Tuesday, April 16, 2013

സ്നേഹമേ നിന്നിലേക്ക്‌

ശൂന്യത പകുത്തുവച്ച രാപ്പകലുകള്‍ക്കിടയില്‍
നിറദീപമായ് നീ മിഴി തുറന്നോരുനാള്‍ .
നിശയുടെ നിലാത്തിരി കത്തുന്ന ഇരുളിലെങ്ങോ
നമ്മള്‍ രണ്ടക്ഷരമായ് പകച്ചു നിന്നിരുന്നു .

വിടരും ചിരിയുടെ നക്ഷത്രവിളക്കായ് ,
തുഷാരം വിടരും പുലരിയായ് ,
തനുവിന്‍റെ നേരിയ പുതപ്പായ് നീയെന്റെ
ചര്യകളില്‍ കൂടെ ചരിക്കുന്നു പ്രിയേ .

കനലുകള്‍ ചുട്ടെടുക്കുമോര്‍മ്മപാതിരാകളില്‍
നിനവിന്റെ വെള്ളി നൂലായി നീയരികില്‍ .
കുപ്പിവളകിലുങ്ങും രവാരവം പോലെ നിന്‍
വാക്കിന്‍ തിരകളില്‍ മുങ്ങി നിവര്‍ന്നു ഞാന്‍ .

നമ്മള്‍ രണ്ടു ബിന്ദുക്കളില്‍നിന്നും പറന്നടുത്ത്
മിന്നിപ്പൊലിയും കൊള്ളിമീനുകള്‍ പോലെ .
അകലെ നിന്‍ വിഷാദം ഈറന്‍ വീഴ്ത്തും
നിലാവിന്റെ നീലവദനം വാടിതളരവെ

അറിയില്ലെന്തിനെന്നിടനെഞ്ചു പിടയ്ക്കുന്നു .

നീയെനിക്കാരായിരുന്നു സഖീ ?
പരസ്പരമകലങ്ങളില്‍ നോവുകള്‍ -
തിന്നുറങ്ങുന്നോരീ പകലുകളെന്നോട് പറയുന്നു
നമ്മള്‍ പരിചിതര്‍ ജന്മാന്തരങ്ങളില്‍ .

ഇരുകരകളില്‍ , ധ്രുവനക്ഷത്രം നോക്കി
കൊടുമുടികള്‍ താണ്ടിവരുവാന്‍ കൊതിപ്പവര്‍ .
നിന്നിലേക്കുള്ള ദൂരമളന്നിടട്ടെ ഞാനീ
പകലുകള്‍ തന്‍ ചിറകിലേറിയിനി .
--------------ബി ജി എന്‍ വര്‍ക്കല ----
.




Monday, April 15, 2013

തിരോധാനം

പ്രിയേ
നിര്‍ലജ്ജം നിര്‍ന്നിമേഷം ,
നിന്‍ മിഴികളില്‍ , അധരച്ചുവപ്പില്‍ ,
കപോലത്തുടുപ്പില്‍
ഒരു കുറുനരിയായ് ഞാന്‍ അലയട്ടെ ...!

ഹൃദയവാതില്‍ തുറന്നു നീ ചൂടുമീ
രുധിരസ്നിഗ്ധ ഗരിമയില്‍
മധുരപാനം നടത്തി ഞാനൊരു
യക്ഷഗാനം പാടാമിനി .

കന്നിമാസം കനിഞ്ഞു നല്‍കിയ
ശ്വാനജന്മമല്ലിതെന്നാല്‍
കര്‍ണ്ണികാരം പെയ്തൊഴിയും
ശാന്തനീലിമ പടരും താഴ്വര ഞാന്‍ .

തെരുവുകള്‍ കടമായ് നല്‍കിയ
കഠിന രാവുകളില്‍
നിന്റെ മേനി പകര്‍ന്നു നല്‍കിയ
ഗന്ധമെന്നില്‍ നിറയവേ
പാലപൂത്ത സന്ധ്യതന്നുടെ
നിലാചരിവുകള്‍ തേടി ഞാന്‍ .

കരുണവറ്റിയ മിഴികള്‍
സൂര്യ രശ്മി പോല്‍ ജ്വലിക്കവേ .
കനവുപോലെ നിന്‍ ചാരെ നിന്നുമാ
കിളിന്നു പൂവുടല്‍ ചൂഴ്ന്നു ഞാന്‍ .

ഇരുളിന്‍ നിന്നുടെ ഗന്ധം നുകരവേ
പ്രജ്ഞ നല്കിയോരോമ്മകള്‍ക്കുള്ളില്‍
ഒട്ടകം സൂചിക്കുഴ താണ്ടും
സൂത്രവാക്യമറിഞ്ഞു ഞാന്‍ .

ജ്വരമായ് പടരുന്ന നനവുകളെയൊക്കെ
ജലമായൂറ്റിഎടുത്തു ഞാന്‍
ഇരുളിലേക്കിറങ്ങി പോകുമ്പോള്‍
അരയിലൊരു കെട്ടഴിയുന്നു .
-------------ബി ജി എന്‍ വര്‍ക്കല -----

Saturday, April 13, 2013

വിഷു ആശംസകള്‍


വറുതിക്കൊരറുതി വരുത്താതെ
എരിയുന്ന പകല്‍ കരയുമ്പോള്‍
വരളുന്ന മണ്ണില്‍ വീണു പുളയുന്ന
കണിക്കൊന്ന പൂവിന്നുള്ളില്‍
ഉണരുന്നുണ്ടൊരു വിഷുക്കാലം .

മുലപ്പാലിന്‍ മധുരമറിയാന്‍
വിധിയില്ലാ പൈതങ്ങള്‍ തന്‍
വിളറിയ കണ്ണുകളില്‍
പടരുന്ന ശോകവുമായി ,
ഉരുകുന്ന അമ്മക്കണ്ണിലൂറും നീര്‍മണി
തെളിയും കാഴ്ചകള്‍ കണ്ടും ,
അരയിലെ അരമുറി തുണിയില്‍
ഒളിക്കാത്ത നാണം കണ്ടും
അരമനയില്‍ പ്രജാപതികള്‍ .

ഇടറിയും പരതിയും
കാലം മറയ്ക്കുന്ന കണിക്കൊന്നകള്‍
ഓര്‍മ്മയിലയവിറക്കും
ചാനല്‍ പക്ഷികളില്‍ വിരിയുന്ന
കാഴ്ചകളെ കണ്ടു രമിക്കാന്‍
സമ്മാനപൊതികളഴിയവേ

സൂര്യന്റെ ചൂടില്‍ വെന്തും
നാടിന്റെ മിഴികള്‍ കത്തും
ചാരത്തില്‍ കാല്‍കുത്തി നിന്ന് ഞാന്‍
നേരട്ടെ വിഷു പ്പുലരികള്‍
-----ബി ജി എന്‍ വര്‍ക്കല ---

Friday, April 12, 2013

കനലുകള്‍


ഉച്ചസൂര്യന്റെ മഞ്ഞിലുറങ്ങുന്ന ,
നക്ഷത്രസ്വപ്നങ്ങളെ നിങ്ങളെയോര്‍ത്ത്‌ -
വ്യര്‍ത്ഥമീ ജീവിതം പങ്കിട്ടെടുക്കട്ടെ
ഞാനുമെന്‍ ശപ്തനിമിഷങ്ങളും വൃഥാ.

കഷ്ടതയോര്‍ത്തു കരയുവാനാകാത്ത
ചത്തജനത്തിന്‍ ജീവിതപാതയില്‍ ,
കറുത്ത പുകയാല്‍ കണ്ണുകള്‍ മൂടി
കരയുവാനാകാതെ കണ്ണീര്‍ വാര്‍ക്കുന്നു സത്യം .
നീലവിരിയിട്ടോരാകാശ ജാലകം
നേരിന്റെ നന്മയില്‍മൗനം ഭജിക്കവേ ,
സാക്ഷികൂടാരമുള്‍പ്പടര്‍പ്പില്‍ മുറിയുന്നു
നീതിദേവതതന്‍ കന്യകാത്വവും .

പ്രാണന്‍ പിടയുന്ന വേദനയാല്‍
നാടിന്‍ ചോരക്കുഴലുകള്‍ പൊട്ടുമ്പോള്‍
നായരച്ചിയുടെ താറു താങ്ങുന്നു
നാട് ഭരിക്കേണ്ട സവിചോത്തമന്‍ .

ഉഷ്ണം പെരുകി മണ്ണ് വരളുമ്പോള്‍ ,
ദാഹനീരിനു പൈതങ്ങള്‍ പായുമ്പോള്‍
അച്ചിക്ക്‌ നായര്‍ മീന്തല നല്‍കാത്ത -
കുറ്റപത്രം വായിക്കും പ്രാതിനിത്യങ്ങള്‍ ,
ഉച്ചത്തില്‍ മുഴക്കുന്ന വിപ്ലവഗാനത്താല്‍
പൊട്ടിത്തരിക്കുന്നു  നാല്‍കവലകള്‍ നിത്യം .

കാഴ്ച്ചകളേവം കണ്ണ് നിറയ്ക്കുമ്പോള്‍
ലൈവ് കണ്ടൊരു നിര്‍വൃതി നിറയുമ്പോള്‍
സാക്ഷരകേരളം നെഞ്ചത്ത് തല്ലുന്നു
എന്റെനാടെന്നുച്ഛത്തില്‍ കേഴുന്നു .
-----------------ബി ജി എന്‍ വര്‍ക്കല --------------