Wednesday, June 28, 2017

ഉൾക്കനൽ .........എസ്.സരസ്വതി

ഉൾക്കനൽ ( കവിതകൾ)
എസ്.സരസ്വതി
പരിധി പബ്ലിക്കേഷൻസ്
വില: 80 രൂപ

കവിതകൾ സംസാരിക്കേണ്ടത് കാലത്തിനോടാണ്.  കവി ഒരേ സമയം പ്രവാചകനും സാമൂഹ്യ സേവകനുമാണ്. കാലത്തിനു കാട്ടിക്കൊടുക്കേണ്ടതു പോലെ തന്നെ കാലത്തെ അടയാളപ്പെടുത്തുകയും ചെയ്യുന്നവയാകണം കവിതകൾ. പഴയ കാല കവിതകൾ പരിശോധിച്ചാൽ ഒരു ഘട്ടം വരെ പുരാണങ്ങളും വർണ്ണനകളും മിത്തുകളുമായി കാവ്യലോകം ഒരുതരം രാസലീലയിലായിരുന്നതായി കാണാം. പക്ഷേ പൊടുന്നനെ കവിതയിലേക്ക് ജീവിതം ഇറങ്ങി വരികയും അവയിൽ അതിഭാവുകത്വങ്ങളും ഭ്രമ കല്പനകൾക്കും പകരം ജീവിത പരിസരങ്ങളും സംഭവങ്ങളും അടയാളപ്പെടുത്തൽ ആരംഭിച്ചു. ആശാൻ കവിതകളുടെ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുള്ളപ്പോൾ വിശദമായ വിവരണങ്ങൾ വേണ്ടി വരില്ല തന്നെ. ഈ ജീവിത പരിസര വീക്ഷണങ്ങൾ മുന്നോട്ട് പോകുമ്പോൾ ഭൂമികകൾ മാറുന്നതും കാലവും ദേശവും ഭാഷയും മറികടന്നു അതിരുകൾ ഇല്ലാത്ത ആകാശം കൈവരുന്ന കാഴ്ച നമുക്കിന്നു അനുഭവവേദ്യമാണ്.
ഉൾക്കനൽ എന്ന കവിതാ സമാഹാരം ശ്രീമതി എസ്. സരസ്വതിയുടെ പ്രഥമ കവിതാ സമാഹാരമാണ്. 38 കവിതകൾ അടങ്ങിയ ഈ പുസ്തകത്തിനു കുരീപ്പുഴ ശ്രീകുമാർ അവതാരികയും രാജേഷ് കെ എരുമേലിയുടെ പഠനവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കവി ആദ്യം തന്നെ പറഞ്ഞിട്ടുണ്ട് ഇത് ഒരു വർഷം കൊണ്ടു തന്നിൽ ഉദിച്ച വരികൾ ആണ് എന്ന് . കവിതകൾ വായിച്ചു പോകുമ്പോൾ പലപ്പോഴും ആ ധാരണകൾ മാറ്റിമറിച്ചു എന്നത് അതിനാൽ തന്നെ അത്ഭുതം സമ്മാനിച്ചു. നല്ല ആഴമുള്ള വായനയുടെയും ഭാഷാശുദ്ധിയുടെയും അടയാളങ്ങൾ രേഖപ്പെടുത്തപ്പെട്ട കവിതകൾ, നല്ല എഡിറ്റിംഗ് എന്നിവ കൊണ്ടു പുസ്തകം നിലവാരം പുലർത്തി.  മനുഷ്യന്റെ വ്യഥകളെ , ചിന്തകളെ പലപ്പോഴും ജീവിതത്തിലെ ചില അവസ്ഥകളെ ബിംബവത്കരണത്തിലൂടെ കവി പറഞ്ഞു പോകുന്നുണ്ട്. ചിതൽ പോലെ മനസ്സിനെ കടന്നാക്രമിക്കുന്ന ചിന്തകൾ. തിരിച്ചറിയുമ്പോഴേക്കും  അവ മനസ്സിനെ തന്നെ കീഴടക്കി കഴിഞ്ഞിരുന്നു. ഭൗതികവും ബൗദ്ധികവുമായ ഒരു തലം അതിൽ ഒളിഞ്ഞു കിടക്കുന്നു. സൈനസിന്റെ ആക്രമണത്തെ ആഗോള കച്ചവട ഭീകരതയുടെ തേനീച്ചക്കൂടുമായി ബന്ധിപ്പിക്കുന്ന രസാവഹമായ വരികൾ പങ്കുവച്ച കടന്നൽക്കൂടും ബിംബവത്കരണത്തിൽ നല്ല നിലപാടായിരുന്നു. പ്രണയത്തിന്റെ പക്വതയാർന്ന കാഴ്ചപ്പാടായിരുന്നു സ്വപ്ന സഞ്ചാരികൾ . റയിൽപ്പാളങ്ങളായിരു ജീവിതങ്ങളകലെയൊരു കാഴ്ചയിലൊന്നിക്കുന്നതും അടുക്കാൻ ശ്രമിക്കവേ കൃത്യമായ അകലം സൂക്ഷിക്കാൻ ശീലിച്ചതും പ്രണയത്തിലെ നോവിന്റെ മധുരമാണ്. ജീവിതം സമരസപ്പെടലുകളാകുമ്പോൾ പ്രിയതരമായൊരു ഇഷ്ടത്തെ എങ്ങനെ മുന്നോട്ടു കൊണ്ടു പോകുമെന്ന ചിന്തകൾക്കൊരുത്തരമാണ് റയിൽപ്പാളങ്ങൾ ( സ്വപ്ന സഞ്ചാരികൾ) കാട്ടിത്തരുന്നത്. കരയിൽ പിടയ്ക്കുമൊരു മീനിനെപ്പോലെ തുടിക്കുന്ന കനം വച്ച ഹൃദയത്തിനുടമയാകുന്ന മനസ്സാണ് (അത്താണി ) പ്രണയം പോലെ തന്നെ പ്രകൃതിയേയും നോക്കിക്കാണുന്നത്. മണ്ണിരയിലൂടെ കവി തേടുന്നത് ആരാണിവിടെ ഇരയെന്നു തന്നെയാണ്. മണ്ണോ അതോ മണ്ണിരയോ ? ഒപ്പം ഒന്നേയുള്ളുവെങ്കിലും ഛേദിക്കപ്പെടേണ്ടതെന്നു പേരു കേൾപ്പിക്കുന്നൊരവയവം രണ്ടുണ്ടെങ്കിലുമതു കൊണ്ടു നിൻ പെൺ വർഗത്തെ കൂട്ടബലാത്സംഗത്തിനിരയാക്കുന്നില്ല (മണ്ണിര ) എന്ന ചിന്ത സമകാലിക വിഷയങ്ങളിലെ പുരുഷ കാപട്യങ്ങൾക്ക് നേർക്കു ഒരു സ്ത്രീയുടെ പരിഹാസ്യമായ വിരൽ ചൂണ്ടൽകൂടിയാകുന്നു. തമ്മിൽ എന്ന കവിതയിലൂടെ  മഴയും വിത്തും തമ്മിൽ നടക്കുന്ന ഒളിച്ചുകളിയും പ്രതീക്ഷയും ഇതുപോലെ പ്രകൃതിയുടെ സൂക്ഷ്മതയിലേക്കുള്ള ഒളിനോട്ടമാണ് എന്നു കാണാം. ആരായിരുന്നു നീയെനിക്കെന്നുള്ളൊരാത്മസംഘർഷം (നക്ഷത്രങ്ങൾ പരത്തും നിലാവ് ) ,അമ്മിഞ്ഞപ്പാലിന്റെ മാധുര്യമിന്നുമെൻ നാവിന്മേലൂറി വരുംപോലെ ( ഓണായനം) എന്നീ കവിതകൾ പരമ്പരാഗത പദ്യശൈലിയിൽ എഴുതിയ ശീലുകൾ ആയിരുന്നു. ഒറ്റയടിപ്പാതകൾ, പൂച്ചക്കുട്ടീ,, യാത്രാമൊഴി എന്നിവ ഭേദപ്പെട്ട വായന നല്കി. പെട്ടെന്നു പ്രതികരിക്കുന്ന സ്വഭാവം ചില കവിതകൾക്ക് സ്വാഭാവികമായ ആവർത്തന വിരസത നല്കി. മകൾക്ക് എന്ന കവിത അത്തരത്തിലൊന്നായിരുന്നു. കുറച്ചു കൂടി വിശാലമായ ആകാശം നല്കാമായിരുന്ന ഒരു രചനയായിരുന്നു  അത്. നീറ്റൽ എന്ന കവിതയും ഉദ്ദേശിച്ച മാനം കണ്ടെത്തിയില്ല. വികാരപരമായ എഴുത്തുകൾക്ക് സംഭവിക്കുന്ന സ്വഭാവികമായ പരിമിതികൾ ആണവ. ഇടതുപക്ഷ ചിന്തകളുടെ അടയാളങ്ങളായി വായിക്കപ്പെടുന്ന സുഗന്ധിയും അതിജീവനവും മറവി ദിനവും കുറച്ചു കൂടി കയ്യടക്കം പാലിച്ചിരുന്നുവെങ്കിലെന്നു തോന്നിപ്പിച്ച വായനകളാണ്.ഇതിലെ ശ്രദ്ധേയമായ മറ്റൊരു കവിതയാണ് വീട്. വീട്ടിലെ പൊടിപിടിച്ചഭരണഘടനയിൽ ആർട്ടിക്കിൾ 14 ഉം 17 ഉം കാണുന്നില്ല. 19 (1) ചിതലരിച്ചിരിക്കുന്നു 21 സ്വപ്നങ്ങളിൽ പ്രധാനം (വീട് ) എന്ന വരികളിലൂടെ സ്ത്രീയുടെ വീടിനുള്ളിലെ അവസ്ഥ എത്ര മനോഹരമായാണ് കവി വരച്ചിടുന്നത്.
തീർച്ചയായും കൂടുതൽ ശക്തവും ചടുലവുമായ ഇത്തരം അടയാളപ്പെടുത്തലുകൾ ഇനിയും പിറക്കുക തന്നെ ചെയ്യും ഈ കവിയിൽ നിന്നെന്ന സന്ദേശം നല്കുന്ന ഈ കവിതാ സമാഹാരം നല്ലൊരു വായന സമ്മാനിക്കും കവിതാ പ്രേമികൾക്ക് എന്ന ശുഭാപ്തി വിശ്വാസത്തോടെ  ബി.ജി.എൻ വർക്കല

No comments:

Post a Comment