Tuesday, May 24, 2022

പ്യൂപ്പയിൽ നിന്നൊരു മോചനം...

പ്യൂപ്പയിൽ നിന്നൊരു മോചനം...
.........................................................

ദീർഘമാമൊരു തമസ്സിൻ പുകച്ചുരുൾ
ആർത്തമായിവിടെ അലഞ്ഞൂതിരിയുന്നു.
വ്യർത്ഥമാമൊരു വാക്കിൻ ചീളുകൾ
തീർത്ഥമായിവിടെ ഒഴുകിപ്പരക്കുന്നു.

കാഴ്‌ചയിൽ നിന്നൊരു ചിറകിൻ വെണ്മ
അനന്തമാം വിണ്ണതിൽ പറന്നകങ്ങലുന്നു.
ജീവിതമാം ചിലന്തിവലയിൽക്കുരുങ്ങി
പ്രാണൻ പിടയുന്ന ഓർമ്മപ്പിരാന്തുകൾ.

നഗ്നയുടലിൻ സ്നിഗ്ധനിമ്നോന്നതങ്ങളിൽ
പൊറ്റകൾപോൽ വിരസത പടരുന്നു.
നേർത്ത നൂലിന്നിഴകൾ തൊടുമ്പോലെ 
ഹൃത്തിലിഴഞ്ഞു കയറുന്നു തണു വിരലുകൾ.

മൃത്യുഗന്ധം പരന്നൊഴുകും മൗനസാഗരം....
അതിലെവിടെയോ തപമാണിന്നു ഞാൻ. 
വായിച്ചുമറന്ന പുസ്തകത്താളുകളിൽ നിന്നും
ചുറ്റും നിറയുമാത്മാക്കൾ ദീനം കേഴുന്നു.
ഓർക്കുന്നുവോ നീ തൊട്ടു തലോടിപ്പോയ ഞങ്ങളെ?
@ബിജു ജി.നാഥ്

Friday, May 13, 2022

നിനക്കു മാത്രം കേൾക്കാൻ / അറിയാൻ...

നിനക്കു മാത്രം കേൾക്കാൻ / അറിയാൻ....

............................
നോക്കൂ....
നിൻ്റെ മുന്നിൽ മാത്രമാണ്
ആദ്യമായ് ഞാൻ പതറുന്നത്.
നിൻ്റെ മുന്നിൽ മാത്രം .

ഇരുളു ചൂഴും വഴികളിൽ ഒക്കെയും
മൃദുല കോമളഗാത്രികൾ വിലസും
ഹൃദയചഷകത്തിൽ മധു നിറച്ചീടുന്ന
സ്വപ്ന ലോകം മാത്രം കൊതിച്ചൊരുവൻ്റെ
പതറിയ വാക്കുകൾ ശ്രദ്ധിയ്ക്ക നീ.!

എണ്ണ മെഴുക്കാർന്ന നിൻ്റെ മുലകളിൽ,
തെന്നി മാറും മുലക്കണ്ണിൻ ദൃഢതയിൽ
ഒരു കൗശലക്കാരൻ്റെ കരങ്ങൾ പോലെ
എൻ്റെ മിഴികൾ തെന്നിത്തെറിച്ചു വീഴുന്നു.

കവികൾ വാഴ്ത്തുന്ന നാഴിയെണ്ണ
കവിഞ്ഞൊഴുകുന്ന നാഭിച്ചുഴിയിൽ
മുങ്ങി നിവരുന്ന കുതൂഹലം കാണാൻ
നിനക്കാകുന്നുണ്ടോ? 

ആദിമദ്ധ്യാന്ത ചരിതങ്ങളിലൊക്കെയും
ജീവനാഡി വലിച്ചുപറിച്ചു ഞാൻ
മുറിച്ചു മാറ്റും പൊക്കിൾകൊടിയുടെ
ചോര നിൻ്റെ അടിവയർ നനയ്ക്കുന്നു.

നിൻ്റെ കരൾ പകുത്തു തരാൻ മാത്രം
തെല്ലിട നീ ചിന്തിച്ചു നിന്നിട്ടുണ്ടാകാം.
നിൻ്റെ ത്വക്കിൻ നിറം കടമെടുത്ത്
എത്ര സന്ധ്യകൾ കാത്തു നിന്നിട്ടുണ്ടാകാം.
എങ്കിലും പ്രിയേ....
നിന്നിൽ ചിതറി വീഴാൻ മാത്രം
എൻ്റെയീ ജന്മം ബാക്കി വയ്ക്കുന്നു ഞാൻ.
ധന്യമാം ജന്മമെന്ന് എനിക്കു തോന്നും വരെ
എൻ്റെയീ ജന്മം ബാക്കി വയ്ക്കുന്നു ഞാൻ
@ബിജു ജി.നാഥ്

Friday, May 6, 2022

സമയമായിട്ടില്ലത്രേ

സമയമായിട്ടില്ലത്രേ!
...................................
അറിയില്ല നീയെന്നെയെങ്കിലും പ്രിയസഖീ
അറിയുന്നു നിന്നെ ഞാനെന്നും.!
ഹൃദയം മുറിഞ്ഞു നീ പാടും 
പ്രണയഗീതങ്ങളതിലെങ്ങുമെങ്ങും,
തിരയുവാനായില്ല എന്നെ നിനക്കെങ്കിൽ
പറയുവതെങ്ങനെ ഞാനും
എൻ്റെ ,പ്രണയത്തിനാദ്യാക്ഷരങ്ങൾ .
ഒരു പൂവു കാണാൻ കൊതിക്കും 
മമ ഹൃദയത്തെ നീയെന്നറിയും.?
ഒരു മഴ നനയാൻ വിറകൊള്ളും 
എൻ്റെ തനുവിൻ്റെ ദാഹമെന്നറിയും?
പുലരികൾ നിൻ മിഴിത്തുമ്പിൻ
കടാക്ഷം കൊതിക്കുന്നതറിയുമോ?
രാവത് മുഴുമിക്കുവാനായ്
നിൻ്റെ വദനം തിരയുന്നു കേൾക്കൂ.
കനിവിൻ്റെ നീർച്ചോലതേടിയാകാം
അലയുന്നു ഞാനെന്നു കരുതി
അരുതു നീയേകരുത് മമ ജീവൻ
പിടയുന്ന നേരം ജീവശ്വാസം .
പിടയുന്ന നേരം ജീവശ്വാസം.
@ബിജു ജി.നാഥ്

Tuesday, May 3, 2022

നിസംഗത

നിസംഗത.
...................
ഒരു കവിത കൂടി കുറിയ്ക്കുവാൻ ഞാനെൻ്റെ
ഹൃദയത്തിലേക്കൊന്നു നോക്കി.
ഒരു വരി തിരഞ്ഞു ഞാനാഴങ്ങളിൽ
പിടഞ്ഞൂളിയിട്ടങ്ങിങ്ങലഞ്ഞു.
ഭീതിപൂണ്ടുള്ള മൗനം നിറഞ്ഞവിടാകെ
ഇരുളു മൂടിക്കിടക്കുന്നു.
ചോര മരവിക്കും തണുപ്പുള്ളവിടൊരു
കാറ്റുപാേലും വീശതില്ല.
പ്രണയം, കാമം,വാത്സല്യമതിലേറെ
ക്രോധം നിറഞ്ഞോരിടത്തിൽ
ഇലവീഴും ശബ്ദവും ഇടിനാദമാകുന്ന
ജാലം തീർത്തിതാ മൗനം.!
@ബിജു ജി.നാഥ്

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി.......................... ടി ഡി രാമകൃഷ്ണന്‍

 

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി (നോവല്‍)

ടി ഡി രാമകൃഷ്ണന്‍

ഡി സി ബുക്സ്

വില :₹ 230.00

 

എഴുത്തുകാര്‍ ടൈപ്പുകള്‍ ആയിപ്പോകാറുണ്ട് എന്നു പറയാറുണ്ട് . ചിലപ്പോഴൊക്കെ അത് ചില വായനകള്‍ സൂചിപ്പിക്കുകയും ചെയ്യും . എം ടി യുടെ എഴുത്തുകളില്‍ ഏറെക്കൂറെയും ഒരേ പോലുള്ള കഥാതന്തുക്കള്‍ ആണെന്ന്‍ കാണാം . തകര്‍ന്ന നാലുകെട്ടും മാപ്പിള നായര്‍ ബന്ധങ്ങളും വിവാഹപ്രായം കഴിഞ്ഞ ഒരു പെങ്ങളോ നായകനോ ഒക്കെ . പമ്മന്‍റെ നോവലുകള്‍ രതിയുടെ അതിവൈകാരിക തലങ്ങളില്‍പ്പെട്ട ബന്ധങ്ങളുടെ കഥകള്‍ മാത്രമായി മാറുന്നതും ഇതുപോലെ എടുത്തു പറയാവുന്ന ഒരു വിഷയമാണ് . കവിയൂര്‍ പൊന്നമ്മയും ആറന്മുള പൊന്നമ്മയുമൊക്കെ മലയാള സിനിമയില്‍ അമ്മ വേഷത്തില്‍ മാത്രം കണ്ടു വരുന്നത് പോലുള്ള ഒരു പ്രതിഭാസമായി വേണമെങ്കില്‍ ജനകീയവത്കരിക്കാം ഈ വിഷയത്തെ . ഇതിപ്പോ പറയാന്‍ കാരണം എന്താണെന്ന് ചോദിച്ചാല്‍ ചിലരുടെ രചനകള്‍ വായിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതായും അതിനെ പല വിധത്തിലുള്ള ഭാവ മാറ്റങ്ങളും ഒക്കെ കാണാന്‍ കഴിയും . ഫ്രാന്‍സി ഇട്ടിക്കോര , മാമ ആഫ്രിക്ക , ആല്‍ഫ എന്നീ മൂന്നു പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട് ടി ഡി രാമകൃഷ്ണനെന്ന എഴുത്തുകാരന്റെ. നാലാമത്തെ പുസ്തകമാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിലേക്ക് പോകുന്നതിനു മുന്പ് ഈ നാലുപുസ്തകങ്ങളിലും കണ്ട സാമ്യതയും ടി ഡി യുടെ രചനകളെ സമീപിക്കുമ്പോള്‍ പ്രതീക്ഷിക്കാവുന്നതുമായ ഒരു വസ്തുത ചൂണ്ടിക്കാണിക്കണം എന്നു കരുതുന്നു. വയലന്‍സ് അതിന്‍റെ മൂര്‍ത്ത ഭാവത്തില്‍ കാണാന്‍ കഴിയുന്ന പുസ്തകങ്ങള്‍ ആണിവ എല്ലാം തന്നെ . രതിയും ക്രൂരതയും അതിന്‍റെ പല വിധത്തിലുള്ള സാധ്യതകളും ഏറ്റവും സമയമെടുത്ത് ഏറ്റവും വിശദമായി പറഞ്ഞു പോകാന്‍ എഴുത്തുകാരന്‍ കാണിക്കുന്ന വ്യഗ്രത പലപ്പോഴും ഇത് പറയാന്‍ വേണ്ടി മാത്രമാണോ ഇങ്ങനെ ഒരു സന്ദര്‍ഭം ഉണ്ടാക്കിയത് എന്നു തോന്നിപ്പിച്ചിട്ടുണ്ട് . രതിബന്ധങ്ങള്‍ എല്ലാ സീമകളും കടന്നു പോകുന്നതായും ബന്ധങ്ങളുടെ പരിധികളും സദാചാരചിന്തകളും ഭേദിക്കുന്നതായും കാണാന്‍ കഴിയുന്നുണ്ട് . ഇവയൊക്കെ വ്യത്യസ്ഥത പുലര്‍ത്തുന്ന ചിന്തകള്‍ ആണെന്നോ ശൈലിയാണെന്നോ പരീക്ഷണമാണെന്നോ പറയാന്‍ കഴിയുമെന്ന് കരുതുന്നില്ല. കാല്‍പനികതയും യാഥാര്‍ഥ്യവും കൂടിക്കലര്‍ത്തി വസ്തുതകളെ ശരിയെന്നോ തെറ്റെന്നോ തിരിച്ചറിയാൻ കഴിയാത്ത ഒരു അവസ്ഥയിലെത്തിക്കാന്‍ ഉള്ള എഴുത്തുകാരന്റെ കഴിവ് അംഗീകരിക്കുകയല്ലാതെ മറ്റൊരു വഴിയില്ല തന്നെ.

 

            സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ശ്രീലങ്കന്‍ രാഷ്ട്രീയത്തിന്റെ കഥയാണ് . എല്‍ ടി ടി യുടെ പതനത്തിന് ശേഷം ഉണ്ടാകുന്ന ചില മുന്നേറ്റങ്ങളും അവയുടെ ജയപരാജയങ്ങളും ആണ് ഇതിന്റെ ഇതിവൃത്തം . ഇതിന്റെ കഥ പറയുന്നതിലേക്ക് സംഘ കാലഘട്ടത്തിലേക്ക് ഒരു ലിങ്ക് ഉപയോഗിച്ചുകൊണ്ടു ചരിത്രവും മിത്തുകളും കെട്ടുകഥകളും ഒരുമിച്ച് കെട്ടി ഒരു പുതിയ ലോകം സൃഷ്ടിക്കുകയാണ് ടി ഡി രാമകൃഷ്ണന്‍ ഇവിടെ. അമീഷ് ശിവ ട്രയാങ്കിളും രാമായണ്‍ സീരിസും നിര്‍മ്മിച്ചിരിക്കുന്ന രീതിയുടെ ദക്ഷിണേന്ത്യന്‍ രീതിയായിട്ടു വേണമെങ്കില്‍ ഇതിനെ കണക്ട് ചെയ്തു വായിക്കാന്‍ കഴിയും . ചേര രാജാക്കന്മാരുടെയും ചോള രാജാക്കന്മാരുടെയും കാലഘട്ടവും അവരുടെ ജീവിതവും  പറയുകയും അവരുടെ ജീവിതത്തിലെ താളഭ്രംശങ്ങളിലും അധികാരത്തിലെ വിജയപരാജയങ്ങളുടെയും കഥകള്‍ പറയുകയും ചെയ്യുന്നു ഇതില്‍ . ക്ലിയോപാട്രയുടെ കഥ പോലെ ശേബാ റാണിയുടെ കഥപോലെ എല്ലാ വീഴ്ച താഴ്ചകള്‍ക്കും വിജയ പരാജയങ്ങൾക്കും പിന്നിലെ സ്ത്രീ സാന്നിധ്യത്തെ പറയുവാന്‍ ആകണം ദേവനായകിയുടെ പാത്രവത്കരണം സൃഷ്ടിച്ചതെന്ന് കരുതണം. തുടക്കത്തില്‍ പീറ്റര്‍ പറയുന്നതു തന്നെ ഈ കഥയുടെ അന്വേഷണം എന്നു മനസ്സിലാക്കാം . വിപ്ലവപ്രസ്ഥാനങ്ങളിലെ ജനാധിപത്യവിരുദ്ധമായ പ്രവണതകള്‍ എങ്ങനെ ആ പ്രസ്ഥാനങ്ങളെ ശിഥിലീകരിക്കുമെന്നും സ്തീ എങ്ങനെയാണ് അതിനു കാരണമായിത്തീരുന്നത് എന്നുമുള്ള പ്രമേയം അവതരിപ്പിക്കാനാണ് ഞങ്ങള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. ഈ ഒരു അന്വേഷണത്തെക്കുറിച്ച് ചിന്തിക്കുകയും ഈ കഥ പൂര്‍ണ്ണമായും വായിച്ചു തീരുകയും ചെയ്തപ്പോള്‍ സുഭാഷ് ചന്ദ്രന്‍ സമുദ്ര ശിലയില്‍ പറഞ്ഞ കാര്യം ഓര്‍ത്തുപോയി. ഉപാധികളില്ലാത്ത പ്രണയം എന്തെന്ന് തിരക്കി യുഗായുഗാന്തരങ്ങളില്‍ ജന്മമെടുത്ത അംബ ഒടുവില്‍ അത് കണ്ടെത്തിയത് രോഗിയായ സ്വന്തം മകൻ്റെ ലൈംഗിക തൃക്ഷ്ണ ശമിപ്പിക്കാന്‍ തന്റെ ശരീരം നല്കി ജീവത്യാഗം ചെയ്യുന്നതായിരുന്നല്ലോ. വേദനിക്കുന്ന സ്ത്രീകളുടെ രക്ഷയ്ക്കായി , നിസ്സഹായരായവര്‍ക്ക് പകരക്കാരായി വരികയാണ് ദേവനായകി യുഗങ്ങളിലൂടെ . കണ്ണകിയടക്കം ദേവനായകിക്ക് ജന്മങ്ങള്‍ പലതാണതില്‍.  ദേവനായകി അന്ന് കൊല്ലപ്പെട്ട കാരണം എന്തായിരുന്നു എന്നതും ഇന്നിലെ ദേവനായകി കൊല്ലപ്പെട്ടത് എന്തിനായിരുന്നു എന്നതും മനസ്സിലാക്കാന്‍ ഈ ഒരു താരതമ്യം ഉപയോഗപ്പെടും എന്നു കരുതുന്നു.

 

            ചേര ചോള രാജാക്കന്‍മാര്‍ക്കിടയിലെ ഒരു പ്രധാന ചാലകമായി വര്‍ത്തിക്കുകയും ഒടുവില്‍ ചോളരാജാവിന്റെ പ്രിയസഖിയായി മാറുകയും ചെയ്യുന്ന ദേവനായകിയെ മോഹിച്ചിരുന്ന സിംഹള രാജ്യത്തെ രാജാവ് ദേവനായകിയുടെ കുഞ്ഞിനെ കൊല്ലുന്നു. ഈ കുഞ്ഞിനെ കൊന്നതിന്റെ പ്രതികാരത്തിനായി സിംഹള രാജ്യത്തു എത്തുന്ന ദേവനായകി തന്റെ അടക്കാനാവാത്ത കാമദാഹം ഒന്നുകൊണ്ടു മാത്രം ലക്ഷ്യം മറന്നു പോകുന്നു . അവളുടെ ലക്ഷ്യം മനസ്സിലാക്കിയ രാജാവു അവളുടെ മുലകള്‍ അറുത്തു മാറ്റുന്നു .അവളാകട്ടെ സിദ്ധിയുള്ള ഒരുവളായി മാറി രക്ഷപ്പെടുന്നു പിന്നെ മരണപ്പെടുകയും ചെയ്യുന്നുണ്ട് ഒരു സഹസ്രാബ്ദം പുനര്‍ജനിച്ചുകൊണ്ടേയിരിക്കും എന്ന വാക്കുമായി. തമിഴ് പുലികളുടെ കൂട്ടത്തില്‍ സുഗന്ധി എന്ന പേരില്‍ അവള്‍ അവസാന ജന്മം എടുത്തിരിക്കുകയാണ് . പുലികളെ വേട്ടയാടുന്ന സിംഹളയിലെ ഭരണാധിപനും കൂട്ടരും വേട്ടയടിപ്പിടിക്കുന്നവരില്‍ സുഗന്ധിയും പെടുന്നു . ക്രൂരമായ പീഡനങ്ങള്‍ ആയിരുന്നു ആ സ്ത്രീകളൊക്കെയും അനുഭവിച്ചിരുന്നത് എന്നു കാണാം. ഈ പീഡനങ്ങള്‍ക്കിടയില്‍ നിന്നും രക്ഷപ്പെട്ടുവെങ്കിലും  സുഗന്ധിയുടെ രണ്ടു കൈകളും അറുത്തുകളയപ്പെടുന്നു. മുലകൾക്ക് പകരം കൈകൾ !. അവള്‍ അവിടെ നിന്നും രക്ഷപ്പെടുകയും വിധവകളുടെ കൂട്ടവുമായി ചേര്‍ന്ന് സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. വിജയം കാണാതെ അവള്‍ കൊല്ലപ്പെടുന്നു. കഥാകൃത്തിന്റെ ഭാവനയില്‍ അവള്‍ പറന്നുപോകുകയാണ് അവസാനജന്‍മവും പൂര്‍ണ്ണമാക്കി ദേവതാ ഭാവത്തിൽ.

            കഥയില്‍ ചോദ്യങ്ങള്‍ ഇല്ലാത്തതിനാല്‍ നോവല്‍ വായനയുടെ തലത്തില്‍ ഒരു ഫിക്ഷന്‍ കഥയുടെ സുഗന്ധം പേറുകയും വിജയിക്കുകയും ചെയ്യുന്നു എന്നതാണു പൊതുവായിട്ടുള്ള സംക്ഷിപ്തത. സംഘകാലത്തിലെ സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് ഒരു പഠനവും നടത്തിയിട്ടില്ല എന്നത് ഒരു പോരായ്മ തന്നെയാണെന്ന് പറയുന്നു . കാലഘട്ടത്തെ സൂചിപ്പിക്കാന്‍ , സംഭവങ്ങളെ വിശദീകരിക്കുവാന്‍ ഒരുപാട് പഠനം നടത്തിയിട്ടുണ്ട് എന്നു വായന സൂചന നല്കുന്നു പക്ഷേ വസ്ത്രധാരണം എന്തുകൊണ്ടോ സദാചാരമൂല്യങ്ങള്‍ക്ക് അടിപ്പെട്ടതോ കാവ്യ മുഹൂര്‍ത്തങ്ങള്‍ക്ക് വേണ്ടിയോ ആകണം പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലേക്ക് കൊണ്ട് വന്നു എന്നു കരുതുന്നു . അതുപോലെ മുകളില്‍ സൂചിപ്പിച്ചത് പോലെ ലൈംഗികതയെ സൂചിപ്പിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ അതോ സൃഷ്ടിക്കുന്നതോ വളരെ ഉദാരതയോടെ കൈകാര്യം ചെയ്യുന്നതായും അനുഭവപ്പെട്ടു .

            ഒരു നോവല്‍ എന്ന നിലയില്‍ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി നല്ല ഒരു വായന തന്നെയാണ് നല്‍കുന്നത് . ആശംസകളോടെ ബിജു ജി നാഥ്

 

 

 

Sunday, May 1, 2022

ഇരുപത്തിമൂന്നാം വാർഡ്.......... പി.രമ

ഇരുപത്തിമൂന്നാം വാര്‍ഡ് (ഓർമ്മ)
രമ പൂങ്കുന്നത്ത്
ഗയ പുത്തകച്ചാല
വില: ₹ 120.00


ഓര്‍മ്മകള്‍ പങ്ക് വയ്ക്കുന്നതില്‍ നാമെല്ലാം വലിയ പരാജയമാണ് . കാരണം, നമുക്ക് നമ്മെ പൂര്‍ണ്ണമായും പറഞ്ഞു ഫലിപ്പിക്കുവാന്‍ ഒരു ഭാഷ ഇല്ലാതെ പോകുന്നു . മനസ്സിനെ അതേപോലെ പകര്‍ത്തി വയ്ക്കുവാന്‍ ഒരു ഭാഷ നമുക്കെന്നാണ് ലഭിക്കുക! എഴുതുക എന്നതൊരു വലിയ കാര്യമാണല്ലോ . എഴുത്തിന് സൗന്ദര്യം ലഭിക്കുന്നില്ല എങ്കില്‍ ആ ഭാഷ നമ്മുടേതല്ല എന്നുതന്നെ കരുതേണ്ടി വരും . ഈ ചിന്തകളെ നമുക്ക് അനുഭവവേദ്യമാക്കുന്നത് അത്രയേറെ ഹൃദയാര്‍ദ്രമായി ഓര്‍മ്മകള്‍ എഴുതുന്നതു വായിക്കപ്പെടുന്ന വേളകളില്‍ ത്തന്നെയാണ് . അതുകൊണ്ടു തന്നെ ഭാഷ ഉണ്ടായിട്ടു കാര്യമില്ല അത് പ്രയോഗിക്കാനും പ്രകടിപ്പിക്കാനും നമുക്ക് കഴിയേണ്ടിയിരിക്കുന്നു എന്നൊരോ പുതുമുഖ എഴുത്തുകാരോടും വീണ്ടും വീണ്ടും പറയേണ്ടി വരുന്നുണ്ട് . കുറച്ചു കാലങ്ങള്‍ക്ക് മുന്പ് ടി.പി.രമയുടെ ഉറവ എന്ന അനുഭവക്കുറിപ്പുകള്‍ വായിക്കുകയുണ്ടായി. കുട്ടിക്കാലത്തിന്റെ ഓര്‍മ്മകളെ വരച്ചിട്ട ആ പുസ്തകത്തിലൂടെ സഞ്ചരിക്കുമ്പോള്‍ തികച്ചും കുട്ടിയായി തന്നെ ആ ഓര്‍മ്മകളെ അടയാളപ്പെടുത്താന്‍ എഴുത്തുകാരിക്ക് കഴിഞ്ഞതോര്‍ത്തു സന്തോഷം തോന്നിയിരുന്നു . കാരണം ഓര്‍മ്മക്കുറിപ്പുകള്‍ ഇക്കാലയളവില്‍ ഒരുപാട് വായിച്ചിട്ടുണ്ട് എങ്കിലും ഇതുപോലെ ഹൃദയഹാരിയായി എഴുതുന്നവ വളരെ കുറവായിരുന്നു വായനയില്‍ ലഭിച്ചവ എന്നത് തന്നെ കാര്യം . ഇതേ അനുഭവത്തിന്റെ മധുരവുമായിട്ടാണ് ഇരുപത്തിമൂന്നാം വാര്‍ഡ് എന്ന ടി.പി. രമയുടെ പുതിയ പുസ്തകത്തെ വായിക്കാനായി എടുക്കുന്നത് . മനസ്സില്‍ ഒരു വലിയ ഭാരം എടുത്തു വച്ചുകൊണ്ടു എഴുത്തുകാരി മുന്നില്‍ നിന്നു നിര്‍ന്നിമേഷയായി നോക്കുന്ന ഒരനുഭവം ആയിരുന്നു ശരിക്കും ഈ പുസ്തകത്തിൻ്റെ വായന നല്കിയത് .

എപ്പോഴും നമ്മുടെ സ്ത്രീകള്‍ ശ്രമിക്കുന്നത് സ്വന്തം അസുഖങ്ങള്‍ , ബുദ്ധിമുട്ടുകള്‍ എന്നിവയെ ആരോടും പങ്കുവയ്ക്കാനോ , അതിനു വേണ്ടുന്ന ചികിത്സ നേടുവാനോ ശ്രമിക്കാതിരിക്കുക എന്നുള്ളതാണ് . ലൊട്ടുലൊടുക്ക് മരുന്നുകളും പ്രയോഗങ്ങളും സഹനവും കൊണ്ട് അവര്‍ ആ വേദനകളെയും അസുഖങ്ങളെയും തങ്ങളിലേക്ക് തന്നെ ഒതുക്കി വയ്ക്കും . എത്ര പ്രിയപ്പെട്ട ഭര്‍ത്താവും, അയാളുടെയോ കുട്ടികളുടെയോ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ രോഗവിവരങ്ങളില്‍ എത്രയോ ഉത്സുകനായിരുന്നാലും സ്വന്തം ഇണയുടെ കാര്യത്തില്‍ ഒരു വലിയ അലംഭാവം നടിക്കും . അവളും അത് ആസ്വദിച്ച് തന്നെ സ്വന്തം രോഗങ്ങളും ബുദ്ധിമുട്ടുകളും വിഴുങ്ങി ചിരിച്ചു ജീവിക്കും . ഒടുവില്‍ ഒരുനാള്‍, മാധവിക്കുട്ടിയുടെ നെയ്പ്പായസത്തിലെ കഥാനായകന്‍ ശോകാര്‍ദ്രനായി നില്‍ക്കുന്നത് പോലുള്ള ഒരു അവസ്ഥയിലേക്ക്  അവള്‍ മടങ്ങിപ്പോയിരിക്കും മിക്കവാറും . അതല്ലെങ്കില്‍ നിത്യരോഗിയായി കിടക്കയിലേക്കൊ മുറിയുടെ നിശബ്ദ മൗനത്തിലേക്കോ ഒതുങ്ങിപ്പോകും. ഇവിടെ എഴുത്തുകാരി തന്റെ അസുഖത്തെ എത്രയോ കഠിനമായി ഉള്ളില്‍ തന്നെ ഒതുക്കാന്‍ ശ്രമിച്ച വിവരങ്ങള്‍ കാണുമ്പോൾ ഉള്ളില്‍തോന്നിയത് മുകളില്‍ പറഞ്ഞ ചിന്തകള്‍ തന്നെയാണ് . ഇത്തരം ഒരു അവസ്ഥയില്‍ നിന്നുകൊണ്ട് എഴുത്തുകാരി ചെന്നെത്തുന്നത് നമ്മുടെ നാട്ടിന്‍പുറത്തെ ഒരു മെഡിക്കല്‍ കോളേജിലേക്കാണ് . സാധാരണ ഗതിയില്‍ മടുപ്പും മുഷിവും നിറഞ്ഞ ഒരു അന്തരീക്ഷത്തിലേക്ക് കടന്നു ചെല്ലപ്പെടുകയും എങ്ങനെയും എത്രയും നേരത്തെ അവിടെ നിന്നും രക്ഷപ്പെടാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന സാധാരണ സ്ത്രീകള്‍ക്ക് അവിടെയുള്ള ഓരോ കാഴ്ചയും അസഹ്യതയും അയ്യോ വയ്ക്കാനുള്ള വിഷയങ്ങളും പിന്നെ കൂട്ടുകാരോട് ഓര്‍ത്ത് പറയാനുമുള്ള വിഷയവും മാത്രമാണു .എന്നാല്‍ ഇവിടെ എഴുത്തുകാരി തന്റെ സ്വതസിദ്ധമായ സാഹിത്യശേഷിയും, മാനവികതയും മനുഷ്യത്വവും എങ്ങനെ തന്നെ രൂപപ്പെടുത്തി എന്ന ചിന്തയും ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തുകയാണ് .

ഓരോ സ്ത്രീയുടെയും ജീവിതത്തിലെ ഏറ്റവും ദുരിതപൂര്‍ണ്ണമായ അവസ്ഥയാണ് പ്രസവവും ഗര്‍ഭധാരണവും . പ്രത്യേകിച്ചും അവര്‍ ദാരിദ്ര്യവും അനാരോഗ്യവും മൂലം കഷ്ടപ്പെടുന്നവര്‍ ആണെങ്കില്‍. ഇത്തരം അവസ്ഥകളില്‍, അവര്‍ എത്തപ്പെടുന്ന ആശുപത്രികള്‍ കൂടി അങ്ങനെ അപര്യാപ്തതകള്‍ നിറഞ്ഞതാണെങ്കില്‍ പിന്നെ പറയുകയും വേണ്ട . ഇവിടെ എഴുത്തുകാരി തന്റെ ആശുപത്രി അനുഭവത്തെ വളരെ നന്നായി പറയുന്നതില്‍ വിജയം കൈവരിച്ചിരിക്കുന്നു . കാരണം തന്റെ ആശുപത്രി അനുഭവങ്ങള്‍ എന്നാല്‍ താന്‍ അനുഭവിച്ച വേദനകള്‍ എന്നതിനപ്പുറം ആ ആശുപത്രിയിലെ, ആ പ്രസവ വാര്‍ഡിലെ കാഴ്ചകൾ , അനുഭവങ്ങള്‍ , ആശുപത്രി ജീവനക്കാരുടെ ഇടപെടലുകള്‍ തുടങ്ങി എല്ലാ മേഖലകളെയും വളരെ സുതാര്യവും സത്യസന്ധവുമായി അവതരിപ്പിച്ചിരിക്കുന്നു . നേരിട്ടു കാണുന്ന അനുഭവം നല്‍കുന്ന വാക്കുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ആ കാഴ്ചകള്‍ വായനക്കാരുടേത് കൂടിയാകുന്ന വിസ്മയകരമായ അവതരണം ഈ പുസ്തകത്തിന്റെ വായനയെ മികച്ചതാക്കുന്നു . സോഷ്യല്‍ മീഡിയയില്‍ കൂടി പങ്ക് വച്ചതാണ് ഇവയെങ്കിലും അവയില്‍ കുറച്ചുകൂടി ചേര്‍ത്തുകൊണ്ടു തൻ്റെ ആശുപത്രി വാസത്തെ ഒരു പൊതുജീവിത വ്യവസ്ഥയിലെ കണ്ണാടിയായി അവതരിപ്പിക്കുകയാണ് എഴുത്തുകാരി ചെയ്തത് . ഇത് സമൂഹത്തിലെ നിലവിലുള്ള പല ചിന്തകളെയും കാഴ്ചപ്പാടുകളെയും മാറ്റാന്‍ സാധിക്കുന്ന സംഗതികളും ചര്‍ച്ചകളും ഉയര്‍ത്തിയേക്കും എന്നുള്ളതില്‍ യാതൊരു സംശയവുമില്ല . ഇതില്‍ രാഷ്ട്രീയമില്ല എന്നതാണു ഇതിന്റെ ഏറ്റവും വലിയ ഭംഗി എന്നു പറയാവുന്നത് . 
ഈ അനുഭവക്കുറിപ്പുകളില്‍ എഴുത്തുകാരി സ്വയം തന്റെ ബാല്യത്തിലും യൗവ്വനത്തിലും കൂടി ഒരു സര്‍ക്കസുകാരിയെപ്പോലെ ചാടി മറിയുന്നുണ്ട് . എത്ര മനോഹരമായ ഒരു സൗമ്യ ഭാഷയാണ് അതില്‍ തെളിയുന്നത് . ഒരു വിധത്തില്‍ ആത്മീയമായ ഒരു സൗന്ദര്യം എഴുത്തില്‍ തെളിഞ്ഞു കാണാന്‍ കഴിയുന്നു . ജീവിതത്തെ വളരെ പോസിറ്റീവ് ആയി കാണാന്‍ പ്രേരിപ്പിക്കുന്ന ചിന്തകള്‍ പങ്ക് വയ്ക്കുന്ന എഴുത്തുകാരി, തന്റെ ഭാഷാപരമായ കഴിവിനെ ഉപയോഗിയ്ക്കുന്ന രീതി ശരിക്കും ഹൃദയാര്‍ജ്ജവമായ അനുഭവം ആണ്.  ആശംസകളോടെ ബിജു.ജി.നാഥ്

റോമാരഹസ്യങ്ങള്‍......................ഡേവിഡ് കുന്നംകുളം

റോമാരഹസ്യങ്ങള്‍(ലേഖനം)
ഡേവിഡ് കുന്നംകുളം 
 പഞ്ചാംഗം പ്രസ്സ് 
 വില : രണ്ടു ചക്രം 

 ലോകമാകെയും മതങ്ങളുടെ കിടമത്സരങ്ങള്‍ നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു . ഇതിന് ആയിരത്തില്‍ താഴെ കൊല്ലങ്ങളുടെ പഴക്കമേ ഉള്ളൂ എന്നത് തമാശപോലെ തോന്നിക്കാമെങ്കിലും അതാണ് വാസ്തവം . കാരണം അതുവരെ ഉണ്ടായിരുന്ന മതങ്ങള്‍ ശൈശവ ദശയിലോ അതുമല്ലെങ്കില്‍ വെറും ഒരു ഉദാസീനമായ അനുഷ്ഠാനമെന്ന നിലയിലോ ചുരുക്കം ദേശങ്ങളിലോ വിഭാഗങ്ങളിലോ ഒതുങ്ങി നില്‍ക്കുകയും അതിനു അധികം പ്രചാരമോ പ്രചരണങ്ങളോ ഉണ്ടായിരുന്നുമില്ല . ആദ്യമായി പ്രചരണം തുടങ്ങിയ മതം ക്രിസ്തുമതം ആയിരുന്നു . ഹൈന്ദവ മതം എന്നത് വിഭിന്നങ്ങളായ ആശയങ്ങളും ഒറ്റ ജനതയുമായിരുന്നതിനാലും അവ പടര്‍ത്തുന്നതില്‍ അവര്‍ ഇന്‍ഡ്യ എന്ന ഭൂമിക മാത്രം ഉപയോഗിച്ചിരുന്നതിനാലും അതിനൊരു വെട്ടിപ്പിടിക്കലിന്റെ സ്വഭാവം ഉണ്ടായിരുന്നില്ല. ലോകം മുഴുവന്‍ പ്രചരിപ്പിക്കുക എന്ന തോന്നലും പ്രവര്‍ത്തിയും ആദ്യം ആരംഭിച്ചത് ക്രിസ്തുമതം ആണ് . അതിന്റെ ചുവടുപിടിച്ചാണ് അതിന്റെ പിന്നാലേ വന്ന ഇസ്ലാം മതവും പ്രവര്‍ത്തിച്ചത് . സ്വാഭാവികമായും ആശയങ്ങളുടെ വ്യത്യാസവും , ഒന്നാമനാകാനുള്ള വ്യഗ്രതയും ഈ രണ്ടു മതങ്ങളും തങ്ങളുടെ തേരോട്ടം തുടങ്ങിയപ്പോള്‍ മുതല്‍ ലോകത്ത് സമാധാനത്തിനും സാമൂഹ്യ അന്തരീക്ഷത്തിനും മാറ്റം വലിയ തോതില്‍ സംഭവിക്കാന്‍ തുടങ്ങിയിരുന്നു . വാളുകൊണ്ടു തുടങ്ങി ആധുനിക ആയുധങ്ങളില്‍ എത്തി നില്‍ക്കുന്ന ആ തേരോട്ടം കലുഷമായ ഒരു കാലഘട്ടത്തില്‍ എത്തിനില്‍ക്കുന്നിന്നു . മതങ്ങള്‍ പരസ്പരം തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിച്ചു വിപുലീകരിക്കുമ്പോഴും അവയ്ക്കിടയില്‍ മൂപ്പിളമയും ഗുണനിലവാരവും അഭിപ്രായപ്പെട്ടുകൊണ്ട് ആഭ്യന്തരശാഖകളും ഉപശാഖകളും ഉണ്ടാകുന്നുണ്ട് . ഇവയുടെ മത്സരം ഇന്ത്യയിലെ ഹൈന്ദ മതങ്ങള്‍ക്കിടയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന വിഷയങ്ങളുമായി സാമ്യമുണ്ട് എന്നത് ഇവയുടെ ഏകതാ സ്വഭാവം വെളിവാക്കുന്നു . ശൈവ മതം , വൈഷ്ണവ മതം എന്നിങ്ങനെ രണ്ടു പ്രബല മതങ്ങള്‍ ഹൈന്ദവ മതങ്ങളില്‍ പരസ്പരം ഒരുപാട് ചോരപ്പാടുകള്‍ വീഴ്ത്തിയിട്ടുണ്ട് . ജൈനമതം , ബുദ്ധമതം എന്നിവയെ ഇല്ലാതാക്കാനോ അവയുടെ വളര്‍ച്ചയെ മുരടിപ്പിക്കുവാനോ ഈ പ്രബലരുടെ കിടമത്സരം കാരണമായിട്ടുണ്ട് . ബുദ്ധമതത്തിലും പല വിഭാഗങ്ങള്‍ ഉണ്ട് . ജൈന മതത്തിലും ഉണ്ട് ഇത്തരം ഉൾപ്പിരിവുകൾ . പൊതുവില്‍ മതങ്ങളെ പുറമെ നിന്നും നോക്കുമ്പോള്‍ ഒറ്റനാമത്തിലോ , ദൈവത്തിലോ ഒക്കെ പരസ്യപ്പെടുത്തുമെങ്കിലും ഇന്നുള്ള എല്ലാ മതങ്ങൾക്കും ഒരേ ദൈവവും പല രീതികളും തങ്ങളില്‍ തങ്ങളില്‍ പ്രമുഖര്‍ അല്ലെങ്കില്‍ ശ്രേഷ്ഠര്‍ എന്നിങ്ങനെയുള്ള അവകാശവാദങ്ങളും ഉണ്ട് . ക്രിസ്തുമതം ഒരു മതമായി മുന്നോട്ട് വരികയും പ്രചാരം നടത്തുകയും ചെയ്തുവെങ്കിലും പല ഇടങ്ങളില്‍ നിന്നും പല രീതിയിലാണ് അവയുടെ വിന്യാസം സംഭവിച്ചത് .


 കേരളത്തില്‍ പോര്‍ട്ടുഗീസുകാരും ഡച്ചുകാരും ഇംഗ്ലീഷുകാരും പ്രചരിപ്പിച്ച ക്രിസ്തുമതത്തിലും ഈ വ്യത്യാസം ഉണ്ട് . അതിനാല്‍ത്തന്നെയാണ് കേരളത്തില്‍ ക്രിസ്ത്യാനികള്‍ പല വിഭാഗങ്ങള്‍ ആയി നിലനില്‍ക്കുന്നത് . കത്തോലിക്കന്‍ , സുറിയാനി , മാര്‍ത്തോമ്മന്‍ തുടങ്ങി പലതായി അത് കാണാം. സുറിയാനിക്കാര്‍ റോമന്‍ കത്തോലിക്കാരെയും മാര്‍പ്പാപ്പയെയും അംഗീകരിക്കാന്‍ തയ്യാറാകാത്തവരും തങ്ങളില്‍ ജൂതരെ പ്പോലെ വംശ ശുദ്ധിയെ ശ്രദ്ധിക്കുന്നവരും ആയി നിന്നിരുന്നു എന്നു വായിക്കപ്പെട്ടിട്ടുണ്ട് . അവര്‍ക്കിടയിലെ കലാപത്തിന്റെ ഭാഗമാണല്ലോ കൂനന്‍ കുരിശ് പ്രതിജ്ഞയും മറ്റും . ഇത്തരം പരസ്പരം ഉള്ള മത്സരവും വിദ്വേഷവും സമൂഹത്തിനു നല്‍കുന്ന ദോഷങ്ങള്‍ക്കൊപ്പം ചില ഗുണങ്ങളും ഉണ്ടെന്നത് മറച്ചു വയ്ക്കുന്നില്ല . ഓരോ മതങ്ങളുടെയും നേര്‍ക്കുള്ള വിമര്‍ശനങ്ങള്‍ ഈ പരസ്പര പഴിചാരലുകളില്‍ നിന്നും വിളിച്ചുപറയലുകളില്‍ നിന്നും കിട്ടുന്ന അറിവുകള്‍ വച്ചാണ് പ്രധാനമായും സംഭവിക്കുക . ഇത്തരത്തില്‍ സുറിയാനിക്കാരുടെ ഇടയില്‍ സ്വകാര്യമായി പ്രചരിപ്പിക്കുകയുണ്ടായ ഒരു ലേഖനമാണ് “റോമാ രഹസ്യങ്ങള്‍ അഥവാ പാപ്പാമതത്തിന്റെ എക്സറെ പരിശോധന” എന്ന ഈ പുസ്തകം . കത്തോലിക്കന്‍ സഭയിലെ അവസാന വാക്കായ മാര്‍പ്പാപ്പാമാരുടെ ജീവിതവും , അവരുടെ ജീവിതത്തിലെ ഇരുണ്ട വശങ്ങളും , സഭയിലെ ക്രമക്കേടുകളും ക്രൂരതകളും വിവരിക്കുന്ന ഒരു ചെറുപുസ്തകമാണ് ഇത് . കുടുംബ വാഴ്ചപോലെ മക്കളെ പാപ്പമാരാക്കുന്നതും , സ്വന്തം മാതാവിനെയോ , മകളെയാേ ഒക്കെ ഇണകളായി പാപ്പമാർ സ്വീകരിക്കപ്പെട്ടിട്ടുള്ളതും അവരുമായി ലൈംഗിക ബന്ധം സ്ഥാപിച്ചിരുന്നതുമായ വിഷയങ്ങളും , സഭയിലേക്ക് പണം ശേഖരിക്കാന്‍ കാര്‍ഡിനാള്‍മാരെ തരാതരം പോലെ കൊലപ്പെടുത്തി പുതിയ ആളെ പണം സ്വീകരിച്ചു വാഴിക്കുന്നതുമായ വിഷയങ്ങളും ഒക്കെ വെളിപ്പെടുത്തുന്ന ഒരു ലേഖന പരമ്പരയാണ് ഈ പുസ്തകം. 1931 കാലത്തോ മറ്റോ ആണ് ഈ പുസ്തകം പ്രചരിച്ചിരിക്കുന്നത് . സഭയുടെ വളര്‍ച്ച , വിദ്യാഭ്യാസം , സാമൂഹികം തുടങ്ങിയ രംഗങ്ങളില്‍ ഉള്ള സംഭാവനകള്‍ ഒക്കെയായി വിവരിക്കുകയും, മറുഭാഗത്തെ ഇകഴ്ത്തുകയും ചെയ്യുന്ന ഈ പുസ്തകം പഴയ പുസ്തകങ്ങളുടെ ഇന്‍റര്‍നെറ്റ് ശേഖരത്തില്‍ നിന്നും ലഭ്യമായതാണ് . ഒരു കാലത്തെ അറിയാനും ഒപ്പം തൊഴുത്തില്‍ക്കുത്തുകളുടെ ചരിത്രവും വളര്‍ച്ചയും അറിയാനുമൊക്കെ ഉപയുക്തമായ വായനയായി അനുഭവപ്പെട്ടു ഈ പുസ്തകം . സസ്നേഹം ബിജു ജി. നാഥ്