പ്രണയം പ്രതിജ്ഞ പ്രവാസം (കവിതകൾ)
സമ്പാദകൻ : പി. ശിവ പ്രസാദ്
ഫേബിയൻ ബുക്സ്
വില: ₹270
കവിതകൾക്ക് ഒരു ഐകരൂപം വേണമെന്ന കാഴ്ചപ്പാട് വളരെ മുൻപ് തന്നെ കണ്ടുവരുന്ന ഒന്നാണ്. പക്ഷേ കവിതകൾ ജനിച്ച നാൾ മുതൽ രൂപാന്തരത്തിന് നിരന്തരം അടിമപ്പെട്ടു കൊണ്ടിരിക്കുന്ന ഒന്നുതന്നെയാണ്. നിരന്തരമായ പരിണാമം അല്ലെങ്കിൽ പുതുക്കൽ കൊണ്ടാണ് കവിത ഇന്നത്തെ പുതിയ തലത്തെ അടയാളപ്പെടുത്തുന്നത്. നമുക്ക് കിട്ടാവുന്ന രേഖകൾ വച്ച് പുറകോട്ടു പോകുമ്പോൾ നമ്മുടെ ഭാഷയിൽ നമുക്ക് കിട്ടുന്ന കവിതകൾ ഒക്കെയും വളരെ പഴയ ഭാഷയിൽ എഴുതപ്പെട്ട ഒന്ന് തന്നെയാണ്. അവയൊക്കെയും കാവ്യങ്ങളായി തന്നെയാണ് നിലനിൽക്കുന്നത്. പക്ഷേ എന്തുകൊണ്ടോ കവിതകൾ ഒരുകാലത്ത് സംസ്കൃത കവിതകളുടെ, സംസ്കൃത പദപ്രയോഗങ്ങളുടെ കടന്നുകയറ്റം കൊണ്ട് വരേണ്യരായ ഒരു വിഭാഗത്തിന്റെ കൈകളിൽ മാത്രം അതല്ലെങ്കിൽ ഭാഷ അറിയുന്നവരുടെ കൈകളിൽ മാത്രം ഒതുങ്ങി നിന്ന ഒന്നായിരുന്നു. എഴുതപ്പെടാത്ത ഒരുപാട് കവിതകളുണ്ട്. പാട്ട് പോലുള്ള കവിതകൾ ആയിരുന്നു ഒരുപക്ഷേ ഏറ്റവും കൂടുതൽ രചിക്കപ്പെട്ട രചിക്കപ്പെടാതെ പോയ മൺമറഞ്ഞുപോയ കവിതകൾ എന്നു തോന്നുന്നു. പണിയെടുക്കുന്ന മനുഷ്യർ തങ്ങളുടെ പണിയുടെ ആയാസം കുറയ്ക്കാൻ ഉണ്ടാക്കിയ ഒരുപാട് പാട്ടുകൾ ഉണ്ട്. അവയൊന്നും എഴുതപ്പെട്ടിട്ടോ അടയാളപ്പെടുത്തി വെച്ചിട്ടോ ഒന്നുമില്ലാത്ത, കൈമറിഞ്ഞ് വരുമ്പോൾ രൂപാന്തരം സംഭവിച്ച ഒന്നു മാത്രമായി മറഞ്ഞു പോകുകയാണുണ്ടായത്.
ഇങ്ങനെയൊക്കെ നോക്കുമ്പോൾ കവിതകൾ സംഭവിക്കുന്നത് നിരന്തരമായ പരിണാമ പ്രക്രിയയിലൂടെയോ രൂപാന്തരപ്രകൃതിയുടെ ആണ് എന്ന് നമുക്ക് മനസ്സിലാക്കാം .ഈ സംസ്കൃത കവിതകൾ ഒക്കെയും ഒരു ചട്ടക്കൂടിനുള്ളിൽ ഒതുങ്ങി നിന്ന കവിതകൾ ആയിരുന്നു. അതായത്, അന്ന് ഭാഷ രൂപാന്തരപ്പെടുന്ന സമയത്ത് ഭാഷാ വിദഗ്ധർ കവിതകൾ എങ്ങനെയായിരിക്കണം എഴുതപ്പെടേണ്ടതെന്നും ചിട്ടപ്പെടുത്തേണ്ടതെന്നുമൊക്കെ ചില നിയമങ്ങൾ വെച്ചിരുന്നു. അതിൻറെ കാരണം ഒരുപക്ഷേ എല്ലാവരും കവിത എഴുതാതിരിക്കാൻ വേണ്ടിയോ അതല്ലെങ്കിൽ എഴുതാൻ അറിയുന്നവർ മാത്രം എഴുതട്ടെ എന്ന് കരുതിയോ ഒക്കെ ആകണം. കാരണം ഇന്ന് വാളെടുത്തവർ ഒക്കെയും വെളിച്ചപ്പാടുകൾ തന്നെയാണ് അന്നും അതുതന്നെയായിരിക്കാം അവസ്ഥ ഉണ്ടായിരിക്കുക. അങ്ങനെ വരുമ്പോൾ നല്ലത് ചീത്ത എന്നുള്ളതാണ് തിരിച്ചറിയാൻ പറ്റാതെ പോകും എന്ന ഒരു തോന്നലിൽ നിന്നായിരിക്കണം കവിതയ്ക്ക് ചിട്ടവട്ടങ്ങളും മറ്റും രേഖപ്പെടുത്തി വയ്ക്കപ്പെട്ടത്. എ.ആർ. രാജരാജവർമ്മയുടെയും മറ്റും ഇത്തരം മാർഗ്ഗനിർദേശങ്ങൾ അടങ്ങിയ പുസ്തകങ്ങൾ ഭാഷയിൽ പ്രചരിച്ചിരുന്നുമുണ്ട്. സ്കൂളുകളിലും മറ്റും പഴയകാലത്ത് ഭാഷ പഠിപ്പിക്കുമ്പോൾ അതിൽ വ്യക്തമായും വൃത്തങ്ങളെക്കുറിച്ചും സന്ധികളെ കുറിച്ചും സമാസങ്ങളെ കുറിച്ചും ഗുരു ലഘു വിശേഷങ്ങളെ കുറിച്ചും ഒക്കെ വളരെ വിശദമായി പഠിപ്പിച്ചിരുന്നു. വിദ്യാഭ്യാസത്തിൽ വന്ന പുതിയ നിയമങ്ങളും വിദ്യാഭ്യാസത്തിൻറെ പുതിയ തലങ്ങളും ഇവയൊക്കെ പഴയപോലെ അത്ര കാര്യമാത്ര പ്രസക്തമായി എടുക്കാത്ത ഒരു അവസ്ഥ ഉണ്ടായി. ഇങ്ങനെ വന്നപ്പോൾ പുതിയ തലമുറയ്ക്ക് ഭാഷ എന്നത് എഴുതാനും വായിക്കാനും സംസാരിക്കാനും ഒന്നാക്കി മാറുകയായിരുന്നു. അതുകൊണ്ടുതന്നെയാകണം കവിതാരചന ഒരുപാട് പേർ തയ്യാറാക്കുന്നുണ്ട്. പക്ഷേ അതിനുള്ളിൽ കവിതയുണ്ടോ എന്ന് ചോദിക്കുമ്പോൾ മാത്രമാണ് അവരും കവിത അറിയുന്നവരും അല്ലെങ്കിൽ കവിതയെ ആസ്വദിക്കുന്നവരും തമ്മിൽ ഒരു ചർച്ചയോ ബഹളമോ ഉണ്ടാകുന്നത്. ഭാഷ അറിയുന്നവനും അറിയാത്തവനും തമ്മിലുള്ള ഒരു മത്സരം അല്ലത് ഒരു സംവാദവുമല്ല. പകരം ഭാഷ അറിയുന്നവരിൽ തന്നെ ഭാഷയെ അറിഞ്ഞവരും ഭാഷ അറിയുന്നവരും തമ്മിലുള്ള ഒരു ചർച്ചയായോ അല്ലെങ്കിൽ ഒരു വിമർശനപരമായ വായനയായാേ അതു മാറുന്നു. പുതിയ കാലത്തെ കവിതകൾ ഗദ്യ കവിതകളാണ് എന്നുള്ളതാണ് ഏറ്റവും വലിയ ഒരു മാറ്റമായി കാണുന്നത്. പദ്യത്തിൽ നിന്നും ഗദ്യത്തിലേക്ക് വരുമ്പോൾ പദ്യമായിരുന്നവ പെട്ടെന്ന് ഗദ്യമായി മാറുമ്പോൾ അവയെ എങ്ങനെ ഉൾക്കൊള്ളും പുതിയ തലമുറ എന്നതിൽ സംശയമൊന്നും വേണ്ട. കാരണം അവർക്ക് വേണ്ടതാണ് അവരെഴുതുന്നത്. പദ്യം ചൊല്ലാൻ ഒന്നും അവർക്കിന്ന് സമയമില്ല. പകരം അവർക്ക് വേണ്ടത്, പറഞ്ഞു പോകുന്ന ചൊൽക്കവിതകളാണ്. ഇവിടെ പലരും കവിതകൾ എന്ന പേരിൽ കുറിക്കുന്നത് ഒരു ചെറുകഥയോ ഒരു മിനിക്കഥയോ അല്ലെങ്കിൽ ഒരു കുറിപ്പോ എടുത്തിട്ട് വെട്ടി വെട്ടി താഴേക്കിടുകയാണ്. അതിനെ ഒരു ഗദ്യക കവിത എന്ന രീതിയിൽ അവതരിപ്പിക്കാൻ വേണ്ടി ഒപ്പം തന്നെ കവിതകളുടെ ഈണവും താളവും മാറ്റിവെച്ചിട്ട് വെറുതെ ലളിതമായി സംഗീതം പോലെ പറഞ്ഞു പോവുകയാണെങ്കിൽ അത് ഒരു മഹത്തരമായ കവിതയായി എല്ലാവരും വായിക്കപ്പെടുകയും അല്ലെങ്കിൽ കേൾക്കുകയും ചെയ്യും. ഇത് ഗദ്യ കവിതയുടെ ഒരു ശൈലിയും ഒരു പോരായ്മയുമാണ്. ആ ശൈലി നല്ലത് തന്നെയാണ്. അതുകൊണ്ട് ഒരുപാട് പേർക്ക് എഴുതാനും കഴിയുന്നുണ്ട്. മനോഹരമായിട്ട് തന്നെ അത് പറഞ്ഞു പോകാനും കഴിയുന്നുണ്ട്. പക്ഷേ ഇത് പറയുന്നതിനു പോലും ഒരു കലയുണ്ട് എന്ന് പറഞ്ഞ പോലെ എഴുത്തിൽ ഒരു കവിത വേണമെന്ന വളരെ വ്യക്തമായി മനസ്സിലാക്കാത്ത ആൾക്കാർ ഇതിനെ വെറുതെ എന്തൊക്കെയോ പറഞ്ഞു പോകുന്ന ഒന്നാക്കി മാറ്റുന്നുണ്ട്. ആംഗലേയ കവിതകളെ മൊഴിമാറ്റം ചെയ്യപ്പെട്ടപ്പോൾ പല പ്രമുഖരും അതിനെ പദാനുപദം മൊഴി മാറ്റി ഗദ്യ രീതിയിൽ എഴുതിയതിൻ്റെ ബാക്കിപത്രമാകാം ഈ കവിതകളുടെ ജനന ഹേതു എന്നു തോന്നിപ്പോകുന്നു. "വഴിയരിക നിൽക്കുന്ന പൂച്ചയ്ക്ക്, പട്ടിക്ക് സുഖമാണോ എന്ന് ചോദിച്ചത് വളരെ വിഷമത്തോടെ കൂടിയാണ്" എന്ന് നമ്മൾ പറയുന്നതിനെ കട്ട് ചെയ്ത് കട്ട് ചെയ്ത് വെച്ചുകഴിഞ്ഞാൽ അതൊരു കവിതയാകുന്നതാണ് ആധുനിക കവിത എന്ന് ഞാൻ കരുതുന്നു. അതുകൊണ്ടുതന്നെ ഈ കവിതകളിൽ പലപ്പോഴും എഴുതാൻ അറിയാത്തവനും കവിയായി അറിയപ്പെടാൻ കഴിയുകയും മഹത്വമുള്ള അല്ലെങ്കിൽ മഹാനായ കവി എന്നറിയപ്പെടാനും കഴിയുന്നവർ അണികളുടെ 'ആഹാ' കളിലുടെ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.
പ്രണയം പ്രതിജ്ഞ പ്രവാസം എന്ന ഈ കവിത സമാഹാരം പ്രവാസത്തിലുള്ള 45 കവിതകളെ അടയാളപ്പെടുത്തുന്നതാണ് അഥവാ 45 കവികളെ അടയാളപ്പെടുത്തുന്നതാണ്. ഇതിൻ്റെ സമ്പാദകനും എഡിറ്ററുമായ കവി പി.ശിവപ്രസാദ് അടക്കമുള്ള 45 പേർ ആണ് ഇതിനകത്ത് എഴുതിയിരിക്കുന്നത് .ഇത് ഒരു കുറവ് സംഖ്യയാണ്. കാരണം ഗൾഫ് മേഖലയിലെ തൊഴിലാളികളെ (തൊഴിലാളികൾ എന്ന് വിളിക്കാൻ പാടില്ല എന്നാണ് അവർ പറയുന്നത് ) പ്രവാസികൾ എന്ന് വിളിക്കണം കാരണം അവൻ ഇവിടെ തന്നെ ജീവിക്കാൻ വന്നവരാണ് തിരിച്ചു പോകില്ല എന്നാണ് നിർബന്ധം പിടിച്ചിരിക്കുന്നത്. ഓഫീസിനകത്ത് ഇരിക്കുമ്പോൾ അവർക്ക് തോന്നും ഞങ്ങൾ ഇവിടെ തന്നെയാണ് ജീവിക്കുന്നത് കൊറോണയും മറ്റും വരുമ്പോൾ അവർ ഇറങ്ങി എങ്ങനെയെങ്കിലും വീട്ടിലേക്ക് ഓടുവാനും ശ്രമിക്കും. അന്നേരം അവർ പ്രവാസി അല്ല ഗൾഫ് തൊഴിലാളി മാത്രമായിരിക്കും. എന്തായാലും അവിടെ ജോലി ചെയ്യുന്ന മനുഷ്യരിൽ എഴുതാൻ അറിയുന്ന അല്ലെങ്കിൽ എഴുതുന്ന ഒരുപാട് പേരുണ്ട്. സോഷ്യൽ മീഡിയ ഉള്ളതുകൊണ്ട് 10 പേര് അറിയാനും ലൈക്ക് കിട്ടാനും എന്തും എഴുതാം ഒരു കുഴപ്പവുമില്ല കവിയായി അറിയപ്പെടും എന്ന ഒരു ചിന്തയിൽ എല്ലാവരും അവരുടെ വാളുകൾ കവിതകൾ കൊണ്ട് കുത്തി നിറയ്ക്കുന്നുണ്ട്. അവയിൽ എത്രയെണ്ണം കവിതയുണ്ട് എന്ന് ചോദിച്ചാൽ അറിയില്ല. കുറച്ചുപേർ ഇവിടെ ഇരുന്നുകൊണ്ട് നാട്ടിലെ കാട് മഴ പുഴ സ്കൂളിൽ പോയ ഓർമ്മ നഴ്സറിയിൽ മുള്ളിയ ഓർമ്മ തുടങ്ങിയതൊക്കെ കവിതകളാക്കി, ഓർമ്മകൾ ആക്കി എഴുത്തുകാർ ആകുമ്പോൾ ചിലർ പ്രവാസത്തിലെ അല്ലെങ്കിൽ ഗൾഫ് മേഖലയിലെ തങ്ങളുടെ ചുറ്റാകെയുള്ള ബംഗാളിയെ ബീഹാറിയെയും പാകിസ്ഥാനിയേയും ഫിലിപ്പീനിയും ഒക്കെ ഓർമ്മിച്ചുകൊണ്ട്, നോക്കിക്കൊണ്ട് അവരുടെ രീതികളെ ഹാസ്യമോ ദയനീയതയോ ഒക്കെ അടയാളപ്പെടുത്തിക്കൊണ്ട് സാഹിത്യ മേഖലയിലെ പ്രധാനികൾ ആകുന്നു. കുബൂസ് ഇല്ലാത്ത ഒരു ഗൾഫ് സാഹിത്യം ഉണ്ടാകുകയില്ല. അത് കഴിച്ചിട്ടാണോ അവർ അത് എഴുതുന്നതെന്ന് ചോദിക്കാതിരിക്കുന്നതാകും ബുദ്ധി. ഇങ്ങനെ ഇത്തരം കവിതകളുടെ ഒരു വലിയ തിരമാല തന്നെയാണ് അവിടെ സാഹിത്യ രംഗത്ത് ഉണ്ടായിരുന്നതെങ്കിൽ, കവിതകളിൽ പുതിയ പരീക്ഷണങ്ങളും മറ്റുകാര്യങ്ങളും ആഗോളതലമായ വിഷയങ്ങളും ഒക്കെ കടന്നുവരുന്നുണ്ട് എന്ന കാഴ്ചയെ പി.ശിവപ്രസാദ് താൻ ശേഖരിച്ച 45 കവിതകളിൽ കൂടി അവതരിപ്പിക്കുന്നു. ഇവയിൽ പ്രത്യേകിച്ച് ഇപ്പറഞ്ഞ വിഷയങ്ങളൊന്നും കടന്നു വന്നിട്ടില്ല എന്ന് വേണമെങ്കിൽ പറയാം. നാലോ അഞ്ചോ പദ്യങ്ങൾ ഇതിൽ വായിക്കാൻ കിട്ടും. അവയെ പദ്യങ്ങൾ എന്ന് എടുത്തു പറയാൻ കാരണം കവിതകൾ എന്ന് പറഞ്ഞാൽ മറ്റെഴുത്തുകാരെല്ലാം കൂടി ഇവിടെ ബഹളം ഉണ്ടാക്കും എന്ന് പറയാം. എന്തുകൊണ്ടവ പദ്യമെന്ന് ചോദിച്ചാൽ അവയ്ക്ക് കവിതയുടെ എല്ലാ മാനദണ്ഡങ്ങളും അടങ്ങിയ ഒരു ഫോർമാറ്റ് കാണാൻ പറ്റുന്നുണ്ട് എന്നതു തന്നെ.അവരിൽ ചിലർ ഭാഷാ അധ്യാപകരാണ് എന്നുള്ളത് തന്നെയാകാം . മറ്റുള്ള കവിതകൾ ഒക്കെയും ഗദ്യ കവിതകളാണ്. ഗദ്യ കവിതകളാണ് ചിലതൊക്കെ. ചെറു കുറിപ്പുകളെ വെട്ടി നുറുക്കി എടുത്തവയും ഉണ്ട് ചിലരുടെ രചനകൾ. ചിലതാണെങ്കിൽ വളരെ ദീർഘമായ വായനയാണ്. എഴുതിയിരിക്കുന്നതെന്തൊക്കെയാണ് എന്ന് ചോദിച്ചാൽ ആധുനികതയാണെന്ന് പറഞ്ഞു അവർ തന്നെ വാൾ എടുക്കേണ്ടിവരും എന്നു മാത്രമേ പറയാൻ കഴിയൂ. ഇവയൊക്കെ വിമർശിക്കാൻ ഇരിക്കണമെങ്കിൽ ഇതിനകത്ത് എന്തെങ്കിലും ഉണ്ടായിരിക്കണം. ഒന്നുമില്ലാത്തതിനെ എടുത്ത് വിമർശിച്ചിട്ട് ഒരു കാര്യവും ഇല്ലാത്തതിനാൽ അത്തരം കവിതകളെ ഒഴിവാക്കി പോകാൻ ആണ് ആഗ്രഹിക്കുന്നത്. 45 കവിതകളും അഥവാ 45 പേരുടെ എഴുത്തുകളും അടങ്ങിയ ഈ പുസ്തകം നല്ല രീതിയിൽ തന്നെ ചിട്ടപ്പെടുത്തി എന്നുള്ളതും എല്ലാവരുടെയും രചനകളെ നല്ല രീതിയിൽ തന്നെ എഡിറ്റ് ചെയ്യപ്പെട്ടിരിക്കുന്നതെന്നതും ശിവപ്രസാദ് എന്ന കവിയുടെ കഴിവായി കാണുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു. ഇത് കൂടുതൽ വായിക്കപ്പെടേണ്ട ഒന്ന് തന്നെയാണ് എന്ന് കരുതാൻ കാരണം കവിതയ്ക്ക് ഇന്ന് സംഭവിച്ചിരിക്കുന്ന അപചയം എന്താണെന്ന് മനസ്സിലാക്കാനും പഠിക്കാനും കവിതയെഴുതുന്നവർക്ക് ഇത്തരം ചില പുസ്തകങ്ങൾ വളരെ നല്ല ഒരു ഉദാഹരണമാണ്. നല്ല കവിതകളും ചീത്ത കവിതകളും, അഥവാ എങ്ങനെയൊക്കെ കവിതകൾ എഴുതാം എന്നുള്ളതിനെക്കുറിച്ചും ഒക്കെ പഠനം നടത്തുന്നവർക്ക് ഒരു നല്ല പഠന ഉപാധിയാണ് ഈ പുസ്തകം എന്ന് പറയാൻ കഴിയും. കവി പി.ശിവപ്രസാദിൻ്റെ ഈ സംരംഭത്തിന് ആശംസകൾ നേരുന്നു ഒപ്പം ഇതുപോലുള്ള കൂടുതൽ അടയാളപ്പെടുത്തലുകൾ ഇനിയും ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു
സസ്നേഹം ബി.ജി.എൻ വർക്കല
No comments:
Post a Comment