Sunday, January 26, 2020

ഗോ' സ് ഓൺ കൺട്രി..........നവീൻ എസ്

'ഗോ' സ് ഓൺ കൺട്രി. (കഥകൾ)
നവീൻ എസ്
കൈരളി ബുക്സ് (2018)
വില: ₹ 110.00

കഥകൾ കേൾക്കാത്ത മനുഷ്യരില്ല. കഥകൾ ഇഷ്ടപ്പെടാത്തവരും. ഓർമ്മകളുടെ ശവകുടീരങ്ങളിൽ എത്രയോ കഥകൾ വെളിച്ചം കാണാതെ ഉറഞ്ഞു കിടപ്പുണ്ടാകും! എഴുതിയ കഥകൾക്കുമപ്പുറം എഴുതപ്പെടാത്ത കഥകൾക്ക് വായനക്കാർ കാത്തിരിക്കുന്ന ലോകമാണിത്. നിറയെ കുഞ്ഞു കഥകളുമായി ഒരു കഥാപുസ്തകം കൈകളിൽ എത്തപ്പെടുമ്പോൾ, ഈ നൂറു പേജുകൾ എന്താണ് നല്കാൻ പോകുന്നതെന്ന ആകാംഷയാണ് മുന്നിൽ നിന്നത്. വായിച്ചു തുടക്കിയപ്പോഴാകട്ടെ അധികം ബൗദ്ധിക സാഹസങ്ങൾക്ക് ഇടം കൊടുക്കാതെ രസച്ചരട് പൊട്ടാതെ ഒരു വായന സമ്മാനിച്ചു ഈ പുസ്തകം. 
നവീൻ .എസ് എന്ന എഴുത്തുകാരന്റെ രണ്ടാമത്തെ പുസ്തകമാണ് 'ഗോ'സ് ഓൺ കൺട്രി . ഒരു കവിതാ പുസ്തകം അദ്ദേഹത്തിന്റെതായുണ്ട്. ബാങ്കുദ്യോഗസ്ഥനായ നവീൻ എഴുത്തിലെ പ്രത്യേകതകൾ കൊണ്ട് പുരസ്കാരങ്ങൾ ലഭിച്ച ഒരാൾ കൂടിയാണ് എന്ന് കുറിപ്പിൽ നിന്നറിയാൻ കഴിയുന്നു. 39 കഥകൾ അടങ്ങിയ ഈ പുസ്തകത്തിന്റെ ആമുഖത്തിൽ കഥാകാരൻ , താനെന്തു കൊണ്ടാണ് കഥകൾ എഴുതുന്നത് എന്ന് വ്യക്തമായി പറയുന്നുണ്ട്. സത്യത്തിൽ അതിനെ ശരിവയ്ക്കുന്നത് തന്നെയാണീ കഥകൾ എല്ലാം തന്നെ. തന്റെ യാത്രകൾ നല്കിയ ഈ കഥകളിലൂടെ സഞ്ചരിക്കുമ്പോൾ വായനക്കാരനും ഒരു സഞ്ചാരിയായി മാറുകയാണ്. ഇന്ത്യൻ റയിൽവേയിൽ നിരന്തരം യാത്ര ചെയ്യുന്നവർക്ക് മനസ്സിലാകുന്ന ഒരു പാട് കാഴ്ചകളും വാസ്തവികതകളും ഈ കഥകളുടെ സമാഹാരത്തിലെ ഒട്ടുമിക്ക കഥകളും പങ്കുവയ്ക്കുന്നുണ്ട്. ട്രെയിനിൽ, ഒരു നേരത്തെ വിശപ്പടക്കാൻ പാട്ടു പാടി ജീവിക്കുന്നവർ തൊട്ട് പ്ലാറ്റ്ഫോമിലെ യാത്രക്കാർ വരെ കഥകളിൽ നിന്നിറങ്ങി വരുന്നു. പുസ്തകത്തിന്റെ തലക്കെട്ട് പ്രതിപാദിക്കുന്ന കഥ സമകാലീന ഇന്ത്യയുടെ നേർപടം തന്നെയാണ്. കഥപറച്ചിലിന്റെ മർമ്മം അറിയുന്ന എഴുത്തുകാരന്റെ പാടവം ഈ കൊച്ചു കഥകളിലൂടെ വായിച്ചെടുക്കാനാകും. രാഷ്ട്രീയ വിമർശനങ്ങളും സമകാലീന സാമൂഹിക സാഹചര്യങ്ങളുമൊക്കെ കഥകൾക്ക് വിഷയമാകുന്നുണ്ട്. സ്വതവേ കഥാകാരന്മാർ സഞ്ചരിക്കുന്ന പ്രണയം, രതി , കുടുംബ പുരാണങ്ങൾ മുതലായവയിൽ കുരുങ്ങിക്കിടക്കാതെ ലോകത്തെ നോക്കിക്കാണുകയും അവരിലേക്കിറങ്ങി ചെല്ലുകയും ചെയ്യുന്ന ഒരാൾ എന്ന നിലപാട് കഥകൾ പങ്കു വയ്ക്കുന്നതായനുഭവപ്പെടുന്നു. 

നല്ല കാമ്പുള്ള ഈ കഥകൾ രൂപം കൊണ്ട് ചെറുതെങ്കിലും ആശയം കൊണ്ട് വലിയ ഒരു കാഴ്ച വായനക്കാരിൽ ജനിപ്പിക്കുന്നുണ്ട്. ആശംസകളോടെ ബിജു.ജി.നാഥ്. വർക്കല

Tuesday, January 21, 2020

ഭരണഘടനയെ അറിയാൻ..........ഡോ. എ. സുഹൃത് കുമാർ

ഭരണഘടനയെ അറിയാൻ (പഠനം).
ഡോ. എ. സുഹൃത് കുമാർ 
ചിന്ത പബ്ലീഷേഴ്സ് 2019 
വില : ₹ 140.00 


ഓരോ മനുഷ്യനും എന്താണ് വായിക്കേണ്ടത് എന്ന് അവനെ കണ്ടീഷൻ ചെയ്തെടുക്കുന്ന ഒരു സമൂഹമാണ് മനുഷ്യസമൂഹം. വഴികാട്ടികൾ എന്നും അഭ്യുദയകാംക്ഷികൾ എന്നും പല പേരുകളിൽ അവർ ഉണ്ടാകും . വായന എന്നാൽ സ്വതന്ത്രവും മുൻവിധികൾ ഇല്ലാത്തവയും ആകണം എന്നാണ് കരുതുന്നത്. എഴുത്തുകാരെ മനസ്സിൽ കണ്ടു കൊണ്ട് ഒരിക്കലും വായിക്കരുത്. അവ വായനയുടെ ഗതിയെ പാടെ മാറ്റിക്കളയും. അത്തരം അവസ്ഥ ഉണ്ടാക്കുന്ന വേളയിൽ വായന മടക്കി വയ്ക്കുകയും മറ്റൊന്ന് വായിക്കാനെടുക്കുകയും ആണ് പതിവ്. ചില പുസ്തകങ്ങൾ ഒരു വട്ടം വായിച്ചാൽ ഉള്ളിൽ തടയുന്ന ആകാശമാകില്ല ഒന്നിൽക്കൂടുതൽ തവണ വായിക്കുന്നതു കൊണ്ട് കിട്ടുക. അതും എഴുത്തിന്റെ സൗന്ദര്യമാണ്. ചിലവ എത്ര തന്നെ തിരിച്ചും മറിച്ചും വായിച്ചാലും ഒരു കാഴ്ച മാത്രമേ കിട്ടുകയുള്ളൂ. 

കുട്ടിക്കാലത്ത് വായിക്കാൻ എടുക്കുന്ന ഏതു പുസ്തകത്തിലും കിട്ടുന്നത് ദൈവങ്ങളുടെ മഹത്വവും ശത്രുസംഹാര ന്യായീകരണങ്ങളുമാണ്. അവ മാത്രവുമല്ല മനുഷ്യത്വത്തിന്റെ മഹനീയ ഗുണങ്ങൾ എങ്ങനെ ഉണ്ടാക്കണം എന്ന് പഠിപ്പിക്കുന്ന സാരോപദേശകഥകൾക്കൊക്കെ സമാനതകൾ ഉണ്ടു താനും. ഒരിടത്ത് മുന്നിൽ നിൽക്കുന്ന ശത്രു ആരാണ് എന്ന് നോക്കരുത് കൊന്നു കളഞ്ഞേണം എന്ന് ഉപദേശിക്കുകയും അത് ധർമ്മമെന്ന് പഠിപ്പിക്കുകയും ചെയ്യുന്ന കഥകൾ. ജനങ്ങളെ എന്തിന് തട്ടുകളായി തരം തിരിച്ച് സമൂഹം സൃഷ്ടിച്ചു എന്നു വിവരിച്ചുകൊണ്ട് ജനിച്ച തട്ടിൽ അത് തന്നെ അഭിമാനം എന്നു കരുതി ജീവിക്കാൻ ഉപദേശം നല്കുന്ന വായനകൾ. ഒപ്പം ചക്കര പുരട്ടിയ , ലോകം മുഴുവൻ തറവാട് എല്ലാവരും സുഖമായിരിക്കട്ടെ എന്നാണ് പാഠം എന്ന വ്യാഖ്യാനങ്ങൾ. ഇനിയൊരു വശത്ത് എന്താണ് സ്നേഹം എന്നും അയല്ക്കാരനെ സ്നേഹിക്കുന്ന നല്ല സമരിയാക്കാരന്റെ കഥ പറഞ്ഞു കൊണ്ടു ആളെക്കൂട്ടുന്ന കെട്ടുകഥകളുടെ ഭാണ്ഡം. ജനിച്ചിട്ടില്ലാത്ത ദൈവത്തിന്റെ അത്ഭുത സന്താന വിശേഷവും വാഴ്ത്തലുകളും മറ്റൊരിടത്താകട്ടെ പൂച്ച ഉറങ്ങുന്നത് കണ്ട് അത്ര ഭാഗം മുറിച്ചു പുതപ്പുമായി മടങ്ങുന്ന കാരുണ്യവാരിധിയെ അവതരിപ്പിക്കുന്ന കഥകൾക്ക് ഇല്ലാത്ത ദൈവത്തിന്റെ വല്ലാത്ത വെല്ലുവിളികളും ശാസ്ത്രത്തെ വരെ ഉൾപ്പെടുത്തിയതെന്ന് വിശദീകരിച്ചു ലോകാവസാനം വരെയെന്ന് സ്വയം പറയുകയും എഴുത്തുകാരന്റെ ഭാര്യമാരെ ഉപദേശിച്ചും ശത്രുക്കളെ തെറി വിളിച്ചും കൂടെ നില്ക്കുന്ന നന്മ ദൈവത്തിന്റെ ഗാഥകൾ.

കുട്ടിക്കാലം ഇത്തരം അബദ്ധവായനകളുടെ അടിസ്ഥാനമിടുന്നതിനാലാണ് സമൂഹം സങ്കുചിതവും അപക്വവുമായ ഒരു തലം നിലനിർത്തുന്നത്. ഇന്ത്യൻ സമൂഹത്തിന് ഇന്നാവശ്യം ഓരോ പൗരനും ആരെന്നും എന്തെന്നും തിരിച്ചറിയാനും പ്രതികരിക്കാനുമുള്ള കഴിവാണ്. അറിവാണ്. പക്ഷേ അതവന് അറിയില്ല. ഈ ഒരു വസ്തുത മുതലെടുത്താണ് ഇവിടെ ജാതികളും മതങ്ങളും രാഷ്ട്രീയവും ചേർന്ന് അവരുടെ അജണ്ടകൾ നടപ്പാക്കുന്നത്. ഇത് ഒഴിവാക്കാൻ ഒരേയൊരു വഴി കുട്ടിക്കാലത്ത് മത ഗ്രന്ഥങ്ങളും പ്രത്യയശാസ്ത്രങ്ങളും പഠിപ്പിക്കാൻ മുതിരാതെ കുട്ടികളെ ഭരണഘടന പഠിപ്പിക്കുക എന്നതാണ്. താൻ ജീവിക്കുന്ന ഇടത്തെക്കുറിച്ചും തനിക്കുള്ള ശക്തിയും സാധ്യതകളും ജീവിക്കേണ്ട /പെരുമാറേണ്ട കാര്യങ്ങളും മനസ്സിലാക്കാനും മാന്യമായി സമൂഹത്തിൽ ജീവിക്കാനും ഓരോരുത്തർക്കും കഴിയും. ഈ ഒരു അറിവ് മുന്നിൽ വച്ചു കൊണ്ടാണ് 'ഡോ. എ. സുഹൃത് കുമാർ', "ഭരണഘടനയെ അറിയാൻ" എന്ന പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. എന്താണ് ഇന്ത്യൻ ഭരണഘടനയെന്നും അതിന്റെ പിന്നിൽ പ്രവർത്തിച്ചവർ ആരൊക്കെയെന്നും അതിൽ പ്രതിപാദിച്ചിരിക്കുന്നത് എന്തൊക്കെയെന്നുമുള്ള ഒരു പഠനം ആണിത്. ഈ പുസ്തകം ഒരു വിധത്തിൽ പറഞ്ഞാൽ ഇന്ത്യൻ ഭരണഘടനയുടെ വായനയെ പ്രോത്സാഹിപ്പിക്കുന്ന ഒരു വഴികാട്ടിയെന്നു പറയാം. തികച്ചും സമയോചിതമായ ഒരു ഓർമ്മപ്പെടുത്തലാണീ പുസ്തകം. വായനയുടെ ആവശ്യകത മാത്രമല്ല എന്താണ് നാം വായിക്കേണ്ടതെന്നതിന് ഒരു ദിശാബോധം കൂടിയാണ് ഇത്തരം വായനകൾ നല്കുക. ആശംസകളോടെ ബിജു.ജി.നാഥ് വർക്കല

Friday, January 17, 2020

അരുതു കാട്ടാളാ...

അരുത് കാട്ടാളാ ...

എന്തിനായ് ഞാനെന്റെ നോവും മനസ്സിനെ
ചന്ദ്രനിൽ നിന്നുമടർത്തി മാറ്റി.
എന്തിനെൻ ഹൃത്തിലെ ചെമ്പനീർപൂവിന്റെ
ഇതളുകൾ ഞാനിന്നടർത്തി നോക്കി.
ഒട്ടും പരിക്കുകൾ പറ്റാതെ മുറ്റത്തിൻ 
കോണിൽ വിരിഞ്ഞൊരു പാരിജാതം
കണ്ണു നിറച്ചെന്നെ നോക്കി വിതുമ്പുമ്പോൾ
കൈവിറയ്ക്കാതെങ്ങനെ നുളളിടും ഞാൻ.
.... ബി.ജി.എൻ വർക്കല

Wednesday, January 15, 2020

കലയുടെ കവിതകൾ - ...... കല സാവിത്രി

കലയുടെ കവിതകൾ
കല സാവിത്രി.
കറന്റ് ബുക്സ്
വില: ₹150.00

കവിതയുടെ കാലം അങ്ങനെയൊന്നുണ്ടോ? മനുഷ്യരുടെ ജീവിതം കലയോട് ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. പരിണാമത്തിലെ മനുഷ്യ മസ്തിഷ്ക വികാസത്തിന്റെ കാലം തൊട്ട് കല മനുഷ്യനൊപ്പമുണ്ട്. അതിന്റെ പ്രാകൃത രൂപംതൊട്ട് ആധുനിക രൂപം വരെ മനസ്സുകളുടെ ആനന്ദത്തിന്റെ വിവിധങ്ങളായ രസച്ചരടുകൾ പിണഞ്ഞു കിടപ്പുണ്ട്. കവിതയെ വാമൊഴികളിൽ നിന്നും വരമൊഴികളിലേക്കു പകർത്തുവാൻ വേണ്ടിയാകണം ഭാഷപോലും ഉത്ഭവിച്ചതെന്ന് വിശ്വസിക്കാനാണ് താത്പര്യവും. കവിതയെ ആയിരുന്നു ആദ്യം മനുഷ്യർ ആസ്വദിച്ചു പോന്നത് എന്നും കരുതുന്നു. ഇതിഹാസങ്ങൾ കാവ്യങ്ങൾ ആയിരുന്നല്ലോ. ആംഗലേയ സാഹിത്യത്തിൽ നിന്നും കടലു കടന്നു വന്നതധികവും ആദ്യകാലത്ത് കവിതകൾ ആയിരിക്കണം. അവയിലെ സത്തകളെ ഉൾക്കൊണ്ടു കൊണ്ടാണ് കഥകളും നോവലുകളും നാടകങ്ങളും സംഭവിച്ചിട്ടുണ്ടാകുക. മലയാള സാഹിത്യത്തിൽ തൊട്ടപ്പുറത്തെ തമിഴ് സാഹിത്യം മുതൽ വിവിധങ്ങളായ ഭാഷയിലെ വിവിധങ്ങളായ കവിതകൾ പരിചിതമാണ്. ഈ വസ്തുതയ്ക്ക് ഇന്ന് ഏറ്റവും നല്ല ഉദാഹരണം സോഷ്യൽ മീഡിയ തന്നെ. അന്യഭാഷകളിൽ നിന്നും കവിതകളെ സ്വന്തം പേരിൽ അവതരിപ്പിക്കുന്ന ഒരു പാട് എസ്റ്റാബ്ലിഷ്ഡ് കവികൾ ഉണ്ടവിടെ. ഒര് പ്രശസ്ത എഴുത്തുകാരി ഉറുദുവിൽ നിന്നും ഗസലുകളിൽ നിന്നും നല്ല വരികൾ ചുരണ്ടിയെടുത്തു പ്രണയവരികൾ കുറിക്കുന്ന കാഴ്ച ഭാഷയുടെ സാധ്യതകൾ കവിതയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനു ഉദാഹരണമായി കാണാവുന്നതാണ്.

എഴുത്തുകാരി, നിരൂപക, കവയിത്രി എന്നീ നിലകളിൽ അറിയപ്പെടുന്ന "കല സാവിത്രി" യുടെ ചെറുതും വലുതുമായ  100കവിതകളുടെ സമാഹാരമാണ് "കലയുടെ കവിതകൾ" എന്ന പുസ്തകം. പ്രഭാവർമ്മയുടെ അവതാരികയും, സതീഷ് ബാബു പയ്യന്നൂരിന്റെ ആസ്വാദനവും പ്രശാന്ത് നാരായണന്റെ പഠനവും ഉൾക്കൊള്ളിച്ച ഈ പുസ്തകം  ഒറ്റവാക്കിൽ പറയുകയാണെങ്കിൽ ഒറ്റ വായനക്ക് ഉതകുന്ന ഒരു പുസ്തകം ആയി കണക്കാക്കാം. 

" ഞാൻ കടന്നു വന്ന വഴികളിലെ ഇരുട്ടാണ് എന്നെ വായന എന്ന ചൂട്ടുകറ്റ ചുറ്റിച്ച് നടക്കാൻ പ്രേരിപ്പിച്ചത് " എന്ന എഴുത്തുകാരിയുടെ മുഖവുരയിൽ കവിതകളിലേക്ക് കടക്കാൻ തുടങ്ങുന്നു. ഒരു പാട് വായനകൾ ഉള്ള ഒരാൾ എന്നത് നിരൂപക എന്ന മേൽവിലാസം കൊണ്ട് മനസ്സിലാക്കാൻ കഴിയുന്നതാണല്ലോ. അധ്യാപികയും, പ്രാസംഗികയും ആയ എഴുത്തുകാരി കളം എന്ന കലാ സ്ഥാപനത്തിന്റെ എംഡിയും. അതിന്റെ ചീഫ് എഡിറ്റർ കൂടിയാണ്. പ്രശസ്തമായ തിരുവരങ്ങിന്റെ  ഇപ്പഴത്തെ സെക്രട്ടറിയും.  മാത്രമല്ല 200 ൽ പരം കവിതകൾ, പഠനങ്ങൾ, വ്യാഖ്യാനങ്ങൾ എന്നിവ ചെയ്തിട്ടുണ്ട്. പ്രഗത്ഭമതിയായ ഒരെഴുത്തുകാരിയുടെ കവിതകൾക്ക് ഒരു പാട് പഠിപ്പിക്കാൻ കഴിയും എന്നൊരു ധാരണ ആമുഖവും അവതാരികയും നല്കുന്നു. പഠനവും ആസ്വാദനവും കൂടിയാകുമ്പോൾ നല്ലൊരു വിരുന്നു തന്നെ വായനക്കാരൻ പ്രതീക്ഷിക്കുക സ്വാഭാവികം .

കവിതകൾ ഭൂരിഭാഗവും ഗദ്യകവിതകൾ ആണിതിൽ. കാമ്പുള്ള കവിതകൾ എന്നു പറയാനാകുന്നത് നാലുവരി, രണ്ടു വരി കവിതകൾക്ക് മാത്രമാണ്. പലപ്പോഴും അവയും പറച്ചിലുകളായി നില്ക്കുന്നുണ്ട്. കവിയിൽ സാംസ്‌കാരിക സാമൂഹിക പരിവർത്തനങ്ങൾക്കപ്പുറം മാമൂലുകളാടുള്ള വിധേയത്വം നിറഞ്ഞിരിക്കുന്നു എന്ന തോന്നലുണ്ടാകുന്നുണ്ട് ചിലപ്പോൾ. "ഓരോ പെണ്ണും ആമയായി വേണം ജനിക്കുവാൻ " എന്ന് കവി ആവശ്യപ്പെടുന്നത് ഈ ഒരു കാഴ്ചയെ ശരിവയ്ക്കുന്നു. "കൈകളും തലയും തന്നിലേക്ക് ആഴ്ത്തി സ്വയം കൂടും കുടയുമാകണം" എന്ന് കവി പറയുന്നത് അതിനാലാകണമല്ലോ. കവിതകൾ ഒക്കെയും ഗദ്യരൂപം ആണെന്ന് ആദ്യമേ പറയുകയുണ്ടായല്ലോ. അവയ്ക്കൊപ്പം പറയാനുള്ളത് കവിതകൾ ഒക്കെ ആത്മഗതങ്ങളും പ്രസ്ഥാവനകളും ചോദ്യങ്ങളുമാണ് എന്നതാണ്. പ്രകൃതിയോടും മനുഷ്യനോടും ചേർന്നു നില്ക്കുന്ന വരികളാണ് മിക്കതും. കവിത്വം തുളുമ്പുന്നതാണ് കവിത എന്നിക്കാലത്ത് ആർക്കും വാശിയുണ്ടാകില്ല. എങ്കിലും വായനക്ക് ഒരീണം കവിത ആവശ്യപ്പെടുന്നില്ല എങ്കിൽ കവിതയാണത് എന്നു പറയാനാവില്ല. നല്ലൊരു സംഗീതജ്ഞന്റെ കൈയ്യിൽ ഏതു വരികളും കവിതയാകാം. പക്ഷേ സാധാരണക്കാരായ വായനക്കാർക്കതിന് നേരമുണ്ടായി എന്നു വരില്ല. വായിച്ചു പോകാം എന്നതിനപ്പുറം അത്തരം കവിതകളെ വായനക്കാർ സ്വീകരിക്കില്ല. 

"ഒരേ വശത്തിരുന്നു 
ഒരേ കാഴ്ചകൾ കണ്ട്
യാത്ര തുടരാനാവില്ല " ( യാത്ര) എന്ന കവിത വാക്യം പോലെ ചിന്തോദ്ദീപകങ്ങളായ കുറച്ച സംഭവങ്ങൾ കവി നല്കുന്നുണ്ട്. 
'' ഇല്ല മർത്യാ വന്നവതരിക്കില്ല
മാനുഷരൂപം പൂണ്ടൊരു ദൈവവും.
ചില്ലുകൂട്ടിലും ശ്രീകോവിലിനുള്ളിലും
വിശ്രമത്തിലാണാ കഥാപാത്രങ്ങൾ " ( ഘാതകർ )
"ഒരില അടരുമ്പോൾ പോലും
നെഞ്ചു പൊടിയുന്ന മാമരം
മുഴുവനിലകളും കൊഴിച്ച്
ശിശിരത്തിനോടൈക്യപ്പെടുന്നുണ്ട് പലപ്പോഴും "
" ചത്ത മീനിന്റെ കണ്ണിൽ പോലും
സൗന്ദര്യം കാണും എഴുത്തുകാർ
ജീവിച്ചിരിക്കുന്ന മനുഷ്യന്റെ കണ്ണിലെ
നോവ് കാണാതെ പോകുന്നതെന്തേ?"
തുടങ്ങിയ ചില ചെറിയ വലിയ വരികൾ കവിതകൾക്ക് ഉള്ളിൽ നിറയുന്നതിനാലാകണം പൂർണ്ണമായും തള്ളിക്കളയാനാവാത്ത വിധം ഈ പുസ്തകം വായനക്ക് പ്രേരിപ്പിക്കുന്നത്. പൊതുവേ വിരസങ്ങൾ അല്ല കവിതകൾ. പക്ഷേ വായനക്ക് സുഖം ലഭിക്കുന്ന പൊടിക്കൈകൾ ഉപേക്ഷിക്കപ്പെട്ട കവിതകൾ തങ്ങളുടെ ഗംഭീരതയെ ഒരു സുഗന്ധവും, അലങ്കാരങ്ങളും കൊണ്ട് തിളക്കമുള്ളതാക്കാതെ നിലനിർത്തുന്ന രീതിയാണ് കവി അനുവർത്തിച്ചിരിക്കുന്നത്. ഭാഷയുടെ ശുദ്ധിയും, പുസ്തകത്തിന്റെ അച്ചടിയും മനോഹരവും കുറവുകൾ ഇല്ലാത്തവയും ആണ്. ആശംസകളോടെ ബിജു.ജി.നാഥ് വർക്കല.

Saturday, January 11, 2020

ആകാശയാനം

ആകാശയാനം
.........................
മുടിക്കെട്ടിയ ആകാശത്തിലേക്ക്,
ഒരു യാനം പറന്നുയരുന്നു.
ജീവിതത്തെയും മരണത്തെയും
ഒരുപോലത് ഉമ്മ വയ്ക്കുന്നു

ചിറകുകൾ വിടർത്തിയുല്ലസിച്ചും,
കാറ്റിന്റെ കൈകളിൽ ഊയലാടിയും,
ഗതിവിഗതികളിൽ കണ്ണയക്കാതെ
വിഹായസ്സിന്റെ ശൂന്യതയിലേക്ക്.

മേഘങ്ങൾ വെളുത്തിട്ടും കറുത്തിട്ടും,
പർവ്വതങ്ങളേക്കാൾ ഉയരമായിട്ടും,
കീറി മുറിച്ചു കടന്നു പോകുവാൻ
മടിയേതുമില്ലാത്തൊരന്ധനെപ്പോൽ!.

പച്ചയോ ചാരമോ, നിറമേതായാലും
അടങ്ങാത്ത ദാഹമൊളിപ്പിച്ചു താഴെ
ഉടുവസ്ത്രമഴിച്ചു കിടക്കുമാഴിയെ
നിസംഗതയോടെ അവഗണിച്ചും
            
നീലക്കടൽ പോൽ പരന്നുകിടക്കും
മേലേ വാനിലേക്കലിഞ്ഞു ചേരാൻ
കൊതിയോടെ പായുന്നേകനായ് 
യാത്രക്കാരില്ലാത്തൊരു വാനയാനം.
...... ബി.ജി.എൻ വർക്കല


Friday, January 10, 2020

വരിക വേഗം

വരികെന്റ കൂട്ടുകാരാ
വരിക നീ അതിവേഗം
നിഴലായ് നാം ഇരുവരും
അകലുന്ന നിമിഷമായ്.
.... ബി.ജി.എൻ ....

Friday, January 3, 2020

തിരിച്ചറിയുക

"ഒടുവിൽ ഒരുവരും ശേഷിക്കയില്ലയീ
അവനിയിൽ നേരിന്റെ ദീപം പേറുവോൻ.
എങ്കിലും പൊരുതുക നിങ്ങൾ മടിയാതെ
ശേഷിയ്ക്കതെന്തിനിരുളിൽ വസിക്കാൻ "
...... ബി.ജി.എൻ വർക്കല