കപടവിലാപം
വേനല്പറവകള്‍ പാട്ടുപാടും
തീരങ്ങള്‍ ഉണ്ടോ കടം തരുവാന്‍?
ഒന്നാപുളിനത്തില്‍ എന്നെ വയ്ക്കാന്‍
ഉള്ളം നിറയെ കൊതിവരുന്നൂ .
കാലം പതിയെ കടന്നുപോയി
പ്രായവും എന്നിൽനിന്നൂര്‍ന്നു പോയ് .
നീര്‍ത്തടം കാണാ മരുഭൂമിയതില്‍
കാരണമില്ലാതെ ഞാന്‍ കരഞ്ഞു .
വേദന വേദന ക്രൂരമാം വേദന
സന്ധികള്‍ തോറും തളര്‍ത്തിടുമ്പോള്‍
വേഗത പോലും മറന്നു പോം ഞാനീ
പാതയില്‍ ഒറ്റയ്ക്ക് പകച്ചു നില്‍പ്പൂ.
ഓര്‍മ്മയില്‍ പണ്ടുണ്ട് ഞാന്‍ വളര്‍ന്ന
ഗ്രാമത്തിന്‍ ഭംഗിയതന്റെ ഉള്ളില്‍
കണ്ണൊന്നടച്ചാല്‍ തെളിഞ്ഞു വരും
ചന്തമുള്ളാ വയല്‍പ്പച്ച മുന്നില്‍.
കാളയെ കെട്ടിയ നുകവുമായ്
മാനവനാെരാള്‍ വയല്‍ ഉഴുകുന്നതും
ചാട്ടുളി കാറ്റിലൊന്നാഞ്ഞു വീഴേ
വീണുപിടയും വെണ്‍ കൊറ്റിയേയും.
നെന്‍മണി കൊത്തിയകന്നു പോകും
തത്തമ്മപ്പച്ചയാല്‍ കണ്‍കുളിര്‍ക്കും .
തോര്‍ത്തു വലയാക്കി കോരിടുമാ
മാനത്തുകണ്ണി തന്‍പിടയൽ കാണാം.
തെന്നല്‍ നിറഞ്ഞ വയല്‍ വരമ്പില്‍
തെന്നാതെ പോകുമാ സാഹസവും.
പച്ചത്തവളതന്‍ കണ്ണ് നോക്കി
വട്ടെറിഞ്ഞീടും കുസൃതി കാണാം .
തെന്നിയുയര്‍ന്നങ്ങാകാശത്തെ
തൊട്ടിടാനായൂഞ്ഞാലാടുവോരും
കപ്പയിലത്തണ്ടാല്‍ താലി കെട്ടി
അച്ഛനുമമ്മയും കളിപ്പവരും
എത്ര മനോഹരമായിരുന്നാ
പോയ കാലത്തിന്റെ ശീതളിമ
ഒന്നുമേ ബാക്കിയില്ലാതെ പോകാന്‍
എന്താണ് കാരണം നാമല്ലാതെ.
കെട്ടിയുയര്‍ത്തി ഞാന്‍ കെട്ടിടങ്ങള്‍
വെട്ടിനിരത്തിയ വയല്‍നിറയെ
കൊത്തി വച്ചെന്നിട്ടെന്‍ ചുവരിലാകേ
ബാല്യത്തിന്‍ കൗതുകമൊക്കെയങ്ങ്.
എന്റെ വനം ഞാന്‍ വിറ്റെടുത്തു
എന്റെ മലകള്‍ ഞാന്‍ വിറ്റെടുത്തു
എന്റെ പുഴകളില്‍ വിഷം കലക്കി
എന്റെ മക്കളെ ഞാന്‍ രോഗിയാക്കി .
മഴയോര്‍ത്തും മലയോര്‍ത്തും പില്‍ക്കാലം
ഇടനെഞ്ചു പൊട്ടി ഞാന്‍ എഴുതിവിട്ടു.
വയല്‍ക്കിളി പാട്ടിന്റെ ഓർമ്മയിലോ
കദനത്തിന്‍ കാവ്യങ്ങള്‍ പടച്ചുവച്ചു.
നാടുമുഴുവന്‍ ഞാന്‍ സഞ്ചരിച്ചു
നഗരങ്ങളെ മാത്രം പ്രണയിച്ചന്ന്.
ഇന്നെന്‍ ജീവിത സായാഹ്നത്തില്‍
പണ്ടത്തെ കാഴ്ചകള്‍ തിരയുന്നിതാ.
@ബിജു ജി.നാഥ്