Friday, March 15, 2024

നിന്നെക്കുറിച്ച്

നിന്നെക്കുറിച്ച്...

എഴുതാൻ തുടങ്ങുമ്പോഴൊക്കെ
എന്നെ തടഞ്ഞുകൊണ്ട്
നിൻ്റെ നീൾമിഴികൾ നിറയുന്നു.
ഞാൻ എഴുതുമ്പോൾ
അത് മറ്റാർക്കോ വേണ്ടിയെന്ന്
നീ ഭയക്കുന്നു.

വരയ്ക്കാൻ തുടങ്ങുമ്പോഴൊക്കെ
എന്നെ തടഞ്ഞു കൊണ്ട്
നീ പരിഹാസം ചൊരിയുന്നു.
എൻ്റെ രതിറാണിമാരുടെ
ഉടലളവുകൾ ഞാൻ പകർത്തുകയാണ് 
എന്ന് നീ പരിഭവിക്കുന്നു.

പാടാൻ തുടങ്ങുമ്പോഴൊക്കെ
എന്നെ തടഞ്ഞു കൊണ്ട് 
നീ ദേഷ്യപ്പെടുന്നു.
എൻ്റെ സ്വരം നീ മാത്രം കേൾക്കണ്ടതാണ്
എന്ന് നീ അവകാശപ്പെടുന്നു.

നിന്നോട് മിണ്ടാൻ തുടങ്ങുമ്പോൾ
നിന്നെ സ്നേഹിക്കാൻ തുടങ്ങുമ്പോൾ
നിന്നെ പ്രണയിക്കാനൊരുങ്ങുമ്പോൾ
നീ എന്നെയുപേക്ഷിച്ചു യാത്രയാകുന്നു.

ഒരു തളിരിലയാൽ,
ഒരു വള്ളിത്തുമ്പിനാൽ
നീയെൻ്റെ ഉടലിനെ തഴുകി മുറുക്കുന്നു.
നിൻ്റെ നിറഞ്ഞ മാറിടത്തിൽ നിന്നും
പ്രണയരസം ഉതിരുന്നു.
പക്ഷേ അപ്പോഴും
എനിക്കപ്രാപ്യമായ അകലത്തിൽ
നീ ഒരു പൂന്തോട്ടമായി നില്ക്കുന്നു.

ഞാൻ...
മരുഭൂമിയുടെ തീക്കാറ്റിൽ,
ഉടലുവെന്ത ഗാഫ് മരമാകുന്നു.
നിറുകയിൽ വീഴുന്ന 
ഒരു തരി തണുപ്പിനായ്.
ഉണങ്ങി വരണ്ട് 
കാത്തു കിടക്കുന്നു.
നീയതറിയുന്നുണ്ടാകുമോ.....?
@ബിജു.ജി.നാഥ് വർക്കല

Saturday, March 9, 2024

പ്രണയം



പ്രണയം.

അഗ്നിയായ് നമ്മൾ ജ്വലിച്ചിരുന്നു
ഹിമമായീ മണ്ണിൽ അലിഞ്ഞിരുന്നു.
തൂവലായ് കാറ്റിൽ പറന്നിരുന്നു
ഇലയായ് സമുദ്രത്തിൽ വീണിരുന്നു.

സ്വപ്നങ്ങൾ നമ്മൾ പകുത്തിരുന്നു
ദുഃഖത്തിൽ പങ്കാളിയായിരുന്നു.
നമ്മൾ പരസ്പരം ചുമലുകളായ്
നമ്മൾ മനസ്സിലൊന്നായിരുന്നു.

പ്രണയവും വിരഹവും കാമവുമായ്
ഇരവും പകലും പോയ് മറഞ്ഞു.
ഋതുക്കൾ മാറുവതറിയാതെ നാം
ധരണിയിൽ ഹരിണങ്ങൾ പോലലഞ്ഞു.

സ്വച്ഛമാകാശം മേഘത്തണൽ വിരിച്ചും
മന്ദസമീരൻ, തൻ കുളിർ നല്കിയും
മേദിനി ഹരിതാഭ വാരീയണിഞ്ഞും
ചേർത്തു പിടിച്ചൂ നടത്തി നമ്മെ!

ഒരു മുള്ളു കാലിൽ തറച്ചിടാതെ
ഒരു പേമാരിയും നനച്ചിടാതെ
ഒരു വേനൽ കൊണ്ടും വാട്ടിടാതെ
കരുതലോടെ നമ്മൾ വാണിരുന്നു.

വിട്ടു പോകാനായ് മനസ്സുമില്ല
പട്ടു പോകാനും ഇഷ്ടമില്ല
ഒറ്റക്കു പോകുവാൻ കഴിയുകില്ല
നമ്മളൊന്നിച്ചു പോകുന്നീ നിമിഷം.

ഒടുവിലീ അന്ത്യയാത്രയ്ക്കിടയിൽ
തിരികെ മടങ്ങാൻ കൊതിപ്പെടുന്നു.
ഒരു ജന്മകാലത്തിനകത്തു നമ്മൾ
മുഴുമിച്ചിടാത്തതെന്തോ തിരഞ്ഞ്.
@ബിജു. ജി. നാഥ് വർക്കല 19-02-2024

https://youtu.be/n_7KgMP43cM?si=jr5IiIrnshrvleYm

Monday, March 4, 2024

എല്ലാം ശര്യാകും

എല്ലാം ശര്യാകും

എന്നും കേട്ടിരുന്നാ വാക്ക് 
ഓരോ ദശാസന്ധികളിലും 
മുറതെറ്റാതെ കേട്ടു ശീലിച്ചു
എല്ലാം ശര്യാകും.

ജീവിതം കൈവിട്ടു പോയപ്പോൾ
ഉറ്റ സ്നേഹിതൻ അരികിലിരുന്നു 
ചുമലിൽ തട്ടിപ്പറഞ്ഞു പോയി.
എല്ലാം ശര്യാകും.

പ്രണയം പടിയിറങ്ങിപ്പോകുമ്പോൾ
ആശ്വാസം പോലെ പറഞ്ഞിരുന്നു
ഉരുക്കാണ് നീ എന്നതറിയുക 
എല്ലാം ശര്യാകും

അടിതെറ്റി വീണ് കിടന്നപ്പോൾ
അരികിലിരുന്നന്ന് നല്ല പാതിയും 
കൈവിരലുകൾ മെല്ലെതലോടിപ്പറഞ്ഞു 
എല്ലാം ശര്യാകും.

ഒടുവിൽ, വെള്ളപുതച്ചു കിടക്കുമ്പോൾ
വന്നണഞ്ഞു പല ദിക്കിൽ നിന്നവർ
തൊട്ടു നോക്കി തണുത്ത ദേഹിയിൽ
ഉള്ളാൽ പറഞ്ഞിരിക്കുമോ
എല്ലാം ശര്യാകുമെന്ന്!!!
@ബിജു ജി.നാഥ് വർക്കല

Sunday, March 3, 2024

Voyage to India ........................Athanasius Nikitin of Twer

Voyage to India (Travelog)

Athanasius Nikitin of Twer

Translated by Count Wielhorski

In Parenthese Publications

E Copy

 

 

നമ്മള്‍ അറിയുന്ന ചരിത്രം എല്ലാം നമുക്കാരെങ്കിലും പറഞ്ഞു തരുന്നവയാണല്ലോ . എഴുതപ്പെട്ട ചരിത്രങ്ങള്‍ക്കും വായ്മൊഴി ചരിത്രങ്ങള്‍ക്കും പരിമിതികള്‍ പലവിധമാണ് . എഴുതപ്പെടുന്നതായാലും അത് ചരിത്രനിര്‍മ്മിതിക്കൊപ്പം സംഭവിക്കുന്നതാണെങ്കില്‍ ഉള്ള ആധികാരികത ഒരിയ്ക്കലും കേട്ടു പഴകിയ കഥകളെ എഴുതുമ്പോ കിട്ടണമെന്നില്ല. കറുപ്പ് കാക്കയായി മാറുന്ന അതിഭാവുകത്വം അവയില്‍ ഉണ്ടാകുന്നു . പുരാണ കഥകളും , ബൈബിള്‍ കഥകളും ഒക്കെ ഇത്തരം വായ്പ്പാട്ടുകള്‍ ഇരുന്നൂറും മുന്നൂറും വര്‍ഷങ്ങള്‍ക്ക് ശേഷം എഴുതപ്പെട്ടവയായി മനസ്സിലാക്കാന്‍ സാധിക്കുന്നതിലെ അത്ഭുതം ആ വായനയോട് നമുക്ക് പുലര്‍ത്താനും കഴിയുന്നുണ്ട് . അമിതമായ വിശ്വാസവും ഭയവും അന്ധത നല്കുമ്പോള്‍ എല്ലാവര്ക്കും അതിനോടു സമരസപ്പെടാന്‍ കഴിഞ്ഞു എന്നു വരില്ല . ഒരു നൂറ്റമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിലും , ഇന്ത്യയിലും ഒരു അവതാരപുരുഷനും (തരം പോലെ വൈഷ്ണവരോ ശൈവരോ കൂടെക്കൂട്ടിക്കൊളും) ദൈവവുമായി ശ്രീ നാരായണ ഗുരുവിനെ ദര്‍ശിക്കാന്‍ വരുന്ന തലമുറയ്ക്ക് കഴിയും. ഇപ്പോഴേ ദൈവം ആണെന്ന് നടേശപുത്രന്‍ ശംഖുമുഖത്ത് പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുള്ളത് മറക്കുന്നില്ല. നമ്മുടെ രാജ്യം ഇന്ന് ചരിത്രം തിരുത്തി എഴുതുന്ന തിരക്കില്‍ ആണ് . അതിനായി മാത്രം നിയോഗിക്കപ്പെട്ട ഒരു കൂട്ടം എഴുത്തുകാര്‍ ഇന്ന് സജീവമായ എഴുത്തുകളുമായി തിരക്കിലാണ് . ദക്ഷിണേന്ത്യയല്ല ഉത്തരേന്ത്യയാണ് എന്നും ഇന്ത്യയുടെ ചരിത്രത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത് എന്നു കരുതുന്നു. പ്രധാനമായും ഉത്തരേന്ത്യയുടെ ഭൂവിഭാഗങ്ങളില്‍ ഒരുപാട് അധിനിവേശങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കൊള്ളയും കുരുതികളും സംഭവിച്ചിട്ടുണ്ട് . മുഗളന്‍മാരും മറ്റും എത്ര തന്നെ കൊള്ളയടിച്ചിട്ടും തീരാത്ത മുതലുമായി ഉത്തരേന്ത്യന്‍ ക്ഷേത്രങ്ങള്‍ അവശേഷിച്ചിരുന്നു എങ്കില്‍ എത്ര ധനികര്‍ ആയിരുന്നിരിക്കണം അവര്‍ . എന്നാല്‍ പോലും ഇന്ത്യയെ മുഗളര്‍ ഭരിച്ചിരുന്ന കാലത്ത് ഒരുത്തരേന്ത്യനും സ്വാതന്ത്ര്യമോഹം ആവശ്യപ്പെട്ടു സമരം നടത്തിയിട്ടില്ല . ഒരു ഗാന്ധിയും ഉപവസിച്ചിട്ടുമില്ല . പക്ഷേ ബ്രിട്ടീഷുകാര്‍ ഭരണം പിടിച്ചെടുത്തപ്പോള്‍ മാത്രമാണു ഇന്ത്യ അസ്വതന്ത്രയാണെന്ന് ഇന്ത്യാക്കാര്‍ക്ക് മനസ്സിലായത് എന്നു കേള്‍ക്കുമ്പോള്‍ അത് തൊണ്ട തൊടാതെ വിഴുങ്ങാന്‍ കഴിയുന്നവരാണ് ഭൂരിഭാഗവും . പക്ഷേ ഒന്നാലോചിച്ചാല്‍ ഈ സ്വാതന്ത്ര്യ സമരം ഒരു തരത്തില്‍ ഒരു ഗൂഡാലോചനയുടെ ബാക്കിയല്ലേ? രാജാക്കന്മാരുടെ അധികാരം കപ്പം വാങ്ങിക്കൊണ്ട് അതേപടി അനുവദിച്ചുകൊടുത്തിരുന്നവര്‍ ആയിരുന്നു മുഗളന്‍മാര്‍ . അവര്‍ക്ക് ഈ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ചു സ്വന്തം നാട്ടിലേക്കു കൊണ്ട് പോകാനും ഇവിടെ സുഖിമാന്‍മാരായി വസിക്കാനും മാത്രമായിരുന്നു താത്പര്യം. സാമന്ത രാജാക്കന്മാരായി തങ്ങള്‍ അതുവരെ അനുഭവിച്ച് വന്ന അധികാരം കൈവശം ഇരുന്നതിനാല്‍ രാജാക്കന്മാര്‍ക്കും മതം തിന്നു ജീവിച്ചിരുന്ന പുരോഹിതര്‍ക്കും പ്രശ്നം ഒട്ടും ഇല്ലായിരുന്നു . ബ്രിട്ടീഷുകാര്‍ ആകട്ടെ രാജ്യത്തെ കൊള്ളയടിക്കുന്നത് മാത്രമായിരുന്നില്ല കോളനി ഉണ്ടാക്കി അവരുടെ പരമാധികാരം അടിച്ചേല്‍പ്പിക്കുന്നതിലായിരുന്നു താത്പര്യപ്പെട്ടത് . നോക്കുകുത്തികള്‍ ആകുന്ന രാജാക്കന്‍മാര്‍ക്ക് എന്തു വിലയാണുള്ളത്! അപ്പോള്‍ ജനങ്ങളെ ഇളക്കി വിട്ടത് സ്വാതന്ത്ര്യ മോഹം എന്ന ഇരയെ ഇട്ടുകൊടുത്തുകൊണ്ടാണ് . മാത്രവുമല്ല മതവും സാഹിത്യവും പഠിച്ചു അടിയാളന്മാരായി ജീവിച്ചവര്‍ ഒക്കെ വിദ്യ നേടി ശാസ്ത്ര ബോധം ഉള്ളവരാകുന്ന അപകടവും മുന്നില്‍ കണ്ടു . എന്തായാലും അവര്‍ വിജയിച്ചത് രാജ്യവും അധികാരവും നഷ്ടപ്പെടുത്തിക്കൊണ്ടാണ് . എന്നാല്‍ അധികാരം എന്നത് പുതിയ തലക്കെട്ടില്‍, പുതിയ രൂപത്തില്‍ രാഷ്ട്രീയമായി തിരികെ വന്നതിനാല്‍ സ്വാതന്ത്ര്യം കിട്ടി എന്നത് ഒരു തമാശയായി അനുഭവപ്പെടുന്നിടത്തേക്ക് ജനം വീണുപോയി.

ചരിത്രം എഴുതുന്നതില്‍ പരാജയപ്പെട്ട ഒരു സമൂഹമാണു നാം! അതിനാല്‍ത്തന്നെ നമ്മുടെ ചരിത്രങ്ങളൊക്കെ അബദ്ധപഞ്ചാംഗങ്ങള്‍ ആയ മിത്തുകളും പുരാണങ്ങളും കൈമാറി കിട്ടിയ സംസ്കാരമെന്ന കടത്തിവിടലുകള്‍ ആണ് . ലോകത്തെ ഏറ്റവും പഴയ സംസ്കാരമായ സിന്ധൂനദീതട സംസ്കാരം അതിനാല്‍ ഇന്നും വിഗ്രഹങ്ങളും മിത്തുകളും ക്ഷേത്രങ്ങളും ഒക്കെയായി തല ഉയര്‍ത്തിനില്‍ക്കാന്‍ ശ്രമിക്കുന്നു . എഴുതപ്പെട്ട ചരിത്രങ്ങള്‍ നമുക്ക് ലഭിക്കുന്നത് ഭാരതീയരല്ലാത്ത സന്ദര്‍ശകരുടെ കുത്തിക്കുറിപ്പുകളിലൂടെ മാത്രമാണു . പക്ഷേ പരദേശികളുടെ കുത്തിക്കുറിപ്പുകളില്‍ പലപ്പോഴും സംഭവിക്കുക അതിശയോക്തികളും , അവര്‍ കണ്ട കാഴ്ചകളും അറിയുന്ന വിവരങ്ങളും ആരെങ്കിലും ഒക്കെ പറഞ്ഞു കൊടുക്കുന്നവയും ആകുന്നു. ഇതില്‍ നിന്നും സത്യം എത്രത്തോളം ഉണ്ടെന്നത് അന്വേഷിച്ചു കണ്ടെത്താന്‍ ഉള്ള ഒരു ശ്രമം കൂടി ചരിത്ര ഗവേഷകരില്‍ നിക്ഷിപ്തമാകുന്നു.

ഹ്യുയംസാംഗ് , ഇബ്നുന്‍ ബത്തൂത്ത തുടങ്ങിയവരുടെ സഞ്ചാരക്കുറിപ്പുകള്‍ വായിച്ചിട്ടുണ്ട് . ചരിത്രമെന്ന രീതിയില്‍ ആ വായനകള്‍ എത്രത്തോളം വസ്തുതകളെ സാധൂകരിക്കാറുണ്ട് എന്നതില്‍ കുറച്ചൊക്കെ കുഴപ്പങ്ങള്‍ കണ്ടിട്ടുമുണ്ട് .  ഇപ്പോള്‍ വായിച്ചത് പതിനാലാം നൂറ്റാണ്ടില്‍ റഷ്യയില്‍ നിന്നും ഇന്ത്യ കാണാന്‍ വന്ന അതാനെഷിയുസ് നികിതിന്‍ എന്ന സഞ്ചാരിയുടെ ഓര്‍മ്മക്കുറിപ്പാണ് . ഇരുപത്തിയാറു പേജുകള്‍ മാത്രമുള്ള , നെറ്റില്‍ ലഭ്യമായ ഈ പുസ്തകത്തില്‍ പതിനാലാം നൂറ്റാണ്ടിന്റെ ഭാരതത്തിലെ തീരദേശ പട്ടണങ്ങളുടെ കാഴ്ച രേഖപ്പെടുത്തിയിരിക്കുന്നു . കേരളം , ഗുജറാത്ത് , കര്‍ണ്ണാടക , സിലോണ്‍ എന്നറിയപ്പെട്ടിരുന്ന ശ്രീലങ്ക(പതിനാലാം നൂറ്റാണ്ടിലും സിലോണ്‍ എന്നറിയപ്പെട്ടിരുന്ന സ്ഥലമാണ് പുരാണങ്ങളിലെ ലങ്ക എന്നു കേള്‍ക്കുമ്പോള്‍ ഒരു തമാശയൊക്കെ തോന്നുന്നുണ്ട്) എന്നിവിടങ്ങളില്‍ കൂടി യാത്ര ചെയ്ത വിശേഷങ്ങള്‍ വളരെ കുറച്ചു മാത്രം ഇതില്‍ പറയുന്നു. സ്ഥലനാമങ്ങള്‍ പലതും ഊഹങ്ങള്‍ ആണ് ഇതായിരിക്കും എന്നത് . കാരണം റഷ്യക്കാരന്‍ ഇന്ത്യന്‍ ഭാഷ അറിയാതെ അതിനെ ശരിക്ക് ഉച്ചരിക്കാന്‍ കഴിയാതെ എഴുതുന്നതാണല്ലോ . കേരളത്തില്‍ വന്ന അയാള്‍ കണ്ട കാഴ്ചയെ ഇങ്ങനെയൊക്കെ വിവരിക്കുന്നു . കച്ചവടക്കാരായ വെളുത്ത തൊലിയുള്ളവരെ ആരാധനയോടെ നോക്കുന്ന കറുത്ത വര്‍ഗ്ഗക്കാര്‍ . അരയില്‍ ഒരു തുണി മാത്രമുടുത്ത സ്ത്രീ പുരുഷന്മാര്‍ . വര്‍ഷാവര്‍ഷം പ്രസവിക്കുന്ന, അരക്കെട്ടില്‍ ദുര്‍മേദസ്സുള്ള തടിച്ച സ്ത്രീകള്‍  . ആറ് ഏഴു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് തുണിയെന്ന വസ്തുവേ ശരീരത്തില്‍ ഇല്ല . വിദേശികള്‍ ആയ കച്ചവടക്കാര്‍ വന്നാല്‍ അവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ വീട്ടുകാര്‍ക്ക് വലിയ താത്പര്യമാണ് . അങ്ങനെ അതിഥി ആയി കിട്ടുന്ന ആളുടെ പരിചരണം ഗൃഹനായികയുടെ സ്വന്തം ചുമതല ആണ് . ഭക്ഷണ പാനീയങ്ങള്‍ നല്കുക മാത്രമല്ല ശരീരദാനം കൂടി അവള്‍ ചെയ്തു കൊടുക്കും. ഗുജറാത്ത് പോലുള്ള ഇടങ്ങളിലെ യാത്രയിലും ജനങ്ങള്‍ അര്‍ദ്ധനഗ്നരാണ് . സ്ത്രീകള്‍ അതും സമൂഹത്തിലെ ഉയര്ന്ന അധികാരത്തില്‍ ഉള്ള സ്ത്രീകള്‍ ഒരു നീണ്ട തുണി അരയിലൂടെ ചുറ്റി മാറിലൂടെ തലയില്‍ ഇട്ടിട്ടുണ്ട് . ആരെങ്കിലും മരിച്ചാല്‍ ശവശരീരം കത്തിച്ചു ചാരം നദിയില്‍ ഒഴുക്കും. (സതിയെക്കുറിച്ച് ഒന്നും പറഞ്ഞു കണ്ടില്ല ). രാജാക്കന്മാരും റാണിമാരും യാത്ര ചെയ്യുമ്പോള്‍ സ്വര്‍ണവും വെള്ളിയും കൊണ്ട് പണിഞ്ഞ കട്ടിലും, പല്ലക്കും ചുമക്കുന്ന ഭൃത്യന്മാര്‍ക്കു അരയിലൊരു ചെറിയ തുണി ഉണ്ടാകും അവര്‍ക്ക് , കൈയ്യില്‍ വാളോ കുന്തമോ കത്തിയോ അമ്പും വില്ലുമോ കാണും. അര്‍ദ്ധനഗ്നരായ സ്ത്രീകള്‍ റാണിമാര്‍ക്ക് കുടിക്കാനുള്ള വെള്ളം നിറഞ്ഞ പാത്രവുമായി ഓരോ പല്ലക്കിനും ഒപ്പം സഞ്ചരിക്കും. മുസ്ലീം ഭരണാധികള്‍ പലരും അദ്ദേഹത്തിന്റെ കുതിരയെ പിടിച്ച് വച്ച് ക്രിസ്തുമതം ഉപേക്ഷിച്ചു മുസ്ലീം ആകാന്‍ നിര്‍ബന്ധിച്ച് എന്നും അത് ചെയ്താല്‍ കുതിരയെയും പൊന്‍പണവും നല്കാം അല്ലെങ്കില്‍ അവയൊക്കെ അങ്ങോട്ട് കൊടുക്കണം എന്നു നിര്‍ബന്ധം പിടിച്ചതായും മതം മാറാതെ തന്നെ രക്ഷപ്പെട്ടതുമായ കഥകള്‍ സഞ്ചാരി വിവരിക്കുന്നു . മുഴുവന്‍ വിവരണങ്ങളിലേക്കും പോകുന്നില്ല എങ്കിലും ചില വിവരണങ്ങളില്‍ കല്ലുകടിയും ചിലവ ചിന്തയ്ക്കും വഴി വച്ചു. ചരിത്രപഠനം നടത്തുന്നവര്‍ക്ക് വായിക്കാന്‍ ഉതകുന്ന ഈ പുസ്തകം മൂലകൃതിയുടെ ഇംഗ്ലീഷ് പരിഭാഷയാണ് . അതാനെഷിയുസ് നികിതിന്‍ കുറിച്ചു വച്ച ചരിത്രം പല ധാരണകളെയും തിരുത്താനോ കൂട്ടിച്ചേര്‍ക്കാനോ സഹായിക്കുന്ന ഒരു വായനയാണ് . സസ്നേഹം ബി.ജി.എന്‍ വര്‍ക്കല

 

 

 

 


കാലമേ സാക്ഷി ........................... ദീപ മംഗലം ഡാം

 


കാലമേ സാക്ഷി (കഥകള്‍ )

ദീപ മംഗലം ഡാം

ഗ്രാമീണ പബ്ലിക്കേഷന്‍സ്

വില : ₹ 160


 


പതിമൂന്നു കഥകളും ഒരു നോവലെറ്റും അടങ്ങിയ കാലമേ സാക്ഷി എന്ന പുസ്തകം ദീപ മംഗലം ഡാം എന്ന കലാകാരിയുടെ സംഭാവനയാണ് . ഗാനരചയിതാവ് , കവി , എഴുത്തുകാരി , സാമൂഹ്യ പ്രവര്‍ത്തക തുടങ്ങിയ ബഹുമുഖ പ്രതിഭയുള്ള ദീപ മംഗലം ഡാം നോവല്‍ , കഥ കവിത , ഷോര്‍ട്ട് ഫിലിം , ഗാനങ്ങള്‍ എന്നിവയിലൂടെ സോഷ്യല്‍ മീഡിയയിലും സാഹിത്യരംഗത്തും അറിയപ്പെട്ടു വരുന്ന ഒരാള്‍ ആണ് .


“ഇതെന്റെ മനസ്സാണ്

ഒരു ചെറുകനവിതിലുണ്ട്

ഒരു നോവിന്‍ ഗദ്ഗദവും” എന്നു തുടങ്ങുന്ന ഈ പുസ്തകത്തിലെ , കഥകള്‍ എല്ലാം സമൂഹത്തിലെ വിവിധ വിഷയങ്ങളെ തൊട്ട് തലോടി കടന്നു പോകുന്നവയാണ് . ഒറ്റപ്പെടുന്ന വാര്‍ദ്ധക്യങ്ങള്‍ , പരാജയപ്പെട്ടു പോകുന്ന മനുഷ്യര്‍ എന്നിവരുടെ മൗനഭാഷ്യം കഥകളില്‍ കൊണ്ടുവരാന്‍ എഴുത്തുകാരി ശ്രമിച്ചിട്ടുണ്ട് . ജീവിതം കൈവിട്ടുപോകുന്ന നിമിഷങ്ങളില്‍ ഒരു പുനര്‍ ചിന്ത ആവശ്യമെന്ന് പറയാന്‍ ശ്രമിക്കുന്ന കഥാ പാത്രങ്ങള്‍ , സ്ത്രീധനം, രോഗാവസ്ഥ , വാര്‍ധക്യം , ഒറ്റപ്പെടല്‍ തുടങ്ങിയ മാനുഷികാവസ്ഥകളുടെ വിലയിരുത്തലുകള്‍ ആയി കഥകളെ സമീപിക്കാവുന്നതാണ് . എഴുതിത്തുടങ്ങുന്ന ഒരാള്‍ എന്ന നിലയ്ക്കുള്ള ചില പോരായ്മകള്‍ കഥകളുടെ ഫ്രെയിം വര്‍ക്കുകളില്‍ കാണാം . പൊതുവേ എഴുത്തുകാരില്‍ ഇന്ന് കണ്ടു വരുന്ന ഒരു പ്രശ്നം കഥയോ കവിതയോ കൈയ്യിലുണ്ട് പക്ഷേ അത് പറഞ്ഞു പിടിപ്പിക്കാനുള്ള കഴിവ് ഉണ്ടാകാറില്ല എന്നതാണു.  അതുമൂലം വായനക്കാര്‍ക്ക് കഥകള്‍ വായിക്കുമ്പോള്‍ അതൊരാള്‍ പറഞ്ഞു തരുന്ന ഫീല്‍ ആണ് തോന്നുക. പലപ്പോഴും കഥാപാത്രങ്ങളെ കാണിച്ചു തരികയും ഇടയ്ക്കവര്‍ തന്നെ സംസാരിക്കുകയും ഒക്കെ ചെയ്യുന്നത് കാണുമ്പോള്‍ ഒരു വിവരണക്കുറിപ്പ് വായിക്കുന്ന പ്രതീതി ജനിച്ചുപോകും. ഇവിടെ ദീപ മംഗലം ഡാമിന്റെ കഥകളിലും നോവലെറ്റിലും ഇതേ പ്രശ്നങ്ങള്‍ ചിലപ്പോള്‍ ഒക്കെ തോന്നിപ്പിക്കുന്നുണ്ട് . നീന എന്ന കഥയില്‍ പ്രണയ വഞ്ചനയുടെയും പ്രണയ ദുരന്തത്തിന്റെയും രണ്ടു കാലങ്ങളെയാണ് അവതരിപ്പിക്കുന്നത് . സംഭവിക്കുമായിരുന്ന ഒരു വിഷമതയെ പക്ഷേ കൈകാര്യം ചെയ്ത രീതി ഭീരുത്വം നിറഞ്ഞ ഒന്നായി തോന്നി . മകളില്ലാ വീട് എന്ന കഥ എടുത്തുവളര്‍ത്തിയ കുട്ടിയെ തിരികെ കൊടുക്കേണ്ടി വരുന്ന ദമ്പതികളുടെ മനോവ്യഥ പ്രമേയമായിരുന്നു . വലിയ പരിക്കുകള്‍ ഇല്ലാതെ അക്കഥ പറഞ്ഞുപോയി . സെക്സ് ടോയ് എന്ന കഥ ദാരിദ്ര്യത്തിന്റെ പരകോടിയില്‍ ശരീര വില്പന തുടങ്ങേണ്ടി വന്ന ഒരു ബ്രാഹ്മണയുവതിയുടെ പ്രണയ സാഫല്യത്തിന്റെ കഥ പറയുന്നു . ഏറെ നാടകീയതകള്‍ കഥയെ ചൂഴ്ന്നു പോകുന്നുണ്ട് . മുറിവുകള്‍ എന്ന കഥയാകട്ടെ പീഡന ശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനില്‍ പരാതി പറയാനായി ചെന്ന് അവിടെ നിന്നും മുറിവേറ്റ മനസ്സുമായി ഇറങ്ങിപ്പോകേണ്ടി വരുന്ന ഒരു പെൺകുട്ടിയുടെ കഥ പറയുന്നു . പ്രമേയം നന്നായിട്ടുണ്ട് . പക്ഷേ പതിനായിരത്തില്‍ ഒന്നോ രണ്ടോ സംഭവിക്കുന്ന സംഭവങ്ങളെ കഥയാക്കുന്നതിലും നല്ലത് പോസിറ്റീവ് ആയുള്ള ഒരു ഊര്‍ജ്ജം സമൂഹത്തിനു നല്‍കുന്നതല്ലേ എന്നൊരു ആശങ്ക വായനയുടെ ഒടുവില്‍ തോന്നി . കാലമേ സാക്ഷി എന്ന കഥയും ഇപ്രകാരമാണ് തോന്നിച്ചത് . ഒരു സീരിയല്‍ കഥയ്ക്ക് അനുയോജ്യമായ വകകള്‍ അടങ്ങിയ കഥ ആയിരുന്നു അത് .  ലഹരി എന്ന കഥ മദ്യപാനത്തിന്റെ ദോഷങ്ങള്‍ കാണിക്കുന്ന, പറഞ്ഞു പഴകിയ ഒരു വിഷയമായി തോന്നി . അച്ഛന്‍ എന്ന കഥയും ഒരു സീരിയല്‍ ടൈപ്പ് കഥയായി തോന്നി . കാരണം മറ്റൊന്നുമല്ല നാടകീയത , കഥയെ പെട്ടെന്നു പറഞ്ഞു തീര്‍ക്കലിനുള്ള ആവേശം . എല്ലാം കുറച്ചു വാക്കില്‍ ഒതുക്കി നിര്‍ത്തണം എന്ന കരുതല്‍ ഒക്കെക്കൂടി വ്യത്യസ്ഥത ഉള്ള ആ വിഷയത്തെ ആഴത്തില്‍ പതിപ്പിക്കാന്‍ കഴിയാത്ത പോലെ ആക്കിയതായി അനുഭവപ്പെട്ടു . ഓട്ടോക്കാരന്‍ എന്ന കഥ നല്ല കഥ ആയിരുന്നു .ഇന്നത്തെ കാലത്ത് മനുഷ്യര്‍ക്ക് നഷ്ടമാകുന്ന മാനവികതയും കലര്‍പ്പില്ലാത്ത വികാര വിക്ഷോഭങ്ങളുടെ ആവിഷ്കാരവും കഥയെ നല്ല വായനാനുഭവം നല്‍കിച്ചു . മണല്‍ക്കാട്ടിലെ പഞ്ചവര്‍ണക്കിളികള്‍ സമൂഹത്തിലെ ഗുപ്തമായ ഒരു വൃദ്ധസദന സംവിധാനത്തിന്റെ തുറന്നു കാട്ടലായിരുന്നു . വാര്‍ദ്ധക്യം , ഒറ്റപ്പെടല്‍ ഇവയെ പക്ഷേ ശരിക്കും അനുഭവവേദ്യമാക്കാന്‍ കഴിഞ്ഞോ എന്നത് സംശയമാണ് . ഓര്‍മ്മപ്പൂക്കളിലെ മഞ്ഞു തുള്ളികള്‍ എന്ന നോവലെറ്റ് പ്രമേയത്തില്‍ വ്യത്യസ്ഥത ഉണ്ടായിരുന്നു എങ്കിലും കണ്ണികള്‍ വിട്ടുപോയ തുടക്കവും നാടകീയത കൊണ്ടുവരാനുള്ള ശ്രമത്തില്‍പ്പെട്ട് സീരിയലൈസ് ചെയ്യപ്പെടുകയും ചെയ്ത ഒരു വര്‍ക്കായിരുന്നു എന്നു അനുഭവപ്പെട്ടു . നോവലെറ്റ് എന്ന തലത്തില്‍ നിന്നും അകന്ന് ഇതൊരു കഥയായി പറഞ്ഞു പോകാമായിരുന്നു . അല്ലെങ്കില്‍ കുറച്ചു കൂടി വികസിപ്പിച്ചു ഒരു നോവല്‍ ആക്കാമായിരുന്നു . പറയാനുള്ളതെല്ലാം പറയാന്‍ കഴിഞ്ഞുമില്ല എന്നാല്‍ പറയുമ്പോള്‍ അവയില്‍ ലുബ്ധ് കാണിക്കുകയും ചെയ്ത പോലെ വായന തോന്നിപ്പിച്ചു .


ദീപ മംഗലം ഡാം എന്ന എഴുത്തുകാരിയുടെ കവിതകള്‍ , ഗാനങ്ങള്‍ ഒക്കെ മിക്കതും വായിച്ചിട്ടുണ്ട് . കഥയും ചിലതൊക്കെ സോഷ്യല്‍ മീഡിയയില്‍ വന്നത് വായിച്ചിട്ടുണ്ട് . പുസ്തകരൂപത്തില്‍ വായിക്കുന്നത് ഇപ്പോഴാണ് . നല്ല കഴിവുള്ള ഒരു എഴുത്തുകാരിയാണ് . ഭാഷ കൈയ്യിലുണ്ട് . അതിനെ ഒന്നു തേച്ച് മിനുക്കി , സമയക്കുറവുകള്‍ പരിഹരിച്ച് മനസ്സ് നൂറു ശതമാനം കൊടുത്തു ചെയ്യുകയാണെങ്കില്‍ ഇതിലും മികച്ച വര്‍ക്കുകള്‍ ഈ എഴുത്തുകാരിക്ക് നല്കാന്‍ കഴിയും എന്നൊരു തോന്നല്‍ അടയാളമിടുന്നവയാണ് വായിച്ചവയൊക്കെ . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല


 

എൻ്റെ പ്രണയമേ !!!

എൻ്റെ പ്രണയമേ !!!

പിണങ്ങിപ്പിരിഞ്ഞു നീ പോയാലും
പിന്നെ കുണുങ്ങി കുണുങ്ങിത്തിരികെ വരും 
എന്ന് പണ്ടാരോ പറഞ്ഞു പോയി.
ഇളം വെയിൽ പോലെ നീ 
എൻ്റെ ഹൃദയമേ ഞാൻ തരളിതനിന്ന്
ഇതാരേലും പറഞ്ഞിട്ടുണ്ടാകുമോ? 
ആരും പറയാത്ത വാക്കും
ആരും എഴുതാത്ത കവിതയും .!
ഇല്ല പെണ്ണേ 
അത് മാത്രം എനിക്കു കിട്ടുന്നില്ല.
പരിണാമഘട്ടത്തിൻ്റെ ഈ വർത്തമാന കാലത്തിൽ 
സാഹിതീയമായതൊന്നിലും
എഴുതപ്പെട്ടതിലും പെടാത്തതിലും
കാണാത്തതോ 
വായിക്കാത്തതോ ആയ
ഒന്നും എനിക്ക് പറയാൻ കിട്ടുന്നില്ല.
സത്യമായും ചെയ്യാനും.
ഞാൻ എന്നത് മാത്രമാണ് 
എനിക്ക് തരാൻ ഉള്ളത്.
ഞാൻ ഞാൻ മാത്രമാണല്ലോ.
എൻ്റെ പ്രണയം 
എനിക്കു മാത്രം കഴിയുന്നതൊന്നാണെന്ന്
ഞാൻ കരുതുന്നതിനാൽ
നിൻ്റെ പിണക്കങ്ങളും 
അകൽച്ചയും
കണ്ണീരും 
വേദനയും
ഞാനും അനുഭവിക്കുന്നുണ്ട് .
നീയതറിയുന്നില്ലെന്ന് മാത്രം. 
@ ബി.ജി.എൻ വർക്കല