Friday, April 12, 2013

കനലുകള്‍


ഉച്ചസൂര്യന്റെ മഞ്ഞിലുറങ്ങുന്ന ,
നക്ഷത്രസ്വപ്നങ്ങളെ നിങ്ങളെയോര്‍ത്ത്‌ -
വ്യര്‍ത്ഥമീ ജീവിതം പങ്കിട്ടെടുക്കട്ടെ
ഞാനുമെന്‍ ശപ്തനിമിഷങ്ങളും വൃഥാ.

കഷ്ടതയോര്‍ത്തു കരയുവാനാകാത്ത
ചത്തജനത്തിന്‍ ജീവിതപാതയില്‍ ,
കറുത്ത പുകയാല്‍ കണ്ണുകള്‍ മൂടി
കരയുവാനാകാതെ കണ്ണീര്‍ വാര്‍ക്കുന്നു സത്യം .
നീലവിരിയിട്ടോരാകാശ ജാലകം
നേരിന്റെ നന്മയില്‍മൗനം ഭജിക്കവേ ,
സാക്ഷികൂടാരമുള്‍പ്പടര്‍പ്പില്‍ മുറിയുന്നു
നീതിദേവതതന്‍ കന്യകാത്വവും .

പ്രാണന്‍ പിടയുന്ന വേദനയാല്‍
നാടിന്‍ ചോരക്കുഴലുകള്‍ പൊട്ടുമ്പോള്‍
നായരച്ചിയുടെ താറു താങ്ങുന്നു
നാട് ഭരിക്കേണ്ട സവിചോത്തമന്‍ .

ഉഷ്ണം പെരുകി മണ്ണ് വരളുമ്പോള്‍ ,
ദാഹനീരിനു പൈതങ്ങള്‍ പായുമ്പോള്‍
അച്ചിക്ക്‌ നായര്‍ മീന്തല നല്‍കാത്ത -
കുറ്റപത്രം വായിക്കും പ്രാതിനിത്യങ്ങള്‍ ,
ഉച്ചത്തില്‍ മുഴക്കുന്ന വിപ്ലവഗാനത്താല്‍
പൊട്ടിത്തരിക്കുന്നു  നാല്‍കവലകള്‍ നിത്യം .

കാഴ്ച്ചകളേവം കണ്ണ് നിറയ്ക്കുമ്പോള്‍
ലൈവ് കണ്ടൊരു നിര്‍വൃതി നിറയുമ്പോള്‍
സാക്ഷരകേരളം നെഞ്ചത്ത് തല്ലുന്നു
എന്റെനാടെന്നുച്ഛത്തില്‍ കേഴുന്നു .
-----------------ബി ജി എന്‍ വര്‍ക്കല --------------

1 comment:

  1. എന്റെ കേരളം
    എത്ര സുന്ദരം

    അല്ലേ?

    ReplyDelete