Friday, February 24, 2023

മാറിയ ഗൾഫും ഗഫൂർക്കാ ദോസ്തും....... ഷാബു കിളിത്തട്ട്

മാറിയ ഗള്‍ഫും ഗഫൂര്‍ക്കാ ദോസ്തും (ലേഖനം)
ഷാബു കിളിത്തട്ട് 
കൈരളി ബുക്സ് 
വില: ₹ 280.00


ജന്മ നാട്ടില്‍ നിന്നും പുറത്തു പോകുന്നവര്‍ ഒക്കെയും സ്വര്‍ഗ്ഗവാതില്‍ തുറന്നകത്ത് പ്രവേശിക്കുന്ന ഭാഗ്യവരായ മനുഷ്യര്‍ അല്ല . ദുരിതങ്ങളില്‍ നിന്നും രക്ഷ നേടി മറ്റൊരു ദുരിതത്തിലേക്ക് പ്രവേശിക്കുന്ന മനുഷ്യരാണവര്‍. അവര്‍ ജീവിക്കുകയല്ല പിന്നെയുള്ള കാലം . ശരിക്കും അവര്‍ മരിക്കുകയാണ് നാട് വിടുന്നതോടെ . വീട്ടിലെ ദുരിതങ്ങള്‍ മാറ്റാനും ജീവിതം സുഖകരമാക്കാനും വേണ്ടി വീട് വിട്ടിറങ്ങേണ്ടി വരുന്ന ജീവിതങ്ങള്‍ നടന്നുപോകുന്ന ദുരിതങ്ങളെ ആര്‍ക്കും അത്ര പെട്ടെന്നു വരച്ചു കാണിക്കാന്‍ കഴിയുകയില്ല . ബന്യാമിന്റെ ആടൂജീവിതം പോലുള്ള ജീവിത കഥകളെ കാണുമ്പോള്‍ , വായിക്കുമ്പോള്‍ ഉണരുന്ന കഷ്ടം എന്ന മൂക്കത്ത് വിരല്‍ വയ്ക്കലിനപ്പുറം അതാരെയും സ്പര്‍ശിക്കുകയില്ല . ഇരുപതോ മുപ്പതോ ചിലപ്പോള്‍ നാല്‍പ്പതോ വയസ്സില്‍ കേരളത്തിനപ്പുറം കടക്കുന്ന മനുഷ്യര്‍ പിന്നെ നാട്ടിലേക്കു തിരികെ വരുന്നത് അന്‍പതോ അറുപതോ വയസ്സുകളിലോ അതിനും ശേഷമോ ഒക്കെയാകും . ഒന്നുകില്‍ പെട്ടിയില്‍ അടച്ചു വരുന്ന വരവാകാം അല്ലെങ്കില്‍ ഒരു ലോഡ് രോഗങ്ങളുമായി വരുന്നതാകാം . പെട്ടിയില്‍ വന്നാല്‍ ആ മനുഷ്യന്‍ ഭാഗ്യവാന്‍ എന്നു ചിന്തിക്കേണ്ട ഒരു കാലമാണിത് . അതുവരെ ആര്‍ക്കും ശല്യമാകാതെ , അവരുടെയൊക്കെ ഇഷ്ടങ്ങൾക്കും സന്തോഷങ്ങൾക്കും വേണ്ടി മുഖം കറുക്കാതെ അക്ഷയനിധിപോലെ പ്രവര്‍ത്തിച്ച ഒരു മനുഷ്യന്‍ തിരികെ തന്റെ വാര്‍ദ്ധക്യത്തില്‍ അവര്‍ക്കിടയിലേക്ക് ഒരു അതിഥിയെപ്പോലെ കടന്നു വരികയും തന്റെ ദൈനംദിന ചിലവുകള്‍ക്ക് പോലും അവരോടു ഇരക്കുകയും ചെയ്യേണ്ടി വരുന്ന അവസ്ഥ ആ മനുഷ്യരെ സംബന്ധിച്ചു മരണത്തിന് തുല്യമാകുന്ന പ്രതികരണങ്ങളാകും ലഭിക്കുക . ഇതിലും ഭേദം പെട്ടിയില്‍ തന്നെ വരികയാണ് എന്നു കരുതുന്നവര്‍ ആണ് പുറം നാടുകളില്‍ ജോലി ചെയ്യുന്ന ഒട്ടുമിക്ക മനുഷ്യരും. പ്രസവത്തിന്റെ സമയത്തിന്റെ അവധി കണക്കുകൂട്ടി നാട്ടില്‍ വരികയും വിചാരിച്ച സമയത്ത് പ്രസവം നടന്നില്ലേല്‍ സിസേറിയനിലൂടെ പ്രസവം നടത്തിയെങ്കിലും കുട്ടിക്കും വീട്ടുകാര്‍ക്കും ഒപ്പം അല്‍പദിവസം കഴിയുകയും , ഹൃദയവേദനയോടെ തിരികെ ജോലിക്കു തിരിച്ചു പോകുന്നവരുമായ അമ്മമാരെ പരിചയമുണ്ട് . വാഷ്ബേസിനില്‍ മുലപ്പാല്‍ പിഴിഞ്ഞ് കളഞ്ഞു നെഞ്ചിന്റെ ഭാരം അടക്കുന്ന അത്തരം അമ്മമാരെ നാട്ടുകാര്‍ക്ക് പരിചയം കാണില്ല . കണ്ടാല്‍ , അവൾക്കിവിടെ നാട്ടില്‍ നിന്നാലെന്താ എന്നൊരു നിസ്സാര ചോദ്യത്തിലൂടെ അവളെ നിസ്സാരവത്കരിച്ചു അവര്‍ കടന്നുപോകും. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് വരുത്തി വച്ച ലോണുകളും കടങ്ങളും വീട് പണികളും വാഹനഭാരവും ഒക്കെ അവള്‍ ഒഴുക്കിക്കളയുന്ന മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട് . ഒരു സിംഗിള്‍  ബഡില്‍ തന്റെ ലോകം ഒതുക്കിയ പുറം നാട്ടില്‍ ജോലിയെടുക്കുന്ന മനുഷ്യരുടെ സ്വപ്നങ്ങളില്‍ വിശാലമായ പുല്‍മേടുകളും ആകാശവും നരച്ചുതന്നെയാണ് എന്നും ഉണ്ടാവുക . ഭീമമായ തുകകള്‍ ചിലവാക്കി ഉണ്ടാക്കിയ വീട്ടിന്റെ പോരായ്മകള്‍ വര്‍ഷാ വര്ഷം ചെയ്തു വരികയും കടം കേറി പേരുകയും ചെയ്യുന്ന മനുഷ്യര്‍ , നാട്ടിലെ എന്തൊരു കാര്യത്തിനും ആദ്യം സമീപിക്കുന്ന മനുഷ്യര്‍ , പറയാന്‍ ഒരുപാടുണ്ട് കേരളത്തിന് പുറത്തു പോകുന്നവര്‍ക്ക് നാടിനെക്കുറിച്ച് പറയാന്‍. പക്ഷേ അവര്‍ ഒരിയ്ക്കലും തിരിച്ചൊന്നും പ്രതീക്ഷിക്കുന്നില്ല . രോഗം , വിദ്യാഭ്യാസം തുടങ്ങി പല പല കളവുകള്‍ പറഞ്ഞും ഭാരങ്ങള്‍ പറഞ്ഞും സഹായം ചോദിക്കുന്ന ആള്‍ക്കാര്‍ ഒരുപാടാണ്. തിരികെ ഒരു പത്തു കാശിന്റെ സഹായം പോയിട്ടു കടമായിട്ടു വാങ്ങിയ പണം പോലും തിരികെ ചോദിച്ചാല്‍ പിണങ്ങുന്ന നാട്ടുകാര്‍ക്കിടയില്‍ ഈ മനുഷ്യര്‍ക്ക് മുഖങ്ങള്‍ ഇല്ല . പ്രളയം വന്നപ്പോഴും മറ്റും രാത്രി പോലും ഉറക്കമില്ലാതെ ഇരുന്ന സഹായം ചെയ്ത മറുനാടന്‍ മലയാളികളെ കേരളം കോവിഡ് കാലത്ത് സ്വീകരിച്ച മാതൃകതന്നെയാണല്ലോ ഏറ്റവും വലിയ ഉദാഹരണം . 

ഇത്രയും പറയാനുള്ള കാരണം ഷാബു കിളിത്തട്ടില്‍ ക്രോഡീകരിച്ച തന്റെ തന്നെ അനുഭവങ്ങളുടെ ലേഖന സമാഹാരമായ മാറുന്ന ഗള്‍ഫും ഗഫൂര്‍ക്കാ ദോസ്തുമെന്ന പുസ്തകം വായിച്ചതിനാലാണ് . മിഡില്‍ ഈസ്റ്റില്‍ , പ്രത്യേകിച്ചും യു എ ഇയിലെ മലയാളികളുടെ ജീവിതാനുഭവങ്ങളെയും കേരളവുമായുള്ള വിനിമയങ്ങളെയും കളക്ടീവായുള്ള വസ്തുതകളെ മുൻനിർത്തി ഷാബു വിശദീകരിക്കുന്നത് കേരളസമൂഹം വായിക്കേണ്ട ഒന്നാണെന്നാണ് പറയാനുള്ളത്. അത് മറ്റൊന്നുംകൊണ്ടല്ല . മറുനാടുകളില്‍ പോകുന്നവര്‍ എങ്ങനെ ജീവിക്കുന്നു എന്നും അവരുടെ ജീവിതം അവര്‍ക്കെന്താണ് നല്‍കുന്നതെന്നും അവരോടു കേരളം എങ്ങനെയാണ് പെരുമാറുന്നതെന്നും മനസ്സിലാക്കാന്‍ അതുപകരിക്കും . മറുനാടന്‍ മലയാളികള്‍ എഴുതുന്ന സാഹിത്യത്തില്‍ നിന്നത് ലഭിക്കും എന്നു കരുതുക വയ്യ . കാരണം അവര്‍ക്ക് തങ്ങളുടെ ദുരിതവും ദുഃഖവും നാട്ടുകാരെ കാണിക്കുന്നതില്‍ അല്പം വിഷമം ഉണ്ട് അതിനാല്‍ നോസ്റ്റാള്‍ജിയകള്‍ വിളമ്പി അവര്‍ അത് മറയ്ക്കും. മധ്യവര്‍ഗ്ഗക്കാര്‍ ആണെങ്കില്‍ അവര്‍ കാണുന്ന ഏതെങ്കിലും ചില ജീവിതങ്ങള്‍ വച്ച് ഇതാണ് ഇവിടത്തെ അവസ്ഥ എന്നു സ്ഥാപിച്ചെടുത്ത് ദയാനുകമ്പകള്‍ ചൊരിയിക്കും. വൈറ്റ് കോളര്‍ ജോബുകാര്‍ എഴുതുന്ന ബ്ലൂ കോളര്‍ ജീവിതങ്ങള്‍ ആണ് നമുക്ക് പഥ്യം . ബ്ലൂ കോളര്‍ ജീവിതങ്ങള്‍ ഒരിയ്ക്കലും തങ്ങളുടെ ജീവിതം മറ്റൊരാളെ കാണിക്കുവാനോ പറയുവാനോ മുതിരാറില്ല . കാരണം അവര്‍ക്കതിനു സമയം ഇല്ല മനസ്സും . മധ്യവര്‍ഗ്ഗ മറുനാടന്‍ മലയാളികളെ കാണാന്‍ എത്തി അവരില്‍ നിന്നും ലഭിക്കുന്ന സമ്മാനങ്ങളുമായി തിരികെ പോകുന്ന അധികാര വര്‍ഗ്ഗവും സാംസ്കാരികപ്രവര്‍ത്തകരും, മഹാനഗരങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഒരു ചേരി സന്ദര്‍ശിച്ചു ഒരു അനുകമ്പാപ്രതികരണവും കുറെ വാഗ്ദാനങ്ങളും അധികാര വര്‍ഗ്ഗത്തോട് കുറെ ചോദ്യങ്ങളും കുറ്റപ്പെടുത്തലുകളും നടത്തി തിരിച്ചു പോകുന്നതുപോലെ ഏതെങ്കിലും ഒരു ലേബര്‍ കോളനി കാണുകയും (അത് സംഘാടകര്‍ അവരുടെ രാഷ്ട്രീയ കാഴ്ചകളിലൂടെ നേരത്തെ തീരുമാനിച്ചു ശരിയാക്കി നിര്‍ത്തുന്ന ഒന്നാകും മിക്കവാറും )കുറച്ചു ആശ്വാസ വാക്കുകള്‍ നല്കി കടന്നുപോകുകയും ചെയ്യുന്ന നാടകങ്ങള്‍ സുലഭമാണ് . മധ്യവര്‍ഗ്ഗത്തിന് പ്രത്യേകിച്ചും ഗള്‍ഫ് നാടുകളില്‍ സഹജീവികളുടെ വിശപ്പിനെക്കുറിച്ച് ഓര്‍മ്മവരുന്ന റംസാന്‍ മാസങ്ങളില്‍ അവര്‍ക്ക് തങ്ങളുടെ ദാനശീലവും ഉദാരതയും വെളിപ്പെടുത്താനുള്ള പ്രദേശങ്ങള്‍ കൂടിയാണ് ലേബര്‍ ക്യാമ്പുകള്‍ . ഈ പറഞ്ഞ എല്ലാ സത്യങ്ങളും വിളിച്ച് പറയാന്‍ ഷാബുവിന്റെ ലേഖനങ്ങള്‍ സഹായിക്കില്ല . കാരണം പരിമിതികള്‍ ഉള്ള എഴുത്തുകാരാണല്ലോ കൂടുതലും . എങ്കിലും കുറച്ചൊക്കെ മറുനാടന്‍ മലയാളികളുടെ ദുരിതങ്ങളെക്കുറിച്ച് അറിയാന്‍ ഈ പുസ്തകം സഹായിക്കും എന്നു കരുതുന്നു . ഒപ്പം നോര്‍ക്കയും അവരുടെ സേവനങ്ങളും  ഷാബു ഇതില്‍ പരിചയപ്പെടുത്തുന്നുണ്ട് . ഇത് മറുനാടന്‍ മലയാളികള്‍ക്ക് ഉപകാരപ്രദമായ ഒന്നാണ് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ . തീര്‍ച്ചയായും ഒരു മാധ്യമപ്രവര്‍ത്തകന്റെ സമൂഹത്തോടുള്ള പ്രതിപത്തിയുടെ ഈ പുസ്തകം എല്ലാവരും ഒരിക്കല്‍ വായിച്ചു നോക്കുന്നത് നന്നായിരിക്കും . ആശംസകളോടെ ബിജു .ജി.നാഥ് വര്‍ക്കല

ചരിത്രത്തിനു ചാരിത്ര്യഭംഗം വരുമ്പോള്‍

*ചരിത്രത്തിന് ചാരിത്രഭംഗം വരുമ്പോൾ*

പാഠപുസ്തകത്താളുകളില്‍നിന്നൂ-
 ര്‍ന്നു വീഴുന്നു 
ചരിത്രത്തില്‍ രക്തസാക്ഷികള്‍.
വിഗ്രഹങ്ങള്‍ ഉടയുന്നു 
സ്മാരകങ്ങള്‍ തകരുന്നു.
വഴിയായതും
വഴികാട്ടിയായതും
മറഞ്ഞേ പോകുന്നു.

അച്ഛന്‍ പഠിച്ച പുസ്തകത്താളിലെ
ചരിത്രം മകന്നത്ഭുതമാകുന്നു.
മണ്ണു ചാരിനിന്നവരൊക്കെയും
 പെണ്ണുകൊണ്ടുപോകും വീരന്മാരാകുന്നു .
ഒറ്റുകാരന്റെ  രക്തത്തില്‍
ദേശസ്നേഹം തിളയ്ക്കുന്നു.
അയല്‍ദേശത്തോട്  കൂറും
മാതൃരാജ്യത്തന്നവുമുണ്ട്
സമത്വം തിരഞ്ഞു വിലപിക്കുന്നു .

പിതാവിനെ കൊന്നവന്‍  പരിശുദ്ധനാകുന്നു.
പള്ളികള്‍, സ്മാരകങ്ങള്‍
ഒക്കെയും അമ്പലങ്ങളാകുന്നു.
ശാസ്ത്രത്തെ  
ചാണകവരളികളിൽ ചുട്ട് 
യാനങ്ങള്‍ പറപ്പിക്കുന്നു. 
ചരിത്രത്തിന്‍റെ ഇടനാഴികളില്‍ 
തളം കെട്ടിയ ചോരയ്ക്ക്
അവകാശികളേറെയുണ്ടാകുന്നു .
തിരുത്തിയെഴുതുവാന്‍ കൂലിവാങ്ങി   
ചരിത്രാന്വേഷകര്‍ യാത്ര ചെയ്യുന്നു. 

നിറഞ്ഞ മൗനത്തോടെ ,
തികഞ്ഞവിധേയത്തോടെ ,
പുതമുകുളങ്ങള്‍ ചരിത്രം പഠിക്കുന്നു. 
വ്യഭിചരിക്കപ്പെട്ട ചരിത്രത്തിലെ
ദുര്‍ഗന്ധം ശ്വസിക്കുന്നു.

*ബിജു. ജി.നാഥ് വർക്കല*

http://www.paperturn-view.com/world-art-cafe/world-art-cafe-february-2023-ver-01?pid=MzA307187

Sunday, February 19, 2023

സുദിനം

സുദിനം

ഒരു കുളിർനിലാവിൻ്റെ തുണ്ടു ഞാൻ 
നിൻ കവിളിൽ പതിപ്പിക്കുന്നീ നിമിഷം.

ഒരു തേൻതുണ്ടിൻ മധു ചക്ഷകം
നിൻ അധരങ്ങളിൽ പകരുന്നീ നിമിഷം.

പറയുക പൗർണ്ണമിപ്പൂനിലാവേ നീയിനി
അകലുമോ ഈ ഭൂമി തന്നിൽ നിന്നും.

പോകുമോ മഴവിൽ കനവേ നീയെന്നുടെ
കനവുകൾ മരിച്ചൊരീ ഹൃത്തിൽ നിന്നും.

പുണരുവാൻ ഞാനാശിച്ചീ നിശബ്ദത 
തണൽ വിരിച്ചൊരീ ഇരുളിലുണ്ടേകം. 

ഈ ദിനം നീയെനിക്കേകിടേണം സഖീ
നിൻ ഹൃദയം അതല്ലാതെന്തു വേറെ!
ബിജു.ജി.നാഥ്

Friday, February 17, 2023

മണൽക്കാറ്റിനും പറയുവാനുണ്ട്....... ദീപ പ്രമോദ്

മണല്‍ക്കാറ്റിനും പറയുവാനുണ്ട് (കവിതകള്‍)
ദീപ പ്രമോദ് 
കൈരളി ബുക്സ് 
വില :  ₹ 170 .00


കാലമെത്ര കഴിഞ്ഞാലും കവിതയുടെ രൂപം ഭാവം ഒക്കെയും മാറിയാലും എല്ലാവരും സമ്മതിക്കുന്ന ഒരു വിഷയമുണ്ട് . കവിത എന്നാല്‍ പാരായണ ക്ഷമതയുള്ളതാകണം . വൃത്തമഞ്ജരിയില്‍ എ ആര്‍ രാജരാജവര്‍മ്മ ഇങ്ങനെ പറയുന്നു . 
“പദ്യമെന്നും ഗദ്യമെന്നും ഹൃദ്യമാം മട്ടു രണ്ടിലേ 
വാഗ്ദേവതയൂദിച്ചിടൂ വിദ്വദാനനപങ്കജേ.
മാത്ര,വര്‍ണ്ണം, വിഭാഗങ്ങളിത്യാദിക്ക് നിബന്ധന 
ചേര്‍ത്തു തീർത്തീടുകില്‍ പദ്യം, ഗദ്യം കേവലവാക്യമാം.”
അതായത് ഗദ്യമെന്നും പദ്യമെന്നും വാക്യത്തിന്റെ ഗതി രണ്ടുവിധം . ഇത്ര അക്ഷരം കൂടുന്നത് ഒരു പാദം, പാദത്തില്‍ ഇന്ന ഇന്നത് ലഘു , ഇന്ന ഇന്നത് ഗുരു . ഇന്നിടത്ത് യതി . ഇത്യാദി വ്യവസ്ഥകള്‍ കല്‍പ്പിച്ചു കെട്ടിയുണ്ടാക്കുന്ന വാക്യം പദ്യം. ഈ വക നിബന്ധനയൊന്നും കൂടാതെ എഴുതുന്ന വാക്യം ഗദ്യം. (ഗദ്യത്തിന് ആന്തരമായ താളഗതികളുണ്ട് .  ചിട്ടകള്‍ക്ക് വിധേയമല്ല.) സാധാരണ ലോക വ്യവഹാരത്തില്‍ നാം ഗദ്യമുപയോഗിക്കുന്നു . സരസങ്ങളായ അര്‍ത്ഥങ്ങളെ കവികള്‍ വൃത്തശാസ്ത്രവിധിപ്രകാരം പദ്യങ്ങളാക്കി ചമയ്ക്കുന്നു. (നൈസര്‍ഗ്ഗിക താളബോധമാണടിസ്ഥാനം.) എന്നാല്‍ കാവ്യമെല്ലാം പദ്യമായിരിക്കണമെന്നോ വൃത്തശാസ്ത്ര നിബന്ധനയ്ക്ക് ചേര്‍ന്ന് എഴുതുന്ന വാക്യമെല്ലാം കാവ്യമാകുമെന്നോ പറഞ്ഞുകൂടാത്തതാകുന്നു. പദ്യലക്ഷണം വൃത്തശാസ്ത്രത്തെയും കാവ്യലക്ഷണം സാഹിത്യശാസ്ത്രത്തെയും ആശ്രയിച്ചാണ് നില്‍ക്കുന്നത് . 
“പദ്യം വാര്‍ക്കുന്ന തോതല്ലോ വൃത്തമെന്നിഹ ചൊല്‍വത് 
ഛന്ദസ്സെന്നാലക്ഷരങ്ങളിത്രയെന്നുള്ള ക്ലിപ്തിയാം.” 
എന്നിങ്ങനെ പദ്യത്തെക്കുറിച്ചുള്ള നിയമങ്ങളും മറ്റും തുടരുന്നു . ഇക്കാലത്താരെങ്കിലും വൃത്തത്തില്‍ കവിത എഴുതുകയോ , പറയുകയോ ചെയ്യുമെങ്കില്‍ അത് തന്നെ ഒരത്ഭുതമാണ് എന്നറിയാഞ്ഞിട്ടല്ല ഈ വിവരങ്ങള്‍ പറയുന്നത് . മുന്‍പൊരു ഫേസ് ബുക്ക് ഗ്രൂപ്പില്‍ ഒരു നിയമം കൊണ്ട് വന്നു . അറിയപ്പെടുന്ന ഒരു കവിയുടെ പേരിലുള്ള ആ ഗ്രൂപ്പില്‍ അദ്ദേഹം പറഞ്ഞു എന്ന തലക്കെട്ടോടെ ഒരു പോസ്റ്റ് വന്നത് ഇനി ഇവിടെ ഇടുന്ന കവിതകള്‍ വൃത്തത്തില്‍ ഉള്ളതല്ല എങ്കില്‍ സ്വീകരിക്കില്ല എന്നായിരുന്നു . അന്നത് വലിയ ഒരു ചർച്ച ഒക്കെ നടന്ന സംഭവമായിരുന്നു ഒടുവില്‍ അവര്‍ അത് പിന്‍വലിക്കേണ്ടിയും വന്നു. വൃത്തരൂപം ഒക്കെ കവിതയില്‍ നിന്നും അകന്നിട്ട് കാലം ഒരുപാട് ആയിരിക്കുന്നു . കവിത ചൊല്‍ക്കവിതയായും പദ്യപാരായണം ആയും നില്‍ക്കുന്ന ഇടങ്ങള്‍ ഇന്ന് കുറവാണ്. ഗദ്യകവിതകളെ നാടകീയമായ രീതിയില്‍ ചൊല്ലിയും പറഞ്ഞും ഓരോ വരികളും ഈരണ്ടും മുമ്മൂന്നും പ്രാവശ്യം ആവര്‍ത്തിച്ചും ഒക്കെ കവിതാലാപന സദസ്സുകളില്‍ ആഘോഷിക്കുന്ന കാലവും ചൊല്ലാന്‍ കഴിയാത്ത , താളബോധമില്ലാത്ത ഒന്നും കവിത അല്ലെന്ന് പറയുന്നവരെ അന്യഗ്രഹ ജീവികള്‍ ആയി കണക്കാക്കുന്നവരുടെ കാലവും ആണിന്നുള്ളത് .  എന്നിരുന്നാലും മിക്ക ആള്‍ക്കാരും സമ്മതിക്കുന്ന ഒരു പൊതു വിഷയം ഉണ്ട് . എന്തുകൊണ്ടാണ് ഇന്ന് വായിക്കുന്ന കവിതകള്‍ നമ്മുടെ ഓര്‍മ്മയില്‍ നില്‍ക്കാത്തതും എന്നാല്‍ പഴയകാല കവിതകളുടെ വരികള്‍ മറക്കാതെ നാവിന്‍ തുമ്പില്‍ ഉള്ളതും എന്നതാണത്. കാസറ്റ് കവികളുടെ കാലത്ത് കുറച്ചു കവിതകള്‍ ജനപ്രസിദ്ധിയാര്‍ജ്ജിച്ചു എന്നതിനപ്പുറം പിന്നെ ശൂന്യമാണ് . പുതിയ കാലത്തും പഴയതിനെ കൈവിടാത്ത എഴുത്തുകാറുണ്ട് . ദീപ സ്വരന്‍ എന്ന കവിയുടെ കവിതാ പുസ്തകം മുന്പ് വായിച്ചിട്ടുള്ളത് ഇത്തരുണത്തില്‍ ഓർമ്മ വരുന്നു . പഴയ മാമൂലുകളില്‍ നിന്നും പുറമെ വന്നു പുരാണങ്ങളെ കൂട്ടുപിടിക്കാതെ നവചിന്തകളെ പാരായണക്ഷമതയോടെ അവതരിപ്പിക്കുന്ന കവിതാ രീതി ആണ് ദീപാ സ്വരന്‍ പിന്തുടരുന്നതെന്ന് കണ്ടിരുന്നു .  ഷീജ വക്കം , അതുപോലെ വയലാറിന്റെ മകന്‍ , പ്രൊഫ. മധുസൂദനന്‍ നായര്‍ തുടങ്ങി പലരും അവരുടെ പുരാണങ്ങളുടെ കവിതാ വത്കരണത്താല്‍ മാത്രമാണ് പൊതുവിടങ്ങളില്‍ അറിയപ്പെടുന്നത് അല്ലാതെ എഴുതുന്നവ അവരുടെ ചുറ്റുപാടുകളില്‍ മാത്രമാണു വായിക്കപ്പെടുന്നത് എന്നത് ഇവിടെ ചിന്തിക്കേണ്ടതാണ് . ഈ അവസരത്തിലാണ് ദീപ പ്രമോദ് എന്ന കവിയുടെ മണല്‍ക്കാറ്റിനും പറയുവാനുണ്ട്  എന്ന കവിത സമാഹാരം വായിക്കാന്‍ ലഭിച്ചത്. കവിതാ വായന മുറുകുകയും മുഴുവന്‍ കവിതകളും വായിച്ചു തീരുകയും ചെയ്യുമ്പോള്‍ വായനക്കാരന്‍ ഏത് കാലത്താണ് ജീവിക്കുന്നതു എന്നൊരു തോന്നല്‍ ഉരുവാകുകയുണ്ടായി . മറ്റൊന്നും കൊണ്ടല്ലത്. ഈ കാലത്തിരുന്നുകൊണ്ടു എണ്‍പതുകള്‍ക്ക് അപ്പുറം ഉള്ള ഒരു കവി എഴുതുന്ന കവിതകള്‍ വായിക്കുന്ന പ്രതീതി അനുഭവപ്പെട്ടു ആ കവിതകള്‍ വായിക്കുമ്പോള്‍ . പഴമയുടെ ശീലുകള്‍ പോലെ , കവിത എന്നാല്‍ താളബോധത്തോടെ വായിക്കേണ്ട നാലുവരി ഖണ്ഡങ്ങള്‍ ആണെന്ന ബോധവും , മുതിര്‍ന്ന ഒരു വ്യക്തിയുടെ അനുഭവവും കാഴ്ചപ്പാടും നിറയുന്ന പഴയ സംസ്കാരവും മൂല്യങ്ങളും ചിന്തകളും ഉള്ള ഒരാളിന്റെ എഴുത്തുകള്‍ പോലെ ഓരോ കവിതകളും വായിക്കപ്പെട്ടു . അവയില്‍ സമകാലിക വിഷയങ്ങള്‍ എല്ലാം ഉണ്ട് . കോവിഡ് ഉണ്ട് , മെസപ്പൊട്ടാമിയന്‍ വിഷയങ്ങളുണ്ട് പ്രണയമുണ്ട് കുടുംബമുണ്ട് രാഷ്ട്രീയമുണ്ട് ജീവിതവുമുണ്ട് . പക്ഷേ ഇവയെല്ലാം വായിക്കപ്പെടുന്നത് പഴയകാല നിര്‍മ്മിതികള്‍ക്കുള്ളില്‍ നിന്നാണ് എന്നാണ് പറയുവാന്‍ കഴിയുക . ഈ പുസ്തകത്തിലെ എല്ലാ കവിതകളും കാവ്യമായി തന്നെ എഴുതപ്പെട്ടിട്ടുള്ളവ ആണ് . അവയൊന്നും തന്നെ  ആധുനിക കവിതാ ലോകത്തെ ഒരു പരീക്ഷണങ്ങളും ചേരാതെ നില്‍ക്കുന്നവയാണ് . മാത്രവുമല്ല കാവ്യവത്കരണത്തിന്റെ പോരായ്മകള്‍ ചില കവിതകളുടെ പല്ലവി അനുപല്ലവികളില്‍ സംഭവിക്കുന്നുണ്ടെങ്കിലും കവി  ഒട്ടുംതന്നെ അവയില്‍ ആകുല അല്ലെന്ന് കാണാം . കവിതാ രീതികള്‍ പരീക്ഷിക്കാനും പഠിക്കാനും ശ്രമിക്കുന്നവര്‍ക്ക് നല്ലൊരു പഠന ഉപാധിയാണ് ഈ കവിത സമാഹാരം എന്നു പറയാന്‍ ആഗ്രഹിക്കുന്നു . കവിതകള്‍ സംഭവിക്കുന്നത് എങ്ങനെ എന്നറിയാനും പുതിയ കാലത്തിന്റെ കാവ്യ രീതികളെ ഉള്‍ക്കൊണ്ട് കൊണ്ട് തന്നെ എങ്ങനെ കവിതകള്‍ നിര്‍മ്മിക്കാം എന്നും പഠിക്കാന്‍ ഈ രീതിയിലുള്ള കവിതകള്‍ സഹായിക്കുക തന്നെ ചെയ്യും . പൊതുവില്‍ നല്ല ഒരു വായന തന്ന പുസ്തകം എന്ന് ഇതിനെ അടയാളപ്പെടുത്തുന്നു . ആശംസകളോടെ ബിജു. ജി. നാഥ് വര്‍ക്കല

Thursday, February 16, 2023

സ്വപ്നഗേഹത്തിൽ ഒറ്റയ്ക്കിരിക്കവേ !.

സ്വപ്നഗേഹത്തിൽ ഒറ്റയ്ക്കിരിക്കവേ !.

മുന്തിരിച്ചോപ്പിൻ്റെ നേർത്ത നിറം തൂകും
സുന്ദരിപ്പെണ്ണേ നിൻ്റെ ചുണ്ടുകളിൽ
കണ്ണടച്ചുമ്മ വയ്ക്കും കാറ്റിൻ 
കുസൃതിക്ക് ഞാനെന്തിന് വേവുന്നതിങ്ങനെ.

ഇല്ലയെന്നുത്തരം തന്നു നീ എന്നുമെൻ
കള്ളത്തരങ്ങൾക്ക് വേലി കെട്ടീടുമ്പോൾ
ഒന്നടുത്തെത്തിയാ കരാംഗുലികൾ
ചുണ്ടിലായ് ചേർത്തുമ്മ വച്ചീടട്ടെ ഞാനും.

കൂമ്പി വിടരും മിഴികൾ മറച്ചു നീ
ദൂരെയെങ്ങോ നോക്കുന്ന വേളയിൽ
വർദ്ധിതമാം വേഗത്തിൽ ഉയർന്നു താഴു-
മാ ചിത്രകൂടങ്ങൾക്ക് കാവലായ് ഞാൻ.

എത്ര നാണം നിറഞ്ഞാലുമിക്കവിൾ
ഇല്ലിനിയും ചുവക്കുവാൻ ചെന്തീ നിറം
പൂണ്ട സന്ധ്യാംബരം പോലെങ്കിലും
തൊട്ടു നോക്കുവാൻ വെമ്പുന്നൊരെൻ മനം.

കണ്ടറിയുക നീയെൻ പ്രിയേ 
നിൻ കണ്ണിണകൾ നല്കുന്ന സത്യത്തെ
വിട്ടിടരുതീ യിരുട്ടിലിന്നെന്നെ നീ
കഷ്ടമാണത് നീന്തിക്കടക്കുവാൻ....
@ബിജു.ജി.നാഥ് വർക്കല

Saturday, February 11, 2023

പൊക്കിള്‍ക്കൊടിയുടെ ഭൂപടം..............................ഇസ്മയില്‍ കൂളത്ത്

പൊക്കിള്‍ക്കൊടിയുടെ ഭൂപടം (കഥകള്‍ ) 
ഇസ്മയില്‍ കൂളത്ത് 
സൈകതം വില : ₹ 170.00


കഥകള്‍ ജീവിതഗന്ധികള്‍ ആയ പുഷ്പങ്ങള്‍ ആണ് . ചിലവ സുഗന്ധവാഹിയായി പരിലസിക്കും . ചിലവ അതീവ മനോഹരിയായി കാലങ്ങള്‍ വാഴ്ത്തും . ചിലവ അഴുക്കുചാലുകളിലേക്ക് പിന്തള്ളപ്പെടുകയും ചെയ്യും. ഇവ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമാകുക പതിവാണ് . ചിലര്‍ മണ്‍മറഞ്ഞുപോയി വര്‍ഷങ്ങള്‍ക്കൊ നൂറ്റാണ്ടുകള്‍ക്കൊ ശേഷമാകും അവരുടെ രചനകള്‍ ലോകം വിലയിരുത്തുക പോലും ചെയ്യുക. സാംസ്കാരിക ലോകത്തിന് ഒരു വലിയ പോരായ്മ ഉണ്ട് . അവര്‍ ഒരിയ്ക്കലും ഒരു നല്ല എഴുത്താളിയെ അനുമോദിക്കുകയോ വളര്‍ത്തുകയോ ഇല്ല . അവര്‍ ഓരോ കോക്കസുകളില്‍ പെട്ട വര്‍ഗ്ഗങ്ങള്‍ ആണ് . കുറച്ചു പേരുടെ കൂട്ടങ്ങള്‍ . അവര്‍ പറയുന്നതും അവര്‍ പങ്കുവയ്ക്കുന്നതുമാണ് സാഹിത്യം എന്നോ അവമാത്രമേ വായിക്കപ്പെടാവൂ എന്നും ഒരലിഖിത നിയമം ഇവിടെ പ്രബലമാണ്. പലപ്പോഴും നന്നായി എഴുതുന്നവ ലോകം കാണുക കൂടിയില്ല . നിരാശയോടെ അത്തരം എഴുത്തുകാര്‍ നിശബ്ദം പിറകിലേക്ക് മാറും. വിഷാദരോഗികള്‍ ആകും . ആത്മഹത്യയോ സാഹിത്യത്തോടുള്ള എന്നെന്നേക്കുമുള്ള വിടവാങ്ങലോ ഒക്കെയായി അവര്‍ മായും. കീഴാളന്റെ ശബ്ദം ഇവയിലെങ്ങുമെത്തുകയുമില്ല . വായനക്കാര്‍ വ്യക്തി വായനയോ മുന്‍വിധി വായനയോ ഇല്ലാത്തവര്‍ ആയിരുന്നെങ്കില്‍ ഇന്നിവിടെ എത്രയോ ദളിത് , വനിതാ എഴുത്തുകാര്‍ ഒക്കെ പ്രശസ്തരായേനെ എന്നു വേദനയോടെ സ്മരിക്കേണ്ടി വരും . സാഹിത്യപരമായ വാസന എന്നത്  എല്ലാവർക്കും ഉണ്ട് പക്ഷേ അത് എഴുതിപ്പിടിപ്പിക്കാന്‍ എല്ലാവർക്കും കഴിയാറില്ല എന്നതിനാല്‍ നമുക്ക് കവികളും കഥാകാരും കുറവാണ് . സോഷ്യല്‍ മീഡിയ വളര്‍ത്തിയ എഴുത്തുകാര്‍ ഒട്ടൊന്നുമല്ല . അതൊരു പോരായ്മയും അല്ല . പോരായ്മ ആകുന്നത് മേല്‍പ്പറഞ്ഞ അപചയങ്ങള്‍ സംഭവിക്കുമ്പോഴാണ് . 

ഇസ്മായില്‍ കൂളത്ത് എന്ന എഴുത്തുകാരനെ പരിചയപ്പെടുന്നത് കുറച്ചു കാലം മുന്നെയാണ് . യു എ ഇ യിലെ ചുരുക്കം സൗഹൃദങ്ങളില്‍ ഒന്ന്‍ . കഥകള്‍ എഴുതുന്ന ഒരാള്‍ എന്നറിയുന്നത് പിന്നീടാണ് . ചിലതൊക്കെ വായിച്ചിട്ടുമുണ്ട്. ഇക്കഴിഞ്ഞ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഇറങ്ങിയ അദ്ദേഹത്തിന്റെ കഥകളുടെ സമാഹാരമാണ് “പൊക്കിള്‍ക്കൊടിയുടെ ഭൂപടം” . ഇസ്മയില്‍ കൂളത്തിന്റെ രചനകളില്‍ ഇഷ്ടപ്പെടുന്ന ഒരു വസ്തുത അതിലെ ഭാഷാ പ്രയോഗങ്ങളും പ്രകൃതിയോടും ബന്ധങ്ങളോടുമുള്ള അതിയായ വൈകാരികതയുടെ പച്ചപ്പുകളുമാണ് . മാനുഷികമായ ഒരു തലത്തില്‍ നിന്നുകൊണ്ടുള്ള കാഴ്ചപ്പാടുകള്‍ അതീവ വൈകാരികതയോടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരെഴുത്തുകാരന്‍ എന്ന നിലയ്ക്കാണ് ഈ എഴുത്തുകാരന്റെ കഥകളെ വായിച്ചിട്ടുള്ളത് . പൊക്കിള്‍ക്കൊടിയുടെ ഭൂപടം പതിമൂന്നു കഥകളുടെ ഒരു സമാഹാരം ആണ് . വരകളും വരികളുമായി പതിമൂന്നു കഥകള്‍ . ഇവ ജന്മനാടിന്റെയും കുടിയേറ്റ ജന്മത്തിന്റെയും സമ്മിശ്രങ്ങളായ പ്രതികരണങ്ങള്‍ ആയി വായിക്കാന്‍ കഴിയും . ചിലവ നാട്ടില്‍ മാത്രം ആണെങ്കില്‍ ചിലവ ഷാര്‍ജയുടെ പരിസരങ്ങള്‍ ആണ് . ചിലപ്പോഴാകട്ടെ ഇരു കരകളെയും ഒരുമിച്ചുള്ള ഒരു കൂട്ടിക്കെട്ടല്‍ കൂടിയാണ് . അതുകൊണ്ടൊക്കെയാകാം പൊക്കിള്‍ക്കൊടിയുടെ ഭൂപടം എന്ന ശീര്‍ഷകം പുസ്തകത്തോട് ചേര്‍ന്ന് നില്‍ക്കുന്നത് . അത് തിരഞ്ഞെടുത്ത സഹൃദയനെ അനുമോദിക്കേണ്ടതുണ്ട് . ഓരോ കഥയും ഓരോ ജീവിതങ്ങളാണ് . ഒന്നോ അതിലധികമോ ജീവിതങ്ങള്‍ ചേര്‍ന്ന കടലാണ് . സമ്മിശ്ര വികാരങ്ങളുടെ അക്ഷരങ്ങള്‍ . ഭാഷയോട് സ്നേഹമുള്ള, വായനാശീലമുള്ള ഒരാളുടെ എഴുത്തുകള്‍ ആയി ഈ കഥകള്‍ വായിച്ചുപോകാം . മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം , മാനുഷിക വികാരങ്ങള്‍ , സ്വാര്‍ത്ഥരായ മനുഷ്യരുടെ നിസ്സഹായതകള്‍ . മരണം എന്ന കേവലത ഒക്കെയും കഥകളുടെ ബീജങ്ങള്‍ ആയി വായന കാണിച്ചുതരുന്നുണ്ട് . നഗരവത്കരണ ലോകത്ത് , യാന്ത്രിക ജീവിതത്തിലെ മുഷിപ്പില്‍ ഒറ്റയ്ക്കാവുന്ന സ്ത്രീ മനസ്സുകളെയും അവരുടെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളെയും അവതരിപ്പിക്കുമ്പോഴും , വികസനമോഹങ്ങള്‍ക്ക് മുന്നില്‍ കുഞ്ഞുങ്ങളുടെ മനസ്സ് കാണാതെ പോകുകയും പ്രകൃതിയെ സംരക്ഷിക്കാന്‍ മടിക്കുകയും ചെയ്യുന്ന മനുഷ്യരുടെ ലോകത്ത് കുഞ്ഞുങ്ങള്‍ എങ്ങനെയാണ് ചിന്തിക്കുക എന്നുള്ള വെളിപ്പെടുത്തലുകളും ഒക്കെ മാനുഷികമായ , മാനസികചിന്താഗതികളുടെ ലോകത്തെ അനാവൃതമാക്കാനുള്ള ശ്രമങ്ങള്‍ കഥകളില്‍ വായനക്കാരുടെ ലോലമായ വികാരങ്ങളെ ഉണര്‍ത്താന്‍ പര്യാപ്തമാണ് . 

എല്ലാം പറഞ്ഞു പോകാനുള്ള വ്യഗ്രത ഒരിടത്ത് . തുറന്നു പറഞ്ഞാല്‍, വിശദമായി വിവരിച്ചാല്‍ പിന്നെന്ത് കഥ എന്ന ചിന്ത മറ്റൊരിടത്ത് . ഫലമോ ദുർഗ്രാഹ്യമായ മൗനങ്ങളും ക്രമം തെറ്റിയ കാലവായനകളും കൊണ്ട് മാജിക്കല്‍ റിയലിസം തീര്‍ക്കാനുള്ള ശ്രമങ്ങള്‍ കഥകളില്‍ പലയിടത്തും കാണുകയുണ്ടായി. ഒരു നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയും അതിനെ വ്യക്തമായി അവതരിപ്പിക്കുകയും ചെയ്യുക എന്നത് ഭാരിച്ച പണി തന്നെയാണ് . ഒരു എഴുത്തുകാരനും വായനക്കാരനും എന്ന നിലയില്‍ ഇസ്മയില്‍ കൂളൊത്ത് ആ ഒരു തന്ത്രം കയ്യടക്കാന്‍ ഇനിയും കൂടുതല്‍ എഴുതേണ്ടതുണ്ട് എന്നു കരുതുന്നു . ക്ലീഷേ ആകുന്ന മത സൗഹാര്‍ദ്ദം പറഞ്ഞു ഫലിപ്പിക്കാന്‍ ഉള്ള ശ്രമം ഹാസ്യാത്മകമായി തോന്നി. പ്രളയം വന്നു സര്‍വ്വതും മുങ്ങിയിട്ടും മതത്തെ മുറുക്കിപ്പിടിച്ച്, ഉയര്‍ത്തിക്കാട്ടി നില്‍ക്കുന്ന മനുഷ്യരെ അവതരിപ്പിക്കുന്നതു വായിക്കുമ്പോള്‍ അതാണ് പറയാന്‍ തോന്നുന്നത് . കാവി കൗപീനവും മുല്ലാത്താടിയും തമ്മിലുള്ള ആ ഇടപെടലുകളില്‍ മുഴുവന്‍ ആ ഒരു കാളിമ കാണാം . അതിന്റെ മൂര്‍ദ്ധന്യം എത്തുന്നതോ മൗലവി നമസ്കാരത്തിലേക്കും ശാന്തിക്കാരന്‍ പൂജയിലേക്കും കയറിപ്പോകുമ്പോഴാണ് . ശരാശരി മതേതരക്കാര്‍ ഒക്കെ എഴുന്നേറ്റ് നിന്നു കൈയ്യടിക്കുന്ന ഇത്തരം സീനുകള്‍ എത്രത്തോളം ഹാസ്യമാണ് വായനക്കാരില്‍ ഉണ്ടാക്കുക എന്നത് വ്യക്തിഹിതം. നല്ല കുറച്ചു കഥകള്‍ വായിച്ചു പോയി എന്നതിനപ്പുറം ഓര്‍മ്മയില്‍ സൂക്ഷിച്ചു വയ്ക്കാന്‍ ഒന്നും നല്‍കിയില്ല എന്നു പറയാന്‍ കഴിയില്ല . കാരണം സ്വന്തം പറമ്പിലെ കുളം നഷ്ടപ്പെടുന്നതോര്‍ത്ത് വിതുമ്പുന്ന ആ കുഞ്ഞിന്റെ ഓർമ്മ മനസ്സില്‍ പതിപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ടു മാത്രമാണത് . ഇനിയും കൂടുതല്‍ കഥകള്‍ വിശാലമായ ക്യാന്‍വാസുകളില്‍ വരച്ചിടാന്‍ ഈ എഴുത്തുകാരന് കഴിയട്ടെ എന്നു ആശംസിക്കുന്നു . കോക്കസുകളില്‍പ്പെടാതെ സ്വന്തം നിലപാട് തറയില്‍ നിന്നുകൊണ്ടു നല്ല നല്ല കഥകള്‍ സമ്മാനിക്കാന്‍ കഴിയട്ടെ . ആശംസകളോടെ ബിജു ജി.നാഥ് വര്‍ക്കല