ആകാശയാനം
.........................
മുടിക്കെട്ടിയ ആകാശത്തിലേക്ക്,
ഒരു യാനം പറന്നുയരുന്നു.
ജീവിതത്തെയും മരണത്തെയും
ഒരുപോലത് ഉമ്മ വയ്ക്കുന്നു
ചിറകുകൾ വിടർത്തിയുല്ലസിച്ചും,
കാറ്റിന്റെ കൈകളിൽ ഊയലാടിയും,
ഗതിവിഗതികളിൽ കണ്ണയക്കാതെ
വിഹായസ്സിന്റെ ശൂന്യതയിലേക്ക്.
മേഘങ്ങൾ വെളുത്തിട്ടും കറുത്തിട്ടും,
പർവ്വതങ്ങളേക്കാൾ ഉയരമായിട്ടും,
കീറി മുറിച്ചു കടന്നു പോകുവാൻ
മടിയേതുമില്ലാത്തൊരന്ധനെപ്പോൽ!.
പച്ചയോ ചാരമോ, നിറമേതായാലും
അടങ്ങാത്ത ദാഹമൊളിപ്പിച്ചു താഴെ
ഉടുവസ്ത്രമഴിച്ചു കിടക്കുമാഴിയെ
നിസംഗതയോടെ അവഗണിച്ചും
നീലക്കടൽ പോൽ പരന്നുകിടക്കും
മേലേ വാനിലേക്കലിഞ്ഞു ചേരാൻ
കൊതിയോടെ പായുന്നേകനായ്
യാത്രക്കാരില്ലാത്തൊരു വാനയാനം.
...... ബി.ജി.എൻ വർക്കല
യാത്രക്കാരില്ലാത്തൊരു വാന യാനം ലക്ഷ്യം െവെക്കുന്നത് അതിരുകൾ ഇല്ലാത്ത ലോകത്തേക്കാണ്.
ReplyDelete