Thursday, May 31, 2012

നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു

പകലെരിഞ്ഞടങ്ങുന്നു ദൂരെ -
ചക്ക്രവാളത്തിന്‍ കണ്ണുകള്‍ ചുവക്കുന്നു ..
എന്തിനെന്നറിയില്ല  പരിഭവവുമായിതാ
സന്ധ്യയും വരുന്നു കുളിരേകുവാന്‍..!
ഇവിടെയീ  വേളയില്‍ പ്രിയനേ നിനക്കായ്‌
കുറിച്ചിടട്ടെ  ഈ ഓര്‍മ്മത്തെറ്റുകള്‍ .....
ഞാനൊരിക്കല്‍ കുഴിച്ചു മൂടിയോരീ
വേപഥുവൂറും നിന്റെ ഓര്‍മ്മകള്‍ .....
ദൂരെയായ്‌ കണ്ടോരീ വിസ്മയം വീണ്ടും
എന്നെയാ ലോകത്തേക്കാനയിപ്പൂ....!
നിന്നുടെ വേദനയൂറും മിഴികളെ
എന്നുമേ നോക്കി നിന്നവളാണ്‌ ഞാന്‍
നിന്റെ മനസ്സിലെ തിങ്ങലും വിങ്ങലും
കണ്ടു ഞാനന്യയായ്‌ നിന്നതോര്‍ക്കുന്നു ...
നീ വരും വീഥികള്‍കാണാതിരിക്കുവാന്‍
നിന്റെയാ  വദനം വാടുന്നതോര്‍ക്കുവാന്‍
അറിയാതെ എത്ര കൊതിച്ചിരുന്നു ഞാന്‍ ..!
നീയറിയാതെ എന്റെ ഓര്‍മ്മകളെപ്പോഴും
നിന്റെ പുറകെ സഞ്ചരിച്ചിരുന്നതും,
ഞാനിന്നുമോര്‍ക്കുന്നു നീയെന്റെ മുന്നിലായ്‌
യാചനാഭാവത്തില്‍ നിന്നതന്നു....
പിന്നെയോരിക്കലൂടെന്‍ മുന്നില്‍ വന്നു നീ
എന്നെ മോഹിച്ചതിനു മാപ്പ് ചോദിക്കുവാന്‍ .
ഇല്ല സഖേ നിന്റെ മോഹങ്ങളൊന്നുമീ
ശപ്തമാം ഹൃദയത്തില്‍ അലിഞ്ഞതെയില്ല.
നിന്റെ കനവുകള്‍ കത്തുന്നതും
ചോരതന്‍ ചാലിട്ട മോഹനാംബുകളുടെ -
ശിരഛെദവും
കണ്ടു കണ്ടാനന്ദിക്കുവാന്‍ എന്നുമുണ്ടായിരുന്നു .
ഓമനേ, നിന്നെ എങ്ങനെ വെറുത്തു ഞാന്‍
ഒരു നിമിഷത്തിന്റെ ചിറകിലേറി നീ
ഒരു വാക്ക് പറയാതെ പോയതെന്തേ ?
ഇനിയെന്ത് ചെയ്യും ഞാന്‍
ഇനിയെന്ത് ചെയ്യും ഞാന്‍
മനസ്സിലെ സത്യം ഞാനെങ്ങനെ ചൊല്ലും
ആര് കേള്‍ക്കും എന്റെ നോവുമീ വാക്കുകള്‍
സഖേ നീ കേള്‍ക്കുമോ
നിനക്ക് കാതുകള്‍ ഉണ്ടെങ്കില്‍
നീ കേള്‍ക്കുക
നിനക്ക് സ്പര്‍ശനമേകുവാന്‍ ആകുമെങ്കില്‍
ഒന്നു തൊടുമോ എന്‍ വിരല്‍ തുമ്പെങ്കിലും ...!
പറയാം ഞാനാ സത്യം  സഖേ
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു
എന്റെ ജീവനായ്‌ , എന്റെ മോഹമായ്‌
എന്നിലുമുപരിയായ് സ്നേഹിച്ചിരുന്നു ഞാന്‍
എന്നെക്കാളെറെ കൊതിച്ചിരുന്നു ഞാന്‍
നിന്നുടെ മാറിലോന്നു തലചായ്ക്കാന്‍
നിന്നുടെ കനവുകള്‍ തലോടിയുണര്‍ത്തുവാന്‍
എന്നും മോഹിച്ചിരുന്നവളാണ് ഞാന്‍ ...
==================ബി ജി എന്‍ ===15.06.1997

Saturday, May 19, 2012

അമര്‍ഷം

ചിതറി വീണ കൌമാരങ്ങള്‍ക്കും
ഉടഞ്ഞു പോയ യൌവ്വനങ്ങള്‍ക്കും  മീതെ
പറന്നിറങ്ങുന്ന കഴുകന്‍ കണ്ണുകള്‍ക്കും
തുടുക്കുന്ന  മേനിയുടെ വടിവുകളിലേക്ക്
അമര്‍ന്നിറങ്ങുന്ന നരച്ച ജിവിതങ്ങളെയും
കിനിയുന്ന ചോരയിലും , അമരുന്ന നിലവിളിയിലും
പുതു യൌവ്വനത്തിന്റെ മരുന്ന് കൂട്ടുകള്‍ തിരയുന്ന
നവയുഗ  യോഗിവര്യന്മാര്‍ക്കും നേരെ ......
ഒറ്റയാള്‍ പട്ടാളമാകാന്‍ വിധിക്കപ്പെട്ട ഓരോ യുവത്വവും
ക്ഷോഭിക്കാന്‍ മാത്രം പഠിച്ച ഓരോ സഖാക്കളുടെയും
ചുവക്കുന്ന ചോരയിലിറ്റു വീഴുന്ന അക്ഷരങ്ങളെ
പെറുക്കിയെടുക്കാനും , സെല്ലുലോയ്ടില്‍ പകര്‍ത്തുവാനും
പരക്കം പായുന്ന മാധ്യമ രക്ഷസ്സുകളിലും
ഞാന്‍ തിരയുന്നു .... തിരഞ്ഞു കൊണ്ടേ ഇരിക്കുന്നു
മനുഷ്യനെ അറിയുന്ന , മനുഷ്യനെ കാണുന്ന ,
ഒരു മനുഷ്യനെ.....!
അതെ ഒരു യദാര്‍ത്ഥ മനുഷ്യനെ....
കാണുവാനാകാത്ത, കറുപ്പ് വിണിട്ടില്ല എന്റെ മുന്നിലെ പകലുകള്‍ക്ക്...
തിരിച്ചറിവില്ലാതാകാന്‍ പാഠശാലകളും കുറവല്ല ,
എന്നാല്‍  ....
എല്ലാമറിഞ്ഞിട്ടും  ഒന്നും അറിയാത്തപോലെ ഇരിക്കുവാന്‍
പഠിച്ച എന്റെ ജനതയെ ഉണര്‍ത്താന്‍
ഇനിയൊരു അവതാരം ഉണ്ടാകുമോ ?
അടിമകളെ മോചിപ്പിക്കാന്‍ യേശുവും
ലക്ഷ്യബോധമില്ലാത്ത ഒരു ജനതയെ നേര്‍വഴിക്ക് നയിക്കാന്‍
ഒരു നബിയും, പിന്നെ അറിയപ്പെടാത്ത മറ്റനവധി
അവതാരങ്ങള്‍ ദിശാബോധമില്ലാതെ തിമാര്‍ത്താടിയ
ഈ  ഭൂമിയില്‍ ഇനിയെന്നു കിട്ടും ഒരുയഥാര്‍ത്ഥ മനുഷ്യനെ ?
അപൂര്‍ണ്ണമായ അന്വേഷണങ്ങള്‍ക്ക് മുന്നില്‍
അപരിചിതത്വം  പേറി നില്‍ക്കുന്ന ഞാനും
വെറുതെ അമര്‍ഷം പൂണ്ടു ആരോടോ ചോദിക്കുന്ന ചോദ്യങ്ങള്‍.....
വാസ്തവികതയുടെ മൌലികത ആവശ്യമില്ലാത്തതിനാല്‍
നമുക്കൊക്കെ ആശിക്കാം .....
"ഒന്നും എനിക്കല്ലല്ലോ സംഭവിച്ചത്
ഞാന്‍ ശ്രദ്ധിച്ചാല്‍ മതിയല്ലോ "
================================ബി ജി എന്‍ .......17.07.2008

ഉണര്‍വ്വിന്‍റെ ഇതിഹാസം

അനന്തമായ ചക്രവാളത്തിനുമപ്പുറം...
ഇരുളിന്‍റെ കാഠിന്യത്തിനുമപ്പുറം ....
പേരറിയാ ലോകത്തെ
 സ്വപ്നങ്ങളുടെ ചിതയിലേക്ക്
ഒരു വെറും മനസ്സുമായി,
ഒരു പാഴ്കിനാവായി
നടന്ന്നീങ്ങുന്ന എന്‍റെ-
ഹൃദയാന്തര്‍ താളം ,
അവ ഒരു ജ്വാലയായി
എന്നില്‍ പടരവേ,
എവിടെയൊക്കെയോ
ആരൊക്കെയോ
എന്നെ നോക്കി പരിഹാസ
ചിരി ചിരിക്കവേ
ആര്‍ത്തു വിളിക്കുന്ന കരിം ഭൂതങ്ങളെ
നോക്കി
ചോര നുണയുന്ന കിന്നരയക്ഷിമാരെ നോക്കി
സായന്തനത്തിന്‍റെ ചുവപ്പിനെ
എന്‍റെ നെഞ്ചിലേക്ക്
ഞാനാവാഹിക്കട്ടെ ,
പിന്നെ , മതി വരുവോളം
ഞാനൊന്നുറങ്ങട്ടെ
ഇനിയുണരാത്തവണ്ണം ...!
...............................ബി ജി എന്‍ -----26-11-2002

Thursday, May 3, 2012

ഭ്രമകല്പ്പന

ചുറ്റും ചിരകടിച്ചാര്‍ക്കുന്ന യൌവ്വനം
കരിന്തേല്‍ കുത്തുന്ന നോവായി 
എന്റെ കരളിന്‍ മടക്കുകളില്‍ 
വേദനകടല്‍ പരത്തവേ
നിന്റെ നര വീണകണ്പീലി 
നനയുന്നതെന്തിനായ്‌ ?
മനസ്സില്‍ പടരുന്ന രതിയുടെ നനവും
മിഴികളില്‍ നിറയുന്ന ജാള്യവും
നിന്റെ ശരീരത്തിന്റെ അളവുകൊലുകളില്‍
എന്റെ വിരല്പടുകള്‍ വിറ കൊള്ളുന്നുവോ ?
പുല്‍മേടുകളില്‍ പാഞ്ഞു നടന്ന
അശ്വമല്ല , 
ജാക്പോട്ടില്‍ പുറംതള്ളിയ 
ഉരുവാണ്  ഞാന്‍ 
പട നയിച്ച്‌ വരുന്ന ശത്രുവിനെ വീഴ്ത്താന്‍
മുനയൊടിഞ്ഞ അസ്ത്രങ്ങള്‍ ബാക്കി..
വിഷപല്ലുകള്‍ മഞ്ഞിച്ച ഇരുളുകളില്‍
കരിനാഗമായി പടരുന്ന ചിത്രരകൂടങ്ങള്‍
അവയില്‍ മാണിക്യം തിളങ്ങുന്നുവോ 
ദംസിക്കാന്‍ കാത്തിരിക്കും മിഴി തിളങ്ങുന്നു.
---------------------ബി ജി എന്‍ 

Wednesday, May 2, 2012

ത്രികോണം

ത്രികോണ ജന്മം ആണ് നാം ..!
നിനക്കും ,എനിക്കും അവള്‍ക്കും ഇടയില്‍
ഒരു സമഭുജത്രികോണം തീര്‍ക്കുന്നു 
കാലമെന്ന പെരുച്ചാഴി...!

നീഅടുക്കുമ്പോള്‍ അവള്‍ അകലുന്നു 
അവള്‍ അടുക്കുമ്പോള്‍  നീ  അകലുന്നു
അക്ഷങ്ങള്‍ നീണ്ടുംകുറുകിയും
നമുക്കിടയില്‍ "ആരങ്ങള്‍ "മാറുന്നു...!

നിന്നിലെ നീളം അളക്കാന്‍ ആകാതെ
അവളിലെ ചരിവ് കാണാനാകാതെ
ഒരുഋജുരേഖയായ്‌ ഞാന്‍ മാറുന്നു 
നിര്‍ദ്ധാരണം ചെയ്യാനാവാത്ത ഒന്നായി...!
===============ബി ജി എന്‍ =========


Tuesday, May 1, 2012

അപരാജിതര്‍

ഞാന്‍ 
ഞാന്‍ യാത്രയാവുകയാണ്..!
നിങ്ങള്‍ തന്ന ഔദാര്യങ്ങള്‍ക്ക്,
നിങ്ങളുടെ സമ്മാനങ്ങള്‍ക്ക്,
എന്റെ മരണം കൊണ്ട് ഞാന്‍ 
കടം വീട്ടട്ടെ.
ആഗ്രഹങ്ങളുടെ പെരുമഴയോ,
വലിയ വലിയ സ്വപ്നങ്ങളോ,
നിങ്ങള്ക്ക് ഞാന്‍ പങ്കു വച്ചില്ല.
ഒരു കൊച്ചു തൊഴില്‍ .
ഒരു ജീവിതോപാധി..!
കമ്പോളത്തില്‍ വില പറയുന്ന 
ഉരുവിന്റെ വേദന മറക്കാന്‍
ഒരു കൈത്താങ്ങ്‌ .
സാമ്പത്തിക  ശാസ്ത്രത്തിന്റെ 
കരിഞ്ഞ മൊട്ടായിരുന്ന താതന്റെ 
തളര്‍ന്ന കണ്ണില്‍ നിന്നാണ്
വാഗ്ദാനപെരുമഴ പെയ്ത 
നിങ്ങളുടെ കൂടാരത്തില്‍ ഞാന്‍ 
അഭയം കൊതിച്ചത്.
നിങ്ങളുടെ മോഹന വര്‍ണ്ണനകളില്‍ 
ഞാന്‍ സ്വര്‍ഗ്ഗത്തോളം കിനാവ്‌ കണ്ടു.
ഒടുവില്‍ എന്റെ കിനാവിന്റെ ഉയര്‍ച്ചയില്‍ ,
അത്യുന്നതിയില്‍ നിങ്ങളെന്നെ 
കയറ്റി വിട്ട ഏണിക്കയര്‍ മുറിച്ചു വിട്ടു.
ഈ വിഴ്ച എന്നെ ഉയര്ത്താനല്ല
എന്റെ പതനത്തിന്‍ താഴ്ചയില്‍ 
എന്നെ തളച്ചിടാനുള്ളതാണ്.
ഇല്ല , എനിക്ക് തോല്‍ക്കാന്‍ ആവില്ല.
നിങ്ങളെ തോല്‍പ്പിച്ചു കൊണ്ട് ,
ഞാന്‍ ജയിക്കട്ടെ..
ഈ ഒരു കുപ്പി വിഷം കൊണ്ട്
എന്റെ സിരകളെ ഞാന്‍ ഉന്മാദം 
നിറഞ്ഞ മരണത്തില്‍ ലയിപ്പിക്കട്ടെ
നിങ്ങള്ക്ക് ഇനിയും ഇരകളെ കിട്ടും 
ഞാന്‍ ആര്‍ക്കും ഒരിക്കലും 
ഒരു പാടമാകുന്നില്ല 
ഞാന്‍ ഒരു പ്രതീകമേ അല്ല .
----------------ബി ജി എന്‍