Thursday, August 1, 2019

ആർക്കുമല്ലാതെ, ആരുമോർക്കാതെ

ആർക്കുമല്ലാതെ, ആരുമോർക്കാതെ.
.................................................
ഏകാന്തതയിലേക്ക് ചിലപ്പോഴൊക്കെ
അദൃശ്യമായ ചില വിരലുകൾ കടന്നുവരും.
മറവിയിലേക്ക് ഒളിച്ചു വച്ച
പലതും തൊട്ടുണർത്തും.
ചിലപ്പോൾ വേദനയാൽ...
മറ്റു ചിലപ്പോൾ നിരാശയാൽ.
അതല്ലേൽ ആഹ്ലാദത്താൽ 
മനസ്സു പ്രതികരിക്കും.
എന്തിനെന്നറിയാതെ കരയുന്ന 
കണ്ണുകൾ തുടച്ചു കൊണ്ട് 
ചിരിയോടെ മനസ്സിൽ പറയും
ഒന്നുമില്ല ... ഒന്നുമില്ല.
പൊട്ടിച്ചിരിക്കുന്ന ചുണ്ടുകളെ
ഒട്ടൊരു ജാള്യത്തോടെ ചുറ്റും നോക്കി
ഒളിപ്പിക്കും. 
വട്ടെന്നു സ്വയം പറയും.
ഒന്നുകൂടി തിരിഞ്ഞു നടന്നാലോ 
എന്ന മണ്ടൻ ചിന്തയുടെ തലയിൽ
കൊട്ടിക്കൊണ്ടു പിറുപിറുക്കും 
പാടില്ല .... ഇനിയുമെന്തിനാ.?
എന്നാലും,
കണ്ണുകൾ പൂട്ടി,
ഉറക്കത്തെ കാത്തു കിടക്കുമ്പോൾ
നെഞ്ചകം വല്ലാതെ തേങ്ങും.
തൊണ്ടയെരിയിച്ചു കൊണ്ടു
ഒരിറക്കു *മദ്യം കടന്നു പോയ്ക്കഴിയുമ്പോൾ
പിന്നൊരു ചിന്തയ്ക്കും ഇടമുണ്ടാകാറില്ല.
ഉറക്കം വന്നതു പോലുമറിയുക
പുലരിയിൽ മണിമുഴങ്ങുമ്പോഴാണ്.
ജീവിതത്തെ ഏകാന്തതയിൽ തളച്ചിടാൻ 
എന്തൊക്കെ മാർഗ്ഗങ്ങളാണ്...!
....... ബി.ജി.എൻ വർക്കല
* നിയമപരമായ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം

No comments:

Post a Comment