Sunday, April 27, 2014

ഒരു ഗാനം കൂടി

മലയിറങ്ങി വരും കാറ്റേ 
മനമിളകി വരും പെണ്ണേ 
മദമിളകിയ കൊമ്പനൊന്നിതാ 
കാടിളക്കി വരുന്നതുണ്ടേ....                    (മല ....)

ഇരുളു വന്നു കണ്ണിളക്കും 
ഇതളു വന്നു തിരയിളക്കും 
ഇടറിടാതെന്നുമെന്നും 
പടനിലത്തിൽ നിലയുറക്കൂ .                 ( മല....) 

മുടി പറന്നു വലകളാകാം
മുലയിളകി തിരയുയരാം
അഴിയും ചേലയിൽ വിര- 
ലമർത്തി മായയായ് മറഞ്ഞുനില്ക്കൂ .  ( മല ...) 

മഞ്ഞുരുക്കി കരഞ്ഞീടാം 
മണ്ണൂരുക്കി മെനഞ്ഞീടാം 
കന്മദമതൂറും വരയേ 
കണ്ണിൽ പ്രണയരസമതുള്ളൂ ..              (മല....)
......................ബി ജി എന്‍ 

Saturday, April 26, 2014

വേലിയിറക്കം


ഇനിയില്ല കാമത്തിന്‍
ഉഷ്ണബാണത്തില്‍ കൊരുക്കും
മിഴികള്‍ തന്‍ തിരയിളക്കം

ഇനിയില്ല കാപട്യത്തിന്‍
കരള്‍ പറിക്കും പ്രണയ
വാക്യം കൊരുക്കും വരികള്‍ .

ഇനിയില്ല സ്വപ്നത്തിന്‍
മനംമയക്കും മിഴികള്‍ തന്‍
കൂരമ്പുകള്‍ നിദ്രയകറ്റുവാന്‍.

ഇനിയില്ലക്ഷരത്തൂമ്പയില്‍
അടിവേര് പരതുന്ന
തീക്കനലുകള്‍ പൊള്ളിക്കുവാന്‍ .

അകലങ്ങളില്‍ കാണാ -
കയങ്ങളില്‍ , ചുഴികളില്‍
അകലുന്നമനസ്സില്‍
പകരം വയ്ക്കാനില്ലാതെ
പതറി പരതിയൊരു
വാക്യമില്ലെങ്കിലും

മൗനം പതിച്ചു
പറയാതെ പോകുന്നു
കരളു പങ്കുവച്ചൊരു
കനവേ നിന്നില്‍ നിന്നും .
**************ബി ജി എന്‍

Wednesday, April 23, 2014

ഒരു സ്വപ്നം

ഏതോ വിദൂരമായ ഒരോര്‍മ്മ പോലെ എന്റെ മനസ്സിന്റെ ഉള്ളറകളില്‍ തെളിയുന്ന അവ്യക്തമായ രേഖാ ചിത്രങ്ങളില്‍ ഒന്നൊഴിയാതെ ഞാന്‍ അവളുടെ മുഖംതിരഞ്ഞുകൊണ്ടേയിരുന്നു .
മങ്ങിയ നിറം പടര്‍ന്ന ഓരോ മുഖങ്ങളും എനേന്‍ എവിടെയൊക്കെയോ കൊണ്ട് പോകുന്നത് പോലെ അനുഭവപ്പെട്ടു .
ശരത്കാല രാത്രികളില്‍ ഉറക്കം വരാത്ത ചിന്തകളുമായ് പടവെട്ടാന്‍ വിധിക്കപ്പെട്ട ദിനങ്ങള്‍ !
ഒരു നിയോഗം പോലെ എന്നും കാത്തിരുന്ന ഒരു മുഖം .
ഓര്‍മ്മയില്‍ നീറിപ്പടരുന്ന വേദനകള്‍ക്കിടയിലും ആശ്വാസംതേടാന്‍ ഞാന്‍ കരുതിയിരുന്ന ഒരു മുഖം .
അതും അകലെയെങ്ങോ ചരുവില്‍ നിന്നും കടന്നുവന്ന മാരുതന്‍ കവര്‍ന്നു കൊണ്ട് പോയപ്പോള്‍ അറിയാതെയെങ്കിലും മനസ്സു പിടഞ്ഞു പോയി.
മരണത്തിന്റെ കാലൊച്ച കാതോര്‍ത്ത് കിടന്നു ഒടുവില്‍ സ്വയം അതിനെ പുല്‍കാന്‍ കൊതിച്ച അനവധി രാവുകള്‍!
നിരാശയുടെ മേച്ചില്‍ പുറങ്ങളില്‍ എന്നോ തുടങ്ങിയ ഏകാന്ത യാത്രകള്‍ . ഒന്നും മനപൂര്‍വ്വമായിരുന്നില്ലല്ലോ . എന്നതാണു എന്നെ അലട്ടുന്ന പ്രശ്നം .
വൃഥാ പാഴായിപോകുന്ന ഒരു ജന്മമാണെന്ന ഓര്‍മ്മകല്‍ക്കിടയിലും മനസ്സ് വെറുതെ സ്വപ്‌നങ്ങളെ താലോലിച്ചിരുന്നു .
ഇന്നും അനിശ്ചിതമായി കടന്നു പോകുന്ന രാപകലുകളുടെ അര്‍ത്ഥാന്തരന്യാസം എന്റെ ചിതയുടെ നീറുന്ന കനലുകളായി എന്നെ പൊള്ളിച്ചുകൊണ്ടിരിക്കുന്നു .
നിലാവ് പെയ്യുന്ന പൗര്‍ണ്ണമിരാത്രികള്‍ സ്വപ്നം കാണാനെന്തു രസമാണ് . ഒരുപക്ഷെ എന്നെ ഏറ്റവുമധികം ആകര്‍ഷിച്ചിട്ടുള്ള മറ്റൊരു വസ്തു ഇല്ല തന്നെ.
കണ്ണ് ചിമ്മിക്കളിക്കുന്ന നക്ഷത്രക്കുഞ്ഞുങ്ങള്‍ എന്റെ മനസ്സിനെ തണുപ്പിക്കാന്‍ വെറുതെ ശ്രമിക്കുന്നതാകുമോ ?
ഉള്ളു കത്തുന്ന നൊമ്പരങ്ങള്‍ക്കിടയിലും ഒരു പുഞ്ചിരി പൊഴിക്കുന്ന മനസ്സ് എന്നിലുണ്ടെന്നു എന്നെ അറിയിക്കുന്ന പൗര്‍ണ്ണമിയോടു ഞാനേറ്റവും കടപ്പെട്ടിരിക്കുന്നു .
വരകളിലും വര്‍ണ്ണങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന ഒരു രൂപം മാത്രമാണിന്ന് അവളെന്റെ മനസ്സില്‍ .
ഒരുപാട് ചിത്രങ്ങള്‍ വരച്ചും മായ്ച്ചും ഞാനൊടുവിലെത്തിയതിവിടാണല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്കല്ഫുതം തോന്നുന്നു .
എന്റെ മനസ്സിനെ തണുപ്പിക്കുന്ന ഒരു മഞ്ഞു കണമായി എന്നെ തഴുകുന്ന ഒരു സ്വപ്നമായി അവള്‍ ....
അവള്‍ വരികയായി !
നിതംബം മറയുന്ന കാര്‍കൂന്തലില്‍ അവളുടെ അഴക്‌ എത്ര മനോഹരമാണ് .
നേര്‍ത്ത പുരികങ്ങളും , ഭംഗിയുള്ള കണ്ണുകളും , കുഞ്ഞു മുഖത്തിനിണങ്ങുന്ന ശാലീനഭാവം തരുന്നപോലെ .
നീണ്ടു കൂര്‍ത്ത ആ മൂക്കിന്‍ തുമ്പില്‍ ഒരു സ്വേദബിന്ദുവിന്‍ തിളക്കം .!
വിടര്‍ന്ന ചുണ്ടില്‍ വിരിയുന്ന മന്ദഹാസത്തിന്റെ ഒളികള്‍ , ആ കവിള്‍ത്തടങ്ങളെ ചുവപ്പിക്കുന്നത് പോലെ .
ഒതുക്കവും മനോഹരവുമായ മാറിടം , എന്റെ നേരെ കൗതുകത്തോടെ നോക്കി നില്‍ക്കുന്നത് പോലെ .
ആ കൈവണ്ണയിലെ സ്നിഗ്ദത , ആ വിരല്‍ത്തുമ്പിലെ സൗമ്യത അതെന്റെ ഹൃദയത്തെ തരളിതമാക്കുന്നു .
ഒത്ത ഭംഗിയുള്ള അണിവയറും , പുക്കിള്‍ചുഴിയും , പൗര്‍ണ്ണമിയുടെ വെളിച്ചത്തില്‍ തിളങ്ങുന്നു .
നിതംബത്തിന്റെ ശാന്തചലനത്തിലൂടെ അവളുടെ അടക്കവും ഒതുക്കവും വിളിച്ചറിയിക്കുന്നു .
കാല്‍പാദങ്ങളെ ഉമ്മ വച്ചുറങ്ങുന്ന പാദസരം ഒന്നിളകി ചിരിച്ചത് പോലെ .
അവളുടെ വേഷത്തിലെ കുലീനത എന്നെ അമ്പരപ്പിക്കുന്നതായിരുന്നു .
ഒരു ചുവന്ന പൊട്ടണിഞ്ഞു , മഞ്ഞിന്‍ വെളുപ്പ്‌ നിറഞ്ഞ  മുത്തുമാലയണിഞ്ഞു കാതില്‍ ഊയലാടുന്ന കമ്മലുമായി അവള്‍ വരുന്നു .
ചന്ദന കസവ്  സാരിയും ബ്ലൌസും അവളെ മറ്റേതോ ലോകത്തിലെ രാജകുമാരി , അല്ല അപ്സരസ്സായി തോന്നിപ്പിക്കുന്നു . വാരിപ്പുണരാന്‍ കൊതിക്കുമ്പോള്‍ ഊര്‍ന്നു പോകുന്ന മോഹങ്ങള്‍ പോലെ ഞാനടുത്തെത്തുമ്പോഴേക്കും അവള്‍ അപ്രത്യക്ഷയായിക്കഴിഞ്ഞിരുന്നു .
പിന്നെയും നീളുന്ന കാത്തിരിപ്പ് .
അതെ , ഇന്നും തുടരുന്ന കാത്തിരിപ്പിനൊടുവില്‍ എന്താകും ?
സ്വപ്നങ്ങളുടെ ഊര്‍വ്വരതയില്‍ വെറും ജലബിന്ദുക്കളായി മാറുമോ ഇതും . മനസ്സില്‍ കൊണ്ട് നടക്കാന്‍ മാത്രം വിധിക്കപ്പെടുന്ന അസംഖ്യം സ്വപ്നങ്ങളുടെ , മോഹങ്ങളുടെ കൂമ്പാരത്തിനിടയിലേക്ക് അറിയാതെയാണെങ്കിലും വലിച്ചെറിയേണ്ടി വരുന്ന ഒരു അവസ്ഥ .
അത് തന്നെയാണ് എന്റെ വിധിയും!
ഒരിക്കലും മോഹിക്കാന്‍ കഴിയാത്ത ഒരു ആത്മാവാണ് ഞാന്‍ .
ആ ഓര്‍മ്മയാണെന്നെ എന്നും പിന്നോട്ടും മുന്നോട്ടും പോകുവാനാകാതെ ഈ അനിശ്ചിതത്തില്‍ വലിച്ചെറിഞ്ഞിരിക്കുന്നത് .
കണ്ണുനീര്‍ തുള്ളികളുടെ വിലാപയാത്രകളില്ലാത്ത ഒരു ജന്മം !
കരയാനൊത്തിരി കാര്യങ്ങളുണ്ട് . എന്നാല്‍ കരയാനാകാത്ത മനസ്സ് .
ഒരു ബിന്ദുവില്‍ മാത്രം മനസ്സൂന്നി പ്രവര്‍ത്തിക്കാനാകാതെ ഞാനുഴറുകയാണ് .
അനാഥത്വത്തിന്റെ അസ്ഥിവാരം തോണ്ടുന്ന ചിന്തകള്‍ക്ക് നടുവില്‍ , ആര്‍ക്കോ വേണ്ടി നൊമ്പരപ്പെടുന്ന ഒരു മനസ്സ് ഞാനെന്നില്‍ കാണുന്നു . കറുത്ത നിറം മനസ്സിലാകെ നിറയുമ്പോള്‍ , ഒരു വെളിച്ചം തേടി അലയുന്ന വ്യാകുലത .
ആശ്വാസമേകാന്‍ ഒരു തണുത്ത കാറ്റുമായി , സുഗന്ധം വമിക്കുന്ന ഒരു ചെറു കാറ്റുമായി എന്നാകും വസന്തം കടന്നു വരിക ?
വിളിക്കാതെ വരുന്ന അതിഥിയെപ്പോലെ , ആ വരവും കാത്ത് ഞാനിരിക്കാം . പക്ഷെ എന്റെ കാത്തിരിപ്പ് എന്നത്തെയും പോലെ വ്യര്‍ത്ഥമായാലോ ?

ചിലതിനു നിര്‍വ്വചനങ്ങള്‍ ഇല്ല

ജീവിതത്തില്‍ ഒരുപാട് ഓര്‍മ്മകളുടെ പാട് വീണ ഒരു ക്യാന്‍വാസ് ഉണ്ട് . അതിനെ നാം ഹൃദയം എന്ന് വിളിക്കുന്നു . മനസ്സ് എന്ന ഓമനപ്പേരില്‍ മസ്തിഷ്കകോശങ്ങള്‍ക്കിടയില്‍ എവിടെയോ പോയൊളിച്ചിരിക്കുന്ന ഓര്‍മ്മകള്‍ പ്രതിഫലിക്കുന്നത് മുഖത്താണ് . വികാരങ്ങള്‍ ഹൃദയത്തിലും .
നീണ്ടു നില്‍ക്കുന്ന ഒരു ചലച്ചിത്രം പോലെ ഓര്‍മ്മകളില്‍ ശരിയും തെറ്റും ഇടകലര്‍ന്നു വികാര ബിന്ദുക്കളുടെ ഒരു പ്രയാണം . അതിനെ നാം ജീവിതമെന്ന് പേരിട്ടു വിളിക്കുന്നു .
വിദ്യുത് നാളം പോലെ മനസ്സിനെ പിടിച്ചു കുലുക്കുന്ന , ഞെട്ടലുളവാക്കുന്ന ഒത്തിരി അനുഭവങ്ങള്‍. നാമതിനെ പാഠങ്ങള്‍ എന്ന് വിളിക്കുന്നു. തട്ടി വീണിട്ടും മനസ്സിലാകാത്ത , വീഴും മുന്നേ മനസ്സിലാകുന്നവ , വീഴുമ്പോള്‍ അറിയുന്ന മന്ദബുദ്ധികളായി മനുഷ്യര്‍ .

Tuesday, April 22, 2014

ഞാന്‍ നിനക്കാര് ?


ഇഷ്ടങ്ങളുടെ പഞ്ജരത്തിൽ
സ്വപ്നങ്ങളുടെ മഞ്ചലിൽ
മയങ്ങിയുണരാൻ കൊതിക്കും
പഞ്ചവർണ്ണക്കിളിയാണ് ഞാൻ !

തുറന്നുകിടക്കും വാതായനം വിട്ടു
പരന്ന നീലാകാശം തേടാൻ
അരുതുകളില്ലെന്റെ ജീവനിലെന്നാലും
മനമത് കൊതിപ്പതില്ലൊരുനാളും .

ദിനവുമെന്നാകാശത്തുദിച്ചസ്തമിക്കും
നീയാം സൂര്യനില്ലയെങ്കിൽ
തരുലതകൾ വാടിപ്പോവും
മലർവാടിയാകുമെൻ മാനസം .

ഒരുനാളും നിന്നിലലിയാനാകില്ലെങ്കിലും
പ്രിയമോലുമൊരിഷ്ടത്താൽ ബന്ധിച്ചു
മരണമെത്തുവോളം കരുതിവയ്ക്കാൻ
കൊതിയോടെ ഞാനുണരുന്നു നിത്യം.

മണ്ണിൽ തുളഞ്ഞുകയറിപ്പോള്ളിക്കും നിൻ
സ്വേദബിന്ദുക്കള്‍ നെഞ്ചിലേറ്റ് വാങ്ങി
മതിവരുവോളം തണുത്തുറഞ്ഞൊരു
ഹിമശൈലമാകാനുണരുന്നു ഞാൻ .
----------------------------ബി ജി എന്‍

Monday, April 14, 2014

റോംഗ് നമ്പര്‍

ഔദ്യോഗിക ആവശ്യത്തിനായാണ് സേതു ആ നമ്പര്‍ തിരക്കിയത് . ഒടുവില്‍ ഓഫീസ് പാഡില്‍ പഴയ താളുകളിലൊന്നില്‍ മാഞ്ഞു തുടങ്ങിയ ആ നമ്പര്‍ അയാള്‍ കണ്ടെത്തി . അന്ന് ,അത്യാവശ്യമില്ലാതിരുന്നതിനാല്‍ പെന്‍സില്‍ കൊണ്ട് കോറി ഇട്ടതാണ്  വെറുതെ . മറവികളുടെ മാറാലയില്‍ അത് അങ്ങനെ പൊടിപിടിച്ചു കിടന്നിരിക്കാം .
ഒരു വലിയ കോള് ഒത്തു വന്നിരിക്കുന്നു . അതുറപ്പിക്കണം എങ്കില്‍ ഈ നമ്പര്‍ സഹായിക്കണം .
കമ്പനിയുടെ പേരു മാത്രം ഓര്‍മ്മ ഉണ്ട് ഏതോ മാര്‍വാഡിയാകണം അപ്പുറത്ത് .
നമ്പര്‍ മൊബൈലില്‍ കുത്തി കാതോടു ചേര്‍ത്തു . ഭാഗ്യം കോള്‍ പോകുന്നുണ്ട് . സമാധാനമായി .
റിംഗ് നിലച്ചു അപ്പുറത്ത് ഒരു സ്ത്രീ സ്വരം കാതിലേക്കൊഴുകി വന്നു .
"ഹലോ "
സെക്രട്ടറി ആകുമോ അതോ ടെലിഫോണ്‍ ഓപ്പറേറ്ററോ ..!
" ഹലോ " സേതു തിരികെ ശബ്ദിച്ചു .
'യേ റയിന്‍ബോ ഹേനാ ?" അയാള്‍ ചോദിച്ചു .
പക്ഷെ ഒരു നിമിഷത്തിനു ശേഷം മറുവശത്ത്‌ നിന്നും വന്ന ശബ്ദം സേതുവിനെ നിരാശനാക്കി .
"നഹി യേ റയിന്‍ ബോ നഹി ഹേ  . റോംഗ് നമ്പര്‍ "
നിരാശയോടെ സേതു കസേരയിലെക്കിരുന്നു .
ഭാഷയിലെ ഉച്ഛാരണം ശ്രദ്ധിച്ച സേതു കൗതുകത്തോടെ തിരക്കി "മലയാളി ആണോ ?"
"അതെ , ആരാ വിളിക്കുന്നെ ?" മറുപുറത്തു നിന്നും ആശ്ചര്യത്തോടെ മറുപടി വന്നു .
"അല്ല സംസാരം കേട്ടപ്പോള്‍ തോന്നി . മറുനാട്ടിലെ മലയാളിയുടെ ഹിന്ദി കേട്ടാല്‍ ഉടനെ മനസ്സിലാകുമല്ലോ " സേതു ഒരു ചിരിയോടെ പറഞ്ഞു .
മറു വശത്തുനിന്നും ഒരു ചിരി പൊഴിഞ്ഞു വീണു . ഇപ്പൊ സ്വാഭാവികമായി ആ പെണ്‍കുട്ടി അതോ സ്ത്രീയോ നഖം കടിക്കുന്നുണ്ടാകാം അയാള്‍ വെറുതെ മനസ്സില്‍ ഓര്‍ത്ത്‌  ഒരു പുഞ്ചിരിയോടെ .
"ആരാണ് ?  എവിടെ നിന്നാണ് ? " മഴ കാത്തിരുന്ന വേഴാമ്പല്‍ മഴ കണ്ടത് പോലെ ചോദ്യങ്ങള്‍ ശരവേഗത്തില്‍ വന്നു .
പെട്ടെന്ന് തോന്നിയ ഒരു കുസൃതിയില്‍ സേതു പേര് മാറ്റി കിഷോര്‍ എന്ന് പറഞ്ഞു .
"ഇടയ്ക്കിടെ ഞാന്‍ ഈ നമ്പരില്‍ വിളിക്കുന്നതില്‍ വിരോധമുണ്ടോ " സേതുവിലെ കിഷോര്‍ ആകാംഷയോടെ തിരക്കി .
"എന്തിനാ വിളിക്കുന്നെ ? " മറുപടി സ്വരം വളരെ താഴ്ന്നിരുന്നു .
"വെറുതെ ഒരു സന്തോഷം " കിഷോര്‍ എന്ന സേതു ഊറിച്ചിരിച്ചു .
"വിളിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല . പക്ഷെ സംസാരം അതിര് കടന്നാല്‍ പിന്നെ ഞാന്‍ ഫോണ്‍ എടുക്കില്ല "
മറുപടി കേട്ടപ്പോള്‍ സമാധാനമായി .
"ഹേയ് അങ്ങനെ ഒന്നുമില്ല . എന്റെ സൗഹൃദം അതിര് കടന്നു എന്ന് തോന്നുന്ന നിമിഷം തുറന്നു പറഞ്ഞോളൂ . പിന്നെ ഞാന്‍ വിളിക്കില്ല "
" അങ്ങനെ ആണേല്‍ വിളിച്ചോളൂ . അയ്യോ ഇപ്പൊ ഞാന്‍ പോകട്ടെ ഒരുപാട് പണി കിടക്കുന്നു . പിന്നെ വിളിക്കുക ." അവള്‍ കട്ട് ചെയ്തു പോയി .
കുറച്ചു നേരം ആ ശബ്ദത്തിന്റെ ലഹരിയില്‍ സേതു അവിടെ തന്നെ ഇരുന്നു . പിന്നെ തന്റെ ജോലികളിലേക്ക് വീണു .
ദിവസങ്ങള്‍ ഓടിയകന്നു .
സേതു വീണയെ എന്നും വിളിക്കും സംസാരിക്കും . വീണ ഒരു തനി നാട്ടിന്‍പുറത്ത് കാരി വീട്ടമ്മ .
ഭര്‍ത്താവും ഒരു മകളും ആയി ഇവിടെ ഡല്‍ഹിയില്‍ താമസം . നാട്ടില്‍ പറയത്തക്ക ബന്ധുക്കള്‍ ഒന്നുമില്ല . ഇവിടത്തെ കാലാവസ്ഥയും ആയി പൊരുത്തപ്പെട്ടു പോകാന്‍ കഴിയാത്ത ആ പാവം ഭര്‍ത്താവിന്റെയും കുട്ടിയുടെയും ലോകത്ത് തന്നെ തളച്ചിട്ടു ജീവിതം ജീവിച്ചു തീര്‍ക്കുന്നു എന്ന് മനസ്സിലാക്കി സേതു .
വിവാഹം , കുട്ടികള്‍ ഇവയൊക്കെ ഒരു ശല്യം എന്ന് കരുതിയിരുന്ന സേതുവിന് ഈ കൂട്ട് കെട്ടില്‍ നിന്നും ഒന്ന് കൂടി മനസ്സിലായി . നമ്മള്‍ വില പറഞ്ഞു വാങ്ങി കൊണ്ട് വരുന്ന മൃഗം ആണ് ഭാര്യ എന്നൊരു അധമ ചിന്തയില്‍ അവരെ നാം നമ്മുടെ ആഗ്രഹങ്ങള്‍ക്കും ആവശ്യങ്ങല്കും വേണ്ടി ഉപയോഗിക്കുന്നു എന്നതിനപ്പുറം അവരിലേക്കൊരു ദയയുടെ കണിക പോലും നല്‍കുന്നില്ല . അവര്‍ക്കെന്താണ്‌ വേണ്ടത് , അവരുടെ ആഗ്രഹങ്ങള്‍ എന്താണ് എന്നതൊന്നും നാം ഓര്‍ക്കുന്നില്ല . അസുഖം വന്നാല്‍ ആശുപത്രിയില്‍ കൊണ്ട് പോകുന്നതും , അടുക്കളയിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിലും , രാത്രിയില്‍ കിടക്കയില്‍ ചവിട്ടി അരയ്ക്കപ്പെടുന്നതിനും വേണ്ടി മാത്രം സ്നേഹിക്കുന്ന ഒരു ജീവി ആയി ഭാര്യയെ കാണുമ്പോഴും , ഇതെല്ലം സഹിച്ചു , അയാളെ മാത്രം സ്നേഹിച്ചും വിശ്വസിച്ചും അനുസരിച്ചും കഴിയുന്ന നാടന്‍ പെണ്ണിന്റെ ജീവിതം വളരെ പഠനാര്‍ഹാമായി തോന്നി സേതുവിന് .
ഒരിക്കല്‍ പോലും അവര്‍ തമ്മില്‍ ഉള്ള സംസാരത്തില്‍ അശ്ലീലം കടന്നു വരാതിരിക്കാന്‍ രണ്ടു പേരും നന്നായി ശ്രമിച്ചു പോന്നു . ദൃഡമായ ഒരു സൗഹാര്‍ദ്ദം അവര്‍ക്കിടയിലേക്ക് ഉയര്‍ന്നു വന്നു .
അത്യാവശ്യ ഘട്ടങ്ങളില്‍ അവള്‍ക്കു സഹായകമായി സാമ്പത്തിക സഹായം പോലും സേതു ചെയ്തു കൊടുത്തു .
ഒരിക്കല്‍ പോലും തിരികെ വാങ്ങാതെ ഒരു സഹോദരനോ ,അതിനപ്പുറമോ ആയ ഒരു നിലയില്‍ അയാള്‍ അവളെ കണ്ടു പോന്നു .
ജീവിതത്തിന്റെ പ്രാപ്പിടിയന്‍  ലോകത്ത്  കളങ്കം ഇല്ലാത്ത രണ്ടു ആത്മാക്കള്‍ ആയി അവര്‍ . സേതുവിലെ കിഷോറിനെ അപ്പാടെ അവള്‍ മുറിച്ചെറിഞ്ഞു എന്നതാണ് ശരി .
ഇന്ന്  ബന്ധങ്ങളുടെ വില സേതുവിനറിയാം .
സേതു വിവാഹിതനാകാന്‍ ശ്രമം തുടങ്ങി കഴിഞ്ഞു . വീണയാണ് അയാള്‍ക്ക്‌ വേണ്ടി പെണ്ണു തേടുന്നത് . ഒരുപക്ഷെ ഈ ബന്ധം നാളെ കൂടുതല്‍ ശക്തമാകാം . അല്ലെങ്കില്‍ വരുന്ന പെണ്ണിന്റെ കാഴ്ചപ്പാടനുസരിച്ച് അവ തകരുകയും ആകാം . ഭാവിക്ക് വിട്ടു കൊടുക്കട്ടെ ഞാന്‍ അവരെ .
ആശുഭകാഴ്ചകള്‍ കാണാന്‍ മനസ്സ് പാകമല്ല .
...................................ശുഭം .

Sunday, April 13, 2014

യാത്രികർ നിരാശപൂവ് ചൂടുന്നു


എഴുതി മുഴുമിപ്പിക്കാത്ത തിരക്കഥകളിൽ നിന്നും
പറഞ്ഞു തീരാത്ത പഴംകഥകളിൽ എത്തുമ്പോൾ
കണ്ടു തീരാത്ത മായക്കാഴ്ചകളിൽ മുഖമറിയാതെ
എവിടെയോ  നമ്മൾ സ്വയം നഷ്ടമായിങ്ങനെ .

ചിതൽ തിന്നുതീർക്കുന്ന തത്വശാസ്ത്രങ്ങൾക്കോ
ഇരുല്പക്ഷി കൊന്നൊടുക്കിയ നീതിസാരത്തിനോ
നില്നില്പ്പില്ലാതെ അടർന്നുവീണ പരശതം
പൈന്മരങ്ങൾക്കോ ഒരു മഴ തരുവാനാകില്ലൊരിക്കലും.

നടന്നു തീർക്കേണ്ട വഴികളിലേവം പതിയിരിക്കും
കനൽത്തുണ്ടുകളിൽ പാദമമരവേ  വിറയ്ക്കാതെ
ഹൃദയം പറഞ്ഞുകൊണ്ടേയിരിക്കും വേദനയില്ലാതെ
താണ്ടുവാനില്ലാ ഇനിയുമധികമിടനാഴികൾ നമുക്ക് .

വിരഹത്തിന്റെ തീക്കാറ്റൂതി മടുത്തൊരു മഴപ്പക്ഷി
വേനലിന്റെ മാറിൽ തൂവൽ കൊഴിഞ്ഞുതിരുമ്പോൾ
മാമ്പഴക്കാലം കടന്നു വരുന്ന കുളിർത്തെന്നൽ
നാവിൽ മധുരമിറ്റിച്ചു കടന്നു പോകുന്നുണ്ടാകാം .

ഇനിയാത്ര അരുതെന്ന് മനസ്സ് പതറി പറയും
കുന്നിൻച്ചരുവുകളിൽ സന്ധ്യ കൂട് കൂട്ടും മഴവില്ലുകൾ
നിറമഴിഞ്ഞു വെറുമൊരു ചികുരഭാരമായി വഴി മറച്ചു
ഇരുള് കാട്ടുന്നതറിയുന്നതെങ്ങനെയീ അന്ധജന്മം ...!
-----------------------ബി ജി എൻ വർക്കല -------------------