അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി (നോവല്‍)
ബന്യാമിന്‍
ഡി സി ബുക്സ്
നോവല്‍ രചനാ രീതിയില്‍ ഒരു പുതിയ പ്രവണത
കൊണ്ട് വരാന്‍ ബന്യാമിന്‍ എന്ന എഴുത്തുകാരന് കഴിഞ്ഞിരിക്കുന്നു എന്നാണ് ഈ നോവല്‍
വായനയില്‍ അനുഭവപ്പെടുന്നത്. കാരണം , ഇക്കാലത്തെ ഒരു വലിയ ട്രെന്‍ഡ് ആണ്
പിന്നീട് വരാന്‍ പോകുന്ന ഒരു പ്രൊജക്ടിന്റെ ട്രൈലര്‍ ഇറക്കുക എന്നതും ഒടുവില്‍, തുടരും എന്നൊരു സന്ദേശം നല്‍കുന്നതും . സിനിമാരംഗത്ത് മലയാളത്തിലടക്കം
അടുത്തു കണ്ട ഒരു സംഗതിയായിരുന്നു ഇത്. ബന്യാമിന്റെ “മുല്ലപ്പൂ നിറമുള്ള പകലുകള്‍”
എന്ന നോവലിന്റെ വരവറിയിക്കാന്‍ വേണ്ടി മാത്രം എഴുതിയതാണോ “അല്‍ അറേബ്യന്‍ നോവല്‍
ഫാക്ടറി” എന്നു തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഒരു നോവല്‍ രചന സമ്പ്രദായം ആണ്
ബന്യാമിന്‍ ഈ നോവലിന് കൊടുത്തിട്ടുള്ളത്. നോവലിന്റെ ഇതിവൃത്തം വളരെ രസാവഹവും , അതുപോലെ തീവ്രവും ആണെന്നതില്‍ സംശയമില്ല . ബഹറിനില്‍ ജോലി ചെയ്തിരുന്ന
ബന്യാമിന് അറിയാത്ത ഒരു ഭൂമികയല്ല ബഹറിന്‍ രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹ്യ
പരിതസ്ഥിതികള്‍. അങ്ങനെ ഉള്ള ബന്യാമിന്‍, ഒരു പക്ഷേ ഈ നോവല്‍
അവിടെ വച്ചാണ് എഴുതിയിരുന്നതെങ്കില്‍ ബന്യാമിന്‍ എന്നൊരാള്‍ ഒരു കഥയായി നമുക്ക് മുന്നില്‍
ഇന്നവശേഷിച്ചിരുന്നേനെ . ആ വാസ്തവം ബന്യാമിന്‍ തന്റെ നോവലില്‍ തന്നെ പറയുന്നുണ്ട്
. അത് അദ്ദേഹത്തിന് മാത്രമല്ല , കുടിയേറ്റക്കാരായ എല്ലാ
എഴുത്തുകാര്‍ക്കും ഉള്ള ഒരു താക്കീതോ അല്ലെങ്കില്‍ അവരുടെ ഇരട്ടത്താപ്പിനുള്ള
മറുപടിയോ ആയി കാണാം . “ലോകത്തുള്ള സകല നീതികേടിനോടും കുടിയേറ്റക്കാരനായ
എഴുത്തുകാരന്‍ പ്രതികരിക്കും പക്ഷേ താന്‍ നില്‍ക്കുന്ന ഭൂമികയിലെ നീതികേടിനെ
ഒരിയ്ക്കലും തൊട്ടുപോലും നോവിക്കില്ല പകരം ആപാദ ചൂഡം പുകഴ്ത്തുവാനും വര്‍ണ്ണിക്കുവാനും
നീതീകരിക്കുവാനും അതിനുപറ്റിയില്ലെങ്കില്‍ മൌനം ഭജിക്കാനും മാത്രമേ അവന് കഴിയൂ”.
രണ്ടായിരത്തി പത്തിലെ ബഹറിന്‍ സംഭവങ്ങളെ
ആസ്പദമാക്കി രചിച്ച ഒരു നോവല്‍ ആണ് അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി. സത്യത്തില്‍
ഒരു കുടിയേറ്റ തൊഴിലാളിക്ക് താന്‍ നില്‍ക്കുന്ന ഭൂമികയില്‍ അധിക കാലം
നിന്നിട്ടുണ്ടെങ്കില്‍ മനസിലാക്കാവുന്ന വിവരങ്ങളും കുറച്ചു ഭാവനയും ഒക്കെ ചേര്‍ന്ന്
ഒരു നോവല്‍ രചന നടത്തി എന്നതിനപ്പുറം ആധികാരികമായ വിവരങ്ങളോ കാമ്പുള്ള ആരോപണങ്ങളോ
അധികം നടത്താന്‍ എഴുത്തുകാരന് കഴിയാതെ പോയി. എന്നാല്‍ത്തന്നെയും മറ്റൊരു
രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളെ പ്രമേയമാക്കി ഒരു നോവല്‍ രചന നടത്തുക എന്നത്
വളരെ അഭിനന്ദാര്‍ഹമായ കാര്യം തന്നെയാണല്ലോ . പ്രത്യേകിച്ചും അധികാരത്തിന്റെ, അതും രാജഭരണത്തിന്റെ
മേഖലയില്‍ കൈ വച്ച് വിമര്‍ശിക്കുക എന്നത് രാജ്യദ്രോഹമായി കാണുകയും മരണശിക്ഷ ലഭിക്കുകയും
ചെയ്യുന്ന ഒരു കുറ്റമായിരിക്കെ ബന്യാമിന്റെ ഈ നോവലിനെ ധൈര്യ പ്രകടനം ആയി തന്നെ കാണേണ്ടി
ഇരിക്കുന്നു. അറേബ്യന്‍ സംസ്കാരത്തിന്റെ നന്മകളെ മാത്രം ചൂണ്ടിക്കാണിക്കുകയും മറ്റിടങ്ങളില്‍
മൌനമായിരിക്കുകയും ചെയ്യുന്ന നിരവധി എഴുത്തുകാര്‍ ഉള്ള ഒരു മേഖലയാണ് മധ്യേഷ്യ . അതുകൊണ്ടു
തന്നെ ബന്യാമിന്‍ ചെയ്ത ഈ നോവലിനെ അതിന്റെ പോരായ്മകള്‍ മാറ്റി വച്ചുകൊണ്ടു അഭിനന്ദിക്കേണ്ടതുണ്ട്
എന്നു കരുതുന്നു.
ഗോസ്റ്റ് റൈറ്റര്‍ സമ്പ്രദായം പോലെ ഒന്നാണ് മിക്ക
പ്രമുഖ പ്രസാധകരും , എഴുത്തുകാരും (വിദേശികള്‍) തങ്ങളുടെ രചനക്കായിട്ടുള്ള അസംസ്കൃത
പദാര്‍ത്ഥങ്ങള്‍ തേടിപ്പോകാനും ശേഖരിക്കാനും ഏജന്‍സികളെയോ വ്യെക്തികളെയോ ഏര്‍പ്പാട്
ചെയ്യുക എന്നത് . ഇത്തരം ഒരു പ്രൊജക്ടിന്റെ ഭാഗമായിട്ടാണ് ക്യാനഡ പൌരത്വമുള്ള ഇന്ത്യാക്കാരനായ
നായകന്‍ മിഡില്‍ ഈസ്റ്റില്‍ എത്തുന്നത്. ഈ തിരഞ്ഞെടുപ്പിലും ഉണ്ട് ഒരു പ്രത്യേകതയും
യാഥാര്‍ഥ്യവും. ഗള്‍ഫ് മേഖലയില്‍ യൂറോപ്പിയന് കിട്ടുന്ന ഒരു പരിഗണയും ഏഷ്യക്കാര്‍ക്ക്
കിട്ടാറില്ല എന്ന സത്യം. അയാള്‍ക്ക് ആ യാത്രയില്‍ മറ്റൊരു സ്വകാര്യ ലക്ഷ്യവും ഉണ്ട്.
ആ സ്വകാര്യ ലക്ഷ്യത്തെ പൂര്‍ണ്ണമാക്കാനും ഒപ്പം തന്റെ ഏറ്റെടുത്ത ജോലി സെറ്റില്‍ ചെയ്യാനും
വരുന്ന നായകന്‍ കാണുന്ന കുടിയേറ്റ ത്തൊഴിലാളികളെയും അവരുടെ സാഹിത്യ സാംസ്കാരിക പൊതു
ഇടങ്ങളിലെ സ്വാധീനവും വളര്‍ച്ചയും മറ്റും പറയാനും നോവല്‍ ശ്രദ്ധിക്കുന്നുണ്ട് . പക്ഷേ
അവയിലേക്ക് ആഴത്തില്‍ കടന്നു പോകുന്നില്ല എന്നത് ഒരു ആശ്വാസകരമായ സംഗതിയാണ് കുടിയേറ്റ
എഴുത്തുകാര്‍ക്ക് . കാരണം അവരെ തൊട്ട് നോവിച്ചാല്‍ പിന്നെ ബന്യാമിന്‍ തിരസ്കൃതനായിപ്പോകും
എന്നതില്‍ സംശയം ഒട്ടും വേണ്ടല്ലോ. റേഡിയോ ജോക്കിയായ ഒരു പാകിസ്ത്ഥാനി പെണ്കുട്ടി എഴുതിയ
ഒരു പുസ്തകത്തിന്റെ വിതരണവും കോപ്പികളും നശിപ്പിക്കുക എന്ന ഭരണ നേതൃത്വത്തിന്റെ ലക്ഷ്യവും
, അറിഞ്ഞും അറിയാതെയും അതിന്റെ ഭാഗമാകേണ്ടി വരുന്ന നായകന്റെ സംഭവ
ബഹുലമായ കുറച്ചു ദിവസങ്ങളും ആണ് ഈ നോവല്‍ കൈകാര്യം ചെയ്യുന്ന വിഷയം.
മുല്ലപ്പൂ വിപ്ലവത്തിന്റെ ചുവടു പിടിച്ച് നടന്ന
ബഹറിന്‍ കലാപത്തിന്റെയും മറ്റും പരിസരങ്ങളാണ് നോവല്‍ പശ്ചാത്തലം. ഒരു നാട്ടില്‍ ജീവിക്കുന്നവര്‍ക്കെ
അതിന്റെ തീക്ഷ്ണത മനസ്സിലാകുകയുള്ളൂ എന്നു പറയുമ്പോലെ മദ്ധ്യേഷ്യയില്‍ ജീവിക്കുന്നവ്ര്‍ക്ക്
എളുപ്പം മനസ്സിലാകുന്ന ഒരു ഭൂമികയാണ് ഈ നോവലില്‍ ചിത്രീകരിക്കുന്നതെന്നതിനാല്‍ , കുടിയേറ്റ
തൊഴിലാളികള്‍ക്കിടയില്‍ നോസ്റ്റാള്‍ജിയ നോവലുകളും കഥകളും കവിതകളും മാത്രമാണു സംഭവിക്കുന്നതെന്ന
പരാതി ഒരു തരത്തില്‍ കുടിയേറ്റത്തൊഴിലാളി ആയിരുന്ന ഒരാള്‍ എന്ന നിലയ്ക്ക് ബന്യാമിന്‍
നിര്‍വ്വഹിച്ചിരിക്കുന്നു എന്നു പറയാം .
വസ്തുതാ വിഷയങ്ങളില്‍ ആഴത്തില്‍ സ്പര്‍ശിക്കാന്‍
കഴിഞ്ഞിട്ടില്ല എങ്കിലും മേല്‍പ്പരപ്പിലെ ഓളങ്ങള്‍ വ്യെക്തമായും പറയാന്‍ ബന്യാമിന്
കഴിഞ്ഞിട്ടുണ്ട്. നോവലിന്റെ മൂല വിഷയമായ പ്രണയത്തിനെ കണ്ടെത്തല്‍ എന്ന സംഗതി പക്ഷേ
ബന്യാമിന്‍ വെറും കാമമോഹിതമായ ഒരു കൂട്ടിമുട്ടലായി ലഘൂകരിക്കുകയും അതിലേക്കു ചുരുക്കുകയും
ചെയ്തപ്പോള്‍ ആ പ്രണയത്തിന്റെ തീക്ഷ്ണത അതുവരെ പറഞ്ഞുകൊണ്ടു വന്നത് വെറുതെയായപ്പോലെ
തോന്നി. അത്രയേറെ ആത്മാര്‍ത്ഥവും ആഴവും ഉള്ള ഒരു ബന്ധമായി അവതരിപ്പിക്കുകയും ഒടുവില്‍
അസംതൃപ്തമായ ഒരു ലൈംഗിക ജീവിതം ആണ് പ്രണയിനി അനുഭവിക്കുന്നതെന്ന് ചിത്രീകരിച്ചുകൊണ്ടു
അവളെ കണ്ടെത്തുമ്പോള്‍ മൃഗ രതിപോലെ തിടുക്കത്തില്‍ അവളെ ഭോഗിച്ച് പ്രണയാതുരമെന്ന് തോന്നിക്കാവുന്ന
ചിലവാചകങ്ങള്‍ ഉരുക്കഴിച്ചു നായകന്‍ കടന്നുപോകുമ്പോള്‍ ശരിക്കും നായകന്‍ വന്നത് ഇതിന്
വേണ്ടി മാത്രമായിരുന്നു എന്നു തോന്നിയതില്‍ അത്ഭുതപ്പെടാനില്ല.
സധൈര്യം ഒരു വിഷയം അതുമിത്രയേറെ ചൂടുപിടിച്ച വിഷയം
, ഒരിസ്ലാമിക ഭൂമികയെ സംബന്ധിച്ച് എഴുതുക എന്നത് അഭിനന്ദനം അര്‍ഹിക്കുന്നു.
സുന്നി ഷിയാ സ്പര്‍ദ്ധയും അതിന്റെ കാര്യ കാരണങ്ങളും കാഴ്ചപ്പാടുകളും ഭേദപ്പെട്ട രീതിയില്‍
അവതരിപ്പിക്കാന്‍ ബന്യാമിന്‍ ശ്രമിച്ചിട്ടുണ്ട് . ലോകമെങ്ങും ഇരട്ടത്താപ്പോടെ ഇസ്ലാമിസ്റ്റുകളും
കപട മതേതരക്കാരും പിന്തുടരുന്ന ചില നാടകക്കാഴ്ചകളെ ഈ നോവലില്‍ ബന്യാമിന്‍ ഒന്നു വരച്ചിടുന്നു
ഗൂഢമായി എന്നത് എഴുത്തുകാരന്റെ ധര്‍മ്മത്തെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിന്റെ ഉദാഹരണമായി
വായിച്ചെടുക്കാന്‍ കഴിഞ്ഞു. ആശംസകളോടെ ബി.ജി. എന്‍ വര്‍ക്കല
No comments:
Post a Comment