Tuesday, July 11, 2017

ഒരു ശൈത്യകാല വിചാരണ ............ബാബു കുഴിമറ്റം.

ഒരു ശൈത്യകാല വിചാരണ ( കഥകൾ)
ബാബു കുഴിമറ്റം.
ഡി.സി.ബുക്സ്
വില :90 രൂപ

കഥകളിലൂടെ ജീവിക്കുന്ന മനുഷ്യർ. അവരാൽ രചിക്കപ്പെടുന്ന കഥകൾ കവിതകൾ ചിത്രങ്ങൾ . അവ കഥകളാകുന്നു. സമീപകാലത്ത് കഥകളിൽ കണ്ടുവരുന്ന ഒരു പ്രത്യേകരീതിയാണ് അപരവത്കരണം താൻ തന്നെ കഥാപാത്രമാകുകയോ തന്നിലൂടെ കഥകൾ നടത്തുകയോ ചെയ്യുകയും കഥയിലുടനീളം താനുണ്ടാവുമെങ്കിലും തന്നെ വായിക്കപ്പെടാതിരിക്കുകയും ചെയ്യുക എന്ന രീതി. ഇതിലൂടെ കഥയ്ക്കു യാഥാർഥ്യത്തിന്റെ തലത്തിൽ നിന്നു കൊണ്ടു ഭ്രമപരമായ ഒരു വാസ്തവികത സമ്മാനിക്കുന്നു. ഇത്തരം വായനകൾ പലപ്പോഴും എഴുത്തുകാരുടെ കൈയ്യിൽ നിന്നും വഴുതിപ്പോകുന്ന കാഴ്ചയും സുലഭമാണ്. മറ്റൊരു രീതിയാണ് ബിംബവത്കരണം. കവിതയിലും കഥയിലും എളുപ്പം കൈകൊള്ളാൻ കഴിയുന്ന ഒരു സംവിധാനമാണ് ബിംബവത്കരണം. പ്രതീകമായി പറഞ്ഞു കൊണ്ടു പറയാനുള്ളതിനെ ശക്തമായി പറയാൻ എഴുത്തുകാരനു സ്വാതന്ത്ര്യം നല്കുന്നു ഈ സങ്കേതം. പല പല കാരണങ്ങളാൽ എഴുത്തുകാർ പ്രതീകങ്ങളെ തേടിപ്പോകുന്നുണ്ട്. അത് എല്ലാക്കാലത്തെയും സാമൂഹ്യ രാഷ്ട്രീയ കുടുംബ അന്തരീക്ഷങ്ങളുടെ കൈകടത്തലുകളിൽ നിന്നുള്ള രക്ഷ നേടൽ കൂടിയാണ് എന്നതിനാലാണങ്ങനെ . ഇവിടെ ഒരു ശൈത്യകാല വിചാരണ എന്ന കഥാസമാഹാരമാണ് വായനക്ക് തിരഞ്ഞെടുക്കപ്പെട്ടത് . ബാബു കുഴിമറ്റം എന്ന എഴുത്തുകാരന്റെ 18 കഥകളാണ് 10 ഭാഗങ്ങൾ ആക്കി ഇതിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഭാഗം ഒന്നിലെ കഥകൾ എല്ലാം തന്നെ വളരെ ചെറുതും ഗഹനമായ ചിന്തകൾ പ്രധാനം ചെയ്യുന്നവയുമാണ്. പിന്നീടങ്ങോട്ടുള്ള കഥകളിൽ തുടക്കത്തിന്റെ ഫ്ലോ നഷ്ടപ്പെടുകയും വിരസമായ ഒരു വായനാ തലം കടന്നു വരികയും ചെയ്യുന്നുണ്ട്. എന്നാൽ ഇടക്കിടെയുള്ള ചിലവ ശരിക്കും ആസ്വാദ്യവും ചിന്താദ്ദീപകവും ആണ്. പ്രതീകവത്കരണം ആണ് ശ്രീ ബാബു കുഴിമറ്റം ഉപയോഗിച്ച പ്രധാന ശൈലിയെന്നു കാണാം. വടി ,മീൻ പൂച്ച , ഗൗളി, പുതപ്പു , നായ തുടങ്ങി അസംഖ്യം ബിംബങ്ങളിലൂടെ കുടുംബ ,സമൂഹ രാജ്യ സംവിധാനങ്ങളിലൂടെ കടന്നുപോകുന്ന കഥകൾ ആണവ . പുതപ്പു കഥാപാത്രമാകുന്ന കഥയാണ് ഒരു ശൈത്യകാല വിചാരണ. ഈ കഥയിൽ പുതപ്പിനെ വായിച്ചെടുക്കാൻ കഴിഞ്ഞത് പെണ്ണുടലായിട്ടു തന്നെയാണ്. അത് വളരെ മനോഹരമായി കൈകാര്യം ചെയ്തു വന്നതുമാണ്. പക്ഷേ ഇടയിലെ ഭാര്യ എന്ന കഥാപാത്രം കടന്നു വരികയും ഒരേ സമയം പുതപ്പും ഭാര്യയും ഒന്നായിരിക്കുമ്പോഴും അതിനെ വേറിട്ട രണ്ടായി വായിക്കപ്പെടുകയും ചെയ്തപ്പോൾ കഥയിലെ കൈയ്യടക്കം നഷ്ടപ്പെടുത്തിക്കളഞ്ഞു എഴുത്തുകാരൻ. ആ ഒരു രണ്ടു മൂന്നിടങ്ങളിലെ പരാമർശങ്ങൾ ഒഴിവാക്കിയാൽ പുതപ്പു എന്തുകൊണ്ടും മികച്ച തലം കൈവരിച്ചേനെ എന്ന കാര്യത്തിൽ തർക്കമില്ല. ഇതേ പോരായ്മ പൂച്ചയും നായയും കഥാപാത്രമാകുന്ന അനർത്ഥ ചതുഷ്ടയവും , ഗൗളിയും പേറുന്നതായി തോന്നിപ്പിച്ചു. വളരെ മനോഹരമായ സങ്കേതങ്ങൾ ആണ് ഓരോ കഥാതന്തുക്കളും. പക്ഷേ ദീർഘമായ കഥയാകുമ്പോൾ പറഞ്ഞു പരത്തി വരുമ്പോൾ സംഭവിക്കുന്നതാകാം ഈ പാളിച്ചകൾ അതോ മറ്റൊരു വായനക്കിടം നല്കാതെ എഴുത്തുകാരൻ മടക്കിവച്ചതുമാകാം. കഥകൾ എല്ലാം തന്നെ കാമ്പുള്ള രചനകളാണ് . ബാബു കുഴിമറ്റത്തെപ്പോലുള്ള കഴിവുറ്റ എഴുത്തുകാർ മലയാളത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് ഒരു പക്ഷേ എഴുത്തിലെ നിസാരമായ ചില പാളിച്ചകളെ അവഗണിക്കുന്നതിനാലാവാം എന്നു കരുതുന്നു. സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധേയമായ എഴുത്തുകുത്തുകളുമായി സാന്നിദ്ധ്യമറിയിക്കുന്ന ഈ എഴുത്തുകാരൻ ഇനിയും അറിയപ്പെടാനിരിക്കുന്നതേയുള്ളു. കാമ്പുള്ള , ശക്തവും സരളവും താളവുമുള്ള എഴുത്തുകൾ ഹൃദയത്തെ ഒരേ സമയം ദ്രവീകരിക്കുകയും ചിന്താവനങ്ങളിലേക്ക് അലയാൻ വിടുന്നവയുമാണ്. ആശംസകളോടെ ബി.ജി.എൻ. വർക്കല

Monday, July 10, 2017

ചൂലറ്റങ്ങളിലേക്ക് തിരിച്ചു പറക്കുന്നത്........ രമ്യ സഞ്ജീവ്

ചൂലറ്റങ്ങളിലേക്ക് തിരിച്ചു പറക്കുന്നത്. (കവിതകൾ)
രമ്യ സഞ്ജീവ്
കറൻറ് ബുക്സ് .
വില: 60 രൂപ

കവിതകൾ വായിക്കുക എന്നതൊരനുഭവം ആണ്. പ്രത്യേകിച്ചും വ്യത്യസ്ഥമായ രീതികൾ ആലേഖനം ചെയ്യപ്പെടുമ്പോൾ . കഥയും നോവലും വായിക്കുന്ന ബുദ്ധിമുട്ടും സമയവും കവിതകൾ ആഹരിക്കുന്നില്ല. പകരം വായിച്ചു തീർന്നും ബാക്കിയാവുന്ന കുറേയേറെ വികാരങ്ങളുടെ സംഭരണിയാകുന്നു മനസ്സു. കവിതകൾ നല്കുന്ന വികാരമാണത്. പലപ്പോഴും വായനകളിൽ അനുഭവപ്പെടുന്ന ആൺ പെൺ എഴുത്തുകളിലെ രസതന്ത്രശൈലികൾ വിവരണാതീതമാണ്. ഒരു ചട്ടക്കൂട്ടിലും അവയെ ഒന്നിച്ചു നിർത്താനാവില്ല. ഒരു പുരുഷനും സ്ത്രീയായി ചിന്തിക്കാനാവില്ല തിരിച്ചും . എഴുത്തിലും ഈ ഒരു വേർതിരിവ് അനുഭവപ്പെടും. മുലകളെക്കുറിച്ചു അവനെഴുതുമ്പോൾ മനോഹരമായ വർണ്ണനകളാണെങ്കിൽ അവളെഴുതുക അതിൽ നിറച്ച വേദനകളും അപമാനങ്ങളുമാകുന്നു. കാഴ്ചപ്പാടിന്റെ ഈ വേർതിരിവു ജീവിതത്തിന്റെ എല്ലാ വസ്തുതകളിലും കാണാം. അതിനാൽ തന്നെയാകണം എഴുത്തിലെപ്പോഴും ആൺ പെൺ വേർതിരിവുകൾ വായനക്കാർ തിരിച്ചറിയുന്നത്. "ചൂലറ്റങ്ങളിലേക്ക് തിരിച്ചു പറക്കുന്നത് " എന്ന കവിതാ സമാഹാരം രമ്യ സഞ്ജീവിന്റെ 34 കവിതകളുടെ കൂട്ടാണ്. അടുക്കള മണമുള്ള , പെൺമണമുള്ള ,മനമുള്ള ചിന്തകൾ നിറച്ച 34 കവിതകൾ. "ഒറ്റയ്ക്കിരുന്നിടത്തു നിന്ന് കൈ പിടിച്ചു യാത്രയ്ക്ക് ക്ഷണിക്കുന്ന" ചിന്തകൾ ആണവ.. കടലകൊറിക്കുന്ന ലാഘവത്തോടെയാണ് കവി എഴുതാൻ തുടങ്ങിയത്. അവ വായനക്കാരനിൽ പക്ഷേ കടലയല്ല കടലോളം വിചാരങ്ങളെ നിറയ്ക്കാൻ സഹായിക്കുന്നു. ഒരു ശരാശരി കുടുംബിനിയുടെ ജീവിതത്തെ കുറിക്കുമ്പോൾ
നിനക്കും എനിക്കുമിടയിലെ
തുടൽ എന്ന യാഥാർത്ഥ്യത്തെ
അതിലുടക്കിക്കിടക്കുന്ന എന്റെ
അപ്രഖ്യാപിത ശൗര്യത്തെ
വിധേയത്വം എന്ന ഒറ്റ വാക്കു കൊണ്ട്
ആരോ അളന്നിട്ട് കഴിഞ്ഞതാണ് . (പട്ടി ജന്മം) എന്നു വായിക്കപ്പെടുമ്പോൾ പറയാനുള്ളവ ഇനിയെങ്ങനെ പറയണം എന്ന ചോദ്യം ശേഷിക്കുന്നു. കാലികതയുടെ ആസുരതകൾ
തുടകൾക്കിടയിലെ
രണ്ടിഞ്ച് നീളുന്ന മുറിവായി
ഞെരിച്ചു ചുവപ്പിച്ച മുലക്കണ്ണുകളായി
മൂന്നായി ചിതറിയ തലയായി... (അവളുടെ വീടിന് അവസാനമായി പറയാനുള്ളത്) വാക്കുകൾ നഷ്ടമായി വായനക്കാരിലേക്ക് തറച്ചു കയറുന്നു. പെൺകുട്ടികളുടെ ജീവിതത്തിന് നൂറു മോഹങ്ങൾ ഉണ്ടെങ്കിലും
ഒടുവിൽ പരിസമാപ്തിയിലെത്താത്ത
നിഗമനങ്ങളെല്ലാം കൂടി
ഒരുത്തന്റെ മുമ്പിലേക്ക് കൂട്ടിയിട്ട്
അവൻ 'സുന്ദരീ'ന്നു വിളിക്കുമ്പോൾ
നീട്ടിയൊരു മൂളലാവും (അങ്ങനെയും ഒരു കാലത്ത് ) എന്ന സമരസപ്പെടലിൽ കുരുങ്ങി കുടുങ്ങി പ്പോവും എന്നു വ്യക്തമായി പറയുന്നു കവി. ആകുലതകൾ നിറഞ്ഞ ഇന്നിൽ മൂന്നു വയസ്സ് മാത്രം പ്രായമുള്ള മൂപ്പെത്താത്ത കുരുന്നിനോട് ഒരുറക്കത്തിന്റെ കണ്ണുവെട്ടിച്ചു ഉടുപ്പൂരി നിന്നെ നോവിച്ചന്റെ സ്വപ്ന സഞ്ചി അറുത്തെടുക്കാമെന്ന് കവി ആശ്വസിപ്പിക്കുന്നു.. വിഹിതാവിഹിതങ്ങളുടെ തലയിലൂടെ കാർക്കിച്ചു തുപ്പി കടന്നു പോകുന്ന പെണ്ണൊരുത്തി ആധുനികതയുടെ മുഖമാണ് കാണിക്കുന്നത്.
പലർക്കായി വീതിക്കാനൊരുങ്ങവേ
"കണക്കറിഞ്ഞു കൂടാത്തവൾ " എന്നു
ചിരിയെറിഞ്ഞ് ഒന്നായി ചുരുങ്ങി
ഒരു തരം മുട്ടലാവും.
എല്ലാ തിരിച്ചറിയലുകൾക്കുമപ്പുറത്ത്
ചില ഇടങ്ങളുണ്ട് .... ( നീ മാത്രം നിറയുന്ന ഇടങ്ങൾ ) എന്ന തിരിച്ചറിവാണ് ഓരോ പെൺ ജന്മവും എന്ന കണ്ടെത്തലിൽ അവളുടെ ജീവിതത്തിലെ സ്വയംപര്യാപ്തതയെത്ര ശുഷ്കമാണെന്നോർമ്മിപ്പിക്കുന്നു കവി.
ഓരോ ആയലിന്റെ തുടക്കത്തിലും
ഈ ചില്ലയുടെ അറ്റത്തെ
മണ്ണ് നോക്കി നിൽക്കുന്ന
ഇലയായി നിന്നെ ഞാൻ
രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു (ഞാൻ ഒരൂഞ്ഞാലാട്ടക്കാരി ) ജീവിത പരിസരങ്ങളെ താത്വികമായി കവി എത്തിപ്പിടിക്കുന്ന ഇത്തരം ദൂരങ്ങളാണ് കവിതയെ ആസ്വാദ്യകരമാക്കുന്നത്.
പൊന്നാനിയിൽ നിന്ന്
എരമംഗലത്തേക്കുള്ള റോഡിലേക്ക്
കണ്ണും നട്ട് പത്ത് ചെഗുവേരകൾ.
ചുവന്ന ബോർഡിലെ
വെളുത്ത അക്ഷരങ്ങളിലേക്ക്
ആവാഹിച്ചു ആണിയടിച്ചു തറച്ച
കമ്യൂണിസത്തെ
എങ്ങനെ രക്ഷപ്പെടുത്തും എന്ന്
അരികിലേക്ക് മാറിയിരുന്നു ചിന്തിക്കുന്നുണ്ട്
ഓരോ ചെയും .( ഫ്ലക്സ് ബോർഡിൽ നിന്ന് ഇറങ്ങി വന്നവൻ) എന്ന് കവിയുടെ രാഷ്ട്രീയ കാഴ്ചപ്പാട് ഓരോ വരിയും ഓരോ കല്ലായി പതിക്കുന്ന രീതിയിൽ പെണ്ണായതു കൊണ്ടു മാത്രം ഒതുങ്ങിപ്പോകുന്ന കളങ്ങൾ അല്ല എന്റെ ആകാശം എന്നു കവി പ്രഖ്യാപിക്കുന്നു. ഭഗവതിപ്പാട്ട് എന്ന കവിതയിലെ ന്നാലും ... ന്റെ ഭഗവതി ഞാൻ നിന്നെ കുറ്റം പറയില്ല
എത്രയെന്നു വച്ചാ
മഞ്ഞളു മാത്രം മണക്കുന്ന
ഈ കൂട്ടിലിങ്ങനെ
കൈയ്യും പൊക്കി കണ്ണും മിഴിച്ചു ..... കവിയുടെ വരികളാൽ പെണ്ണായ ദൈവവും മനുഷ്യരും ഒരുപോലെ ഒരേ വികാരവിചാരങ്ങളിൽ പെട്ടുഴലുന്നതായി കാണാം. സ്ത്രിയുടെ സ്വാതന്ത്ര്യമില്ലായ്മയുടെ അസ്വാരസ്യം ഒട്ടുമിക്ക കവിതകളിലും ഒളിഞ്ഞും തെളിഞ്ഞും നില്കുന്നത് വായിച്ചെടുക്കാനാവും.. കാലിക പ്രസക്തിയുള്ള കവിതകൾ ആണ് ഈ സമാഹാരത്തിൽ എന്നു കാണാം. ഗദ്യകവിതകളുടെയും പദ്യ കവിതകളുടെയും സമ്മിശ്ര രൂപത്തിലെഴുതിയിരിക്കുന്ന ഓരോ കവിതകളും ഒരു വട്ടം വായിച്ചു മടക്കുന്ന ഒന്നായി തോന്നിപ്പിക്കില്ല.
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമുള്ള തവനൂർ ഐഡിയൽ കോളേജിലെ ഈ ഇംഗ്ലീഷ് അധ്യാപിക യുവകവികൾക്കുള്ള തുഞ്ചൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ കൊൽക്കത്ത കൈരളി സമാജം എൻഡോവ്മെന്റ് അവാർഡ് ലഭിച്ച എഴുത്തുകാരിയാണ്. ആശംസകളോടെ ബി.ജി.എൻ വർക്കല

Sunday, July 9, 2017

ദി ഇൻസ്ട്രുമെന്റ് ബോക്സ് ..........അജിത ടി.ജി

ദി ഇൻസ്ട്രുമെന്റ് ബോക്സ് ( കവിതകൾ)
അജിത ടി.ജി.
3000 BC
വില: 100 രൂപ

ആദികാലം മുതൽ മനുഷ്യൻ തന്റെ വികാരവിചാരങ്ങളെ പകർത്താൻ കവിതയുടെ അനന്തമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിപ്പോകുന്നുവെന്നു മനുഷ്യ ചരിത്രങ്ങൾ പഠിപ്പിക്കുന്നു. നാം അറിഞ്ഞതിലുമധികം അറിയാത്ത കോടാനുകോടി കവികൾ അത്തരത്തിൽ ഭൂതലത്തിൽ വിവിധ ഭാഷകളിലൂടെ വായ് മൊഴികളായി കടന്നു പോയിരിക്കുന്നുണ്ടാവും. കവി കുരീപ്പുഴയുടെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ മറ്റൊരു നഗ്ന സത്യം കൂടി വെളിവാകും. അത് ഈ കവികളിൽ ചരിത്രമറിയുന്നവരാകാൻ കഴിഞ്ഞ സ്ത്രീകൾ വളരെ കുറവാണ് എന്നതാണ്. തമിഴ്നാടിന് ഒരു ഔവ്വയാർ കർണ്ണാടകത്തിനു ഒരു അക്കാവമ്മ മലയാളത്തിനു എഴുത്തച്ഛനും അതാണ് നമ്മുടെ സംസ്കാരത്തിന്റെ പോരായ്മയെന്നും നാം മനസ്സിലാക്കണം. വളരെ മനോഹരമായ പല താരാട്ടുപാട്ടുകളും പുരുഷന്റേതാണ് മലയാളത്തിൽ . ഒരമ്മയുടെ താരാട്ടുപാട്ടു എന്തുകൊണ്ട് നമുക്ക് മൂളാൻ കഴിയുന്നില്ല ? കവി ചോദിച്ച ചോദ്യങ്ങൾ പ്രസക്തമാണ്. അതൊരു യാഥാർത്ഥ്യമാണ്.
ഇത്തരം ചുറ്റുപാടുകളിൽ നിന്നു കൊണ്ടാണ് ഇവിടെ ഓരോ വനിതയും അക്ഷരങ്ങൾ കുറിക്കുന്നത്. ഒരെഴുത്തുകാരി എഴുതുന്നത് തൂലികാനാമത്തിലാണ്. സ്വന്തം പേര് പുറത്തറിയിക്കാൻ കഴിയാത്തവണ്ണം അവൾ അടിച്ചമർത്തപ്പെട്ടു പോയിരിക്കുന്നു ഈ കാലത്തിലും. എങ്കിലും രാത്രിയുടെ ഇരുണ്ട കോണുകളിൽ അവർ ഒളിച്ചിരുന്നു എഴുത്തുകൾ തുടരുന്നു. ഭയം വിട്ടുമാറാത്ത കാലത്തിൽ അപര നാമങ്ങളിൽ. ഈ ചുറ്റുപാടുകളിൽ നിന്നുമാണ് സോഷ്യൽ മീഡിയ തന്റെ നിലപാട് തെളിയിക്കുന്നത് .
ഇവിടെ അജിത ടി.ജി. എന്ന കവിയുടെ കവിതകൾ വായിക്കുമ്പോൾ തന്റെ ചുറ്റുപാടുകളെ അവർ എങ്ങനെ വായിച്ചെടുക്കുന്നു എന്നത് വ്യക്തമാണ്. കവിയുടെ ചുറ്റുപാടുകൾ / കാഴ്ചകൾ / അനുഭവങ്ങൾ ആണ് കവിതകളാകുന്നത്. ഇവിടെയും വി ഷ യ ങ്ങ ൾ കാൽപ്പനികതയിൽ വീണു കിടക്കുന്ന മഞ്ഞു തുള്ളികൾ അല്ല. പ്രണയമായാലും ജീവിതമായാലും കാലിക സംഭവങ്ങളായാലും തനതായ ഗ്രാമ്യ മുഖം തേടുന്ന വരികൾ ആണ് വായനക്കാരിലേക്കു പകരുന്നത്. അസ്വഭാവികതകൾ ഇല്ലാതെ അവ വായിച്ചു പോകാൻ കഴിയും. ഗദ്യകവിതകളിലേക്ക് തുറന്നു പിടിക്കുന്ന ആഖ്യായനശൈലിയാണ് എല്ലാ കവിതകളും പങ്കുവയ്ക്കുന്നത്. 41 കവിതകൾ അടങ്ങിയ ഈ കവിതാ സമാഹാരം വളരെ മനോഹരമായ പ്രിന്റിംഗ് , ഡിസൈൻ എന്നിവയാൽ വേറിട്ട മുഖം നല്കുന്നു. പലപ്പോഴും കവി കവിതയാണെന്നത് മറന്ന് കവിത പറച്ചിലിന്റെ ഒരു തലം കൈകൊള്ളുന്നുണ്ട്. വികാരവും വിചാരവും എഴുത്തിൽ വരുത്തുന്ന അന്ത: ക്ഷോഭം ആകാം ആ ഒരു രീതിക്ക് നിദാനം. അതുപോലെ ഓരോ കവിതയ്ക്കും ആമുഖം നല്കി വായിക്കുന്നവരുടെ ചിന്തകളെ കടിഞ്ഞാണിട്ട് താൻ വരയ്ക്കുന്ന വരയിലൂടെ നടത്തുന്ന അധ്യാപക രീതി വായനയുടെ രസം നശിപ്പിച്ചു പലപ്പോഴും.
അണ്ടർസർവൈലൻസ് എന്ന കവിത എടുത്തു പറയാൻ കഴിയുന്ന നല്ല കവിതകളിൽ ഒന്നാണ്. ശരാശരി മധ്യവയസ്സിന്റെ മനസ്സിനെ ഇത്ര നന്നായി വേറെങ്ങനെ പറയും എന്നു തോന്നിച്ചു വായന. പകലിലെ ഓരോ അവസരങ്ങളും മൂന്നാംകണ്ണിന്റെ നോട്ടത്തെ ഭയന്ന് ഒതുക്കി വയ്ക്കുന്ന മനസ്സിന്റെ വേവലാതികളെ ഒടുവിൽ "അണ്ടർ ദി സർവ ലൈൻസ് ഓഫ് ഫക്കിംഗ് ഫെറ്റീഗി" ൽ മനോഹരമായി പഞ്ചു ചെയ്തു. ജലജീവിതം ,ഒടേ തമ്പുരാന്റെ ഒരു ദിവസം ,ജനറൽ വാർഡ് ഒക്കെ എടുത്തു പറയാവുന്നവയാണ്.
" തേഞ്ഞു പൊട്ടാറായ ചെരുപ്പും
സ്റ്റീലിന്റെ ചോറ്റുപാത്രവും
ഒരു പ്ലാസ്റ്റിക് കവറുമായി
അത് ആംബുലൻസിൽ
കയറിപ്പോകും" (ജനറൽ വാർഡ്) വരയ്ക്കുന്ന ചിത്രം എത്ര ആഴവും ദയനീയവും ആണ്.കണ്ടു മറന്ന ഓർമ്മകൾ ആണ് ,പച്ചയായ ജീവിതമാണത്. എലനോവ തുന്നിക്കൊണ്ടിരിക്കുകയാണ് എന്ന കവിത വായിക്കുമ്പോൾ മനസ്സിൽ വരിക ദൈവത്തിന്റെ മകൻ പോലുള്ള ചിത്രങ്ങളുടെ പശ്ചാത്തലമാണ്. മലയാളിയിൽ നിന്നും മാറിയ ഭൂപടം പോലെ ഒരു പ്രതീതി നല്കിയ വായന.
ജാരൻ , ദി ലാസ്റ്റ് സപ്പർ, പിടിയരി തുടങ്ങിയ ചില കവിതകൾ കവിയുടെ കൈവിട്ടു പോയ എഴുത്തുകൾ ആയി അനുഭവപ്പെട്ടു. വിഷയത്തെ വിചാരിച്ച ഫ്രയിമിനുള്ളിൽ ഒതുക്കാനാവാതെ പോയ വായനയായിരുന്നു അവ. "നിശാചരി " മനോഹരമായ ഒരു ഫ്രെയിമായിരുന്നു. ജീവിതത്തെ എത്ര നന്നായാണ് വരച്ചിട്ടത്.
അറ്റമില്ലാത്ത
ലക്ഷ്യങ്ങളിലേക്ക്
അമ്പരന്നു പായുന്ന
രേഖകളെ വരച്ചും ( ഇൻസ്ട്രുമെന്റ് ബോക്സ് ) അടയാളപ്പെടുത്തിയും മായ്ച്ചും വായനയെ മുന്നോട്ട് നടത്തുന്ന ഈ കവിതാ സമാഹാരം ഉള്ളടക്കം കുറച്ചുകൂടി ഡിസൈൻ പോലെ മനോഹരമാക്കിയിരുന്നെങ്കിൽ ഏറെ ശ്രദ്ധിക്കപ്പെടുമായിരുന്നു എന്നു തോന്നി. സമ്മിശ്രവികാരങ്ങൾ നല്കിയ വായനകൾ ആണ് ഓരോന്നും. ഒരു പുസ്തകവും പൂർണ്ണമല്ല എന്ന ഒഴിവു കഴിവിന്റെ ജാമ്യത്തിൽ നല്ലൊരു വായന നല്കിയ കവിതകൾ എന്നു മാത്രം രേഖപ്പെടുത്താം. ആശംസകളോടെ ബി.ജി.എൻ വർക്കല