യാത്ര പറയുമ്പോള്‍ കരയരുത്.
ചിരിയുടെ മാലപ്പടക്കങ്ങള്‍ സൃഷ്ടിച്ചും,
ഗന്ധത്തിന്റെ പനിനീര്‍പ്പാടം
വിരിയിച്ചും,
മഴവില്ലിന്റെ കാഴ്ചത്തിളക്കം നല്‍കിയും
യാത്ര പറഞ്ഞു പോകുകതന്നെ വേണം.
നിന്നെ മറന്നു കൊണ്ടൊരു
ജന്മമില്ലെന്നും,
നിന്റെ ചിന്തയല്ലാതൊന്നും
പുഞ്ചിരിപ്പിക്കുന്നില്ലെന്നും,
നിന്റെ കണ്ണുകളുടെ തിളക്കത്തോളം
താരകങ്ങളും
നിന്റെ ചിരിയോളം മുല്ലപ്പൂവും
വരില്ലെന്നും പറയണം.
മരണം വരുമ്പോഴും പതറാതെ,
നീ കൊതിച്ച വഴികള്‍ ഒറ്റയ്ക്കിനി
താണ്ടണം.
മഞ്ഞുമലകളുടെ രാജാവിനെ കീഴടക്കാനും,
ആഴിയുടെ ഉള്ളില്‍ കണ്ണ് തുറന്നു നില്‍ക്കാനും,
മതിവരുവോളം മദ്യപിച്ചുകൊണ്ട്,
ഇന്നുവരെ എഴുതാത്ത ഒരു കവിത എഴുതുവാനും
ഇനി നീ തനിയെ ശ്രമിക്കണം.
കടമകള്‍ ഒക്കെ നിര്‍വ്വഹിക്കാന്‍
സമയമില്ല എന്നറിയാം.
നിന്നോടുള്ള പ്രണയത്തിനു വേണ്ടിയെങ്കിലും
എനിക്കൊന്നു സ്വയം ആത്മാര്‍ത്ഥതയുള്ളവനാകണം.
നിന്നെ അവസാന ശ്വാസത്തില്‍
നിറച്ചുകൊണ്ട്
എനിക്കിനി മടങ്ങിപ്പോകണം .
യാത്രപറയലുകള്‍ ഉണ്ടാകില്ല .
എങ്കിലും, യാത്ര പറഞ്ഞതായി കരുതുക.
മറക്കരുത് . കരയുന്നതല്ല
ചിരിയുടെ മാലപ്പടക്കങ്ങള്‍ ആണ്
യാത്രാമംഗളം.
---------ബിജു.ജി.നാഥ് വർക്കല -----------------
No comments:
Post a Comment