Tuesday, January 30, 2018

ഭ്രൂണഹത്യയുടെ കാര്യ കാരണങ്ങൾ ....


ഭ്രൂണഹത്യ പാപമാണോ എന്ന ചിന്ത എന്നോട് ഞാന്‍ ഒരുപാട് തവണ ചോദിച്ചിട്ടുള്ളതാണ്. എന്തുകൊണ്ടോ ഗര്‍ഭാവസ്ഥയില്‍ ഇരിക്കുന്ന ഒരു കുട്ടിയെ കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ അതിലെ പാപത്തെക്കുറിച്ചു നാം ചിന്തിക്കുന്നത്? നരഹത്യയായി അതിനെ കാണുന്നത്? വൈകാരികമായ ഒരു മനുഷ്യചോദനയായി മാത്രമാണ് എനിക്ക് കാണാന്‍ കഴിയുന്നത്‌ . ആരും മനപ്പൂര്‍വ്വം ഒരു കൊലയും ചെയ്യുന്നില്ല . കൊലപാതകത്തിലേക്ക് നയിക്കുന്ന പല കാരണങ്ങള്‍ ഉണ്ട് . അവ ഒഴിവാക്കപ്പെടുകയാണെങ്കില്‍ അല്ലെങ്കില്‍ പരിഹരിക്കപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും കൊലപാതകം എന്ന സംഗതി നടക്കുകയില്ല ഒരിടത്തും . പക്ഷെ മനുഷ്യര്‍ എപ്പോഴും പ്രായോഗികമായോ വൈകാരികമായോ തങ്ങളുടെ കേവലമായ സുഖങ്ങളെ മാത്രം നോക്കുകയും അതിനു വേണ്ടിയുള്ള വഴി തുറക്കലുകളില്‍ പെട്ട് ജീവന്‍ നഷ്ടപ്പെടുകയോ ചെയ്യുന്നു എന്നതാണ് കൊലപാതകത്തില്‍ സംഭവിക്കുന്നതു. ലോകത്തുള്ള കൊലപാതകങ്ങള്‍ക്ക് ഒക്കെയും ഇത്തരം ഓരോ കാരണങ്ങള്‍ ഉണ്ട് . അത് ചെയ്യുന്ന ആളിനെയോ അതിനു പ്രേരിപ്പിക്കുന്ന ആളിനെയോ ബാധിക്കുന്നതോ തടസ്സമാകുന്നതോ ആയ എന്തിനെയും നീക്കം ചെയ്യുകയും അത് കൊലപാതകം ആയി ബാക്കി സമൂഹം വിലയിരുത്തപ്പെടുകയും ചെയ്യുന്നു . ഇവിടെ ഞാന്‍ പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നത് എല്ലാ കൊലപാതകങ്ങളെയും കുറിച്ചല്ല പകരം തുടക്കത്തില്‍ പറഞ്ഞ ഭ്രൂണഹത്യകളെ കുറിച്ചാണ് .

ഭ്രൂണഹത്യ എന്താണ് എന്ന് പരിശോധിക്കാം .

ഗര്‍ഭാവസ്ഥയില്‍ ഉള്ള കുഞ്ഞിനെ ബലമായി മറ്റൊരാള്‍ അല്ലെങ്കില്‍ ഗര്‍ഭവതി തന്നെ ഗര്‍ഭത്തിന്റെ ആരംഭകാലത്ത് നശിപ്പിച്ചു കളയുന്ന പ്രക്രിയയാണ് ഭ്രൂണ ഹത്യ എന്ന് വിവക്ഷിക്കുന്നത് പൊതുവില്‍. മതങ്ങളും പൊതു സമൂഹവും ഇതിനെ പാപ,നരക ചിന്തകളില്‍ കൊരുത്തിട്ടുകൊണ്ട് തടയാന്‍ കാലാകാലമായി ശ്രമിക്കുന്നുണ്ട്. ഇന്ത്യന്‍ നിയമസംവിധാനവും ഭ്രൂണഹത്യയെ ചെറുക്കുവാന്‍ നിയമപരമായ പരിരക്ഷ നല്‍കുന്നുണ്ട് .

ഗർഭസ്ഥശിശുവിന്റെ ലിംഗ നിർണ്ണയവുമായി ബന്ധപ്പെട്ട്, കേന്ദ്രഗവൺമെന്റ് പാസ്സാക്കിയ നിയമമാണ് പ്രീ-കൺസെപ്ഷൻ ആൻഡ് പ്രീ-നേറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്സ് ആക്റ്റ്, 1994 Pre-conception and Prenatal Diagnostic Techniques (Prohibition of Sex Selection) Act, 1994. സാങ്കേതിക വിദ്യയും ശാസ്ത്ര നേട്ടങ്ങളും പലപ്പോഴും സ്ത്രീ സമൂഹത്തിനും സമൂഹത്തിനും വിനയാകുന്ന തരത്തിൽ ഗർഭസ്ഥ ശിശുവിന്റെ ലിംഗം നിർണ്ണയിച്ച് പെൺ ഭ്രൂണങ്ങൾ നശിപ്പിക്കുന്ന പ്രവണത തടയുവാൻ വേണ്ടി ഗർഭസ്ഥ ശിശുവിന്റെ ലിംഗ പരിശോധന നിരോധന നിയമം നടപ്പിലാക്കുകയുണ്ടായി. ഈ നിയമ പ്രകാരം ഗർഭസ്ഥ ശിശുവിന്റെ ലിംഗ പരിശോധനയും ലിംഗ നിർണ്ണയവും നിരോധിച്ചു. എന്നാൽ ഗർഭ സംബന്ധമായ പരിശോധനകളിൽ നിയന്ത്രണമേർപ്പെടുത്തി , ജനിത തകരാർ, നാഡീ വ്യൂഹ തകരാർ, ക്രോമൊസോം തകരാർ, ലൈംഗിക ജന്യ രോഗങ്ങൾ തുടങ്ങിയവയ്ക്ക് മാത്രമേ അൾട്രാ സൗണ്ട് തുടങ്ങിയ പരിശോധന പാടുള്ളൂ. ഇത്തരത്തിൽ നിയമാനുസൃതം പരിശോധന നടത്തുന്ന വ്യക്തി യാതൊരു കാരണവശാലും അതിന്റെ ലിംഗത്തെ കുറിച്ച് ഗർഭിണിക്കോ, ബന്ധുക്കൾക്കോ മറ്റാർക്കെങ്കിലുമോ ഒരു സൂചനയും നൽകുവാൻ പാടുള്ളതല്ല. ലിംഗ നിർണ്ണയ പരിശോധന സംവിധാനങ്ങളെക്കുറിച്ചുള്ള പരസ്യവും നിരോധിച്ചിട്ടുണ്ട്.
ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തി വിവരം ഗർഭിണിയെയോ ബന്ധുക്കളെയോ അറിയിക്കുന്നത് മൂന്ന് വർഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. ആവർത്തിച്ചാൽ ശിക്ഷ അഞ്ചുവർഷം വരെ തടവും അമ്പതിനായിരം രൂപ പിഴയുമാണ്.
ഉത്തമ വിശ്വാസത്തോടെ ജീവൻ രക്ഷിക്കുവാനായിട്ടല്ലാതെ നടത്തുന്ന ഗർഭഛിദ്രങ്ങൾ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 312-ാം വകുപ്പ് പ്രകാരം കുറ്റകരമാണ്. ഇതിനു 2 വർഷത്തോളം വരുന്ന കാലത്തേക്കുള്ള തടവു ശിക്ഷയോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്നതാണ്. ഗർഭിണി ചലിക്കുന്ന ഗർഭസ്ഥ ശിശുവോട് കൂടിയുള്ളതാണെങ്കിൽ ശിക്ഷ 7വർഷത്തോളമായിരിക്കും. തന്റെ ഗർഭം സ്വയം അലസിപ്പിക്കുന്ന സ്ത്രീയും ഈ വകുപ്പിൽ ഉൾപ്പെടുന്നു. എന്നാൽ Medical Termination of Pregnancy Act 1971 -ലെ വ്യവസ്ഥകൾ അനുസരിച്ച് രജിസ്റ്റേർഡ് ഡോക്ടർ നടത്തുന്ന ഗർഭഛിദ്രം കുറ്റകരമല്ല. ഗർഭിണിയുടെ സമ്മതമില്ലാതെ ഗർഭം അലസിപ്പിക്കുന്നത് 313-ാം വകുപ്പ് പ്രകാരം 10 വർഷത്തെ തടവും കൂടാതെ പിഴ ശിക്ഷയും ലഭിക്കുന്ന കുറ്റമാണ്. കൂടാതെ ഗർഭം അലസിപ്പിക്കുന്നതിന്നിടയിൽ ഗർഭിണിയുടെ മരണം സംഭവിച്ചാൽ ശിക്ഷ 10 വർഷം വരെയുള്ള തടവാണ്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഇന്ത്യ സമൂഹത്തില്‍ ഇന്നും ഭ്രൂണഹത്യ ഒളിഞ്ഞും തെളിഞ്ഞും നല്ല തോതില്‍ നടക്കുന്നുണ്ട് . 2011 ലെ കണക്കനുസരിച്ച് കേരളത്തില്‍ 6 വയസ്സുള്ള കുട്ടികളിലെ ആൺ-പെൺ അനുപാതം 1000 ആൺ കുട്ടികൾക്ക് 964 പെൺ കുട്ടികൾ എന്ന നിലയിലാണ് എന്ന് കാണാം . അഭ്യസ്തവിദ്യരായ കേരളീയര്‍ പോലും ഭ്രൂണ ഹത്യയില്‍ മുന്‍പന്തിയില്‍ ആണ് . ദിനം പ്രതി 2000 പെണ്‍ഭ്രൂണ ഹത്യകള്‍ ഇന്ത്യയില്‍ നടക്കുന്നു എന്നാണു ഐക്യരാഷ്ട്രസഭ അവരുടെ സര്‍വ്വെയില്‍ കണ്ടെത്തിയത് . ഇതിന്റെ ഫലമായി ബാലലൈംഗിക പീഡനം , ഭാര്യയെ പങ്കുവയ്ക്കല്‍ തുടങ്ങിയവ ഇന്ത്യയില്‍ വര്‍ദ്ധിക്കും എന്നൊരു മുന്നറിയിപ്പും അവര്‍ നല്‍കുകയുണ്ടായി . വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ കിട്ടാത്ത ചെറുപ്പക്കാരുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിക്കുന്നതിന്റെ കാരണവും പെണ്‍കുട്ടികളെ ഗര്‍ഭത്തില്‍ തന്നെ ഇല്ലായ്മ ചെയ്യുന്നത് കൊണ്ടാണ് എന്ന് മനസ്സിലാക്കേണ്ടി വരുന്നുണ്ട്.

ഗര്‍ഭഛിദ്രത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍.

എന്താണ് ഭ്രൂണഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങള്‍ എന്ന് പരിശോധിക്കുന്നത് ഇത്തരുണത്തില്‍ നന്നായിരിക്കും എന്ന് കരുതുന്നു. പല കാരണങ്ങള്‍ ഇതിലുണ്ട് . അവ വിലയിരുത്തുമ്പോള്‍ രോഗം , ശാരീരിക അവസ്ഥകള്‍ , തൊഴില്‍ , പാരിസ്ഥിക പ്രശ്നങ്ങള്‍ , ഗാര്‍ഹിക പീഡനം , ഗര്‍ഭസ്ഥ ശിശുവിന്റെ കുഴപ്പങ്ങള്‍ തുടങ്ങിയ കാരണങ്ങള്‍ ഗർഭഛിദ്രത്തിലേക്ക് നയിക്കുന്നുണ്ട്‌ എന്നത് പഠനങ്ങള്‍ കാണിക്കുന്നുണ്ട് . അമ്മയുടെ ആരോഗ്യമോ , കുഞ്ഞിന്റെ വളര്‍ച്ചയില്‍ ഉള്ള പ്രശ്നങ്ങളോ ചിലപ്പോഴൊക്കെ ഗാര്‍ഹിക പീഡനങ്ങളോ കാരണം ഗര്‍ഭം അലസുകയോ അതിനെ അലസിപ്പിക്കേണ്ടി വരികയോ ചെയ്യുന്നുണ്ട് നമുക്കിടയില്‍ . ഇവയല്ലാതെ മറ്റൊരു പ്രധാന കാരണം ആയി കാണുന്നത് ലൈംഗികപരമായ അറിവില്ലായ്മയോ , ശ്രദ്ധക്കുറവോ , സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ തേടാന്‍ ഉള്ള പ്രായോഗിക ബുദ്ധിമുട്ടുകളോ ഗര്‍ഭധാരണം സംഭവിക്കാന്‍ കാരണമാകുന്ന ഇടങ്ങളില്‍ നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടക്കുന്നുണ്ട് എന്നതാണ് . കൗമാരക്കാരില്‍ , പ്രണയിതാക്കളില്‍ , ലൈംഗിക പീഡനങ്ങളില്‍ ഒക്കെയാണ് ഇവ സാധാരണയായി സംഭവിക്കുന്നത് . കുട്ടികള്‍ക്ക് ലൈംഗികപരമായ അറിവുകള്‍ ഇല്ലാതെ ഇരിക്കുകയും അവര്‍ സുരക്ഷകള്‍ ഇല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ഇതുമൂലം ഗര്‍ഭിണികള്‍ ആകുകയും ചെയ്യുന്ന സംഭവങ്ങള്‍ സമൂഹത്തില്‍ സര്‍വ്വസാധാരണം ആണ് . ഭര്‍ത്താവ് അല്ലാതെ മറ്റൊരു ആളുമായി ബന്ധപ്പെടുകയും അതുമൂലം ഗര്‍ഭം ധരിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ എണ്ണവും അധികം ആണ് . അതുപോലെതന്നെയാണ് ബലാത്കാരങ്ങള്‍ മൂലമോ പീഡനം മൂലമോ സംഭവിക്കുന്ന ഗര്‍ഭധാരണവും . ഇവയില്‍ പലപ്പോഴും ആത്മഹത്യയോ , വിവാഹമോചനമോ സംഭവിക്കുന്നത്‌ കാണേണ്ടി വരുന്നുണ്ട് .

വിവേകപൂര്‍വ്വം ഇടപെടുന്ന ചിലര്‍ ആരുമറിയാതെ ഇത് ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട് . മറ്റു ചിലരാകട്ടെ പാപ ചിന്തയാല്‍ അതിനെ രഹസ്യമായി ഗര്‍ഭത്തില്‍ സൂക്ഷിച്ചു പ്രസവിച്ചു അനാഥാലയങ്ങളില്‍ ഏല്‍പ്പിക്കുക, കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് നല്‍കുക , അല്ലെങ്കില്‍ ഒറ്റയ്ക്ക് വളര്‍ത്തുക എന്നീ സംഗതികളില്‍ ഏര്‍പ്പെടുന്നതും സാധാരണമായ ഒരു വസ്തുതയായി കാണപ്പെടുന്നുണ്ട് .

ഗര്‍ഭഛിദ്രം മാര്‍ഗ്ഗങ്ങളും പ്രശ്നങ്ങളും

പലപ്പോഴും ഗ്രാമങ്ങളില്‍ ഒക്കെ സംഭവിക്കുന്നത്‌ ആരുമറിയാതെ കാര്യം നടത്താന്‍ കഴിവുള്ള പ്രായമുള്ള ചില സ്ത്രീകളോ , വൈദ്യന്മാരോ ഉണ്ടാകും എന്നതാണ് . ചിലപ്പോള്‍ സിദ്ധന്മാരും മാന്ത്രികരും പോലും ഈ സംഗതികള്‍ പരിഹരിക്കാന്‍ തയ്യാറാകുന്നുണ്ട് .അതിന്റെ മറവിൽ ലൈംഗിക ചൂക്ഷണം സംഭവിക്കുന്നുമുണ്ട്. ഇപ്പോള്‍ പക്ഷെ കുറച്ചുകൂടി പുരോഗമനം സംഭവിച്ചിട്ടുണ്ട് . ആശുപത്രികള്‍ , ചെറിയ ക്ലിനിക്കുകള്‍ ഒക്കെ രഹസ്യമായി ഇത് ചെയ്തുകൊടുത്തുകൊണ്ട് രംഗത്തുണ്ട് . മറ്റൊരു സങ്കേതം മെഡിക്കല്‍ ഷോപ്പുകള്‍ ആണ് . വിവരം പറഞ്ഞാല്‍ അവര്‍ക്ക് അതിനുള്ള ഗുളികകള്‍ ലഭ്യമാണ് . വളരെ ലാഭത്തില്‍ ഇത്തരം മരുന്നുകള്‍ നേരിട്ട് അവര്‍ക്ക് ലഭിക്കുന്നു ഉത്പാദകരില്‍ നിന്നും . വലിയ മാര്‍ജിനില്‍ ആവശ്യക്കാരെ അറിഞ്ഞു അത് വിറ്റ് മെഡിക്കല്‍ ഷോപ്പുടമകള്‍ ലാഭം കൊയ്യുന്നു ഒരു വശത്ത് . പ്രായം ചെന്ന , വിരമിച്ചതോ പരിചയസമ്പന്നരായവരോ ആയ നഴ്സുമാര്‍ ചിലരും ഇത്തരം സംഗതികള്‍ക്ക് സഹായം ചെയ്തുകൊടുത്തു ലാഭം നേടുന്നുണ്ട് . അതിയായ ബ്ലീഡിംഗ് സംഭവിച്ചു പലപ്പോഴും ആശുപത്രികള്‍ ആകുന്നുണ്ട് ചില കേസുകള്‍ . ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മരണത്തില്‍ കലാശിക്കുന്നുണ്ട്. എങ്കിലും ഇത്തരം സ്വകാര്യ ക്ലിനിക്ക് / ഷോപ്പ് സഹായങ്ങള്‍ മൂലം ആരുമറിയാതെ ഒരുപാട് ഭ്രൂണഹത്യകള്‍ കേരളത്തിലും സംഭവിക്കുന്നുണ്ട് .

ഭ്രൂണഹത്യ പരിഹാരങ്ങള്‍ .

വിവാഹേതര ബന്ധങ്ങളിലും കൗമാരക്കാരിലും സംഭവിക്കുന്ന ഗര്‍ഭങ്ങള്‍ക്ക് ഉത്തരവാദികള്‍ ആകുന്നവര്‍ ഒഴിഞ്ഞു മാറുകയോ , കൈയ്യൊഴിയുകയോ ചെയ്യുന്നത് മൂലം ആണ് ഒട്ടുമിക്ക കേസുകളും ഇത്തരം ഭ്രൂണഹത്യകള്‍ക്ക് തയ്യാറാകുന്നത് . പ്രണയം നടിച്ചു ശരീരവും പലപ്പോഴും പണവും സ്വന്തമാക്കി കടന്നു കളയുന്ന പുരുഷന്‍ , സ്ത്രീകള്‍ക്ക് എന്ത് സംഭവിച്ചു എന്ന് നോക്കാറില്ല . ഉത്തരവാദിത്വത്തങ്ങൾ സ്ത്രീയുടെ മേൽ ഉപേക്ഷിച്ചു അവർ മാന്യരാകുന്നു. ഗര്‍ഭനിരോധിത സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ പാലിക്കാതെ അവരുടെ താത്കാല സുഖം നോക്കി കടന്നു കളയുന്നവരും , സേഫ് പിരീഡ് നോക്കാതെ , അറിയാതെ ബന്ധപ്പെടുന്നവരും , വീണുകിട്ടുന്ന അവസരങ്ങളില്‍ ഇവ ശ്രദ്ധിക്കാന്‍ സമയം കിട്ടാതെ ഗര്‍ഭിണികള്‍ ആകുന്നവരും ഉണ്ട് . മാതാവിന് ഹാനികരമല്ലാതെ ഭ്രൂണം കളയാന്‍ കഴിയുന്ന ആദ്യ രണ്ടുമാസം ആണ് സുരക്ഷിതമായി അത് ചെയ്യാന്‍ കഴിയുന്നവര്‍ക്ക് പറ്റിയത് . അതിനു ശേഷം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു . അതുപോലെ സ്ഥിരമായി ഇത് ചെയ്യുന്നവര്‍ക്ക് വന്ധ്യത സംഭവിക്കാന്‍ സാധ്യത ഉണ്ട് . വീടുകളില്‍ നിന്നകന്നു താമസിക്കുന്ന വിദ്യാര്‍ഥികള്‍ , ഉദ്യോഗാര്‍ത്ഥികള്‍ എന്നിവരാണ് പൊതുവില്‍ ഗര്‍ഭധാരണത്തിലെ സുരക്ഷാമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് തങ്ങളുടെ പ്രശ്നങ്ങളെ ബുദ്ധിപരമായി നേരിടുന്നത് . പൊതു ജനത്തില്‍ ലൈംഗിക അവബോധം വളര്‍ത്തുകയും സുരക്ഷാമാര്‍ഗ്ഗങ്ങളെ കുറിച്ചുള്ള അറിവ് പകരുകയും ചെയ്യുന്നത് നല്ല ഒരു പരിഹാരമാകും എന്ന് കരുതുന്നു . ആരോഗ്യ വകുപ്പും സാമൂഹ്യ സുരക്ഷാ വകുപ്പുകളും മറ്റും സംഘടിതമായി സ്കൂള്‍ തലം മുതല്‍ തന്നെ ലൈംഗിക വിദ്യാഭ്യാസവും മറ്റും നല്‍കുന്നത് ഭ്രൂണ ഹത്യയിലേക്ക് നയിക്കുന്ന സംഭവ വികാസങ്ങളെ തടയാനും സുരക്ഷിതമായ ലൈംഗികത കൈവരിച്ച ഒരു സമൂഹം വളര്‍ത്തി എടുക്കുന്നതിനും സഹായകമാകും എന്ന് കരുതുന്നു .

ലൈംഗികത പാപം ആണ് എന്ന് കരുതുന്ന ഒരു സമൂഹം അല്ല ഇന്നുള്ളത് . ആരോഗ്യകരമായ ലൈംഗികത ആകട്ടെ ഒരു നല്ല സമൂഹത്തെ വളര്‍ത്തി എടുക്കുന്നത് എന്ന് ആശിക്കുന്നു .

ബിജു.ജി.നാഥ് വര്‍ക്കല

 

 

Wednesday, January 24, 2018

നിത്യസത്യം


അടര്‍ന്നകലുകയെന്നാല്‍ മനസ്സിന്‍ 
നിതാന്തമരണമതല്ലോ പാരില്‍.
എരിഞ്ഞടങ്ങും സൂര്യനെ നോക്കി 
കരഞ്ഞു തീരുവതരുതേ ഇനിയും.

പരിദേവനങ്ങള്‍ തന്‍ പാഥേയം 
ഇരുളിലെറിഞ്ഞുണരാന്‍ കൊതിക്കും 
മരുഭൂമിതൻ വിങ്ങലുകള്‍ക്കുള്ളില്‍ 
അധരങ്ങള്‍ മധുവോലും സുമമായിടുകില്‍.

അകലമാണതിവേഗം മനസ്സേ കുതിയ്ക്കാക-
വനിയില്‍ വിരഹമൊരു നിത്യസത്യം.
പറയുവതെളുതല്ല പതിരുകള്‍ എങ്കിലും
താണ്ടുക ദുസ്സഹമല്ലോ പകലിരവുകള്‍ ...

ദുഃഖം പ്രഹേളിക പോലൊരു സത്യം .
തനുവും മനവും അറിയുന്ന വേദന .
അത് മാത്രമറിയാതെ ജനനമില്ലല്ലോ 
അത് കണ്ടു തീരാതെ മരണവുമില്ല!

അന്യമാകുന്ന പകലിരവു കടന്നു 
മോഹങ്ങള്‍ വേവിച്ചന്നമാക്കിയും 
നോവുകള്‍ നീറ്റിവിഭൂതിചാര്‍ത്തിയും 
മുള്‍ശരങ്ങളില്‍ ശയ്യവിരിക്കാമിനി.

ഉയരെപറക്കാനശക്തമാം  ശലഭങ്ങള്‍ 
ചിറകുതളര്‍ന്നിതളിലമര്‍ന്നു വിങ്ങവേ .
മധുവോലും മിഴികള്‍ നീര്‍പൊടിയുന്നൊരു 
മധുമാസം ഇലകൊഴിയും കാലമാകുന്നുവോ !

വ്യര്‍ത്ഥമാം സ്നേഹത്തിന്‍ ഉത്തമമാതൃക 
മാത്രമായമരുമീ സൂര്യകാന്തിയെന്നുമേ.
സഫലമാകാത്ത ജന്മങ്ങള്‍ക്കൊപ്പം 
വേദനയല്ലാതെന്തു  വേറെ നല്‍കും പാരില്‍ ?

പ്രതീക്ഷകള്‍ തന്‍ മൃദുശയ്യയില്‍ 
മരുവുന്ന കാല്പനികത കഴിഞ്ഞകാലം.
ഇത് ജീവിതത്തിന്റെ നേരറിഞ്ഞുള്ളോരു 
ദ്രുതജീവിതത്തിന്‍ വസന്തകാലം മറക്കായ്ക.

എന്നുമെവിടെയും  വിടര്‍ന്നുല്ലസിക്കുന്നു 
ശുഭപ്രതീക്ഷകള്‍ തന്‍ മലരുകളെങ്കിലും 
അവനിയില്‍ ഒരുനാളും അമരുകയില്ലവര്‍ 
അലഭ്യമായുള്ളോരു വാഗ്ദാനമഴകളിലോരിക്കലും..
................ബിജു ജി നാഥ് വര്‍ക്കല 

Saturday, January 13, 2018

വേട്ട

വേട്ട

അവര്‍ വേട്ടയ്ക്കിറങ്ങുമ്പോള്‍
കാടുകള്‍ ശബ്ദയാനമാകുന്നു.
ഇളം മാംസങ്ങള്‍ അല്ലവര്‍ക്ക് വേണ്ടത്
അവര്‍ക്ക് വേണ്ടത് സംഹിതകള്‍ ആണ്
അവര്‍ക്ക് വേണ്ടത് കണ്ണുകെട്ടിയ തുലാസുകള്‍ ആണ്
അവര്‍ക്ക് വേണ്ടത് അധികാരത്തിന്റെ ബാറ്റണുകള്‍ ആണ്
അവര്‍ക്ക് വേണ്ടത് ബയണറ്റ്‌ മൂര്‍ച്ചകള്‍ ആണ് .
നോക്കൂ എത്ര മനോഹരമായാണ് അവര്‍ വേട്ടയാടുന്നത് .
നിങ്ങളുടെ ജീവിതത്തെ അവര്‍ വളഞ്ഞു വയ്ക്കുകയാണ്.
നിങ്ങളുടെ ആഹാരത്തെ അവര്‍ തടയുകയാണ്
നിങ്ങളുടെ പേനകള്‍ അവര്‍ കുത്തിയൊടിക്കുകയാണ്
നിങ്ങളുടെ നീതിയെ അവര്‍ ഭോഗിക്കുകയാണ്
നിങ്ങളിലെ ദേശ സ്നേഹത്തെ അവര്‍ കുത്തിനോവിക്കുകയാണ്
നിങ്ങള്‍ക്കറിയില്ല
നിങ്ങള്‍ ഇരയാണ് എന്ന്
നിങ്ങള്‍ അതറിയുമ്പോഴേക്കും
നിങ്ങള്‍ക്ക് ഒന്ന് കുതറാന്‍ പോലും കഴിയില്ല .
നിങ്ങള്‍ കരുതിയിരിക്കുന്ന നമുക്കല്ലല്ലോ എന്നൊരാശ്വാസം
നിങ്ങളെ ഒരിക്കലും അന്ന് സഹായിക്കില്ല
കാരണം , നിങ്ങളും ഇരകള്‍ ആണ് .
ചൂണ്ടയില്‍ കൊരുക്കപ്പെടുന്ന ചെറിയ വലിയ ഇരകള്‍.

------ബിജു.ജി.നാഥ് വര്‍ക്കല 

Wednesday, January 3, 2018

ഗ്രീഷ്മതാപം ......................ഉഷാ ചന്ദ്രന്‍

ഗ്രീഷ്മതാപം (നോവല്‍)
ഉഷാ ചന്ദ്രന്‍
ചിരന്തന പബ്ലിക്കേഷന്‍സ്
വില: 100 രൂപ

“ഉഷാ ചന്ദ്രന്‍” എന്ന പ്രവാസിയായ എഴുത്തുകാരിയുടെ ആദ്യ നോവല്‍ ആണ് “ഗ്രീഷ്മതാപം.” മുഖപുസ്തകത്തില്‍ കവിതകള്‍ എഴുതുന്ന ഈ എഴുത്തുകാരിയുടെ നോവലിലേക്കുള്ള യാത്രയ്ക്ക് മുതല്‍ക്കൂട്ട്  അവരുടെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍ വായനാശീലം തന്നെയാണ് . ഒരുപാട് വായനകള്‍ കൊണ്ട് പ്രബുദ്ധമായ ഒരു മനസ്സിനു മാത്രമേ എഴുത്തിലേക്ക് നല്ലതെന്തെങ്കിലും നല്‍കാന്‍ കഴിയൂ എന്ന വസ്തുത ഓരോ എഴുത്തുകാരും മനസ്സിലാക്കേണ്ട ഒരു വസ്തുതയാണ് . വായനകള്‍ മനുഷ്യരുടെ ജീവിതത്തെ മാറ്റിമറിക്കുന്നുണ്ട്. എന്നാല്‍ വായന ചിലപ്പോഴൊക്കെ ഒരു തിരിച്ചറിവും , മൂര്‍ച്ചയേറിയ ഒരായുധവും ആണ് എഴുത്തുകാരന് . എഴുതാന്‍ കഴിയുക എന്നതിന്റെ അടിസ്ഥാനം തന്നെ വായനക്കാരുടെ മനസ്സിനെ കീഴടക്കാന്‍ കഴിയുക എന്നാണല്ലോ.
ഗ്രീഷ്മതാപത്തിനു അവതാരിക എഴുതിയിരിക്കുന്നത് പ്രശസ്ത എഴുത്തുകാരി കെ പി സുധീര ആണ് . പ്രവാസത്തിന്റെ നോവിനെ അടയാളപ്പെടുത്തിയ , രണ്ടു കാലങ്ങളെ വിലയിരുത്തുന്ന ഒരു നല്ല നോവല്‍ ആണെന്ന അവതാരികയിലൂടെയാണ് നോവലിലേക്ക് കടക്കുന്നത്‌ . എന്താണ് ഗ്രീഷ്മതാപം പങ്കുവയ്ക്കുന്ന വിഷയം എന്ന് പരിശോധിക്കാം.
ദേവി , സോമന്‍ അവരുടെ രണ്ടു കുട്ടികള്‍ ഒരു വാടക വീട് അന്വേഷിച്ചു എത്തുന്നിടത്ത് ആണ് നോവല്‍ ആരംഭിക്കുന്നത്. മുപ്പതു കൊല്ലം മുന്നേ ഉള്ള ദേര ആണ് പശ്ചാത്തലം. ഒരു രണ്ടു മുറി വീടിന്റെ ഒരു മുറി സ്വന്തമാക്കി താമസം തുടങ്ങുന്നു അവര്‍. മറ്റേ മുറിയില്‍ താമസിക്കുന്നത് ഷീബ എന്ന സ്ത്രീയും കുട്ടിയും ഭര്‍ത്താവും ആണ് . വന്നു കയറുമ്പോള്‍ തന്നെ അവരുടെ രൂപവും കുട്ടിയുടെ രൂപവും ഒന്നും തന്നെ ദേവിക്ക് മാനസിക സംതൃപ്തി നല്‍കുന്നില്ല. എങ്കിലും വേറെ വഴികള്‍ ഒന്നുമില്ലാതെ അവര്‍ അവിടെ താമസം തുടങ്ങുകയാണ് . ഇതിനു മുന്‍പ് നല്ല സാഹചര്യത്തില്‍ നല്ല മുറിയില്‍ കഴിഞ്ഞിരുന്നതാണ് അവര്‍ പക്ഷെ ഇടയ്ക്ക് നാട്ടില്‍ പോകേണ്ടി വരികയും തിരികെ വന്ന ശേഷം മുറി കിട്ടാതെ പോകുകയും ചെയ്തതിനാല്‍ ഒടുവില്‍ ഒരുപാട് അലച്ചിലിന് ശേഷം കിട്ടിയ ഈ വീട്ടില്‍ അതിനാല്‍ തന്നെ അവര്‍ വളരെ സഹിച്ചും ക്ഷമിച്ചും കഴിയാന്‍ തീർച്ചയാക്കുകയായിരുന്നു.
സ്വയം ഒരു മുൻകോപിയാണ്  എന്നും എങ്കിലും ക്ഷമയോടെ എല്ലാം സഹിക്കാന്‍ ശ്രമിക്കുകയാണ് എന്നും ദേവി പറയുന്നുണ്ട് ഇടയ്ക്കു. പൊതുവായ അടുക്കളയിലും , ടെലിഫോണിലും എല്ലാം ഷീബയുടെ അപ്രമാദിത്വം ദേവിയില്‍ അലോസരത സൃഷ്ടിക്കുന്നു. വൃത്തിയും ബോധവും ഇല്ലാത്ത ഷീബയുടെ ഭാഷയും പെരുമാറ്റവും ദേവിയില്‍ നിരന്തരം അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ഷീബയുടെ ജാര സംസര്‍ഗ്ഗം കൂടി കണ്ടു പിടിച്ചുകഴിയുമ്പോള്‍ ദേവിയുടെ ഉറക്കം ശരിക്കും നഷ്ടമാകുന്നു . ഒരുനാള്‍ ഷീബയുടെ ജാരന്‍ ദേവി കുളിക്കുന്നത് ഒളിച്ചു നോക്കുക കൂടി ആയപ്പോള്‍ പിന്നെ ദേവിക്ക് അവിടെ താമസിക്കുക അസഹ്യമായിമാറുന്നു . ഇതിനെ തുടര്‍ന്നുള്ള അസ്വാരസ്യങ്ങള്‍ ദേവിക്കും ഷീബയ്ക്കും ഇടയിലുള്ള കൈയ്യാങ്കളിയില്‍ വരെ എത്തുന്നു ഒരു ഘട്ടത്തില്‍. തുടര്‍ന്ന് അവിടെയുള്ള ജീവിതം വളരെ കഠിനമാകുകയും സോമന്‍ മറ്റൊരു ബഹുനിലകെട്ടിടത്തില്‍  ഒരു മുറി ശരിയാക്കുകയും അവിടേക്ക് അവര്‍ മാറുകയും ചെയ്യുന്നു. അതോടെ ദേവിയുടെ മനോവിഷമങ്ങള്‍ മാറുകയും പിന്നെ ദേവിയും ജോലിക്ക് പോകുകയും ചെയ്യുന്നു . ജീവിത നിലവാരം ഉയരുകയും കുട്ടികള്‍ മുതിര്‍ന്നു, അവര്‍ സന്തോഷപൂര്‍വ്വം ജീവിതത്തെ കരുപ്പിടിപ്പിക്കുകയും ചെയ്യുന്നു .
സാധാരണ ഒരു സ്ത്രീയുടെ ചിന്താഗതികളെ ജാത്യാഭിമാനങ്ങളുടെ ത്രിമാനതലങ്ങളില്‍ നിന്നുകൊണ്ട് വീക്ഷിക്കുന്ന ദേവി തന്റെ നാടുമായുള്ള ബന്ധം വെറുക്കുന്നു. അങ്ങോട്ട്‌ കൊടുക്കുന്നതല്ലാതെ ഇങ്ങോട്ടും ഒന്നും കിട്ടാത്ത പ്രവാസജീവിതങ്ങള്‍ ആണ് ദേവിക്കും അനുഭവിക്കേണ്ടി വരുന്നത് അതുകൊണ്ട് മാത്രമാണ് ഇനിയൊരിക്കലും ആ നശിച്ച നാട്ടിലേക്ക് പോകില്ല എന്ന് പറയാന്‍ ദേവിയെ പ്രേരിപ്പിക്കുന്നത് . ഒപ്പം ദേവിയെ തടയുന്ന മറ്റൊരു വിഷയം നാട്ടിലെ പിടിച്ചുപറിയും സ്ത്രീകളെ ഒക്കെ പീഡിപ്പിക്കുന്ന സമൂഹവും ആണ് . അതിനാല്‍ തന്നെ ദുബായ് എന്ന സ്വപ്ന നഗരി സുരക്ഷയും സമാധാനവും നല്‍കുന്നു എന്ന ദേവിയുടെ ചിന്ത നോവലില്‍ പങ്കു വയ്ക്കുന്നു. മരുഭൂമിയിലെ തണുപ്പും ചൂടും പൊടിക്കാറ്റും വാരാന്ത്യങ്ങളിലെ ആശ്വാസമാകുന്ന ഷോപ്പിംഗ് അല്ലെങ്കില്‍ കടല്‍ത്തീര യാത്രകളും മറ്റും പ്രവാസ ജീവിതത്തിലെ നെടുവീര്‍പ്പുകള്‍ ആയി പറഞ്ഞു പോകുന്നുണ്ട് .

ഒറ്റ വായനയ്ക്ക് ഉതകുന്ന ഒരു സാധാരണ നോവല്‍. മുപ്പതു കൊല്ലത്തെ പ്രവാസം എന്ന് പറഞ്ഞപ്പോള്‍ പ്രവാസത്തിലെ പല മുഖങ്ങളെ കാണാന്‍ കഴിയും എന്ന അതിമോഹം വായനക്കാരന് ഉണ്ടായി എങ്കില്‍ അതില്‍ അവന്‍ നിരാശനാകും കാരണം രണ്ടു സ്ത്രീകള്‍ തമ്മിലുള്ള പോരും സംഘര്‍ഷങ്ങളും കുടുംബ ജീവിതവും മാത്രമാണ് നോവല്‍ പങ്കുവയ്ക്കുന്നത് എന്ന വിഷാദം നോവല്‍ വായിച്ചു തീരുമ്പോള്‍ അനുഭവപ്പെടുന്നു . വായനയുടെ ശക്തിയോ , ആഴമോ പരപ്പോ നല്‍കിയ ഒന്നും തന്നെ നോവലില്‍ പങ്കുവയ്ക്കാന്‍ കഴിയാതെ പോയിരിക്കുന്നു എഴുത്തുകാരിക്ക് . ഭാഷയില്‍ കുറച്ചു കാവ്യഭാഷപ്രയോഗിക്കാനും വാക്യങ്ങള്‍ ഉപയോഗിക്കാനും ഉള്ള ചില ചെറിയ ശ്രമങ്ങള്‍ മാത്രമാണു വായനയുടെ ഫലമായി വായനക്കാരന് ലഭിക്കുന്നത് . പ്രിന്റിംഗ് വളരെ മോശമായി അനുഭവപ്പെട്ടു . കവര്‍ ഡിസൈന്‍ നന്നായിരുന്നു . ആശംസകളോടെ ബി.ജി എന്‍ വര്‍ക്കല