Thursday, June 17, 2021

The Love Queen of Malabar .......... Merrily Weisbord

 The Love Queen of Malabar

Merrily Weisbord

Research Press (2010)

വില: ₹ 395.00

പ്രണയത്തിന്റെ രാജകുമാരി 

പരിഭാഷ: സുരേഷ് എം.ജി.

ഗ്രീൻ ബുക്ക്സ് ( 2015)

വില: ₹ 270.00




ആത്മകഥയുടെ ആത്മാവ് അതെഴുതുന്നവരുടെ മാനസികാവസ്ഥയനുസരിച്ചാണ് ഉണ്ടാകുക . ജീവചരിത്രമായാലും അതങ്ങനെ തന്നെയാണ് . എഴുതുന്ന ആളിന്റെ സമൂഹത്തോടും തന്നോട് തന്നെയുമല്ല ആത്മാർത്ഥതയും താൻ ചെയ്യാൻ പോകുന്ന കാര്യത്തെക്കുറിച്ചും അത് സമൂഹത്തിൽ ഉണ്ടാക്കിയേക്കാവുന്ന വിഷയങ്ങളെക്കുറിച്ചും എഴുത്തുകാരന് ബോധം ഉണ്ടായിരിക്കും . ഇതൊക്കെക്കൊണ്ടുതന്നെ മിക്ക ആത്മകഥകൾക്കും ജീവചരിത്രങ്ങൾക്കും ജീവനില്ലാതാകുന്നു . വായനക്കാരെ വഴിതെറ്റിക്കുകയും യഥാർത്ഥ വ്യക്തിയെ കാണാൻ കഴിയാതെ പോകുകയും ചെയ്യുന്നു . മാധവിക്കുട്ടിയെന്ന എഴുത്തുകാരിയുടെ "എന്റെ കഥ" ഒരു കാലത്ത് വളരെ കോളിളക്കം സൃഷ്ടിച്ച ഒരു ആത്മകഥയാണ് എന്ന് പറയാം . ജീവിതത്തെ പച്ചയായി പറഞ്ഞ ആ തിരമാല ഒട്ടേറെ വിഗ്രഹങ്ങളെയും  വിശ്വാസങ്ങളെയും തകർത്തുകളഞ്ഞു എന്നതാണ് ശരി . പിൽക്കാലത്ത് മാധവിക്കുട്ടി തന്നെ പറഞ്ഞ ഒരനുഭവം പോലെ. ഒരു ചെറുപ്പക്കാരൻ അവർക്കെഴുതിയ കത്തിൽ ഇങ്ങനെ പറഞ്ഞതായി പറയുന്നുണ്ട് . എന്റെ കഥ വായിക്കുന്ന കൗമാരക്കാരനായിരുന്ന അയാളെ കണ്ടു അയാളുടെ പിതാവ് ഈ സ്ത്രീയെ വായിക്കരുത് അവർ സ്വഭാവദൂഷ്യം ഉള്ള അഴുക്ക സ്ത്രീ ആണെന്ന് പറയുകയും ആ പുസ്തകത്തെ കത്തിച്ചു കളയും എന്ന് പറഞ്ഞതും പിന്നൊരു സമയം ആ പിതാവ് അത് വായിക്കുന്നത് അയാൾ കാണുകയും അതിനെ തുടർന്നാ പിതാവ് ആത്മഹത്യ ചെയ്യുകയും ചെയ്തതും . ഇത്രയൊക്കെ സദാചാര കൊടുങ്കാറ്റ് ഉയർത്തിവിട്ട ഒരു എഴുത്തായിരുന്നു മാധവിക്കുട്ടി അന്ന് ചെയ്തത് . പക്ഷെ കാലങ്ങൾക്കിപ്പുറം ക്യാനഡയിൽ നിന്നും ഒരു എഴുത്തുകാരി കേരളത്തിലേക്ക് വരികയും കമലാദാസ് എന്ന എഴുത്തുകാരിയുടെ ജീവിതത്തെ എഴുതാൻ തുടങ്ങുകയും അത് തീരുമ്പോഴേക്കും കമലാദാസ് കമല സുരയ്യയായി മാറി പാളയം ഖബർസ്ഥാനിൽ നിദ്രയിലാവുകയും ചെയ്തു കഴിഞ്ഞിരുന്ന കഥ വായിക്കുമ്പോൾ  എന്നും കൊടുങ്കാറ്റുകൾ മാത്രം സൃഷ്ടിച്ചു കടന്നു പോയ ആ അനുഗ്രഹീത എഴുത്തുകാരിയുടെ ആത്മാവിനെ , അറിയപ്പെടാത്ത കുറെ അനുഭവങ്ങളും ഒക്കെ വായനക്കാരന് കിട്ടുകയും ചെയ്തു . ഇംഗ്ളീഷിൽ ലഭ്യമായിരുന്ന ആ പുസ്തകം ഗ്രീൻ ബുക്സിലൂടെ മലയാളത്തിലും മലയാളിക്ക് ലഭ്യമായി . ഒരു പക്ഷെ ആ പുസ്തകം ഇറങ്ങിയ സമയത്തെ സാമൂഹ്യ ഘടനയിൽ നിന്നും ഒരുപാട് മുന്നോട്ടു മാറിയ ഒരു രാഷ്ട്രീയ സാമൂഹിക പശ്ചാത്തലം കൂടിയാണ് ഇന്നെന്ന് പറയാം .


പ്രണയത്തിന്റെ രാജകുമാരിയായിരുന്നു മാധവിക്കുട്ടി . ആ വിരലുകളിൽ നിന്നും, മിഴികളിൽ നിന്നും , മൊഴികളിൽ നിന്നും ഊർന്നിറങ്ങിയത് മുഴുവൻ പ്രണയം തന്നെയായിരുന്നു . നാലപ്പാടിന്റെ ഗ്രാമാന്തരീക്ഷത്തിലും കൽക്കട്ടയും ഡൽഹിയും മുംബൈയും ഒക്കെ നൽകിയ നഗരവത്കരണ വേഷം കെട്ടലിലും മായാതെ നിന്നത് ആ പ്രണയം തന്നെയാണ് . തന്റെ പ്രണയം ദൈവത്തോട് ആയിരുന്നു എന്നും പിന്നീടത് പ്രവാചകന്മാരിലേക്ക് മാറിയെന്നും പറഞ്ഞ മാധവിക്കുട്ടി എന്നും കൃഷ്ണന്റെ പ്രേയസിയായിരുന്നു . എന്റെ കഥയിൽ പറയും പോലെ അവർ പലപ്പോഴും തന്റെ കൃഷ്ണനെ കണ്ടിരുന്നു . ഒരു സിനിമയിലെ കഥാപാത്രം പറയും പോലെ ഞാനേ കണ്ടുള്ളു ഞാൻ മാത്രമേ കണ്ടുള്ളൂ എന്ന വാക്യം അവരെ സംബന്ധിച്ച് അര്ഥവത്തായിരുന്നതിൽ . ആ എഴുത്തുകാരിയുടെ ജീവിതം അവർ പോലും ആഗ്രഹിക്കാത്ത ഇടങ്ങളിലേക്കു സഞ്ചരിക്കാനും ദുരന്തങ്ങളും കഷ്ടതകളും അനുഭവിക്കാനും ഇടയാക്കിയതും ഇതേ പ്രണയം തന്നെയായിരുന്നുവല്ലോ . കോർപ്പറേറ്റ് ലോകത്തെ ഒരു കറുത്ത അടയാളം പോലെ നഗരങ്ങളിൽ സംഭവിക്കുന്ന ഒന്നാണ് സ്ഥാനക്കയറ്റങ്ങൾക്കും അധികാരത്തിനും വേണ്ടി സ്ത്രീ ശരീരങ്ങളെ ഉപയോഗിക്കുക എന്നുള്ളത് . മാധവിക്കുട്ടി എന്ന സുന്ദരിയായ എഴുത്തുകാരിയെ അവരുടെ ഭർത്താവിന് ഉപയോഗിക്കാൻ കഴിഞ്ഞതും തന്റെ ഉദ്യോഗകയറ്റങ്ങൾക്കു വേണ്ടി മേലധികാരികൾക്ക് മുന്നിലേക്ക് പറഞ്ഞു വിടുക എന്നത് തന്നെയായിരുന്നു . മാധവിക്കുട്ടി പറയുന്നതനുസരിച്ച് ആ വിവാഹബന്ധം അവർക്ക് നൽകിയത് വേദനകൾ മാത്രമാണ് . വളരെ ചെറുതിലെ വിവാഹം കഴിപ്പിച്ചു വിട്ട അവരുടെ ലൈംഗിക ജീവിതം ഒരു തരത്തിൽ പീഡനം തന്നെയായിരുന്നു . സ്വവർഗ്ഗ ലൈംഗിക അനുരാഗിയായ ഭർത്താവിൻ്റെ അസാമാന്യ വലിപ്പമുള്ള  ലിംഗം കൊണ്ടുള്ള കീറിമുറിക്കലുകൾ നാല്പതു വയസ്സിനു മുൻപേ അവർക്ക് നഷ്ടപ്പെടുത്തിയത് സ്വന്തം ഗര്ഭപാത്രമായിരുന്നു . തന്റെ കാമുകന്മാരുടെ എണ്ണം എടുക്കാൻ അവർ ശ്രമിക്കുമ്പോൾ ലൈംഗികമായി തന്നെ സംതൃപ്തി പെടുത്താൻ ആർക്കും കഴിഞ്ഞിരുന്നില്ല എന്നവർ തുറന്നു സമ്മതിക്കുന്നു . ഒടുവിൽ തന്റെ വാർധക്യത്തിൽ , തന്നെ വികാരപരമായി ഉണർത്തി തന്റെ ജീവിതാവസാനകാലത്ത് എന്താണ് ലൈംഗികത എന്ന് പരിചയപ്പെടുത്തിയ സാദിക്കലിയെ അതിനാലാണ് അവർ പ്രണയിച്ചതും അയാളുടെ ആവശ്യപ്രകാരം മതം മാറിയതും . പക്ഷെ അവിടെയും അവർ ചതിക്കപ്പെടുന്ന അവസ്ഥയാണുണ്ടായത് . എങ്കിലും അവസാനമായപ്പോൾ സാദിക്കലി വിട്ടുപോയ ശൂന്യത പൂരിപ്പിക്കാൻ ഹുസ്സൈൻ എന്ന ഡോക്ടറിന് കഴിഞ്ഞു . ആ പ്രണയം അവർ ശരിക്കും ആസ്വദിക്കുക തന്നെയായിരുന്നു . ഒരു നഗ്നശരീരം അവർ ആദ്യമായി വ്യക്തമായി കണ്ടത് അയാളിലൂടെ ആണെന്ന് മാധവിക്കുട്ടി ഓർമ്മിക്കുന്നു. മതം മാറ്റം ഒരു വലിയ തെറ്റായി അവർ തിരിച്ചറിഞ്ഞപ്പോഴേക്കും പക്ഷെ തിരികെ നടക്കാൻ കഴിയാത്ത ഒരു അവസ്ഥ സംജാതമായി കഴിഞ്ഞിരുന്നു . പൂർവ്വമതമായ ഹിന്ദു മതത്തിലെയും പുതിയ മതമായ ഇസ്‌ലാം മതത്തിലെയും തീവ്രവാദികളുടെ കൊലപാതക ഭീഷണികളും അവർ രണ്ടു കൂട്ടരും നൽകിയ ഭയവും അവരെ മരണം വരെ പിന്തുടരുകയായിരുന്നു . നോബൽ സമ്മാനം വരെ നോമിനേറ്റ് ചെയ്യപ്പെടുന്ന തലത്തിൽ വളർന്ന ഒരു മലയാളി എഴുത്തുകാരിയുടെ ജീവിതത്തിന്റെ കറുത്തതും വെളുത്തതുമായ ഇടങ്ങളെ പരിചയപ്പെടുത്തുന്ന ഈ പുസ്തകം അതേപോലെ പുനർവായന നല്കി പരിഭാഷയിലും .  


ഈ പുസ്തകം വായിക്കുമ്പോൾ അനുഭവപ്പെട്ട ഒരു വസ്തുത ഈ പുസ്തക രചന പോലും മാധവിക്കുട്ടിയെ മുതലെടുക്കലായിരുന്നു എന്നാണു . മെർലിൻ എന്ന എഴുത്തുകാരിയുടെ ഞാൻ എന്ന ഭാവവും മാധവിക്കുട്ടിയുമായി തനിക്കുള്ള സാമ്യങ്ങൾ തിരയുന്ന വ്യഗ്രതയും മാധവിക്കുട്ടിയുടെ ലൈംഗിക കാഴ്ചപ്പാടുകളെ തന്റെ കാഴ്ചപ്പാടുകളുടെ ഒപ്പം കലർത്താനും അവയെ വിലയിരുത്താനും ഉള്ള തീവ്ര ശ്രമവും ഈ എഴുത്തിൽ ഉടനീളം മുഴച്ചു നിൽപ്പുണ്ടായിരുന്നു. എങ്കിൽ പോലും മാധവിക്കുട്ടിക്ക് വേണ്ടി നിർമ്മിച്ച , ആ എഴുത്തുകാരിയെ പരിചയപ്പെടുത്തിയ അനവധി മീഡിയങ്ങളിൽ നിന്നും ഇതിനു കുറച്ചു കൂടി ആർജ്ജവവും വിശ്വാസ്യതയും വസ്തുതാപരമായ വ്യക്തതയും ഉണ്ടായിരുന്നു എന്നത് നിഷേധിക്കാൻ കഴിയാത്ത ഒരു വസ്തുതതന്നെയാണ് . ആശംസകളോടെ ബിജു.ജി.നാഥ് 


പ്രണയം കാത്തിരിപ്പിൻ്റെ മധുരമാണ്

പ്രണയം കാത്തിരിപ്പിൻ്റെ മധുരമാണ്
..................................................
പ്രണയമേ  നിൻ്റെ കാലൊച്ച കേൾക്കുമ്പോൾ 
ഹൃദയം തുടിക്കുന്നുവല്ലോ!
എൻ്റെ ഹൃദയം തുടിക്കുന്നുവല്ലോ.
പ്രണയമേ നിൻ്റെ നിശ്വാസം കേൾക്കവേ
എൻ മനമെന്തു പിടയുന്നുവെന്നോ
എൻ മനമെന്തു പിടയുന്നുവെന്നോ.

അറിയുന്നുവോ പ്രിയസഖീ ജീവൻ്റെ,
മൃദുവീണ നീ,യെനിക്കെന്ന്.
കേൾക്കുന്നുവോ മനം പിടയുന്ന നോവിൻ
വിരൽ മീട്ടും ശോകാർദ്രഗീതം.!

കടലാകെ ആർത്തിരമ്പീടുകിൽ,
കാർമേഘധ്വനിയാകെ അട്ടഹസിച്ചീടിൽ.
കാറ്റിൻ്റെ ഹുങ്കാരമേളം തിമർക്കിൽ,
തരിപോലുമിളകില്ല മനമെങ്കിലും
നിൻ്റെ മിഴിമുന കൊൾകിലോ ധന്യേ,
മമഹൃദയം പൊടിഞ്ഞു പോകുന്നു.

കാത്തിരിപ്പാണെൻ്റെ ജീവൻ നിത്യവും
നിന്നെ ഓർത്തിരിക്കാൻ മാത്രമറിവൂ !
ഞെട്ടറ്റ് മണ്ണിൽ വീണലിയുന്ന പത്രമായ്
മാഞ്ഞു പോകും വരേയ്ക്കുമെന്നും
കാത്തിരിപ്പാണെൻ്റ ജീവൻ
പ്രതീക്ഷ തൻ ഭാഗ്യനക്ഷത്രമേ നിന്നെയും കാത്ത്.!
.... ബിജു.ജി.നാഥ്

Tuesday, June 15, 2021

ഓർമ്മ മധുരം

ഓർമ്മ മധുരം
..........................
ഒരു രാത്രി കൂടിയകലുന്നു !
പകലിൻ ഉഷ്ണരേണുക്കൾ പടരുന്നു.
പുലരിതൻ ചോപ്പ് കവിളിലണിഞ്ഞ്
പ്രിയതേ , നീയും അരികിൽ നിൽക്കുന്നു.

ആദ്യ രാവിൻ്റെ നോവു കിനിയും
ആത്മവേദനയാൽ കുനിഞ്ഞ ശിരസ്സുമായി
വിമ്മി നില്ക്കുന്ന നിൻ്റെ കപാേലങ്ങളിൽ
ഉമ്മ വച്ചു ഞാൻ വാരിപ്പുണരുന്നു. 

തണ്ടൊടിഞ്ഞൊരു താമരപോലെ നീ
വീണിടുന്നു എൻ മാറിലായാർത്തിതാ
നിൻ്റെ നീളൻ നഖമുനകൾ പുറത്താകെ
കീറിമുറിയുന്ന നീറ്റലെന്നിൽ പുകയുന്നു.

വർദ്ധിതമാം സ്നേഹത്താൽ എൻ പ്രിയേ
സ്വന്തമാക്കുന്നു നിന്നധരം ഞാനുമേ
മാരിവില്ല് തെളിയുന്നൊരാകാശം 
നോക്കുവാനാകാതെ കൂമ്പുന്നു നിൻ മിഴി.

കാറൊളി പൂണ്ട മാനത്ത് നിന്നതാ
മാഞ്ഞു പോകുന്നു കാളിമ മെല്ലെയായ്
സൂര്യരശ്മികൾ കൊണ്ടൊരു പുതപ്പിതാ
നമ്മെ മൂടുന്നു, നാമകന്നീടുന്നു ലജ്ജയാൽ .
@ബിജു.ജി.നാഥ്

Sunday, June 13, 2021

നിലാവും നീല വെളിച്ചവും

നിലാവും നീല വെളിച്ചവും
..................................................
ഭാവസാന്ദ്രം വിഷാദാർദ്രം
മോഹനയനം സമ്മോഹനം.
നിലാത്തുണ്ടിൻ തിളക്കമേറ്റ്
കുളിരും നീലയാമിനി മനോഹരി.!

പതിവുപോൽ രാക്കിളികൾ തൻ
മധുരരാഗം മുഴങ്ങുന്നു ചുറ്റിലും.
പിടയ്ക്കുന്നു ശലഭച്ചിറകുപോൽ
സ്വപ്നനടനം ജീവതാളമാകുന്നു .

ഘടികാര സൂചിയിൽ കുടുങ്ങും
ശലഭത്തിൻ മൗനഭാരം താങ്ങി
കിതച്ചു നീങ്ങുമാ സമയം, മൂകം
കണ്ണുനീർ തുടയ്ക്കുന്നുവല്ലോ.

പകർന്നു വയ്ക്കാനില്ല പാത്രം
തളർന്നു നില്ക്കാനില്ല സത്രം
തിളച്ച വെയിലിൻ വിരലുകൾ
തല്ലിയോടിക്കുന്ന പകലുകൾ .

വിടർന്ന നിൻ മന്ദഹാസത്താൽ 
വിരിയും നറുസുമങ്ങൾ നുകരവേ.
മറന്നിടുന്നു മനസ്സിൻ്റെ നോവുകൾ
പ്രണയിച്ചു പോകുന്നു ജീവിതം.!

ഇവിടെയീ രാവിൻ്റെ മറവിൽ നാം
പകർന്നിടുന്നു ചുടുചുംബനങ്ങൾ .
ഇരുളു കണ്ണുപൊത്തി നിൽക്കവേ
നമുക്കിടയിലുദിപ്പൂ നീലവെളിച്ചവും.

നദിയൊഴുകിയകലുന്ന താഴ്‌വര
തഴുകി വരും കാറ്റിൻ്റെ കൈയ്യിലോ
പറയുവാനുണ്ട് കഥകളൊരായിരം
അതിലുണ്ട് നമ്മുടെ പ്രണയവും.
@ബിജു.ജി.നാഥ്

Friday, June 11, 2021

മണൽക്കാറ്റ്

മണൽക്കാറ്റ്
.........................
ഒരു ചുംബനത്തിൻ വേരറ്റ് വീഴുന്നു
മൃതിതിന്ന കോശങ്ങൾ തൻ മൺപുറ്റുകൾ.
ഒരു വാക്കിൻ മുനയേറ്റു പിടയുന്നു
തുടിതാളം ദ്രുതമാകും ഹൃദയപ്പിടപ്പുകൾ.

കഴുവേറ്റുവാൻ ചുറ്റുമാർക്കുന്നുവോ
നിൻ്റെ കരമൊന്നു പിടിക്കുവാനായുന്നുവോ
അറിയാതെ പോയൊരെൻ വാക്കിൻ
മഴുമുനയേറ്റ് രാവിൻ്റെ നെഞ്ചു കീറുന്നുവോ?

തിരകൾപോൽ പൊങ്ങി തലതല്ലി വീഴുമീ
ഓർമ്മകൾ തൻ ഹിമശൈലമൊന്നിലായ്
മരവിച്ചു കിടക്കുന്നുണ്ടൊരു മൗനമത്
നിൻ്റെ മിഴിയിൽ കൊരുത്തിന്നുരുകീടുമോ?

പറയുവാൻ ഒരുപാട് കരുതിവച്ചെങ്കിലും
ഇടനെഞ്ചിൽ കുറുകുന്നു സങ്കടപ്രാവുകൾ.
ഒരുകാലവും പറഞ്ഞിടാനാവാതെ
പിടഞ്ഞങ്ങൊടുങ്ങുമീ ഇരുൾപ്പാതകൾ.

ഒരു ചുംബനത്തിൻ വിഷപ്പുകയാൽ
നിന്നധരം കരിനീല നിറമാർന്നുപോകവേ
വേച്ചുവേച്ചിന്നീ കാറ്റിൻ്റെ കൈകളിൽ
തോറ്റ മനുഷ്യനായ് ഞാൻ നടന്നകലുന്നു.
©️ ✍🏼@ബിജു.ജി.നാഥ്

Thursday, June 10, 2021

സംഘടിതം ..................................യൂ കെ കുമാരൻ

 സംഘടിതം (ലഘുനോവൽ )

യൂ കെ കുമാരൻ 

ഹരിതം ബുക്ക്സ് 

വില : ₹ 40.00



ഓരോ ആശയങ്ങളും അടയാളങ്ങളും ഒരെഴുത്തുകാരനിൽ അങ്കുരിക്കുകയും അത് അക്ഷരങ്ങളായി പുറമേക്ക് വരുകയും ചെയ്യുമ്പോൾ വായനക്കാരന് ലഭിക്കുന്ന ആനന്ദത്തെ എഴുത്തുകാരന്റെ കഴിവെന്നും മേന്മയെന്നും അടയാളപ്പെടുത്താം. അവയെ പറഞ്ഞു ഫലിപ്പിക്കാൻ കഴിയുക എന്നതാണല്ലോ പ്രധാനം . കേട്ടെഴുത്തുകൾ പലപ്പോഴും സംഭവിക്കാറുണ്ട് സാഹിത്യത്തിൽ. ഇന്ന് വിദേശങ്ങളിൽ കൂലിയെഴുത്തുകൾ ആവശ്യം പോലെയുണ്ട് . പുസ്തക രചന എന്നതവിടെ ഒരു വ്യവസായം പോലെയാണ് . ഒരെഴുത്തുകാരനെ മുന്തിയ വിലയ്ക്ക് കരാറിൽ വയ്ക്കുന്നു . തുടർന്നയാൾക്ക് ഒരു ത്രെഡ് അതല്ലെങ്കിൽ ഒരു കഥ കൊടുക്കുന്നു . അതിനെ സാഹിത്യപരമായ എല്ലാ രീതിശാസ്ത്രങ്ങളും അനുസരിച്ചു ഒരു നോവലായി എഴുതിക്കൊടുക്കണം . അതിനായിട്ടുള്ള എല്ലാ സൗകര്യങ്ങളും അവനു ലഭിക്കുകയും ചെയ്യും. ഈ രീതി മലയാളത്തിലും പരീക്ഷിക്കേണ്ടിയിരിക്കുന്നു എന്ന് കരുതുന്നു. വാർഷിക മത്സരങ്ങൾ പോലെ വിഷയം നൽകി കഥയും നോവലും എഴുതിക്കുന്നതു പോലെ അത്ര ലളിതമാകില്ലതു എന്ന് കരുതുന്നു . കേട്ടെഴുത്ത് എന്നത് മറ്റൊരു കലാരൂപമോ കാപട്യമോ ആണ് ഇന്ന് മലയാള സാഹിത്യത്തിൽ . മറ്റൊരാളുടെ ജീവിത കഥയെ അയാൾ പറഞ്ഞിട്ടോ മറ്റൊരാൾ പറഞ്ഞിട്ടോ പകർത്തി എഴുതുകയും തന്റെ കലയായി അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രവണതയാണത് എന്ന് വേണമെങ്കിൽ പറയാം . ഈ വിഷയത്തിൽ മലയാളിക്ക് ഇന്ന് പരിചിതമായിട്ടുള്ള ഒരു പേരാണല്ലോ ആടുജീവിതവും ബെന്യാമിൻ എന്ന എഴുത്തുകാരനും. ആ വിവാദങ്ങളിലേക്ക് പോകുന്നില്ല തത്കാലം . എന്റെ കഥ ഒന്നെഴുതുമോ എന്ന് ചോദിച്ചുകൊണ്ട് അറിയപ്പെടുന്ന എഴുത്തുകാരെ സമീപിക്കുന്ന ഒരുപാട് പേരുണ്ട് . ചെറിയ എഴുത്തുകാരെ സമീപിക്കുന്നവർ അറിയപ്പെടാതെ പോകുന്നതും നിഷേധിക്കുന്നില്ല . പ്രശസ്തരായ മലയാളി എഴുത്തുകാരിൽ പലർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ട് എന്ന് അവരുടെ ചില കഥകളിലൂടെയും അഭിമുഖങ്ങളിലൂടെയും അവർ അത് വെളിപ്പെടുത്തിയിട്ടുള്ളതുമാണല്ലോ . ഇത്തരം ഒരു കേട്ടെഴുത്താണ് യൂ കെ കുമാരൻ എഴുതിയ "സംഘടിതം" എന്ന ലഘുനോവലും. ഒരു യാത്രക്കിടെ പരിചയപ്പെട്ട  യുവാവ് അയാളുടെ കഥ എഴുതാൻ ആവശ്യപ്പെടുകയും സമയക്കുറവു കൊണ്ട് തന്റെ ഡയറിക്കുറിപ്പുകൾ നൽകിയശേഷം ഇതിൽ നിന്നും താങ്കൾക്ക് എന്നെ വായിച്ചെടുക്കാം എന്ന അഭിപ്രായം ഉൾക്കൊണ്ടു എഴുത്തുകാരൻ ആ ഡയറിക്കുറിപ്പുകൾ വായിക്കുകയും അതിനെ ഒരു കഥാ രൂപത്തിൽ അല്ല മറിച്ചയാളുടെ ഡയറിക്കുറിപ്പുകൾ അതേപോലെ  വേണ്ട രീതിയിൽ എഡിറ്റ് നടത്തി പ്രസിദ്ധീകരിക്കുകയും ചെയ്തതാണ് സംഘടിതമെന്ന പേരിൽ അറിയപ്പെടുന്ന ഈ ലഘുനോവലിന്റെ പശ്ചാത്തലം. 


ഉറ്റ കൂട്ടുകാരായ രണ്ടുപേർ . അവർ പ്രതിനിധാനം ചെയ്യുന്ന ഒരു രാഷ്ട്രീയആശയം ഉണ്ട് . വിഭിന്ന അഭിപ്രായക്കാർ ആണെങ്കിലും സൗഹൃദമാണ് അവരുടെയിടയിലെ ചാലകശക്തി . ഒരേ ആശയത്തിന്റെ വിഭിന്ന ചിന്താഗതികൾ . പക്ഷെ ദിശാന്ധത മൂത്ത രാഷ്ട്രീയത്തിന്റെ ആശയഅപരിഷ്‌കൃതത്വം ഉന്മൂലനമെന്ന തത്വ സിദ്ധാന്തത്തെ മുറുക്കെ പിടിക്കുമ്പോൾ കൂട്ടുകാരൻ കണ്മുന്നിൽ ദാരുണമായി കൊല്ലപ്പെടുന്ന കാഴ്ചയാണ് അയാൾക്ക് അനുഭവിക്കേണ്ടി വരുന്നത് . കൊലപാതകം കഴിഞ്ഞതോടെ പതിവുപോലെ ഒരു എല്ലിന്കഷണം പോലെ പ്രതിയെ പൊലീസിന് കൊടുത്ത് സമാശ്വസിപ്പിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയത ഏതാകും എന്ന് പറഞ്ഞു കൊടുക്കേണ്ടതില്ല പ്രബുദ്ധരായ ഒരാൾക്കും എന്നറിയാം . പക്ഷെ സ്വന്തം കൂട്ടുകാരന്റെ വിധിയെ അങ്ങനെ വിട്ടുകൊടുക്കാൻ നീതിബോധമുള്ള ആ സ്നേഹിതന് കഴിയുന്നില്ല . വീണ്ടും വീണ്ടും അതേ കൊലയാളികൾ സൗഹാർദ്ദ പൂർവ്വം അയാളോടും പിന്നെ അയാളുടെ സഹോദരിയോടും ഒക്കെ കേസിൽ സാക്ഷിപറയുന്നതിൽ നിന്നും മാറാൻ മാനസിക സമ്മർദ്ധം നൽകുന്നു . അവയിൽ ഒന്നും ഒതുങ്ങില്ല എന്നറിവിൽ അയാളുടെ പിതാവിൽ എത്തി നിൽക്കുന്നു ആ സമ്മർദ്ധ തന്ത്രം . നഷ്ടങ്ങൾ നിനക്കാകില്ല എന്നും പെങ്ങളുടെ ഭാവി ജീവിതം , മാതാപിതാക്കളുടെ സാമൂഹ്യ ജീവിതം ഇവയൊക്കെ എന്ത് വിധത്തിൽ എങ്ങനെയൊക്കെ താറുമാറാകുവാൻ പോകുന്നു എന്നൊരു സൂചനയോടെ ആദര്ശതയൊക്കെ മടക്കി പരമ്പിന്റെ അടിയിൽ വച്ച് നിസ്സഹായനായി നിൽക്കുന്ന പിതാവിന്റെ വാക്കുകൾ കൂടിയാകുമ്പോൾ ഒരു പിടിവള്ളി പോലും ഇല്ലാതെ ഒറ്റയ്ക്കാകുന്നു അയാൾ . നീ കോടതിയിൽ സത്യം പറഞ്ഞോളൂ പക്ഷെ അന്ന് നമ്മൾ ആളുമാറിയാണ് ഒരാളെ തീർത്തതെങ്കിൽ നിന്നെ തീർക്കുമ്പോൾ ആള് മാറില്ല എന്നത് ഓർത്തു വയ്ക്കുക എന്നൊരു ജീവൽ ഭീഷണി കൂടി അയാൾക്കിട്ടുകൊടുക്കുന്ന ശത്രുക്കളുടെ ഗർവ്വിനു മുന്നിൽ അയാൾ ഒരു സാധാരണ മനുഷ്യനായി ചൂളിപ്പോകുകയും കോടതിയിൽ അയാൾക്ക് കള്ളസാക്ഷി പറയേണ്ടി വരികയും ചെയ്യുന്നു. 


സംഘടിതമായ ആക്രമണങ്ങളും പ്രതിരോധങ്ങളും തീർക്കുന്ന ആ മനുഷ്യർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ ആശയം എന്തെന്ന് വളരെ വ്യക്തമായി മലയാളി വായനക്കാർക്ക് മനസ്സിലാക്കിക്കൊടുക്കുമ്പോൾ തന്നെ ഒരു പേരുപോലും പറഞ്ഞു  പൊല്ലാപ്പ് ഉണ്ടാക്കാതിരിക്കാൻ എഴുത്തുകാരൻ ബദ്ധശ്രദ്ധനാണ് എന്ന് കാണാം . ഭാഷാപരമായി നല്ല കയ്യടക്കം ഡയറിക്കുറിപ്പുകൾ പോലെയാണെങ്കിൽ ഈ നോവലിന് കൈവശമുണ്ട് . വളരെ വൈകാരികപരമായും മനുഷ്യത്വപരമായും വ്യക്തി ചിന്തകളും സമൂഹവും അടയാളപ്പെടുത്താൻ ഈ ലഘുനോവലിനു സാധിച്ചിട്ടുണ്ട് . ഒന്നും കൃത്രിമമായി പറയാനോ കാണിക്കാനോ ഇല്ലാത്ത ഒരു സംഭവമായി ഈ നോവലിലെ വിഷയങ്ങൾ വായനക്കാരന് അനുഭവപ്പെടുക തന്നെ ചെയ്യും. ആശംസകളോടെ ബിജു.ജി .നാഥ് 

Friday, June 4, 2021

അറ്റുപോകാത്ത ഓർമ്മകൾ ................... പ്രൊഫ: ടി ജെ ജോസഫ്

അറ്റുപോകാത്ത ഓർമ്മകൾ (ആത്മകഥ)

പ്രൊഫ: ടി ജെ ജോസഫ് 

ഡി സി ബുക്ക്സ് 

വില : ₹ 450.00


ഓർമ്മകൾ.... ഓർമ്മകൾ.....എങ്ങോട്ടു തിരിഞ്ഞാലും ഓർമ്മകൾ . മനുഷ്യാ, ഓർമ്മകൾ ഇല്ലെങ്കിൽ അവയെ ഓർത്ത് വയ്ക്കാൻ കഴിയില്ലെങ്കിൽ എങ്ങനെ നീ ജീവിക്കും ? അതെ ! മനുഷ്യർക്ക് ഓർമ്മ എന്നത് അത്യാവശ്യമായ ഒരു കാര്യം തന്നെയാണ് . ഓർമ്മകളിൽ ജീവിക്കുന്ന ജീവിയാണ് മനുഷ്യൻ . അവന്റെ ദുഖവും സന്തോഷവും പകയും വിരക്തിയും  ഒക്കെയും ഓർമ്മകളുമായി ബന്ധപ്പെട്ടുകിടക്കുന്നു . ഓർമ്മക്കുറിപ്പുകൾ അതല്ലെങ്കിൽ ആത്മകഥകൾ നമ്മെ കരയിക്കുകയും രോക്ഷം കൊള്ളിക്കുകയും ചെയ്യിച്ചിട്ടുണ്ട് . ചിലപ്പോൾ നിസ്സഹായമായ ഒരവസ്ഥയിൽ നിർജ്ജീവമായിരുന്നിട്ടുണ്ട് . ചിലപ്പോൾ ദിവസങ്ങളോളം ഓർത്ത് വിഷാദിച്ചിട്ടുണ്ട് . മലയാളത്തിലും ആംഗലേയ സാഹിത്യത്തിലും ഒരുപാട് ആത്മകഥകൾ ഉണ്ടായിട്ടുണ്ട് . എങ്കിലും വായിക്കപ്പെട്ട ചില ആത്മകഥകൾ മനസ്സിനെ തൊട്ടതിനെക്കുറിച്ച് പറയാം . ആദ്യമേ തന്നെ പറയാനുള്ള പേര് മലയാളിയുടെ ഒരേയൊരു മാധവിക്കുട്ടിയെക്കുറിച്ചു തന്നെയാണ്. പിന്നെ ഓർക്കുകയാണെങ്കിൽ എച്മുകുട്ടി , നളിനി ജമീല , നമ്പി നാരായണൻ , സിസ്റ്റർ ജെസ്മി അങ്ങനെ നീണ്ടുപോകുന്നു ആ ലിസ്റ്റ് . ഇവരുടെ ഒക്കെ ഓർമ്മകൾ ഓടിക്കയറി വന്നുവെങ്കിലും ഓർക്കാൻ ഇനിയും ബാക്കിയുണ്ട് എന്നത് മറക്കുന്നില്ല. എല്ലാവരെയും ഓർത്ത് പറയേണ്ടതില്ല എന്നും കരുതുന്നു . ഇക്കൂട്ടത്തിൽ ചേർക്കാൻ എന്തുകൊണ്ടും പ്രധാനപ്പെട്ടതും ഓർത്ത് വെയ്‌ക്കേണ്ടതുമായ ഒരു ഓർമ്മക്കുറിപ്പ് ആണ് പ്രൊഫസർ ടി ജെ ജോസഫ് എന്ന മനുഷ്യന്റെ "അറ്റുപോകാത്ത ഓർമ്മകൾ" എന്ന് ഞാൻ കരുതുന്നു . നീതിനിഷേധത്തിന്റെ  ജീവിക്കുന്ന തെളിവാണദ്ദേഹം . ഒരേ സമയം താൻ വിശ്വസിക്കുന്ന  കത്തോലിക്കാസഭയും കേരളജനതയും അധികാരവർഗ്ഗവും തള്ളിപ്പറഞ്ഞ  ഒരു വ്യക്തി . മതത്തിന്റെ അന്ധമായ കാഴ്ചാവൈകല്യം മൂലം ഒരു കൂട്ടം കടുത്ത ഇസ്‌ലാം മതവിശ്വാസികൾ തങ്ങളുടെ മതത്തിന്റെ അജണ്ട നടപ്പിൽ വരുത്തിയപ്പോൾ അദ്ദേഹത്തിന് നഷ്ടമായത് സ്വന്തം അംഗങ്ങളുടെ സ്വതന്ത്ര വ്യവഹാരങ്ങൾ ആണ് . ഒട്ടും കുറ്റബോധമില്ലാതെ മലയാളി അദ്ദേഹത്തെ സാന്ത്വനപ്പെടുത്തുന്നത് മതത്തെ കുറ്റം പറഞ്ഞിട്ടല്ലേ , ചോദിച്ചു വാങ്ങിയതല്ലേ ജീവൻ ബാക്കിയുണ്ടല്ലോ അങ്ങനെ ആശ്വസിക്കൂ എന്നൊക്കെയാണ്. . മറ്റേതു മതത്തിൽ നിന്നും വിഭിന്നമായി ഇസ്‌ലാം മതത്തിന്റെ ഇത്തരം ഇടപെടലുകളെ മൃദു സ്വഭാവത്തോടെ പരിഗണിക്കാനും ന്യായീകരിക്കാനും ആണ് എന്നും അധികാര വർഗ്ഗത്തിനും താത്പര്യം. അതുപോലെ അവയെ വിമർശിക്കാനോ എതിർക്കാനോ സമൂഹവും ഭയക്കുന്നു . സമൂഹത്തിന്റെ ആ ഭയമാണ് മതത്തിന്റെ വേരോട്ടത്തെ ക്രൂരതയിൽ മുക്കുന്നത് . സംഘപരിവാർ അണികൾ ഉത്തരേന്ത്യയിൽ തുടരുന്ന നയവും ഇത് തന്നെയാണ് ഇന്ന് . മെസപ്പൊട്ടാമിയൻ ജനതയുടെ രക്തത്തിൽ അലിഞ്ഞു ചേർന്നുപോയ ഒരു വികാരമാണ് ക്രൂരത എന്നത് നിഷേധിക്കാനാവാത്ത ഒരു വസ്തുതയാണല്ലോ . 


മലയാളം അധ്യാപകനായ അദ്ദേഹം പരീക്ഷയ്ക്ക് വേണ്ടി തയ്യാർ ചെയ്ത ഒരു ചോദ്യപ്പേപ്പറിൽ ഒരു സാഹിത്യകാരന്റെ വരികൾ ഉപയോഗിച്ച് ഒരു ചോദ്യം ഉണ്ടാക്കി. അദ്ദേഹത്തിന്റെ കഷ്ടകാലത്തിനു അതിലെ ഒരു പേരിനെ വെട്ടി ചെറുതാക്കി മുഹമ്മദ് എന്നാക്കി . മുഹമ്മദ് എന്നാൽ ഒരേ ഒരാൾ മാത്രമാണ് ഈ ലോകത്തുള്ളതെന്നും ആ വ്യക്തിയെ ലോകത്താരും വിമർശിക്കാനോ അപമാനിക്കാനോ പാടില്ല എന്നൊരു തിട്ടൂരം ദൈവം വഴി മുന്നേ തന്നെ അദ്ദേഹം തന്റെ ജനതയ്ക്ക് നല്കിയിട്ടുമുള്ളതിനാൽ ആയിരത്തി അഞ്ഞൂറ് കൊല്ലങ്ങളായി ലോകത്ത് പലയിടങ്ങളിലും മതനിന്ദ എന്ന ഓമനപ്പേരിൽ ശിക്ഷാവിധികൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട നിരവധിപേരിൽ ഒടുവിലത്തെ എന്ന് പറയാൻ കഴിയാത്ത ഒരു വ്യക്തിയായി പ്രൊഫ ടി ജെ ജോസഫിന് നിൽക്കേണ്ടി വന്നത് ആ ഒരു ചോദ്യപ്പേപ്പർ തയ്യാറാക്കൽ മൂലമാണ്.  തസ്ലീമ നസ്രീൻ , സൽമാൻ റുഷ്ദി തുടങ്ങി പല വിദേശികൾക്കും സംഭവിച്ചത് പോലെ സംഭവിക്കാനിരിക്കുന്നത് പോലെ ഒരു ദൗർഭാഗ്യം . ചേകന്നൂർ മൗലവിക്ക് എന്ത് സംഭവിച്ചു എന്നറിയാൻ കഴിയാത്ത ദൗർഭാഗ്യം . അതിന്റെ ജീവനോടുള്ള ഉദാഹരണമായി ഒരു ചോദ്യപ്പേപ്പർ വിവാദം ഒരു അധ്യാപകനെ അടയാളപ്പെടുത്തുന്നു . പക്ഷെ നിഷ്പക്ഷമതികളായി വർത്തിക്കുന്ന സമൂഹം വളരെ മനോഹരമായി അതിനെ പൊതിഞ്ഞു നയപരമായി സംരക്ഷിക്കുന്നു . ഭയം സൂചകമായി നൽകി നാവടപ്പിക്കുന്നു . 


ഒരു ദുർഗതി വന്നാൽ കൂടെ നിൽക്കുന്നവർ ആരോ അവരാണ് യഥാർത്ഥ സുഹൃത്തുക്കളും ബന്ധുക്കളും .മതവും ദൈവവും ആണ് അതിന് കാരണമെങ്കിൽ നിയമം പോലും മുഖം തിരിക്കും.  കൂടെ നില്ക്കാൻ ആരുമില്ലാതെ ഒളിച്ചോടി നടക്കേണ്ടി വരികയും ഒടുവിൽ സ്വമേധയാ പിടി കൊടുത്തു ജയിൽ വാസം അനുഭവിക്കുകയും തിരികെ വന്നു അനിവാര്യമായ നീതിയെന്നു ചിലർ വിധിച്ച വിധിക്കു കീഴടങ്ങേണ്ടി വരികയും ചെയ്ത ഒരു അദ്ധ്യാപകൻ. സ്വന്തം ജീവിതം മാത്രമല്ല , തന്റെ മകനുപോലും ക്രൂരമായ പീഡനങ്ങൾ അധികാരി വർഗ്ഗം നൽകുകയുണ്ടായി . ഈ സംഘർഷഭരിത ജീവിതം സ്വന്തം ഭാര്യയെ നഷ്ടപ്പെടുത്തി . മാനസിക നില നഷ്ടമായ അവർ ആത്മഹത്യ ചെയ്തു . സഭയും കോളേജും ഒറ്റപ്പെടുത്തുകയും വരുമാനമാർഗ്ഗം നഷ്ടപ്പെടുത്തുകയും ചെയ്തു. പക്ഷെ ഇവയൊക്കെയുണ്ടെങ്കിലും മനഃസ്ഥൈര്യത്തോടെ നിന്ന് ഇവയെയൊക്കെ നേരിട്ട ആ മനുഷ്യനോട് സഹതാപമല്ല മറിച്ച് ആരാധനയാണ് തോന്നുക . കഠിനമായ പരീക്ഷണങ്ങൾ നേരിട്ടപ്പോഴും പ്രായോഗിക ബുദ്ധിയോടെ കാര്യങ്ങളെ നേരിടുകയും ഇടപെടുകയും ചെയ്തു മനുഷ്യനെന്ന് അദ്ദേഹം തെളിയിച്ചു . 


മതം ഒരു ഭ്രാന്തായി നിലനിൽക്കുന്ന ലോകം. അതിൽ എവിടെയാണ് സാധാരണ മനുഷ്യർക്ക് സാന്ത്വനം , ആശ്വാസം ലഭിക്കുക ? എന്റെ ചക്കര മതത്തിലും വിശ്വാസത്തിലും കൂടെക്കൂടിയാൽ സംരക്ഷിച്ചു പിടിക്കാം എന്ന നിലപാടുകൾ മാത്രമാണ് മതം മനുഷ്യന് നൽകുന്നത് . പരമതത്തോടും ദൈവത്തോടും പ്രവാചകരോടും പകയും വിദ്വേഷവും വെറുപ്പും വളർത്തുകയും അസഹിഷ്ണുത പൂണ്ടു ജീവിക്കുകയും തക്കം കിട്ടിയാൽ അത് പ്രകടമാക്കുകയും ചെയ്യുന്ന മനുഷ്യരായി കടുത്ത മതവിശ്വാസികൾ മാറുന്നു . ഇരവാദവും സഹതാപതരംഗവും വളർത്തിയും , തക്കം പാർത്ത് പക പോക്കിയും മതങ്ങൾ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു നിർത്തുന്നു . ആധുനിക കാലത്ത് ഇത്തരം ചിന്താഗതികളും കാഴ്ചപ്പാടുകളും മാറേണ്ടതുണ്ട് . മതം ഇല്ലാത്ത ഒരു ലോകം വരേണ്ടതുണ്ട് . അതുവരേയ്ക്കും എഴുത്തുകാരന്റെയും ചിന്തകന്റെയും വിമർശകന്റെയും രക്തം വീണ് ഈ മണ്ണ് ചുവന്നുകൊണ്ടേയിരിക്കും . തീർച്ചയായും അറ്റുപോകാത്ത ഓർമ്മകൾ ഒരു അടയാളപ്പെടുത്തലാണ് . ഒരു മനുഷ്യനെങ്ങനെ മതത്തിന്റെ ഭീകരതയ്ക്ക് ഇരയായി ജീവിക്കുന്നു ഇന്നിന്റെ കാലത്ത് എന്നത് . ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനും ഒരു ഓർമ്മക്കുറിപ്പായി അത് മലയാള സാഹിത്യത്തിൽ ഇരിക്കട്ടെ . മലയാളിയുടെ പ്രതിബദ്ധതയും സ്നേഹവും സാഹോദര്യവും കൊട്ടിഘോഷിക്കുന്ന ഇടങ്ങളിലൊക്കെ ഒരു ദുഃശ്ശകുനമായി ... ബിജു. ജി നാഥ്