Friday, August 30, 2024

ആദര്‍ശ ഹിന്ദു ഹോട്ടല്‍ ........ബിഭൂതിഭൂഷന്‍ ബന്ദ്യോപാധ്യായ

ആദര്‍ശ ഹിന്ദു ഹോട്ടല്‍ (നോവല്‍)
ബിഭൂതിഭൂഷന്‍ ബന്ദ്യോപാധ്യായ
വിവര്‍ത്തനം : രവി വര്‍മ്മ 
നാഷണല്‍ ബുക്ക് ട്രസ്റ്റ് (1989)

ഒരു കാലത്ത് മലയാളിയുടെ വായനയെ പരിപോഷിപ്പിക്കുകയും  ഊര്‍ജ്ജ്വസ്വലമായി നിലനിര്‍ത്തുകയും ചെയ്തിരുന്ന ഘടകമാണ് വിദേശ ഭാഷകളില്‍ നിന്നും മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്ന മനോഹരമായ കഥകളും നോവലുകളും കവിതകളും ഒക്കെ . മലയാള സാഹിത്യത്തിന്റെ ഉണര്‍വ്വുമുത്തേജനവുമായി എഴുത്തുകാരെ കര്‍മ്മനിരതരാക്കുന്നതില്‍ ഈ മൊഴിമാറ്റങ്ങളും വായനകളും കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട് . പഴയ തലമുറയിലെ എഴുത്തുകാരെ ആരെ എടുത്തു നോക്കിയാലും അവരിലൊക്കെ പരന്ന വായനയും , ചര്‍ച്ചകളും നടന്നിരുന്നതായി വായിക്കാനും അറിയാനും കഴിയും. ആധുനിക സാഹിത്യത്തില്‍ ഇല്ലാതെ പോകുന്ന ഒരു വസ്തുതയാണ് പരന്ന വായനയും തുറന്ന ചര്‍ച്ചകളും. ഇവിടെ ഇന്ന് കൊണ്ടാടപ്പെടുന്ന ഒരു സംഘടനകളും ആ ഒരു കാര്യത്തില്‍ വ്യഥ്യസ്തമല്ല . അവര്‍ വായിക്കുന്നത് അവരുടെ ഗ്രൂപ്പുകളില്‍ ഉള്ളവരില്‍ നിന്നും അവര്‍ തന്നെ തിരഞ്ഞെടുക്കുന്ന താത്പര്യങ്ങള്‍ക്ക് മേലുള്ള വായനകളും അഭിപ്രായങ്ങളും മാത്രമാണു . മലയാളഭാഷയില്‍ ഇതിന് മുന്പും ഇതിന് ശേഷവും മറ്റൊരു എഴുത്തുകാരനോ എഴുത്തുകാരിയോ ഉണ്ടായിട്ടില്ല എന്നൊക്കെയാണ് അഭിനവ നിരൂപണ സിംഹങ്ങള്‍ ഇത്തരം ചര്‍ച്ചകളില്‍ പറഞ്ഞു കാണാറുള്ളതും . എന്നാല്‍ ആ പുസ്തകം ഒരു പക്ഷേ അവര്‍ പോലും മുഴുവന്‍ വായിച്ചിട്ടുണ്ടോ എന്നത് സംശയം ആണ് . അവര്‍ നോക്കുന്നത് എഴുതിയ ആളിനെയാണ് പുസ്തകമല്ല. അതില്‍ പല താത്പര്യങ്ങളും ഉണ്ടാകുകയും ചെയ്യാം. 

പഴയകാല വായനകളെ ഉത്തേജിപ്പിച്ചു നിര്‍ത്തിയ മൊഴിമാറ്റ സംരംഭങ്ങളെ ആണ് പറഞ്ഞു വന്നത് ഇടക്ക് വഴിമാറിപ്പോയി എന്നത് സത്യം. തര്‍ജ്ജമകള്‍ പലപ്പോഴും വായിക്കുമ്പോള്‍ ഇത് മറ്റാരുടെയോ ഭാഷയാണ് ഇത് മനസ്സിലാക്കുന്നത് വലിയ പ്രയാസമാണ് എന്നു തോന്നിപ്പോകാറുണ്ട് . ഇതിന് കാരണം മൊഴിമാറ്റം ചെയ്യുന്നവര്‍ പ്രയോഗിക്കുന്ന പദാനുപദഭാഷമാറ്റം ആണെന്ന് കരുതുന്നു. ഈ ഒരു അസ്കിത ഒഴിവാക്കി നോക്കിയാല്‍ മൊത്തത്തില്‍ ഒരു നവോന്മേഷം നല്‍കുന്ന തിരഞ്ഞെടുപ്പുകള്‍ ആയിരുന്നു അന്ന് സാഹിത്യ രചനകളില്‍ എഴുത്തുകാര്‍ കൈകൊണ്ടത്, പ്രസാധകര്‍ സ്വീകരിച്ചതും. ബിഭൂതിഭൂഷന്‍ ബന്ദ്യോപാധ്യായയെ അറിയാത്തവര്‍ ചുരുക്കമാണ് എന്നു പറയാന്‍ വിഷമം ഉണ്ട് . കാരണം ആധുനിക മലയാള സാഹിത്യത്തില്‍ അതൊരു സത്യമാണ്...  മറവി അല്ലെങ്കില്‍ അറിവില്ലായ്മ . പഥേര്‍ പാഞ്ചാലി പോലുള്ള കൃതികളിലൂടെ ബംഗാളി ഭാഷയില്‍ നിറഞ്ഞു നിന്ന ഒരു പ്രശസ്ത സാഹിത്യകാരനാണ് ബിഭൂതിഭൂഷന്‍ ബന്ദ്യോപാധ്യായ. എഴുപതോളം പുസ്തകങ്ങള്‍ സ്വന്തമായിട്ടുള്ള അദ്ദേഹത്തിന്റെ കൃതികള്‍ ഒരുകാലത്ത് ഇന്ത്യന്‍ സാഹിത്യത്തില്‍ നിറഞ്ഞു നിന്ന ഒന്നായിരുന്നു. സാഹിത്യത്തില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തുന്ന രണ്ടു ഭാഷകളായിരുന്നു ബംഗാളി ഭാഷയും മലയാള ഭാഷയും. മറ്റ് ഭാഷകളില്‍ കൃതികള്‍ ഇല്ല എന്നല്ല പക്ഷേ ശ്രദ്ധിക്കപ്പെട്ടവ മിക്കതും ഈ രണ്ടു ഭാഷകളുടെയായിരുന്നു . അവയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട നോവലുകളും കഥകളും ഇന്ത്യന്‍ ഭാഷകളില്‍ നിറഞ്ഞു നില്‍ക്കുന്ന ശ്രദ്ധിക്കപ്പെടുന്ന സിനിമകള്‍ ആയി വായനക്കാരില്‍ മാത്രമല്ല കാഴ്ചക്കാരിലും ചെന്നെത്തിയിരുന്നു . 

ഹജാരി ഠാക്കൂര്‍ എന്ന മനുഷ്യന്റെ ജീവിതമാണ് ആദര്‍ശ ഹിന്ദു ഹോട്ടല്‍ എന്ന ഈ നോവലിന്റെ ഇതിവൃത്തം . ബംഗാളില്‍ നിലനിന്ന സാമൂഹിക ക്രമവും സമൂഹ വീക്ഷണവും ഇന്ത്യന്‍ ജീവിത്തിലേക്ക് വരുന്ന പുതുമകളും ഒക്കെ ഈ നോവല്‍ വരച്ചിടുന്നു . ഇന്ത്യന്‍ റയില്‍വേയുടെ ആദ്യകാലം, ബ്രിട്ടീഷ് ഭരണ കാലം , ബംഗാളിന്റെ സാമൂഹ്യ ജീവിതം ഒക്കെയും ഈ നോവലിന്റെ പശ്ചാത്തലമായി നില്ക്കുന്നു . ഒരു ഹോട്ടലിലെ പാചകക്കാരനായി എട്ടു രൂപ മാസവേതനത്തില്‍ ജോലി ചെയ്യുന്ന സാധുബ്രാഹ്മണനായ ഹാജാരി ഠാക്കൂര്‍ എന്നും കനവ് കാണുന്നത് സ്വന്തമായി ഒരു ഹോട്ടലും അത് നടത്തിക്കാട്ടി തന്റെ യജമാനനേ എങ്ങനെയാണ് മനുഷ്യരോടു ഇടപെടേണ്ടത് എന്നു മനസ്സിലാക്കിക്കൊടുക്കാന്‍ എന്നും കനവ് കാണുന്ന ഒരു ദരിദ്രന്‍ . അയാളുടെ ലോകം ആ കുശിനിയും അവിടെയുള്ള മനുഷ്യരും ദൂരെ ഗ്രാമത്തിലുള്ള തന്റെ കുടുംബവും മാത്രമാണു . പക്ഷേ തന്റെ ആഗ്രഹം അയാള്‍ ക്രമേണ എങ്ങനെ സാധിച്ചെടുക്കുന്നു എന്നും അയാള്‍ എവിടെ എത്തിയെന്നും കാണുമ്പോഴാണ് അസാധ്യമായ് ഒന്നുമില്ല എന്ന വാക്യം അന്വര്‍ത്തമാകുന്നത് . നിഷ്കളങ്കരായ ഗ്രാമീണരും , അവരുടെ ജാതി ഭക്തിയും , മനുഷ്യരോടുള്ള ദയവായ്പ്പും വളരെ മനോഹരമായിത്തന്നെ നോവലില്‍ അടയാളപ്പെടുന്നു . ആധുനിക സമൂഹത്തിനു അന്യമായ കാഴ്ചകളാണ് അവ . മലയാളത്തിലെ അനവധി പ്രധാന കഥകളും നോവലുകളും മാനുഷിക മൂല്യം , മത സൌഹാര്‍ദ്ദം മനുഷ്യനിലെ വിവിധ വികാരങ്ങളും വിവേചനങ്ങളും ഒക്കെക്കാട്ടി നമ്മെ ആനന്ദിപ്പിച്ചിട്ടുണ്ട് . അവയൊക്കെ പ്രാദേശികമായ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ ആയിരുന്നു. അതേ പോലെയുള്ള ഒരു അനുഭൂതിയാണ് ഈ നോവലിലും കാണാന്‍ കഴിയുക . മനുഷ്യനിലെ നന്‍മയുടെ അംശങ്ങളെ കാട്ടിത്തരുന്ന ഠാക്കൂര്‍ , കുസുമം , ആന്‍സിത തുടങ്ങിയവരുടെ ഇടയിലെ നിര്‍മമമായാ ബന്ധവും പത്മം, ബേക്ക് ചക്കത്തി തുടങ്ങിയ മനുഷ്യരിലൂടെ ചതി, പക, തുടങ്ങിയ മാനുഷിക വികാരങ്ങളുടെ പ്രസരണ വഴികളും നോവലില്‍ പകര്‍ത്തൂമ്പോള്‍ അതിശയോക്തികള്‍ ഒട്ടുംതന്നെ ഉണ്ടാകുന്നില്ല മാത്രവുമല്ല വായനക്കാരന് അറിയാത്ത ഒരു വഴിയിലൂടെയോ കാണാത്ത ഒരാളിനെയോ നോവല്‍ സമ്മാനിക്കുന്നില്ല എന്നതാണു പ്രത്യേകത. അവരുടെ മനോസഞ്ചാരങ്ങളിലൂടെ വളരെ എളുപ്പം സഞ്ചരിക്കാന്‍ കഴിയും വിധം ലളിതമാണ് അവതരണം. തര്‍ജ്ജമയിലും രവി വര്‍മ്മ ഈ ഒരു ലാളിത്യം കൊണ്ട് വന്നിട്ടുള്ളതിനാല്‍ വായന ആയാസരഹിതവും  അനുഭാവെദ്യവും ആകുന്നു. 

വായിക്കാന്‍ നല്ലൊരു നോവല്‍ എന്നതിനപ്പുറം ഒരു കാലഘട്ടത്തെ ഓര്‍മ്മിക്കാന്‍ ഒരു വായന നല്‍കുന്ന പുസ്തകമാണ് ആദര്‍ശ ഹിന്ദു ഹോട്ടല്‍ എന്നു പരിചയപ്പെടുത്താന്‍ ആണ് ആഗ്രഹം. തീര്‍ച്ചയായും സാഹിത്യത്തെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ പുസ്തകം നല്ലൊരു വായന സമ്മാനിക്കും എന്നതില്‍ സംശയമില്ല. സസ്നേഹം ബി.ജി.എന്‍ വര്‍ക്കല

Thursday, August 22, 2024

സമസ്യ പോലെ നീ

എൻ്റെ പ്രതീക്ഷകൾക്കപ്പുറം ചരിക്കുന്ന വെള്ളിനക്ഷത്രമേ !
നിൻ്റെ ജ്വലിക്കും കണ്ണിണകളിൽ വീണെൻ കരളുരുകുന്നു.
എൻ്റെ സ്വപ്നങ്ങൾക്കപ്പുറം നല്കുന്ന വാർമഴവില്ലേ
നിൻ്റെ നിറക്കൂട്ടിൽ വീണെൻ നിഴൽ മറഞ്ഞിടുന്നു.

നിൻ്റെ പറമ്പിലെ ഒരില പോലുമിന്നെനിക്കപരിചിതമല്ല.
നിന്നുടലിലേയൊരു മറുകു പോലുമിന്നീ മിഴി കാണാത്തതില്ല.
എങ്കിലും നീയെൻ്റെ ചാരത്തു നിന്നും മറഞ്ഞുനില്ക്കുമ്പോൾ
നിൻ്റെ കിടക്കയിൽ ഞാനണഞ്ഞീടുന്നു ചോരനെപ്പോലെ.

അമ്പിളിമാമനെ കൊണ്ടുവരാൻ പറഞ്ഞു പോയെന്നാൽ
സൂര്യനെയപ്പാടെ കൈകളിലേന്തി നീ വന്നു നിന്നീടുന്നു.
ഒരു കിണർ വെള്ളം കുടിക്കാൻ കൊതി പറഞ്ഞീടുകിൽ
ഒരു കടൽ നീയെൻ്റെ മുന്നിലായക്ഷണം വിതാനിച്ചിടുന്നു.

നിൻ്റെ ഹൃദയത്തിന്നറകളിൽ ഞാൻ എന്നെ തിരയവേ
ചെത്തിയെടുത്തതെൻ കാൽക്കൽ വച്ചീടുന്നു കല്മഷമില്ലാതെ
നിന്നെ പിരിഞ്ഞു നടന്നു തുടങ്ങാൻ ഞാൻ നിനച്ചീടവേ
എൻ്റെ പാതയിൽ നീ ചിതറി വീഴുന്നു പൂക്കളെപ്പോലെ.
@ ബി.ജി.എൻ.വർക്കല

Tuesday, August 20, 2024

ഒരു ഗാനം കൂടി

പ്രണയം നിലാവിൻ്റെ പൂക്കൂട നെയ്യുന്ന
പകലിൻ്റെ ചാരത്തിലൂടെ 
യാത്ര ചെയ്യും എൻ്റെ കൂട്ടുകാരീ നിൻ്റെ
ചിത്തത്തിൽ ഞാനുമുണ്ടെന്നോ.!!
നിൻ്റെ ചിത്രത്തിൽ ഞാനുണ്ടെന്നോ.

കരളിൽ വികാരത്തിൻ തീക്കൂട വിതറുന്ന
ഇരുളിൻ്റെ പാതയിലൂടെ
കടന്നുപോകും എൻ്റെ കൂട്ടുകാരാ നിൻ്റെ
മനസ്സിൽ ഞാൻ മാത്രമാണെന്നോ?
നിൻ്റെ മിഴിയിലെൻ രൂപമാണെന്നോ!

ഒരു പാത തന്നുടെ ഇരുവശം ചേർന്നു നാം
അപരിചിതരായി നടക്കാൻ
ഇനിയുമീ മുഖപടം എന്തിനണിയണം
വരിക ഈ കൈവിരൽ പിടിക്കൂ
കൈകോർത്തു നാമിനി നടക്കാം.

കുളിർകോരുമീ പുലർകാലത്തിൻ വെളിച്ചം
ഉടയാടയായണിയുന്ന നമ്മൾ
ഒരു സ്വപ്നം ഉള്ളിൽ വിരിയുന്നീ ഉലകിൻ
അനന്തത പുൽകാൻ കൊതിപ്പൂ
നാമൊരുമിച്ചു പോകാൻ കൊതിപ്പൂ.
@ ബി.ജി.എൻ വർക്കല 

Thursday, August 15, 2024

ഇന്ദുലേഖ............ ഒ.ചന്തുമേനോൻ

ഇന്ദുലേഖ (നോവല്‍)
ഒ ചന്തുമേനോന്‍ 


മലയാളത്തിലെ പഴയ പുസ്തകങ്ങള്‍ വായിക്കാന്‍ ഒന്നുകൂടി തോന്നിപ്പിക്കുന്നത് അവ ഇക്കാലത്തില്‍ ഒരു പുനര്‍വായന അര്‍ഹിക്കുന്നു എന്ന ചിന്തയില്‍ നിന്നല്ല. മറിച്ച് കുട്ടിക്കാലത്തിലെ പാകതയില്ലാത്ത വായനകള്‍ ഇന്ന് ഒന്നുകൂടി വായിച്ചു നോക്കേണ്ടതിന്റെ കൗതുകം കൊണ്ട് മാത്രം. വളരെ വര്‍ഷങ്ങള്‍ക്ക് മുന്പ് പാഠപുസ്തകത്തില്‍ പഠിച്ചു എന്നൊരോര്‍മ്മ മാത്രമാണു ഇന്ദുലേഖ എന്ന നോവലിനെക്കുറിച്ച് പറയാന്‍ ആദ്യം കിട്ടുന്നത്. സൂരി നമ്പൂതിരിപ്പാടിന്റെ ഭോഷത്തരങ്ങള്‍ , ഇന്ദുലേഖയും മാധവനും തമ്മിലുള്ള അനുരാഗം . ഇവയുടെ ഇടയിലെ സങ്കടകരമായ ഒരു വേര്‍പാടും പിന്നെയുള്ള ഒന്നിക്കലും. കഴിഞ്ഞു ഇന്ദുലേഖ എന്ന നോവലിനെക്കുറിച്ചുള്ള ഓര്‍മ്മയും ധാരണയും ഇവ മാത്രമാണു . മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ എന്ന വിശേഷണം ഇന്ദുലേഖയ്ക്കും ആദ്യ നോവല്‍ എന്ന പദവി കുന്ദലതയ്ക്കും ആണെന്ന് കേട്ടിട്ടുണ്ട്. ചരിത്രങ്ങളില്‍ താത്പര്യമുണ്ടെങ്കിലും സാഹിത്യ ചരിത്രങ്ങള്‍ തിരഞ്ഞു പോകാനോ ഓര്‍മ്മയില്‍ സൂക്ഷിക്കാനോ താത്പര്യം തോന്നാത്തതിനാല്‍ അതിന്റെ ചര്‍ച്ചകളിലേക്കൊ വിശേഷങ്ങളിക്കോ പോകാന്‍ തോന്നുന്നില്ല. എന്റെ താത്പര്യം മനുഷ്യ ചരിത്രവും മറ്റ് സാംസ്കാരിക ചരിത്രവും ഒക്കെയായതിനാല്‍ സാഹിത്യ ചരിത്രങ്ങള്‍ ഓര്‍മ്മയില്‍ ഇല്ല തന്നെ . സത്യത്തില്‍ ഇതുവരെയും ഇന്ദുലേഖയെ സംബന്ധിച്ചുള്ള ഒരു ചര്‍ച്ചയോ വായനയോ ഞാൻ കാണാനോ ശ്രദ്ധിക്കാനോ ശ്രമിച്ചിട്ടില്ല എന്നതിനാല്‍ത്തനെ ഞാന്‍ ഈ പുസ്തകത്തെ വായിച്ചത് എഴുതുമ്പോൾ സാധാരണഗതിയില്‍ വായനക്കാര്‍ക്ക് ഒരു തമാശയോ അതിഭാവുകത്വമോ തോന്നിയേക്കാം എന്നത് ഞാന്‍ കാര്യമാക്കുന്നില്ല . എന്റെ വായന ഇപ്പോഴാണല്ലോ സംഭവിച്ചത് അപ്പോള്‍ എനിക്കു പറയാനുള്ളതും ഇപ്പോഴാണ്. . 

ഇന്ദുലേഖയുടെ കഥ ഒരു പക്ഷേ എല്ലാവർക്കും അറിയാവുന്നതുപോലെ മാധവനും ഇന്ദുലേഖയും തമ്മിലുള്ള പ്രണയവും ഇടയില്‍ പഞ്ചുമേനവന്റെ ഉഗ്രശാപം മൂലം സൂരി നമ്പൂതിരിപ്പാട് മംഗലം കഴിക്കാന്‍ വരികയും പരിഹാസ്യനായി മറ്റൊരു പെണ്ണിനെ വേളി കഴിച്ചു രാത്രിക്ക് രാത്രി നാട്ടുകാരെ മുഴുവന്‍ ഇന്ദുലേഖയെ ആണ് താന്‍ വേളി കഴിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച് സ്ഥലം കാലിയാക്കുന്നതും ഇതറിഞ്ഞ മാധവന്‍ നാട് വിട്ടുപോകുന്നതും ഒടുവില്‍ അയാളെ തിരഞ്ഞു പോയ അച്ഛനും ബന്ധുവും കാര്യങ്ങള്‍ ഒക്കെ വിശദീകരിച്ചു തിരികെ കൊണ്ട് വരികയും അവര്‍ അനന്തരം വിവാഹം ഒക്കെ കഴിച്ചു സന്തോഷമായി ജീവിക്കുന്നതും ആണ് . ഈ കഥയെ അറിയാത്ത മലയാളികള്‍ ചുരുക്കം ആണ്. ഈ കഥ വായിച്ചപ്പോഴോ പഠിച്ചപ്പോഴോ പറഞ്ഞു തരാതെ പോയതും മനസ്സിലാകാതെ പോയതുമായ ചില വസ്തുതകളെ ഇന്നത്തെ പുതിയ വായന നല്‍കിയതിനെക്കുറിച്ച് പറയാന്‍ വേണ്ടി മാത്രമാണു ഈ കുറിപ്പു തയ്യാറാക്കിയത് . അല്ലെങ്കില്‍ വായിച്ച പുസ്തകങ്ങളെ അടയാളപ്പെടുത്തുന്നതിനിടയില്‍ ഇന്ദുലേഖയെ ഇനിയും വായിച്ചു എന്നു പറയണമോ എന്നൊരു തോന്നലില്‍ അടുത്ത വായനയിലേക്ക് പോകുകയായിരുന്നു ചെയ്യുക . 

എന്താണ് പുതിയ കാലത്തില്‍ , ഒരു പഴയ വായന തന്ന പുതിയ അറിവുകള്‍ എന്നു പറയാതെ ഈ കുറിപ്പു അവസാനിപ്പിക്കുക സാധ്യമല്ല . ആയിരത്തി എണ്ണൂറിന്റെ അവസാന കാലത്ത് എഴുതിയ ഈ പുസ്തകത്തില്‍ ബ്രിട്ടീഷ് ഇന്ത്യയുടെ സ്വാധീനവും ചിന്തകളും വലിയ തോതില്‍ പ്രതിഫലിക്കുന്നുണ്ട് . വിദ്യയുടെ ഗുണം എന്തെന്ന വിഷയത്തെ വളരെ നല്ല രീതിയില്‍ത്തന്നെ ഈ നോവല്‍ കൈകാര്യം ചെയ്യുന്നുണ്ട് . ഉദ്യോഗമുള്ള പിതാവിന്റെ ധീരമായ നിലപാടാണ് ഇന്ദുലേഖ എന്ന പെൺകുട്ടിക്ക് വിദ്യാഭ്യാസം ലഭിച്ചതു അതും സാധാരണ അക്കാലത്ത് നിലവില്‍ ഉള്ള മലയാളവും സംസ്കൃതവും മാത്രമല്ല ആംഗലേയവും പഠിക്കാന്‍ കഴിഞ്ഞത് . ആ വിദ്യാഭാസത്തിൻ്റെ മേന്മ ഇന്ദുലേഖ എന്ന നായര്‍ പെൺകുട്ടിയുടെ വാക്കുകളിലും പ്രവര്‍ത്തിയിലും വളരെ നന്നായ് പ്രതിഫലിക്കുന്നുമുണ്ട് . നായർ സ്ത്രീയുടെ ഇഷ്ട ദാമ്പത്യം എന്ന ആക്ഷേപത്തെ ഇന്ദുലേഖയില്‍ പുരോഗമന ചിന്ത ഖണ്ഡിക്കുന്നത് കാണാം . മാധവന്‍, നായര്‍ സ്ത്രീകള്‍ പാമ്പ് പടം പൊഴിക്കുമ്പോലെ പുരുഷന്മാരേ തിരഞ്ഞെടുക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന വിഷയം അവതരിപ്പിക്കുമ്പോള്‍ ഇന്ദുലേഖ പ്രതിരോധിക്കുന്നത് എല്ലാവരും അങ്ങനെ എന്നു കരുതരുത് . ചിലര്‍ അത് അനുവര്‍ത്തിക്കുന്നു എന്നതുകൊണ്ടു മുഴുവന് നായര്‍ സ്ത്രീകളെയും അതേ അച്ചു കൊണ്ട് അളക്കരുത് എന്നായിരുന്നു. അതുപോലെ സൂരി നമ്പൂതിരിപ്പാട് ഇന്ദുലേഖയെ കാണാന്‍ വരുമ്പോള്‍  അവള്‍ അയാളോട് സംസാരിക്കുമ്പോള്‍ "ഞാന്‍" എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട് . നമ്പൂതിരിയില്‍ ആ വാക്ക് നല്‍കുന്ന ബുദ്ധിമുട്ട് വളരെ വലുതാണ് . 'പഠിച്ചതിന്റെ അഹങ്കാരം' എന്നാണ് അയാള്‍ അതിനെ പിന്നീട് പ്രതികരിക്കുന്നത് പോലും. നായര്‍ തറവാട് എന്നാല്‍ ആഭിജാത്യത്തിന്റെ ഒരിടം ആണെന്ന ധാരണ വളര്‍ത്താനും അന്നത്തെ സമൂഹത്തില്‍ നമ്പൂതിരി സമുദായത്തിനെക്കാള്‍ ഉയരത്തില്‍ പ്രതാപം കാണിക്കാനും കഴിയുന്ന വീടുകള്‍ ഉണ്ടെന്നും ഇന്ദുലേഖയില്‍ കാണുന്നു . സംബന്ധം നമ്പൂതിരിയോട് ആകുന്നത് അഭിമാനവും മറ്റുമായി കാണുന്ന കാഴ്ചപ്പാട് മാറിയിട്ടില്ല എങ്കിലും പദവിയില്‍ അവര്‍ക്കും മുകളില്‍ നിന്നുകൊണ്ടു രാജാക്കന്മാരുടെ ഒരു തലയെടുപ്പാണ് പഞ്ചുമേനവന് ചന്തുമേനോൻ നല്‍കുന്നത് . ബ്രാഹ്മണർക്ക് സമൂഹത്തില്‍ ഒരു തരത്തില്‍ പറയുകയാണെങ്കില്‍ അഭയാര്‍ത്ഥികളുടെ സ്ഥാനം ആണ് ഈ നോവലില്‍ കാണാന്‍ കഴിയുക . ഊട്ടുപുരകളില്‍ നിന്നും കിട്ടുന്ന ഭക്ഷണവും കഴിച്ചു നായര്‍ വീടുകളില്‍ സംബന്ധം നടത്തി അവിടത്തന്നെ അടിമകളെ പോലെ കഴിയുന്ന മനുഷ്യരെ ആണ് ഈ നോവലില്‍ കാണാന്‍ കഴിയുക. ഇത് ചരിത്ര രചനകളില്‍ നിന്നും വേറിട്ട കാഴ്ചയും ചര്‍ച്ചയും ആകുന്നതായി അനുഭവപ്പെടുന്നു .  വിദ്യാഭ്യാസമില്ലായ്മയുടെ ദോഷഫലങ്ങള്‍ നമ്പൂതിരി സമുദായം അനുഭവിക്കുന്ന പല സന്ദര്‍ഭങ്ങളും ഇതില്‍ കാണാന്‍ കഴിയും . ഭൂമി വ്യവഹാരങ്ങളിലും കോടതി വ്യവഹാരങ്ങളിലും ഒക്കെ ഇത് പ്രതിഫലിക്കുന്നതും മറ്റും എങ്ങനെയാണ് ധനികരായ പലരും പിന്നീട് പിച്ച എടുക്കുന്ന തലത്തിലേക്ക് വീണുപോയതെന്നതിന് മറുപടിയായി കാണാന്‍ കഴിയും . 

വിദ്യാഭ്യാസം കിട്ടിയതു കൊണ്ട് തുറന്ന ലോക വീക്ഷണവും ജീവിത നിലവാരവും കിട്ടിയ മനുഷ്യരെ ഈ നോവലില്‍ കാണാന്‍ കഴിയുന്നു. ബ്രിട്ടീഷുകാര്‍ നല്കിയ പല ചിന്തകളും രീതികളും പിന്തുടരുകയും ആതിനെ ശരിയെന്ന് ധരിക്കുകയും ചെയ്യുന്ന ഒരു പരിഷ്കാരം ആണ് വിദ്യാഭ്യാസം കൊണ്ട് അവര്‍ പിന്തുടരാന്‍ ശ്രമിക്കുന്നത് . വസ്ത്ര ദ്ധാരണം, ലോക കാര്യങ്ങള്‍ നോക്കിക്കാണുന്നതിലെ വ്യത്യസ്ഥത തുടങ്ങിയവ ഇതാണ് നമുക്ക് പറഞ്ഞു തരുന്നത് . കേരളം വിട്ടു കഴിഞ്ഞാല്‍ പിന്നെ നല്ല പരിഷ്കാരം ഉള്ള മനുഷ്യരായ മലയാള നാട്ടുകാര്‍ അഥവാ മദ്രാസികള്‍, രാജാക്കന്മാര്‍ ആണെന്ന ഉത്തരേന്ത്യന്‍ കാഴ്ചപ്പാടും മലയാളി നായര്‍ എന്ന വിലാസം നല്‍കുന്ന ജാത്യാഭിമാന കാഴ്ചയും കാണുമ്പോൾ എണ്‍പതുകളിലും മറ്റും ബോംബെ നഗരത്തില്‍ നായര്‍ എന്നു പറഞ്ഞാല്‍ കേരളത്തിലെ ഉയർന്ന ജാതിയാണെന്ന ചിന്തയും സ്ഥാനവും കണ്ടിട്ടു ബഷീര്‍ നായരും മത്തായി നായരും ഒക്കെ ഉണ്ടായിരുന്നെന്ന കഥകള്‍ കേട്ട മറുനാടന്‍ ജീവിതം ഓര്‍ത്തുപോകുന്നുണ്ട് . കല്‍ക്കട്ടയിലെ ധനികന്‍ എന്നത് കേരളത്തിലെ ധനികന്റെ പത്തു മടങ്ങ് വലിപ്പമുള്ളതാണ് സമ്പത്തിൽ എന്നു ചന്തുമേനോൻ പറയുന്നുണ്ട് . ഉത്തരേന്ത്യയില്‍ അന്നത്തെ വികസനം കൂടുതലും ബോംബയിലും കല്‍ക്കട്ടയിലും ആയിരുന്നു എന്നു ഈ നോവല്‍ പറയുന്നുണ്ട് . 

ഒരു പ്രണയ കഥയ്ക്കപ്പുറം ഈ നോവലില്‍ എടുത്തു പറയാന്‍ കഴിഞ്ഞ ഒരു വിഷയം കഥയുടെ അവസാനം എത്തുമ്പോഴേക്കും വിഷയം പെട്ടെന്നു മാറുന്നതും ഒരു വലിയ അധ്യായം മുഴുവനും മാധവനും അച്ഛനും ബന്ധുവും ഒന്നിച്ചുള്ള സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലെ സുദീര്‍ഘ ചര്‍ച്ചയിലേക്ക് പോകുന്നതുമായ കാഴ്ചയാണ് . പഠനം കിട്ടിയാല്‍ അതും ആംഗലേയ വിദ്യാഭ്യാസം കിട്ടിയാല്‍ പിന്നെ ആ വ്യക്തി ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും സംസ്കാരത്തെയും ഉപേക്ഷിക്കുകയും നിരീശ്വര മതത്തിലേക്ക് ചെന്നു ചേരുകയും ചെയ്യുമെന്ന മാധവന്റെ അച്ഛന്റെ കാഴ്ചപ്പാടിനെ ആഗ്നോയിസ്റ്റ് ആയ മാധവനും എതീസ്റ്റ് ആയ ബന്ധുവും ചേര്‍ന്ന് ഖണ്ഡിക്കുന്നതും ചര്‍ച്ചകള്‍ സംഭവിക്കുന്നതും കാണുന്നത് ഈ നോവലിന്റെ ഒരു വലിയ സംഭാവനയായി കരുതുന്നു . പതിനെട്ടാം നൂറ്റാണ്ടില്‍ നിലവിലിരുന്ന പരിണാമ ചിന്തയും ഡാര്‍വിന്‍ ചിന്തയും അതുപോലെ ബ്രിട്ടീഷ് ഭരണം മൂലം ലഭ്യമായ ആംഗലേയ വിദ്യാഭ്യാസവും അതുമൂലം വായിക്കാനും ചിന്തിക്കാനും പ്രേരകമായ ശാസ്ത്ര പുസ്തകങ്ങളും കണ്ടുപിടിത്തങ്ങളും പരിചയമാകാനും വായിക്കാനും തലമുറ കാട്ടിയ ആവേശവും വലിയ ഒരു നേട്ടമായി കാണാന്‍ കഴിയുന്നു . അതുപോലെ കോൺഗ്രസ്സിൻ്റെ വളർച്ചയും കോട്ടങ്ങളും ഉദ്ദേശലക്ഷ്യങ്ങളും അന്ന് എങ്ങനെ വിമർശിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും  ചെയ്തു എന്നത് ഈ നോവലിൽ പ്രതിപാദിക്കുന്നുണ്ട്. വിദ്യ നേടിയതിനാൽ ത്തന്നെ ഇംഗ്ലീഷുകാരോട് അമിതമായ ഒരു അടുപ്പം പുതിയ തലമുറക്കുണ്ടാകുന്നതും കാണാൻ കഴിയുന്നു. സ്വാതന്ത്ര്യ സമരത്തിൻ്റെ കാര്യകാരണങ്ങളെ പുനർവായന ചെയ്യാൻ പ്രേരിപ്പിക്കുന്നുണ്ട് ഇത്. പക്ഷേ ഇതൊന്നും ഈ നോവല്‍ പഠിപ്പിച്ച ക്ലാസ്സുകളില്‍ പഠിപ്പിക്കുകയോ അറിയുകയോ ചെയ്യാതെയാണ് ഞാന്‍ എന്ന വിദ്യാര്‍ത്ഥി വളര്‍ന്ന് വന്നതെന്നത് ഒരു വിരോധാഭാസമായി അനുഭവപ്പെടുകയും ചെയ്തു. നാം എന്തു പഠിക്കണം എന്തു പഠിക്കണ്ട എന്നു തീരുമാനിക്കാനുള്ള അദ്ധ്യാപകരുടെ മനസ്ഥിതി ആണ് ഈ ഒരു തോന്നലില്‍ ഇന്നെത്താന്‍ തോന്നിച്ചത് എന്നതിനാല്‍ത്തന്നെ പഴയ പുസ്തകങ്ങള്‍ ഇനിയും വായിക്കേണ്ടതുണ്ട് എന്നൊരു ബോധം ഉരുവാകുകയും ചെയ്യുന്നു . ധര്‍മ്മരാജയും മാര്‍ത്തണ്ട വര്‍മ്മയും ഇന്നൊരിക്കല്‍ കൂടി വായിച്ചാല്‍ ഒരു പക്ഷേ അന്ന് കാണാതെ പോയ സാംസ്കാരിക രാഷ്ട്രീയ വിനിമയവിഷയങ്ങളെ ഇന്ന് കണ്ടെത്താന്‍ കഴിയും എന്നതില്‍ ഒരു സംശയവും തോന്നുന്നുമില്ല . 

ഈ നോവല്‍ വായന , നമ്മുടെ പാഠ പുസ്തകങ്ങളെ കുട്ടികളില്‍ എങ്ങനെ വായനയ്ക്ക് പ്രേരകമാക്കാന്‍ ഒരു അദ്ധ്യാപകന് കഴിയണം എന്നു ചിന്തിക്കാനും ആ രീതിയില്‍ അവരെ പരിശീലിപ്പിക്കാനും പ്രയോജനകരമായ രീതിയില്‍ ഒരു ചര്‍ച്ചയുടെ ആവശ്യത്തെ ഉണര്‍ത്തുന്നു . കൂടുതല്‍ വായനകളും ചര്‍ച്ചകളും ഉണ്ടാകട്ടെ . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

Monday, August 5, 2024

ലളിത ഗാനം

ഒരു ലളിത ഗാനം
..............................
ഒരു നിമിഷാർദ്ധത്തിൻ രസധൂളിയിൽ
പടർന്നു കയറുന്നു നീ .... (2)
ഇലയടരാത്തൊരീ ശാഖികൾ തോറും ഒരു 
കാറ്റിനെ അയക്കുന്നു നീ . (ഒരു ... )

പറയൂ വിഷാദമേ ഈ രാവിലിന്നു ഞാൻ
കരയാതുറങ്ങുന്നതെങ്ങിനെ? (2)
നിൻ കരം മുത്തി ഞാൻ ചങ്കുപിളർന്നൊരു
കവിത കുറിക്കുമീ രാവിൽ (പറയൂ.....) 

മഞ്ഞു പൊഴിഞ്ഞു കഴിഞ്ഞൊരീ രാത്രിതൻ
മദഗന്ധം കാറ്റും മറന്നൂ. (2)
എന്നിലെ നിന്നെ തിരഞ്ഞു ഞാൻ രാവാകെ
എന്നിലൂടലഞ്ഞു നടന്നു. (ഒരു ... )

വേദനകൊണ്ടു ഞാനുച്ചത്തിൽ ശബ്ദിക്കേ
ഹാ ! എന്തു രസമെന്ന് ലോകം.(2)
കണ്ണുനീരെന്നിൽ നിന്നൂറിയിറങ്ങവേ 
കണ്ണുതിളങ്ങുന്ന ലോകം. (ഒരു...)
@ബി.ജി.എൻ വർക്കല 
05-08-2024