Sunday, September 26, 2021

ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം

ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം!

പകലിന്നുഷ്ണം ഫണം വിടർത്തുമ്പോൾ
ഇരുളിൽ പക്ഷികൾ കൂടു തുറക്കുന്നു.
അലയുന്നു തണുപ്പിൻ കമ്പളം തേടിയോരോ-
ശിഖരങ്ങൾ തോറുമേ കുതൂഹലം

മേഘജാലകം തുറന്നൊന്നു നോക്കവേ
കണ്ടുമുട്ടുന്നു  രുചിയൊന്നു മാത്രമേ !
കുഞ്ഞു വാക്കുകൾ കുശലം പറച്ചിലോ
ചെന്നു നില്ക്കുന്നു ശീല്ക്കാര രുചികളിൽ.

പിന്നെ മെല്ലെ അഴിഞ്ഞഴിഞ്ഞകലുന്നു
ഇല്ല, തൂവലിൻ ഭാരമെന്നാകുന്നു 
കണ്ണുകൾ വിടരുന്നുല്ലാസവേഗത്തിൽ
വസന്തപഞ്ചമി കണ്ടൊരു ശലഭമായി.

നാണമോടെ മുയൽക്കുട്ടികൾ മുഖം താഴ്ത്തി
ചുണ്ടൊന്നു കടിച്ചു നഖചിത്രം വരക്കവേ.
ഉണ്ടോ പുടവയെന്നു ശങ്കിച്ചാ വൃന്ദാവനം
ഇല്ലാവനമെന്നോർത്തു തുടുത്തു പോയ്. 

ഉണ്ടോ കൈകളിൽ മുളങ്കുഴൽ ഒന്നെനി-
ക്കിണ്ടലായിന്നു രാഗം മൂളണമെന്നായി.
കൺകൾ വിടർന്നമ്പിളി കണ്ട പൈതലിൻ വദനം പോലഹോ ക്ഷണമാത്രയിൽ!

നിശയത് പെരുകി വന്നുഷ്ണവാതത്തിൻ
ഹിമവാതം പെരുകിയാകവേ മൂടവേ
അതിദ്രുതം കരാംഗുലികൾ കടയുന്ന-
രണിയിൽ നിന്നഗ്നി പടർത്തുന്നു.

നിമിഷവേഗങ്ങൾ ചിറക് വിടർത്തുന്നു.
വലിഞ്ഞുമുറുകുമാ തന്ത്രികൾ പൊട്ടുന്നു
നനവുണങ്ങാത്ത ചിറകുമായൊരു ശലഭം
വെളിച്ചമണച്ചുറക്കത്തെ പുൽകുന്നനന്തരം.
@ബിജു.ജി.നാഥ്

Thursday, September 23, 2021

കാട് പൂത്തുവത്രെ !

മാജിക് മഷ്‌റൂം .......................... ദിജേഷ് കെ എസ് പുരം

മാജിക് മഷ്റൂം (കവിത)

 ദിജീഷ് കെ.എസ് പുരം

ഗ്രീൻ ബുക്സ്

വില: ₹ 130.00



ലഹരിയുടെ പൂക്കൾ തലച്ചോറിൽ ഗന്ധവും രൂപവും സൗന്ദര്യവും സൃഷ്ടിക്കുമ്പോൾ മഹത്തായ രചനകൾ സംഭവിക്കുന്നു എന്ന് പൊതുവെ പറയാറുണ്ട് . എഴുത്തുകാരെ ഒക്കെയും പ്രത്യേകിച്ചും ഭ്രാന്തമായ ഭാവനകളെ സ്വപ്നം കാണുന്ന എഴുത്തുകാരെക്കുറിച്ച് പറയുമ്പോഴൊക്കെ ഈ ലഹരിയുടെ ചിന്ത വരാറുണ്ട് . അതിപ്രശസ്തരായ ചിത്രകാരും എഴുത്തുകാരും പലരും സമൂഹത്തിന്റെ മുന്നിൽ ഭ്രാന്തുള്ളവർ ആയിരുന്നു . അല്ലെങ്കിൽ സമൂഹം അതങ്ങനെ കരുതിയിരുന്നു . അവരുടെ കവിതകളും സംഗീതവും ചിത്രവുമൊക്കെ അനുവാചകർ കാലങ്ങൾക്കപ്പുറവും നെഞ്ചേറ്റി നടക്കുമ്പോഴും അവരിൽ ആ ഭ്രാന്തിന്റെ ചങ്ങല മുറുക്കിക്കെട്ടുവാൻ സമൂഹം മറക്കാറില്ല . കവിതകൾ പലപ്പോഴും സാധാരണ ഭാഷയുടെ മുന്നിൽ നിന്നും വഴുതിമാറി സ്വന്തമായി ഒരു നിലപാട് തറയിൽ ഉറച്ചു നിൽക്കാറുണ്ട് . ഇത്തരം കാവ്യ ഭാഷകളെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതും ആസ്വദിക്കുന്നതും യുവതയാണ് എന്ന് പറയാൻ കഴിയും . താടിയും മുടിയും വളർത്തി മുഷിഞ്ഞ ജുബ്ബയും മുണ്ടും അല്ലെങ്കിൽ ജീൻസും ധരിച്ചു കഞ്ചാവോ മദ്യമോ കഴിച്ചു അരാജകരായി നടക്കുന്ന ഒരു സമൂഹമായാണ് കവികളെ ഭൂരിപക്ഷത്തെയും സമൂഹം വിലയിരുത്തിപ്പോയത് . എൺപതുകൾ ഒക്കെ ഇതിന്റെ ഒരു പുഷ്കല കാലമായി പറയാറുമുണ്ട് . എന്നാൽ കവികൾ കുളിക്കാതെയും പല്ലു തേയ്ക്കാതെയും നടക്കുന്ന വൃത്തികെട്ട മനുഷ്യരല്ല എന്ന കാഴ്ച ആധുനികത നൽകുന്നു . ഒരുകാലത്തു ഒരു പണിയും ഇല്ലാതെ കവിത എഴുതിയും ചൊല്ലിയും ഇരന്നും നടന്ന കവികളെ ഇപ്പോൾ കാണാൻ കിട്ടാറില്ല . ചിലർ അനുകരിച്ചു കാണിക്കാൻ വേണ്ടി വേഷം കെട്ടുന്നത് ഒഴിവാക്കിയാൽ ഇന്ന് കവികൾ എന്നാൽ ഉദ്യോഗസ്ഥരും സാധാരണക്കാരും  തൊഴിലാളികളും വിദ്യാർത്ഥികളും ഒക്കെയടങ്ങുന്ന ഒരു പൊതുസമൂഹമായി മാറിയിട്ടുണ്ട് . സോഷ്യൽ മീഡിയ ഇതിനു ഒരു നല്ല പ്രതലമാണ് സമ്മാനിച്ചത് . ഇന്ന് വഴിയിൽ ഒരു കവിയെ അല്ലെങ്കിൽ എഴുത്തുകാരനെ തട്ടാതെ നടക്കാൻ കഴിയാത്ത ഒരു അവസ്ഥയായി മാറിയിട്ടുണ്ട് . ഒരു പക്ഷെ നവകാല സാഹിത്യത്തിന്റെ വളർച്ചയുടെയും വസന്തത്തിന്റെയും ലക്ഷണം ആകാം അത് . കൂട്ടത്തിൽ ചേരാതെ മാമൂലുകളിൽ കൂടാൻ താത്പര്യത്തെ കാട്ടുന്ന ചില കവികൾ ഇപ്പോഴും ഉണ്ട് . അവർക്ക് താടി വളർത്താനും കഞ്ചാവും മദ്യവും ഉപയോഗിക്കാനും മദിരാക്ഷികളെ (മിക്കവാറും അവർ എഴുതുന്നവരോ ആസ്വാദകരോ ആയിരിക്കും ) മാറി മാറി മധുരം നോക്കുന്നവരോ ഒക്കെ ആയി പരിമിതപ്പെട്ടു പോകുന്നുമുണ്ട് .  കവികളിലെ പെൺ സാന്നിധ്യങ്ങൾക്ക് ഈ പറഞ്ഞ കള്ളും കഞ്ചാവും പല്ലു തേയ്ക്കാതെ , മുഷിഞ്ഞ വസ്ത്രധാരണവും ആയി നടക്കാൻ ഉള്ള സാധ്യതകൾ കുറവായതു കൊണ്ടാകണം അവർ കല്ലു മാലകൾ അണിയുന്നവരും  കോട്ടൺ വസ്ത്രങ്ങൾ അണിഞ്ഞു ലളിതകളായി വിലസാനും കൂട്ടത്തിൽ ചിലർക്ക് അവസരം ലഭിക്കുകയാണെങ്കിൽ അല്പസ്വല്പം മദ്യം, പിന്നെ പുരുഷൻ ഒക്കെ ഉപയോഗപ്പെടുത്താനും  വലിയ വിഷമമോ  ഉള്ളവർ ആയി കാണുന്നില്ല . അവരുടെ ലോകം പക്ഷെ പുരുഷ കവികളുടെ ലോകത്തു നിന്നും തുലോം വ്യത്യസ്ഥമാണ് . അവർ അതിനാൽ തുറന്നെഴുത്തുകൾ എന്ന സങ്കേതം ഉപയോഗിച്ച് രതിയെയും  സമൂഹം അയ്യേയെന്നു പറഞ്ഞിരുന്ന പദങ്ങളെയും ഉപയോഗിച്ച് കവിതകൾ എഴുതി പുരോഗമനം എന്ന പദത്തിന്റെ തൂവലുകൾ തുന്നി കാവ്യാലോകത്തെ അവരുടെ സാന്നിധ്യം ഉറപ്പിച്ചു വയ്ക്കുന്നു . ഒരുകാലത്തു എഴുതാൻ കഴിയാതെ പോയ സ്ത്രീ എഴുത്തുകാരിൽ നിന്നും സ്വാതന്ത്രം നേടിയ പുതിയ കാല എഴുത്തുകാർ  ഉറച്ച നിലപാടും വ്യക്തിത്വവുമായി നിലനിൽക്കാൻ ശ്രമിക്കുന്നു . അനുകരണ സ്വഭാവം കൂടിയ ചില എഴുത്തു പൊങ്ങച്ചക്കാരികൾ ആയ സ്ത്രീകൾ തങ്ങൾക്ക് മുൻപേ പേര് കേൾപ്പിച്ച എഴുത്തുകാരുടെ വേഷം ഭാഷ തുടങ്ങിയവ അനുകരിച്ചു ആത്മസംതൃപ്തി നേടുന്നു . 


കവിതകൾ സംവദിക്കുന്നത് ഹൃദയത്തോട് ആണ് . കവിതയുടെ ഭാഷ ഹൃദയത്തിന്റെയാണ് . അതുകൊണ്ടു തന്നെ അത് വായിക്കപ്പെടുക വെറും പുറം വായനയിലൂടെ ആകാതിരിക്കണം . അതിനാൽ തന്നെയാണ് ദിജേഷ് കെ. എസ് പുരം കവിതയെഴുതുമ്പോൾ അതിനു ഒരു പ്രത്യേക ഊർജ്ജവും ലഹരിയും അനുഭവപ്പെടുന്നതും  ആസ്വദിക്കപ്പെടുന്നതും . ഈ കവിയുടെ "മാജിക് മഷ്റൂം" എന്ന കവിതാ സമാഹാരം ആണ് പ്രതിപാദ്യം. ഭാംഗ് പോലെ കഞ്ചാവു പോലെ മാജിക് മഷ്‌റൂം പോലെ ശിരസ്സിൽ പ്രണയത്തിന്റെ രതിയുടെ രോക്ഷത്തിന്റെ ജീവിതത്തിന്റെ വിവിധ തലങ്ങൾ നൃത്തം ചവിട്ടുകയും കലഹിക്കുകയും പ്രണയിക്കുകയും രോമാഞ്ചമണിയിക്കുകയും ചെയ്യുന്നു ഈ എഴുത്തുകാരനെ വായിക്കുമ്പോൾ . ദുരൂഹതയുടെ ഒരു യൂറോപ്യൻ മതിലകം കവിതകളിൽ സ്പഷ്ടമായി കാണാൻ കഴിയുന്നുണ്ട് . ഭ്രാന്ത് പൂക്കുന്ന ഇരുണ്ട മഞ്ഞിന്റെ ആവരണം പോലെ , 'പാണ്ഡവപുര'ത്തെ അന്തരീക്ഷം പോലെ ഈ കവിയും കവിതകൾ കൊണ്ട്  വായനക്കാരെ ഭ്രമിപ്പിക്കുന്നു .  തനിക്കു പറയാനുള്ളവ വളരെ വ്യക്തമായും ശക്തമായും അവതരിപ്പിക്കുന്ന കവി , സ്ഥിരം കാവ്യ വഴികൾ ഉപയോഗിക്കുന്നില്ല എന്നത് സന്തോഷകരമായ കാര്യമാണ് . ഒരു കാഴ്ചയോ , ഒരു വായനയോ , ഒരറിവോ തന്റെ കവിതകൾക്ക് നിദാനമാകുമ്പോൾ അതിനെ എങ്ങനെ  പ്രാദേശികവും ഒപ്പം വൈദേശികവുമായ ഒരു തലത്തിൽ അവതരിപ്പിക്കണം എന്ന് ദിജേഷിന്‌ വ്യക്തമായി അറിയാം. ആംഗലേയ സാഹിത്യത്തിലെ കവിതാസംവിധാനങ്ങളെ അനുസ്മരിപ്പിക്കുന്ന കവിതകൾ പൊടുന്നനെ വായനക്കാരിലൊരു പരിഭാഷയുടെ നിറം  തോന്നിപ്പിക്കുമ്പോൾ തന്നെ അത് കാല്പനികതയുടെയും ഭാഷയുടെയും  അപാര സൗന്ദര്യം കൊണ്ട്  തികച്ചും  സാധാരണവും പ്രാദേശികവും ആയി മാറുന്നു . 


വായനയിൽ പലപ്പോഴും കവി സച്ചിദാനന്ദൻ , ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവരുടെ കാവ്യ ഭാഷയും സങ്കേതങ്ങളും ഓർമ്മിപ്പിച്ചു എന്നത് വലിയ സന്തോഷവും ഒപ്പം  ഈ കവിയുടെ കഴിവിന്റെ നക്ഷത്ര ദീപ്തിയും  മനസ്സിൽ നിറച്ചു . ഗദ്യശൈലിയിൽ കവിത എഴുതുന്ന ഒരാൾ എന്ന് പാടെ പറയാൻ കഴിയാത്ത വണ്ണം കാവ്യ നീതികളെ ഉപയോഗിക്കുക വഴി ഒരു കവിക്ക് വേണ്ട എല്ലാ ഗുണങ്ങളും ഈ കവി സ്വന്തമാക്കുന്നു . സ്ഫുടമായ ഭാഷയും പ്രയോഗങ്ങളും അക്ഷരശുദ്ധിയും പിന്നെ പങ്കു വയ്ക്കുന്ന ആശയങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ലോകാറിവുകളിലൂടെയുള്ള പരന്ന വായനയുടെ പശിമയും ഈ കവിയുടെ പ്രത്യേകതകൾ ആയി അനുഭവപ്പെട്ടു . കാലം നാളെ അടയാളപ്പെടുത്തുന്ന കവികളിൽ ഇദ്ദേഹത്തിന്റെ പേരും  വായിക്കപ്പെടാൻ ആശിക്കുന്നു . ആശംസകളോടെ ബിജു. ജി. നാഥ് 


Tuesday, September 21, 2021

വില്പത്രം

അനന്തരം


അവള്‍ :
പ്രണയം പലവുരു പറഞ്ഞു പഴകിയ
മധുരം നിറഞ്ഞൊരു ചക്ഷകമെങ്കില്‍
പതിരുകളില്ലാത്ത പരലുകളില്ലാത്ത
ജീവിതമൊന്നുണ്ടോ കൂട്ടുകാരാ കയ്യില്‍ ?

അവന്‍ :
മധുരം തരുമൊരു ജീവിതമാണ് നിന്‍
കനവില്‍ നിറയുന്ന പ്രണയമെങ്കില്‍
കരുതുവ വയ്യിനി പ്രണയിനി നിന്നെ മമ
കനവിലെ റാണിയായ് വാഴ്ത്തുവാന്‍.

അവള്‍ :
എന്നുമെന്‍ ചാരെ കൂട്ടായിരിക്കുവാന്‍
എന്നെ പ്രേമത്താല്‍ വാരിയെടുത്തിടാന്‍
സ്നേഹവചനങ്ങളാല്‍ പുന്നരിച്ചീടുവാന്‍
മത്സരിച്ചൊരുകാലം മറന്നിടായ്കിന്നു നീ .

അവന്‍:
പെണ്ണേ കളിയല്ല ജീവിതമെന്നറിയുക 
കെട്ടിപ്പിടിച്ചു പ്രണയിച്ചിരുന്നീടുകില്‍
അന്നം കഴിക്കുവാന്‍ എന്തുണ്ട് കയ്യില്‍
ആരുണ്ട്‌ ചെന്നിരിക്കെ വിളമ്പീടുവാന്‍ ?
--- ബിജു.ജി.നാഥ്

ദാമ്പത്യം

ദാമ്പത്യം

മിഴികള്‍ നിറഞ്ഞൊഴുകുമ്പോഴും
പൂത്താലി നനയാതെ കാക്കുന്നു മനം .
നിറങ്ങളെല്ലാം ഒഴുകിയകലിലും
സീമന്തരേഖ നനയാതെ കാക്കും പോലെ
-----ബിജു.ജി.നാഥ്

Sunday, September 19, 2021

പെൺസുന്നത്ത്......................... അനിത ശ്രീജിത്ത്

 പെൺസുന്നത്ത് (നോവൽ)

അനിത ശ്രീജിത്ത് 

കറന്റ് ബുക്ക്സ് 

വില :₹ 230 .00 




സത്യത്തിന്റെ മുഖം എത്ര വികൃതമാണ് എന്നതനുസരിച്ചു അത് അത്രത്തോളം വാസ്തവവുമായിരിക്കും . ഹോമോ സാപ്പിയൻസ് എന്ന മനുഷ്യ ജീവിയുടെ പരിണാമ വഴികളെക്കുറിച്ചു നരവംശ ശാസ്ത്രം വളരെ നന്നായിത്തന്നെ വിശദീകരിക്കുന്നുണ്ടിന്ന്. ഒരു സാംസ്കാരിക നവോത്ഥാന പാതയിൽ എന്നും പുതിയ തലങ്ങൾ തേടുന്ന ജീവി വർഗ്ഗമെന്ന ലേബലിൽ മനുഷ്യർ ഭൂമിയിലെ മറ്റു ജീവജാലങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്നു . ഒരുപക്ഷെ അത് നൽകുന്ന അഹങ്കാരവും വികാരങ്ങളും മറ്റു ജീവികളേക്കാൾ അവ ഒരു പക്ഷെ ക്രൂരതകൾ ചെയ്യുന്നവർ ആണെങ്കിൽക്കൂടിയും അവരെക്കാൾ വളരെ മോശം സംസ്കാരം കാത്തു സൂക്ഷിക്കുന്നവർ ആണ് ഈ മനുഷ്യ ജീവികൾ എന്നത് ഒരു യാഥാർഥ്യമാണ് . വിവേകമുള്ള ഏതൊരു മനുഷ്യജീവിയും ചെയ്യുക തങ്ങൾ ചെയ്യുന്ന പ്രവർത്തികളുടെ ദോഷഫലങ്ങൾ കണ്ടറിഞ്ഞ് അതിനെ നവീകരിക്കുക എന്നതാണ് . നിരന്തരം നവീകരണം ചെയ്യുന്നതിലൂടെ മാത്രമേ പരിവർത്തനം എന്നൊരു സംഗതി മനുഷ്യന് സ്വായത്തമാക്കാൻ കഴിയുകയുള്ളൂ. ഓരോ വിഷയങ്ങളെയും നാം സമീപിക്കുക മുൻവിധികളും കാഴ്ചപ്പാടുകളും കൊണ്ടാണ്. അവയെ മാറ്റാൻ നമുക്ക് തോന്നാറില്ല . ഒരു പക്ഷെ അത് സമൂഹത്തിൽ താനെന്ന വ്യക്തി ഒരു അപൂർവ്വ ജീവിയായി കണക്കാക്കപ്പെടാൻ അവൻ അല്ലെങ്കിൽ അവൾ ആഗ്രഹിക്കാത്തത് കൊണ്ട് മാത്രമാകാനും സാധ്യതയുണ്ട് . മനുഷ്യവർഗ്ഗം ആദ്യം ഉരുത്തിരിഞ്ഞത് ആഫ്രിക്കയുടെ ഇരുണ്ട വന്കരയിലാണ് എന്ന് ഇന്നെല്ലാവർക്കും വളരെ വ്യക്തമായി അറിയാവുന്നതാണ് . ശാസ്ത്രീയമായ ഒരു അടിത്തറയും ഇല്ലാത്ത മതസാഹിത്യങ്ങളിൽ അതങ്ങനെയല്ല എങ്കിലും  തെളിവുകളും പഠനങ്ങളും ശരിവെക്കുന്ന മഹത്തായ ആശയം പരിണാമം തന്നെയാണ് . അത്തരം പരിണാമത്തിലൂടെ മാറി മാറി വന്ന മനുഷ്യ ജീവികൾ ഇന്നും ഉപേക്ഷിക്കാതെ കൂടെക്കൊണ്ട് നടക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ചില ആചാരങ്ങൾ ഉണ്ട് . മതപരമായ കൂട്ടിക്കെട്ടലുകളിലൂടെ അവയിൽ ചിലതു മാറ്റാൻ കഴിയാത്ത വിധം  മനുഷ്യരെ ചൂഴ്ന്നു നിൽക്കുന്നുണ്ട് . ആഫ്രിക്കൻ ഗോത്രങ്ങളിൽ , ഒരു മത വിശ്വാസവും ഇല്ലാത്ത  ആദിമ ഗോത്രങ്ങൾ പോലും പിന്തുടരുന്ന ചിലതുണ്ട് . സ്ത്രീകളുടെ കീഴ്ച്ചുണ്ടു വലുതാക്കുക എന്നൊരു ആചാരം ഉണ്ട് . ചുണ്ടു കീറി അതിൽ മണ്ണോ മറ്റോ വസ്തുക്കൾ കൊണ്ടുള്ള വസ്തുക്കൾ കടത്തി വച്ച് അത് വലുതാക്കി കൊണ്ട് വരും . ഏറ്റവും കൂടുതൽ വലുതാക്കിയ ആൾ കൂടുതൽ സുന്ദരി എന്നാണു കണക്കാക്കുക . അതുപോലെ ലിംഗത്തെ പൊതിഞ്ഞു കാളക്കൊമ്പ് അല്ലെങ്കിൽ മറ്റു മൃഗ കൊമ്പുകൾ  തൂക്കിയിടുക. ചില പച്ച മരുന്നുകളോ കല്ലോ ചില മൃഗങ്ങളുടെ നഖമോ പോലുള്ളവ  കെട്ടി വച്ചോ അല്ലെങ്കിൽ തുളയുണ്ടാക്കി അത് കടത്തി വച്ചോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക (കാമ സൂത്രത്തിൽ ഇത് പറയുന്നുണ്ട് അതിന്നർത്ഥം ഇന്ത്യയിലും നിലനിന്നു എന്നുതന്നെയാണ്) തുടങ്ങിയ ഗോത്ര രീതികൾ ഉണ്ട് . ആൺകുട്ടി പ്രായപൂർത്തിയായാൽ അവന്റെ ലിംഗത്തിന്റെ അഗ്ര ചർമ്മം മുറിക്കുകയും അത് ഇലയിൽ പൊതിഞ്ഞു വീടിന്റെ ഏതെങ്കിലും മൂലയിൽ സൂക്ഷിക്കുക , കിണർ പോലുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കുക തുടങ്ങിയ ആചാരങ്ങൾ  ഉണ്ട് . സ്ത്രീകളിൽ യോനിയുടെ പുറമേക്ക് കാണുന്ന ലാബിയ എന്ന  ഇതളുകൾ മുറിക്കുകയും കൃസരി മുറിക്കുകയും ചെയ്യുകയും യോനിയെ മൂത്രമൊഴിക്കാനും ആർത്തവ രക്തം പോകാനും മാത്രം ചെറിയ തുളകൾ അവശേഷിപ്പിച്ചു ബാക്കി തുന്നിക്കെട്ടി വയ്ക്കുകയും ചെയ്യാറുണ്ട് . അവളെ വിവാഹം കഴിക്കാൻ പോകുന്നവൻ ആണത് അഴിക്കേണ്ടത് . അതിനർത്ഥം അതുവരെ അവൾ ആരോടും ലൈംഗിക ബന്ധം  നടത്തിയിട്ടില്ല അവനാണ് അവളുടെ ആദ്യത്തെ പുരുഷൻ എന്നതാണ് . ആർത്തവ രക്തത്തിന്റെ  അവശിഷ്ടങ്ങളും മൂത്രത്തിൽ നിന്നും മറ്റുമുള്ള അണുബാധയും ഒക്കെ ബാധിച്ച് എത്രയോ സ്ത്രീകൾ മരിച്ചു പോയിരിക്കുന്നു . പ്രാകൃതമായ പെൺസുന്നത്തു മൂലം അണുബാധയും രക്തവാർച്ചയും കൊണ്ട് എത്രയോ  കുഞ്ഞുങ്ങൾ മരിച്ചിരിക്കുന്നു . ആൺകുട്ടികളും. ക്രമേണ ഇത് മതങ്ങളുടെ അടയാളമായി മാറി . അതോടെ അതിനെ ചോദ്യം ചെയ്യാതെ അനുസരിക്കുക എന്നതായി കീഴ്വഴക്കം . സ്ത്രീ, സ്വയം സുഖം കണ്ടെത്താതിരിക്കാൻ വേണ്ടിയാണു കൃസരി മുറിച്ചു കളയുന്നത് . ഇതുമൂലം അവൾക്ക് ലൈംഗിക വിചാരം ഉണ്ടാകുകയില്ല എന്നതിനാൽ അവൾ പുരുഷന്റെ ലൈംഗിക അടിമ ആയി പരിണമിക്കുന്നു . ഇറുക്കമുള്ള യോനിയെന്നത് പുരുഷന്റെ ഗൂഢ സന്തോഷമാകുമ്പോൾ അവനു മാത്രം വികാരശമനം ലഭിക്കുകയും അവൾക്ക് വേദനാജനകമായ , വികാരരഹിതമായ ഒരു കടമ മാത്രമായി ലൈംഗികത അവശേഷിക്കുകയും ചെയ്യുന്നു . അഗ്ര ചർമ്മം മുറിക്കുന്നതോടെ ലൈംഗിക ചിന്ത മാത്രം പ്രധാന സംഗതിയായി മാറുന്ന പുരുഷന്  എപ്പോഴും പ്രാപിക്കാവുന്ന ഒന്നായി അവൾ ക്രമീകരിക്കപ്പെടുന്നു . 


മതത്തെ സംബന്ധിച്ചുള്ള ഒന്നായതിനാൽ തന്നെയാണ് സൊമാലിയയിൽ നിന്നും ആദ്യമായി രക്ഷപ്പെട്ടു യൂറോപ്പിൽ അഭയം തേടിയ അയാൻ ഹിർസി അലി ലോകത്തോട് ഈ ക്രൂരത ആദ്യമായാണ് എന്ന് കരുതുന്നു  വിളിച്ചു പറയുകയും ലോകം മുഴുവൻ ഇതിനെക്കുറിച്ചു ചർച്ച ചെയ്യുകയും ചെയ്തത് . അയാൻ ഹിർസി അലിയുടെ "നൊമാഡ്‌" (നാടോടി എന്ന് മലയാളത്തിലും വരികയുണ്ടായി ) എന്ന പുസ്തകം  ലോകത്തെ വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുക ഉണ്ടായി . ആഫ്രിക്കൻ നാടുകളിൽ മാത്രമല്ല ഇത് ചെയ്യപ്പെടുന്നത് എന്നും ലണ്ടൻ പോലുള്ള  മഹാ നഗരങ്ങളിൽ പോലും ഇത്  നടക്കുന്നുണ്ട് എന്നതും ലോകം അറിയുന്നത് അപ്പോഴാണ് . ഇത് പറയുമ്പോൾ നെറ്റിൽ വർഷങ്ങൾക്ക് മുൻപ് ഇതിനെ ക്കുറിച്ചു തിരയുമ്പോൾ കേരളത്തിലെ അഹമ്മദീയർ വിഭാഗക്കാർ അതോ റാവുത്തർ വിഭാഗമോ ഇത് ചെയ്യാറുണ്ട് എന്നൊരു വരി കാണുകയും അല്ഫുതപ്പെടുകയും ചെയ്യുക ഉണ്ടായിട്ടുണ്ട്. ബോറ വിഭാഗക്കാർ മഹാരാഷ്ട്രയിലും ഗുജറാത്തിലും ഇത് ചെയ്യാറുണ്ട് എന്നും അറിഞ്ഞു . ഇത്തരം വാർത്തകളും സംഭവങ്ങളും വായനയിൽ നിൽക്കുമ്പോൾ ആണ് അനിത ശ്രീജിത്തിന്റെ "പെൺസുന്നത്ത്" വായനക്കായി തിരഞ്ഞെടുത്തത് . മലയാളിയായ ഒരു സ്ത്രീ ആഫ്രിക്കയിലെ ഗോത്ര വർഗ്ഗക്കാർക്കിടയിൽ പെട്ടുപോകുന്നതും തുടർന്നുമുള്ള സംഭവങ്ങൾ വിവരിക്കുന്ന ഒരു നോവൽ ആണ് ഇത് . താര എന്ന സ്ത്രീയുടെ ആത്മകഥ എന്ന് പറയാം . ഈ നോവലിൽക്കൂടി അനിത പറഞ്ഞു വയ്ക്കുന്നത് മുകളിൽ വിവരിച്ച സ്ത്രീകളിലെ ചേലാകർമ്മവും പിന്നെ ഗോത്രങ്ങളിൽ ഇന്നും നിലനിൽക്കുന്ന സ്ത്രീവിരുദ്ധമായ ചില ആചാരങ്ങളും ആണ്. ശൈശവ വിവാഹം , പണ്ട് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന മണാളൻമാർ ചെയ്തു വന്നിരുന്ന കന്യകയെ ഭോഗിക്കൽ തുടങ്ങിയ  ആചാരങ്ങൾ , ലൈംഗിക അവയവങ്ങൾ മാത്രമല്ല മാറിടം വികൃതമാക്കുന്ന പോലുള്ള സംഗതികൾ ഒക്കെയും ഈ നോവലിൽ പരാമർശിക്കുന്നുണ്ട് . ആഫ്രിക്കൻ ഗോത്രങ്ങളുടെ കറുത്ത  , പൈശാചികമായ സ്ത്രീകളോടുള്ള സമീപനവും കാഴ്ചപ്പാടുകളും ഒരു തരത്തിൽ നേർക്കാഴ്ച്ച പോലെ പറഞ്ഞു വയ്ക്കുന്ന ഈ നോവൽ തീർച്ചയായും വായിക്കപ്പെടേണ്ട ഒന്ന് തന്നെയെന്നതിൽ ഒരു സംശയവുമില്ല. വിവരസാങ്കേതിക വിദ്യയുടെ വളർച്ചയുടെ ഉപയോഗം നന്നായി പ്രയോജനപ്പെടുത്തിയ ഒരു നോവൽ ആണിതെന്നും പറയാം . നേരിട്ട് കാണാത്ത , അറിയാത്ത ഒരു ജനതയുടെ ജീവിതത്തെ , അവരുടെ സംസ്കാരത്തെ അടയാളപ്പെടുത്താൻ ഇങ്ങു കൊച്ചു കേരളത്തിൽ ഇരുന്ന് ഒരു സ്ത്രീക്ക് കഴിയുന്നത് അത്ര ചെറിയ കാര്യമല്ല തന്നെ . 


നാം ഒരു കാര്യത്തെ അടയാളപ്പെടുത്തുമ്പോൾ അനുഭവവും പറഞ്ഞറിവും തമ്മിൽ വലിയ വ്യത്യാസം ഉണ്ടാകും . അതിനെ പറയാൻ , പറഞ്ഞു ഫലിപ്പിക്കാൻ കഴിയുക എന്നതാണ് എഴുത്തുകാരുടെ കഴിവ് . ബെന്യാമിൻ തന്റെ "ആടു ജീവിത"ത്തിലൂടെ അത് മലയാളിക്ക് തെളിയിച്ചു കൊടുത്തിട്ടുണ്ട് . അത്തരത്തിൽ ഒരു  ശ്രമമായി അനിതയുടെ ഈ പുസ്തകത്തെ കാണാൻ കഴിയും . ആഫ്രിക്കയുടെ ഭൂപ്രകൃതിയും , സംസ്കാരവും  ഒക്കെ വിവരിക്കുന്ന "താഴ്വാരങ്ങളുടെ നാട്ടിൽ " എന്ന യാത്രാ വിവരണം സർഗ്ഗ റോയിയുടേതായി മുൻപു പുറത്തു വന്നിരുന്നു . അതിൽ വിവരിക്കപ്പെട്ട കാര്യങ്ങൾ അവർ നേരിട്ട് അറിഞ്ഞ് എഴുതിയതാണ് . അനിതയുടെ പുസ്തകത്തിൽ ഒരു വലിയ പോരായ്മയായി കാണാൻ കഴിഞ്ഞത് ആ നേരിട്ടുള്ള അറിവിന്റെ കുറവ് മാത്രമാണ് . ആമുഖത്തിൽ തന്നെ ഇതിൽ 20  ശതമാനം എന്റെ ഭാവനയാണ് എന്ന  ജാമ്യം അനിത എടുത്തിട്ടുള്ളതിനാൽ  ആ ഒരു പോരായ്മ ഒരു പക്ഷെ വായനക്കാർക്ക് കാണാൻ കഴിഞ്ഞു എന്ന് വരില്ല . വികാരവും, ഒരു വല്ലാത്ത ധൃതിയും കാര്യങ്ങളെ വളരെ ചടുലമായി കൊണ്ടുപോകാൻ എഴുത്തുകാരിയെ പ്രേരിപ്പിച്ചിരിക്കുന്നതായി വായന അടയാളപ്പെടുത്തുന്നു . ഗോത്രങ്ങളുടെ കൊടുക്കൽ വാങ്ങലുകൾ , കാടിന്റെ പശ്ചാത്തലം , കാട്ടുവാസികളുടെ കഴിവുകൾ എന്നിവയെ കുറച്ചു കണ്ടുകൊണ്ടാണ് താരയെയും അകേയയെയും രക്ഷപ്പെടുത്തുന്നത് എഴുത്തുകാരി . അത് ഒരു അസ്വഭാവികമായ  വസ്തുതയാണ് . പുസ്തകത്തിന്റെ വായനയെ അത് ബാധിക്കുന്നില്ല എങ്കിലും അതൊരു യാഥാർഥ്യമായി തുടരുന്നു . മാത്രവുമല്ല അവസാനം പറയുന്ന ഇന്ത്യയിലെ , കേരളത്തിലെ ചേലാ കർമ്മങ്ങളുടെ വാർത്തകൾ അവ അപൂർണ്ണം തന്നെയാണ് . അതിനു കാരണവും ഉണ്ട് . ആൺകുട്ടികളിലെ ചേലാകർമ്മം നിർത്തുന്നതിനായി ശബ്ദമുയർത്തിയ  ഒരു മൗലവി ഇന്ന് ജീവനോടെ ഉണ്ടോ എന്നയാൾക്ക് പോലും അറിയാത്ത  കാലത്ത് മതത്തെ ഒരുപാട് തൊടാനോ , ശബ്ദിക്കാനോ എഴുത്തുകാർക്കും പരിമിതികൾ ഉണ്ട് എന്നത് മറക്കാൻ കഴിയില്ലല്ലോ . 


വളരെ നല്ല ഒരു വിഷയം അതിന്റെ കാലികമായ , മാനുഷികമായ വശങ്ങളുടെ പ്രാധാന്യം കണ്ടുകൊണ്ട് അതിനെ അടയാളപ്പെടുത്താൻ കഴിഞ്ഞ അനിത , ഒരു സാമൂഹ്യ ജീവി എന്ന നിലയിൽ തന്റെ കടമ നിർവഹിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ . ലളിതമായ, കൈയ്യടക്കമുള്ള ഭാഷയും ശൈലിയും അവതരണവും നല്ലൊരു വായന നൽകുന്നുണ്ട് . കൂടുതൽ വായനക്കാരിലേക്ക് ഈ നോവൽ എത്തട്ടെ എന്നും ഇതൊരു വലിയ ചർച്ചയായി മാറട്ടെ എന്നും ആശിക്കുന്നു. ആശംസകളോടെ ബിജു. ജി നാഥ് 


Saturday, September 18, 2021

ഫീനിക്സ് പക്ഷികള്‍ നാം

നിഴല്‍ പോലെയെന്നെ പിന്തുടരുന്ന മിത്രമേ
അമരുകയില്ലൊരുനാളും നിന്‍ കരങ്ങളില്‍.
തോല്പിച്ചിടാമീ ശരീരത്തെയെങ്കിലും
കീഴടങ്ങുകില്ലെൻ്റെ മനസ്സും ചിന്തയും..

ആശിക്കവേണ്ടിനി കഴുമരച്ചാര്‍ത്തില്‍
ക്രൂശിച്ചെന്റെയീ ജിഹ്വ തടഞ്ഞീടാന്‍.
ഞാനേകനല്ലിന്നീ സംസാരലോകത്തില്‍
ഞാനല്ല ഞങ്ങളാണ് ഒരു മനം പേറുവോർ. .

വെട്ടിയും കൊന്നും നീ  നോക്കേണ്ടതില്ല
മുറിവായ കൂടി പുനര്‍ജ്ജനിക്കും ഞങ്ങൾ.
തടങ്കല്‍ പാളയങ്ങള്‍ ഭേദിച്ചൊന്നായ്
കടലലപോലെ വരുമൊരുനാള്‍ നേര്‍ക്ക്‌.

ഇരുളിന്‍ നിശബ്ദയാമത്തിലാ കാലടിയിൽ
കരയാന്‍ മറന്നു ജീവിച്ച കാലത്ത് നാം.
ഭയന്നിരിക്കാം നിൻ രഥത്തിൻ കുളമ്പടികള്‍
ഇന്നുള്ളിലുള്ളത് സ്വാഭിമാനഹർഷം മാത്രം.
@ബിജു.ജി.നാഥ്

Wednesday, September 15, 2021

അടിയാള പ്രേതം......... പി. എഫ് മാത്യൂസ്


അടിയാളപ്രേതം (നോവല്‍)

പി എഫ് മാത്യൂസ്

ഗ്രീന്‍ ബുക്സ്

വില : ₹ 180.00

യാഥാർത്ഥ്യങ്ങൾക്കും ഭാവനകൾക്കും ഇടയിലൂടെ ഒരു നേർത്ത നൂൽപ്പാലം കെട്ടുക എന്നത് എഴുത്തുകാരെ സംബന്ധിച്ച് ഭാരിച്ച പണിയാണ്. പാളിച്ചകളില്ലാതെ അത് കൈകാര്യം ചെയ്യേണ്ടതുണ്ട്. ചരിത്രനിർമ്മിതികളിൽ കാലാകാലങ്ങൾ ആയി ഇത് പ്രയോഗിച്ചു വരുന്നുണ്ട് എന്നതിനാൽ പലപ്പോഴും ചരിത്രം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. പ്രാദേശികമായ പല സംഭവങ്ങൾക്കും അതിനാൽത്തന്നെ ഊതിപ്പെരുപ്പിച്ച നുണകൾക്ക് കയറിയിരിക്കാൻ വഴിയൊരുക്കുന്നത് ഇത്തരം ഭാവനാസമ്പന്നമായ എഴുത്തുകൾ മൂലമാണ്. അമീഷിൻ്റെ ശിവ സീരീസും രാമ സീരീസും ഇനി പണിപ്പുരയിൽ ഇരിക്കുന്ന മഹാഭാരത സീരിസും ഈ ഒരു കാര്യത്തിൽ പെട്ടെന്ന് മുന്നിൽ കാണാവുന്ന ഉദാഹരണങ്ങൾ ആണ്. 

ചരിത്ര നിർമ്മിതികൾ പോലെ ചില വ്യക്തി നിർമ്മിതികളും സാഹിത്യത്തിൽ പ്രധാന വേഷം കെട്ടിയാടപ്പെട്ട രചനകൾ സംഭവിച്ചിട്ടുണ്ട്. പിൽക്കാലത്ത് അവ ജീവിച്ചിരുന്നവർ തന്നെയെന്ന് വായനക്കാർ ഭ്രമിച്ചു പോകുകയും അങ്ങനെ വിശ്വസിക്കുകയും ചെയ്തിട്ടുമുണ്ട്. സമീപകാലത്ത് എഴുതപ്പെട്ട നോവലുകളിൽ ടി.ഡി. രാമകൃഷ്ണൻ്റെ കഥാപാത്രങ്ങൾ ശരിക്കും ഇത്തരം ഒരു വേഷം കെട്ടിപ്പടർന്നാടുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. ബന്യാമിൻ്റെ മഞ്ഞവെയിൽ മരണങ്ങളിലും ഇത്തരം ഒരു കഥാപാത്ര സൃഷ്ടിയുടെ നിഴൽ പതിഞ്ഞു കിടക്കുന്നു. ഹരീഷിൻ്റെ മീശയും ഇതിലൊരു ഉദാഹരണമായി കാണാം. ഇത്തരം കാഴ്ചപ്പാടിലേക്ക് പുതുതായി ചേർക്കപ്പെടുന്ന ഒന്നാണ് പി എഫ് മാത്യൂസിൻ്റെ അടിയാള പ്രേതം എന്ന് കരുതുന്നു. 

മാജിക്കൽ റിയലിസത്തിൻ്റെ സാധ്യതകളെ സേതു തൻ്റെ പാണ്ഡവപുരത്തിലും മുകുന്ദൻ തൻ്റെ ആദിത്യനും രാധയും പിന്നെ മറ്റു ചിലരിലും പ്രയോഗിച്ചതായി വായനയിൽ തോന്നിപ്പിച്ചിരുന്നു. പി എഫ് മാത്യൂസ് തൻ്റെ രചനയിൽ ആ സങ്കേതം വളരെ തന്മയത്വത്തോടെ പ്രയോഗിച്ചു കണ്ടിരിക്കുന്നു. രണ്ടോ അതിലധികമോ കാലത്തിലൂടെ സഞ്ചരിക്കുന്ന മായാലോകമാണ് ഈ നോവലിൻ്റെ പശ്ചാത്തലം. പോർട്ട് ഗീസുകാരുടെ കാലത്ത് നിന്നും ഇന്നുവരെ എത്തി നില്ക്കുന്ന ഒരു തുടർക്കഥ. മിത്തുകളും അന്ധവിശ്വാസങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു സമൂഹത്തിൻ്റെ കഥയാണിത്. കാലാകാലങ്ങളായി ഉടമയുടെ മുതലിന് കാവൽ കിടക്കുന്ന അടിയാള ജന്മങ്ങൾ. സ്വതന്ത്രമായ ഒരു ചിന്താഗതിയോ , കുതറിമാറലുകളാേ സാധ്യതയില്ലാത്ത ജീവിതങ്ങൾ. അവയുടെ നിശ്വാസങ്ങളിൽ പെട്ട് പൊടിഞ്ഞു പോകുന്ന ബന്ധങ്ങൾ. തലയില്ലാതെ വേച്ച് വേച്ച് ഓടി നീങ്ങുന്ന ജന്മങ്ങൾ. ഹൃദയത്തിൽ തറച്ച കഠാരയുമായി നിലവറ കാക്കാൻ മരിച്ചു ജീവിക്കുന്ന ആത്മാക്കൾ. 

സത്യം എക്കാലവും പൊടിയടിഞ്ഞുമൂടിക്കിടക്കില്ല എന്നും ഏതെങ്കിലും ഒരു കാലത്ത് ഒരാൾ ഇവയൊക്കെ പൊടി തട്ടി മുന്നിൽ വയ്ക്കും എന്നുമുള്ള  ലോകതത്വം ആണ് നോവൽ കാഴ്ചവയ്ക്കുന്നത്. ഒപ്പം ജീവിതത്തിൽ ഒരിക്കലും സ്വന്തമായി ഒരു അഭിപ്രായമില്ലാതെ പോകുന്ന മനുഷ്യരും അവരുടെ കുടുംബങ്ങളും. നഷ്ടമാകുന്ന സ്വത്വബോധം ഇവയൊക്കെ വളരെ വ്യക്തമായി അടയാളപ്പെടുത്തുന്ന ഒരു നോവലാണ് അടിയാളപ്രേതം. ഭാഷയിലും, പ്രമേയത്തിലും ,ശൈലിയിലും വളരെ ഏറെ പ്രതീക്ഷകൾ നല്കുന്ന നോവൽ. ആധുനിക നോവൽ സങ്കേതങ്ങളിൽ പുതുമയ്ക്കൊപ്പം ട്രെൻഡും കണ്ടറിഞ്ഞ് അവതരിപ്പിച്ചിരിക്കുന്നു. വായനകൾക്കിടയിൽ ടി ഡി രാമകൃഷ്ണൻ്റെ നോവലുകളും ബന്യാമിൻ്റെ മഞ്ഞവെയിൽ മരണങ്ങളും ഹരീഷിൻ്റെ മീശയും തികട്ടി വന്നത് ഇവയെല്ലാം ഒരേ പാറ്റേണിലാണ് എന്ന തോന്നൽ നല്കിയതിനാലാവണം. 

നല്ലൊരു വായന സമ്മാനിച്ച നോവൽ. എല്ലാവിധ ആശംസകളും നേരുന്നു. സ്നേഹപൂർവ്വം ബിജു. ജി. നാഥ്

Friday, September 10, 2021

മണ്ണും സൂര്യനും

നിശബ്ദയായ്  മണ്ണ് കരയുന്നു....
വെയിൽപ്പൂക്കൾ തനുവില്‍ ചൂടി,
ഇറ്റു കണ്ണുനീർ തുളുമ്പാതെ, 
മിഴികള്‍ അടയ്ക്കാന്‍ മറന്ന്
ആകാശത്തിന്നനന്തതയിലേക്ക് 
ഒരു ദാഹാര്‍ത്തിയായവള്‍ മലര്‍ന്നു കിടപ്പൂ. 

അഴിഞ്ഞുലഞ്ഞ കേശഭാരവും 
അകന്നുപോയ പിഞ്ചിയ ആടയും 
അലോസരപ്പെടുത്താതെ, 
കടന്നുപോകാന്‍ മടിച്ചു നില്‍ക്കുന്നു കാറ്റ്.

അവളിലെ ആഴമേറിയ ദുഃഖമറിഞ്ഞ്
കൂടെക്കരയും തരുലതകളും 
നിഴലുപാകാന്‍ ഇലകള്‍ പോരാഞ്ഞ് 
വേദനക്കണ്ണുകള്‍ കൊണ്ടുഴിയും മരങ്ങളും 
ഒഴിഞ്ഞു പോകാനാകാതെ വിങ്ങും 
ഉച്ചസൂര്യനും സാക്ഷിയായ്
നിശബ്ദമായ് മണ്ണ് കരയുന്നു. 
വെയിൽപ്പൂക്കൾ തനുവില്‍ ചൂടി.
@ബിജു.ജി.നാഥ്

Friday, September 3, 2021

രതിനിർവ്വേദം


രതിനിർവ്വേദം
.........................
കരവകുന്നിന്നവൻ നിന്നുടെ മേനിയിൽ
അധരമുദ്രകൾ പതിപ്പിക്കുന്ന നേരം
മുടിയിഴകളിൽ നീ വിരൽ കോർത്തിട്ടാമോദം
മിഴികൾ കൂമ്പുന്നൊരാമ്പൽപ്പൂവാകുന്നു.

മിഴിയുയർത്തുന്നു പിടയുന്നു നനയുന്നു
ചുണ്ടുകൾ നീ ദന്തമർദ്ദനം ചെയ്യുന്നു
ഉയരുന്ന ശീല്ക്കാരം ഇരുളുഭേദിക്കുന്നു
ഉടയുന്ന മൗനമോ ലജ്ജിച്ചു നില്ക്കുന്നു.

പിടയുമവൻ തൻ  ഗളമമർത്തുന്നു നീ
പൂട്ടിടുന്നു കാൽവളയം കഠിനമായി.
അതിവേഗ കമ്പനലയതാള വേഗത്താൽ
നഖചിത്രമെഴുതുന്നു പുറവടിവിലാകെയും.

ഒരു വൻസ്ഫോടനാഘാതത്തിൽ നീയതാ
വീഴുന്നു ഭൂമി തന്നാഴത്തിലേക്കേവം!
തുടർചലനങ്ങൾ തൻ താഢനത്താലാഴ്ന്നു
പോയീടുന്നൂ മോഹ നിദ്രയിൻ നീയുമേ!
@ബിജു.ജി.നാഥ്