Tuesday, August 6, 2019

പ്രണയ ധനുസ്സ്

പ്രണയ ധനുസ്സ്.
.......................
കൃത്യം ഹൃദയത്തിലേക്ക് തന്നെ
അസ്ത്രം തൊടുക്കുമ്പോൾ
വേദനിപ്പിക്കരുതെന്ന നിർദ്ദേശം മാത്രം
പുഞ്ചിരിയോടെ മുന്നിൽ വയ്ക്കുന്നു.

താഴ്‌വരകൾക്ക് നിലാവിനെ കടം കൊടുത്തും
ശൈലാഗ്രങ്ങളിൽ മഴവില്ല് ചാർത്തിയും
രാത്രികൾക്ക് തണുപ്പ് സമ്മാനിച്ചും
പ്രണയം ലാസ്യ നൃത്തം ചവിട്ടുന്നു.

ചുറ്റും ചലിക്കുന്ന നിഴലുകളിൽ
ഉടഞ്ഞു ചിതറുന്ന ഉടലുകൾ.
ചിലതിന് പെൺമണം.
ചിലതിന് ഗോവിന്റെ ഗന്ധം.
ചിലതാകട്ടെ അക്ഷരങ്ങൾ മണക്കുന്നു.

ഒന്നും ഓർത്തെടുക്കാൻ വയ്യ.
ഓഷോയുടെ വരികൾ വായിച്ചും
നെരൂദയുടെ കവിതകൾ കേട്ടും
മനസ്സിനെ വെറുതെ മേയാൻ വിടുന്നു.

അസ്ഥികൾ കത്തുന്ന ഗന്ധവും
ചില്ലകൾ പേറുന്ന ഉടലുകളും
ആൾക്കൂട്ട വിചാരണകളിൽ ഉയരുന്ന
ഉള്ളുരുക്കുന്ന നിലവിളികൾക്കും
ഒരേ രൂപവും ഭാവവും മാത്രം.

ന്യായാസനങ്ങൾ നാടകം പോലെ
ആവർത്തിച്ചു തിരക്കുന്നുണ്ട് ചോദ്യങ്ങൾ.
എഴുപതാണ്ടിന്റെ ശിഷ്ടം കണക്കു കൂട്ടി
നെടുവീർപ്പിടുന്ന കോമാളികൾ.

ഏതു നേരവും നിലച്ചുപോയേക്കാവുന്ന
മതേതര തീവണ്ടിയിൽ തിങ്ങിയിരിക്കുന്നു
അടിയറവു പറയാൻ എന്നും കൊതിക്കുന്ന
അടിമരക്തം ഞരമ്പിലോടുന്നവർ.

ശത്രുവാരെന്ന ചോദ്യം ഉയരുന്നു.
തുളുക്കനെന്നൊരു കൂട്ടം ആർക്കുന്നു.
ആശയങ്ങൾ എന്ന് മറ്റൊരു കൂട്ടം .
നമ്മൾ ഒന്നെന്ന് ബോധിപ്പിക്കുന്ന മറ്റൊരു കൂട്ടം .

ദിശാബോധം നഷ്ടപ്പെട്ടവർക്ക് മുന്നിൽ
കപ്പിത്താൻ ഇല്ലാത്തൊരു കപ്പൽ
കടൽക്കാറ്റിൽ വീണാടിയുലയുന്നതിൻ
തുഞ്ചത്ത് നൃത്തം ചെയ്യുന്ന സംസ്കാര രക്ഷകർ.

വരൂ . നിന്റെ അസ്ത്രം എന്റെ നെഞ്ചു പിളർക്കട്ടെ.
ചോര പൊടിയുമ്പോൾ മാത്രമാണ്
സ്നേഹമെന്തെന്ന് തിരിച്ചറിയുന്നത്.
ബന്ധങ്ങൾ എന്തെന്നും എന്തിനെന്നും ...
..... ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment