മരത്തിനാകാശം പോലെ.(കവിതകൾ),
സ്മിത.സി.,
ലോഗാേസ്,
വില: ₹ 190
പ്രണയകവിതകൾ തുളുമ്പും വാക്കുകൾ, നുരയും വീഞ്ഞ് ചഷകം പോലെ ലഹരിദായകമാകണം എന്നതാണ് വായനയുടെ കാതലായ കാഴ്ചപ്പാട്. പക്ഷേ അത് എല്ലാ കവിതകൾക്കും ബാധകമായി വരില്ലല്ലോ. പ്രണയകവിതകൾക്ക് പതം പറച്ചിലുകളുടെ പ്രളയവും, രതി പരാഗണത്തിൻ്റെ മസൃണതകളാലും വിരഹത്തിൻ്റെ അന്ധകാരത്താലും മൂടിക്കെട്ടിയ ആകാശം പോലെ സമ്മിശ്രവികാരം ജനിപ്പിക്കാനേ കഴിയൂ എന്നതാണവസ്ഥ. സോളമൻ്റെ ഉത്തമഗീതങ്ങളുടെയും ഷെല്ലിയുടെയും നെരൂദയുടെയും വിരഹാർദ്രമൗന സങ്കീർത്തനങ്ങളും ഇക്കാവമ്മയുടെ ഭക്തി സാന്ദ്ര വന്യ രതിയുടെയും ഒക്കെ കടമ്പകൾ കടന്ന് എ ഐ ആപ്പുകൾ നല്കുന്ന ഇൻസ്റ്റൻന്റ് കവിതകളുടെ ജീവനില്ലായ്മയിലേക്ക് സഞ്ചരിക്കുമ്പോൾ ,എന്താണ് കവിത? എന്താകണം കവിത എന്നത് ചർച്ച ചെയ്യാൻ പോലും ഭയക്കുന്ന സോഷ്യൽ മീഡിയ സാംസ്കാരിക നായക ലോകത്തിൽ കവിതയെന്താണെന്ന് കവിതയിലൂടെ പോലും പറയാനാകാത്ത അവസ്ഥയാണ് ഇന്നിൻ്റെ.
ഇന്ന് കവിതകൾ എഴുതുന്ന എല്ലാവരും ആഗ്രഹിക്കുന്നത് സ്വന്തം രചനകൾ ഒരു പുസ്തകമായി കാണണം എന്നു മാത്രമാണ്. പത്താം ക്ലാസിൽ പഠിക്കുന്ന മകളുടെ മലയാളം പാഠപുസ്തകം ഒന്നു വെറുതെ മറിച്ചു നോക്കി. പത്തു മുപ്പത്തഞ്ചു വർഷം മുമ്പ് പഠിച്ചവയിൽ നിന്നും മാറാത്ത പാഠങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നത് മറ്റൊന്നുമല്ല. ഇവിടെ കവിതകൾ ഉണ്ടാകുന്നില്ല. രചനകൾ കാക്കത്തൊള്ളായിരം സംഭവിക്കുന്നുണ്ട് പക്ഷേ അവയൊന്നും തന്നെ അക്കാഡമിക് മികവ് പുലർത്താത്തതിനാൽ ഇടം പിടിക്കുന്നില്ല. ഇവയെ എന്തുകൊണ്ടാകും ആരും ചർച്ച ചെയ്യാൻ മുതിരാത്തത്?
സ്മിത സി യുടെ, മരത്തിനാകാശം പോലെ എന്ന കവിത സമാഹാരം വായനക്കെടുക്കുമ്പോൾ മനസ്സിൽ വളരെയധികം പ്രതീക്ഷകൾ ഒന്നും തന്നെയില്ലായിരുന്നു. കാരണം മുൻ വിധികളുമായി സമീപിക്കുന്ന വായനകൾ മിക്കവാറും കനത്ത ആഘാതങ്ങൾ തരുന്നവയെന്നതാണ് അനുഭവം. ഈ കവിത സമാഹാരത്തിൽ നിറയെ പ്രണയകവിതകൾ ആണെന്ന് ഒറ്റവാക്കിൽ പറയാം. പ്രണയത്തിൻ്റെ കടും വർണ്ണങ്ങളും, വിഷാദം, നിരാശ തുടങ്ങിയ വിവിധ ഭാവങ്ങളും കൂടിക്കലർന്ന കവിതകൾ. ഒന്നോ രണ്ടോ കവിതകൾ പ്രണയത്തിന് പുറത്തുള്ള ലോകം വരയ്ക്കുന്നവയാണ് എന്നത് പറയാതെ വയ്യ. പക്ഷേ ഭൂരിഭാഗം കവിതകളും കുറുങ്കവിതകളോ, ചിന്താശകലങ്ങളോ ആണെന്നത് യാഥാർത്യം . എൺപതോളം കവിതകളാൽ നിറഞ്ഞ ഈ പുസ്തകത്തിൽ പ്രണയവും, വിഷാദവും, പെൺ മനസ്സിൻ്റെ ഏകാന്തതയും, മാതൃത്വവും, പ്രകൃതിയും, പ്രപഞ്ചവും വായിക്കാനാകുന്ന ഘടകങ്ങളാണ്. മികച്ച കവിതകൾ എന്ന് പറയാനാവില്ലയെങ്കിലും ചില കവിതകളിലും കുറുങ്കവിതകളിലും ശക്തമായ ചില ബിംബങ്ങളും, ചിന്തകളും, നിലപാടുകളും സ്മിത വരച്ചിടുന്നുണ്ട്. എഴുതാനായി എഴുതിയവ ആയല്ല കവിതകൾ സ്മിതയിൽ സംഭവിച്ചിരിക്കുന്നത്. ഒരു ആശയം, ഒരു ചിന്ത തുടങ്ങിയ ചിലവയെ പറഞ്ഞു വയ്ക്കാൻ കവിതയെന്ന സങ്കേതത്തെ ഉപയോഗപ്പെടുത്താൻ പരമാവധി ശ്രമിക്കുന്ന ഒരെഴുത്തുകാരിയായി സ്മിത.സിയെ വായിക്കാൻ കഴിയുന്നു. നല്ല ഭാഷാപ്രയോഗങ്ങളും ആശയങ്ങളും കൈമുതലായുള്ള ,വായനയുള്ള ഒരാൾ എന്ന തോന്നൽ പുസ്തകം നല്കുന്നുണ്ട്. ഇത് ,ഭാവിയിലെ നല്ലൊരു കവിയുടെ വളർച്ചയുടെ പടവുകൾ ആയി കരുതുന്നു. സ്മിത ആമുഖത്തിൽ പറയും പോലെ "എന്നിലേക്കുള്ള ഒറ്റമുറി വീടായി " കവിത മാറാതിരിക്കുകയാണെങ്കിൽ കൂടുതൽ വായനകൾ സ്മിതക്ക് സമ്മാനിക്കാൻ കഴിഞ്ഞേക്കും എന്ന പ്രത്യാശയുണ്ട്. ആശംസകളോടെ ബി.ജി.എൻ വർക്കല