Friday, March 31, 2023

മരണം മനോഹരം !

മരണം മനോഹരം!
..................................
എത്ര സുന്ദരമീ
കിടപ്പുകാണുവാന്‍
ചെമ്പട്ടു പുതച്ചിന്നീ
വാഴയിലതന്നിലായ് .

ചുറ്റിലും പുകയുന്ന
സുഗന്ധത്തിരികളും
കണ്ണുനീരൊപ്പാരി
നെഞ്ചിലടിമേളവും.

കത്തിനില്‍ക്കും വിളക്ക്
കാറ്റിന്‍ താളമാകുന്നു.
കണ്ണുനീരും വിഷാദവും
മൗന മഞ്ഞണിയുന്നു.

തൊടിയിലെ മണ്ണില്‍
ആഴമുള്ളൊരു കുഴി...
അടക്കം പറച്ചില്‍
സൗഹൃദസംഗമങ്ങള്‍.

വെളിച്ചം വരുത്തുവാന്‍
ഇരിക്കാന്‍ ഒരുക്കാനും
കല്പന നല്‍കിയും
പുകച്ചും ജരാനര.

വന്നുപോകുന്നോരോ
എത്തിനോട്ടങ്ങളും
വാരിയണിയുന്ന
സങ്കട പൗഡറും.

കാത്തുകിടക്കുന്നു
ഞാനീയിറയത്തു
ഒട്ടു നേരം കൊണ്ട്
സ്മരണയായി മാറുവാന്‍.

പെട്ടിയൊരുങ്ങുന്നു
തൊങ്ങലുകള്‍ ചാര്‍ത്തി
കൊണ്ടുപോകാനായി
ചിലര്‍ വന്നണയുന്നു .

പൊക്കിയെടുക്കുന്നു
ഭദ്രമായെന്നെയാ
കൂട്ടുകാര്‍ ദുഃഖ
ഛായമുഖത്തുള്ളോര്‍.

ഭദ്രമായടച്ച്
ആണിയുറപ്പിച്ചു
കെട്ടിയിറക്കുന്നീ
മണ്ണിന്റെ തണുപ്പിലായ്.

ഒച്ച മാത്രം മണ്ണ്
നെഞ്ചില്‍ വീഴുന്നതും
യാത്രപറഞ്ഞു ബന്ധ -
ദുഃഖമകലുന്നതും.

കണ്ടുചിരിക്കുവാന്‍
എനിക്കാകുന്നില്ലല്ലോ
മരണം മനോഹരം
വര്‍ണ്ണിക്കുവാനെന്നും !

അനുഭവിക്കാന്‍ മാത്രം 
യോഗമില്ല മനുജന്
അവനിയിലെ മരണ
മതൊന്നു മാത്രമല്ലോ .
@ബിജു.ജി.നാഥ്

Saturday, March 25, 2023

മഴവില്ല് ..............ഡി എച്ച് ലോറന്‍സ്

മഴവില്ല് (നോവല്‍ )
ഡി എച്ച് ലോറന്‍സ് 
പരിഭാഷ തങ്കം: നായര്‍ 
ഡി സി ബുക്സ് 
ഇ ബുക്ക് ഫ്രീ കോപ്പി 


പഴയ കാലത്തിന്റെ വായന എന്നത് ചരിത്ര പഠനം പോലെയാണ് . നാം കടന്നുപോയ കാലത്തിന്റെ ചിന്തകളും സംസ്കാരവും രാഷ്ട്രീയവും ഒക്കെ ചേരുന്ന ഒന്നാണത് . എഴുത്തുകാര്‍ ഒക്കെയും ഫോസിലുകള്‍ ആണെന്ന് പറയാം ചിലപ്പോഴൊക്കെ. ഭാവികാലത്തേക്ക് അവര്‍ ഉപേക്ഷിക്കുന്ന തെളിവുകള്‍ . അവയിലൂടെയാവും പില്‍ക്കാലത്ത്  കാലം പിറകോട്ടു നടക്കുക. പതിനെട്ടാം നൂറ്റാണ്ടിലെ രചനകള്‍ , അവയുടെ വിഷയപരമായ പ്രശ്നങ്ങള്‍ കൊണ്ട് വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിക്കുന്നു എങ്കില്‍ അത് ഇന്നിന്റെ കാലത്ത് വായിക്കുമ്പോള്‍ ഒരു തമാശ പോലെ അനുഭവപ്പെടുകയാണെങ്കില്‍ എങ്ങനെയുണ്ടാകും . അതിനെയാണല്ലോ നാം പരിഷ്കാരം അല്ലെങ്കില്‍ പുരോഗമനം എന്ന വാക്കുകൊണ്ട് അടയാളപ്പെടുത്തുന്നത് . മതവും സംസ്കാരവും ഒരുപോലെ ഇഴചേർന്ന് കിടക്കുന്ന ഒരു ലോകമാണ് മനുഷ്യന്റെ സഹവാസമേഖലകള്‍ . വിക്ടോറിയന്‍ സംസ്കാരം എന്നത് ക്രിസ്തീയ മതത്തിന്റെ ഇരുണ്ട കാലമായി പലപ്പോഴും വായിക്കപ്പെട്ടിട്ടുണ്ട് . ലൈംഗികതയുടെ ഏറ്റവും വികൃതമായ ഒരു പുരുഷ കേന്ദ്രീകൃത കാലമായത് വായിക്കപ്പെട്ടിട്ടുണ്ട് . അതുകൊണ്ടൊക്കെയാകാം മഴവില്ല് എന്ന നോവലിന്റെ രചനാ വേളയിലും അതിന്റെ പ്രസാധകപ്രക്രിയകളിലും ഒക്കെ വലിയ ഒച്ചപ്പാടുകള്‍ ഉണ്ടായത് . മൂന്നു തലമുറയുടെ കഥയാണ് മഴവില്ല് . മൂന്നു തലമുറയിലെ സ്ത്രീകളുടെ ജീവിതം ! കര്‍ശനമായ മതബോധത്തിന്റെയും സദാചാരലോകചിന്തയുടെയും കൈപ്പിടിയില്‍ നില്‍ക്കുന്ന ബ്രാംങ് വെന്‍ കുടുംബത്തിലെ മൂന്നു തലമുറകള്‍ . പോളിഷുകാരിയായ  ലിദിയയും മകള്‍ അന്നയും ചെറുമകള്‍ എസ്യൂലയും ആണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ . ലിദിയ വീട്ടിനുള്ളില്‍ തന്നെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു സാധാരണ കുടുംബിനി ആകുന്നു . കര്‍ഷകനായ ഭര്‍ത്താവിന്റെ ജീവിതത്തില്‍ നിറഞ്ഞു നില്‍ക്കുന്ന വിനീതയായ ഭാര്യ . അവളില്‍ നിന്നും അന്നയിലേക്ക് എത്തുമ്പോൾ പുറം ലോകം കാണാന്‍ ഉള്ള ത്വര നിറയുന്ന പെണ്‍മനം കാണാം . വിദ്യാഭ്യാസം എത്രകണ്ട് വലിയ സംഗതിയാണെന്ന തിരിച്ചറിവു തുടങ്ങുന്നത് അന്നയിലാണ്. അവളുടെ വിവാഹവും ജീവിതവും കുറച്ചുകൂടി സമരകേന്ദ്രീകൃതമായ ചടുലതയിലേക്കാണ് കടന്നു പോകുന്നത് . അവളില്‍ നിന്നും മകൾ എസ്യൂലയിലേക്ക് വരുമ്പോള്‍ ലോകം വിശാലമാകുകയാണ് . അറിവ് വര്‍ദ്ധിക്കുംതോറും സ്വപ്നം കാണാന്‍ ഉള്ള ധൈര്യവും വലുതാകുമല്ലോ . വിദ്യാഭ്യാസം നേടി തൊഴില്‍ നേടാനും വീട് വിട്ടു ജീവിക്കാനും വിവാഹം കഴിക്കാനും കഴിക്കാതിരിക്കാനുമുള്ള സ്വാതന്ത്രം നേടാനും അവള്‍ പ്രാപ്തയാകുന്നു . സ്വതന്ത്രമായ ജീവിതം , ലെസ്ബിയന്‍ സ്നേഹം , ലിവിംഗ് ടുഗതര്‍ തുടങ്ങിയ ആധുനിക കാഴ്ചപ്പാടുകള്‍ ഒക്കെയും എസ്യൂല പ്രകടമാക്കുകയാണ് . പക്ഷേ ഒടുവില്‍ , സമൂഹത്തിന്റെ എതിര്‍പ്പും മതത്തിന്റെ വെറുപ്പും മറികടക്കുവാന്‍ എഴുത്തുകാരന് വായനക്കാരോട് സമരസപ്പെടേണ്ടി വരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത് . ഗര്‍ഭിണിയായ എസ്യൂല , തന്റെ കാഴ്ചപ്പാടുകള്‍ എല്ലാം ഉപേക്ഷിക്കുവാനും , ഇന്ത്യയിലേക്ക് പോയ കാമുകനുമൊപ്പം കുടുംബ ജീവിതം തുടങ്ങുവാനും ആഗ്രഹിക്കുകയും മാനസിക സംഘര്‍ഷങ്ങളില്‍ പ്പെടുകയും ചെയ്യുന്നു . ഇവിടെ എഴുത്തുകാരന്‍ ഭയന്നിരിക്കുന്നു എന്നു നിസംശയം പറയാന്‍ കഴിയുന്ന മുഹൂര്‍ത്തങ്ങള്‍ ആണ് പിന്നെ ഉണ്ടാകുന്നത് . കീഴ് വഴക്കങ്ങള്‍ക്കുളില്‍ നിന്നും കുതറിമാറാന്‍ കഴിയാത്ത മനുഷ്യാവസ്ഥ എഴുത്തുകാരനിലൂടെ പുറത്തു വരുന്നു . എന്നിട്ടും ഈ നോവല്‍ വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിക്കുകയും വര്‍ഷങ്ങളോളം ഇരുട്ടില്‍ മറഞ്ഞിരിക്കുകയും ചെയ്യേണ്ടി വന്നു എന്നതാണു വാസ്തവം. ലൈംഗിക സദാചാര ചിന്തകളും ലെസ്ബിയന്‍ പ്രണയവും ഒക്കെ അന്നത്തെ സമൂഹത്തില്‍ വലിയ സദാചാര പ്രശ്നങ്ങള്‍ ആയിരുന്നല്ലോ . പരിഭാഷ നന്നായിരുന്നു . പദാനുപദ തര്‍ജ്ജമ ഒഴിവാക്കി ലളിതമായി പറഞ്ഞു പോയ ഒരു വിവര്‍ത്തനം . മറ്റൊരു സംസ്കാരവും ഭാഷയും ആണെന്ന ഓർമ്മ മുഴച്ചു നില്‍ക്കുന്ന പോരായ്മ ഉണ്ടെങ്കിലും വായനയെ വിരസമാക്കാതെ മുന്നോട്ട് നടത്തുന്ന മൊഴിമാറ്റം ആയിരുന്നു. ഡോ. പി. കെ. രാജശേഖരന്റെ അവതാരികയും ഡോ. കെ. അയ്യപ്പപണിക്കരുടെ എഡിറ്റിംഗ് മികവും നന്നായി അനുഭവപ്പെട്ട ഒരു വായന അതാണ് മഴവില്ലിനെക്കുറിച്ച് പറയാനുള്ളത് . സസ്നേഹം ബിജു. ജി . നാഥ് വര്‍ക്കല

Friday, March 24, 2023

നിനക്കായി എഴുതട്ടെയിനി ഞാൻ

നിനക്കായി എഴുതട്ടെയിനി ഞാൻ

പ്രണയത്തിന്റെ നനുത്ത വിരൽ കൊണ്ട് ഞാനിന്ന്‌ 
പ്രിയതമേ നിന്റെ കവിളിണകൾ തഴുകവേ !
മിഴികളില് നിന്നും പ്രവഹിക്കുമീ നീർച്ചാലുകൾ
പൊള്ളിച്ചിടുന്നുവെൻ കരളിനെ അറിയുക.
അരികു പൊട്ടിയ ചില്ലുപാത്രം പോലെന്റെ
അരികിൽ നില്ക്കുന്നു നീയെന്റെ ജീവനേ..
ഒരു തരിപോലും തുളുമ്പാതിരിക്കട്ടെ മിഴികൾ
അത് മാത്രമെന്റെ പ്രാർത്ഥന നാൾക്കുനാൾ. 
 ബിജു. ജി. നാഥ് വർക്കല

Saturday, March 18, 2023

കറി കത്തി........ ലൗലി നിസാർ

കറി കത്തി(കഥകള്‍)
ലൗലി നിസാര്‍ 
മാക്ബത്ത് 
വില :₹ 130.00

എത്രകാലം എടുത്താലാണ് ഒരെഴുത്തുകാരന് ലക്ഷണമൊത്ത ഒരു കഥ എഴുതാന്‍ കഴിയുക എന്നതിനെക്കുറിച്ച് ഒരു പഠനം എവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്നറിയില്ല . എന്നാലും എന്റെ വായനകള്‍ എനിക്കു നല്കിയ അറിവ് വച്ച് പറയുകയാണെങ്കില്‍ ആദ്യ കഥ തന്നെ ലോകം സ്വീകരിക്കുകയും പിന്നീട് എഴുതി എഴുതി പിന്നോട്ടു പോയവരും , പിന്നില്‍ നിന്നുമെഴുതി എഴുതി മുന്നില്‍ എത്തിയവരും ഒക്കെ നിറഞ്ഞ ഒരു സാഹിത്യ ലോകമാണ് കഥയുടേത് എന്നു കാണാം . ചിലര്‍ എഴുതിത്തുടങ്ങുമ്പോഴേക്കും അവരുടെ ആത്മവിശ്വാസം പതിന്‍മടങ്ങ് വര്‍ദ്ധിക്കുകയും അവര്‍ സ്വയം എഴുത്തുകാരുടെ പിതാവോ മാതാവോ ഒക്കെയായി അങ്ങ് സ്ഥിരപ്പെടുത്തുകയും ചെയ്യുന്ന ഒരു മോശം പ്രവണത സാഹിത്യത്തില്‍ പ്രത്യേകിച്ചും മലയാള സാഹിത്യത്തില്‍ ഇന്ന് വളരെ വലിയ തോതില്‍ കാണാന്‍ കഴിയുന്നുണ്ട് . എഴുത്തിന്റെ മേലുള്ള ആത്മവിശ്വാസക്കുറവ് ഇന്നത്തെ ഓരോ എഴുത്തുകാരെയും സാരമായി ബാധിക്കുന്നുണ്ട് . തങ്ങള്‍ എഴുതിയത് എന്തു ചവറാണ് എന്നവര്‍ക്കോ ബോധ്യമുണ്ടാകില്ല എന്നാല്‍ ഇതിനെ ഒന്നു കൂടി വായിച്ചു നോക്കാന്‍ അവര്‍ക്ക് മനസ്സും , സമയവും ഉണ്ടാവുകയുമില്ല . സാഹിത്യത്തെ ജീവിപ്പിച്ചു നിര്‍ത്തുന്നവരാണ് എന്ന പേരില്‍ ചിലര്‍ ഇപ്പോള്‍ മുന്നില്‍ ഉണ്ട് . അവരുടെ ലക്ഷ്യം , തങ്ങള്‍ ഇവിടെ ഒരു വര വരയ്ക്കും അതിലാകണം നിങ്ങള്‍ നില്‍ക്കേണ്ടതും എഴുതേണ്ടതും എന്നാണ് . ഇത്തരക്കാര്‍ കവികളെയും കഥാകാരന്മാരെയും അവരുടെ മാനദണ്ഡത്തില്‍ തിരഞ്ഞെടുക്കുകയും അവരെ പരിചയപ്പെടുത്തിക്കൊണ്ട് ഇവരാണ് എണ്ണം പറഞ്ഞ കവികള്‍ , കഥാകാര്‍ എന്നൊരു രീതി പുലര്‍ത്തുന്നു . കുറച്ചുകൂടി മുന്നോട്ട് പോകുന്ന ചിലര്‍ കുറച്ചേറെ കഥകളോ കവിതകളോ തിരഞ്ഞെടുത്തുകൊണ്ടു അവയാണ് വിപ്ലവത്തിന്റെ രജതരേഖകള്‍ എന്നു സ്ഥാപിക്കാന്‍ ആകും പ്രയാസപ്പെടുക . കവി സച്ചിദാനന്ദന്‍ ഒക്കെ മലയാളത്തിന് പുറത്തു പോയി , രാജ്യത്തിന് തന്നെ പുറത്തു പോയി കറുത്ത കവികളുടെ കാവ്യം ശേഖരിച്ചു പുസ്തകമാക്കിയത് വായിച്ചിട്ടുണ്ട് . നാട്ടില്‍ ദളിത് കാവ്യം ഇല്ലാത്ത ദുഖം അദ്ദേഹം തീര്‍ത്തതാകമങ്ങനെ . ഇത്തരം കടത്തിക്കൊണ്ട് വരലുകള്‍ നല്ലതുതന്നെയാണ് സാഹിത്യത്തില്‍ പക്ഷേ  ഇവരില്‍ പലരും ആ കടത്തിക്കൊണ്ട് വരലുകളെ അധികാരപൂര്‍വ്വം സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുകയും വിമര്‍ശങ്ങള്‍ പുസ്തകങ്ങളുടെ വില്പനയെ ബാധിക്കും എന്നു കരുതി അവയെ ഒളിച്ചു വയ്ക്കാന്‍ ശ്രമിക്കുകയും തങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് എഴുതുന്നവരുടെ അനുരഞ്ജന ക്കുറിപ്പുകളെ മാത്രം വായിക്കുകയും കാണുകയും ചുമക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ ഇത്തരക്കാരുടെ ആത്മവിശ്വാസക്കുറവ് ഹാസ്യാത്മകമായ ഒരു തലമായി കാണാന്‍ കഴിയുന്നു. ചിലര്‍ എഴുതാന്‍ അറിയുന്നവര്‍ ആകും പക്ഷേ അവരുടെ വാക്കും എഴുത്തും പലപ്പോഴും തിരക്കുകളുടെ ഇടയില്‍പ്പെട്ട് ശ്വാസം മുട്ടിപ്പിടയുകയും മോരും മുതിരയും പോലെ വേറിട്ട് നില്‍ക്കുകയും ചെയ്യുന്നത് കാണാം . ദുബായിലെ എഴുത്തുകാരുടെ കൂട്ടത്തില്‍ വിവിധ കഴിവുകള്‍ കൊണ്ട് വേറിട്ട് നില്‍ക്കുന്ന ഒരു എഴുത്തുകാരിയാണ് ലൗലി നിസാര്‍ . കഥ , കവിത , ചിത്രം, പാട്ട്, ക്ലേ വര്‍ക്ക് തുടങ്ങി പലവിധ രംഗങ്ങളില്‍ ഈ എഴുത്തുകാരിയുടെ അടയാളങ്ങള്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട് . ലൗലിയുടെ കവിത സമാഹാരം മുന്‍പൊരിക്കല്‍ വായിച്ചതും എഴുതിയതും ആണ് . ഇപ്പോള്‍ ലൗലി വായനക്കാര്‍ക്കു നല്കിയിരിക്കുന്നത് ഒരു കഥ സമാഹാരം ആണ് . ഇരുപതു കഥകളുടെ ഒരു പുസ്തകം . കറിക്കത്തി എന്ന ഈ പുസ്തകത്തിലെ തന്നെ കഥയുടെ പേരാണ് പുസ്തകത്തിന്റെ തലക്കെട്ട് നല്‍കിയതും. ഇരുപതു കഥകള്‍ വായിക്കുമ്പോള്‍ പക്ഷേ ഇരുപതും മികച്ചതോ നല്ലതെന്നോ ഉള്ള അഭിപ്രായം ഇല്ല . അതങ്ങനെതന്നെയാണല്ലോ ഒരു പുസ്തകവും പൂര്‍ണ്ണമായും തൃപ്തി വായനക്കാരന് നല്‍കാറില്ല മിക്കവാറും. മൂന്നോ നാലോ കഥകള്‍ മാത്രമാണു ഈ പുസ്തകത്തില്‍ മികച്ചതെന്ന് പറയാവുന്നത് . മഴയെ കാത്തിരിക്കുന്ന മനുഷ്യന്റെ കഥ,പാണപ്പക്ഷിയും മഴമുത്തപ്പനും അവതരിപ്പിച്ചിരിക്കുന്നത് മുന്‍ നിരയിലെ എഴുത്തുകാര്‍ എന്ന്‍ വിവക്ഷിക്കുന്നവര്‍ എഴുതുന്ന കഥകളുടെ അതേ നിലവാരവും ഗുണവും ഉള്‍ക്കൊള്ളുന്ന ഒന്നായിരുന്നു  . പാത്ര സൃഷ്ടികൊണ്ടു മികച്ചതായിരുന്നു സ്വജാതിയില്‍തന്നെയുള്ള പയ്യനുമായിട്ടു ഉള്ള വിവാഹമായിട്ടും എതിര്‍ത്തുനില്‍കുന്ന പിതാവിന്റെയും മകളെ അനുകൂലിക്കുന്ന മാതാവിന്റെയും കഥ പറയുന്ന ദുആ. വ്യത്യസ്തമായ പ്രമേയമായിട്ടു മാംസക്കട എന്ന കഥ വേറിട്ട വായനാനുഭവം നല്കി . അതുപോലെ ചേറ്റിലെ പോള എന്ന കഥയും നല്ല ഒരു തീം ആയിരുന്നു . പക്ഷേ മറ്റുള്ള കഥകള്‍ പലപ്പോഴും വൈകാരികത വിളമ്പുന്ന കസര്‍ത്തുകള്‍ ആയിത്തോന്നി . അതിനു കാരണം മറ്റൊന്നുമല്ല . അവയില്‍ പറയാന്‍ ശ്രമിക്കുന്ന കാര്യങ്ങളെ അതേ ഊര്‍ജ്ജത്തോടെ പറയാന്‍ ശ്രമിക്കാതെ അവയില്‍ ലഘൂകരിക്കപ്പെടുന്ന ഭാഷയുടെ കടന്നുകയറ്റങ്ങളും ആത്മഗതങ്ങളോ സംഭാഷണങ്ങളോ കടന്നു വരുന്നുണ്ടായിരുന്നു . അവ കഥയുടെ ഗതിയെ, വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു . കറിക്കത്തി എന്ന കഥയുടെ തീം നല്ലതാണ് എങ്കിലും ആ കഥയിലെ പെങ്കുട്ടിയുടെ ആത്മാവിനെ കണ്ടറിയാൻ അല്ലാതെ അവളായി ജീവിപ്പിക്കാന്‍ പ്രയാസപ്പെട്ടു എന്നു തോന്നിപ്പിച്ചു. ചില കഥകള്‍ എഴുത്തുകാരി തുടക്കത്തില്‍ പറയുന്ന ഒരു കാര്യത്തെ സാധൂകരിക്കുന്നുണ്ടായിരുന്നു . “എന്റെ കഥകളില്‍ പലതും ഒരിയ്ക്കലും നടന്നതാവില്ല . അതെല്ലാം മനസ്സിന്റെ ചിന്തകളും ആഗ്രഹങ്ങളും, ഒരിക്കലെങ്കിലും നടന്നെങ്കില്‍ എന്നാഗ്രഹിക്കുന്നവയുമാണ് .” അമിതമായി വികാരം കൊള്ളുന്ന പ്രതികരിക്കാന്‍ വെമ്പുന്ന ഒരു സമൂഹ ജീവിയുടെ മനസ്സ് ഈ എഴുത്തുകാരിയുടെ കവിതകളില്‍ കണ്ടിട്ടുണ്ട് . ആ മനസ്സ് , കവിതയില്‍ നിന്നും കഥയിലേക്ക് ചുവടു വയ്ക്കുമ്പോഴും കുതികുതിക്കുന്നത് എഴുത്തില്‍ മുഴച്ചു നില്‍ക്കുന്നുണ്ട് . പക്ഷേ ആ കുതികുതിപ്പിന്റെ ആയത്തില്‍ പലപ്പോഴും കഥയില്‍ നിന്നും കഥാകാരി ഇറങ്ങി നടന്നുപോകുന്നതാണ് ചില കഥകള്‍ എങ്കിലും മുന്നോട്ട് വരാന്‍ കഴിയാതെ പരുങ്ങി നില്‍ക്കുന്ന അവസ്ഥ സൃഷ്ടിക്കുന്നത് . കഥ എഴുത്തിന്റെ മര്‍മ്മം മനസ്സിലാക്കാത്ത ഒരു എഴുത്തുകാരി ആണെന്ന് കരുതുന്നില്ല പക്ഷേ എന്നിരുന്നാലും കഥ എഴുത്തില്‍ ആയാലും കവിതയിലായാലും വൈകാരികതയുടെ തലങ്ങളില്‍ കുറെക്കൂടി കയ്യടക്കം പാലിച്ചാല്‍ നല്ല കുറെ കഥകള്‍ മലയാളത്തിന് സമ്മാനിക്കാന്‍ ഈ കലാകാരിക്ക് കഴിയും എന്നു കരുതുന്നു . അതുപോലെ പ്രധാനപ്പെട്ട ഒന്ന് മികച്ച രീതിയിൽ എഡിറ്റിംഗ് ചെയ്യാതെ പോയ ഒരു പുസ്തകമാണിത് എന്നതാണ്. തലക്കെട്ട് അകത്ത് ശരിയാണെങ്കിലും പുറത്ത് അത് വലിയ ഒരു തെറ്റായി നിൽക്കുന്നു. അകം പേജുകളിലും ചില കഥകളിൽ അക്ഷരത്തെറ്റുകൾ കണ്ടു. അനാവശ്യമായ ഒരു ധൃതി ഈ പുസ്തകം ഇറങ്ങുന്നതിൽ സംഭവിച്ചോ എന്ന തോന്നലുളവാക്കി ഇവയൊക്കെ. ആശംസകളോടെ ബിജു ജി നാഥ് വര്‍ക്കല 

Sunday, March 12, 2023

കിമയ ..........മനോജ് കോടിയത്ത്

കിമയ (കഥകള്‍)
മനോജ് കോടിയത്ത് 
ഫാബിയന്‍ ബുക്സ് 
വില : ₹150.00



കഥകള്‍ എഴുതുന്നവര്‍ , അവരുടേതായ ഒരു തലം എപ്പോഴും രൂപപ്പെടുത്താന്‍ ശ്രമിക്കാറുണ്ട് . അങ്ങനെ ശ്രമിക്കുന്ന എഴുത്തുകാരില്‍ നിന്നും മാത്രമാണു കഥകള്‍ എന്ന ലേബലില്‍ വായിക്കപ്പെടാന്‍ സാധ്യതയുള്ള കഥകള്‍ സംഭവിക്കുന്നത് . അനുകരണ ഭ്രമം ഇന്ന് വളരെ ഏറെ അധികരിച്ച ഒരു കാലമാണ് മുന്നിലുള്ളത് . എങ്ങനെയും പത്തുപേര്‍ അറിയണം . ഒരു അവാർഡ് ഒക്കെ കിട്ടണം. പ്രൊഫൈലില്‍ എഴുത്തുകാരന്‍ എന്നൊരു തലക്കുറി എഴുതിചേര്‍ക്കണം . ഇത്രയൊക്കെ ആഗ്രഹിക്കുന്ന ഒരു ശരാശരി പുതുകാല എഴുത്തുകാർ, ആയതിനാല്‍ത്തന്നെ കഥ എഴുതാനല്ല എഴുത്ത് അനുകരിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചുകൊണ്ടേയിരിക്കും. ഒരു കാര്യം വാസ്തവമാണ് . ഇന്നോളമുള്ള എഴുത്തുകാര്‍ക്ക് ഇനി എഴുതാന്‍ പുതിയ വിഷയം ഒന്നുമില്ല .എല്ലാം മുന്നേ പറഞ്ഞു കഴിഞ്ഞതാണ് . അപ്പോള്‍ പിന്നെ ഒന്നുകില്‍ ഭാവിയിലേക്ക് നോക്കി സ്വപ്നം കാണാന്‍ ശ്രമിക്കുക . ഇന്നിനെയും ഇന്നലെയെയും ഒക്കെ നാളെയുടെ ഫ്രയിമില്‍ കയറ്റി പുതിയ രൂപം നല്കുക . ഒരുപക്ഷേ അതാകും ഇനി എളുപ്പം എന്നു കരുതുന്നു . ടൈപ്പാകുന്ന എഴുത്തുകള്‍ വായിച്ചു മടുക്കുന്നു . എവിടെ നില്‍ക്കണം എന്നറിയാതെ എഴുത്തുകാര്‍ പരക്കം പായുന്നു . എഴുത്തിന്റെ രീതിശാസ്ത്രം എങ്ങനെ ഉപയോഗിക്കണം എന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. ഒരാള്‍ സ്വയം തന്റെ കഥ പറയുന്നതും , മറ്റൊരാളുടെ കഥ പറയുന്നതും എഴുതുമ്പോൾ എഴുത്തുകാരന് സ്ഥലകാല ബോധത്തിന്റെ പ്രശ്നം ഉണ്ടാകുന്നു . ഒരേ സമയം അയാളായും അപരനായും ചിന്തിച്ചുപോകുന്ന പാളിച്ചകള്‍ ഉണ്ടാകുന്നു . ലോജിക്കായ് പറയാന്‍ കഴിയാതെ കാലത്തിന്റെ സമയത്തിന്റെ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു . കാലഹരണപ്പെട്ട ചിന്തകളെ തേച്ച് മിനുക്കാന്‍ കഴിയാതെ അതിനെ പുരോഗമനത്തിന്റെ പുറംചട്ട കൊണ്ട് അലങ്കരിച്ചു എഴുന്നള്ളിക്കാന്‍ ശ്രമിക്കുന്നു . ഇത്തരം പോരായ്മകള്‍ മാത്രമല്ല എഴുത്തുകാര്‍ അനുഭവിക്കുന്ന പ്രശ്നം. ഉപയോഗിക്കുന്ന ഭാഷ , പ്രയോഗിക്കുന്ന ശൈലികള്‍ ഒക്കെയും പ്രശ്നം തന്നെയാണ് . പുതിയ കാല എഴുത്തുകാര്‍ കരുതുന്നത് എഴുത്തില്‍ തെറിവാക്കുകള്‍ ആവോളം ഉപയോഗിക്കുന്നതാണ് തുറന്നെഴുത്ത് എന്നു . ചുരുളി പോലുള്ള മഹാ സംഭവങ്ങളെ അവര്‍ ആവോളം പുകഴ്ത്തുകയും എഴുത്തില്‍ 'ക' യും 'പൂ' വും ആവോളം തിരുകിക്കയറ്റി ഞാനും ആധുനികനായി എന്നു ഭാവിക്കുകയും ചെയ്യുന്നു . കാസര്‍ഗോഡ് ഉള്ള വ്യക്തി തിരുവനന്തപുരം ശൈലിയില്‍ സംസാരിക്കുന്നു . അച്ചടിഭാഷയില്‍ ഓരോ പ്രദേശത്തുമുള്ള കഥാപാത്രങ്ങള്‍ സംസാരിക്കുന്നതു കാണുമ്പോൾ വ്യക്തിയും പ്രദേശവും തനിമയും നഷ്ടമാകുന്നു . എഴുത്തുകാര്‍ക്ക് കഴിയാത്ത കാര്യത്തിന് എന്തിനാകും അവര്‍ ഇത്രയും ബുദ്ധിമുട്ട് അനുഭവിക്കുന്നത് ? എല്ലാം സര്‍ഗ സൃഷ്ടിയുടെ ബുദ്ധിമുട്ടാണ് . വായനക്കാരെ ഊട്ടാൻ താന്‍ സദാ സന്നദ്ധനാണെന്ന  കേവല ചിന്തയില്‍ നിന്നാണ് എഴുത്തുകാര്‍ ഇത്രയേറെ അലസരും അഹംഭാവികളും ആയി മാറുന്നത് . 

"കിമയ" എന്ന കഥ സമാഹാരം 'മനോജ് കോടിയത്ത്' എന്ന എഴുത്തുകാരന്റെ ഒമ്പതു കഥകളുടെ വായനയാണ് . ഗള്‍ഫ് മേഖലയും നാടും ഒക്കെ ചേര്‍ന്ന് സമ്മിശ്രണ പ്രദേശങ്ങളുടെ വേദികളില്‍ സംഭവിക്കുന്ന ഒമ്പതു കഥകള്‍ . അയിഷ എന്ന ആദ്യ കഥ പറയുന്നതു ഗള്‍ഫ് മേഖലയില്‍ മനുഷ്യക്കടത്തിന്റെ ഇരയായി എത്തപ്പെടുന്ന ഒരു പെൺകുട്ടിയുടെ ജീവിതമാണ് . അവളെ രക്ഷപ്പെടുത്തുന്ന ഒരു നായകനും , അയാള്‍ മൂലം അവൾക്ക് കിട്ടുന്ന പുതിയ തൊഴില്‍ സാഹചര്യങ്ങളും അധികം നീട്ടണ്ടല്ലോ രക്ഷകന്‍ ജീവിതയാത്രയുടെ പങ്കാളിയും ആയി മാറുന്നിടത്ത് കഥ അവസാനിക്കുന്നു . എന്തുകൊണ്ടാകും ഇന്നും കഥകളില്‍ രക്ഷകന്‍ ആയി ഇരകളെ സമാശ്വസിപ്പിക്കുന്നവര്‍ ഒക്കെ അവരെ ജീവിത പങ്കാളികള്‍ ആക്കണം എന്നൊരു അലിഖിത നിയമം സമൂഹം കൊണ്ട് നടക്കുന്നത്? രക്ഷപ്പെടുത്തുക എന്നാല്‍ അവിടെ അവര്‍ക്കിടയില്‍ ഉണ്ടാകുന്ന സൗഹൃദം അതിനെ പ്രണയം , വിവാഹം എന്നീ തലങ്ങളില്‍ കൊണ്ടുകെട്ടാതെ രണ്ടു സ്വതന്ത്ര ലോകമായി നിലനിര്‍ത്താന്‍ കഴിയാതെ പോകുന്നതെന്താകും എന്നൊരു ചിന്ത പലപ്പോഴും തോന്നിയിട്ടുണ്ട് . സാമൂഹ്യ പ്രതിബദ്ധത എന്നാല്‍ വിധവകളെ ഒക്കെ വിവാഹം കഴിച്ചു മാതൃക കാട്ടുക ആണെന്ന ഒരു കാഴ്ചപ്പാട് സമൂഹത്തില്‍ പകര്‍ത്തുന്നതില്‍ മതം തന്റെ പങ്ക് വഹിച്ചിട്ടുണ്ട് . പക്ഷേ മനുഷ്യര്‍ ആധുനിക കാലത്തും രക്ഷക വേഷത്തിനര്‍ത്ഥം പങ്കാളി എന്നുതന്നെ കരുതിപ്പോകുന്നതില്‍ നിന്നാകാം ആ ചിന്ത . കഥ ഒരു ആവറേജ് കുടുംബ സദസ്സിന്റെ തലം കൈക്കൊണ്ട് അതിനാല്‍ തന്നെ . അടുത്ത കഥ നാലു തലമുറയുടെ ഒരു സായാഹ്നം ആയിരുന്നു . വളരെ ഹൃദ്യമായ ഒരു കാഴ്ച ആയിരുന്നു ആ കഥയില്‍ വെളിച്ചപ്പെടുന്നത് . മനുഷ്യര്‍ പരസ്പരം അകന്നു പോകുന്ന ഈ ലോകത്തില്‍ വാര്‍ദ്ധക്യത്തെ വീടിന്റെ കോണില്‍ വലിച്ചെറിയുന്ന ലോകത്ത്  അവര്‍ ഒരു ബാധ്യതയായി കരുതുന്ന മനുഷ്യര്‍ക്കിടയില്‍ ആ അറബ് വംശജര്‍ തങ്ങളുടെ മുത്തശ്ശനെ കടല്‍ കാട്ടുന്ന രംഗം എത്ര മനോഹരമായിരുന്നു .നല്ല സന്തോഷം തന്ന വായനയായിരുന്നു അത് അനുഭവിക്കാന്‍ കഴിയുകയും ചെയ്തു. ഒരു കുറ്റാന്വേഷക കഥ പോലെ സഹപാഠിയുടെ അതിനുമപ്പുറം പഴയ പ്രണയത്തിന്റെ കൊലപാതകം തേടിപ്പോകുന്ന കഥ വായിച്ചു മറന്ന , കണ്ടു മറന്ന സിനിമാ , നോവല്‍ സംഭവങ്ങളെ എവിടെയോ ഒക്കെ ഓര്‍മ്മിപ്പിച്ചു . കളഞ്ഞുപോകുന്ന പട്ടിക്കുഞ്ഞിനെ കണ്ടെത്തുന്ന കഥയാകട്ടെ മുകളില്‍ പറഞ്ഞ അറബ് വംശജരുടെ  ജീവിത ബന്ധത്തിന്റെ വിപരീത ദിശയുടെ ചിത്രം തന്നതിനാല്‍ത്തന്നെ ആ ചെറിയ കഥയില്‍ ഒരു വലിയ ലോകം കണ്ടെത്താന്‍ കഴിഞ്ഞു ഒപ്പമതിന് ഉപയോഗിച്ച സങ്കേതങ്ങള്‍ ഇഷ്ടമായ വായന തന്നു . കുഞ്ഞ് കഥകളും വലിയ കഥകളും ഒക്കെയായി മനോജ് കോടിയത്ത് നല്ലൊരു വായന തന്നു ഈ പുസ്തകത്തിലൂടെ . സംഭാഷണശൈലികൾ വളച്ചൊടിക്കാതെ തനതായ ഭാഷയിൽത്തന്നെ വരച്ചിട്ടത് പ്രത്യേകം ശ്രദ്ധിച്ചു. ടൈപ്പാകാതെ സ്വന്തം നിലപാട് തറയില്‍ ഒന്നുറച്ചു നില്‍ക്കുകയും കാഴ്ചകളെ മറ്റൊരു ബാധ്യതകളും സ്വാധീനിക്കാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും നല്ല നല്ല കഥകള്‍ ഒരുപാട് പറയാനുണ്ട് ഈ എഴുത്തുകാരന് . തിരിച്ചറിയപ്പെടാന്‍ ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട് എങ്കിലും അടയാളങ്ങള്‍ ഇപ്പോഴേ വഴിയോരങ്ങളില്‍ ഇട്ടുപോകുന്ന എഴുത്തുകാരന് ആശംസകൾ നേരുന്നു. 
സസ്നേഹം ബിജു ജി .നാഥ് വര്‍ക്കല

Wednesday, March 1, 2023

ദേശാന്തര മലയാളകഥകള്‍ ......................എഡിറ്റര്‍ : എം ഒ രഘുനാഥ്

ദേശാന്തര മലയാളകഥകള്‍ (കഥകള്‍ )
എഡിറ്റര്‍ : എം ഒ രഘുനാഥ് 
സമത 
വില: ₹ 500.00 


കഥകള്‍ കേള്‍ക്കാനും പറയാനും വായിക്കാനും ഇഷ്ടമില്ലാത്തവര്‍ കുറവാണ് . കഥയുടെ വിജയം തന്നെയാണതിന് കാരണവും. കഥയുടെ ചരിത്രങ്ങളിലേക്കോ വികാസ പരിണാമങ്ങളിലേക്കോ സഞ്ചരിക്കുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ല കാരണം അവയൊക്കെ നാം നിരന്തരം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സംഗതികള്‍ ആണ് . നമുക്ക് അതിനാല്‍ത്തന്നെ നേരെ കാര്യത്തിലേക്ക് കടക്കാം . മലയാള സാഹിത്യത്തില്‍ കഥയുടെ വികാസം എത്ര കണ്ടു പുരോഗമിക്കുന്നുവോ അത്രകണ്ട് അവയില്‍ പരീക്ഷണങ്ങള്‍ നടക്കുന്നുമുണ്ട് . കവിത പോലെ കഥയും മോഡേണ്‍ , പോസ്റ്റ് മോഡേണ്‍ കടമ്പകള്‍ കടന്നു പരക്കം പായുകയാണിന്ന് . ഒരു സ്ഥായിയായ സ്ഥാനം അടയാളപ്പെടുത്താന്‍ കഥയ്ക്ക് കഴിയുന്നുണ്ടോ എന്ന സന്ദേഹം ഇല്ലാതില്ല . എണ്ണം പറഞ്ഞ ചില പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചു വരുന്ന കഥകള്‍ ആണ് മലയാള സാഹിത്യം ഇന്ന് ചര്‍ച്ച ചെയ്യുന്നത് കൂടുതലും. അതിനാല്‍ത്തന്നെ എഴുത്തുകാര്‍ ഒക്കെയും ഈ പ്രസിദ്ധീകരണങ്ങളില്‍ തങ്ങളെ ഒന്നു അച്ചടിച്ചു കാണാന്‍ കാത്തിരിക്കുകയാണല്ലോ . ഇത്രയേറെ എഴുത്തുകാര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ ഉണ്ടെങ്കിലും അവയെചുറ്റിപ്പറ്റി ഈ പറയുന്ന പ്രശസ്തിയോ , വായനയോ ചര്‍ച്ചകളോ ശരിക്കും നടക്കുന്നതേയില്ല . പകരം മേല്‍പ്പറഞ്ഞ പ്രസിദ്ധീകരണങ്ങളെ പരിഗണിച്ചു മാത്രമാണു ചര്‍ച്ചകള്‍ സംഘടിക്കപ്പെടുന്നത് . ഇനി അഥവാ അങ്ങനെ ഒരു ചര്‍ച്ച നടക്കുകയാണെങ്കില്‍ , അവയില്‍ ഭൂരിഭാഗവും പരസ്പരം സുഖിപ്പിക്കുന്ന എഴുത്തുകാരുടെ പ്രൊപ്പഗണ്ട മാത്രമാണു നടക്കുക . അവാര്‍ഡുകള്‍ പോലും മിക്കവാറും ഇന്ന് കൊടുക്കപ്പെടുന്നത് അങ്ങോട്ട് പൈസ വാങ്ങിക്കൊണ്ടാണല്ലോ . അത്തരം സാംസ്കാരിക അപചയങ്ങളോട് കലഹിച്ചുകൊണ്ടാണ് ഇന്നോരോ ആത്മാര്‍ഥതയുള്ള എഴുത്തുകാരും തങ്ങളുടെ രചനകള്‍ വെളിച്ചം കാണാന്‍ ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും. ‘എം ഒ രഘുനാഥ്’ എഡിറ്റ് ചെയ്ത ,“മലയാളത്തിലെ ദേശാന്തര കഥകള്‍” എന്നൊരു കഥ സമാഹാരം പുറത്തിറങ്ങുന്നു എന്നറിഞ്ഞപ്പോള്‍ അത് വായിക്കാന്‍ ഉത്സുകത ഉണ്ടാകാന്‍ കാരണം സ്ഥിരമായി വായിക്കുന്ന കഥകളുടെ പ്രതലത്തില്‍ നിന്നും വേറിട്ട് , മാതൃദേശം വിട്ടു ജീവിക്കുന്നവരില്‍ , വേറിട്ട വായനകള്‍ ലഭിക്കും എന്ന സന്തോഷത്തിലും ആകാംഷയിലുമാണ്. മാത്രമല്ല ദേശാന്തര കഥകള്‍ക്ക് പങ്കുവയ്ക്കാന്‍ ഉണ്ടാവുക മറ്റൊരു സംസ്കാരവും ജനതയും ജീവിതവും ഒക്കെയാകുമല്ലോ . അതുകൊണ്ടുതന്നെ അവ ഒരു പുതിയ ആകാശം വെട്ടിത്തുറന്നു തരികയും അതുവഴി ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചു കഥയുടെ അപാരത അനുഭവിച്ചറിയുകയു ചെയ്യാം . ഇരുപതു കഥകള്‍ ആണ് ഈ പുസ്തകത്തില്‍ ശേഖരിക്കപ്പെട്ടിരിക്കുന്നത് . യൂറോപ്പ് , മിഡില്‍ ഈസ്റ്റ് , റഷ്യ , മാലി ദ്വീപ് , ജപ്പാന്‍ , ആഫ്രിക്ക, ചൈന  തുടങ്ങി വിവിധ ഇടങ്ങളില്‍ നിന്നുള്ള ഇരുപതു കഥകള്‍ . ഈ കഥകളില്‍ ഒക്കെയും വായനക്കാരന്‍ പ്രതീക്ഷിക്കുക മേല്‍പ്പറഞ്ഞ ജീവിത പരിസരങ്ങളുടെ കാഴ്ചയും സംസ്കാരവും അറിയാനും കേള്‍ക്കാനുമുള്ള വ്യഗ്രതയും കഥയില്‍ സംഭവിക്കേണ്ടുന്ന വ്യതിയാനങ്ങളും ആണ് . എന്നാല്‍ ഇവയില്‍ ഒന്നു രണ്ടു കഥകള്‍ മാത്രമാണു പൂര്‍ണ്ണമായും തദ്ദേശജീവിതത്തിന്റെ പൂര്‍ണമായുള്ള ഉള്‍ത്തുടിപ്പുകളും വികാരവും അടയാളപ്പെടുത്തുന്നവ . മറ്റുള്ള കഥകള്‍ ഒക്കെയും സ്ഥിരം നാം വായിച്ചു വരുന്ന കഥകള്‍ തന്നെയാണ് . നാട് വിട്ടു യൂറോപ്പില്‍ സെറ്റ് ചെയ്യുന്നവര്‍ നാടിനെയും ഇപ്പോള്‍ താമസിക്കുന്ന രാജ്യത്തെയും ജീവിതം ഓര്‍മ്മിക്കുന്ന നെടുവീര്‍പ്പുകളും ഇച്ഛാഭംഗങ്ങളും . നൊസ്റ്റാള്‍ജിയകള്‍ അതിനപ്പുറം പുതിയ ഒരു കാര്യമോ , ഭാഷയോ എന്തിന് വികാരമോ പ്രകടിപ്പിക്കാന്‍ ഈ എഴുത്തുകാര്‍ക്ക് കഴിയുന്നില്ല . ഒരിടത്തൊരിടത്ത് എന്നു തുടങ്ങുന്ന കഥകള്‍ വായിച്ചു പരിചയപ്പെട്ടവര്‍ക്ക് ഈ കഥകള്‍ പലതും ആ ശൈലിയില്‍ ഉള്ളതാണ് എന്നു അനുഭവപ്പെടും എന്നു കരുതുന്നു. അതുപോലെ ഫസ്റ്റ് പേര്‍സന്‍ ആയി നിന്നു കഥ പറയാനോ മറ്റൊരാള്‍ പറയുന്ന/ ചിന്തിക്കുന്ന കാഴ്ചപ്പാടില്‍ നിന്നുകൊണ്ടു കഥപറയാനോ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന സ്ഥിരം പരാജയങ്ങള്‍ മിക്ക കഥകളും പേറുന്നുണ്ട്. ചിലരുടെ കഥകള്‍ വായിച്ചാല്‍ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ സഞ്ചാരം പരിപാടി വായിക്കുകയാണോ എന്നു തോന്നിപ്പോകുന്നുണ്ട് . ഇത്തരം ശൈലികള്‍ ഒരുപക്ഷേ കഥയുടെ പുതിയ പരീക്ഷണം ആണെന്ന് കരുതുന്നുണ്ടോ എന്നറിയില്ല . ചില കഥകള്‍ വായിക്കുമ്പോള്‍ അനുഭവപ്പെടുന്നത് വിഷയം കൊടുത്തു എഴുതിച്ച ഒരു പ്രതീതിയാണ് . സ്വാഭാവികമായ ഒരു ചോദനയോടെ എഴുതുകയും എഴുതിപ്പിക്കുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം ഇത്തരം വായനകള്‍ നല്കുകയുണ്ടായി . ഫര്‍സാനയുടെ, ചൈനയുടെ പശ്ചാത്തലത്തിലുള്ള കഥ പൂര്‍ണ്ണമായും ചൈനയുടെ സംസ്കാരത്തില്‍ നിന്നുകൊണ്ടുള്ള ഒരു വായനയായിരുന്നു . മലയാളിത്തമില്ലാതെ മലയാളം വായിക്കുക എന്നതാണു ആ അനുഭവം. സബീന എം സാലി സൗദി അറേബ്യയുടെ സംസ്കാരത്തെ അടയാളപ്പെടുത്താന്‍ ശ്രമിച്ചു എങ്കിലും അതില്‍ പൂര്‍ണ്ണമായും എത്തപ്പെടാന്‍ കഴിഞ്ഞില്ല എന്നു കാണാം. തമ്പി ആന്റണി സന്തോഷ് ജോര്‍ജ് കുളങ്ങരയെ അനുകരിച്ചു കൊണ്ട് ഒരു സ്ഥിരം അമേരിക്കന്‍ മലയാളി ജീവിതത്തെ വരയ്ക്കാന്‍ ശ്രമിച്ചു . പ്രിയ ഉണ്ണികൃഷ്ണന്‍ അമേരിക്കയുടെ ജീവിതത്തെ ചിന്തയെ അവതരിപ്പിക്കാന്‍ ശ്രമിച്ചതില്‍ പാതി വിജയിച്ച് എന്നു പറയാം.. ഷീല ടോമി ഖത്തറില്‍ ഇരുന്നുകൊണ്ടു ശ്രീലങ്കയെ എഴുതാന്‍ ശ്രമിച്ചു ടൈപ്പായി പോയി . രമേഷ് പെരുമ്പിലാവ് സ്ഥിരം ഗള്‍ഫ് എഴുത്തുകാരുടെ പാറ്റേണ്‍ സ്വീകരിച്ചുകൊണ്ടു നാട്ടില്‍ നിന്നും ഗള്‍ഫില്‍ എത്തി കഷ്ടപ്പെടുന്ന മനുഷ്യരുടെ പരിദേവനങ്ങളെ വരച്ചു വയ്ക്കാന്‍ ശ്രമിച്ചു . പ്രശാന്തന്‍ കൊളച്ചേരി അതേസമയം വിഷയത്തോട് നീതിപുലര്‍ത്താന്‍ ശ്രമിച്ചതായി അനുഭവപ്പെട്ടു . എടുത്തുപറയാന്‍ കഴിയുന്ന വായനകള്‍ ഇവയാണ് . മറ്റ് വായനകള്‍ വ്യത്യസ്ഥത നല്കാന്‍ ശ്രമിച്ചതില്‍ കുറേയേറെ വിജയിച്ച് എന്നു തന്നെ പറയാം. ചിലവ അമ്പേ പരാജയപ്പെട്ടു പോവുകയും ചെയ്തു . കൂട്ടത്തില്‍ ഒമാനില്‍ നിന്നുള്ള ദിവ്യയുടെ കഥ പ്രമേയത്തിന്റെ വ്യത്യസ്ഥതയും വായനയുടെ രസവും നല്കി വേറിട്ട് നിന്നതായിരുന്നു എന്നു പറയേണ്ടിയിരിക്കുന്നു . സാബു ഹരിഹരന്റെ കഥയൊക്കെ പ്രതീക്ഷിച്ച നിലവാരം കൈക്കൊണ്ടില്ല എന്നു പറയാതെ വയ്യ . കഥകളുടെ ആസ്വാദനക്കുറിപ്പ് എഴുതിയ സി വി അനില്‍കുമാര്‍ കഥകളെ ഒന്നു തൊട്ട് പോലും നോവിക്കാതെ പൊതുവായി കഥയുടെ പരിസരങ്ങളെയും കഥയുടെ ദേശാന്തരയാത്രകളെയും തഴുകി കടന്നുപോയിട്ടുണ്ട് . കഥകള്‍ വായിക്കാന്‍ ഇഷ്ടമുള്ള ആള്‍ക്കാര്‍ക്ക് , കഥകളില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് ഒക്കെ ഒരു റഫറന്‍സ് ഗ്രന്ഥമായി ഇത് ഉപയോഗപ്പെടുത്താന്‍ കഴിയും. കഥാ ചര്‍ച്ചകള്‍ നടത്തുന്നവര്‍ക്ക് ഒരു നല്ല ചര്‍ച്ചാ വിഷയവും ഈ പുസ്തകം നിമിത്തമാകും എന്നു കരുതുന്നു . ഇത്തരം കൂടുതല്‍ സമാഹാരങ്ങള്‍ സംഭവിക്കട്ടെ എന്നാശിക്കുന്നു .ഒപ്പം നീതിയുക്തമായ പരന്നതും വിശാലമായതുമായ എഴുത്തുകളും , തിരഞ്ഞെടുപ്പുകളും സംഭവിക്കട്ടെ . ആശംസകളോടെ ബിജു ജി നാഥ് വര്‍ക്കല .