ലാതിരിക്കാൻ അവർക്കു പ്രത്യേകിച്ചും കാരണങ്ങൾ ഒന്നുംതന്നെ ഇല്ല . അവരെ അലോസരപ്പെടുത്തിയ സംഗതികളിൽ നിന്നും അവർ പുറത്തു വരേണ്ട കാലത്തു പുറത്തു വന്നിട്ടുമില്ല . ഇന്നത്തെ മീ ടൂ ക്യാമ്പൈനികളിൽ പറയുന്ന സംഗതികളിൽ പലതും അവരുടെ ജീവിതത്തിൽ സംഭവിച്ചിട്ടും അവർ അതിനെതിരെയോ അത് തുറന്നുകാട്ടി പരസ്യ വിചാരണകൾക്കോ പുറപ്പെടുന്നുമില്ല . താനിങ്ങനെയൊക്കെ അനുഭവിച്ചിട്ടുണ്ട് എന്നത് പറയുന്നതിനപ്പുറം ഇതൊക്കെ എതിർക്കപ്പെടേണ്ടതാണെന്ന ഒരു ബോധമോ അത്തരം ഒരു പ്രവർത്തിയോ അവർ പിൽക്കാലത്തു തനിക്ക് കിട്ടിയ അധികാരത്തിൽ ഇരുന്നും ചെയ്തിട്ടില്ല എന്നു കാണാം. ഇതിനു കാരണം അമിതമതബോധവും അത് നൽകുന്ന ഭയവും തന്നെയാണ് . ചിലതു മാത്രം പരിശോധിക്കാം .


സഹപ്രവർത്തകയായ, അമിത ലൈംഗികാസക്തിയുള്ള കന്യാസ്ത്രീയോടുള്ള അനുകമ്പയും സമൂഹത്തോടുള്ള അവരുടെ ദേഷ്യവും( അവരുടെ ലെസ്ബിയൻ ഇരയായ കുട്ടി പോയതും, ജസ്മി അവരുടെ പ്രണയം നിരസിച്ചതും മൂലമുള്ള) മാറ്റിയെടുക്കാൻ വേണ്ടി അവരുടെ ലൈംഗികാവശ്യങ്ങൾ സാധിച്ചുകൊടുക്കാൻ സ്വന്തം ശരീരം വിട്ടുകൊടുക്കുന്ന സിസ്റ്റർ ജസ്മി അവരെ തടയുകയോ അവരിൽ നിന്നും രക്ഷ നേടുകയോ അല്ല ചെയ്യുന്നത് മറിച്ച് അധികാരികളുടെയും സഹപ്രവർത്തകരുടെയും അഭിപ്രായത്തിനു വഴങ്ങി സ്വയം ശരീരം വിട്ടുകൊടുക്കുന്നതായാണ് കാണുന്നത് അവർ അവിടെ നിന്നും പോകും വരെ . മറ്റൊന്ന് അന്യ സ്ഥലത്തു വച്ച് ഒരു ഫാദർ മാത്രമുള്ള മുറിയിൽ അയാൾക്കൊപ്പം സമയം ചെലവഴിക്കുമ്പോൾ അയാളുടെ ആവശ്യപ്രകാരം സ്വന്തം നഗ്നത കാട്ടിക്കൊടുക്കുകയും അയാൾ അവരുടെ മുന്നിൽ നിന്ന് സ്വയം നഗ്നത വെളിപ്പെടുത്തുകയും സ്വയം ഭോഗം ചെയ്യുകയും ചെയ്യുമ്പോൾ അതിൽ ഒരു വിമുഖതയും കാണിക്കാതിരിക്കുകയും നിഷ്കളങ്കതയുടെ മുഖാവരണം അണിയുകയും ചെയ്യുന്നതാണ് . ഇനി ഒന്നുകൂടി പ്രധാനമായും പറയാനുള്ളത് ക്യാപ്പിറ്റേഷൻ ഫീയുടെ അഴിമതികൾക്ക് എതിരായി ഉള്ളിൽ നിന്നും സംസാരിക്കുകയും പിന്നീട് അതിന്റെ ഭാഗമായ പ്രവർത്തനങ്ങളിൽ പരോക്ഷമോ ചെറിയൊരു ഭാഗമോ ആയി ഇരിക്കേണ്ടി വരുമ്പോൾ അതിനെ പാടെ ഉപേക്ഷിക്കാൻ വേണ്ട ശക്തമായ നടപടികൾ എടുക്കാൻ തയ്യാറാകാതിരിക്കുന്നതാണ് . ശക്തമായ നടപടികൾ എടുക്കേണ്ട അവസരങ്ങളിൽ ഒന്നും തന്നെ പ്രവർത്തിക്കാതിരിക്കുകയും തന്റെ ആരോഗ്യം സംബന്ധിച്ചു ഒരു അസുരക്ഷിതത്വം വന്നപ്പോൾ മാനസികമായ ഒരു രോഗാവസ്ഥയിലേക്ക് തന്നെ സഭ തള്ളിവിടും എന്ന അവസ്ഥ വന്നപ്പോൾ രക്ഷപ്പെടുകയും ചെയ്യാൻ ശ്രമിച്ചു എന്നത് മാത്രമാണ് നിർണ്ണായകമായ ഒരു നടപടിയായി സിസ്റ്റർ ജസ്മി ചെയ്തതായി ഈ പുസ്തകം വെളിവാക്കുന്നത് . പിന്നെ ഉള്ളവയൊക്കെ അവർക്ക് തന്റെ ഔദ്യോഗിക ജീവിതത്തിലും മഠത്തിലും ഉണ്ടായ അനുഭവങ്ങളിൽ അവർ ചെയ്ത നല്ല കാര്യങ്ങളുടെ വിവരണം മാത്രമാണ് . ഒപ്പം സ്ത്രീ സഹജമായ കാഴ്ചകളുടെ ഏകപക്ഷീയതകളും .
ഇവയൊന്നും തന്നെ കന്യാസ്ത്രീ മഠങ്ങളുടെ ഉള്ളിലെ യാഥാർത്ഥവും, എല്ലാ വസ്തുതകളും പുറത്തു പറഞ്ഞു എന്നുമല്ല . കാരണം ഇതിൽ പറയാത്തതും അനുഭവിക്കാത്തതുമായ ഒരുപാട് കാര്യങ്ങൾ ഈ പുസ്തകത്തിനു ശേഷം പരസ്യമായതാണ് . അറിയപ്പെടാതെ പോയ എത്രയോ അനാഥ ജന്മങ്ങൾക്കും, ആത്മഹത്യകൾക്കും, സ്വയം ആരോടും പറയാതെ എരിഞ്ഞടങ്ങിയ ജീവിതങ്ങൾക്കും കന്യാസ്ത്രീ മഠങ്ങൾ കാലാകാലമായി കാരണമാകുന്നുണ്ട് എന്നത് നിഷേധിക്കാൻ കഴിയാത്ത ഒരു സത്യമാണ് . സിസ്റ്റർ ജസ്മി മഞ്ഞുമലയുടെ മുകൾഭാഗം മാത്രമാണ് . അതുപോലും പൂർണ്ണമല്ല എന്നാണു മനസ്സിലാക്കാൻ കഴിയുന്നത് . ഇനിയും പുറത്തു വരേണ്ട ഒരുപാട് ആത്മകഥകൾക്കു ഒരു പക്ഷെ ഈ പുസ്തകം ഒരു ഊർജ്ജമായി എങ്കിൽ മാത്രമേ ഈ പുസ്തകത്തിന് അതിന്റെ ധർമ്മം പാലിക്കാൻ കഴിഞ്ഞു എന്ന് വിശ്വസിക്കാൻ ആകൂ .
ആശംസകളോടെ ബി.ജി.എൻ വർക്കല


Wednesday, April 7, 2021

വൃഥാ വിലാപം

വൃഥാവിലാപം
.........................
എൻ്റെ ഹൃദയമേ
എൻ്റെ ഹൃദയമേ
എന്ന് നിലവിളിക്കുന്നതെന്തിന് നീ!
നിൻ്റെ ഹൃദയം 
നിന്നെ വിട്ടു പോയതറിയുക നീ.
എൻ്റെ പ്രണയമേ
എൻ്റെ പ്രണയമേ
എന്ന് കരയുവതെന്തിന് നീ?
നിൻ്റെ പ്രണയം
മറ്റൊരാളുടെ പ്രണയമാണെന്നറിയുക നീ.
എൻ്റെ ജീവിതമേ
എൻ്റെ ജീവിതമേ
എന്ന് നെടുവീർപ്പിടുന്നതെന്തിന് നീ .
നിൻ്റെ ജീവിതം!
അതെന്നേ നിനക്ക് നഷ്ടമായതാകുന്നു.
എൻ്റെ മരണമേ
എൻ്റെ മരണമേ
എന്ന് പ്രതീക്ഷിക്കുന്നതെന്തിന് നീ
നിൻ്റെ മരണം
അതിൻ്റെ പാതയിലെവിടെയോ ആകുന്നു.
.... ബി.ജി.എൻ വർക്കല

Monday, April 5, 2021

ചുവന്നതാണ് .. ചുവപ്പിച്ചതല്ല.

ചുവന്നതാണ്. ചുവപ്പിച്ചതല്ല.
.....................................................

വിടരാൻ കൊതിച്ചിരുന്നതല്ല
തല്ലലിൽ വിടർന്നതാണ്.
ചുവക്കണമെന്ന് കരുതിയതല്ല.
ചുവന്നു പോകും വിധം നൊന്തിട്ടാണ്.
മണ്ണൊപ്പം പതുങ്ങി നോക്കി
മിണ്ടാപ്രാണിവേഷം കെട്ടി
അന്ധമെന്ന് ഭാവം നടിച്ചു
അറിയില്ലെന്ന് ഭാഷ്യം ചമച്ചു.
വേദനിക്കാതെയിരിക്കാൻ മാത്രം
വേലിയിറമ്പിൽ ഒളിച്ചു ജീവിച്ചു.
എന്നിട്ടും....
മൊട്ടിടും മുന്നേ തേടി വന്നു.
വിടരും മുന്നേ വലിച്ചിളക്കി
ചോര പടർന്നപ്പോൾ ചുവന്നു പോയി.
ഇനിയീ ചുവപ്പ് ഒളിപ്പിക്കുന്നതെങ്ങനെ.?
പടർന്നു പകർന്നു പോകട്ടെ.
ചുവപ്പിൻ്റെ കാഴ്ചയിൽ ഭയം വിരിയട്ടെ.
ഇനിയും ചുവക്കാതിരിക്കാൻ 
ഈ ചുവപ്പിന് വേദന പകർന്നുകൊണ്ട്
കൂട്ടമായി മുഷ്ടിയുയർത്താം.
ഒരുമിച്ച് ശബ്ദമുയർത്താം.
ചുവപ്പിൻ്റെ രീതിശാസ്ത്രം ചരിത്രമാണ്.
ചരിത്രം വഴികാട്ടിയും.!
ഇനിയും ചുവക്കാതിരിക്കാൻ 
ഈ ചുവന്ന കടൽ ഒന്നാെഴുകി പരന്നെങ്കിൽ...'
@ബിജു.ജി.നാഥ്

Saturday, April 3, 2021

ഋഗ്വേദം, അഥർവ്വവേദം

ഋഗ്വേദം, അഥർവ്വ വേദം.
പരിഭാഷ: വി.ബാലകൃഷ്ണൻ, ആർ ലീലാദേവി.

വായിക്കുമ്പോൾ എല്ലാം വായിക്കണം എന്നാണ്. 
പുരാണങ്ങളും വായിക്കാതെ വിമർശിക്കാനാകില്ലല്ലോ. ഇക്കാരണത്താലാണ് ബൈബിൾ, ഖുറാൻ, ഗീത, രാമായണം, മഹാഭാരതം , ചതുർവ്വേദങ്ങൾ , മനുസ്മൃതി ഒക്കെ വായിക്കാൻ ശ്രമിച്ചത്. ബൈബിളും ഖുറാനും വായിച്ചു കഴിഞ്ഞപ്പോൾ ചിരിക്കാതിരിക്കാൻ മറ്റുകാരണങ്ങൾ ഒന്നും കിട്ടിയില്ല. ഒരു പക്ഷേ ഏറ്റവും കൂടുതൽ മനസ്സ് തുറന്ന് വായിച്ചതും ഇവ രണ്ടുമായിരുന്നു. ചർച്ചകളിൽ എത്തുമ്പോൾ വായിച്ചിട്ട് ( പഠിച്ചിട്ട് ) വിമർശിക്കൂ എന്ന വാക്കുകൾ ഒരു പാട് കേട്ടതിനാലാണ് ഒരുപാട് വട്ടം വായിക്കേണ്ടി വന്നത്. പിന്നെ മനുസ്മൃതി വായിച്ചു. അതിലെ കാഴ്ചപ്പാടുകൾക്ക് ഖുറാനും ബൈബിളും മുന്നിൽ വയ്ക്കുന്ന കാഴ്ചപ്പാടുകളുമായുള്ള സാദൃശ്യങ്ങൾ ഇവ മൂന്നും ഒരേ ഭൂവിഭാഗത്തിലെ ജനതയുടെ ചിന്തയുമായി ബന്ധമുണ്ട് എന്ന അറിവ് നല്കാൻ സാധിച്ചു. വേദങ്ങളുടെ മഹത്വവത്കരണ ഗീർവ്വാണങ്ങൾ കേട്ടു തളർന്നപ്പോഴാണ് ഗീത, മഹാഭാരതം, രാമായണം ഇവ മാത്രമല്ല വായിക്കേണ്ടത് എന്ന തോന്നൽ ഉണ്ടായത്. ഒടുവിൽ തിരഞ്ഞുപിടിച്ച് കണ്ടെത്തിയത് ഋഗ് വേദവും അഥർവ്വവേദവും. രണ്ടും വായിച്ചതിൽ നിന്നും മനസ്സിലായ ഒരു കാര്യം മാത്രം പറയാം. ഋഗ്വേദം എന്നത് ഇന്ദ്രൻ, അഗ്നി, വായു, ജലം, ഭൂമി, അശ്വിനി ദേവന്മാർ എന്നിവരെ സ്തുതിച്ചും സോമരസം കുടിച്ചു പ്രസാദിക്കാൻ കേണു പറഞ്ഞും ധനം, ഗോക്കൾ തുടങ്ങിയ സമൃദ്ധികൾ ആവശ്യപ്പെടുന്ന സ്തുതി വിലാപങ്ങൾ ആണ്. അഥർവ്വവേദം എന്നത് ദേവാംശമില്ലാത്ത രാക്ഷസ ഭാവങ്ങളെയും പ്രകൃതി,ഔഷധങ്ങളെയും പരിചയപ്പെടുത്തലും പുകഴ്ത്തലും ആണ്. ഇവ എന്ത് ധാർമ്മിക മൂല്യമാണ് മനുഷ്യ സമൂഹത്തിന് നല്കുന്നത് എന്നതറിയില്ല. ഇവയെ പുകഴ്ത്തി, ഇവയിലുണ്ട് എന്ന് സമർത്ഥിക്കുന്നതും എന്തെന്നറിയില്ല. ഋഗ്വേദം ചരിത്ര പഠനം നടത്തുന്നവർക്ക് ഇന്ദ്രൻ എന്ത് എന്നും അയാൾടെ സ്ഥാനവും പ്രവർത്തിയും എന്തായിരുന്നെന്നും പഠിക്കാൻ അവസരം നല്കുന്നുണ്ട്. വൃത്താസുരൻ എന്നൊരു അസുരനെ ക്രൂരമായി കൈകാൽ അരിഞ്ഞും വെള്ളത്തിൽ മുക്കിയും കൊന്നതിൻ്റെയും അയാളെ രക്ഷിക്കാൻ ശ്രമിച്ച മാതാവിനെക്കൂടി ആ നദിയിൽ താഴ്ത്തിയതിൻ്റെയും കഥകൾ പലയിടത്തായാവർത്തിക്കുന്നുണ്ട്. നദിയിലും സമുദ്രത്തിലും അടിയിൽ സൂക്ഷിക്കപ്പെടുന്ന ദുഷ്ടരുടെ മൃതശരീര ദൃഷ്ടാന്തം സിമിറ്റിക് മത കഥകളിലും ഉള്ളതാണല്ലോ. ചുരുക്കത്തിൽ , സമയം കളയാനുള്ള ഒരു വൃഥാ വ്യായാമം എന്നതിനപ്പുറം ഒന്നും നല്കുന്നില്ല മത ഗ്രന്ഥങ്ങളുടെ വായനകൾ. മറ്റൊരു വിഥത്തിൽ പറഞ്ഞാൽ, ഒരു കാലഘട്ടത്തെയും വിശ്വാസ,ചിന്തകളെയും സാമൂഹ്യക്രമത്തെയും, അറിവുകളെയും കുറിച്ചറിയാൻ നല്ല വായനയാണ് ഈ പൗരാണിക ഗ്രന്ഥങ്ങൾ . ഓർത്ത് ചിരിക്കാൻ നല്ലൊരു ഔഷധവും.
സസ്നേഹം ബിജു.ജി.നാഥ്

Thursday, April 1, 2021

ഞാനാര്?

ഞാനാര്?
................

എൻ്റെ കുഴി മൂടും മുന്നേ 
നിൻ്റെ റോസാപ്പൂവെൻ നെഞ്ചിൽ വയ്ക്കണം.
അയ്യപ്പൻ പറഞ്ഞ പോലെ
എങ്കിലേ ആ കുഴി മൂടപ്പെടുകയുള്ളു.
അല്ലങ്കിലും ഞാനെന്നെ വിറ്റു കഴിഞ്ഞല്ലോ.
കീറി മുറിക്കപ്പെട്ട ശരീരവുമായി
ഏതൊക്കെയോ കുട്ടികൾ പഠിക്കുന്ന കോർപസ്.
എനിക്ക് പേരുണ്ടാകില്ല അന്ന്.
ഡിസഷൻ ടേബിളിലെ വെറും സബ്ജക്ട്.
കവിത എഴുതാത്ത,
പ്രണയം പറയാത്ത,
കാമം തൊട്ടു തീണ്ടാത്ത
ഒരു നഗ്നശരീരം
വരണം..
നിങ്ങൾക്കന്ന് എന്നോട് എന്തും ചോദിക്കാം.
ഞാൻ  പ്രതികരിക്കുന്നില്ല എന്ന ഓപ്ഷൻ ഉപയോഗിക്കാം.
നിങ്ങൾക്കെന്തും ചോദിക്കാം.
എന്നാലും വഴിമാറിക്കൊടുക്കുക.
ഒരു വെളുത്ത റോസാപ്പൂവുമായി
അവൾ കാത്തു നിൽക്കുന്നുണ്ടാകും 
വരിയിലെ ഏറ്റവും പിന്നിൽ
മിഴികളിൽ കത്തുന്ന ക്രൗര്യവുമായി .
അവൾക്ക് മാത്രമേ അറിയൂ
ഞാൻ എന്താണ് എന്ന്. 
അവൾക്ക് മാത്രമേ അറിയൂ
ഞാനാരെന്ന്. 
അവൾ വരാതെ
ആ റോസാപ്പൂവ് കിട്ടാതെ
എന്നെ മറവു ചെയ്യുന്നതെങ്ങനെ?
@ബിജു. ജി. നാഥ്