ഭരണഘടനയെ അറിയാൻ (പഠനം).
ഡോ. എ. സുഹൃത് കുമാർ
ചിന്ത പബ്ലീഷേഴ്സ് 2019
വില : ₹ 140.00
ഓരോ മനുഷ്യനും എന്താണ് വായിക്കേണ്ടത് എന്ന് അവനെ കണ്ടീഷൻ ചെയ്തെടുക്കുന്ന ഒരു സമൂഹമാണ് മനുഷ്യസമൂഹം. വഴികാട്ടികൾ എന്നും അഭ്യുദയകാംക്ഷികൾ എന്നും പല പേരുകളിൽ അവർ ഉണ്ടാകും . വായന എന്നാൽ സ്വതന്ത്രവും മുൻവിധികൾ ഇല്ലാത്തവയും ആകണം എന്നാണ് കരുതുന്നത്. എഴുത്തുകാരെ മനസ്സിൽ കണ്ടു കൊണ്ട് ഒരിക്കലും വായിക്കരുത്. അവ വായനയുടെ ഗതിയെ പാടെ മാറ്റിക്കളയും. അത്തരം അവസ്ഥ ഉണ്ടാക്കുന്ന വേളയിൽ വായന മടക്കി വയ്ക്കുകയും മറ്റൊന്ന് വായിക്കാനെടുക്കുകയും ആണ് പതിവ്. ചില പുസ്തകങ്ങൾ ഒരു വട്ടം വായിച്ചാൽ ഉള്ളിൽ തടയുന്ന ആകാശമാകില്ല ഒന്നിൽക്കൂടുതൽ തവണ വായിക്കുന്നതു കൊണ്ട് കിട്ടുക. അതും എഴുത്തിന്റെ സൗന്ദര്യമാണ്. ചിലവ എത്ര തന്നെ തിരിച്ചും മറിച്ചും വായിച്ചാലും ഒരു കാഴ്ച മാത്രമേ കിട്ടുകയുള്ളൂ.
കുട്ടിക്കാലത്ത് വായിക്കാൻ എടുക്കുന്ന ഏതു പുസ്തകത്തിലും കിട്ടുന്നത് ദൈവങ്ങളുടെ മഹത്വവും ശത്രുസംഹാര ന്യായീകരണങ്ങളുമാണ്. അവ മാത്രവുമല്ല മനുഷ്യത്വത്തിന്റെ മഹനീയ ഗുണങ്ങൾ എങ്ങനെ ഉണ്ടാക്കണം എന്ന് പഠിപ്പിക്കുന്ന സാരോപദേശകഥകൾക്കൊക്കെ സമാനതകൾ ഉണ്ടു താനും. ഒരിടത്ത് മുന്നിൽ നിൽക്കുന്ന ശത്രു ആരാണ് എന്ന് നോക്കരുത് കൊന്നു കളഞ്ഞേണം എന്ന് ഉപദേശിക്കുകയും അത് ധർമ്മമെന്ന് പഠിപ്പിക്കുകയും ചെയ്യുന്ന കഥകൾ. ജനങ്ങളെ എന്തിന് തട്ടുകളായി തരം തിരിച്ച് സമൂഹം സൃഷ്ടിച്ചു എന്നു വിവരിച്ചുകൊണ്ട് ജനിച്ച തട്ടിൽ അത് തന്നെ അഭിമാനം എന്നു കരുതി ജീവിക്കാൻ ഉപദേശം നല്കുന്ന വായനകൾ. ഒപ്പം ചക്കര പുരട്ടിയ , ലോകം മുഴുവൻ തറവാട് എല്ലാവരും സുഖമായിരിക്കട്ടെ എന്നാണ് പാഠം എന്ന വ്യാഖ്യാനങ്ങൾ. ഇനിയൊരു വശത്ത് എന്താണ് സ്നേഹം എന്നും അയല്ക്കാരനെ സ്നേഹിക്കുന്ന നല്ല സമരിയാക്കാരന്റെ കഥ പറഞ്ഞു കൊണ്ടു ആളെക്കൂട്ടുന്ന കെട്ടുകഥകളുടെ ഭാണ്ഡം. ജനിച്ചിട്ടില്ലാത്ത ദൈവത്തിന്റെ അത്ഭുത സന്താന വിശേഷവും വാഴ്ത്തലുകളും മറ്റൊരിടത്താകട്ടെ പൂച്ച ഉറങ്ങുന്നത് കണ്ട് അത്ര ഭാഗം മുറിച്ചു പുതപ്പുമായി മടങ്ങുന്ന കാരുണ്യവാരിധിയെ അവതരിപ്പിക്കുന്ന കഥകൾക്ക് ഇല്ലാത്ത ദൈവത്തിന്റെ വല്ലാത്ത വെല്ലുവിളികളും ശാസ്ത്രത്തെ വരെ ഉൾപ്പെടുത്തിയതെന്ന് വിശദീകരിച്ചു ലോകാവസാനം വരെയെന്ന് സ്വയം പറയുകയും എഴുത്തുകാരന്റെ ഭാര്യമാരെ ഉപദേശിച്ചും ശത്രുക്കളെ തെറി വിളിച്ചും കൂടെ നില്ക്കുന്ന നന്മ ദൈവത്തിന്റെ ഗാഥകൾ.
കുട്ടിക്കാലം ഇത്തരം അബദ്ധവായനകളുടെ അടിസ്ഥാനമിടുന്നതിനാലാണ് സമൂഹം സങ്കുചിതവും അപക്വവുമായ ഒരു തലം നിലനിർത്തുന്നത്. ഇന്ത്യൻ സമൂഹത്തിന് ഇന്നാവശ്യം ഓരോ പൗരനും ആരെന്നും എന്തെന്നും തിരിച്ചറിയാനും പ്രതികരിക്കാനുമുള്ള കഴിവാണ്. അറിവാണ്. പക്ഷേ അതവന് അറിയില്ല. ഈ ഒരു വസ്തുത മുതലെടുത്താണ് ഇവിടെ ജാതികളും മതങ്ങളും രാഷ്ട്രീയവും ചേർന്ന് അവരുടെ അജണ്ടകൾ നടപ്പാക്കുന്നത്. ഇത് ഒഴിവാക്കാൻ ഒരേയൊരു വഴി കുട്ടിക്കാലത്ത് മത ഗ്രന്ഥങ്ങളും പ്രത്യയശാസ്ത്രങ്ങളും പഠിപ്പിക്കാൻ മുതിരാതെ കുട്ടികളെ ഭരണഘടന പഠിപ്പിക്കുക എന്നതാണ്. താൻ ജീവിക്കുന്ന ഇടത്തെക്കുറിച്ചും തനിക്കുള്ള ശക്തിയും സാധ്യതകളും ജീവിക്കേണ്ട /പെരുമാറേണ്ട കാര്യങ്ങളും മനസ്സിലാക്കാനും മാന്യമായി സമൂഹത്തിൽ ജീവിക്കാനും ഓരോരുത്തർക്കും കഴിയും. ഈ ഒരു അറിവ് മുന്നിൽ വച്ചു കൊണ്ടാണ് 'ഡോ. എ. സുഹൃത് കുമാർ', "ഭരണഘടനയെ അറിയാൻ" എന്ന പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. എന്താണ് ഇന്ത്യൻ ഭരണഘടനയെന്നും അതിന്റെ പിന്നിൽ പ്രവർത്തിച്ചവർ ആരൊക്കെയെന്നും അതിൽ പ്രതിപാദിച്ചിരിക്കുന്നത് എന്തൊക്കെയെന്നുമുള്ള ഒരു പഠനം ആണിത്. ഈ പുസ്തകം ഒരു വിധത്തിൽ പറഞ്ഞാൽ ഇന്ത്യൻ ഭരണഘടനയുടെ വായനയെ പ്രോത്സാഹിപ്പിക്കുന്ന ഒരു വഴികാട്ടിയെന്നു പറയാം. തികച്ചും സമയോചിതമായ ഒരു ഓർമ്മപ്പെടുത്തലാണീ പുസ്തകം. വായനയുടെ ആവശ്യകത മാത്രമല്ല എന്താണ് നാം വായിക്കേണ്ടതെന്നതിന് ഒരു ദിശാബോധം കൂടിയാണ് ഇത്തരം വായനകൾ നല്കുക. ആശംസകളോടെ ബിജു.ജി.നാഥ് വർക്കല
No comments:
Post a Comment