കാലമേ നിന്നെ കാത്തിരിക്കുന്നു
....................................................
സൂര്യതേജസ്സിന്‍റെ കണ്‍മുന കൊണ്ടു ഞാന്‍
ആകെ കരിഞ്ഞുപോയല്ലോ .
വേദന .. കഠിനമാം വേദന കൊണ്ടെന്‍റെ
ഓര്‍മ്മകള്‍ വാടിക്കരിഞ്ഞു .
എങ്ങും ഉഷ്ണമാണുഷ്ണമാണെല്ലോ
വാടുന്നു കൊഴിയുന്നു ചുറ്റും.
മഴയുണ്ട് ചുറ്റിലും പേമാരിയാണ് ,
പ്രളയമാണെങ്കിലും സഖീ .
ഒരുതുള്ളി വെള്ളവുമുള്ളില്‍ നിറയാതെ
ഉഷ്ണം ഉഷ്ണമാണുഷ്ണം .
കരയുവാനാകാതെ കുഞ്ഞുങ്ങള്‍ കണ്‍കള്‍
കരുണയോടുയര്‍ത്തുന്ന കാണ്‍കേ .
അറിയില്ല ഈ കെെകള്‍ അപ്രാപ്യമാണതിന്‍ അരികിലേക്കെത്തുവാന്‍ പ്രിയേ.
ഉരുകുന്ന മനസ്സുകള്‍ ചുറ്റിലും നിന്നു
കൊണ്ടാര്‍ത്തുവിളിക്കുന്നുവല്ലോ.
എവിടെ..എവിടെയെന്‍ നീതിയെന്നാര്‍ത്തവര്‍
ആകെ പായുന്നുവല്ലോ..
ഒരു തലോടല്‍ കൊണ്ടു പോലുമാച്ചൂടിനെ
ആശ്വസിപ്പിക്കുവാന്‍ വയ്യ..
എങ്കിലും ... എങ്കിലും വെറുതേയവര്‍ക്കായി
കവിതകളെഴുതുന്നുവല്ലോ .
ഓര്‍ക്കുന്നുവോ നമ്മള്‍ അന്നു നടന്നൊരാ
വഴികളിലൊരു ചെറുകോണിലെങ്കിലും
കണ്ടിരുന്നില്ല നാം വിരിഞ്ഞു തുടുത്തൊരു നറുപുഷ്പം പോലുമന്നല്ലോ.
ഇനിയെന്ന് നമ്മള്‍ മനുഷ്യരായീടും
എങ്ങുനിന്നാകുമോ നിലവിളികള്‍ നമ്മുടെ
കര്‍ണ്ണപുടങ്ങളെ കടന്നാക്രമിക്കുമ്പോൾ ..
ഒരുവേള ഒരുനാളും കഴിയാതെ പോയ്
നമുക്കാര്‍ക്കും ശാന്തിയേകീടാന്‍ .
ഇനിയെന്ന് വീണ്ടും ഇവിടെ മനുഷ്യരായി നാം പിറവിയെടുക്കും സഖീ ..
പ്രണയവും കാമവും ഇരുകരകളായതില്‍
ഒഴുകുന്നു ജീവിതം നടുവിൽ നദിപോല്‍ സഖീ ..
ഇവിടെ നാം അറിയാതെ കണ്ടുമുട്ടുന്നു
ഇവിടെ നാം പിരിയുന്നുവല്ലോ.
എന്നും മനസ്സില്‍ നാം കാത്തുവയ്ക്കുന്നതീ
ഓര്‍മ്മതന്‍ നറുപുഷ്പമല്ലോ ..
എങ്കിലും വീണ്ടും നിനച്ചിരിക്കാതെ നാം,
കണ്ടുമുട്ടീടാം ഒരിക്കല്‍ ..
ഒരുമിച്ച് പങ്കിട്ട നിമിഷങ്ങളൊന്നും നാം
ഒരിക്കലും നിനച്ചവയല്ല.
നമ്മള്‍ കൊതിച്ചൊരാ ഭൂമിയെ
നമുക്കിനിയും ലഭിച്ചതുമില്ല .
എവിടെയാണെവിടെയാണെപ്പൊഴാണ്
നാം നമ്മേ മറന്നുവെച്ചതന്ന്.
എവിടേക്ക് നമ്മള്‍ പോകുന്നുവെന്നതും...
ഒരുലോകമുണ്ട് നമുക്ക് ചുറ്റും,
ക്രൗര്യലോകമാണെന്ന് നാം നിനയ്ക്കേ
നേടുവാനും നഷ്ടമാകുവാനും
നമുക്കാകെയാലോകം മാത്രം ..
നീ മരിച്ചീടുന്നു
ഞാന്‍ മരിച്ചീടുന്നു
ഓര്‍മ്മകള്‍മാത്രം ചിരഞ്ജീവികള്‍ .
ഓര്‍മ്മകള്‍ക്കില്ലാ മരണമെന്നറിഞ്ഞുനാം
ഓര്‍മ്മകളെ വളര്‍ത്തുന്നുവല്ലോ .
പ്രണയത്തെയോര്‍ത്തും പരാജയമോര്‍ത്തും
പരിഭവം പറയുന്നു നമ്മള്‍ .
മരണത്തെയോര്‍ത്തും വ്യഥകളെയോര്‍ത്തും
അറിയാതെ കരയുന്നു നമ്മള്‍ .
ഓര്‍ക്കുക നമുക്കിനിയും യാത്രകളനവധി
മുന്നിലുണ്ടെന്ന് മറക്കാതെ..
ഇനിയും നമ്മള്‍ പലവുരു, പലയിടം
കണ്ടുമുട്ടേണ്ടവരല്ലോ .
നീ മറന്നീടില്ലെന്നറിയുമെങ്കിലും
ഒാര്‍മ്മിപ്പിക്കുന്നിന്നു ഞാന്‍ വെറുതെ .
ഇനിയും നമ്മള്‍ പരസ്പരം കണ്ടിടാം .
നമ്മില്‍ മാറ്റം പലതും വന്നീടാം.
നമ്മുടെ രൂപവും ഭാവവും ഭാഷയും
അമ്പേ മറഞ്ഞുപോയീടാം .
അപ്പോഴും നമ്മില്‍ മരിക്കാതെ നില്‍ക്കും
നമ്മുടെ പ്രണയമെന്നറിയൂ .
അപ്പോഴും നമ്മില്‍ മരിക്കാതെ നില്‍ക്കും
മനുഷ്യത്വമെന്നും അറിക ..
അവിടെ നാം പിന്നെയും കണ്ടുമുട്ടും
പല ജീവിതങ്ങള്‍ എന്നറിക ..
കൊതിയോടെ ഞാനോര്‍ത്തിടുന്നാ ജീവിതം ഇന്നേപ്പോലെ ദുരിതകാലമാകരുതേ ..
കൊതിയോടെ ഞാന്‍ കാത്തിരിക്കുന്നാ ലോകം പ്രതീക്ഷകളാല്‍ പൂത്തുനിറയാന്‍ .
ഒരുകാലം വരുമെന്ന് നാം നിനക്കുന്നതോ
ആ കാലമാകാം.
.... ബിജു.ജി.നാഥ് വർക്കല
എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Sunday, October 13, 2019
കാലമേ നിന്നെ കാത്തിരിക്കുന്നു
Subscribe to:
Post Comments (Atom)
No comments:
Post a Comment