വേനല്‍പ്പറവകള്‍ കൂട് തേടുന്ന ഇരുണ്ട രാവൊന്നില്‍
മേഘമാലകള്‍ ചന്ദ്രനെ മറച്ചു പിടിക്കുന്ന വേളയില്‍
ചീവീടുകള്‍ ഉച്ചത്തില്‍ സാധകം ചെയ്യുന്ന നേരത്ത്
നിന്റെ ഉമ്മറപ്പടിയില്‍ ഞാനിരിപ്പുണ്ടായിരുന്നുവല്ലോ.
നീയപ്പോള്‍ സുസ്മേരവദനയായി ഉമ്മറവാതിലില്‍
കാച്ചെണ്ണ മണം പകരും ചികുരഭാരം നിറമാറിലിട്ട്
ഒറ്റക്കരയുള്ള ബാലരാമപുരം മുണ്ടിന്റെ കോന്തല
ബ്ലൌസിന്‍റെ നടുക്ക് തിരുകുന്ന തിരക്കിലായിരുന്നു.
ചിറകു കരിഞ്ഞ പിടച്ചിലുമായ് നിലത്തുവീണ
മഴപ്പാറ്റയുടെ മരണവേദന കേട്ടുകേട്ടാകണം
നിലത്തു കത്തിച്ചുവച്ചിരുന്ന നിലവിളക്കിന്റെ നാളം
കാറ്റിന്റെ താളത്തിനൊത്തു നൃത്തം ചവിട്ടുന്നതില്‍
അസ്വസ്ഥത പൂണ്ട ഒരു ഗൌളി ചുവരിറങ്ങുന്നു.
എന്റെ കൈയ്യിലിരുന്ന കട്ടന്‍ചായ തണുത്തുപോയ്
എന്റെ ചിന്തകളിലെ ഏകാന്തത അകന്നുപോയ് .
ദീർഘനിശ്വാസങ്ങളുടെ കയറ്റിറക്കങ്ങളിൽ
കോന്തല കള്ളനും പോലീസും കളിക്കവേ
ഇരുട്ട് കടമെടുത്ത തുള്ളിവെളിച്ചം പതിച്ചിട്ടാകാം
മേദസ്സിന്റെ ചീളുകള്‍ ആലിംഗനം ചെയ്ത വയറില്‍
പൊക്കിള്‍ക്കുഴിയ്ക്ക് ചുറ്റും ഒരു നക്ഷത്രത്തിളക്കം.
നിന്റെ ശ്വാസതന്മാത്രകളുടെ പാദചലനത്തിനൊപ്പം
എന്റെ പിന്നിലൊരു കതകുപാളി കരഞ്ഞടയുന്നു.
ഉമ്മറം ഇപ്പോള്‍ നിശബ്ദമായിരിക്കുന്നു കൂടുതല്‍.
മഴപ്പാറ്റയുടെ മരണവേദന നിലച്ചിരിക്കുന്നു
മേഘങ്ങള്‍ പൌര്‍ണമിയെ പ്രസവിക്കുകയും
ചീവീടുകള്‍ സാധകം അവസാനിപ്പിച്ചിരിക്കുന്നു .
@ ബി.ജി.എൻ വർക്കല
No comments:
Post a Comment