എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Wednesday, March 31, 2021
നമുക്കിതിനെ ജനാധിപത്യം എന്നു വിളിക്കാം.
Tuesday, March 30, 2021
ഫേസ്ബുക്കികൾ
Thursday, March 25, 2021
യാത്ര....
22 Britannia Road ......Amanda Hodgkinson
Friday, March 12, 2021
അന്ധദൈവത്തിൻ സന്നിധിയിൽ
ഹിമശൈലത്തിന്റെ തണുപ്പ്
വെറുമൊരോർമ്മയായ് മറയുന്നു.
ഇവിടെയിപ്പോൾ അഗ്നിയാണ് ചുറ്റും
പൊള്ളിക്കുന്ന ചൂടിന്റെ കുടയും.
ആപ്പിൾ മരങ്ങൾ പൂക്കൾ കൊഴിക്കുന്നു
കുങ്കുമപ്പൂക്കൾ കൊഴിഞ്ഞു വീഴുന്നു.
പുൽമേടിലെ പച്ച നിറം നരച്ചു പോയിരിക്കുന്നു.
ദുഃഖത്തിന്റെ മഞ്ഞുപാളിയിൽ പൊതിഞ്ഞു
കുതിരലായം വിറങ്ങലിച്ചു കിടപ്പാണ്.
മന്ത്രോച്ഛാരണങ്ങൾ കേൾക്കാത്ത
കല്ലിൻമനം നിസംഗമൗനത്തിലാണ്.
അള്ളാഹുവും പേരറിയാത്തൊരപരദൈവവും
ലൈവ് കണ്ടു രസിച്ച ആറു നാളുകൾ.
കൽ ദൈവത്തിന്റെ കറുത്ത കണ്ണിൽ
കന്യാചർമ്മം ഭേദിച്ച ചോര തെറിക്കവേ
ഭക്തവത്സലതയുടെ മുദ്രകാട്ടി
ശ്രീകോവിലിന്നിരുളിൽ ഇരുട്ടു മൂടുമ്പോൾ
മനസ്സിലാകാത്തൊരു ഭാഷയിൽ
ഒരു കുഞ്ഞു ശലഭം നീതി തേടുന്നു.
പെയ്തു തോരാത്ത മഴയുമായി
ഹിമവാന്റെ നിറുകയിൽ കാർമേഘം !
കഴുത്തൊടിഞ്ഞൊരു പിഞ്ചു ബാല്യം
താഴ് വരയുടെ വന്യതയിൽ ഒറ്റയ്ക്ക് കിടക്കുന്നു.
നമ്മൾ പടിവാതിൽക്കലിനിയും വരാത്ത
അതിഥിയെ ഭയക്കാതെ ഉറക്കമാണ്.
വേദനയറിയാത്തവന്റെ സാന്ത്വന
വചനങ്ങൾ ആവോളം ചൊരിഞ്ഞു കൊണ്ട്
നമ്മൾ മയക്കം പിടിക്കുകയാണ്.
........ ബി.ജി.എൻ വർക്കല
ഒരു വായനക്കാരന്‍ എഴുതിയ കഥകള്‍ ...................... നവീന്‍ എസ്
ഒരു വായനക്കാരന്‍ എഴുതിയ കഥകള്‍ (കഥകള്‍)
നവീന്‍ എസ്
ലോഗോസ് ബുക്സ്
വില : ₹ 140. 00
കഥകള്‍ മനുഷ്യരെ മയക്കുന്നതാകണം . അവന്റെ ചിന്തകളെ ഉത്തേജിപ്പിക്കുകയും അവന്റെ രസനകളെ ഊഷരമാക്കുകയും വേണം . ജീവസ്സുറ്റ കഥാപാത്രങ്ങള്‍ മുന്നില്‍ വന്നു നിന്നു വായനക്കാരനോടു സംവദിക്കണം . നോക്കൂ ഞാന്‍ ഇങ്ങനെയാണ് . നിങ്ങൾക്കെന്നെ വിലയിരുത്താം , വിമര്‍ശിക്കാം , സ്നേഹിക്കാം , വെറുക്കാം. ഈ ഒരു വായനാനുഭൂതി കഥകള്‍ക്ക് നല്കാന്‍ കഴിയുമ്പോള്‍ മാത്രമാണു കഥയും കഥാകാരനും വിജയിക്കുന്നത് . ബഷീറിന്റെ കഥകള്‍ വായിക്കുമ്പോള്‍ മനസ്സില്‍ ഉണ്ടാകുന്ന ഒരു അനുഭൂതിയല്ല എം ടി യുടെ കഥകള്‍ക്ക് നല്കാന്‍ കഴിയുക . അതിനു ഘടകവിപരീതമായ ഒരു അനുഭവം ആണ് മാധവിക്കുട്ടിയെ വായിക്കുമ്പോള്‍ . സിതാരയെ വായിക്കുമ്പോള്‍ തോന്നുന്ന വികാരവും കെ ആര്‍ മീരയെ വായിക്കുമ്പോള്‍ ഉണ്ടാകുന്ന വികാരവും ഒന്നല്ല . ബിനോയിയെ വായിക്കുമ്പോള്‍ കിട്ടുന്ന സുഖം ഉണ്ണി ആറിലോ തിരിച്ചോ കിട്ടുകയില്ല . പക്ഷേ ഇവരൊക്കെ കഥകള്‍ കൊണ്ട് നമ്മെ കെട്ടിയിടുന്ന ഒരു അനുഭൂതിയുടെ വിവിധങ്ങളായ ആ മേഖലകള്‍ ഉണ്ടല്ലോ അവയുടെ സംഗീതമാണ് കഥയെ വായനാസുഖവും അനുഭൂതിദായകവും ആക്കി നിലനിർത്തുന്നത് . ആനന്ദിനെയും മേതിലിനെയും എന്‍ എസ് മാധവനെയും വായിക്കുന്നതുപോലെ അല്ല പെരുമ്പടവത്തിനെയോ സക്കറിയെയോ വായിക്കുമ്പോള്‍ ഉണ്ടാവുക . വി കെ എന്‍ കഥകള്‍ക്ക് പകരക്കാരനുമില്ല. അശ്ലീലമയം ആയി കരുതി വായനയെ മടക്കി വയ്ക്കുന്ന പമ്മന്‍ നോവലുകളില്‍ നിന്നും എത്രയോ ദൂരെയാണ്, നേര്‍ വിപരീതമാണ് പമ്മന്‍ കഥകള്‍ . കഥകളില്‍ ഒരുപാടു പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു കാലമാണിത് . സോഷ്യല്‍ മീഡിയകള്‍ അടക്കമുള്ള പ്രതലങ്ങളില്‍ ഇന്ന് ഒരുപാട് എഴുത്തുകള്‍ നമുക്ക് വായിക്കാന്‍ കഴിയുന്നുണ്ട് .ഒട്ടനവധി ഗ്രൂപ്പുകള്‍ തന്നെ ഇന്ന് കഥയ്ക്കായി സോഷ്യല്‍ മീഡിയകളില്‍ ഉണ്ട് . ചിലതൊക്കെ വായനാസുഖം നല്കുന്നുണ്ട് എന്നാല്‍ പലപ്പോഴും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിൽ പലതും കെട്ടി എഴുന്നെള്ളിച്ചുകൊണ്ടു വന്നു ഓശാന പാടുന്ന എഴുത്തുകാരുടെ കോക്കസിനുള്ളില്‍ കിടന്നു ചക്രശ്വാസം വലിക്കുന്ന എഴുത്തുകാരുടെ ഇടമായി മാറുന്നുണ്ട് . ഒരു എഴുത്തുകാരനോ എഴുത്തുകാരിയോ ഉണ്ടാകും അവര്‍ക്ക് ചുറ്റും ഒരായിരം ഓശാനക്കാരും . അവര്‍ അവരുടേതായ മൃദു തടവും തലോടലുകളും കൊടുത്തു വളര്‍ത്തി എടുക്കുന്ന ഇത്തരം എഴുത്താളികള്‍ ഒരിയ്ക്കലും ഒരു വിമര്‍ശനമോ തുറന്ന വായനയോ എതിര്‍ ശബ്ദമോ സഹിക്കാന്‍ കഴിയാത്ത ദുര്‍ബ്ബല ജീവികള്‍ ആണ് .രാജാവിനെക്കാള്‍ വലിയ രാജഭക്തിയുള്ള ഓശാനക്കാര്‍ക്ക് രണ്ടാണ് പ്രശ്നം . ഒന്നു തങ്ങളുടെ ദൈവത്തെ വിമര്‍ശിച്ചു . രണ്ടാമത്തത് ഇവന്‍ / ഇവള്‍ ആരട ഇതൊക്കെ പറയാന്‍ . വിമര്‍ശിക്കുന്നവരുടെ ജാതകം പരിശോധിച്ച്, അവര്‍ ഇട്ടിരിക്കുന്ന അടിവസ്ത്രത്തിന്റെ വരെ കുറവുകള്‍ കണ്ടെത്തി അവര്‍ ആ ശബ്ദം നിര്‍ത്തിക്കുകയോ ആട്ടിയോടിക്കുകയോ ചെയ്യും . ഗ്രൂപ്പ് മുതലാളിമാരുടെ കാകക്കണ്ണുകളില്‍ ഇവര്‍ക്ക് നേരെ ഉള്ള സഹതാപത്തിന്റെ ജലരേഖകകള്‍ കണ്ടേക്കാം .
കഥകളുടെ രചനാവൈഭവവും വായനാസുഖവും നല്‍കുന്ന കഥകള്‍ തത്ഫലമായി ഇന്ന് കുറഞ്ഞ് വരികയാണ് . ഇതിനൊരപവാദമായി ചുരുക്കം ചില എഴുത്തുകാര്‍ ഉണ്ട് എന്നത് സന്തോഷകരമായ ഒരു അനുഭവം ആണ് . അതിനാല്‍ത്തന്നെ നവീന്‍ എസ് എന്ന എഴുത്തുകാരന്റെ കഥകള്‍ വായിക്കുമ്പോള്‍ വെറും കഥകള്‍ വായിക്കുന്ന ഒരനുഭവം അല്ല, മറിച്ച് നമുക്ക് ചുറ്റും ഉള്ള , കാണുന്ന , അറിയുന്ന സംഭവങ്ങളെ , കാഴ്ചകളെ ഞൊടിയിടയില്‍ കഥയാക്കാന്‍ കഴിയുന്ന എഴുത്തുകാരന്റെ വൈഭവം കാണാന്‍ കഴിയും . അദ്ദേഹത്തിന്റെ രണ്ടാമത്തെ പുസ്തകം ആണ് ഞാന്‍ വായിക്കുന്നത് . ആദ്യത്തെ പുസ്തകത്തിനെക്കുറിച്ച് എഴുതുമ്പോൾ ഉപയോഗിച്ച വാക്കുകള്‍ തന്നെ ഇവിടെ ആവര്‍ത്തിച്ചതും അതിനാല്‍ ആണ് . ഇതിലെ ഓരോ കഥയും ഓരോ അനുഭവങ്ങള്‍ ആണ് . അവ ഓരോന്നും ഇരുത്തി ചിന്തിപ്പിക്കുന്നതും നോവിക്കുന്നതും അത്ഭുതം കൂറുന്നതുമാണ് . എന്തുകൊണ്ടോ വായനക്കാര്‍ ഇഷ്ടപ്പെട്ടു പോകുന്ന ഒരു ഭാഷാ ചാതുര്യം ഈ കഥാകാരന്‍ ഉപയോഗിക്കുന്നുണ്ട് . ഓരോ കഥയുടെയും ഉള്ളിലേക്ക് കടന്നു ചെല്ലാനും ആ കഥകള്‍ , ശരിയാണല്ലോ ഇതെനിക്ക് പരിചയമുള്ളതാണ്, ഞാന്‍ അറിഞ്ഞതാണ് കണ്ടതാണ് എന്നൊരു തോന്നല്‍ ഉളവാക്കാനും ഉതകുന്നവയാണ് . ഓരോ കഥയുടെയും ബീജങ്ങള്‍ നമ്മുടെ കാഴ്ചകളില്‍ കുരുങ്ങിക്കിടക്കുന്നവയാണെങ്കിലും അവയിലേക്ക് ഒരു കഥ നടന്നു കയറുന്നത് നമ്മള്‍ ചിന്തിക്കപ്പോലുമുണ്ടായിട്ടുണ്ടാകില്ല . മനുഷ്യന്റെ മനസ്സൊരു കുരങ്ങനെപ്പോലെയാണ് എന്നു പറയാറുണ്ട് . അടക്കമില്ലാത്ത ആ മനസ്സ് പലപ്പോഴും ഓര്‍ക്കാപ്പുറങ്ങളിൽ അറിയാതെയോ അറിഞ്ഞോ കാട്ടിക്കൂട്ടുന്ന അബദ്ധങ്ങള്‍ ജീവിതം മുഴുവന്‍ അവര്‍ക്ക് വേദനയും ദുഖവും നല്‍കുന്ന ഒന്നായി തീരും . അത്തരം സംഭവങ്ങള്‍ വളരെ കൃത്യതയോടെ പറയുവാന്‍ നവീനിലെ കഥാകാരന് കഴിയുന്നുണ്ട് . ബുദ്ധിജീവി നാട്യമുള്ള , സാധാരണക്കാരന് വേണ്ടിയല്ലാതെ കഥയെഴുതുന്ന കഥാകാരന്‍മാര്‍ക്ക് മുന്നില്‍ നവീന്‍ വെറും ഒരു എഴുത്തുകാരന്‍ മാത്രമായിരിക്കും പക്ഷേ ജീവിതത്തെ സ്നേഹിക്കുന്ന ഓരോ വായനക്കാരനും മുന്നില്‍ നവീന്റെ കഥകള്‍ ജീവനുള്ള കഥകള്‍ ആണ് . വായിച്ചു തീര്‍ന്നും വായനക്കാരന്‍ ഓര്‍ത്ത് വയ്ക്കുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്ന അനുഭവങ്ങളും അപകടങ്ങളും കഥകളിലൂടെ വായനക്കാരനില്‍ എത്തുന്നതിന് എഴുത്തുകാരന്‍ നിര്‍വ്വഹിക്കുന്ന ബുദ്ധിമുട്ട് ശരിയായ ദിശയിലും ശരിയായ രീതിയിലും സംവദിക്കപ്പെടുമ്പോൾ കഥയും കഥാകാരനും വിജയിക്കുന്നു. ആ അർത്ഥത്തില്‍ നവീന്‍ എസ് എന്ന എഴുത്തുകാരന്‍ വിജയിച്ച കഥാകാരനാണ് . സാധ്യതകളുടെ ഒരു പാട് താഴ്വരകള്‍ അയാളെ കാത്തിരിക്കുന്നുണ്ട് . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല
പോസ്റ്റുമോർട്ടം ടേബിൾ...............................ഡോ. ഷെർലി വാസു
പോസ്റ്റുമോർട്ടം ടേബിൾ (പഠനം )
ഡോ. ഷെർലി വാസു
ഡി സി ബുക്സ് (2016 )
വില : ₹ 170.00
ജീവനുള്ള ശരീരത്തെക്കാൾ കാവ്യാത്മകം ആണ് മരിച്ച ശരീരം. അടക്കി വായിക്കപ്പെട്ട എല്ലാ തെളിവുകളോടും കൂടി , നഗ്നമായി നിസ്സംഗമായി ഏതൊരു ചോദ്യത്തിനും ഉത്തരം നൽകാൻ തയ്യാറായി അതിങ്ങനെ മലർന്നു കിടക്കും. ഓരോ ശരീരവും ഒരു വലിയ ഇതിഹാസമായി മാറുന്നത് മരണപ്പെട്ടു കഴിയുമ്പോഴാണ് എന്ന് കരുതുന്നു. അനുവാദം കൂടാതെ , മാനുഷികമായ വികാരങ്ങൾ കൂടാതെ മൃത ശരീരത്തെ ഓരോ ഇഞ്ചും സൂക്ഷ്മമായി നിരീക്ഷിക്കാനും ആരായിരുന്നു എന്തായിരുന്നു എന്തുകൊണ്ടാണ് മരണപ്പെട്ടത് എന്നും എന്തിനായിരുന്നു മരിച്ചത് എന്നുമൊക്കെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾ കളവുകൾ കൂടാതെ പറഞ്ഞു തരാൻ കഴിയുക അപ്പോൾ മാത്രമാണല്ലോ . ആത്മാവും പരലോകവും ഉയിർത്തെഴുന്നേൽപ്പും ഒക്കെ മഥിക്കുന്ന മനുഷ്യ മനസ്സ് ഇതൊക്കെ മറന്നുകൊണ്ട് എന്ത് വേണമെങ്കിലും ആയിക്കോളൂ എന്ന് അന്യന്റെ തീർപ്പിനു വിട്ടുകൊടുത്തു സ്വയം നിശ്ശബ്ദനാവുന്ന അവസ്ഥയാണ് മരണം . ഇത്തരം ഒരു ശരീരം അസ്വഭാവികമായി മരിച്ചതാണെങ്കിൽ ആ മരണത്തെക്കുറിച്ചു പഠിക്കുവാൻ ശരീരം സ്വയമേവ തെളിവുകൾ വിട്ടു പോകുന്നു . പരിണാമ ഘട്ടത്തിലെ പൂർവ്വ മനുഷ്യരെക്കുറിച്ചു പഠിക്കുന്ന പാലന്തോളജി മുതൽ മൃതശരീര പഠനം നടത്തുന്ന പോസ്റ്റുമോർട്ടം ശാഖ വരെ മനുഷ്യന്റെ അറിവിന്റെ തിളക്കങ്ങൾ ആണ്. ആദ്യ മനുഷ്യ സ്വഭാവജീവിയായ ലൂസി മുതൽ പിറവിയുടെ ഓരോ ഘട്ടത്തിലെയും ശരീരങ്ങളെ ശാസ്ത്രം പഠിക്കുന്നുണ്ട് . കേടുപാടുകൾ കൂടാതെ കിട്ടിയ അയ്യായിരം വർഷം പഴക്കമുള്ള ഒരു പുരുഷ ശരീരവും അടുത്തിടെ കിട്ടിയ ഒരു സ്ത്രീ ശരീരവും ആ കാലഘട്ടത്തിലെ മനുഷ്യന്റെ ശാരീരിക , പാരിസ്ഥിക വിഷയങ്ങളെ നന്നായി മനസ്സിലാക്കിത്തരാൻ സഹായിക്കുന്നത് ശാസ്ത്രം മതത്തിൽ നിന്നും വേറിട്ട് നിന്ന് ചിന്തിക്കുന്നത് കൊണ്ട് മാത്രമാണ് .
ആധുനിക വൈദ്യ ശാസ്ത്രം ഇന്നത്തെ നിലയിലേക്ക് എത്തുവാൻ കടന്ന് പോയ കറുത്ത കാലങ്ങൾ ഇന്നാരും ഓർക്കുന്നുണ്ടാകില്ല . മൃത ശരീരങ്ങളെ കടത്തിക്കൊണ്ടു പോയി, ആരും കാണാതെ കീറി മുറിച്ചു അതും അന്ന് ലഭ്യമായിരുന്ന വസ്തുക്കൾ ഉപയോഗിച്ചു പിളർന്നു ആന്തരാവയങ്ങളെ പഠിച്ചും മനസ്സിലാക്കിയും വൈദ്യ ശാസ്ത്രം വളരുകയായിരുന്നു . സമൂഹം അറിഞ്ഞാലോ മതം അറിഞ്ഞാലോ മരണ ശിക്ഷ ലഭിക്കാവുന്ന ആ കുറ്റം ചെയ്താണ് ഇന്നത്തെ അറിവുകളുടെ പ്രാഥമിക പഠനങ്ങൾ ആരംഭിച്ചത് . മതഗ്രന്ഥങ്ങളിൽ ശരീര അവയവ ഘടനയും മറ്റും പറഞ്ഞ് ദൈവമഹത്വം കൊണ്ടുവരാൻ അതിൻ്റെ എഴുത്തുകാർക്ക് കഴിഞ്ഞത് അതിനാലാണ് എന്ന് ഇന്ന് നമുക്കറിയാം. പിന്നീട് മതം അത് അനുവദിച്ചു തുടങ്ങിയപ്പോൾ പോലും ആ പഠനങ്ങൾക്ക് വേണ്ടത്ര വികാസം ലഭ്യമായിട്ടില്ലായിരുന്നു . പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയോടെ ആണ് ശാസ്ത്രം വൈദ്യ രംഗത്ത് എന്തെങ്കിലും പുരോഗതികൾ നേടിത്തുടങ്ങിയത് . കീറിമുറിച്ചു ഓരോ കോശങ്ങൾ എടുത്ത് പരിശോധിക്കുന്ന പോസ്റ്റ് മോർട്ടം പ്രക്രിയ ഇന്ന് ഏതാനും ഉപകരണങ്ങളും നേർത്ത മുറിവുകൾ ഉണ്ടെന്നു പോലും അറിയാത്ത മുറിവുകളിൽ കൂടി പരിശോധനകൾ നടത്താനും കഴിയുന്ന ആധുനിക രീതിയിൽ എത്തിനിൽക്കുന്ന കാലമാണല്ലോ ഇത് . ഇത്തരം ഒരു കാലഘട്ടത്തിൽ ഇരുന്നുകൊണ്ട് നമുക്ക് വായിക്കാൻ കഴിയുന്ന ഒരു നല്ല പഠനഗ്രന്ഥമാണ് ഡോ. ഷെർലി വാസുവിന്റെ പോസ്റ്റ് മോർട്ടം ടേബിൾ . ഒരു അധ്യാപിക കൂടിയായ എഴുത്തുകാരി വളരെ നല്ല ഭാഷയിൽ എടുത്തു പറഞ്ഞാൽ മലയാളഭാഷയുടെ വൈവിധ്യതയും സാധ്യതയും ആംഗലേയ പദങ്ങളിൽ നിന്നു മാറി പ്രയോഗിച്ചുകൊണ്ട് എഴുതിയ ഈ പുസ്തകം ഒട്ടനവധി കൊലപാതകങ്ങളും ആത്മഹത്യകളും അപകടമരണങ്ങളും എങ്ങനെയാണ് മനസ്സിലാക്കുകയും അതിനെ നിശ്ചയിക്കുകയും ചെയ്യുന്നതെന്ന വസ്തുതകളെ ലളിതമായി അവതരിപ്പിക്കുന്നു . സാധാരണ ജനങ്ങളെക്കാൾ അന്വേഷണത്വര ഉള്ള ആൾക്കാർക്കും പോലീസ് അധികാരികൾക്കും വളരെ ഉപയോഗപ്പെടുന്ന ഒരു കൈപ്പുസ്തകം ആയി ഈ പുസ്തകത്തെ വിലയിരുത്താൻ കഴിയും . വിധികർത്താക്കൾ ആയി പൊതുജനം വിലയിരുത്തുന്ന ഓരോ മരണങ്ങളും യഥാർത്ഥത്തിൽ അവർ ആരോപിക്കുന്ന കാര്യങ്ങൾ കഴമ്പുള്ളത് ആണോ അല്ലയോ എന്നത് വെളിവാക്കപ്പെടുന്നത് മൃത ദേഹ പരിശോധനകളിൽ കൂടിയാണ് . ആരോപകർ അവരുടെ വാദങ്ങളിൽ ഉറച്ചു നിന്നാലും ശരീരം ശാസ്ത്രീയമായ പരിശോധനയിൽ കളവു പറയുകയില്ല. അത്തരം ഒരുപാട് അവസരങ്ങളും സംഭവങ്ങളും ഈ പുസ്തകം പങ്കുവയ്ക്കുന്ന വായനാനുഭവം ആണ് . മരണത്തിന്റെ , സ്വന്തം ശരീരത്തോടുള്ള കാഴ്ചപ്പാടും സമീപനവും മാറുന്ന ഒരു അനുഭവം ആയിരുന്നു ഇത് വായിക്കുമ്പോൾ അനുഭവപ്പെട്ടത്.
മുമ്പ് സമാന രീതിയിൽ ഉള്ള ഡോ. ഉമാദത്തൻ്റെ ഒരു പോലീസ് സർജന്റെ അനുഭവക്കുറിപ്പുകളും , കപാലവും വായിച്ചിട്ടുണ്ടെങ്കിലും അതിൽ നിന്നും വേറിട്ട ഒരു വായനാനുഭവം ആണ് ഡോ ഷെർളി നൽകിയതെന്നത് എടുത്തു പറയേണ്ടതുണ്ട് . തീർച്ചയായിട്ടും വായിക്കേണ്ട പുസ്തകം തന്നെയാണ് ഇതെന്ന് പറയാം. പക്ഷെ അത് മൃതദേഹങ്ങളുടെ പഠനവും അന്വേഷണത്വരയും ഉള്ള ഒരാൾ ആണെങ്കിൽ വളരെ നല്ല ഗുണം ചെയ്യുന്നതുമാകും എന്ന് പറയട്ടെ . ശുദ്ധവും ലളിതവുമായ മലയാള പദങ്ങൾ കൊണ്ട് സമ്പുഷ്ടമായ ഈ പുസ്തകം എഴുത്തുകാർക്കുള്ള ഒരു പഠനബുക്കും കൂടിയാണ് . പലപ്പോഴും തർജ്ജമകൾ ചെയ്യുന്നവരും , പുസ്തകം എഴുതുന്നവരും ആംഗലേയപദങ്ങൾ കൊണ്ട് പല സന്ദർഭങ്ങളെയും തഴുകി തലോടി പോകുമ്പോൾ ഈ പുസ്തകം അതിനൊരു അപവാദമായി വേറിട്ട് നിൽക്കുന്നുണ്ട്. ആശംസകളോടെ ബി.ജി.എൻ . വർക്കല