ഡേവിഡ് കുന്നംകുളം
പഞ്ചാംഗം പ്രസ്സ്
വില : രണ്ടു ചക്രം
ലോകമാകെയും മതങ്ങളുടെ കിടമത്സരങ്ങള്‍ നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു . ഇതിന് ആയിരത്തില്‍ താഴെ കൊല്ലങ്ങളുടെ പഴക്കമേ ഉള്ളൂ എന്നത് തമാശപോലെ തോന്നിക്കാമെങ്കിലും അതാണ് വാസ്തവം . കാരണം അതുവരെ ഉണ്ടായിരുന്ന മതങ്ങള്‍ ശൈശവ ദശയിലോ അതുമല്ലെങ്കില്‍ വെറും ഒരു ഉദാസീനമായ അനുഷ്ഠാനമെന്ന നിലയിലോ ചുരുക്കം ദേശങ്ങളിലോ വിഭാഗങ്ങളിലോ ഒതുങ്ങി നില്‍ക്കുകയും അതിനു അധികം പ്രചാരമോ പ്രചരണങ്ങളോ ഉണ്ടായിരുന്നുമില്ല . ആദ്യമായി പ്രചരണം തുടങ്ങിയ മതം ക്രിസ്തുമതം ആയിരുന്നു . ഹൈന്ദവ മതം എന്നത് വിഭിന്നങ്ങളായ ആശയങ്ങളും ഒറ്റ ജനതയുമായിരുന്നതിനാലും അവ പടര്‍ത്തുന്നതില്‍ അവര്‍ ഇന്‍ഡ്യ എന്ന ഭൂമിക മാത്രം ഉപയോഗിച്ചിരുന്നതിനാലും അതിനൊരു വെട്ടിപ്പിടിക്കലിന്റെ സ്വഭാവം ഉണ്ടായിരുന്നില്ല. ലോകം മുഴുവന്‍ പ്രചരിപ്പിക്കുക എന്ന തോന്നലും പ്രവര്‍ത്തിയും ആദ്യം ആരംഭിച്ചത് ക്രിസ്തുമതം ആണ് . അതിന്റെ ചുവടുപിടിച്ചാണ് അതിന്റെ പിന്നാലേ വന്ന ഇസ്ലാം മതവും പ്രവര്‍ത്തിച്ചത് . സ്വാഭാവികമായും ആശയങ്ങളുടെ വ്യത്യാസവും , ഒന്നാമനാകാനുള്ള വ്യഗ്രതയും ഈ രണ്ടു മതങ്ങളും തങ്ങളുടെ തേരോട്ടം തുടങ്ങിയപ്പോള്‍ മുതല്‍ ലോകത്ത് സമാധാനത്തിനും സാമൂഹ്യ അന്തരീക്ഷത്തിനും മാറ്റം വലിയ തോതില്‍ സംഭവിക്കാന്‍ തുടങ്ങിയിരുന്നു . വാളുകൊണ്ടു തുടങ്ങി ആധുനിക ആയുധങ്ങളില്‍ എത്തി നില്‍ക്കുന്ന ആ തേരോട്ടം കലുഷമായ ഒരു കാലഘട്ടത്തില്‍ എത്തിനില്‍ക്കുന്നിന്നു . മതങ്ങള്‍ പരസ്പരം തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിച്ചു വിപുലീകരിക്കുമ്പോഴും അവയ്ക്കിടയില്‍ മൂപ്പിളമയും ഗുണനിലവാരവും അഭിപ്രായപ്പെട്ടുകൊണ്ട് ആഭ്യന്തരശാഖകളും ഉപശാഖകളും ഉണ്ടാകുന്നുണ്ട് . ഇവയുടെ മത്സരം ഇന്ത്യയിലെ ഹൈന്ദ മതങ്ങള്‍ക്കിടയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന വിഷയങ്ങളുമായി സാമ്യമുണ്ട് എന്നത് ഇവയുടെ ഏകതാ സ്വഭാവം വെളിവാക്കുന്നു . ശൈവ മതം , വൈഷ്ണവ മതം എന്നിങ്ങനെ രണ്ടു പ്രബല മതങ്ങള്‍ ഹൈന്ദവ മതങ്ങളില്‍ പരസ്പരം ഒരുപാട് ചോരപ്പാടുകള്‍ വീഴ്ത്തിയിട്ടുണ്ട് . ജൈനമതം , ബുദ്ധമതം എന്നിവയെ ഇല്ലാതാക്കാനോ അവയുടെ വളര്‍ച്ചയെ മുരടിപ്പിക്കുവാനോ ഈ പ്രബലരുടെ കിടമത്സരം കാരണമായിട്ടുണ്ട് . ബുദ്ധമതത്തിലും പല വിഭാഗങ്ങള്‍ ഉണ്ട് . ജൈന മതത്തിലും ഉണ്ട് ഇത്തരം ഉൾപ്പിരിവുകൾ . പൊതുവില്‍ മതങ്ങളെ പുറമെ നിന്നും നോക്കുമ്പോള്‍ ഒറ്റനാമത്തിലോ , ദൈവത്തിലോ ഒക്കെ പരസ്യപ്പെടുത്തുമെങ്കിലും ഇന്നുള്ള എല്ലാ മതങ്ങൾക്കും ഒരേ ദൈവവും പല രീതികളും തങ്ങളില്‍ തങ്ങളില്‍ പ്രമുഖര്‍ അല്ലെങ്കില്‍ ശ്രേഷ്ഠര്‍ എന്നിങ്ങനെയുള്ള അവകാശവാദങ്ങളും ഉണ്ട് .
ക്രിസ്തുമതം ഒരു മതമായി മുന്നോട്ട് വരികയും പ്രചാരം നടത്തുകയും ചെയ്തുവെങ്കിലും പല ഇടങ്ങളില്‍ നിന്നും പല രീതിയിലാണ് അവയുടെ വിന്യാസം സംഭവിച്ചത് .
കേരളത്തില്‍ പോര്‍ട്ടുഗീസുകാരും ഡച്ചുകാരും ഇംഗ്ലീഷുകാരും പ്രചരിപ്പിച്ച ക്രിസ്തുമതത്തിലും ഈ വ്യത്യാസം ഉണ്ട് . അതിനാല്‍ത്തന്നെയാണ് കേരളത്തില്‍ ക്രിസ്ത്യാനികള്‍ പല വിഭാഗങ്ങള്‍ ആയി നിലനില്‍ക്കുന്നത് . കത്തോലിക്കന്‍ , സുറിയാനി , മാര്‍ത്തോമ്മന്‍ തുടങ്ങി പലതായി അത് കാണാം. സുറിയാനിക്കാര്‍ റോമന്‍ കത്തോലിക്കാരെയും മാര്‍പ്പാപ്പയെയും അംഗീകരിക്കാന്‍ തയ്യാറാകാത്തവരും തങ്ങളില്‍ ജൂതരെ പ്പോലെ വംശ ശുദ്ധിയെ ശ്രദ്ധിക്കുന്നവരും ആയി നിന്നിരുന്നു എന്നു വായിക്കപ്പെട്ടിട്ടുണ്ട് . അവര്‍ക്കിടയിലെ കലാപത്തിന്റെ ഭാഗമാണല്ലോ കൂനന്‍ കുരിശ് പ്രതിജ്ഞയും മറ്റും . ഇത്തരം പരസ്പരം ഉള്ള മത്സരവും വിദ്വേഷവും സമൂഹത്തിനു നല്‍കുന്ന ദോഷങ്ങള്‍ക്കൊപ്പം ചില ഗുണങ്ങളും ഉണ്ടെന്നത് മറച്ചു വയ്ക്കുന്നില്ല . ഓരോ മതങ്ങളുടെയും നേര്‍ക്കുള്ള വിമര്‍ശനങ്ങള്‍ ഈ പരസ്പര പഴിചാരലുകളില്‍ നിന്നും വിളിച്ചുപറയലുകളില്‍ നിന്നും കിട്ടുന്ന അറിവുകള്‍ വച്ചാണ് പ്രധാനമായും സംഭവിക്കുക . ഇത്തരത്തില്‍ സുറിയാനിക്കാരുടെ ഇടയില്‍ സ്വകാര്യമായി പ്രചരിപ്പിക്കുകയുണ്ടായ ഒരു ലേഖനമാണ് “റോമാ രഹസ്യങ്ങള്‍ അഥവാ പാപ്പാമതത്തിന്റെ എക്സറെ പരിശോധന” എന്ന ഈ പുസ്തകം . കത്തോലിക്കന്‍ സഭയിലെ അവസാന വാക്കായ മാര്‍പ്പാപ്പാമാരുടെ ജീവിതവും , അവരുടെ ജീവിതത്തിലെ ഇരുണ്ട വശങ്ങളും , സഭയിലെ ക്രമക്കേടുകളും ക്രൂരതകളും വിവരിക്കുന്ന ഒരു ചെറുപുസ്തകമാണ് ഇത് . കുടുംബ വാഴ്ചപോലെ മക്കളെ പാപ്പമാരാക്കുന്നതും , സ്വന്തം മാതാവിനെയോ , മകളെയാേ ഒക്കെ ഇണകളായി പാപ്പമാർ സ്വീകരിക്കപ്പെട്ടിട്ടുള്ളതും അവരുമായി ലൈംഗിക ബന്ധം സ്ഥാപിച്ചിരുന്നതുമായ വിഷയങ്ങളും , സഭയിലേക്ക് പണം ശേഖരിക്കാന്‍ കാര്‍ഡിനാള്‍മാരെ തരാതരം പോലെ കൊലപ്പെടുത്തി പുതിയ ആളെ പണം സ്വീകരിച്ചു വാഴിക്കുന്നതുമായ വിഷയങ്ങളും ഒക്കെ വെളിപ്പെടുത്തുന്ന ഒരു ലേഖന പരമ്പരയാണ് ഈ പുസ്തകം. 1931 കാലത്തോ മറ്റോ ആണ് ഈ പുസ്തകം പ്രചരിച്ചിരിക്കുന്നത് . സഭയുടെ വളര്‍ച്ച , വിദ്യാഭ്യാസം , സാമൂഹികം തുടങ്ങിയ രംഗങ്ങളില്‍ ഉള്ള സംഭാവനകള്‍ ഒക്കെയായി വിവരിക്കുകയും, മറുഭാഗത്തെ ഇകഴ്ത്തുകയും ചെയ്യുന്ന ഈ പുസ്തകം പഴയ പുസ്തകങ്ങളുടെ ഇന്‍റര്‍നെറ്റ് ശേഖരത്തില്‍ നിന്നും ലഭ്യമായതാണ് . ഒരു കാലത്തെ അറിയാനും ഒപ്പം തൊഴുത്തില്‍ക്കുത്തുകളുടെ ചരിത്രവും വളര്‍ച്ചയും അറിയാനുമൊക്കെ ഉപയുക്തമായ വായനയായി അനുഭവപ്പെട്ടു ഈ പുസ്തകം . സസ്നേഹം ബിജു ജി. നാഥ്
No comments:
Post a Comment