മുഖമില്ലാത്തവര്‍
ആരുമില്ലാത്തവന്റെ മുഖം
വളരെ വികൃതമാണ്.
കണ്ണീരും
നിരാശയും
ദൈന്യവും
പകയും
വെറുപ്പും
സമ്മിശ്രമായ
കടുംനിറത്താല്‍ വരച്ചതാണത്.
വീടും വിലാസവുമില്ലാതെ പോയതിനാല്‍,
അധികാരനേത്രങ്ങള്‍ കാണാതെ പോയവന്‍...
ദേശത്തിന്റെ പേരേടില്‍
കടന്നുകയറാന്‍ ആകാതെ
ദേശവാസിയായവന്‍.
ജാതിമത ഗോത്ര ചിഹ്നങ്ങള്‍
ഉണ്ടായിട്ടും വേണ്ടാത്തവന്‍.
ഭരണകൂടങ്ങള്‍ മുഖം മിനുക്കുമ്പോള്‍
ഇടം വിട്ടുപോകെണ്ടവനാണവന്‍.
അഭയാര്‍ഥിയായി മലനിരകള്‍ താണ്ടേണ്ടവന്‍.
അധികാരത്തിന്‍റെ നഖങ്ങളാലും
ദേശവാസികള്‍ തന്‍ ആയുധങ്ങളാലും
പിച്ചിക്കീറപ്പെടുമ്പോഴും
പരാതിയോ എതിര്‍പ്പോ പാടില്ലാത്തവന്‍.
അവന്റെ പെണ്ണിന്റെ ഉടലില്‍
ആര്‍ക്കും കൈ വയ്കാം
അവന്റെ കുഞ്ഞുങ്ങളെ
ഏതു മണല്‍ത്തിട്ടയിലും കഴുകന്‍ കൊത്താം.
അടിമച്ചന്തയില്‍ നിങ്ങള്‍ക്കവനെ വിലപേശിയെടുക്കാം.
ചപ്പുചവറു പോലെ നിങ്ങള്‍ക്കവനെ
കത്തിച്ചുകളയാം.
കൈകള്‍ നീട്ടി
നിറകണ്ണുകളുമായി
ലോകത്തോട് യാചിക്കുമ്പോള്‍
നിങ്ങളവനെ വിളിക്കുക
അവനിടമില്ലാത്ത
അവനെ വേണ്ടാത്ത
നാടിന്റെയോ
മതത്തിന്റെയോ
ജാതിയുടെയോ
പേരിലാകും
അവനോ
വിഴുപ്പു പോലെ
ഇണങ്ങാത്ത വസ്ത്രം പോലെ
നോവിക്കുന്ന
പൊള്ളിക്കുന്ന ഒന്നാകുമത്.
അതെ ആരുമില്ലാത്തവന്റെ മുഖം
വളരെ വികൃതമാണ്.
ബിജു ജി നാഥ് വര്‍ക്കല
No comments:
Post a Comment