Thursday, October 31, 2019

സുഖമാണോ....!

സുഖമാണോ....!
.........................
അന്തിവെയിൽച്ചോപ്പിൽ വിരിഞ്ഞ
ഗന്ധവും പേറിയൊരു കാറ്റു വന്നെൻ
കുഞ്ഞു ജാലകവിരിമാറ്റി 
നെഞ്ചിലേക്കൂതിയാരായുന്നു.
സുഖമാണോ....

നെഞ്ചു പൊടിഞ്ഞുൾച്ചൂട് വമിക്കും
സങ്കടമെന്തെന്നാരാഞ്ഞു 
തെല്ലവൾ തലോടി നിന്ന്
മെല്ലെയകന്നു പോകുന്നു വന്നപോൽ!

ഓർത്തു പോകുന്നു ഞാനാ
ഹിമകണം തൂകും പ്രഭാതങ്ങൾ
ഉരുകി വിയർത്ത മധ്യാഹ്നങ്ങൾ
ആറിത്തണുത്ത സായന്തനങ്ങൾ
ഓടിത്തളർന്ന രാവുകൾ പിന്നെ
മന്ദഹാസത്തോടെ നോക്കുന്നു
തുള്ളിയടർന്ന മിഴികളോടവളെയും.

ജീവനൊടുങ്ങും നേരം വരും
ഓർമ്മകളിങ്ങനെ നിരന്തരം ചുറ്റിലും
തോന്നുമവ പലതും സത്യമെന്നോ-
ർത്തു ഞാൻ ജാലകം അടക്കുന്നു.
വിട്ടു പോകാത്ത തണുവായപ്പോഴും
നെഞ്ചിലവൾ തൻ സ്പർശനമുണ്ടെങ്കിലും
സ്വപ്നമെന്ന് നിനച്ചു ഞാനും
കൊട്ടിയടക്കുന്നെൻ മിഴികൾ വീണ്ടും....
...... ബിജു.ജി.നാഥ് വർക്കല

Wednesday, October 30, 2019

മഞ്ഞു വീണ വഴിയോരങ്ങളിലൂടെ...

മഞ്ഞു വീണ വഴിയോരങ്ങളിലൂടെ...
......................................................
ചാവുമണം മായാത്തവീടിന്റെ
തിണ്ണയിലിരിക്കുന്നൊരാൾ.
താലത്തിൽ നിന്നൊരു ബീഡി വലിക്കാൻ കൈയ്യിലെടുക്കുന്നു.
ബീഡി വലിച്ചു ചുമച്ചു തുപ്പിയ
അവളുടെ മുഖമോർമ്മ വരുന്നു.
ബീഡിയയാൾ പറമ്പിലേക്ക് വലിച്ചെറിയുന്നു.
പശ മണ്ണുണങ്ങാത്ത കുഴിമാടത്തിനരികിൽ
വെറുതെ ചെന്നു നില്ക്കുന്നയാൾ.
മണ്ണടരുകൾക്ക് ഉള്ളിലായി
അവൾ തണുത്തുറഞ്ഞ് കിടപ്പുണ്ടെന്ന് 
ഉള്ളം വിങ്ങിപ്പറയുന്നു.
കരച്ചിൽ വന്നു കഴുത്തിൽ കുറുകുമ്പോൾ
തിരിച്ചു നടക്കാൻ ശ്രമിക്കുന്നു.
എന്നെ കാണാൻ വെറും കൈയ്യോടെ വന്നോ
എന്നൊരു ചോദ്യം പിറകിൽ കേൾക്കുന്നു.
ഉപ്പുഭരണിയിൽ നിനക്കായ് ഞാനിട്ടുവച്ച
ബീഫച്ചാർ കൊണ്ടു പോകണം എന്ന് ഓർമ്മപ്പെടുത്തുന്നു.
തിരിച്ചു നടക്കുമ്പോൾ 
കാലുകൾക്കിത്ര ഭാരമെന്തെന്ന് ചിന്തിച്ച്
മണ്ണിലേക്ക് നോക്കുമ്പോൾ
അവളുടുത്തു കണ്ട അതേ പച്ചപ്പാവാട.
ഓടിയകലാൻ ഇടം തേടി
പാതി നിർമ്മിച്ച വീടിന്റെ ഓരത്തിലൂടെ 
പകച്ചു നടക്കുന്ന അയാൾക്ക്
പിന്നിലെ ശബ്ദങ്ങൾ ഒക്കെയും പേടിപ്പെടുത്തുന്നവയാകുന്നു.
കാലു വെന്ത നായയെപ്പോലെ
അയാൾ ദിശയറിയാതെ ഓടിത്തുടങ്ങുന്നു.
പടിഞ്ഞാറൻ മാനം തുടുത്തു കറുത്തും
മഴക്കാറ് കറുത്തുപുതച്ചും
അയാളെ പിന്തുടരുന്നു
അയാൾ പതിയെ
അതിലേക്കു പൊതിയപ്പെടുന്നു.
---- ബിജു.ജി.നാഥ് വർക്കല

Saturday, October 26, 2019

ഓർമ്മയിലൂടെ മടങ്ങട്ടെയിനി.

ഓർമ്മയിലൂടെ മടങ്ങട്ടെയിനി. 
...............................................
മൃതിയിൽ വിരൽ മുക്കി
നീയെന്റെ നിറുകയിൽ
വെറുതെ കുറിക്കുന്നു കവിത.
മധുരമെന്നോതുന്നു ഞാൻ.
അനുഭവിച്ചീലൊരുനാളും ഈ വണ്ണം
മൃതിയുടെ തേൻ മധുരം നുകർന്നീല.
നിന്റെ വിരലെന്റെ നിറുകയിലോടുമ്പോൾ
അറിയുന്നു ഞാൻ സ്വർഗ്ഗരാജ്യം കടന്നുവോ?
നീയെന്നെ ഉയർത്തുന്ന മാലാഖയോ...!
മനസ്സിലേക്കൊരു മാത്ര ഞാൻ
നിന്റെ രൂപമാവാഹിച്ചെടുക്കുന്നു.
കണ്ണുകൾ മെല്ലെ അടച്ചിടട്ടെയിനി.
അടക്കട്ടെ മിഴികൾ ഞാനിനി
അത് തുറക്കാതെയിരിക്കുവാൻ .
നീ, നിന്റെ കൈപ്പട കുടയായ് പിടിക്കുക ദേവീ.
നിന്റെ ഗന്ധം നുകർന്നു കൊണ്ടവസാന ശ്വാസം വലിക്കുമ്പോൾ
ഒരു തരി പോലും ചോർന്നു പോകാതെ
അമർത്തിപ്പിടിക്കുകെൻ നാസികാഗ്രം.
യാത്രയാകട്ടെ ഞാൻ....
നിന്റെ ഓർമ്മകൾ മാത്രം കൂട്ടിനായ് കൂട്ടി
യാത്രയാകട്ടെ ഞാൻ.
യാത്രയാകട്ടെ ഞാൻ....
നിന്റെ ഓർമ്മകൾ ഗർഭം ധരിച്ചു
യാത്രയാകട്ടെ .
വിട തരു പ്രിയ സഖീ
വിട തരൂ മമ സഖീ.
..... ബിജു. ജി. നാഥ് വർക്കല

Friday, October 25, 2019

നീയതറിയുന്നുണ്ടാകുമോ

നീയതറിയുന്നുണ്ടാകുമോ?
.........................................
പ്രണയിക്കുമ്പോൾ 
നീ തടാകവും
ഞാനതിലൊരൊറ്റ മത്സ്യവുമാകുന്നു.
നീ നദിയാകുമ്പോൾ
ഞാൻ വെള്ളാരങ്കല്ലാകുന്നു.
നീ കടലാകുമ്പോൾ
ഞാനൊരു വെൺശംഖാകുന്നു.
ഒടുവിൽ,
വിജനമായൊരു കരയിലേക്ക്
അതിശക്തമായി നീയെന്നെ വലിച്ചെറിയുമ്പോൾ
ഞാൻ മൃതമാകുന്നു.
തിരികെ പോകാനാവാതെ
നിന്റെ സ്പർശമേല്ക്കാനാകാതെ
ഞാൻ അകലങ്ങളിലേക്ക് തള്ളിമാറ്റപ്പെടുന്നു.
നീയതറിയുന്നുണ്ടാകുമോ?
..... ബിജു.ജി.നാഥ് വർക്കല

Thursday, October 24, 2019

ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊൾക.........എച്ച്മുക്കുട്ടി

ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊൾക (ആത്മകഥ )
എച്ച്മുക്കുട്ടി
ഡി സി ബുക്സ്
വില: 270 ₹

        ഓര്‍മ്മകളെ വേദനിപ്പിക്കാതെ , രക്തം ചിന്താതെ എഴുതിയോ പറഞ്ഞോ പിടിപ്പിക്കുക എന്നത് ഒരു ഭാരിച്ച ജോലിയാണ് . പ്രത്യേകിച്ചും ആ ഓര്‍മ്മകള്‍ പച്ചയായി പറയുക എന്ന ധര്‍മ്മം കൂടി അനുവര്‍ത്തിക്കുകയാണെങ്കില്‍. അതിനാലാകണം പലരും ആത്മകഥ എഴുതാന്‍ മടിക്കുന്നതോ, അതല്ലെങ്കില്‍ കളവുകളും പൊലിപ്പിച്ച വസ്തുതകളും കൊണ്ട് സര്‍ക്കസ് കാണിക്കലുകള്‍ നടത്തുകയോ ചെയ്യുന്നത്. ചിലപ്പോഴൊക്കെ ആത്മകഥകള്‍ സമൂഹത്തില്‍ വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിക്കാറുണ്ട്. പ്രത്യേകിച്ചും അത് സ്ത്രീകള്‍ ആണ് എഴുതുന്നതെങ്കില്‍. തുറന്നെഴുത്തുകളുടെ കാലം ആണല്ലോ ഇത് . മാധവിക്കുട്ടി അതിനു ഒരു നല്ല ഉദാഹരണം ആണ് . അതിനെ തുടര്‍ന്നുള്ള പല തുറന്നു പറച്ചിലുകളും ഒരോളം പോലെ ആധുനിക സാഹിത്യ വായനകളുടെ നിരയില്‍ തങ്ങളുടെ ഇടം തേടി വരുകയും സോഷ്യല്‍ മീഡിയകള്‍ പോലുള്ള ഇടങ്ങളില്‍ കൂടി അവയെ വൈറല്‍ എന്നൊരു ഓമനപ്പേരില്‍ ആഘോഷിക്കുകയും ചെയ്യുന്നതാണ് ഇന്നിന്റെ ട്രെന്‍ഡ് എന്ന് കാണാം.

       ഇത്തരം കാഴ്ചകള്‍ക്കിടയില്‍ ആണ് അടുത്തിടെ ഫേസ് ബുക്കില്‍ പ്രശസ്തമായ ഒരു തുറന്നെഴുത്ത് കടന്ന് വന്നതും വായനക്കാര്‍ മൂക്കത്ത് വിരല്‍ വച്ചും അനുഭാവം പ്രകടിപ്പിച്ചും പ്രതിഷേധം രേഖപ്പെടുത്തിയും അതിനെ ആഘോഷിച്ചതും. വിവാദങ്ങളെ തന്റേതാക്കി മാര്‍ക്കറ്റ് ഉണ്ടാക്കുന്ന പ്രസാധകധര്‍മ്മം ഇവിടെയും ഡി സി പ്രയോഗിച്ചു. പക്ഷെ ആ തീരുമാനം ശരിയായിരുന്നു എന്നാണു എന്റെ വായന തെളിയിക്കുന്നത് എന്നതാണ് ഈ പുസ്തകത്തിന്റെ വായനാനുഭവം പറയുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത്.

       മലയാള സാഹിത്യ ലോകത്ത് അറിയപ്പെടുന്ന ചിലരുടെ യഥാര്‍ത്ഥ മുഖം എന്തെന്ന് കാട്ടിത്തരുന്നുണ്ടു ഈ പുസ്തകം. കവികളായ അയ്യപ്പന്‍ , ഡി വിനയചന്ദ്രന്‍ , ബാലചന്ദ്രൻ ചുള്ളിക്കാട്, എഴുത്തുകാരി സാറ ജോസഫ് , തുടങ്ങി പലരെയും ഇതില്‍ പ്രതീക്ഷിക്കാത്ത ഭാവങ്ങളിലും രൂപങ്ങളിലും കാണാന്‍ കഴിയുന്നുണ്ട്. അതുപോലെ കേരളത്തിലെ സാമൂഹ്യ,സാഹിത്യ, സാംസ്കാരിക നിലകളില്‍ ഉള്ളവരും നിയമജ്ഞരെയും , നീതിന്യായവ്യവസ്ഥയെയും നല്ല രീതിയില്‍ ഈ പുസ്തകത്തില്‍ വിമര്‍ശനത്തിന്റെ കുന്തമുനയിൽ നിർത്തുന്നുണ്ട്. വിശദമായി ആ കാര്യങ്ങള്‍ പറയുക എന്നത് ഒരു പക്ഷേ പുസ്തകവായനയെ സാരമായി ബാധിക്കും എന്നതിനാല്‍ അതിലേക്കു കടക്കുന്നില്ല. എന്താണ് ഈ പുസ്തകം പറയുന്നത് എന്നത് അല്ലെങ്കില്‍ എച്ച്മുക്കുട്ടി എന്താണ് പറയാന്‍ ശ്രമിച്ചത് എന്നത് മാത്രം പറഞ്ഞു കൊണ്ട് ഇതാവസാനിപ്പിക്കാം എന്ന് കരുതുന്നു.

       മിശ്ര വിവാഹിതരായ ദമ്പതികളുടെ മൂത്ത മകള്‍, പഠിക്കുന്ന കാലത്ത് തന്റെ അധ്യാപകന്റെ പ്രണയത്തിനു ഹംസമായി നില്‍ക്കുന്നു. കാലക്രമേണ അധ്യാപകന്റെ പ്രണയം ഹംസത്തിലെക്ക് വഴി മാറുകയും  അത് വലിയ വലിയ ദുരന്തങ്ങളിലേക്ക് ആ പെണ്‍കുട്ടിയെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. കടുത്ത കൃസ്ത്യന്‍ ഓര്‍ത്തഡോക്സ് ആയ ആ അദ്ധ്യാപകന്‍ പുറം ലോകത്ത് വളരെ മാന്യനും ഉല്പതിഷ്ണുവും വിപ്ലവകാരിയും ഒക്കെയാണ്. പുരോഗമന ചിന്താഗതിക്കാരായ ഒരു കൂട്ടം ആള്‍ക്കാരാല്‍ വളയപ്പെട്ട അറിയപ്പെടുന്ന ഒരു സാഹിത്യകാരന്‍ ആണയാള്‍. പക്ഷെ വീടകത്തില്‍ അയാള്‍ ഇതിനൊക്കെ ഘടകവിരുദ്ധമായ ഒരു സ്വഭാവം വച്ച് പുലര്‍ത്തുന്ന ആളാണ്. സ്ത്രീയെ മതത്തിന്റെ മൂശയില്‍ പരുവപ്പെടുത്തി എടുത്തു അതിനെ മനോഹരമാക്കി പ്രദര്‍ശിപ്പിക്കുന്ന പുരുഷ ധര്‍മ്മം ആണ് അയാള്‍ വീട്ടില്‍ കാണിച്ചിരുന്നത്. അതുകൊണ്ട് തന്നെ അന്യമതക്കാരിയെ സ്വന്തം മതത്തിലേക്ക് ചുറ്റുമുള്ള ആള്‍ക്കാരെക്കൊണ്ട് ക്ഷണിപ്പിക്കുകയും മാനസികമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിപ്പിക്കുകയും ചെയ്യുകയും  പുരോഗമന ചിന്താഗതിക്കാരന്‍ എന്ന ലേബല്‍ നിലനിര്‍ത്താന്‍ അവളെ അവളുടെ മതത്തില്‍ നില്‍ക്കാന്‍ തന്നെ നിര്‍ബന്ധിക്കുകയും ചെയ്യുന്ന ദ്വന്ദ്വ വ്യക്തിത്വത്തിനു ഉദാഹരണമാകുന്നു. അയാള്‍ ശാരീരികമായും ആ പെണ്‍കുട്ടിയെ കൊല്ലാക്കൊല ചെയ്യുന്നു. ഗര്‍ഭിണി ആകാതിരിക്കുവാന്‍ വേണ്ടി മാത്രം ലൈംഗിക മനോരോഗി കൂടിയായ അയാൾ അവളിൽ ഗുദഭോഗവും വദന രതിയും  മാത്രമാണ്  ചെയ്യുന്നത് . അവളുടെ ഇഷ്ടങ്ങളോ ശാരീരിക ബുദ്ധിമുട്ടുകളോ അയാള്‍ക്ക് വിഷയമേയാകുന്നില്ല. അടര്‍ന്നുപോയ ഗുദപേശികളും , പുണ്ണ് വന്ന വായയുമായി നരക ജീവിതം ജീവിക്കേണ്ടി വരുന്ന അവള്‍ ഒരുനാള്‍ ഒന്ന് കുതറിയപ്പോള്‍ അവള്‍ക്ക് ലഭിച്ചതോ പിന്നീടുള്ള ജീവിതം മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തുവാന്‍ പോരുന്ന ഒരു പെൺകുഞ്ഞായിരുന്നു.

       കുഞ്ഞിന്റെ ജനനശേഷവും ജീവിതം ദുരിതപൂര്‍ണ്ണവും അരക്ഷിതവും ആയി തുടർന്നപ്പോള്‍ അവള്‍, തന്നെ മനസ്സിലാക്കുന്ന ഒരു സ്നേഹിതന്റെ സഹായം സ്വീകരിച്ചു നാട് വിടാന്‍ പ്രേരിതയാകുന്നു. അന്യനാട്ടില്‍ മാന്യനായ ആ ചെറുപ്പക്കാരനും സുഹൃത്തുക്കളും അവളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ തീവ്രശ്രമം നടത്തുമ്പോള്‍ അയാള്‍ അവളെ തേടി അവിടെയും എത്തുന്നു . അവളില്‍ നിന്നും ആ കുട്ടിയെ തട്ടിയെടുക്കുന്ന അയാള്‍ക്ക് നേരെ പിന്നെ അവളുടെ നിയമയുദ്ധം ആയിരുന്നു നടന്നത്. പക്ഷേ, നിരാലംബയായ ആ സ്ത്രീയുടെ പോരാട്ടത്തില്‍ പരാജയങ്ങളും അപമാനങ്ങളും മാത്രം ബാക്കിയാകുന്നു. അതോടൊപ്പം നടുക്കുന്ന ഒരു അറിവായി തിരിച്ചറിവ് വരാത്ത മകളുടെ നേര്‍ക്കുള്ള പിതാവിന്റെ ലൈംഗിക അതിക്രമങ്ങള്‍ കൂടിയാകുമ്പോള്‍ അവള്‍ ജീവിതം വെറുത്തു പോകുകയാണ്. ഒടുവില്‍ ദുരിതപ്പുഴ കടന്നു എല്ലാം ശരിയായി എന്ന് ആശ്വസിക്കുമ്പോഴും പിന്തുടര്‍ന്ന് വന്ന തീപ്പാടം പൊള്ളിക്കുന്ന ഒരു സ്ത്രീ മനസ്സിന്റെ തുറന്നു പറച്ചിലുകള്‍ മനുഷ്യത്വമുള്ള ഏതൊരാളിന്റെയും മനസ്സിനെ നോവിക്കാതിരിക്കില്ല. ഒരു സീരിയല്‍ വിഷയം പോലെ കണ്ടു കണ്ണ് നിറച്ചു അനുഭാവം പ്രകടിപ്പിച്ചു പ്രതിഷേധം പറഞ്ഞു കടന്നു പോകുകയല്ല ഈ പുസ്തകം വായിച്ചു കഴിയുമ്പോള്‍ ഓരോരുത്തരും ചെയ്യേണ്ടത് എന്നോരോര്‍മ്മപ്പെടുത്തല്‍  ആവശ്യമാണ്‌.

          ഈ എഴുത്തിൽ അന്തർലീനമായ ചില വാസ്തവികതൾ ഉണ്ട്. കപട പുരോഗമന ചിന്താഗതിക്കാരായ മനുഷ്യർ വീട്ടിലും മനസ്സിലും ശരിക്കും എന്താണ് എന്നത്. വിപ്ലവം പ്രസംഗിക്കുന്ന, മനുഷ്യത്വം വിളമ്പുന്ന എഴുത്തുകാർ സ്വകാര്യ ജീവിതത്തിൽ എങ്ങനെയെന്നത്. സൗഹൃദങ്ങൾ എന്നാൽ ശരിക്കും എന്താണെന്നത്. ദുർബലയായ ഒരു പെണ്ണ് എന്തായിരിക്കും എന്ന്. അതേ ഇവയൊക്കെ ഈ പുസ്തകം പറയാതെ പറഞ്ഞു തരുന്നുണ്ട്.

       ഇന്നത്തെ സമൂഹത്തില്‍, പൊളിച്ചെഴുതേണ്ടതായ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. മതമായാലും സാഹിത്യമായാലും വ്യക്തി ആരാധനയായാലും നിയമം ആയാലും കുടുംബ കാഴ്ചപ്പാടുകള്‍ ആയാലും ഒരു തിരുത്തല്‍ അത്യാവശ്യമാണ്. തീര്‍ച്ചയായും അതിനെക്കുറിച്ച് വേണം ചര്‍ച്ചകള്‍ നടക്കേണ്ടത്. അഭിനവ സ്വതന്ത്ര ചിന്തകരും ഫെമിനിസക്കാരും സാംസ്കാരിക പ്രവര്‍ത്തകരും ഒക്കെ തങ്ങളുടെ മുഖം മൂടികള്‍ വലിച്ചു കീറി എറിയേണ്ടതുണ്ട് അല്ലെങ്കില്‍ അതിനെ വലിച്ചു കീറാന്‍ സമൂഹം ഉണരേണ്ടതുണ്ട്. അതിനു വഴിമരുന്നിടാന്‍ ഈ പുസ്തകം മുന്നോട്ടു വയ്ക്കുന്ന സാംസ്കാരികമായ ഒരു വലിയ ചര്‍ച്ച ആവശ്യമാണ്‌ നമ്മുടെ സമൂഹത്തില്‍. നിരാലംബമായ ഒരുപാട് മനസ്സുകള്‍ വിളിച്ചു പറയാന്‍ പോലും കഴിവില്ലാതെ മരിച്ചു ജീവിക്കുകയോ മരിച്ചു പോവുകയോ ചെയ്തിട്ടുണ്ട് ജീവിച്ചിരിക്കുന്നുമുണ്ട്. എഴുത്തുകാരിയെ വിചാരണ ചെയ്യുന്നതിന് പകരം അവര്‍ മുന്നോട്ടു വച്ച വിഷയങ്ങളില്‍ ശക്തമായ ചര്‍ച്ചകള്‍ നടക്കാന്‍ ഈ പുസ്തകം ഒരു കാരണം ആകട്ടെ എന്ന ശുഭപ്രതീക്ഷകളോടെ ബി.ജി.എന്‍ വര്‍ക്കല

Wednesday, October 23, 2019

യാത്ര പറയുമ്പോള്‍ കരയരുത്.


യാത്ര പറയുമ്പോള്‍ കരയരുത്.
ചിരിയുടെ മാലപ്പടക്കങ്ങള്‍ സൃഷ്ടിച്ചും,
ഗന്ധത്തിന്റെ പനിനീര്‍പ്പാടം വിരിയിച്ചും,
മഴവില്ലിന്റെ കാഴ്ചത്തിളക്കം നല്‍കിയും
യാത്ര പറഞ്ഞു പോകുകതന്നെ വേണം.
നിന്നെ മറന്നു കൊണ്ടൊരു ജന്മമില്ലെന്നും,
നിന്റെ ചിന്തയല്ലാതൊന്നും പുഞ്ചിരിപ്പിക്കുന്നില്ലെന്നും,
നിന്റെ കണ്ണുകളുടെ തിളക്കത്തോളം താരകങ്ങളും
നിന്റെ ചിരിയോളം മുല്ലപ്പൂവും വരില്ലെന്നും പറയണം.
മരണം വരുമ്പോഴും പതറാതെ,
നീ കൊതിച്ച വഴികള്‍ ഒറ്റയ്ക്കിനി താണ്ടണം.
മഞ്ഞുമലകളുടെ രാജാവിനെ കീഴടക്കാനും,
ആഴിയുടെ ഉള്ളില്‍ കണ്ണ് തുറന്നു നില്‍ക്കാനും,
മതിവരുവോളം മദ്യപിച്ചുകൊണ്ട്,
ഇന്നുവരെ എഴുതാത്ത ഒരു കവിത എഴുതുവാനും
ഇനി നീ തനിയെ ശ്രമിക്കണം.
കടമകള്‍ ഒക്കെ നിര്‍വ്വഹിക്കാന്‍ സമയമില്ല എന്നറിയാം.
നിന്നോടുള്ള പ്രണയത്തിനു വേണ്ടിയെങ്കിലും
എനിക്കൊന്നു സ്വയം ആത്മാര്‍ത്ഥതയുള്ളവനാകണം.
നിന്നെ അവസാന ശ്വാസത്തില്‍ നിറച്ചുകൊണ്ട്
എനിക്കിനി മടങ്ങിപ്പോകണം .
യാത്രപറയലുകള്‍ ഉണ്ടാകില്ല .
എങ്കിലും, യാത്ര പറഞ്ഞതായി കരുതുക.
മറക്കരുത് . കരയുന്നതല്ല
ചിരിയുടെ മാലപ്പടക്കങ്ങള്‍ ആണ് യാത്രാമംഗളം.
---------ബിജു.ജി.നാഥ് വർക്കല -----------------


Friday, October 18, 2019

ചരിത്രം എഴുതുന്നതല്ല ഉണ്ടായ് വരുന്നതാണ്.

ചരിത്രം എഴുതുന്നതല്ല ഉണ്ടായ് വരുന്നതാണ്.
........................................................................
പെയ്തു തോരാത്ത മഴയിൽ നനഞ്ഞ്
ഉള്ളു തണുക്കാതൊരാളിങ്ങനെ ഒറ്റയ്ക്ക്.
ചുറ്റുമിരുൾ വന്നു ചുറ്റിപ്പിടിക്കുമ്പോൾ
ഒട്ടുമില്ലാ ഭയമെന്നുറക്കെ ചൊല്ലുവോൻ.
എന്തുമേതും പറഞ്ഞു നടക്കിലും ദൂരെ
കണ്ടുമുട്ടും തണലെന്നൊരോർമ്മയിൽ
നഗ്നപാദങ്ങൾ ഉറപ്പിച്ചു നീങ്ങുന്നോൻ.
ചുറ്റുമാർക്കുന്ന ചീവീടിൻ നാദത്തിൽ
കാതു പൊത്താതെ തലയെടുപ്പോടിന്ന്
യാത്ര ചെയ്യുന്നു ദൂരെയുണ്ടെന്നു നിനച്ച-
വനുടെ ചോരവാർന്നു വിളറിയ കുഴിമാടം.
ഇല്ല നിങ്ങൾക്കാവില്ല കൊല്ലുവാൻ 
എന്ന മന്ത്രണം നിർത്താതെ കേൾക്കുന്നു
ഇന്നിനെയല്ല നിങ്ങൾ മറക്കൊല്ലേ
എന്നുമുണ്ടവൻ നിങ്ങൾ തൻ ചുറ്റിനും.
ക്രിസ്തുവെന്നും കൃഷ്ണനെന്നും പിന്നെ
ചെഗുവെന്നും വർഗ്ഗീസ് രാജനും 
നിങ്ങൾ കേട്ടതും കേൾക്കാത്തതുമായ
ഒട്ടനവധി പേരുകൾ അവനുണ്ട്.
കാലം മാറും മുഖം മാറും ദേശവും
ഭാഷ മാറും വർഗ്ഗവും ആശയവും
എങ്കിലും അവൻ ലക്ഷ്യമാർന്നെയ്യുന്ന
ശസ്ത്രം വന്നു പതിക്കുമനീതി തൻ
മാറു പിളർന്നു കടന്നു പോം ചരിത്രമായ്.
നിങ്ങൾ ഭയക്ക തന്നെ വേണം ചിരം
നിങ്ങൾ നടക്കണം പിന്നിലേ കണ്ണുമായ്.
.... ബിജു.ജി.നാഥ് വർക്കല

Sunday, October 13, 2019

കാലമേ നിന്നെ കാത്തിരിക്കുന്നു

കാലമേ നിന്നെ കാത്തിരിക്കുന്നു
....................................................
സൂര്യതേജസ്സിന്‍റെ കണ്‍മുന കൊണ്ടു ഞാന്‍
ആകെ കരിഞ്ഞുപോയല്ലോ .
വേദന .. കഠിനമാം വേദന കൊണ്ടെന്‍റെ
ഓര്‍മ്മകള്‍ വാടിക്കരിഞ്ഞു .
എങ്ങും ഉഷ്ണമാണുഷ്ണമാണെല്ലോ
വാടുന്നു കൊഴിയുന്നു ചുറ്റും.
മഴയുണ്ട് ചുറ്റിലും പേമാരിയാണ് ,
പ്രളയമാണെങ്കിലും സഖീ .
ഒരുതുള്ളി വെള്ളവുമുള്ളില്‍ നിറയാതെ
ഉഷ്ണം ഉഷ്ണമാണുഷ്ണം .
കരയുവാനാകാതെ കുഞ്ഞുങ്ങള്‍ കണ്‍കള്‍
കരുണയോടുയര്‍ത്തുന്ന കാണ്‍കേ .
അറിയില്ല ഈ കെെകള്‍ അപ്രാപ്യമാണതിന്‍  അരികിലേക്കെത്തുവാന്‍ പ്രിയേ.
ഉരുകുന്ന മനസ്സുകള്‍ ചുറ്റിലും നിന്നു
കൊണ്ടാര്‍ത്തുവിളിക്കുന്നുവല്ലോ.
എവിടെ..എവിടെയെന്‍ നീതിയെന്നാര്‍ത്തവര്‍
ആകെ പായുന്നുവല്ലോ..
ഒരു തലോടല്‍ കൊണ്ടു പോലുമാച്ചൂടിനെ
ആശ്വസിപ്പിക്കുവാന്‍ വയ്യ..
എങ്കിലും ... എങ്കിലും വെറുതേയവര്‍ക്കായി
കവിതകളെഴുതുന്നുവല്ലോ .
ഓര്‍ക്കുന്നുവോ നമ്മള്‍ അന്നു നടന്നൊരാ
വഴികളിലൊരു ചെറുകോണിലെങ്കിലും
കണ്ടിരുന്നില്ല നാം വിരിഞ്ഞു തുടുത്തൊരു നറുപുഷ്പം പോലുമന്നല്ലോ.
ഇനിയെന്ന് നമ്മള്‍ മനുഷ്യരായീടും
എങ്ങുനിന്നാകുമോ നിലവിളികള്‍ നമ്മുടെ
കര്‍ണ്ണപുടങ്ങളെ കടന്നാക്രമിക്കുമ്പോൾ ..
ഒരുവേള ഒരുനാളും കഴിയാതെ പോയ്
നമുക്കാര്‍ക്കും ശാന്തിയേകീടാന്‍ .
ഇനിയെന്ന് വീണ്ടും ഇവിടെ മനുഷ്യരായി നാം പിറവിയെടുക്കും സഖീ ..
പ്രണയവും കാമവും ഇരുകരകളായതില്‍
ഒഴുകുന്നു ജീവിതം നടുവിൽ നദിപോല്‍ സഖീ ..
ഇവിടെ നാം അറിയാതെ കണ്ടുമുട്ടുന്നു
ഇവിടെ നാം പിരിയുന്നുവല്ലോ.
എന്നും മനസ്സില്‍ നാം കാത്തുവയ്ക്കുന്നതീ
ഓര്‍മ്മതന്‍ നറുപുഷ്പമല്ലോ ..
എങ്കിലും വീണ്ടും നിനച്ചിരിക്കാതെ നാം,
കണ്ടുമുട്ടീടാം ഒരിക്കല്‍ ..
ഒരുമിച്ച് പങ്കിട്ട നിമിഷങ്ങളൊന്നും നാം
ഒരിക്കലും നിനച്ചവയല്ല.
നമ്മള്‍ കൊതിച്ചൊരാ ഭൂമിയെ
നമുക്കിനിയും ലഭിച്ചതുമില്ല .
എവിടെയാണെവിടെയാണെപ്പൊഴാണ്
നാം നമ്മേ മറന്നുവെച്ചതന്ന്.
എവിടേക്ക് നമ്മള്‍ പോകുന്നുവെന്നതും...
ഒരുലോകമുണ്ട് നമുക്ക് ചുറ്റും,
ക്രൗര്യലോകമാണെന്ന് നാം നിനയ്ക്കേ
നേടുവാനും നഷ്ടമാകുവാനും
നമുക്കാകെയാലോകം മാത്രം ..
നീ മരിച്ചീടുന്നു
ഞാന്‍ മരിച്ചീടുന്നു
ഓര്‍മ്മകള്‍മാത്രം ചിരഞ്ജീവികള്‍ .
ഓര്‍മ്മകള്‍ക്കില്ലാ മരണമെന്നറിഞ്ഞുനാം
ഓര്‍മ്മകളെ വളര്‍ത്തുന്നുവല്ലോ .
പ്രണയത്തെയോര്‍ത്തും പരാജയമോര്‍ത്തും
പരിഭവം പറയുന്നു നമ്മള്‍ .
മരണത്തെയോര്‍ത്തും വ്യഥകളെയോര്‍ത്തും
അറിയാതെ കരയുന്നു നമ്മള്‍ .
ഓര്‍ക്കുക നമുക്കിനിയും യാത്രകളനവധി
മുന്നിലുണ്ടെന്ന് മറക്കാതെ..
ഇനിയും നമ്മള്‍ പലവുരു, പലയിടം
കണ്ടുമുട്ടേണ്ടവരല്ലോ .
നീ മറന്നീടില്ലെന്നറിയുമെങ്കിലും
ഒാര്‍മ്മിപ്പിക്കുന്നിന്നു ഞാന്‍ വെറുതെ .
ഇനിയും നമ്മള്‍ പരസ്പരം കണ്ടിടാം .
നമ്മില്‍ മാറ്റം പലതും വന്നീടാം.
നമ്മുടെ രൂപവും ഭാവവും ഭാഷയും
അമ്പേ മറഞ്ഞുപോയീടാം .
അപ്പോഴും നമ്മില്‍ മരിക്കാതെ നില്‍ക്കും
നമ്മുടെ പ്രണയമെന്നറിയൂ .
അപ്പോഴും നമ്മില്‍ മരിക്കാതെ നില്‍ക്കും
മനുഷ്യത്വമെന്നും അറിക ..
അവിടെ നാം പിന്നെയും കണ്ടുമുട്ടും
പല ജീവിതങ്ങള്‍ എന്നറിക ..
കൊതിയോടെ ഞാനോര്‍ത്തിടുന്നാ ജീവിതം ഇന്നേപ്പോലെ ദുരിതകാലമാകരുതേ ..
കൊതിയോടെ ഞാന്‍ കാത്തിരിക്കുന്നാ ലോകം പ്രതീക്ഷകളാല്‍ പൂത്തുനിറയാന്‍ .
ഒരുകാലം വരുമെന്ന് നാം നിനക്കുന്നതോ
ആ കാലമാകാം.
.... ബിജു.ജി.നാഥ് വർക്കല

Thursday, October 10, 2019

ഗന്ധമാപിനികൾ

ഗന്ധമാപിനികൾ
...........................
നിന്റെ ഏകാന്തതയുടെ സംഗീതം
ഒരു നാടോടി ഗാനം പോലെ.
അകലങ്ങളിൽ നിന്നും
അടുത്തും
അകന്നും
എന്നെ സ്പർശിച്ചു പോയ മനോജ്ഞഗീതം.
ഒരു സന്ധ്യയും
ഒരു പകലും
നിന്റെ ഗന്ധമില്ലാത്തതായി ഉണ്ടായിരുന്നില്ല.
ഇന്നു പകലുകൾ പ്രസരിപ്പിക്കുന്ന ഉഷ്ണഗന്ധത്തിലും
രാത്രിയുടെ ഇലഞ്ഞിപ്പൂമണത്തിലും
നിന്റെ വിയർപ്പു പടർന്നു കിടക്കുന്നതറിയുന്നു ഞാൻ.
നീ നനഞ്ഞൊട്ടിയൊരു കൊഴിഞ്ഞയിലപോലെ
ചില്ലയിൽ പതിഞ്ഞു കിടക്കുന്നു.
എന്റെ രസനയിൽ പടരുന്ന ഗന്ധങ്ങളിൽ
ഉരഗചൂട് നിറയുന്നു.
സർപ്പഗന്ധികൾ പോലെ നീ വിടരുന്നതറിയുന്നു.
രാത്രികൾ
പകലുകൾ
അവ എവിടെയാണിന്ന്.?
നീ എന്നെ നോക്കുന്നതറിഞ്ഞാകാം
തുടിച്ചുയരുന്ന നിന്റെ മുലക്കണ്ണുകൾ നിന്നെ തട്ടി വിളിക്കുന്നു.
എവിടെയോ പൂത്ത ഗന്ധർവ്വപ്പാലയിൽ നിന്നും
കാറ്റെനിക്ക് ഉന്മാദം നല്കുന്നു.
ഞാൻ ഒരു ഭീരുവിനെപ്പോലെ
എന്റെ പുതപ്പിനുള്ളിലേക്ക് ചുരുങ്ങുന്നു.
മദഗന്ധമില്ലാത്തൊരു പുഞ്ചിരിയോടെ
നീ നടന്നകലുമ്പോൾ
കൊഴിഞ്ഞു വീണൊരു മുടിനാര് വന്നെന്റെ
തൊണ്ടയിൽ കുരുങ്ങുന്നു.
ഒരാർത്തനാദത്തോടെ
ഞാൻ യാത്രയാകുന്നു.
... ബി.ജി.എൻ വർക്കല

Wednesday, October 9, 2019

വീണ്ടും രണ്ടു പെൺകുട്ടികൾ ....... സന്ധ്യ വി. സതീഷ്

വീണ്ടും രണ്ടു പെൺകുട്ടികൾ(നോവൽ)
സന്ധ്യ വി. സതീഷ്
ഡി.സി.ബുക്സ്
വില: ₹ 35

      "രണ്ടു പെൺകുട്ടികൾ" എന്ന നന്ദകുമാറിന്റെ (കു)പ്രസിദ്ധ നോവലിന്റെ കാരണം കൊണ്ടാകണം സന്ധ്യ വി.സതീഷ് എന്ന എഴുത്തുകാരി അതേ പ്രമേയത്തിന്റെ സ്വന്തം ആവിഷ്കാരത്തിന് "വീണ്ടും രണ്ടു പെൺകുട്ടികൾ" എന്ന പേര് നല്കിയത്. 'നെയ്യപ്പം തിന്നാൽ രണ്ടുണ്ട് ഗുണം' എന്ന ഒരു കച്ചവട തന്ത്രവും ഇതിനു പിന്നിൽ വ്യക്തമായ് മറഞ്ഞു കിടപ്പുണ്ട്. നോവൽ പക്ഷേ മറ്റേ നോവൽ പോലെ വിറ്റു പോയോ എന്നറിയില്ല. രണ്ടു പെൺകുട്ടികൾ അഞ്ചാറു കൊല്ലം ഒന്നിച്ചു ഹോസ്റ്റലിൽ നിന്നു പഠിച്ചതിനിടക്ക് രണ്ടു പേരും തമ്മിൽ പ്രണയം ഉണ്ടായതും അവർ തമ്മിൽ ശാരീരികവും മാനസികവുമായ അടുപ്പം ഉണ്ടാകുകയും കൂട്ടത്തിൽ ഒരുവൾക്ക് വിവാഹം നിശ്ചയിച്ചപ്പോൾ, തനിക്കു വേണ്ടി ത്യാഗം ചെയ്യുന്ന സഹോദരന്റെയും മറ്റും മനസ്സു കണ്ടിട്ട് തന്റെ പ്രണയജോഡിയെ പഴയ കാല സിനിമകളുടെ ചുവട് പിടിച്ച് ബ്രേക്ക് പൊട്ടിച്ചു കൊന്നുകളയുന്നതും പിൽക്കാലത്ത് വിവാഹ ജീവിതത്തിൽ പരാജയപ്പെട്ട് കൊലപ്പെടുത്തിയവളെ ഓർത്ത് ജീവിക്കുന്നവളുടെ കഥയാണ് ഈ ചെറു നോവൽ പറയുന്നത്.

         ജീവിതമുഹൂർത്തങ്ങളെ തനിമയോടെ അവതരിപ്പിക്കുന്നതിലും, മാനുഷിക വികാരങ്ങളെ എഴുതിപ്പിടിപ്പിക്കുന്നതിലും അമ്പേ പരാജയപ്പെട്ട എഴുത്തുകാരി ഇവിടെ മരിച്ചു പോയവളുടെ അച്ഛന്റെ ചിന്തകളും ജീവിച്ചിരിക്കുന്ന പ്രണയിനിയുടെ ചിന്തകളുമൊപ്പിച്ചാണ് ഈ നോവൽ രചിച്ചിരിക്കുന്നത്. വളരെ ശുഷ്കമായ നോവൽ അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാമെന്നതും ഒരു ചെറു കഥയിൽ ഒതുക്കാമായിരുന്നതും വായന തോന്നിപ്പിച്ച വികാരങ്ങളാണ്. നോവലിന്റെ പ്രധാന ഗുണമായി കണ്ടത് ലെസ്ബിയൻ പ്രണയം ഒരു സാമൂഹ്യ വിപത്തോ സദാചാര വടിവാളോ ആയി കാണാതെ മാനസികമായ ഒരു അപഗ്രഥനവും വിശദീകരണവും കൊടുത്ത് കണ്ടു എന്നതാണ്. അതു പറയാൻ മാത്രമായി എഴുതിയതാണ് ആ നോവലെങ്കിലും നോവൽ വായന,  ശൈലി കൊണ്ടും വിഷയ ദാരിദ്രവും, കൈകാര്യം ചെയ്ത വ്യാപ്തിക്കുറവുകൊണ്ടും ശ്രദ്ധിക്കപ്പെടാതെ പോകുമെന്നു തോന്നിക്കുന്നു.

     ആശയവും സന്ദർഭങ്ങളും നന്നായി വികസിപ്പിച്ചെടുക്കാനും ഭാഷയെ കൂടുതൽ വിശാലമായി വിലസാൻ വിടുകയും ചെയ്തുവെങ്കിൽ നോവൽ അതിന്റെ ലക്ഷ്യം നേടിയേനെ. ഇത് തത്വത്തിൽ പേര് കൊണ്ടുള്ള നേട്ടം പോലും കിട്ടാതെ പോകുന്ന രീതിയിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നു.
നല്ല ബിരുദങ്ങൾ ഉള്ളതും ആനുകാലികങ്ങളിൽ എഴുതുന്നതും ആയ ഒരാൾ എന്ന പരിചയക്കുറിപ്പ് കണ്ടതിനാൽ ഇതിലും മികച്ചവ ഒരുപക്ഷേ വരാനിരിക്കുകയാകും എന്ന ശുഭപ്രതീക്ഷയോടെ ബിജു.ജി.നാഥ് വർക്കല