കലയുടെ കവിതകൾ
കല സാവിത്രി.
കറന്റ് ബുക്സ്
വില: ₹150.00
കവിതയുടെ കാലം അങ്ങനെയൊന്നുണ്ടോ? മനുഷ്യരുടെ ജീവിതം കലയോട് ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. പരിണാമത്തിലെ മനുഷ്യ മസ്തിഷ്ക വികാസത്തിന്റെ കാലം തൊട്ട് കല മനുഷ്യനൊപ്പമുണ്ട്. അതിന്റെ പ്രാകൃത രൂപംതൊട്ട് ആധുനിക രൂപം വരെ മനസ്സുകളുടെ ആനന്ദത്തിന്റെ വിവിധങ്ങളായ രസച്ചരടുകൾ പിണഞ്ഞു കിടപ്പുണ്ട്. കവിതയെ വാമൊഴികളിൽ നിന്നും വരമൊഴികളിലേക്കു പകർത്തുവാൻ വേണ്ടിയാകണം ഭാഷപോലും ഉത്ഭവിച്ചതെന്ന് വിശ്വസിക്കാനാണ് താത്പര്യവും. കവിതയെ ആയിരുന്നു ആദ്യം മനുഷ്യർ ആസ്വദിച്ചു പോന്നത് എന്നും കരുതുന്നു. ഇതിഹാസങ്ങൾ കാവ്യങ്ങൾ ആയിരുന്നല്ലോ. ആംഗലേയ സാഹിത്യത്തിൽ നിന്നും കടലു കടന്നു വന്നതധികവും ആദ്യകാലത്ത് കവിതകൾ ആയിരിക്കണം. അവയിലെ സത്തകളെ ഉൾക്കൊണ്ടു കൊണ്ടാണ് കഥകളും നോവലുകളും നാടകങ്ങളും സംഭവിച്ചിട്ടുണ്ടാകുക. മലയാള സാഹിത്യത്തിൽ തൊട്ടപ്പുറത്തെ തമിഴ് സാഹിത്യം മുതൽ വിവിധങ്ങളായ ഭാഷയിലെ വിവിധങ്ങളായ കവിതകൾ പരിചിതമാണ്. ഈ വസ്തുതയ്ക്ക് ഇന്ന് ഏറ്റവും നല്ല ഉദാഹരണം സോഷ്യൽ മീഡിയ തന്നെ. അന്യഭാഷകളിൽ നിന്നും കവിതകളെ സ്വന്തം പേരിൽ അവതരിപ്പിക്കുന്ന ഒരു പാട് എസ്റ്റാബ്ലിഷ്ഡ് കവികൾ ഉണ്ടവിടെ. ഒര് പ്രശസ്ത എഴുത്തുകാരി ഉറുദുവിൽ നിന്നും ഗസലുകളിൽ നിന്നും നല്ല വരികൾ ചുരണ്ടിയെടുത്തു പ്രണയവരികൾ കുറിക്കുന്ന കാഴ്ച ഭാഷയുടെ സാധ്യതകൾ കവിതയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനു ഉദാഹരണമായി കാണാവുന്നതാണ്.
എഴുത്തുകാരി, നിരൂപക, കവയിത്രി എന്നീ നിലകളിൽ അറിയപ്പെടുന്ന "കല സാവിത്രി" യുടെ ചെറുതും വലുതുമായ 100കവിതകളുടെ സമാഹാരമാണ് "കലയുടെ കവിതകൾ" എന്ന പുസ്തകം. പ്രഭാവർമ്മയുടെ അവതാരികയും, സതീഷ് ബാബു പയ്യന്നൂരിന്റെ ആസ്വാദനവും പ്രശാന്ത് നാരായണന്റെ പഠനവും ഉൾക്കൊള്ളിച്ച ഈ പുസ്തകം ഒറ്റവാക്കിൽ പറയുകയാണെങ്കിൽ ഒറ്റ വായനക്ക് ഉതകുന്ന ഒരു പുസ്തകം ആയി കണക്കാക്കാം.
" ഞാൻ കടന്നു വന്ന വഴികളിലെ ഇരുട്ടാണ് എന്നെ വായന എന്ന ചൂട്ടുകറ്റ ചുറ്റിച്ച് നടക്കാൻ പ്രേരിപ്പിച്ചത് " എന്ന എഴുത്തുകാരിയുടെ മുഖവുരയിൽ കവിതകളിലേക്ക് കടക്കാൻ തുടങ്ങുന്നു. ഒരു പാട് വായനകൾ ഉള്ള ഒരാൾ എന്നത് നിരൂപക എന്ന മേൽവിലാസം കൊണ്ട് മനസ്സിലാക്കാൻ കഴിയുന്നതാണല്ലോ. അധ്യാപികയും, പ്രാസംഗികയും ആയ എഴുത്തുകാരി കളം എന്ന കലാ സ്ഥാപനത്തിന്റെ എംഡിയും. അതിന്റെ ചീഫ് എഡിറ്റർ കൂടിയാണ്. പ്രശസ്തമായ തിരുവരങ്ങിന്റെ ഇപ്പഴത്തെ സെക്രട്ടറിയും. മാത്രമല്ല 200 ൽ പരം കവിതകൾ, പഠനങ്ങൾ, വ്യാഖ്യാനങ്ങൾ എന്നിവ ചെയ്തിട്ടുണ്ട്. പ്രഗത്ഭമതിയായ ഒരെഴുത്തുകാരിയുടെ കവിതകൾക്ക് ഒരു പാട് പഠിപ്പിക്കാൻ കഴിയും എന്നൊരു ധാരണ ആമുഖവും അവതാരികയും നല്കുന്നു. പഠനവും ആസ്വാദനവും കൂടിയാകുമ്പോൾ നല്ലൊരു വിരുന്നു തന്നെ വായനക്കാരൻ പ്രതീക്ഷിക്കുക സ്വാഭാവികം .
കവിതകൾ ഭൂരിഭാഗവും ഗദ്യകവിതകൾ ആണിതിൽ. കാമ്പുള്ള കവിതകൾ എന്നു പറയാനാകുന്നത് നാലുവരി, രണ്ടു വരി കവിതകൾക്ക് മാത്രമാണ്. പലപ്പോഴും അവയും പറച്ചിലുകളായി നില്ക്കുന്നുണ്ട്. കവിയിൽ സാംസ്‌കാരിക സാമൂഹിക പരിവർത്തനങ്ങൾക്കപ്പുറം മാമൂലുകളാടുള്ള വിധേയത്വം നിറഞ്ഞിരിക്കുന്നു എന്ന തോന്നലുണ്ടാകുന്നുണ്ട് ചിലപ്പോൾ. "ഓരോ പെണ്ണും ആമയായി വേണം ജനിക്കുവാൻ " എന്ന് കവി ആവശ്യപ്പെടുന്നത് ഈ ഒരു കാഴ്ചയെ ശരിവയ്ക്കുന്നു. "കൈകളും തലയും തന്നിലേക്ക് ആഴ്ത്തി സ്വയം കൂടും കുടയുമാകണം" എന്ന് കവി പറയുന്നത് അതിനാലാകണമല്ലോ. കവിതകൾ ഒക്കെയും ഗദ്യരൂപം ആണെന്ന് ആദ്യമേ പറയുകയുണ്ടായല്ലോ. അവയ്ക്കൊപ്പം പറയാനുള്ളത് കവിതകൾ ഒക്കെ ആത്മഗതങ്ങളും പ്രസ്ഥാവനകളും ചോദ്യങ്ങളുമാണ് എന്നതാണ്. പ്രകൃതിയോടും മനുഷ്യനോടും ചേർന്നു നില്ക്കുന്ന വരികളാണ് മിക്കതും. കവിത്വം തുളുമ്പുന്നതാണ് കവിത എന്നിക്കാലത്ത് ആർക്കും വാശിയുണ്ടാകില്ല. എങ്കിലും വായനക്ക് ഒരീണം കവിത ആവശ്യപ്പെടുന്നില്ല എങ്കിൽ കവിതയാണത് എന്നു പറയാനാവില്ല. നല്ലൊരു സംഗീതജ്ഞന്റെ കൈയ്യിൽ ഏതു വരികളും കവിതയാകാം. പക്ഷേ സാധാരണക്കാരായ വായനക്കാർക്കതിന് നേരമുണ്ടായി എന്നു വരില്ല. വായിച്ചു പോകാം എന്നതിനപ്പുറം അത്തരം കവിതകളെ വായനക്കാർ സ്വീകരിക്കില്ല.
"ഒരേ വശത്തിരുന്നു
ഒരേ കാഴ്ചകൾ കണ്ട്
യാത്ര തുടരാനാവില്ല " ( യാത്ര) എന്ന കവിത വാക്യം പോലെ ചിന്തോദ്ദീപകങ്ങളായ കുറച്ച സംഭവങ്ങൾ കവി നല്കുന്നുണ്ട്.
'' ഇല്ല മർത്യാ വന്നവതരിക്കില്ല
മാനുഷരൂപം പൂണ്ടൊരു ദൈവവും.
ചില്ലുകൂട്ടിലും ശ്രീകോവിലിനുള്ളിലും
വിശ്രമത്തിലാണാ കഥാപാത്രങ്ങൾ " ( ഘാതകർ )
"ഒരില അടരുമ്പോൾ പോലും
നെഞ്ചു പൊടിയുന്ന മാമരം
മുഴുവനിലകളും കൊഴിച്ച്
ശിശിരത്തിനോടൈക്യപ്പെടുന്നുണ്ട് പലപ്പോഴും "
" ചത്ത മീനിന്റെ കണ്ണിൽ പോലും
സൗന്ദര്യം കാണും എഴുത്തുകാർ
ജീവിച്ചിരിക്കുന്ന മനുഷ്യന്റെ കണ്ണിലെ
നോവ് കാണാതെ പോകുന്നതെന്തേ?"
തുടങ്ങിയ ചില ചെറിയ വലിയ വരികൾ കവിതകൾക്ക് ഉള്ളിൽ നിറയുന്നതിനാലാകണം പൂർണ്ണമായും തള്ളിക്കളയാനാവാത്ത വിധം ഈ പുസ്തകം വായനക്ക് പ്രേരിപ്പിക്കുന്നത്. പൊതുവേ വിരസങ്ങൾ അല്ല കവിതകൾ. പക്ഷേ വായനക്ക് സുഖം ലഭിക്കുന്ന പൊടിക്കൈകൾ ഉപേക്ഷിക്കപ്പെട്ട കവിതകൾ തങ്ങളുടെ ഗംഭീരതയെ ഒരു സുഗന്ധവും, അലങ്കാരങ്ങളും കൊണ്ട് തിളക്കമുള്ളതാക്കാതെ നിലനിർത്തുന്ന രീതിയാണ് കവി അനുവർത്തിച്ചിരിക്കുന്നത്. ഭാഷയുടെ ശുദ്ധിയും, പുസ്തകത്തിന്റെ അച്ചടിയും മനോഹരവും കുറവുകൾ ഇല്ലാത്തവയും ആണ്. ആശംസകളോടെ ബിജു.ജി.നാഥ് വർക്കല.
No comments:
Post a Comment