Wednesday, June 28, 2017

ഉൾക്കനൽ .........എസ്.സരസ്വതി

ഉൾക്കനൽ ( കവിതകൾ)
എസ്.സരസ്വതി
പരിധി പബ്ലിക്കേഷൻസ്
വില: 80 രൂപ

കവിതകൾ സംസാരിക്കേണ്ടത് കാലത്തിനോടാണ്.  കവി ഒരേ സമയം പ്രവാചകനും സാമൂഹ്യ സേവകനുമാണ്. കാലത്തിനു കാട്ടിക്കൊടുക്കേണ്ടതു പോലെ തന്നെ കാലത്തെ അടയാളപ്പെടുത്തുകയും ചെയ്യുന്നവയാകണം കവിതകൾ. പഴയ കാല കവിതകൾ പരിശോധിച്ചാൽ ഒരു ഘട്ടം വരെ പുരാണങ്ങളും വർണ്ണനകളും മിത്തുകളുമായി കാവ്യലോകം ഒരുതരം രാസലീലയിലായിരുന്നതായി കാണാം. പക്ഷേ പൊടുന്നനെ കവിതയിലേക്ക് ജീവിതം ഇറങ്ങി വരികയും അവയിൽ അതിഭാവുകത്വങ്ങളും ഭ്രമ കല്പനകൾക്കും പകരം ജീവിത പരിസരങ്ങളും സംഭവങ്ങളും അടയാളപ്പെടുത്തൽ ആരംഭിച്ചു. ആശാൻ കവിതകളുടെ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുള്ളപ്പോൾ വിശദമായ വിവരണങ്ങൾ വേണ്ടി വരില്ല തന്നെ. ഈ ജീവിത പരിസര വീക്ഷണങ്ങൾ മുന്നോട്ട് പോകുമ്പോൾ ഭൂമികകൾ മാറുന്നതും കാലവും ദേശവും ഭാഷയും മറികടന്നു അതിരുകൾ ഇല്ലാത്ത ആകാശം കൈവരുന്ന കാഴ്ച നമുക്കിന്നു അനുഭവവേദ്യമാണ്.
ഉൾക്കനൽ എന്ന കവിതാ സമാഹാരം ശ്രീമതി എസ്. സരസ്വതിയുടെ പ്രഥമ കവിതാ സമാഹാരമാണ്. 38 കവിതകൾ അടങ്ങിയ ഈ പുസ്തകത്തിനു കുരീപ്പുഴ ശ്രീകുമാർ അവതാരികയും രാജേഷ് കെ എരുമേലിയുടെ പഠനവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കവി ആദ്യം തന്നെ പറഞ്ഞിട്ടുണ്ട് ഇത് ഒരു വർഷം കൊണ്ടു തന്നിൽ ഉദിച്ച വരികൾ ആണ് എന്ന് . കവിതകൾ വായിച്ചു പോകുമ്പോൾ പലപ്പോഴും ആ ധാരണകൾ മാറ്റിമറിച്ചു എന്നത് അതിനാൽ തന്നെ അത്ഭുതം സമ്മാനിച്ചു. നല്ല ആഴമുള്ള വായനയുടെയും ഭാഷാശുദ്ധിയുടെയും അടയാളങ്ങൾ രേഖപ്പെടുത്തപ്പെട്ട കവിതകൾ, നല്ല എഡിറ്റിംഗ് എന്നിവ കൊണ്ടു പുസ്തകം നിലവാരം പുലർത്തി.  മനുഷ്യന്റെ വ്യഥകളെ , ചിന്തകളെ പലപ്പോഴും ജീവിതത്തിലെ ചില അവസ്ഥകളെ ബിംബവത്കരണത്തിലൂടെ കവി പറഞ്ഞു പോകുന്നുണ്ട്. ചിതൽ പോലെ മനസ്സിനെ കടന്നാക്രമിക്കുന്ന ചിന്തകൾ. തിരിച്ചറിയുമ്പോഴേക്കും  അവ മനസ്സിനെ തന്നെ കീഴടക്കി കഴിഞ്ഞിരുന്നു. ഭൗതികവും ബൗദ്ധികവുമായ ഒരു തലം അതിൽ ഒളിഞ്ഞു കിടക്കുന്നു. സൈനസിന്റെ ആക്രമണത്തെ ആഗോള കച്ചവട ഭീകരതയുടെ തേനീച്ചക്കൂടുമായി ബന്ധിപ്പിക്കുന്ന രസാവഹമായ വരികൾ പങ്കുവച്ച കടന്നൽക്കൂടും ബിംബവത്കരണത്തിൽ നല്ല നിലപാടായിരുന്നു. പ്രണയത്തിന്റെ പക്വതയാർന്ന കാഴ്ചപ്പാടായിരുന്നു സ്വപ്ന സഞ്ചാരികൾ . റയിൽപ്പാളങ്ങളായിരു ജീവിതങ്ങളകലെയൊരു കാഴ്ചയിലൊന്നിക്കുന്നതും അടുക്കാൻ ശ്രമിക്കവേ കൃത്യമായ അകലം സൂക്ഷിക്കാൻ ശീലിച്ചതും പ്രണയത്തിലെ നോവിന്റെ മധുരമാണ്. ജീവിതം സമരസപ്പെടലുകളാകുമ്പോൾ പ്രിയതരമായൊരു ഇഷ്ടത്തെ എങ്ങനെ മുന്നോട്ടു കൊണ്ടു പോകുമെന്ന ചിന്തകൾക്കൊരുത്തരമാണ് റയിൽപ്പാളങ്ങൾ ( സ്വപ്ന സഞ്ചാരികൾ) കാട്ടിത്തരുന്നത്. കരയിൽ പിടയ്ക്കുമൊരു മീനിനെപ്പോലെ തുടിക്കുന്ന കനം വച്ച ഹൃദയത്തിനുടമയാകുന്ന മനസ്സാണ് (അത്താണി ) പ്രണയം പോലെ തന്നെ പ്രകൃതിയേയും നോക്കിക്കാണുന്നത്. മണ്ണിരയിലൂടെ കവി തേടുന്നത് ആരാണിവിടെ ഇരയെന്നു തന്നെയാണ്. മണ്ണോ അതോ മണ്ണിരയോ ? ഒപ്പം ഒന്നേയുള്ളുവെങ്കിലും ഛേദിക്കപ്പെടേണ്ടതെന്നു പേരു കേൾപ്പിക്കുന്നൊരവയവം രണ്ടുണ്ടെങ്കിലുമതു കൊണ്ടു നിൻ പെൺ വർഗത്തെ കൂട്ടബലാത്സംഗത്തിനിരയാക്കുന്നില്ല (മണ്ണിര ) എന്ന ചിന്ത സമകാലിക വിഷയങ്ങളിലെ പുരുഷ കാപട്യങ്ങൾക്ക് നേർക്കു ഒരു സ്ത്രീയുടെ പരിഹാസ്യമായ വിരൽ ചൂണ്ടൽകൂടിയാകുന്നു. തമ്മിൽ എന്ന കവിതയിലൂടെ  മഴയും വിത്തും തമ്മിൽ നടക്കുന്ന ഒളിച്ചുകളിയും പ്രതീക്ഷയും ഇതുപോലെ പ്രകൃതിയുടെ സൂക്ഷ്മതയിലേക്കുള്ള ഒളിനോട്ടമാണ് എന്നു കാണാം. ആരായിരുന്നു നീയെനിക്കെന്നുള്ളൊരാത്മസംഘർഷം (നക്ഷത്രങ്ങൾ പരത്തും നിലാവ് ) ,അമ്മിഞ്ഞപ്പാലിന്റെ മാധുര്യമിന്നുമെൻ നാവിന്മേലൂറി വരുംപോലെ ( ഓണായനം) എന്നീ കവിതകൾ പരമ്പരാഗത പദ്യശൈലിയിൽ എഴുതിയ ശീലുകൾ ആയിരുന്നു. ഒറ്റയടിപ്പാതകൾ, പൂച്ചക്കുട്ടീ,, യാത്രാമൊഴി എന്നിവ ഭേദപ്പെട്ട വായന നല്കി. പെട്ടെന്നു പ്രതികരിക്കുന്ന സ്വഭാവം ചില കവിതകൾക്ക് സ്വാഭാവികമായ ആവർത്തന വിരസത നല്കി. മകൾക്ക് എന്ന കവിത അത്തരത്തിലൊന്നായിരുന്നു. കുറച്ചു കൂടി വിശാലമായ ആകാശം നല്കാമായിരുന്ന ഒരു രചനയായിരുന്നു  അത്. നീറ്റൽ എന്ന കവിതയും ഉദ്ദേശിച്ച മാനം കണ്ടെത്തിയില്ല. വികാരപരമായ എഴുത്തുകൾക്ക് സംഭവിക്കുന്ന സ്വഭാവികമായ പരിമിതികൾ ആണവ. ഇടതുപക്ഷ ചിന്തകളുടെ അടയാളങ്ങളായി വായിക്കപ്പെടുന്ന സുഗന്ധിയും അതിജീവനവും മറവി ദിനവും കുറച്ചു കൂടി കയ്യടക്കം പാലിച്ചിരുന്നുവെങ്കിലെന്നു തോന്നിപ്പിച്ച വായനകളാണ്.ഇതിലെ ശ്രദ്ധേയമായ മറ്റൊരു കവിതയാണ് വീട്. വീട്ടിലെ പൊടിപിടിച്ചഭരണഘടനയിൽ ആർട്ടിക്കിൾ 14 ഉം 17 ഉം കാണുന്നില്ല. 19 (1) ചിതലരിച്ചിരിക്കുന്നു 21 സ്വപ്നങ്ങളിൽ പ്രധാനം (വീട് ) എന്ന വരികളിലൂടെ സ്ത്രീയുടെ വീടിനുള്ളിലെ അവസ്ഥ എത്ര മനോഹരമായാണ് കവി വരച്ചിടുന്നത്.
തീർച്ചയായും കൂടുതൽ ശക്തവും ചടുലവുമായ ഇത്തരം അടയാളപ്പെടുത്തലുകൾ ഇനിയും പിറക്കുക തന്നെ ചെയ്യും ഈ കവിയിൽ നിന്നെന്ന സന്ദേശം നല്കുന്ന ഈ കവിതാ സമാഹാരം നല്ലൊരു വായന സമ്മാനിക്കും കവിതാ പ്രേമികൾക്ക് എന്ന ശുഭാപ്തി വിശ്വാസത്തോടെ  ബി.ജി.എൻ വർക്കല

Tuesday, June 20, 2017

ദലമർമ്മരങ്ങൾ ........ ഡോ. അനി ഗോപിദാസ്

ദലമർമ്മരങ്ങൾ (കവിതകൾ)
ഡോ. അനി ഗോപിദാസ്
പായൽ ബുക്സ്
വില: 80 രൂപ

കവിതകൾ കാലത്തിന്റെ കൈയ്യൊപ്പുകളാണ്. ഭസ്മമിട്ടു മിനുക്കുന്ന ഓട്ടു വിളക്കുകളല്ല അവ കാലാന്തരത്തിൽ ക്ലാവു പിടിച്ചു പോകാത്തവയാണ് കവിതകൾ .പക്ഷേ അത്തരം മനോഹരമായ വെളിച്ച ദായകമായ കവിതകൾ ഇന്നു സാഹിത്യത്തിന് അന്യമാണ്. നീലക്കുറിഞ്ഞി പൂക്കളെപ്പോലെ അവ കാത്തിരിക്കേണ്ടി വരുന്നു കവിതാസ്വദക മനസ്സുകൾക്ക്. പലപ്പോഴും വായനയിൽ തടയുന്ന കല്ലുകടികളെ ക്ഷമയോടെ വിഴുങ്ങേണ്ടി വരുന്ന ദയനീയത എന്നു മുതൽക്കാണ് മലയാള സാഹിത്യം അനുഭവിച്ചു തുടങ്ങിയത് എന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പ്രണയാർദ്രമായി രണ്ടു വാക്ക് എഴുതുന്നവർക്കെല്ലാം കവിതയുടെ അസ്കിതയുണ്ട് എന്ന കാഴ്ച്ചപ്പാടിൽ നില്ക്കുന്ന സോഷ്യൽ ഇടങ്ങൾ പലപ്പോഴും നല്ല എഴുത്തുകളെപ്പോലും നശിപ്പിച്ചു കളയുന്നതായ് കാണാൻ സാധിക്കുന്നു . കൊള്ളാം , അടിപൊളി, സൂപ്പർ ,മനോഹരം തുടങ്ങിയ സുഹൃത്ത് വലയങ്ങളുടെ പൊള്ളയായ വാക്കുകളിൽ വീണു എഴുത്തു മരിച്ചു പോകുന്ന കാഴ്ച ഇന്നു സുലഭമാണിവിടെ.ഈ കൂട്ടത്തിലെ പൊയ് വാക്കുകൾ കേട്ട് മതി മറന്നു സ്വയം ഒരു കവി എന്ന ചിന്ത മനസ്സിലേക്ക് വരുന്നു ഇത്തരം കുറിപ്പെഴുത്തുകാരിൽ . ഫലം കൂട്ടരുടെ നിർബന്ധപ്രകാരം പുസ്തകം ഒന്നോ രണ്ടോ പുറത്തിറക്കി കാവ്യസാഹിത്യ ലോകത്ത് താനുമൊരു സംഭവമായി എന്ന ധാരണയോടെ കുറച്ചു കാലം നിലനിന്നു അസ്തമിക്കുന്നു. സുഹൃത്തുക്കൾ അധികമുണ്ടങ്കിൽ ഒരു എഡിഷനും കൂടി ഇറക്കി കൂടുതൽ ഭാവനാസ്വർഗ്ഗത്തിൽ വീണു എഴുത്തു നശിക്കുകയും ഞാനെന്ന ധാർഷ്ട്യം മുന്നിൽ നില്ക്കുകയും ചെയ്യുന്നു. ഇതു എഴുത്തുകാരന്റെയും സർവ്വോപരി ഭാഷയുടെയും അപചയമാണ്.
         ഇവിടെ ഡോ. അനിയുടെ 45 കവിതകളുടെ സമാഹാരമാണ് ദലമർമ്മരങ്ങൾ . ശ്രീ പാർവ്വതിയുടെ അവതാരികയും കെ. ആർ മീരയുടെ ആശംസയുമായി ഈ കവിതകൾ വായനക്കാരെ തേടിയെത്തുന്നു. കവിതാ രചനയിലെ ആധുനിക സമ്പ്രദായവും പഴയ സങ്കേതവും ഒരു പോലെ ഉപയോഗിക്കാൻ കവയിത്രി ശ്രമിച്ചിട്ടുണ്ട് . പ്രകൃതിയോടും കാൽപ്പനികതയോടും സംവദിക്കുന്ന ഈ കവിതകൾക്കെല്ലാം വളരെ ശാലീനമായ ഒരു ഒതുക്കമുണ്ട്. തുടക്കം മുതൽ ഒടുക്കം വരെ നിലനിർത്തുന്ന അർദ്ധവിരാമങ്ങൾ ആണ് ഭൂരിഭാഗം കവിതകളും . എഴുതി മുഴുമിക്കാതെ , പറഞ്ഞു തീർക്കാതെ പറഞ്ഞു പോകുന്നു . പലപ്പോഴും തോന്നിയത് തുടക്കത്തിലെ നാലുവരി കവിതയും പിന്നതിനെ തുടർന്നു വരുന്നവ ആ നാലുവരിയിൽ നിന്നും തൃപ്തയാകാതെ ഒരു കവിതയെന്നാൽ കുറച്ചു കൂടി വേണ്ടതല്ലേയെന്ന ചിന്തയിൽ കെട്ടിവയ്ക്കപ്പെടുന്ന വരികളും ആയാണ്. വായനയുടെ അപര്യാപ്തയാകാം ഒരു പക്ഷേ കവിത വരുത്തിത്തീർക്കലിലേക്കു നയിച്ച ഘടകം.  നല്ല ഭാഷയും , ആശയവും അവതരണ ചാരുതയും കൈവശമുണ്ട്. കൂടുതൽ വായിച്ചു കുറച്ചെഴുതുകയും എഴുതുന്നവ നന്നായി ഒന്നു മനസ്സിരുത്തി വായിക്കുകയും ചെയ്യുന്നത് കൊണ്ട് നല്ലൊരു കവയിത്രിയെ ലഭിക്കാൻ കഴിയും എന്ന ശുഭാപ്തി വിശ്വാസം എഴുത്തുകൾ നല്കുന്നുണ്ട്. നല്ലൊരു എഡിറ്റർ ഇല്ലായ്മയും വായനയിൽ വിഷയമാകുന്നുണ്ട്. ചെരാതും ചിരാതും തമ്മിലുള്ള വാക് വ്യത്യാസം പലപ്പോഴും എഴുത്തുകാർക്ക് സംഭവിക്കുന്ന പിഴവാണ്. അത്തരം പിഴവുകൾ നല്ലൊരു എഡിറ്റർ വിചാരിച്ചാൽ തിരുത്തപ്പെടുകയും ചെയ്യും.
       ഭാഷയുടെ കരുതലും പ്രയോഗവും എഴുത്തുകാരൻ അവശ്യം അറിയേണ്ട വസ്തുതയാണ്. ലൈക്കും പുകഴ്ത്തലുകളും എഴുത്തിന്റെ വിലയിരുത്തലുകൾ അല്ല. ഓരോ എഴുത്തുകാരും അതു തിരിച്ചറിയട്ടെ എന്ന പ്രതീക്ഷകളോടെ സസ്നേഹം ബി.ജി.എൻ വർക്കല

Monday, June 12, 2017

ഘർവാപസി..........അമരത്വജി ആനന്ദ്

ഘർവാപസി ( കവിതകൾ)
അമരത്വജി ആനന്ദ്
ഹൊറൈസൺ പബ്ലിക്കേഷൻസ്
വില: 80 രൂപ

കവിതകളിൽ പരീക്ഷണങ്ങൾ നടക്കുന്ന കാലഘട്ടത്തിലാണ് ഇന്ന് ആധുനിക കവിതാ സാഹിത്യ ശാഖ കാലുറപ്പിച്ച് നിൽക്കുന്നത്. ഈ പരീക്ഷണങ്ങൾ കവിതയുടെ എല്ലാ ആസ്വാദനതലങ്ങളെയും പാടെ മാറ്റിമറിക്കുകയും അത് എല്ലാ തരം വായനക്കാരെയും ഒരു പോലെ കവിതാസ്വദകരാക്കുകയും ചെയ്തു വരുന്നു.  സോഷ്യൽ മീഡിയകളും ബ്ലോഗുകളും ഈ പ്രക്രിയയിൽ സാരമായ പങ്കുവഹിക്കുന്നുണ്ട്. ഓൺലൈൻ എഴുത്തിന്റെ പ്രാധാന്യം എന്താണെന്നുള്ള ചിന്ത പങ്കുവയ്ക്കലാണിന്ന് ഏറെ ചർച്ചകൾക്ക് വഴി തുറക്കുന്നത്. എഡിറ്ററില്ലായ്മ , പ്രസാധകരും അവതാരിക മാമാങ്കങ്ങളും ഇല്ലാതെ , തിരസ്കരിക്കപ്പെടാത്ത ഒരിടം. ആർക്കും എന്തും പങ്കുവയ്ക്കാം. ഇതിൽ പ്രധാന പോരായ്മയായി തോന്നിയിട്ടുള്ളത് നല്ല എഴുത്തുകളെ തമസ്കരിക്കുകയും  മോഷ്ടിച്ചു എഴുതുന്നവയോ ചില ആൺ ,പെൺ ഐക്കണുകൾ എഴുതുന്ന ചവറുകൾ അനുവാചക വൃന്ദങ്ങൾ മൂലം ലൈക്കിയും ഒരു മൂല്യവുമില്ലാത്ത ഓൺലൈൻ പോർട്ടലുകളിൽ പ്രസിദ്ധീകരിച്ചുമൊക്കെ കൊണ്ടാടപ്പെടുന്ന ഒരിടം ആകുകയോ ചെയ്യുന്നു ഈ തുറന്ന ഇടങ്ങൾ എന്നതാണ്.
അമരത്വജി ആനന്ദിന്റെ ഘർ വാപസി എന്ന കവിതാ സമാഹാരം വളരെ മികവുള്ള ചിന്തകൾ പങ്കു വയ്ക്കുന്ന ഒരു പുസ്തകമാണ്. 65 ചെറു കവിതകൾ കൊണ്ടു നിറഞ്ഞ ഈ പുസ്തകം വായനക്കാരിൽ ചിന്തകൾക്കും ചർച്ചകൾക്കും ഒരു പാടിടങ്ങൾ തുറന്നു വയ്ക്കുന്നു. ഓന്തും അരണയും പാമ്പുമൊക്കെ നിറഞ്ഞ ഒരു ലോകം .ഉപമകളിലൂടെയും ബിംബവത്കരണങ്ങളിലൂടെയും കവി ആനുകാലിക വിഷയങ്ങളും ജീവിത പരിസരങ്ങളും വരച്ചിടുന്നു.

ആഴത്തിൽ വേരിറങ്ങിയ
ഒറ്റത്തടി വൃക്ഷമല്ല
എപ്പോൾ വേണമെങ്കിലും
ഏതു മരത്തിലേക്കും
ചേരുംപടി നിറം മാറി
ചാടി ഓടാൻ കഴിവുള്ള
ഓന്താകുന്നു നിലപാടുകൾ (നിലപാടുകൾ)
നിറം മാറുന്ന ഓന്തും , മറവിരോഗം പിടിച്ച അരണയും ജീവിതവും പ്രണയവും ആയി മാറുന്നതും രാഷ്ട്രീയ നിറപ്പകർച്ചകളും നിലപാടു വ്യതിയാനങ്ങളും മതാന്ധമായ നിലപാടുകളും ഈ ബിംബവത്കരണത്തിലൂടെ പ്രകടമാക്കുന്നുണ്ട് വരികൾ . സെൽഫിയും മറ്റുമായി സാഹിത്യ രംഗത്ത് അതികായരായവർക്ക് ഒപ്പം നിന്നു ഫോട്ടോ എടുക്കാൻ മത്സരിക്കുന്ന പുതു മറക്കാരെ അവർ എങ്ങനെ പരിഗണിക്കുന്നു എന്ന ചിത്രീകരണം വളരെ പ്രസക്തവും മനോഹരമായിരുന്നു.
തലയെടുപ്പുള്ള ആനകൾക്കൊപ്പം നിന്ന്
എടുക്കുന്ന ഓരോ ഫോട്ടോ
പ്രദർശിപ്പിക്കുമ്പോഴും
ഉത്തരത്തിൽ ഇടിക്കുന്നുണ്ട്
എന്റെ പൊങ്ങച്ചം
പക്ഷേ
പൂരം കഴിഞ്ഞു പോകുന്ന ഒരു ആനയും
കൂടെ നിന്നു ഫോട്ടോയെടുത്ത
ഈ കൃമിയെ അടുത്ത പൂരത്തിനെത്തുമ്പോൾ
തിരിച്ചറിയാറില്ല.
ആനകൾ എന്നും തിരിച്ചറിയപ്പെടും
കൃമികൾ ചവിട്ടിയരക്കപ്പെടും ( ഫോട്ടോ )

അതുപോലെ തന്നെ കവി പ്രണയത്തെ കാണുന്നത് കാൽപ്പനികതയിൽ നിന്നു കൊണ്ടുള്ള പൊള്ളത്തരമല്ല.
പരിമിതിയുടെ ശൂന്യാകാശത്തിൽ
ആറാമിന്ദ്രിയം നമുക്ക് വഴികാട്ടി (സമസ്യ)
ഇരുട്ടുമൂടിയ യുഗമായിരുന്നു ,പ്രണയത്തിന്റെ വേരുകളില്ലാത്ത മരത്തിൽ കിടന്നാടിയ താലിക്കുരുക്കായിരുന്നു ജീവിതം
തുടങ്ങി ഒട്ടുമിക്ക വരികളും പങ്കു വയ്ക്കപ്പെടുന്നത് ജീവിതത്തിലെ പരുക്കൻ യാഥാർത്ഥ്യങ്ങളെ പച്ചയായി പറയുക എന്നു തന്നെ. ഒപ്പം കാലിക രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ കവി ഗൗരവപരമായി തന്നെ ഇടപെടുന്നുമുണ്ട്..
കവിതാ രചനയിൽ അതിന്റെ തനത് മാമൂലുകൾ ശ്രദ്ധിക്കാതെ തനിക്ക് പറയാനുള്ളത് പറഞ്ഞു പോകുന്ന കവി പലപ്പോഴും ഗദ്യകവിതയെന്ന ലേബൽ കടമെടുത്തു പറച്ചിൽ മാത്രമായി പോകുന്നുണ്ട് എങ്കിലും കൂടുതൽ നല്ല രചനകളുടെ ഒളി സ്പർശം ഓരോ കവിതയും വാഗ്ദാനം ചെയ്യുന്നുണ്ട് എന്നാശ്വസിക്കാം. കുറച്ചു കൂടി വായന ഉണ്ടാകുകയും എഴുത്തിനെ വളരെ ഗൗരവത്തോടെ സമീപിക്കുകയും ചെയ്താൽ ഭാവിയുടെ താളുകളിൽ ഈ പേരും വായിക്കപ്പെടും
ആശംസകളോടെ ബി.ജി.എൻ വർക്കല

Saturday, June 3, 2017

ചില്ലകള്‍ തേടുന്ന കിളി

ചില്ലകള്‍ തേടുന്ന കിളി 
.....................................
നീ, പ്രണയം മറന്നവള്‍...
നീ നിന്റെ ജാലകങ്ങള്‍ തുറന്നിട്ട്‌
അക്ഷരങ്ങള്‍ കൊണ്ട്
മാലകൊരുക്കുന്നവള്‍ .
നിന്നില്‍ നിറയുന്ന വരികളില്‍
നിന്റെ പ്രണയത്തിന്‍ ചൂര് നിറയുമ്പോള്‍
ഞാന്‍ നിന്റെ വിരലുകളില്‍
മുത്തമിട്ടു നിര്‍വൃതിയടയുന്നു .
എഴുതാന്‍ മറന്ന കവിതകളില്‍,
പറയാന്‍ മറന്ന കഥകളില്‍
ഞാന്‍ നിന്റെ മുഖം തേടുന്നു .
ഇനി ചുരത്താത്ത മുലകളില്‍,
ഇനി നനയാത്തടിവയറില്‍,
മധുവൂറാത്ത അധരങ്ങളില്‍
പ്രണയം നിറഞ്ഞു തുളുമ്പുന്നതും
നീയൊരു നനഞ്ഞപക്ഷിയായി
ഉള്ളിന്റെ ഉള്ളില്‍ വിലപിക്കുന്നതും
കണ്ടു ഞാന്‍ കരങ്ങള്‍ നീട്ടുന്നു .
അടച്ചിട്ട ജാലകത്തിനപ്പുറം
നിന്റെ നിശ്വാസത്തിന്റെ ചൂരും
ഇനിയും സമ്മതിച്ചു തരാത്ത
കപടധാര്‍ഷ്ട്യവും പറയുന്നു
നിന്നില്‍ പ്രണയമുണ്ട് എന്ന് .
ഞാനര്‍ഹനല്ലാത്തൊരു ദിവ്യ
പ്രണയം നിന്നില്‍ ഉണ്ടെന്ന് .
എന്നെയകറ്റുവാന്‍ നീ കണ്ട
നിഷേധപുറംപൂച്ചുകളില്‍ നിന്നും
നിന്നെ പ്രണയിച്ചു പോകുന്നു ഞാന്‍.
മരണം വരേയ്ക്കും മനസ്സില്‍
നിന്നെ പ്രണയിച്ചു പോകുന്നു .
നീയകന്നു പോയിടുകിലും
നീ പിണങ്ങി നടന്നീടുകിലും
തിരികെ എടുക്കാത്ത വാക്കായി
എന്റെ പ്രണയം  നിന്‍ പാദങ്ങളില്‍ വയ്ക്കുന്നു.
ചവിട്ടിയരച്ചു പോയിടാം....
പരുഷമായി പറഞ്ഞു നിന്നിടാം.
എങ്കിലും നിന്നോട് പറയട്ടെ.
തിരികെ എടുക്കാത്ത വാക്കായി
എന്റെ പ്രണയം  നിന്‍ പാദങ്ങളില്‍ വയ്ക്കുന്നു...
@ബിജു.ജി.നാഥ് വർക്കല

മണിവീണ

ഓർമ്മ മഴയിൽ നനഞ്ഞു തുടുത്തൊരു മന്ദാരം !
നനുനുത്ത തൂവൽ സ്പർശം പോലെ സാന്ദ്രം.
ഹൃദയത്തിലേക്ക് കോരിയൊഴിച്ച പനിനീർധാര
പ്രണയം, രതിയുടെ തേൻ നുകരുമ്പോൾ
മണ്ണിൻ മുലച്ചുണ്ട് ത്രസിക്കും പോലെ,
സ്നേഹ ഗ്രന്ഥിതൻ ആനന്ദധാര!
ഒരു വിരലോർമ്മ പോലും സ്നിഗ്ധമാക്കും ജാലം
പ്രണയമേ നീ മണി വീണയാകുന്നുവോ
..... ബി.ജി.എൻ വർക്കല

Friday, June 2, 2017

നിലവിളികള്‍ക്കു കാതോര്‍ക്കാം ...... തോമസ്‌ ചെറിയാന്‍

നിലവിളികള്‍ക്കു കാതോര്‍ക്കാം (കഥകള്‍ )
തോമസ്‌ ചെറിയാന്‍
ഒലിവ്
വില : 70 രൂപ

കഥകള്‍ക്ക് കവിതകളേക്കാള്‍ ഭംഗിയുണ്ടാകും എന്നൊരു സംഗതി പറഞ്ഞു കേട്ടിട്ടുണ്ട് . പക്ഷെ അവ വിസ്താരഭംഗിയും വിവരണപാടവവും കൊണ്ട് മാത്രം കരഗതമാകുന്ന ഒന്നാണ് . നോവല്‍ ഒരു ജീവിതം അപ്പാടെ വിശാലമായി പറിച്ചു നടല്‍ ആണ് . കഥകള്‍ ആ ജീവിതത്തിന്റെ സംക്ഷിപ്തരൂപം മാത്രം . കവിത അതിന്റെ രൂപകങ്ങളും . . പലപ്പോഴും കഥകള്‍ വായിക്കാന്‍ ആണ് വായനക്കാരന്‍ കൂടുതല്‍ താത്പര്യം കാട്ടുക. പരത്തിപ്പറഞ്ഞു നഷ്ടപ്പെടുന്ന സൌന്ദര്യ ഭയം ആകാം അതിനെ ഗുളികരൂപത്തില്‍ സ്വീകരിക്കാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നത് .
തോമസ്‌ ചെറിയാന്‍ എഴുതിയ ദേശാഭിമാനിയിലും മറ്റും പ്രസിദ്ധീകരിക്കപ്പെട്ട പതിനാലു കഥകള്‍ എഴുത്തുകാരന്‍ സേതു വിന്റെ ആമുഖത്തോടെ ആണ് ഒലിവ് പ്രസിദ്ധീകരിച്ചിരിക്കുന്നത് . ഇതില്‍ പതിനാലു കഥകളും പല തലത്തില്‍ നിന്നുമാണ് എഴുതിയിരിക്കുന്നത് എന്ന് കാണാം . എങ്കിലും പൊതുവായി ഒരു ഐക്യരൂപം അതായത് എഴുത്തുകാരന്റെ അടയാളപ്പെടുത്തല്‍ ഓരോ കഥയിലും പതിഞ്ഞിട്ടുണ്ട് . ശ്രീ തോമസ്‌ ചെറിയാന്‍ എഴുതുമ്പോള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെട്ട ഒരു കാര്യം പ്രസ്ഥാവനകളോ അല്ലെങ്കില്‍ ചിത്രീകരണങ്ങളോ ആണ് ഓരോ രചനയിലെയും വായനകള്‍ എന്ന് തോന്നിപ്പിക്കല്‍ ആണ് . ഓരോ വസ്തുതയും പറഞ്ഞു നിര്‍ത്തുകയാണ് . വാക്യങ്ങള്‍ക്കിടയില്‍ ഒരു ഉറപ്പില്ലായ്മ അത് സൃഷ്ടിക്കുന്നു .
ഇവയിലെ പല കഥകളിലും കുടുംബങ്ങളിലെ പുരുഷ മേല്ക്കൊയ്മയിലെ ആണ്‍ ചിന്തകള്‍ കൊണ്ട് മാത്രം കുടുംബത്തെ നോക്കിക്കാണുകയാണ് കഥാകൃത്ത്‌ . അസംതൃപ്തരായ കുടുംബങ്ങളുടെ ആകെത്തുകയാണ് ഓരോ കുടുംബപശ്ചാത്തലവും . ശാരീരികവും മാനസികവും സാമ്പത്തികവുമായ അസുരക്ഷിതത്വങ്ങള്‍ അനിശ്ചിതത്വങ്ങള്‍ , അവയില്‍ പെട്ടുഴലുന്ന മനസ്സുകള്‍ ഇവയാണ് മിക്കവാറും കഥകളുടെ പശ്ചാത്തലം . ആധുനികജീവിതത്തിന്റെ ഇന്ന് പഴകിയ ഒരു വസ്തുതയാണ് എങ്കിലും ചാറ്റ് ജീവിതത്തിന്റെ അത്ര പഴകാത്ത വസ്തുതകള്‍ തുറന്നുകാട്ടുന്നതും അതുപോലെ നമുക്ക് തോന്നുംപോലെ കുട്ടികളുടെ ജനനം തീരുമാനിക്കപ്പെടുന്ന മാതാപിതാക്കളുടെ ആധുനികവത്കരണ മനോഭാവത്തെയും അങ്ങനെ പിറക്കുന്ന കുഞ്ഞുങ്ങളുടെ സ്വഭാവവൈകല്യങ്ങളെയും നല്ല രീതിയില്‍ പറഞ്ഞു തരുന്നുണ്ട് കഥാകൃത്ത്‌ . ഫണ്‍ റെയ്സ് എന്ന കഥ തികച്ചും വ്യത്യസ്തമായി അവതരിപ്പിക്കുമ്പോള്‍ പണ്ട് ഗ്രീസിലെ കൊളോസങ്ങളില്‍ നടന്നിരുന്ന അടിമ മനുഷ്യരോട് കാട്ടിയ ക്രൂരതകളെ ഓര്‍മ്മ വരുന്നുണ്ട് . ഭാവനസംബുഷ്ടവും അതെ സമയം എഴുതാനുള്ള വൈക്ലബ്യവും ഒരുപോലെ വേട്ടയാടുന്ന ഒരു മനസ്സിനെ ഈ കഥകളില്‍ കാണാന്‍ കഴിയും . കൂടുതല്‍ മനോഹരങ്ങളായ കൃതികള്‍ മലയാളത്തിനു സമ്മാനിക്കാന്‍ കഴിയട്ടെ ഈ എഴുത്തുകാരന് എന്ന ആശംസകളോടെ ബി. ജി . എന്‍ വര്‍ക്കല