Sunday, August 11, 2019

ദുരന്തനിവാരണം ദുരന്തമാകരുത്

കേരളം ഇനിയും സജ്ജമല്ല

ദുരന്തങ്ങൾ നമുക്ക് പുതിയ അനുഭവമാണ്.. അവയെ ഇനിയും അവഗണിക്കരുത്.. നമുക്ക് സുസജ്ജമായ ഒരു പരിശീലനം ആവശ്യമാണ്.
എന്തുകൊണ്ടാണ് ഇങ്ങനെ പറയേണ്ടി വരുന്നതെന്നു പറയും മുന്നേ ചില മഴക്കാല ദുരന്ത സംരക്ഷണ സേനയുടെ പ്രവർത്തന കാഴ്ചകൾ പറയാം.

1. എട്ടു മാസം ഗർഭിണിയായ ഒരു സ്ത്രീയെ ഭവാനിപ്പുഴക്കിപ്പുറത്തേക്ക് രക്ഷപ്പെടുത്തുന്ന ഫയർഫോഴ്‌സ്, എക്സൈസ് ഉദ്യോഗസ്ഥർ. ഒരു റോപ്പ് കെട്ടി അതിൽ സേഫ്റ്റി ബൽറ്റ് ധരിച്ച സ്ത്രീയെ ബന്ധിപ്പിച്ചു . ബെൽറ്റിലെ മെറ്റൽ ഹുക്ക് റോപ്പിൽ കൊളുത്തി മറ്റൊരു കയർ ഉപയോഗിച്ചു വലിച്ചു ഇക്കരെ കൊണ്ടു വന്നു.

2. ഒരു വീടിന് മുകളിലെക്ക് വീണു കിടന്ന മരം വുഡ്കട്ടർ ഉപയോഗിച്ചു മുറിച്ചു മാറ്റുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ താഴെ വീണു . തലയിൽ മുറിവ് പറ്റി.

3. കവളപ്പാറ അടക്കമുള്ള ഉരുൾപൊട്ടൽ ഭാഗത്ത് മലയിലൊക്കെ രക്ഷാപ്രവർത്തനത്തിന് സുരക്ഷയുമില്ലാതെ കയറിപ്പോകുന്ന രക്ഷാപ്രവർത്തകർ.

4. ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ വെള്ളത്തിൽ വീണു  മരിച്ചു.

ഈ കാഴ്ചകൾക്ക് എന്താണ് കുഴപ്പം?

ഒന്നാമത്തെ കാഴ്ചയിൽ ഇക്കരെ കരയിൽ നിന്ന രക്ഷാപ്രവർത്തകർ മരത്തിനു മുകളിൽ യാതൊരു സുരക്ഷാ ബെൽറ്റും ഇല്ലാതെ നിന്നുകൊണ്ടാണ് പ്രവർത്തിച്ചത്. മാത്രമല്ല റോപ്പിൽ ഡയറക്ട് സേഫ്റ്റി ബൽറ്റ് ബക്കിൾ കണക്റ്റ് ചെയ്താണ് വലിച്ചു നീക്കിയത്. സേഫ്റ്റി ബൽറ്റ് ബക്കിൾ ഒരു ബെയറിംഗ് റിംഗ് അല്ലെങ്കിൽ കപ്പി ഉപയോഗിക്കാതെ നേരിട്ടു ചെയ്യുമ്പോൾ റോപ്പിൽ ഘർഷണം മൂലം അപകടം സംഭവിക്കാവുന്നതാണ്. സേഫ്റ്റി ബൽറ്റ് ഇല്ലാത്തതിനാൽ മരത്തിൽ നിൽക്കുന്നവർക്ക് താഴെ വീണപകടം ഉണ്ടാവാം.

രണ്ടാമത്തെ കേസിൽ ആ ഉദ്യോഗസ്ഥൻ കഷ്ടിച്ചാണ് രക്ഷപ്പെട്ടത് എന്നു പറയാം. കാരണം സേഫ്റ്റി ബൽറ്റ് ധരിക്കാതെ ഉയരത്തിൽ നിന്നു മരം മുറിച്ചതിനാലാണ് ആ മനുഷ്യൻ താഴെ വീണത്. വുഡ് കട്ടർ വർക്കിംഗ് ആയിരുന്നുവെങ്കിൽ അയാൾടെ ജീവന് അപകടം സംഭവിക്കുമായിരുന്നു.

മൂന്നാമത്തെ കേസിൽ ഗംബൂട്ട് ധരിക്കാത്ത രക്ഷാപ്രവർത്തകർ അപകടം വിളിച്ചു വരുത്തുകയാണ്. ചെറിയ പോറലുകൾ പോലും അണുബാധ വിളിച്ചു വരുത്തുന്നവയാണ്. അതുപോലെ കൈയ്യുറകൾ ഉപയോഗിച്ചിട്ടില്ല.

അവസാന കേസിൽ ആ മനുഷ്യൻ ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നില്ല. ഒരു പക്ഷേ ആ ജീവൻ രക്ഷിക്കാൻ അതുപകരിച്ചേനെ.

എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.?

നമ്മൾ പഠിക്കുന്ന പാഠങ്ങൾ ഒന്നും ശരിയായ രീതിയിലല്ല. ഒപ്പം അത്യാവശ്യ ഘട്ടങ്ങളിൽ നാം സുരക്ഷയെ നോക്കുകയോ പിന്തുടരുകയോ ചെയ്യാതെ ചാടിയിറങ്ങി പ്രവർത്തിക്കും. ഫയർഫോഴ്സ് പോലുള്ള സംവിധാനങ്ങളിൽ പ്രവർത്തിക്കുന്ന ആൾക്കാർക്ക് പോലും ഇവ ഫോളോ ചെയ്യാൻ കഴിയുന്നില്ല എന്നത് നമ്മുടെ ആൾക്കാരുടെ മനോഭാവത്തിലെ നിസാരവത്കരണത്തിന് ഉദാഹരണം ആണ്.

എന്താണ് പോംവഴി.?

നമുക്ക് വേണ്ടത് ശാസ്ത്രീയമായ പരിശീലനമാണ്. നമ്മുടെ കുട്ടികൾ സ്കൂൾ തലത്തിൽ തന്നെ സുരക്ഷയെക്കുറിച്ചു ബോധവത്കരണവും ഡെമോൺസ്ട്രേഷനും പരിചയിക്കണം. പ്രഥമ ശുശ്രൂക്ഷ നല്കാനും, നീന്തൽ അറിയാനും , സുരക്ഷാ നിയമങ്ങളും ചിട്ടകളും മനസ്സിലാക്കാനും വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിക്കണം. നമ്മുടെ ഫയർ ഫോഴ്സ് സേനയുടെയും പോലീസിന്റെയും പരിശീലനത്തിൽ ഈ കാര്യങ്ങൾ കർശനമാക്കണം. മൂന്നു മാസത്തിലൊരിക്കൽ മോക്ഡ്രിൽ ഉണ്ടാകണം. ഉണ്ട എന്ന സിനിമ നല്കുന്ന ഒരു സന്ദേശം ഉണ്ട്. അത് നമ്മുടെ പോലീസ് സേനയുടെ കഴിവില്ലായ്മയുടെ ഒരു കറുത്ത മുഖമാണ്. അവ പോസിറ്റീവ് ആയി എടുക്കണം.

മുൻകരുതൽ എങ്ങനെ ?

കേരളത്തിന് ഇനി വേണ്ടത് സ്വന്തമായ ഒരു ദുരന്തനിവാരണ സേനയാണ്. പോലീസ്, ഫയർഫോഴ്‌സ്, ഇലക്ട്രിസിറ്റി, വാട്ടർ അതോറിറ്റി എന്നീ സംവിധാനങ്ങളെ ഉൾപ്പെടുത്തി വേണം ആ സേന രൂപീകരിക്കുവാൻ. ജില്ലാ കളക്ടർ ആകണം അതിന്റെ തലവൻ. ആ ഗ്രൂപ്പിൽ പൊതുജനങ്ങളിൽ നിന്നും ഒരു സംഘത്തെ എല്ലാ ജില്ലകളിലും തയ്യാർ ചെയ്യണം. സുരക്ഷാ പ്രവർത്തനം, പ്രഥമ ശ്രുശ്രൂക്ഷ തുടങ്ങിയവ പരിശീലിപ്പിക്കണം. നീന്തൽ, ഡ്രൈവിംഗ് എന്നിവ അറിയുന്നവരാകണം. അത്യാവശ്യം ഇലക്ട്രിക്കൽ, പ്ലംബിംഗ് ജോലികൾ പരിശീലിപ്പിക്കണം. മീഡിയ കവറേജ് ഈ യൂണിറ്റിന്റെ മീഡിയവിംഗിന് നല്കണം. അവർ കൊടുക്കുന്ന വാർത്ത മാത്രം പുറത്തു പോകണം. ജനങ്ങളെ നിയന്ത്രിക്കുകയും ഒഴിപ്പിക്കുകയും ചെയ്യുന്നതിന് പോലീസ് തയ്യാറാകണം. രക്ഷാപ്രവർത്തനം നടത്തുന്ന പോലെ അവരെ സംരക്ഷിക്കുന്ന ഇടവും ഈ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാക്കണം. സന്നദ്ധ സേവകരാകുന്നവർക്ക് ബാഡ്ജ് നല്കുകയും പരിശീലനം നല്കുകയും നിയന്ത്രിക്കുകയും ഈ ഗ്രൂപ്പിന്റെ ചുമതലയാകണം. മതമോ രാഷ്ട്രീയമോ വിഭാഗീയതയോ ആയ കാര്യങ്ങളിൽ നിന്നും ഈ അംഗങ്ങൾ മുക്തരാകണം.

കേരളം ഈ വിഷയങ്ങൾ സശ്രദ്ധം പിന്തുടരണം. കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങളും മറ്റും ചേർത്ത് ഇവ കാര്യക്ഷമമായി നടപ്പിൽ വരുത്താൻ കേരളം അമാന്തിക്കരുത്.
ബിജു.ജി.നാഥ് വർക്കല
സേഫ്റ്റി ഓഫീസർ

No comments:

Post a Comment